Sunday 30 June 2013

മണ്‍കുടുക്ക

ഒരുനാളങ്ങമ്മ ചന്തയ്ക്കുപോയപ്പോ
വാങ്ങിയതാണെന്‍റെ മണ്‍കുടുക്ക
ആനത്തലപോലെ ഭംഗിയേറുന്നൊരാ
മണ്ണിന്‍റെ കൗതുകകാഴ്ചയൊന്ന്
ചിര‌ട്ടതവികളും വേമ്പരമ്പും
വില്‍ക്കുവാനായമ്മ പോയനേരം
മണ്ണിലെക്കൗതുക ചന്തത്തിനെയൊന്ന്
ഉണ്ണിക്കുടുക്കയ്ക്കു കൊണ്ടുവന്നു
അമ്മേടെ കയ്യിലാ മണ്‍കൂടുകണ്ടപ്പോ
എന്നുടെ കണ്‍കള്‍ തിളങ്ങിയെന്നോ
പിച്ച നടക്കുന്ന കുഞ്ഞുണ്ണിക്കുട്ടന്‍റെ
കയ്യെത്താ ദൂരത്തു കാത്തിടേണം
അമ്മെടെ കൈയ്യിലെ എട്ടണതുട്ടുകള്‍
തഞ്ചത്തില്‍ വാങ്ങിഞാന്‍ കോപ്പുകൂട്ടി
ഉത്സവനാളിലാ കാശിനാല്‍ ഞാനൊരു
കീയില്‍കളിക്കുന്ന പാവവാങ്ങും
എന്നുടെ സമ്മാനം ഉണ്ണിക്കു നല്‍കും ഞാന്‍
എന്നുടെ പുന്നാര വാവയല്ലേ
തോട്ടിന്‍ കരയിലെ ചെറ്റമാടത്തില-
ങ്ങമ്മേടെ തോളിലായ് ചാഞ്ഞിരിക്കേ
പോസ്റ്റുമാന്‍ വന്നോരാകത്തുകൊടുത്തിട്ട്
അമ്മവിരല്‍പ്പാടു വാങ്ങിപ്പോയി
അങ്ങേലച്ചേച്ചിയാ കത്തുവായിക്കുമ്പോ
അമ്മേടെ കണ്‍കള്‍ നിറഞ്ഞിരുന്നു
അച്ഛന്‍ വരുന്നേരം വായ്പകണക്കിന്‍റെ
തോതു നിരത്തിയങ്ങമ്മകേണു
എന്നിലെ കുഞ്ഞിളം ചിന്ത തിരഞ്ഞില്ല
അമ്മതന്‍ താലി ചരടില്‍കോര്‍ക്കേ
അച്ഛന്‍റെ നൊമ്പരം ഉച്ചത്തിലായതും
അമ്മകരഞ്ഞെന്നെ ചേര്‍ത്തുനിര്‍ത്തി
അമ്മേടെ കണ്ണീരു കണ്ടപ്പോഴച്ഛനും
കണ്ണു തുടച്ചതു കണ്ടുഞാനും
കീഴ്ചുണ്ടു പല്ലില്‍ കടിച്ചുപിടിച്ചെന്‍റെ
അച്ഛന്‍ കരഞ്ഞുവോ മെല്ലെയൊന്ന്
കാട്ടിലെ വേങ്കമ്പ് വെട്ടിയൊടിക്കുമ്പോ
പൊന്നിന്‍ മണികള്‍ ലഭിപ്പതില്ല
മനസ്സിലിറ്റിച്ചൊരാ സങ്കടവാക്കുകള്‍
അച്ഛന്‍റെ കണ്ണിലെ തുള്ളിയായി
കാശിന്‍കണക്കിന്‍റെ തോതറിയാതെഞാന്‍
തല്ലിയുടച്ചെന്‍റെ മണ്‍കുടുക്ക
ചിതറിയചില്വാനം കൂട്ടിയെടുത്തിട്ട്
അച്ഛന്‍ കരങ്ങളില്‍ ചേര്‍ത്തുവയ്ക്കേ
വാരിയെടുത്തെന്നെ ഉമ്മവച്ചിട്ടച്ഛന്‍
പൊട്ടിക്കരഞ്ഞു നിലവിളിച്ചു
ഒന്നുമറിയാതെ കണ്‍മിഴിച്ചങ്ങുഞാന്‍
ചിതറിയ മണ്‍കൂടു തന്നെനോക്കി.

Saturday 29 June 2013

ഒരു യാത്രയ്ക്കുമുമ്പ്

കറുത്തമേഘങ്ങള്‍ കുരുക്കഴിച്ചൊരാ
നനുത്തനൂലുകള്‍ പുരപ്പുറത്തിതാ
വെളിച്ചമേകുവാന്‍ തുനിഞ്ഞ സൂര്യനെ
മുഖംമറച്ചുവോ അരണ്ടമേഘങ്ങള്‍
ഒഴുക്കുവന്നിതാ എന്‍റെ ചാലിലും
ഒഴുകിവന്നുവോ നീര്‍ക്കുമിളയും
വെളുത്തപൂവുകള്‍കാര്‍ന്നുതിന്നുമീ
കറുത്തവണ്ടുകള്‍ വെളുത്തതാകുമോ
തണുത്തകാറ്റിനാല്‍ അടഞ്ഞകണ്ണുകള്‍
തുറിച്ചുനില്‍ക്കുമീ ഇടവപ്പാതിയില്‍
അകത്തളത്തിലായ് പുതച്ചുകട്ടിലില്‍
മരിച്ചുപോയൊരാ ദേഹമോടവള്‍
ചിരിച്ചുമെല്ലവേ എന്നെനോക്കിയോ
പിടഞ്ഞെണീറ്റുവോ എന്‍റെപ്രണയവും
കടുത്തവാക്കിനാല്‍ കൊടുത്തചിന്തകള്‍
പറിച്ചെറിഞ്ഞവള്‍ എന്നെവിട്ടുവോ
ഒഴിഞ്ഞസ്വപ്നമായ് കൊരുത്തമുത്തുകള്‍
ഓര്‍ത്തെടുക്കുമോ കഴിഞ്ഞകാലമേ
നിറഞ്ഞപാടത്തില്‍ വിളഞ്ഞനെല്ലിനാല്‍
വരമ്പുണങ്ങുമീ കല്‍പഥങ്ങളില്‍
നടന്നുനീങ്ങുമാ കറുത്തപെണ്ണിനെ
മനസ്സിനുള്ളിലായ് പ്രതിഷ്ഠവച്ചുഞാന്‍
വളഞ്ഞുകുത്തുമാ പുഴയ്ക്കു കുറകെയാ
മുറിച്ചതെങ്ങിന്‍റെ പാലമൊന്നതില്‍
കുറുക്കുവച്ചുഞാന്‍ തടഞ്ഞുനിര്‍ത്തവേ
ചിരിച്ചുനിന്നവള്‍ തുടിച്ചനെഞ്ചുമായ്
പറഞ്ഞപാട്ടിന്‍റെ ഈണമോതുവാന്‍
മടിച്ചതില്ലവള്‍ അലിഞ്ഞുപാടവേ
മിടിച്ച ഹൃദയമായ് ചേര്‍ന്നുയെന്നിലായ്
ഉറഞ്ഞുപൂര്‍ണ്ണമായ് എന്‍റെയുള്ളിലും
നീണ്ടകൂന്തലിന്‍ കുരുക്കിലെവിടെയോ
ഒളിച്ചുവച്ചൊരാ തുളസിപോലവള്‍
മറച്ചുയെന്നെയും നനുത്തസ്നേഹത്തില്‍
കരളിനുള്ളിലെ പ്രണയപുഷ്പമായ്
വിടര്‍ന്നകണ്ണുകള്‍ കൂമ്പിവച്ചവള്‍
ചേര്‍ന്നുയെന്നിലെ വാമഭാഗമായ്
ഋതുക്കള്‍ചേര്‍ത്തൊരാ വസന്തകാലത്തില്‍
പ്രണയമൊട്ടുകള്‍ പൂത്തുലഞ്ഞതും
കറുത്തപുഴുക്കളായ് വന്നരോഗമീ
കറുത്തപെണ്ണിനെ കാര്‍ന്നുതിന്നുവോ
വെളുത്തകണ്ണിലെ തെളിഞ്ഞവെണ്ണയും
ഒലിച്ചിറങ്ങുമാ കവിള്‍ത്തടത്തിലും
പതറിനിന്നഞാന്‍ കൊടുത്തുമുത്തവും
ഒലിച്ചിറങ്ങിയോ എന്‍റെ വേദന
നീണ്ടനാളുകള്‍ ചേര്‍ത്ത നൊമ്പരം
കൂട്ടിവച്ചവള്‍ താണുകേണതും
തകര്‍ന്നുപോയിയെന്‍ ഹൃദയതാളവും
കൈമറച്ചവള്‍ ചുണ്ടുപൊത്തവേ
ഓര്‍ത്തെടുത്തുഞാന്‍ നനഞ്ഞവാക്കുകള്‍
കോര്‍ത്തെറിഞ്ഞവള്‍ നരകയാതന
മടുത്തജീവനെ യാത്രയാക്കുവാന്‍ വിഷ
തുള്ളിചേര്‍ത്തുഞാന്‍ പകര്‍ന്നുപാനീയം
അടര്‍ത്തിമാററിഞാന്‍ വിറച്ചകൈകളില്‍
ചിരിച്ചപെണ്ണിനെ വലിച്ചെറിഞ്ഞുവോ
തണുത്തകാറ്റിതാ അരിച്ചുകേറുന്നു
കുടിച്ചു ഞാനുമീ പകര്‍ന്നപാനീയം

