Friday 30 August 2013

വഴിപോക്കന്‍


www.nizhalumnjanum.com
ഞാന്‍ വെറുമൊരു 
വഴിപോക്കനായിരുന്നു

അപ്പോഴാണ് 
തെരുവില്‍ വലിച്ചെറിയപ്പെട്ട
കുരുന്നിനെ കണ്ടത്

ഞാനവളുടെ അവകാശിയായി
അവള്‍ക്കായി,
അവളെപ്പോലുള്ളവര്‍ക്കായി
അലമുറയിട്ടു

എന്‍റെ യാത്രകളില്‍
അവരെ ചേര്‍ത്തുപിടിച്ചു

അടുത്തെവിടെയോ വച്ച്
മറ്റൊരാളെകണ്ടു
പിച്ചിചീന്തപ്പെട്ട
മാംസവുംപേറി
ദിക്കുതെറ്റി,

അവളെ
ജീവിതസഖിയാക്കി
എന്‍റെയാത്ര പിന്നെ
അവളോടൊപ്പം
മാനഭംഗംചെയ്യപ്പെട്ട
ഇരകളെത്തേടിയായി

സാന്ത്വനവഴികളില്‍
വീണ്ടും കണ്ടു കുറേപ്പേരെ
വികലാംഗരെ
ചൂഷണംചെയ്യപ്പെടുന്നവരെ
വൃദ്ധരെ, അറിയില്ല
നിലക്കാത്തൊരൊഴുക്ക്
പുറന്തള്ളപ്പെട്ടവരുടെ

എന്‍റെ തോള്‍
കഴച്ചുതുടങ്ങിയിരിക്കുന്നു

ഭാരമിറക്കിവയ്ക്കാന്‍
കുറുക്കുവഴികള്‍തേടി

ഒടുവില്‍
ഞാനൊരെഴുത്തുകാരനായി
വിലപിക്കുന്നവര്‍ക്കായി
വിരല്‍ത്തുമ്പില്‍
സ്വര്‍ണ്ണപ്പേന
തിരുപ്പിടിപ്പിച്ച്

ശീതീകരിച്ചമുറിയില്‍
പുറമറിയാതെ

Thursday 29 August 2013

ഇനിയും ഞാനിഴയേണ്ടതുണ്ട്

ഞാന്‍ ഇഴഞ്ഞുനീങ്ങുകയായിരുന്നു

നന്മതേടിയുള്ള യാത്ര ഇത്ര
ദുര്‍ഘടമാകുമെന്ന് 
ഞാന്‍ കരുതിയിരുന്നില്ല

കാല്‍ മുട്ടുകള്‍ വേദനിക്കുന്നു
എത്ര കുമ്പസാരക്കൂടുകളില്‍
മുട്ടുകുത്തിയതാണ്

വഴികള്‍
ഇതാവുമെന്ന തോന്നല്‍
എത്തിച്ചിടങ്ങളെല്ലം
അഴുക്കു ചാലുകള്‍
മാത്രമായിരുന്നു

അതല്ല ഞാന്‍
കണ്ടെത്തിയത്
അതുമാത്രമായിരുന്നു

എന്‍റെ ഉള്ളിലുള്ളതല്ലേ
എനിക്ക് തേടാന്‍ കഴിയൂ

വിശക്കുമ്പോള്‍
അമ്മകുടുക്കഴിച്ചു
വിളമ്പിയ ആ പാലമൃതില്‍ മാത്രമേ
ഞാന്‍ അഴുക്കു കാണാതുള്ളൂ

അന്നെനിക്കുണ്ടായിരുന്ന
ഹൃദയം എവിടേക്കു
നാടുകടത്തപ്പെട്ടു

പ്രണയിനിയുടെ നാഭിയില്‍
മുഖം ചേര്‍ത്ത് ഉള്ളിലെ
ഭ്രൂണത്തിന്‍റെ ചലനമറിഞ്ഞപ്പോള്‍
രണ്ടു ഹൃദയങ്ങള്‍
എനിക്കായ് തുടിക്കുകയായിരുന്നു

അവര്‍ കാതോര്‍ത്തത്
എന്‍റെ ഹൃദയമിടിപ്പിനുവേണ്ടിയായിരുന്നു

വഴിപിരിഞ്ഞ ഹൃദയത്തിലെ
അശുദ്ധരക്തം
എന്‍റെ മസ്തിഷ്കത്തിലേക്ക്
ഇരച്ചുകയറിയപ്പോള്‍
ഭ്രാന്തിന്‍റെ ചങ്ങലകള്‍
എന്നിലേക്കു പടര്‍ന്നുകയറുകയായിരുന്നു

ഇനിയും ഞാനിഴയേണ്ടതുണ്ട്
തള്ളവിരലും, കാല്‍മുട്ടും
ഉരഞ്ഞുതീരുംവരെ
നന്മതേടിയുള്ള യാത്രയില്‍
ഹൃദയത്തില്‍നിന്ന്
അഴുക്കുമാറ്റി
മനോവികാരങ്ങളെ ബന്ധിക്കാന്‍