Friday 28 June 2013

എന്‍റെ കാവ്

ഇന്നെന്‍റെ കാവിലെ ഉത്സവമ്മല്ലേ
ഞാനുംപുറപ്പെട്ടെന്‍റുണ്ണിയെക്കൂട്ടി
പുള്ളുവന്‍പാട്ടിന്‍റെ മാധുര്യമൂറും
നാഗക്കളത്തിലെ തുള്ളലുകാണാന്‍
മഞ്ഞപ്പൊടിയുമരിപ്പൊടിതന്നെയും
പിന്നെകരിക്കട്ടതീര്‍ത്തകളത്തില്‍
നാഗഫണത്തിന്‍റകോലംവരച്ചതില്‍
കൂമ്പാളകോട്ടി നിരനിരവച്ചു
കമുകിന്‍റെപൂക്കുല നാഗത്താര്‍ചൂടി
പാലില്‍കുളിച്ചങ്ങുറഞ്ഞുരസിക്കാന്‍
ചെണ്ടപ്പുറത്തുള്ള മേളപദത്തില്‍
ആടിത്തുടങ്ങി മനസ്സിന്‍തുടികള്‍
പുള്ളുവപ്പെണ്ണുങ്ങള്‍ പാടിത്തുടങ്ങി
ചുരുളുകള്‍താണ്ടിയാ നാഗകഥയില്‍
കാവിലെപണ്ടുള്ള തുള്ളുവോരെല്ലാം
താഴെക്കുളത്തിലായ് മുങ്ങിക്കുളിക്കും
ഇന്നാതറയിലെ കുളത്തെസ്മരിക്കാന്‍
എല്ലാരും കണ്ണിണകൂട്ടിയടയ്ക്കും
പ്രകൃതിവരച്ചിട്ട കാടിന്‍റെകോലം
മൂന്നാലുവൃഷത്തില്‍ മാത്രമൊതുങ്ങി
താഴെത്തൊടിയുമാ പാടവുമെല്ലാം
പുഴയോരമേറുന്ന സൗധങ്ങളായി
പണ്ടെന്‍റെയോര്‍മയിലെത്തുന്ന കാട്ടില്‍
പച്ചതുരുത്തിന്‍റെ പന്തലുകാണാം
പക്ഷികള്‍ പലതരം കുഞ്ഞുമൃഗങ്ങള്‍
വള്ളികള്‍തൂങ്ങുന്ന കാട്ടുമരങ്ങള്‍
വേങ്ങയും കുളമാവും ചൂരല്‍പനയും
മഞ്ചാടി കുന്നിയും എറെ ഫലങ്ങള്‍
നാഗങ്ങളിഴയുന്ന മാളങ്ങള്‍തോറും
സര്‍പ്പപ്പുരയെന്ന കെട്ടുകഥകള്‍
എണ്ണയും കര്‍പ്പൂരമഞ്ഞള്‍പ്പൊടിയും
സാമ്പ്രാണിചേര്‍ത്തുള്ള ഗന്ധംനിറച്ച്
നാഗത്തറയിലായ് വിളക്കുതെളിക്കാന്‍
മുത്തശ്ശിക്കൊപ്പം വരുന്നുണ്ടുഞാനും
മേലേ മരത്തിന്‍റെ ചില്ലകള്‍തോറും
തൂങ്ങിച്ചിലക്കുന്നു വവ്വാലിന്‍കൂട്ടം
ചേക്കേറിയെത്തുന്ന പക്ഷികള്‍ക്കെല്ലാം
ഏറെപ്പറയേണം എന്നോടുകൊഞ്ചല്‍
എന്നുടെ കണ്ണിലെ കൃഷ്ണമണികള്‍
തേടി മരത്തിന്‍റെ ചില്ലയ്ക്കുമേളില്‍
കുന്നിക്കുരുവിന്‍റെ സൗന്ദര്യംപേറും
കതിരവന്‍ മുത്തിചുവപ്പിച്ച സന്ധ്യ
മൂക്കില്‍തുളച്ചൊരാ നൂറിന്‍റെഗന്ധം
എന്നെയുണര്‍ത്തിയാ കോലത്തിനോളം
നാഗത്താരിപ്പോഴും പാര്‍ക്കുവതുണ്ടോ
ഉണ്ണിചോദിച്ചെന്‍റെ കൈയ്യിലായ്തൂങ്ങി
എന്തെന്നറിയാതെ ഉണ്ണിയെനോക്കി
നാഗത്തറയിലായ് കൈകൂപ്പിഞാനും

Thursday 27 June 2013

പീടികത്തിണ്ണ

മാറാലയിറ്റിച്ച ചില്ലലമാരയും
തേഞ്ഞുപതംവന്ന ഇരിപ്പാന്‍പലകയും
ചായക്കറയും ചമ്മന്തിക്കോലവും
കൂട്ടിയഗന്ധംമറന്നൊരാ മേശയും
പഴയൊരുപിച്ചളമൊന്തയും ചാര
മൊതുക്കുന്ന ഇരുമ്പിന്‍ തവികളും
മണ്ണുകുഴച്ചുമെനഞ്ഞഅടുപ്പിലായ്
കത്തിയമര്‍ന്ന കരിക്കട്ട‍കൂട്ടവും
വക്കുഞണുങ്ങിയചായക്കലത്തിനെ
മൂടിയിരിക്കുന്ന കുത്തണിചരുവവും
തൂക്കുപാത്രങ്ങളും ഇരുമ്പുപിഞ്ഞാണിയും
പ്രായത്തിന്‍കൂനുള്ള കറിയറുപ്പോത്തിയും
ഒറ്റകാതുള്ളോരു ദോശപ്പലകയും
ചിരട്ടതവികളും ഉപ്പിന്‍ഭരണിയും
ചന്ദ്രക്കലയാര്‍ന്ന ചട്ടുകവും പിന്നെ
കണ്ണാപ്പ, ചട്ടികള്‍, എണ്ണതുടങ്ങളും
തേയിലപൈയ്യുമാ ചെമ്പിന്‍റെകപ്പും
ചായകുടിക്കുന്ന ഗ്ലാസിന്‍നിരകളും
കണ്ടുഞാനങ്ങതിലൂടെ മറന്നെന്‍റെ
ഭാവംസ്ഫുരിക്കുന്ന പരിഷ്കാരവേഷത്തെ
ചമ്രം പടിഞ്ഞങ്ങിരുന്നുപോയ് മെല്ലെയാ
ഇടിഞ്ഞുതുടങ്ങിയ ചാണകത്തറയിലായ്
പണ്ടെന്‍റെ മോഹങ്ങള്‍ ചൂട്ടുമിന്നിച്ചതാണ
ച്ഛന്‍പകര്‍ന്ന വിയര്‍പ്പിന്‍ കണങ്ങളില്‍
വെട്ടംപകര്‍ന്നൊരാ ചിമ്മിനിക്കണ്ണുകള്‍
പാഠംപോലിന്നുമീ പീടികത്തിണ്ണയില്‍

Wednesday 26 June 2013

തിരുവോണം

ഞാനെന്‍റെ തുമ്പിയെ കണ്ടുപിടിച്ചെന്‍റെ
ഉമ്മറവാതിലില്‍ കെട്ടിയിട്ടു
ഓണംവരുത്തുവാന്‍ നീവേണംകൂടെയി
തുമ്പപ്പൂ നുള്ളുവാന്‍ വന്നിടേണം
ചന്തത്തിലത്തം പടയ്ക്കവേണമതില്‍
തെച്ചിപ്പൂ വട്ടത്തില്‍ വച്ചിടേണം
ആറുമാസച്ചെടി മന്ദാരം പിച്ചിയും
നുള്ളിയെടുക്കുവാന്‍ പോകവേണം
വയലിലെ വെള്ളത്തില്‍ പാവാടമുങ്ങാതെ
കുന്തിച്ചുതന്നെ പിടിക്കവേണം
ഞാറ്റടികോണിലായ് തുള്ളിമദിക്കുന്ന
പരലിനെകണ്ടു രസിക്കവേണം
ഓണമിങ്ങെത്തുമ്പോള്‍ ഉത്രാടപ്പാച്ചിലായ്
അമ്മയ്ക്കുമുമ്പേ നടന്നിടേണം
തുന്നിയെടുപ്പിച്ച കുപ്പായചന്തത്തെ
മിന്നിത്തെളിച്ചു നടക്കവേണം
നാക്കിലതുമ്പിലായ് നേദിച്ചയപ്പത്തെ
അമ്പിന്‍തലപ്പാലെടുക്കവേണം
അമ്മാവന്‍കൈയ്യിലാ പൊകലകൊടുത്തിട്ടു
നാണംകുണുങ്ങിച്ചിരിക്കവേണം
തോലുകൊണ്ടുള്ളൊരു മാടനെത്തുന്നേരം
അമ്മയ്ക്കുപിന്നിലൊളിക്കവേണം
അനുജന്‍റെ പന്തിനെ തട്ടിത്തെറിപ്പിച്ച്
കുസൃതിത്തരങ്ങളില്‍ മുഴുകവേണം
ഉച്ചയ്ക്കു സദ്യയില്‍ നെയ്ചേര്‍ത്ത
ചോറുണ്ണാന്‍ ചമ്രപടിഞ്ഞങ്ങരിക്കവേണം
ഇന്നുമീ സദ്യയില്‍ നെയ്യുണ്ടോചോറുണ്ടോ
ആരാനുംകൊണ്ടു തരുന്നതല്ലെ
വൃദ്ധസദനത്തിന്‍ വാതലില്‍ തന്നെഞാന്‍
തുമ്പിയെക്കെട്ടിത്തളച്ചിടട്ടെ

വഞ്ചിക്കാരന്‍

നടവഴിപ്പാതയില്‍ ഓരത്തിരുന്നൊരാ
വൃദ്ധനെ കണ്ടനാളിന്നുമോര്‍ക്കുന്നു ഞാന്‍
മുഷിഞ്ഞ തോര്‍ത്തിനാല്‍ നഗ്നതമറച്ചൊരാള്‍
മുട്ടില്‍ തലചേര്‍ത്തു കൂനിയിരിക്കുന്നു

നീണ്ട മുളംതണ്ടു താഴത്തു വച്ചതില്‍
കൈചേര്‍ത്ത് താളങ്ങള്‍ കൊട്ടീരസിക്കുന്നു
കാല്‍വെള്ളമെല്ലെ ചലിപ്പിച്ചതിന്‍ താളം
മനസ്സില്‍പതുക്കെ പതിച്ചെടുക്കുന്നപോല്‍

നരകള്‍ കഷണ്ടിയില്‍ പീലിയായുയര്‍ന്നങ്ങു
പാറിപ്പറന്നു വിടര്‍ന്നു വിലസ്സുന്നു
മനസ്സില്‍ പരിചിതമാക്കുമതെന്നിലാ
കൂനിയിരിക്കുന്ന വൃദ്ധമനസ്സിനെ

പാഠം പഠിക്കുവാന്‍ പുഴകടന്നെത്തണം
തോണി വരന്നതു കാത്തു ഞാന്‍ നില്‍ക്കവേ
നീണ്ട മുളയിലെ ഊന്നുതുഴയുമായ്
പുഴനീന്തി ഇക്കരെത്തോണിയടുക്കുമ്പോള്‍
വെറ്റകറകൊണ്ട പുഞ്ചിരി പൂണ്ടൊരാള്‍
വഞ്ചിക്കകത്തെന്നെ കൈപിടിച്ചേറ്റുന്നു
വഞ്ചിമ്മാനെന്നൊരു ഓമനപ്പേരിനാല്‍
കൊഞ്ചിവിളിച്ചു ഞാന്‍ ആ കൃശഗാത്രനെ

വെറ്റക്കറകളില്‍ പുഞ്ചിരി മാറാത്ത
വൃദ്ധമുഖത്തിനെ കണ്ടറിഞ്ഞപ്പൊഴേ
തുഴകള്‍ തുടുപ്പിച്ച കൈവെള്ളയൊന്നിനെ
കോര്‍ത്തുപിടിച്ചെന്‍റെ നെഞ്ചിലമര്‍ത്തവേ
വിതുമ്പി ഞാനെപ്പൊഴോ കണ്‍കള്‍ കലങ്ങാതെ
വിണ്ണിലായ് മേഘങ്ങള്‍കൂടുകൂട്ടുംവരെ

നദിയിലാ നൗകയില്‍യേറെ തുഴഞ്ഞതാം
ഒരുവേള നദിതാണു കീഴടങ്ങുംപോലെ
മണല്‍നീണ്ട വഴികളില്‍ ഒരുരേഖ തീര്‍ത്തവള്‍
ആലസ്യമാര്‍ന്നു പതുങ്ങിക്കിടക്കുന്നു

വഞ്ചിപുരയാകും ചെറ്റക്കുടിലിലെ
കാത്തിരിപ്പിന്നിതാ നടവഴിപ്പാതയില്‍
ശബ്ദമുയര്‍ത്താതെ കൂനിയിരിക്കുന്നു
പിഞ്ചിളം പൈതലിന്‍ പുഞ്ചിരിപോലയാള്‍.

Tuesday 25 June 2013

സംസ്കരിച്ച പ്രണയം

കലാലയത്തിന്‍റെ ഗോവണിക്കെട്ടിലായ്
പിന്നെയൊരിക്കല്‍ ഞാന്‍ ചെന്നുചേരെ
എന്നെയറിയാത്ത മുഖവുമായിന്നവള്‍
പുതിയകാലത്തിന്‍റെ മന്ത്രമോതി
അന്നുഞാന്‍ പാടിപറന്നുനടന്നൊരാ
ഇടനാഴിയൊക്കെയും മൂകമായി
ചിരിച്ചമുഖങ്ങളും കുസൃതിത്തരങ്ങളും
എന്നെത്തലോടാനായ് വന്നതില്ല
നരവച്ച താടിയില്‍ മെല്ലെതലോടിയാ
ഓര്‍മ്മയാം കൊട്ടാര പടികടക്കേ
ആദ്യപ്രണയത്തിന്‍ നവ്യസുഗന്ധങ്ങള്‍
ചുളിവീണ കണ്ണിലേയ്ക്കോടിയെത്തി
മഞ്ഞണിപട്ടിന്‍റെ ധാവണിചന്തത്തില്‍
കിലുങ്ങിച്ചിരിക്കുന്ന വളയഴക്
കണ്ണിലാപ്രേമത്തിനമ്പെയ്ത്തുകൊണ്ടവള്‍
എന്‍റെഹൃദയത്തെക്കീഴടക്കി
പുസ്തകകൂട്ടങ്ങള്‍ കെട്ടിമറിയുന്ന
ഗ്രന്ഥപുരയുടെ കോണില്‍വച്ച്
അവളോടുഞാനെന്‍റെ പ്രിയമങ്ങറിയിച്ചു
ചമ്മും മുഖത്തിന്‍റെ വെമ്പലോടെ
അവളറിയാത്തൊരാപുസ്തകമൊന്നിലെന്‍
ഹൃദയത്തെക്കോറിഞാന്‍ വച്ചുനീട്ടി
നാണം‍ത്തില്‍ചാലിച്ച ചിരിയുമായന്നവള്‍
പുസ്തകംനെഞ്ചത്തമര്‍ത്തിയോടി
പിന്നെയെന്‍ പ്രണയത്തിന്‍ വല്ലരിപ്പൂക്കളി
ലവള്‍ചേര്‍ത്തനറുമണമേറെയത്രേ
വര്‍ഷക്കണക്കിലെ പാഠങ്ങള്‍തീര്‍ന്നപ്പോള്‍
പ്രണയത്തില്‍വിരഹവും വന്നുചേര്‍ന്നു
പിന്നെയെന്‍ ഇടവഴിച്ചാലിലൂടൊരുവട്ടം
അവളാകും നിഴലുകള്‍ വന്നതില്ല
ഓര്‍മ്മതന്‍കൂട്ടിലായ് പിച്ചളപ്പൂട്ടുകള്‍
ആദ്യപ്രണയത്തെ ചേര്‍ത്തുവയ്ക്കേ
നാഴികമണികളില്‍ അക്കങ്ങള്‍ കൂട്ടുവാന്‍
ധരണിയാ തണ്ടില്‍ കറങ്ങിനിന്നു.
കൂടെഞാനിപ്പൊഴുംജീവിതനൗകയെ
താളത്തില്‍ത്തന്നെ തുഴഞ്ഞിടുന്നു