തിരിച്ചറിവ്

അവന്‍റെ കണ്ണു ഞാന്‍
കുത്തിയുടച്ചു

നിശബ്ദതയുടെ
താഴ്വാരങ്ങളില്‍
ഒരുകൂവലിന്
വീണ്ടുമാരും പണിപ്പെട്ടില്ല

എന്‍റെ കൈയ്യില്‍
ആയുധങ്ങളുണ്ടായിരുന്നു

പറന്ന പക്ഷികള്‍
അവരറിയാതെ
തൂവലുകള്‍കൊണ്ട്
നാണം മറച്ചു

കണ്ണുപൂട്ടി
ഇരുളുതേടി

പുഴക്കരയിലെ
വെള്ളിവെളിച്ചത്തില്‍
പുഴയില്‍ക്കണ്ട
പ്രതിരൂപത്തെ
കല്ലെറിഞ്ഞോടിച്ചു

മുറിയിലെത്തി
നിലക്കണ്ണാടിയെ തല്ലിയുടച്ചു

അപ്പോഴും
എന്‍റെ നഗ്നത
ഞാന്‍ തിരിച്ചറിഞ്ഞിട്ടില്ലായിരുന്നു

നിശബ്ദന്‍

നിറഞ്ഞൊഴുകുന്ന 
ഭണ്ഡാരത്തിനെ നോക്കി
കൈയ്യുംകെട്ടി അവനിരുന്നു

പെട്ടന്നൊരാള്‍ അകത്തുകയറി
കതകടച്ച്
അവന്‍റെ കിരീടം പറിച്ച്
മാലയൂരി
പുടവയഴിച്ചെറിഞ്ഞു

അയാള്‍ വായ്തോരാതെ
അലയ്ക്കുന്നുമുണ്ട്

കതകടച്ചോപ്പോഴുണ്ടായ ഇരുട്ടില്‍
കണ്ണുചിമ്മുന്ന കല്‍വിളക്ക്
കറുത്തപുക
മുഖത്തേക്കൂതി

വന്നയാള്‍ ഉറക്കെ
എന്തോ പറഞ്ഞ്
നല്ലെണ്ണതലയിലൊഴിച്ച്
കൈപ്പത്തികൊണ്ടുഴിഞ്ഞു

ഈ വെളുപ്പാന്‍കാലത്ത്
തണുത്തവെള്ളം
തലയിലേക്കിറ്റുമ്പോള്‍
അവന് ഒന്നു
വിറയ്ക്കണമെന്നുണ്ടായിരുന്നു

വന്നവനെ ഭയന്ന്
അനങ്ങിയില്ല

പിന്നെ നെയ്യൊഴിച്ച്
തേനൊഴിച്ച്
പാലൊഴിച്ച്
ഹോ വയ്യ
ഒരൊട്ടല്‍ പുറത്ത്

പിന്നെയും ധാരയായി
നക്ഷത്രങ്ങളെണ്ണി
തണുത്തവെള്ളം

ഒടുവില്‍ പനനീര്‍
ഇതിനിടയിലെപ്പോഴോ
ഈഞ്ചകൊണ്ടോരു
തേയ്പ്പും

തണുത്തുറഞ്ഞ
മുഖത്തിനുമീതെ
ചന്ദനത്തിന്‍റെ കുളിര്

അയാള്‍ വരയ്ക്കുകയാണ്
അവന്‍റെ മുഖം
അയാളുടെ ഇഷ്ടത്തിന്

പട്ടുടുപ്പിച്ച്
കിരീടം വയ്പിച്ച്
ഹാരം ചാര്‍ത്തി
ഇനി വൈകുവോളം
അതും ചുമന്ന്
അവനിരിക്കണം

അയാള്‍ അവിടുള്ള എല്ലാ
വിളക്കുകളിലും തീപടര്‍ന്നു

കുളിര് അസഹ്യമായ
ഉഷ്ണത്തിനുവഴിമാറി

മുഖത്ത് കുന്തിരിക്കം പുകച്ച്
സാമ്പ്രാണി കത്തിച്ച്
കാതുതകരുമാറ്
മണിമുഴക്കി

വാതില്‍തുറന്ന്
അവന്‍റെ കോലം കാണിച്ച്
നാട്ടുകാരെ നിര്‍വൃതികൊള്ളിച്ചു

ഒന്നും മിണ്ടാനാകാതെ
അയാളുടെ വായത്താരിയില്‍
അവന്‍മയങ്ങി

അപ്പോഴും
വെളിയിലും തട്ടത്തിലും
നാണയത്തുട്ടുകള്‍
കിലുങ്ങുന്നുണ്ടായിരുന്നു.

ഓണമിങ്ങെത്തി

ഓണമിങ്ങെത്തി നീയെന്തേപെണ്ണേ
ഓണനിലാവൊളിചൂടിടാത്തു
ആകാശക്കോണിലെ ആമ്പല്‍ത്തറയിലെ
ആകാശപൊന്‍തിങ്കളെവിടെയാണോ
താരകള്‍ചന്തത്തില്‍ നൃത്തം ചവിട്ടുന്ന
താരാപഥങ്ങളുമെങ്ങുപോയി
തുമ്പികള്‍ പാറുന്ന ആകാശക്കീഴില്‍നീ
തുമ്പപ്പൂകൊണ്ടൊരു കളം വരക്ക്
നീയെന്‍റെ പ്രണയത്തില്‍ തെച്ചിപ്പൂ ചൂടിച്ച്
നയനമനോഹരഗാനംതീര്‍ക്ക്
ആലോലമൂഞ്ഞാലിലാടിവന്നെത്തീനീ
ആലിപ്പഴത്തിന്‍റെ കുളിരുതേട്
തിരുവോണനാളിലാ പുടവയും ചൂടിനീ
തിരുവാതിരപ്പാട്ടിന്‍ പദങ്ങളാട്
ഇനിയൊരുരാവില്‍ നീയെന്‍റെ ജീവനില്‍
പനിമതിപോലങ്ങുറഞ്ഞിറങ്ങ്
പ്രിയേ നിന്‍വാക്കുകള്‍ ചുമ്പിച്ചുണര്‍ത്തുമ്പോള്‍
പ്രിയമോടെ ഓണമിങ്ങെത്തിടുന്നോ

സ്നേഹിതരുടെ പട്ടിക

ആദ്യത്തേതില്‍
ഞാന്‍കണ്ടത് മുഖം വടിച്ച്
മിനുങ്ങുന്ന കവിള്‍ത്തടങ്ങളില്‍
മുട്ടിനില്‍ക്കുന്ന പൗരുഷം

പിന്നെ നീട്ടിവളര്‍ത്തിയ തലമുടി
അലക്ഷ്യമായി വലിച്ചെറിഞ്ഞ
നെറ്റിത്തടങ്ങള്‍

തന്‍റെ മുഖം വെളിച്ചം കാട്ടാതെ
തുടുത്ത മുഖങ്ങള്‍
വെട്ടിയൊട്ടിച്ച മറ്റുചിലര്‍

കുഞ്ഞിനെ
പടമായിച്ചേര്‍ത്ത്
പിന്നില്‍ പ്രണയം പേറുന്ന
മറ്റുചിലര്‍

ചിലര്‍ രൗദ്രഭാവങ്ങള്‍
ചേര്‍ത്ത് ശാന്തവും
ഒടുവില്‍ കരുണവും
ആടിത്തീര്‍ക്കുന്നു

ഒടുങ്ങാത്ത പക
ഉള്ളിലൊളിപ്പിച്ച്
പെണ്ണെഴുത്തിന്‍റെ
മൊത്തവില്പനക്കാര്‍

താനെന്ന പുരുഷന് കീഴെ
മാത്രമാണ് പ്രപഞ്ചമെന്ന്
വൃഥാ സ്വപ്നം കാണുന്നവര്‍

പ്രായം കുഴിക്കരെ
കാലുനീട്ടുമ്പോഴും
കുഞ്ഞുപെണ്ണിനോട്
പ്രണയശീലുകള്‍ പാടുന്ന
വൃദ്ധരായ കാമുകര്‍

പിന്നെ രക്ഷകരായി
സ്ത്രീയേയും പുരുഷനേയും
ചിറകിലൊതുക്കുന്ന
രക്ഷാധികാരികള്‍

ഉപദേശത്തിന്‍റെ
മാറാപ്പില്‍
തന്‍റെ ജാലം
അതീന്ദ്രിയമായി
കാഴ്ചവയക്കുന്നവര്‍

പിന്നാമ്പുറത്ത്
അനുഭവിക്കുന്ന വേദനകള്‍
ചിരികൊണ്ടു മൂടുന്നവര്‍

ഇവിടെ ഞാനുമെന്‍റെ
സുഹൃത്തിനെത്തേടുന്നു

അസ്ഥിത്വം നഷ്ടപ്പെട്ട്
മുഖത്തെ അടയാളങ്ങള്‍
തേച്ചുമിനുക്കി
ഒരു പവിത്രനായി
ഞാനും

ദിശയറിയാതെ
കത്തുന്ന മെഴുകുതിരിനാളത്തിലെ
സ്വാഹയായി

Wednesday 28 August 2013

വേഷപ്പകര്‍ച്ച

വേഷപ്പകര്‍ച്ചയില്‍ ഞാന്‍ കണ്ടതൊക്കെയും
ഇരുട്ടിന്‍റെ ജല്പനമായിരുന്നോ?
ഇന്നുഞാനിന്നുഞാന്‍ കണ്ടകിനാവുകള്‍
മായതന്‍ സൃഷ്ടികളായിരുന്നോ
നോവുകള്‍ മായ്ക്കുന്ന കൂരിരുള്‍ ബിംബത്തെ
നേരിന്‍റെ പകലുകള്‍ കട്ടെടുത്തോ
എന്നിലുറങ്ങും മനസ്സാക്ഷിയൊന്നിനെ
നിഴല്‍വീണ കണ്ണുകള്‍ കണ്ടെടുത്തോ
സന്ധ്യകള്‍ചാലിച്ച കുങ്കുമവര്‍ണത്തില്‍
കല്‍‍വിളക്കൊന്നങ്ങു കത്തിനില്‍ക്കേ
ഉള്ളില്‍ പിടയ്ക്കും തിരകള്‍ക്കു താഴയാ
കത്തും പ്രകാശവും താണുപോയി
അങ്ങകലത്തായി കറങ്ങും ചുഴികളില്‍
ജീവിതവള്ളം തുഴഞ്ഞുനില്‍ക്കേ
കരകളെ സ്പര്‍ശിക്കും ചുംബനക്കതിരുകള്‍
പ്രണയത്തിന്‍ നോവുകള്‍ കാത്തുവച്ചു
ഇതളറ്റപൂവുകള്‍ ചിറകറ്റശലഭത്തെ
പട്ടുകള്‍കൊണ്ടങ്ങു മൂടിവയ്ക്കേ
പുതിയകിനാവുകള്‍ തേടിയാമൊട്ടുകള്‍
ചെടിയിലായ്ത്തന്നങ്ങു പുനര്‍ജനിച്ചു
തന്നില്‍ തുടിക്കും മധുവിന്‍റെ പാത്രമാ
തുമ്പിക്കുവേണ്ടി പകുത്തുവച്ചു
നാളെപുലര്‍കാലെ മഞ്ഞിന്‍ കുളിര്‍കണം
ചൂടുന്ന പൂവായ് പരിലസിക്കേ
മൂളുന്ന കാറ്റിന്‍റെ ശീലിലായ് നറുമണം
ചേര്‍ത്തുനീ വണ്ടിനായ് ദൂതയയ്ക്കും
അപ്പോള്‍നീ കാണും കിനാവിലെന്‍ പ്രണയവും
നിത്യസത്യത്തിന്‍റെ ഗീഥ പാടും
മരണമില്ലാത്തൊരാ പ്രണയത്തിന്‍ ജാലങ്ങള്‍
വേഷപകര്‍ച്ചയില്‍ വീണ്ടുമാടും