Monday 24 June 2013

ഉപേക്ഷിക്കപ്പെട്ടവന്‍

മരണത്തിലകലത്തില്‍ചില്ലുചിത്രങ്ങളായ്
അച്ഛനുമമ്മയുമോടിപ്പോകെ
തോളത്തുതട്ടിയ ആശ്വാസവാക്കുകള്‍
ദൂരത്തു ബന്ധുക്കളായി നിന്നു
പിന്നെ ദിവസങ്ങളെന്നെയുപേക്ഷിച്ചു
കാലക്കണക്കിലൊളിച്ചു നില്‍ക്കേ
തോഴിയായ് വന്നവള്‍ മക്കളെതന്നിട്ട്
തെക്കേതലയ്ക്കലായ് വിശ്രമിച്ചു
എന്‍റെ തണലിലെ വായ്മൊഴിപ്പാട്ടുകള്‍
കേട്ടുമടുത്തെന്‍റെ മക്കള്‍പോയി
മക്കളുപേക്ഷിച്ചുപോയരാനാളുകള്‍
കണ്ണുനീര്‍പാടങ്ങള്‍ ഉപ്പളങ്ങള്‍
വെണ്ണീറുചിന്തിയ തീക്കനല്‍കട്ടകള്‍
ഉള്ളിന്‍റെയുള്ളില്‍ഞാന്‍കാത്തുവച്ചു
മുറ്റത്തുപാടെയുപേക്ഷിച്ചയുരലുകള്‍
എത്രയോ പാടങ്ങള്‍ കുത്തിത്തീര്‍ത്തു
കണ്ണീര്‍മഴകളായുരലിന്‍റെ പള്ളയില്‍
ഗര്‍ഭവിരഹങ്ങള്‍ തീര്‍ത്തുവയ്ക്കേ
കൂത്താടികുഞ്ഞുങ്ങള്‍നേര്‍ത്തയുടലിലെ
നൃത്തവിരുന്നുകള്‍ കാഴ്ചവച്ചു
കൈയില്‍തലയില്‍ ചുമടുകള്‍താങ്ങിയാ
കല്ലുകള്‍ ഓരത്തു വിശ്രമിക്കേ
എത്രയോയാത്രയ്ക്കുകാവലായ്നിന്നവര്‍
വിയര്‍പ്പിന്‍കണങ്ങളറിഞ്ഞിരുന്നു
അരാലുപേക്ഷിച്ചതാണെന്ന തോന്നലെന്‍
മൗനത്തിലാകെ പരിഭ്രമിച്ചു

Saturday 22 June 2013

പേറ്റുനോവ്‍

ഞാന്‍ നിന്നവരിയിലെ അദ്യനിരയിലൊ-
രനുജത്തിയുണ്ടവള്‍ക്കെന്തുപേരോ
ആതുരശാലയിലെത്താത്ത ഡോക്ടറെ
കാത്തുനില്‍ക്കുന്നൊരാ വേദനയെ
എങ്കിലുമവളുടെ രോദനമിപ്പൊഴും
കര്‍ണ്ണങ്ങളില്‍ത്തന്നെ പ്രതിധ്വനിക്കേ
എന്നുടെ നയനങ്ങളറിയാതെചിമ്മുന്നു
അവള്‍ക്കുള്ളവേദനയെന്നപോലെ
എല്ലിച്ചബാല്യത്തിലുന്തിച്ച വയറിനെ
പെറ്റുവീഴ്ത്തിക്കുന്നവെമ്പലായി
കാടിന്‍റെ ശാന്തത നിറയുന്നകണ്ണിലും
ഒഴുകുന്നുകണ്ണീര്‍ പേമാരിപോലെ
ബാല്യമറിയാത്ത കാമവെറികളെ
മിഠായിയെന്നപോല്‍ നല്‍കിടുന്നോര്‍
പാവമീകുഞ്ഞിന്‍റെ യാതനകണ്ടിട്ടു
പുശ്ചരസത്തില്‍ ചിരിച്ചിടുന്നു
അച്ഛനില്ലാത്തൊരീ കുഞ്ഞിനെപേറി
യീ കുടിലിന്‍റെയുള്ളില്‍ കഴിഞ്ഞിടുന്ന
ബാല്യങ്ങളേറെയാണിന്നുമവര്‍ക്കുള്ള
യാതനയൊന്നുനാം കണ്ടറിയൂ
ഒരിറ്റുവറ്റിന്‍റെ കഞ്ഞിനുകരുവാന്‍
അമ്മിഞ്ഞയൊന്നങ്ങുനല്കിയുറക്കുവാന്‍
കാട്ടാളക്കൂട്ടമേ നിങ്ങളൊരുങ്ങുക
പാവമീ കാടിന്‍റെ ദൈന്യംതീര്‍ക്കാന്‍

പുതിയ കാലങ്ങള്‍ക്ക് വയസ്സൊരു തടസ്സംതന്നെ

അവളുടെ
കൈയ്യിലെ
കളിപ്പാട്ടങ്ങള്‍
തട്ടിപ്പറിക്കുക

അവളുടെ
നിഷ്കളങ്കതയില്‍
ലൈംഗികതയുടെ
അടയാളങ്ങളുണ്ടാക്കുക

പുസ്തകഞ്ചിയില്‍
അവള്‍തൂക്കുന്ന
പുസ്തകത്തിനുപകരം
പേറ്റുനോവിന്‍റെ
നൊമ്പരം പേറട്ടെ

ചോരവാര്‍ന്ന
അവളുടെ ശരീരത്തില്‍
മാംസത്തിന്‍റെ
ദാഹതീര്‍ത്തവര്‍
അവള്‍ക്കു
പുതിയകുപ്പായങ്ങള്‍
പകര്‍ന്നുകൊടുക്കട്ടെ

ഈ ഫ്രോക്ക്
ഇനിയവള്‍ക്ക്
പാകമല്ല

വര്‍ഷക്കണക്കിലല്ലാതെ
വയസ്സിന്‍റെ എണ്ണം
വേറേതെങ്കിലും
മാനദണ്ഡങ്ങളില്‍
അളക്കാന്‍ കഴിഞ്ഞെങ്കില്‍

ഇനിയുമവളുമായുള്ള
വേഴ്ചയ്ക്കുവേണ്ടി
കാത്തിരിപ്പ്
കുറയ്ക്കാമായിരുന്നു.

കുഞ്ഞായിരിക്കുമ്പോള്‍തന്നെ
അവളുടെ അടിവയറിലൊരു
ഗര്‍ഭത്തിന്‍റെ
ഭാരമേല്‍പ്പിക്കാമായിരുന്നു

പുതിയ കാലങ്ങള്‍ക്ക്
വയസ്സൊരു തടസ്സംതന്നെ

Thursday 20 June 2013

കളിവീട്



ചുള്ളിയൊടിച്ചുഞാന്‍
കുത്തിയമാടങ്ങള്‍
മഴക്കാറുകണ്ടുവിറങ്ങലിച്ചു

അമ്മതന്‍ സാരിതലപ്പു
പിടിച്ചെന്‍റെ കഞ്ഞോരു
മാടത്തെ കാത്തുവയ്ക്കേ

ചിരട്ടയില്‍ ഞാന്‍വച്ച
ചോറും കറികളും
പായസക്കൂട്ടുപോല്‍
കുറുകിനിന്നു

മഴതോര്‍ന്നനേരമങ്ങാരാനുംകാണാതെ
പാത്തുഞാന്‍ മാടത്തില്‍
പുല്ലുമേഞ്ഞു

പ്ലാവിലതൊപ്പിയും
പച്ചോലവാച്ചുമിന്നെല്ലാം
നനയിച്ചു കുഞ്ഞുചാറല്‍

അമ്മപഠിപ്പിച്ച
പാഠങ്ങളോരോന്നും
പുതിയ വര്‍ഷത്തിന്‍റെ
തേരിലേറെ
ഞാനെത്തിയിന്നൊരീ
സാങ്കേതികത്തിന്‍റെ
ജോലിത്തിരക്കുള്ള
പാതയിങ്കല്‍