Tuesday 27 August 2013

എന്‍റെ കണ്ണന്‍

നീയെന്‍റെ കണ്ണനെ കണ്ടോ കാറ്റേ
നിന്നിലെ നാദമായ് ചേര്‍ന്നവനെ
പുല്ലാങ്കുഴലിന്‍റെ മാസ്മരസ്പര്‍ശത്താല്‍
നിന്നിലെ ഈണമായ് തീര്‍ന്നവനെ
നിന്നുടെ തഴുകലെന്‍ മനസ്സിന്‍റയുള്ളിലായ്
അവനുടെ ചിത്രങ്ങള്‍ കാഴ്ചവയപ്പൂ
നിന്നില്‍ നിറയുന്ന പൂക്കള്‍തന്‍ തേന്‍മണം
എന്നുടെ കണ്ണന്‍റേതായിരുന്നോ
പ്രാണനായ് നീ നില്‍ക്കും ജീവജാലങ്ങളില്‍
എന്നുടെ കണ്ണന്‍ നിറഞ്ഞിരുന്നോ
എന്നുടെ പ്രണയത്തെ പുഞ്ചിരികൊണ്ടവന്‍
ചുണ്ടിലെ രാഗമായ് കോര്‍ത്തുവയ്പൂ
പീലികള്‍ ചൂടിയ തിരുമുടിതന്നിലെ
അണിവാകപൂവിനെ ഞാനറിഞ്ഞു
ബ്രഹ്മമാം ലോകത്തിനുള്‍ത്തുടിപ്പാകുവാന്‍
സത്യത്തിന്‍കണികയായവനിരിപ്പൂ
എന്‍മനക്കാമ്പിലെ യുദ്ധത്തിന്‍മൊട്ടുകള്‍
നുള്ളിക്കളയുന്ന പ്രാണനവന്‍
പതിനാറായിരം രാഗത്തെചേര്‍ത്തവന്‍
ഭൂമിതന്നാത്മാവുമായിടുന്നു
ഞാനെന്ന സത്യത്തെ തേടിയറിയുവാന്‍
അവനെന്‍റെ കണ്ണനായുറഞ്ഞിരിപ്പൂ

ഗാന്ധാരി

കണ്ണുമൂടിക്കെട്ടി 
തന്നുടെ ജീവിതം
അന്ധകാരത്തിനായ് 
കാഴചവച്ചീടവേ

ഒന്നുമറി‍ഞ്ഞില്ല 
ഗാന്ധാരി തന്നുടെ
പാതയില്‍ നീളുന്ന 
കൂരിരുള്‍ക്കാഴ്ച‌യെ

പേറ്റുനോവിന്നൊടുവിലാ 
കുഞ്ഞിനെ
മാറോടണയ്ക്കുവാന്‍ 
നീട്ടിയ കൈകളില്‍

ചുണ്ടുവിടര്‍ത്തിക്കരയാത്ത 
പിണ്ഡമായി
കാഴ്ചക്കു കൂരിരുള്‍ 
വീണ്ടുമെത്തിക്കവേ

നെഞ്ചകംപൊട്ടി
കരഞ്ഞുമനസ്സിലായ്
കുരുടനായ് നില്‍ക്കുമാ 
പൗരുഷമേനിയില്‍

പിന്നെ വിഭാഗിച്ചു 
മാംസത്തെ സ്വാമിയും
നൂറുകുടങ്ങളില്‍ 
ചേര്‍ത്തുവച്ചീടവേ

മിച്ചങ്ങളെല്ലാമെടുത്തൊരാ 
കൂജയില്‍
ദുഃഖംശമിപ്പിക്കും 
സ്ത്രീയായ് പകരവേ

ഓര്‍ത്തില്ല നാളത്തെ 
യുദ്ധത്തിന്‍മൊട്ടുകള്‍
വച്ചുവിരിയിച്ചതാണെന്ന 
ചിന്തകള്‍

കുരുക്ഷേത്രഭൂമിയില്‍ 
പോര്‍വിളിയേറ്റുന്ന
കുരുടന്‍റെ മക്കള്‍തന്‍ 
അന്ധകാരത്തിനെ

കണ്ണുമൂടപ്പെട്ട 
സ്വപ്നമായ്തന്നെയീ
അമ്മ വിതുമ്പുന്നു 
ഇന്നുമീ ധരണിയില്‍

Sunday 25 August 2013

യുദ്ധം കഴിഞ്ഞു

അശ്വമേധത്തിനായ് ഞാനയച്ചൊരീ
വെളുത്തയശ്വത്തെ ബലികൊടുക്കുന്നിതാ
കറുത്തചുട്ടിയാല്‍ തലയയുര്‍ത്തുമീ
കുതിച്ച കാലുകള്‍ പിടച്ചുതീരവേ
എന്‍റെ രാജ്യമിങ്ങെത്തിനില്‍ക്കുമോ
തലയറുത്തൊരാ കബന്ധഭൂമിയായ്
വലിയവേലികള്‍ കെട്ടിനിര്‍ത്തിയ
ദുരന്തഭൂമികള്‍ വീണുറങ്ങവേ
പിടഞ്ഞുവീഴുമോ നനുത്ത സ്നേഹവും
അവരൊരുക്കിയ പ്രണയബന്ധവും
അടഞ്ഞ വാതിലില്‍ കാത്തു നില്‍ക്കുമോ
സുഗന്ധവാഹികള്‍ ദൂതുപോകുവാന്‍
പറന്ന പക്ഷികള്‍ ചിറകടിക്കുമോ
അതിര്‍ത്തികാക്കുമാ തിരക്കുമപ്പുറം
കറുത്തമേഘത്തിന്‍ സിരകള്‍ക്കുള്ളിലായ്
ഉറഞ്ഞു നില്‍ക്കുമാ നനുത്ത തുള്ളികള്‍
പടര്‍ന്നുവീഴുമീ ധരണിതന്നിലായ്
വലിയവേലികള്‍ താണ്ടിയപ്പുറം
ഇനിയുമെന്‍റെയീ മനസ്സിനുള്ളിലെ
അതിര്‍വരമ്പുകള്‍ പറിച്ചുമാറ്റുവാന്‍
നടത്തവേണംഞാന്‍ പുതിയയാഗങ്ങള്‍
പ്രപഞ്ചസീമതന്‍ പ്രണയചിന്തയില്‍
ഉയിരുതിര്‍ക്കണം സ്നേഹനാളമായ്
എന്‍റെ ലോകത്തില്‍ നന്മചേര്‍ക്കുവാന്‍
എന്‍റെ നാവിലെ ചെറിയശബ്ദങ്ങള്‍
ഉറച്ചുചൊല്ലണം സ്നേഹമന്ത്രമായ്
എന്‍റെ കാഴ്ചകള്‍ അതിരുതാണ്ടണം
പിടഞ്ഞ ജീവന്‍റെ മനസ്സുകാണുവാന്‍
ഇഴഞ്ഞു നീങ്ങുമീ എന്‍റെ കാലുകള്‍
പിടഞ്ഞെണീക്കണം പറന്നുയരുവാന്‍
എന്‍റെ കൈകളില്‍ ചേര്‍ത്ത പൂവുകള്‍
വാരി നല്കണം സ്നേഹമന്ത്രമായ്