ഞാനും പണിയിച്ചു
പുഴക്കടവത്തൊരു
ഇരുനിലമാളിക
നല്ലപോലെ

കാഴ്ചകള്‍
പുഴയിലെ ഓളങ്ങളോടങ്ങള്‍
ദേശാടനത്തിന്‍റെ
പക്ഷികളും

പുഴയിലേക്കിത്തിരി
കാലു നനച്ചപ്പോള്‍
താളമായ്ഓളമെന്‍
മസ്സിലൂറി

വീണ്ടുമാ കാറങ്ങ്
മാനത്തുവന്നപ്പോള്‍
എന്‍ ചുണ്ടില്‍ പുഞ്ചിരി
യേറിവന്നു

മഴയെന്‍റെ ചിന്തയില്‍
ഞാന്‍തീര്‍ത്തമാടത്തെ
മിന്നല്‍പിണര്‍പോലെ
കൊണ്ടുവന്നു

ഒടുവീലീ മഴയെന്‍റെ
സ്വപ്നത്തിലുള്ളിലും
ഇടിമുഴക്കത്തിന്‍റെ
വിള്ളല്‍തീര്‍ത്തു

പുഴനിറഞ്ഞങ്ങെന്‍റെ
കോലായിനുള്ളിലെ
ചോറും കറികളും
കാര്‍ന്നുതിന്നേ

ഇന്നെനിക്കില്ലിയിതൊന്നു
മറയ്ക്കാനായ്
അമ്മതന്‍ സാരിത്തലപ്പുപോലും













ഈ മരച്ചുവട്ടില്‍

ഞാനിന്നുകണ്ട മരത്തിന്‍ ചുവട്ടി-
ലൊരായിരം കുഞ്ഞുങ്ങള്‍വന്നിരുന്നു
മണ്ണപ്പം ചുട്ടുകളിച്ചിരുന്നു അവര്‍
അച്ഛന്‍റെ ഭാവം പകര്‍ന്നിരുന്നു
ചുള്ളിയില്‍ തീര്‍ത്തൊരാ മാടത്തി
നുള്ളിലൊരമ്മയെതന്നെഞാന്‍ കണ്ടിരുന്നു
സാറ്റിന്‍റെ എണ്ണലില്‍ കണ്ണുമറച്ചതും
ചക്കകളിയ്ക്കാനായ് മുള്ളുവരച്ചതും
തുപ്പല്‍ തെറിപ്പിച്ച് വണ്ടിയോടിച്ചതും
കൈവട്ടംചുറ്റിക്കറങ്ങിക്കളിച്ചതും
വെള്ളാരംകല്ലിനാല്‍ പാറകളിച്ചതും
വളപ്പൊട്ടുകൊണ്ടൊരുജാലങ്ങള്‍തീര്‍ത്തതും
പഴങ്കഥയ്ക്കുള്ളിലെയര്‍ത്ഥങ്ങള്‍കണ്ടതും
മുത്തശ്ശിചൊല്ലും കടങ്കഥകേട്ടതും
ഉന്തികളിച്ചുമറിഞ്ഞുവീഴുന്നതും
എല്ലാം മനസ്സിന്‍റെ തീരങ്ങളില്‍ തന്നെ
പിന്നോക്കമോടി ചിരിച്ചു രസിക്കുന്നു
ഇന്നുമീ കാറ്റിലായ്മാമ്പഴം വീണപ്പൊ
കുഞ്ഞുങ്ങള്‍ ഏറെയായ് വന്നിടുന്നു
വന്നവര്‍ മാവിന്‍റെയോരത്തിരുന്നില്ല
അണ്ണാറക്കണ്ണനെ തോണ്ടിവിളിച്ചില്ല
കഥകള്‍പറഞ്ഞില്ല, തുള്ളിക്കളിച്ചില്ല
പഴങ്കഥപാട്ടിന്‍റെ ഭാണ്ഡമഴിച്ചില്ല
എങ്കിലുമീമരംപൊഴിക്കുന്നവര്‍ക്കൊരു
കല്‍ക്കണ്ട തുണ്ടിന്‍ മധുരമാം മാമ്പഴം