രാത്രി

പട്ടുടയാടയില്‍
കറുത്ത ചായം തേച്ചവള്‍
വന്നെത്തിയിന്നും
നിഴലിനെ തിരയുവാന്‍

അവള്‍വന്നമാത്രയില്‍
ഒളിച്ചകലുന്നിതാ
ഇവനെന്‍റെ നിഴലും
ചിറകടിച്ചകലയായ്

ഒരു മൊഴി

കടലേ പറയുക നിന്നുടെ തിരകളെന്‍
പ്രണയത്തെയാകെ അപഹരിച്ചോ
എന്തിനെന്‍ മൗനവും സ്വപ്നത്തിനീണവും
ഇഴചേര്‍ത്തുനീയങ്ങു കൊണ്ടുപോയി
കരളിലുറയുമാ നൊമ്പരച്ചീളുകള്‍
പാടിപ്പറഞ്ഞു നടന്നിടാനോ?
ഇനിയെന്‍റെ നെറ്റീലെ കുങ്കുമസന്ധ്യയെ
മണിവര്‍ണ്ണചെപ്പിലടച്ചതെന്തേ
കാഴ്ചക്കുകേമമായി ചില്ലിന്‍റെയുള്ളിലായ്
പട്ടുവിരിച്ചങ്ങുറക്കുവാനോ
നിന്‍റെ നിശ്വാസങ്ങള്‍ കരയിലായെത്തുമ്പോള്‍
എന്നില്‍ ലയിക്കുമോ കൂട്ടുകാരി
എന്നിലെ സന്ധ്യകള്‍ ചൂടിക്കും സ്വപ്നങ്ങള്‍
പകരും പ്രകാശമായി മാറിടുവാന്‍
മിന്നാതെ മിന്നുന്ന മിന്നാമിനുങ്ങി നീ
രാത്രിക്കുകാവലായ് എത്തിടുമോ
നിലാവറിയാതെ എഴുതുന്ന വാക്കുകള്‍
പടരാതിരുക്കുമോ ഈയിരുട്ടില്‍
എങ്കിലും കൂട്ടരെ പോകുന്നു ഞാനിന്ന്
ശയ്യയില്‍ സ്വപ്നങ്ങള്‍ നെയ്തുകൂട്ടാന്‍
നാളെ വെളുപ്പിനുണര്‍ന്നെണീക്കുമ്പോള്‍
പാഠമെഴുതി പഠിച്ചുവയ്ക്കാന്‍
പാടവരമ്പിലെ കതിരറ്റ മണിയൊച്ച
എന്നുടെ നെഞ്ചിലായ് ചേര്‍ത്തുവയ്ക്കാന്‍
വിയര്‍പ്പറ്റ വേനലിന്‍ ഒടുവിലാപെണ്ണിന്‍റെ
മിഴിയിറ്റു മഴപോല്‍ പടര്‍ന്നിറങ്ങാന്‍
ഒരു മൊഴികൂടി പതിച്ചുപാടുന്നുഞാന്‍
എന്‍വയലങ്ങു കിളിര്‍ത്തുപൊന്താന്‍

Friday 23 August 2013

ഒരോണംകൂടി

നീ വന്നോ തുമ്പിയെന്‍ മുറ്റത്തെ തുമ്പയില്‍
ഓണനിലാവിന്‍റെ ചന്തംപേറി
തിരുവോണനാളിലാ കോടിയുമായെന്‍റെ
കണ്ണനിങ്ങെത്തുമോ കൂട്ടുകാരി
പൂക്കള്‍ നിറയ്ക്കുവാന്‍ പൂക്കൂടതുന്നണം
കളിത്തോഴിയൊന്നിനെ കൂട്ടവേണം
തുമ്പനിറച്ചൊരാ ചേമ്പിലയൊന്നിലെന്‍
മിഴിയിതള്‍സ്വപ്നവും ചേര്‍ക്കവേണം
അത്തമൊരുക്കണം ചിങ്ങപ്പുലരിയില്‍
നേദ്യത്തിന്‍ അടയുമൊരുക്കവേണം
ആലോലമാട്ടുവാന്‍ ഊഞ്ഞാലുകെട്ടണം
മുറ്റത്തെ മാവിന്‍ ചുവട്ടിലായ്
ഉണ്ണികളെത്തിയന്‍ മനസ്സിന്‍റെ മുറ്റത്ത്
പിച്ചനടന്നേറെ കൊഞ്ചിനില്‍ക്കാന്‍
തെറ്റികള്‍പൂത്ത പഴമനസ്സിന്നുമീ
തേന്‍നുകരുന്നുണ്ടോ നൂല്‍വലിച്ച്
തുളസിത്തറയിലെ തുളസിക്കതിരിനെ
ചൂടിക്കാന്‍ വെള്ളിത്തലമുടിയോ
ഇനിയെന്‍റെ കണ്‍കളില്‍ ഉതിരുന്നസ്വപ്നത്തില്‍
ഓണനിലാവൊളി തന്നുപോകാന്‍
തിരുവോണനാളിലാ കോടിയുമായെന്‍റെ
കണ്ണനിങ്ങെത്തുമോ കൂട്ടുകാരി

എന്നെ അറിയുക

ഞാന്‍ നഗ്നനാണ്
നാണമുള്ളവര്‍ 
എന്നെ കല്ലെറിയട്ടെ

എനിക്കു ഭ്രാന്താണ്
ഭ്രാന്തില്ലാത്തവര്‍ 
എന്നെ നോക്കി അട്ടഹസിക്കട്ടെ

ഞാന്‍ കുരുടനാണ്
കണ്ണുള്ളവര്‍
എന്‍റെ അന്ധതയില്‍
കാഴ്ചയൊരുക്കട്ടെ

ഞാന്‍ ചെകിടനാണ്
കാതറിയുന്നവര്‍
എനിക്കെതിരെ
സംസാരിക്കട്ടെ

ഞാന്‍ മൂകനാണ്
നാവുള്ളവന്‍
എന്നെ പരിഹസിക്കട്ടെ

നഷ്ടപ്പെട്ടുപോയ
എന്‍റെ വിരലുകള്‍ക്കായി
വിരലറിയുന്നവന്‍
മോതിരം ചാര്‍ത്തട്ടെ

എന്‍റെ തളര്‍ന്നകലുകളില്‍
നടവേഗത്തിനായി
കാലുള്ളവന്‍
ചമ്മട്ടി ചേര്‍ക്കട്ടെ

ഞാനിപ്പോഴുമൊരു
കാമുകനാണ്
പ്രണയമില്ലാത്തവന്‍
എന്നെ തുറുങ്കിലടയ്ക്കട്ടെ

മനസ്സ് മറന്ന്
ഉടലറുത്ത്
നിങ്ങള്‍ ഉറഞ്ഞു തുള്ളുക

ആത്മാവറിയുമ്പോള്‍
ജഡമില്ലാത്ത എന്‍റെ
ശൂന്യതയ്ക്ക്
ബലിതര്‍പ്പണം

ഞാന്‍ ആത്മാവാകുന്നു
ആത്മാവറിയാത്തവന്‍
എനിക്കു പടച്ചോറ്
വയ്ക്കട്ടെ

വേണ്ടാത്തവ

ക്ലോസെറ്റിലേക്ക് 
തള്ളിവിടപ്പെട്ട
എന്‍റെ വിസര്‍ജ്യത്തിന്‍റെ 
ദുര്‍ഗന്ധം

അതെന്നെ 
അലോസരപ്പെടുത്തിയില്ല

മൂക്കുപൊത്താനും
ഞാന്‍ മിനക്കെട്ടില്ല

എങ്കിലും
മറ്റൊരാളുടെ വിസര്‍ജ്യം
ഒരോക്കാനത്തിലൂടെ ഞാന്‍
അറിയുകയായിരുന്നു

വേണ്ടാത്തത്
വിസര്‍ജ്യമായി
പുറംതള്ളപ്പെട്ടപ്പോള്‍

ആ പരബ്രഹ്മവും
എന്നെ പുറംതള്ളി
ഒരു ജഡമായി

കൂട്ടിനായി

ഞാനൊരു ജനി
വളഞ്ഞുവച്ച
നാല് അഴിച്ചുമരുകള്‍ക്കുള്ളില്‍
തുറക്കാത്ത വാതിലിന്‍റെ
ശബ്ദവും പേറി
ഞാന്‍ മയങ്ങുന്നു

എനിക്കു ചുറ്റും നാലുപേര്‍
സ്ത്രീയുടെ പര്യായയങ്ങള്‍

കാമുകിയുടെ
പ്രണയനൊമ്പരങ്ങളില്‍
ഭാര്യയായി
ഒടുവില്‍ ഗര്‍ഭപാത്രമൊരുക്കി
ഞാനെന്ന ജനിക്കായി
കാത്തിരിക്കുന്നവള്‍

വളര്‍ന്ന പ്രകൃതിയില്‍
കളിത്തോഴിയായി
സ്നേഹം മൗനത്തിന്‍റെ
വാതായനങ്ങളില്‍
ഒളിപ്പിച്ച രാധയായവള്‍

നിശബ്ദതയുടെ മൂടുപടങ്ങളില്‍
താലികോര്‍ത്ത് വാമഭാഗത്ത്,
എന്നിലൂടെ ബീജം പകര്‍ന്നവള്‍

ഇനിയുമൊണ്ടൊരാള്‍,

എന്നും നിഴലായി
മൗനമായി ദിശയറിയാത്ത
എന്‍റെ പ്രയാണത്തില്‍
എന്നെ കൊണ്ടുപോകാന്‍
വിരല്‍ത്തുമ്പുനീട്ടി
നില്‍ക്കുന്നവള്‍

അഴികള്‍ക്കിടയിലൂടെ
അവര്‍ നീട്ടുന്ന കൈവിരലുകളില്‍
ഏതില്‍ പിടിച്ചാലാണ്
എനിക്കുണരാനാവുക

ആകാശത്തിലെ
കറുത്ത മേഘങ്ങളില്‍
ഞാനാചോദ്യമയച്ചു

എന്‍റെ മനസ്സിലേക്ക്
മഴയായി അവന്‍
പെയ്തിറങ്ങി

കാമുകിയും ഭാര്യയും
മഴസഹിക്കാനാവാതെ
ഇറമ്പിലേക്ക് മാറിനിന്നെന്നെ
വിളിച്ചു

അമ്മയും മരണവും
വിറച്ച വിരലുകള്‍ നീ‌ട്ടി
എന്നെ വിളിച്ചു

ഞാനെന്‍റെ വേച്ച കാലുകളില്‍
എഴുന്നേറ്റുനിന്നു

അപ്പോഴേക്കും അവള്‍
അമ്മയെ തോളിലേറ്റിയിരുന്നു

ഞാനും പോകുന്നു അവള്‍ക്കൊപ്പം
എന്‍റെ അമ്മയ്ക്ക് കൂട്ടായി
മരണത്തിന്‍റെ വിരല്‍തുമ്പു പിടിച്ച്.