Sunday 16 June 2013

ഒരുവയല്‍പ്പാട്ട്

താനാ തനാതാനാ താന
താനാ തനാതാനാ താന

കുളിര്‍കാറ്റ് വീശീയടിക്ക്
കാറങ്ങ് മാനത്ത് കൊള്ള്

താനാ തനാതാനാ താന
താനാ തനാതാനാ താന

കുഞ്ഞിത്തിരുതേയി പാടി
കുഞ്ഞിനെഒക്കത്തിരുത്തി

താനാ തനാതാനാ താന
താനാ തനാതാനാ താന

വെള്ളിമീനൊന്നങ്ങ് കാണ്
ഇമ്പത്തിലിടിയോമുഴങ്ങ്

താനാ തനാതാനാ താന
താനാ തനാതാനാ താന

പെയ്യട്ട് പാടത്ത് ചാറ്റല്‍
ഒരുക്കട്ട് എനെന്‍റെ പാടം

താനാ തനാതാനാ താന
താനാ തനാതാനാ താന

വിതയ്ക്കട്ട് വിത്തെല്ലാം ഓരം
മുളയ്ക്കട്ടതുങ്ങള് വേഗം

താനാ തനാതാനാ താന
താനാ തനാതാനാ താന

ചെളിയോളം പാടത്ത് ഞങ്ങാ
ഉയിര്‍പ്പോടെ പാകുന്നുഞാറ്

താനാ തനാതാനാ താന
താനാ തനാതാനാ താന

അനിലാനാഞാറിനെയെല്ലാം
സ്നേഹമായ് പുല്‍കട്ടെപെണ്ണേ

താനാ തനാതാനാ താന
താനാ തനാതാനാ താന

ചേറുന്നു ചാണകക്കൊറ്റം
പാറുന്നു ചെമ്മെയീ വെണ്ണീര്‍

താനാ തനാതാനാ താന
താനാ തനാതാനാ താന

മുട്ടൊപ്പം പൊന്തുന്ന കതിരില്‍
കതിരവന്‍ മുട്ടിയുരുമേ

താനാ തനാതാനാ താന
താനാ തനാതാനാ താന

കതിരുകള്ളേറിയ ഞാറില്‍
കണ്ണിണ സ്വപ്നങ്ങള്‍ കാണ്കേ

താനാ തനാതാനാ താന
താനാ തനാതാനാ താന

കൊയ്യുന്നു വിയര്‍പ്പിന്‍കണങ്ങള്‍
നിറയുന്നു പത്തായക്കൂട്ടം

താനാ തനാതാനാ താന
താനാ തനാതാനാ താന

കുഞ്ഞിത്തിരുതേയിപൈതല്‍
കാഞ്ഞവയറിനാല്‍ തേങ്ങി

താനാ തനാതാനാ താന
താനാ തനാതാനാ താന

കരയല്ലേ എന്‍റെയീ തങ്കം
ഉറങ്ങുനീ ഒക്കത്തിരുന്ന്

താനാ തനാതാനാ താന
താനാ തനാതാനാ താന

കുഞ്ഞുതിരുതേയിപാടി
കുഞ്ഞിനെഒക്കത്തിരുത്തി

താനാ തനാതാനാ താന
താനാ തനാതാനാ താന

Friday 14 June 2013

ഭ്രാന്തന്‍

മാറാപ്പുപിന്നിലായ് തൂക്കിവലിച്ചവന്‍
വേതാളമെന്നപോല്‍ പാഞ്ഞുപോയി
കണ്‍കളില്‍ രൗദ്രഭാവത്തിന്‍ നിഴലുകള്‍
മിന്നിച്ചവന്‍പിന്നെയലറിയോടി
പെട്ടെന്നു നിന്നവന്‍ അഹ്ലാദമൊടൊത്ത്
അട്ടഹാസത്തിന്‍റെ കെട്ടഴിക്കേ
കണ്‍കളില്‍ മിന്നുമാ സ്നേഹവിരുന്നിന്നെ
കാണാതിരിക്കാനായ്‍യൊക്കുകില്ല
സമയത്തെതോല്‍പ്പിക്കാന്‍തിക്കിതിരക്കുന്ന
നിങ്ങള്‍ക്കുമീഭാവം തന്നെയല്ലേ
ആകാശമേടയില്‍ അവനെന്നപോലൊരു
മിന്നല്‍പിണരൊന്നുവന്നുപോകെ
ആഹ്ലാദമോടവന്‍ മാനത്തുനോക്കീട്ട്
കൊഞ്ഞണംകുത്തിരസിച്ചുപിന്നെ
കുട്ടികള്‍ മഴയെപുണരുന്നമാതിരി
തുള്ളികള്‍കൊണ്ടവന്‍ നൃത്തംവച്ചു
അവനെലയിപ്പിക്കും തുള്ളികള്‍ക്കുള്ളത്ര
സന്തോഷം ഞാനെങ്ങും കണ്ടതില്ല
മഴതോന്നുമാനംവെളുപ്പിച്ചതവനുള്ളില്‍
ഇരുളിന്‍ നിറങ്ങള്‍ നിറഞ്ഞപോലെ
നീണ്ട മുടികള്‍വലിച്ചുപറിച്ചവന്‍
എല്ലിച്ചയൗവ്വനം തച്ചുടയ്ക്കേ
റോഡിന്‍റെ വക്കത്തൊരിത്തിരിവെള്ളം
കണ്ണുനീര്‍പോലങ്ങു കെട്ടിനിന്നു
കുമ്പിളില്‍ കൊരിയെടുത്തവന്‍വെള്ളത്തെ
വായിലേക്കാര്‍ത്തിയോടിറ്റിച്ചപ്പോള്‍
നിര്‍വ്വികാരത്തിന്‍റെ ഭാവങ്ങള്‍പേറിയാ
ദൈവങ്ങള്‍ തന്നെയും കണ്ണടച്ചു
ഇന്നുമാഭ്രാന്തിന്‍റെ പരിചയഭാവങ്ങള്‍
എന്നിലും നിന്നിലും പാര്‍ത്തിരിപ്പൂ
തീപോലെയൗവ്വനം കത്തുന്നനേരത്തും
മനസ്സില്‍ തുടിപ്പുകള്‍ വന്നുപോകാം
ഞാണില്‍കളിക്കുമീ മനസ്സിന്‍റെയോളങ്ങള്‍
തെറ്റിയാല്‍ ഞാനുമീഭ്രാന്തന്‍തന്നെ

Thursday 13 June 2013

യാത്ര

ഇന്നിനി കാറ്റുവരികയില്ലേ
എന്നോട് കാഴ്ച പകുക്കയില്ലേ
ഇന്നലെയോരത്ത് വന്നനേരം
ചൊന്നവള്‍ ചന്തത്തിന്‍ പെണ്ണൊരുത്തീ
കൂന്തല്‍ മെടയുന്നോ യാത്രപോകാന്‍
ഇന്നിനിപോകേണ്ട വഴികളെത്ര
തോഴിതന്‍തോളത്ത് കൈപിടിച്ച്
കാലിച്ചെറുമനെ കണ്ടതല്ലെ
ഇന്നവന്‍ തോളത്ത് പെയ്തിറങ്ങാം
കുന്നിന്‍പുറമേറിയുല്ലസിക്കാം
മുമ്പുഞാന്‍ചെന്നതിന്‍ ബാക്കിയായി
മാവുകള്‍ പൂത്തു തുടങ്ങിടുന്നു
തല്ലിക്കൊഴിക്കാതെ പെയ്യവേണം
കാറ്റിനെ മെല്ലെയൊതുക്കിടേണം
അവളോട് മന്ത്രമായ് ചൊല്ലിടേണം
മാമ്പഴമുണ്ണാനായ് വന്നിടുവാന്‍
തെക്കും കരയിലെ പാട്ടുമേളം
ഇന്നങ്ങു ചെന്നൊന്നു ചാറവേണം
പന്തലിന്‍ സുഷിരത്തില്‍ തൂങ്ങവേണം
ദേവിയത്തന്നൊന്നു കൂപ്പവേണം
ഇന്നെനിക്കില്ലിനി നേരമൊട്ടും
ഉണ്ണിക്കിടാങ്ങളെപുല്‍കവേണം
പുത്തനാംകുപ്പായമിട്ടകുട്ട്യോള്‍
സ്കുളിന്‍പടിയ്ക്കലായെത്തുംനേരം
നാളെ വെളുപ്പിനു പെയ്തിറങ്ങാം
വറ്റിവരണ്ട നദിക്കുമേലേ
കുന്നോളം വാരും മണല്‍പ്പരപ്പില്‍
പുഴയായൊഴുകുവാനേറെവേണം
പെയ്യുവാനുള്ളതീതുള്ളിമാത്രം
ഏറുവാനുള്ളതോ നാഴിയേറെ
എങ്കിലും കണ്ണീര്‍ കുടങ്ങളായി
ദാഹമകറ്റുവാന്‍ ചെല്ലവേണം
ഭൂമിഹൃദയത്തിലാഴ്ന്നിറങ്ങാന്‍
എന്നിലെപ്രാണനോകഴിവതില്ല
എന്നെ കരത്തിലായ് ചേര്‍ക്കുവാനും
അമ്മയാം ഭൂമിക്കിന്നാവതില്ല
ഈയാത്രയൊന്നു കഴിഞ്ഞുവെന്നാല്‍
വേനലാം മാരനെ കെട്ടവേണം
പിന്നവന്‍ താളത്തില്‍ തുള്ളവേണം
പേറ്റുനോവെന്നന്നറികയില്ല

Wednesday 12 June 2013

തലമലര്‍ത്തി ചക്രശ്വാസമെടുക്കട്ടെ ഞാന്‍

കാല്‍ച്ചുവടിളക്കാതെ
തുടിപ്പറ്റ ശിഖരമായ്
വെള്ളക്കെട്ടിന്നുള്ളിലായെന്‍
ശ്വാസമടക്കി തൊലിയകന്ന്,
അസ്ഥികറുത്തിനിയെത്രനാള്‍

പച്ചകുപ്പായ
പുതപ്പിനടിയിലീ
മഴമേഘമുത്തൊലിപ്പിച്ച
ചെറുഞാത്താം
കിങ്ങിണിയരുവിയില്‍
കടംകൊണ്ടതീരമേറി
വിരിഞ്ഞമുകുളമായ്
ഞാന്‍ ജനിച്ചീടവേ

ചുറ്റിലും വസന്തം
മഞ്ഞുപെയ്യുമീശുഭ
സായാഹ്നവീചികളെ-
നിക്കൊരുന്മാദമായ്
പരന്നുവിലസവേ

ചിറകൊതുക്കി തന്നിളം
കൂട്ടിലെന്നിളംചെറു
ചില്ലയില്‍വന്നെത്തുമാ
കുരുവികുഞ്ഞുങ്ങളും

ഈ താഴ്വാരത്തിലൊരു
അരഞ്ഞാണുപോലൊഴുകി
തഴുകിയുണര്‍ത്തിയ
കളകളമൃദുമോഹവും

ഓര്‍മകളൊരു കാട്ടുപൂവായ്
മനസ്സിന്‍ ശവകുടീരങ്ങളില്‍
നിസ്വനമകന്ന് കണ്ണിമ
ചലനമറ്റുറങ്ങിക്കിടക്കുന്നു.

ഒരു കുളിരിന്‍
തലോടലായെന്നെയലിയിച്ച
പുതുമഴ, ഇന്നെന്‍
മോഹഭംഗങ്ങളില്‍
ശ്വാസഗതിയകറ്റി
തന്നുള്‍ചുഴിയില്‍
സൂര്യപ്രഭയറിയാതെ
വീര്‍പ്പുമുട്ടിക്കുന്നുവോ?

ഒരു വരള്‍ച്ച
സ്വപ്നമായെത്തുന്ന
നാളുകാത്തീഡാമിനടിത്തട്ടില്‍
അസ്ഥികോലമായ്
തലമലര്‍ത്തി
ചക്രശ്വാസമെടുക്കട്ടെ ഞാന്‍

തലമലര്‍ത്തി
ചക്രശ്വാസമെടുക്കട്ടെ ഞാന്‍...