Thursday 22 August 2013

ബലൂണ്‍

ഉല്ലാസം
തുടിക്കുന്ന കടല്‍ക്കാറ്റില്‍
കുളിര്‍മയിറ്റിക്കുന്ന 
ഒരു തിരകാത്ത് ഞാനിരുന്നു

സൗഹൃദത്തിന്‍റെ
വേലിയേറ്റങ്ങളില്‍
കാണാതെപോയ
പ്രണയത്തിനായുള്ള 
കാത്തിരിപ്പുപോലെ

ഞാനറിയാതെ എന്നില്‍ നിന്നും
കവര്‍ന്നെടുത്ത പ്രാണന്‍
ദിശാബോധമറിയാതെ
ബലൂണിനുള്ളില്‍
വീര്‍പ്പുമുട്ടി

ഞാന്‍ ഊതിവീര്‍പ്പിച്ച
ബലൂണിനുള്ളില്‍
എന്റെ പ്രാണനാണെന്നറിയാതെ
അവളതിനെ ആകാശത്തേക്ക്
അലക്ഷ്യമായി
തട്ടിപായിച്ച് രസിച്ചു

ഒരു പൊട്ടിത്തെറിയുടെ
കാതടപ്പിക്കുന്ന ശബ്ദം
എപ്പോഴാണുണ്ടാവുകയെന്ന്
എന്‍റെ മനസ്സ് ഭയക്കുന്നുണ്ടായിരുന്നു

തിരകള്‍ ഉപ്പുകാറ്റിലുടെ
ഒരു ചെറുമരവിപ്പ്
അപ്പോഴും
എനിക്കുസമ്മാനിച്ചു.

ഉറക്കം

പ്രണയത്തിന്‍റെ
നേര്‍ത്തനൊമ്പരങ്ങളിലെപ്പൊഴോ
അവളുടെ ഗര്‍ഭച്ചുഴിയില്‍
ഞാന്‍ പിറവിയെടുക്കുകയായിരുന്നു

എന്‍റെ തുടിപ്പുകളിലെ
അവസ്ഥാന്തരങ്ങള്‍
അവളെ അമ്മയാക്കി മാറ്റുകയായിരുന്നു

സ്ത്രീത്വത്തില്‍ നിന്ന്
മാതാവിലേക്കുള്ള പിറവിയെടുപ്പ്

ഞാനെന്നകുഞ്ഞ്
ആദ്യം പിറവിയെടുത്തിരിക്കുന്നു
പിന്നാലെ മാതാവെന്ന
അവകാശപ്പേരിന് അവളും

തുളുമ്പുന്ന മുലകളിലെ
പാലമൃതൂട്ടി അവളതിനെ
ബലംപിടിപ്പിക്കുന്നു

അറിഞ്ഞപേറ്റുനോവുകളില്‍
ചേര്‍ത്തണച്ചകുഞ്ഞായി
അവളുടെ പട്ടടവരെ
ഞാനുറങ്ങുന്നു

ഈ ഉറക്കം
മഹാന്ധകാരത്തിന്‍റെ
നിശബ്ദസാക്ഷിയായി
മായാലോകം
സൃഷ്ടിച്ചുകൊണ്ടേയിരിക്കുന്നു