Tuesday 11 June 2013

കണ്ണുനീര്‍പാട്

ചിതയിലൊടുവിലൊരു
തീനാളമങ്ങനെ
ആര്‍ത്തിയോടിരച്ചു
പറന്നടുക്കുന്നേരം

മനസ്സിലൊരു
അലസഭാവമായി കാവലിന്‍
പടപ്പട്ടാളമായിഞാന്‍
നിവര്‍ന്നു‍നിന്നീടവേ

നിശബ്ദതയിലൊരുഭംഗമായ്
മനസ്സിലൊരുപിന്‍വിളി
ചിതാഗ്നിതന്നുപോയീടുന്നു.

അമ്മതന്നമ്മിഞ്ഞ
അകലത്തിലല്ലതിന്‍സാന്ത്വന-
മവള്‍തീര്‍ത്തസ്നേഹമതിലുകള്‍

അസ്ഥിത്വമറ്റകുടിലിന്‍
നടുവിലായ് അമ്മപണിയിച്ച
സ്വപ്നസുഖബന്ധനം.

എന്നിളംകൈ‍തട്ടി
അകലത്തിലൊരു നോവായ്
അച്ഛന്‍കടന്നുപൊയ്പോയനാളിലും

കൈകൊട്ടിയും
ചുണ്ടുപിളര്‍ത്തിയും
ഞാന്‍തീര്‍ത്തയുറവകള്‍
നേടിയതവള്‍ക്കുള്ള
മനോബലത്തിന്‍ ശക്തിമന്ത്രങ്ങളായ്

ഞാനുമെത്തുന്നുയിന്നീ
ജീവതവഴിത്താരയില്‍
കാലം കടിഞ്ഞാണിന്‍വേഗതകൂട്ടവേ

മറന്നുതുടങ്ങുന്നു
പിന്‍വഴിപ്പാതകള്‍
കാലുതെറ്റാതെന്നെ
നടത്തിച്ചനോവുകള്‍

പത്രംനിവര്‍ത്തി-
യിരുന്നുതിരക്കിലായ്
വേഗത്തിലായൊന്നോടിച്ചുനോക്കവേ

മങ്ങിയൊരോര്‍മ്മപോല്‍
ചരമക്കളത്തിലെന്‍
കൈതട്ടിമാറ്റാതച്ഛനിരിക്കവേ

ഓര്‍ത്തുഞാന്‍
വീണ്ടുമാവര്‍ഷകാലത്തിനെ
അമ്മമുഖത്തിലെ
കണ്ണുനീര്‍പാടിനെ.....

Monday 10 June 2013

ഒരു നൊമ്പരം

കഷ്ടിവെളിച്ചത്തിന്‍
മുന്നിലിരുന്നൊരു
കൊച്ചുകവിത മനസ്സില്‍വയ്ക്കേ

ഓര്‍മ്മതന്‍ മാറാപ്പില്‍
വന്നുവിടര്‍ന്നവള്‍
രാഗമില്ലാത്തൊരു ഗാനംപോലെ

ആകെ വിരലില്‍
കടിച്ചുതൂങ്ങുന്നൊരാ
താളത്തിന്‍കട്ടകള്‍ ചേര്‍ത്തുതല്ലി

മാറാപ്പിലായൊരാ
കുഞ്ഞിനെമെല്ലവള്‍
അമ്മിഞ്ഞനല്കി ഉറക്കിവച്ചു

ആരുംമനസ്സില്‍
നിറച്ചുവയ്ക്കാത്തൊരു
താളത്തിന്‍ശബ്ദമെടുത്തുയര്‍ത്തേ

ഞെട്ടിയുണര്‍ന്നവര്‍
പുച്ഛരസത്തിന്‍റെ
കോട്ടുവാമെല്ലെയുയര്‍ത്തിവിട്ടു

യാത്രയൊരുക്ഷീണമായ്
സമയരഥത്തിലെ
ചക്രങ്ങള്‍ ദൂരെ പകച്ചുനിന്നു

ചില്ലികള്‍ കൊട്ടും
കരങ്ങളില്‍ മെല്ലവള്‍
നയനത്തിന്‍‍നന്ദി പറഞ്ഞുവച്ച്

ഓടിക്കിതയ്ക്കുമാ
റെയിലിലെ ചിന്തതന്‍
ഇട‍വഴി താണ്ടിയവള്‍മറഞ്ഞു

Sunday 9 June 2013

അഹങ്കാരം

സപ്ത ധാതുക്കളല്ലഞാന്‍,
സ്ഥൂലദേഹമല്ല

രസരൂപഗന്ധവും
ശബ്ദവും കേള്‍വിയും
തേടുന്ന ഇന്ദ്രിയ സ്ഥാനമല്ല

കര്‍മ്മേന്ദ്രിയങ്ങളും
പഞ്ചപ്രവൃത്തിയും
പ്രാണാദിപഞ്ചവായുക്കളും ഞാനതല്ല

എല്ലാം ഒടുങ്ങിയെന്‍
വാസനയിലുറയുന്ന
അജ്ഞാനരൂപവുമെന്‍റെതല്ല

മനസ്സിലുയിര്‍കൊള്ളും ആദ്യവിചാരമീ
ഞാനെന്നചിന്തയിതൊന്നുമാത്രം

ഹൃദയമാംതന്ത്രികള്‍
മീട്ടിയുണര്‍ത്തുമാ
ചിന്തയ്ക്കുകാതല്‍മനസ്സുമാത്രം

ആരുഞാനാരുഞാന്‍
എന്നുള്ളചിന്തയില്‍
പത്തിമടക്കുംമനസ്സൊടുവില്‍

ചിന്തതന്‍ചുടലകള്‍കത്തിച്ചൊടുവിലാ
ഞാനെന്നചിന്തയും അസ്തമിക്കും

Tuesday 4 June 2013

വിലാപം

ഞാന്‍ പെറ്റമക്കളേ
നിങ്ങള്‍പറിച്ചൊരാ
എന്നുടെവസ്ത്രം
തിരിച്ചുനല്കൂ

അമ്മിഞ്ഞയേകുവാന്‍
ഞാന്‍തന്നമാറിലെ
രക്തംരുചിച്ചവര്‍ നിങ്ങള്‍

നെഞ്ചില്‍തുടുപ്പിന്‍
മുലകളാം‍മലകളെ
ഛേദിച്ചെറിഞ്ഞവര്‍ നിങ്ങള്‍

തോലുപിളര്‍ന്നെന്‍റെ
ജഠരാഗ്നിതീര്‍ത്തൊരാ
എണ്ണവറ്റിച്ചവര്‍നിങ്ങള്‍

ഞാനൊഴുക്കുന്നൊരീ
കണ്ണീര്‍തടങ്ങളില്‍
മാലിന്യംചേര്‍പ്പവര്‍ നിങ്ങള്‍

ആകാശമേടയില്‍
പ്രാണനില്‍തന്നെയും
വിഷമൂതിയാര്‍പ്പവര്‍ നിങ്ങള്‍

കാലം കണക്കിന്‍റെ
പടികളായ് സൂക്ഷിച്ച
പ്രകൃതിയെ വിറ്റവര്‍ നിങ്ങള്‍

നിങ്ങള്‍തന്‍ചെയ്തികള്‍
മക്കള്‍തന്‍കുസൃതിയായ്
തേങ്ങിയടക്കുന്നു അമ്മ

ഇനിനിങ്ങള്‍ നല്കുക
എന്നുടെ ജീവനായ്,
നിങ്ങള്‍ക്കുതണലായ്,
ഒരുവൃഷമെങ്കിലും മെല്ലെ.

കാത്തിരിപ്പ്

ഒരു നിമിഷവും എന്‍റേതല്ല
അത് നിങ്ങളുടേതുമല്ല
അതിനടുത്തെത്തുമ്പോള്‍ തന്നെ
അതു കടന്നുകളയുന്നു

ആനിമിഷത്തിന്‍റേതെന്ന്
ഒന്നുരിയാടാന്‍പോലും സമ്മതിക്കാതെ

കണ്ണുചിമ്മിയനേരംകൊണ്ട്
യാത്രപറയാതെ ചരിത്രത്തിലേക്ക്

എന്നിട്ടും
ഒരുപുഴയില്‍ ഒരിക്കല്‍മാത്രം
ഇറങ്ങാന്‍ സാധിക്കുംപോലെ
ഞാനെന്ന മായ
ആ നിമിഷത്തിനായ്
കാത്തിരിക്കുന്നു...

എന്തിനും ഏതിനും
ഒരുത്സവംപോലെ...

Monday 3 June 2013

കരാളം


ഇനിയെന്തുഞാനെഴുതേണ്ടു
വരണ്ടചിന്തയില്‍ നിറമറ്റ
നിമിഷങ്ങളേ പോക...

വരിക പ്രാണനില്‍ ചിറകുള്ള
ദേഹിപോല്‍ ഉണരും
കിനാക്കളായ് വീണ്ടും

മഷിതീര്‍ന്ന ഹൃദയവാല്‍വില്‍
ഒരുവാക്കിന്‍റെ നൊമ്പരം
തുടിച്ചുമുന്നേറവേ

നിശയൊരു പേക്കിനാവായ്
മസ്തിഷ്കദ്വുതിയില്‍
വിഷരേണുക്കള്‍ ചേര്‍ക്കേ

കരളില്‍പതിഞ്ഞൊരാ
പ്രണയം കാമരതിയില്‍തീര്‍ത്ത
മാംസരസലയനങ്ങളായി

ഉന്മത്തമായൊരാ മനസ്സിന്‍
തുടുപ്പിനെ തടുത്തില്ല
ഞാനെന്‍റെ മലിനഭാവങ്ങളാല്‍

ഇനിയുമേറെ നേടുവാനിനിയുണ്ട്
അതിനായെനിക്കിനി നിശാചരഭാവ
മുയിര്‍ക്കൊണ്ടെടുക്കണം

മാംസകഷ്ണങ്ങള്‍ തീര്‍ക്കും
രക്തകുളങ്ങളില്‍ തളംകെട്ടുമാ
ചോരയില്‍ മുഖംചേര്‍ത്ത്
മയങ്ങിക്കിടക്കണം

വില്ലൊടിക്കാനില്ല,
സ്വയംവരപ്പന്തലില്‍ നില്‍ക്കും
വധുവിനെ പുണരുവാന്‍
എനിക്കൊട്ട് നേരേമേയിനിയില്ല

കട്ടെടുക്കണം അവള്‍തന്‍
മുഖവും ചാരിത്ര്യവും
പിന്നെയീത്തെരുവില്‍ വിലപേശി
വിലയ്ക്കുവിറ്റീടണം

പണ്ടേയ്ക്കുപണ്ടേ
എന്നിലാവാഹിച്ചൊരാ
വര്‍ണ്ണമതമേളനവേഷംപകര്‍ന്ന
ങ്ങാടിത്തിമിര്‍ക്കണം

കാരിരുമ്പില്‍തീര്‍ത്ത
ചങ്ങലക്കെട്ടിലായെന്‍ചിന്തകള്‍
തീര്‍ത്തൊരീമന്ത്രങ്ങളൊക്കെയും
ഞാനാം മനുഷ്യന്‍റെ
മനസ്സില്‍ തിമിര്‍ക്കുന്ന
ചേരിയുദ്ധത്തിന്‍റെ
ഭാവങ്ങളല്ലയോ?

മാറുകഞാനീ
ചിന്തയ്ക്കുമുകളിലായ്
താളപിഴകളിന്‍ ജീവമാര്‍ഗ്ഗങ്ങളില്‍

ഞാന്‍തൊടുക്കും ശരങ്ങളില്‍
സ്നേഹമൊട്ടുകള്‍ കോര്‍ത്തുവച്ചീടുക

ഇനിയുള്ളനാളുകള്‍
പേറുവാനായൊരു
ജനിയെന്‍റെയുള്ളില്‍
മുളച്ചുപൊന്തുന്നുവോ?

ഇനിയുള്ളനാളുകള്‍
പേറുവാനായൊരു
ജനിയെന്‍റെയുള്ളില്‍
മുളച്ചുപൊന്തുന്നുവോ?

വരൂ പ്രണയിനീ

ഞാനിതാവഞ്ചി ഒരുക്കിനിര്‍ത്തുന്നു
പ്രണയിനിക്കായിതാ‍കാത്തുവയ്ക്കുന്നു
അക്കരെപോകുവാന്‍നേരമെത്തുന്നു
തോണിചരിയാതെ കേറിക്കോപെണ്ണേ
നിന്‍മനക്കാമ്പിലുറയുന്ന സ്വപനം
എന്‍ചിന്തതന്നില്‍തുണയായിരിക്കാന്‍
ഇരുള്‍ച്ചുഴിമാറ്റിത്തുഴയാംനമുക്കിനി
പിന്നിലേക്കൊന്നിനി പായല്ലേകണ്ണേ
വര്‍ണ്ണക്കടലാസില്‍ തീര്‍ത്തൊരീവഞ്ചി
കണ്ണീര്‍പുഴകളും താണ്ടണംമെല്ലേ
ഉറ്റവര്‍ബന്ധുക്കളെല്ലാരുംചൊല്ലും
സങ്കടകാറ്റില്‍ ഉലയല്ലേപെണ്ണേ
നിന്നില്‍തുടിക്കുന്നതേങ്ങലിന്‍ശബ്ദം
പണ്ടേയ്ക്കുപണ്ടേയറിഞ്ഞില്ലേപൊന്നേ
നിന്നെപുണരുന്നകൈകള്‍ക്കുമേലേ
സ്വച്ഛമാംതണല്‍വിരികൂടുനിവര്‍ത്താം
കുഞ്ഞുമനസ്സിന്‍റെ കുസൃതിത്തരങ്ങളില്‍
അമ്മകിനിഞ്ഞൊരാമ്മിഞ്ഞപോലെ
എന്‍മടിച്ചോട്ടിലുറങ്ങിക്കോപെണ്ണേ
ശല്യപ്പെടുത്തില്ലിനിനിന്നെയാരും
കാലങ്ങളേറയായ് പ്രണയിച്ചനിന്നെ
കൂട്ടുവാനീവഞ്ചിയണിയിച്ചൊരുക്കി
സ്നേഹമായെന്‍നെഞ്ചില്‍ചേര്‍ക്കുന്നുകണ്ണേ
നിഴല്‍പോലുമില്ലാതെ ദേഹംകളഞ്ഞ്
വരികനീ നീനിന്‍റെ ദുഃഖംകളഞ്ഞ്
മരണമാം എന്‍റയീ കരങ്ങള്‍പിടിച്ച്

Saturday 1 June 2013

സ്കൂള്‍തുറന്നമ്മേ

സ്കൂള്‍തുറന്നമ്മേ എനിക്കുവേണ്ടായോ
പുത്തനുടുപ്പുമാ പുസ്തകസഞ്ചിയും
വഴിയിലാചേച്ചിടെ തെച്ചിനിറമുള്ള
പുത്തനാംകുപ്പായംകണ്ടുചോദിച്ചവള്‍
കണ്‍മണികോണിലീദുഃഖമൊളിപ്പിച്ച്
തന്മണികുഞ്ഞിനോടെന്തുചൊല്ലേണ്ടുഞാന്‍
'സ്കൂളുതുറക്കണം പുസ്തകംവാങ്ങണം
അക്ഷരംകോറിപഠിക്കവേണം'
ഇങ്ങനെചൊല്ലിയീഉണ്ണിയെകൊണ്ടുഞാന്‍
ഇല്ലാത്തവറ്റ്കഴിപ്പിച്ചതോര്‍ത്തവള്‍
ഇഷ്ടത്തിലുള്ളൊരീപൈക്കിടാവൊന്നിനെ
വില്‍ക്കുകയാണതിന്‍മാര്‍ഗ്ഗംതെളിഞ്ഞതും
തന്‍മകളേറെയായ് ലാളിച്ചതാണതിന്‍
വേര്‍പാടവള്‍ക്കുള്ളവേദനയാകുമോ?
എന്നാലവള്‍ക്കുള്ളയാശതീര്‍ത്തീടുവാന്‍
വിദ്യതന്‍മുറ്റത്തെസദ്യയുണ്ടീടുവാന്‍
അഴലുകള്‍തീര്‍ക്കുമാനാളേയ്ക്കുവേണ്ടി
യീവിദ്യതന്‍തീരത്തണയവേണം
ഇന്നത്തെവേദനപാടെമറന്നിടുമക്ഷര
ലോകത്ത് ചെന്നുവെന്നാല്‍
ഇങ്ങനെചിന്തയില്‍ ലാളിച്ചിരിക്കവേ
അമ്മണിപൈതലീകാതില്‍മൂളി
നോക്കമ്മേയെന്‍റെയീപൈക്കിടാവിങ്ങനെ
മുട്ടിയുരുമിനനടക്കണുണ്ട്
കോലായില്‍വീഴുമാ ഉച്ചവെയിലിനെ
താങ്ങുവാനായില്ല തേങ്ങല്‍കൊണ്ട്.