Monday 19 August 2013

ദാഹം

ചില്ലുകള്‍
തളംകെട്ടിയ കാട്ടരുവി

അതിനിടയില്‍
ഒരു യാത്രയുടെ
തിരുശേഷിപ്പ്

അരുംപാറപോലെ
ഉരുണ്ട കല്ലുകള്‍

ഇനിയൊന്നുകൂടി
അവളെത്തണം

ശകാരംപോലെ
പിറുപിറുത്ത്

പക്ഷേ എനിക്കു ദാഹിക്കുന്നു

ചില്ലുപൊട്ടിച്ച്
ഒന്നൂളിയിട്ടിരുന്നെങ്കില്‍

വഴുവഴുപ്പുകളില്‍
കാല്‍തെന്നാതെ
പളുങ്കിലൂടെ ഒരുയാത്ര

തൊണ്ടയറിഞ്ഞ്
കുളിര്‍മതേടി

പോയ വേഗത്തിലെ
തിരിച്ചുവരവ്

പളുങ്കിലെ മുത്തുകള്‍ ഭേദിച്ച്
ദാഹിച്ച തൊണ്ട
ഒരു ശ്വാസത്തിനായ്
കൊതിച്ചു

ശരവേഗത്തിലേക്ക്
പിന്നെയുമൊരൂളിയിടല്‍
പലയാവര്‍ത്തി

കണ്ണുതുറന്ന്
വായ്തുറന്ന്
കാഴ്ചമങ്ങി

ഭാരമറ്റ ദേഹം
പളുങ്കിലൊരു
ജലശയ്യതീര്‍ത്തു

വിടുവിക്കാത്ത ദാഹം
അപ്പോഴും ബാക്കി

അവള്‍ വരട്ടെ ഒരു ചാറലായി

പ്രണയം

ഒരുനുള്ളു പൂവുഞാന്‍ തേടിനടന്നെന്‍റെ
ചെമ്പകത്തറയിലായ് കാത്തുവയ്ക്കാന്‍
നീ കണ്ടോ തുമ്പപ്പൂ എന്‍റെ മനസ്സിലെ
അത്തക്കളത്തിലായ് ചേര്‍ത്തുവയ്ക്കാന്‍
തെറ്റികള്‍പൂത്തൊരാ താഴ്വാരമല്ലയോ
എന്‍റെ പ്രണയത്തിന്‍ സ്വപ്നലോകം
ചുവന്ന കനികളെന്‍ മോഹത്തിന്‍മുത്തുകള്‍
നല്കും മധുരിമ എത്രയെന്നോ
ഇരുളിലാമിന്നികള്‍ പാറുന്ന കാഴ്ചകള്‍
മരതകമുത്തുകള്‍ തന്നുപോകെ
ചുടുനെടുവീര്‍പ്പിന്‍റെ ഗദ്ഗതംപോലെനീ
മനസ്സിന്‍ കയങ്ങളില്‍ ചേര്‍ന്നിരിക്കേ
ഒരുതുണ്ടുമുല്ലപൂമാലഞാന്‍ കെട്ടട്ടെ
നിന്‍മുടിതുമ്പിലായ് ചേര്‍ത്തുവയ്ക്കാന്‍
അളകങ്ങള്‍ തീര്‍ക്കുമാ മൃദുസ്പര്‍ശമെന്നിലെ
തരളവികാരങ്ങള്‍ കാര്‍ന്നെടുക്കേ
ഇനിനിന്‍റെ ചുംബനചൂടിലെന്‍ ഹൃദയത്തില്‍
ഒരുമോഹമേളങ്ങള്‍ തീര്‍ത്തുവയ്പൂ
ആകാശതുണ്ടിലായ് ഞാന്‍കണ്ടമേഘങ്ങള്‍
പ്രണയത്തിന്‍മഴയായ് പെയ്തിറങ്ങേ
നിന്നുടെ കൈയ്യിലെ സ്നേഹമായ് മാറട്ടെ
എന്നെ പ്രണയിച്ച മരണമേ ഞാന്‍
ഇനിയും ഞാന്‍ നുള്ളണം ഒരുകൂടപൂക്കളെന്‍
ചെമ്പകത്തറയിലായ് കാത്തുവയ്ക്കാന്‍

Sunday 18 August 2013

കാല്‍ചങ്ങല

ഞാന്‍ വലിഞ്ഞു നടന്നു
എന്‍റെ കാലിലൊരു ചങ്ങല

അതിന്‍റെ മറുതല
അതങ്ങ് വിദൂരതയില്‍
കാഴ്ചമങ്ങുന്നു

ഞാനെന്‍റെ കണങ്കാലില്‍
തൊട്ടുനോക്കി
അവിടെ വൃണങ്ങളുണ്ടായിരുന്നില്ല

മനസ്സിലായിരുന്നു
ആ വേദന
മുറിവുകള്‍
അവിടെയായിരുന്നിരിക്കണം

കടലിനും തിരകള്‍ക്കും
എന്നെ സന്തോഷിപ്പിക്കാനായില്ല
അവരും അവരിലെ
നിശ്വാസങ്ങള്‍
എനിക്കുപകരുകയായിരുന്നു

അതിന്‍റെ ശ്വാസഗതികളില്‍
ഒരുപിടിവറ്റെറിഞ്ഞ്
തിരികെ

പിച്ചവച്ച പുരയിടത്തിലെ
കരിയിലകളില്‍ അമര്‍ത്തിചവുട്ടി
വേച്ചുനടക്കുമ്പോള്‍
അറിഞ്ഞിരുന്നില്ല
ഞാന്‍ തേടിവന്ന തെങ്ങും
മണ്ണിലേക്ക് അമ്മയ്ക്കൊപ്പം
അലിഞ്ഞുചേര്‍ന്നിരുന്നെന്ന്

ഇനിയൊരു കാത്തിരിപ്പ്
എന്‍റെ ചുടലയ്ക്കുമുകളില്‍
കാത്തുവയ്ക്കാന്‍
എന്‍റെ കാല്‍ചങ്ങല
നീതന്നെ അഴിച്ചുകൊള്ളുക

നീഎന്നിലെ സന്തത സഹചാരി
ഞാന്‍ ജനിച്ചപ്പോള്‍മുതല്‍
എന്നിലെ ഭയമായി
എന്നിലൊളിഞ്ഞിരിക്കുന്നവന്‍

നീ തന്നെ അഴിച്ചുമാറ്റുക
ഞാന്‍ നിന്നോടൊപ്പം
വരുവാന്‍ തയ്യാറായിരിക്കുന്നു

താക്കോലുകള്‍

എ‍ന്‍റെ കൈയ്യില്‍
ഒരുകൂട്ടം താക്കോലുണ്ടായിരുന്നു

ആ താഴിലെ
താക്കോല്‍ദ്വാരത്തിലൂടെ
പലയാവര്‍ത്തി
പലരീതിയില്‍
ഞാനതുതുറക്കാന്‍ശ്രമിച്ചു

താക്കോല്‍,
കൂട്ടത്തോടെ
ഇളകിമറിയുന്ന ശബ്ദം,
ആ കൂട്ടകരച്ചില്‍
തോറ്റു പിന്മാറലുകളുടേതായിരുന്നോ?

കുറേയേറെ താക്കോലുകള്‍
മുന്‍വിധിയുറപ്പിച്ച്
പണിയപ്പെട്ടവ

എന്‍റെ ശരീരമാകുന്ന
ഈ ചെറിയതാഴ്തുറന്ന്
ഉള്ളില്‍ പ്രവേശിക്കാന്‍

ഓരോ തുറക്കലുകളും
പാഴ്ശ്രമമായി
മനസാകുന്ന താക്കോല്‍ ദ്വാരത്തിലുടെ
വഴുതിമാറുന്നു

ഒടുവില്‍ തളര്‍ന്ന്
താക്കോല്‍ വലിച്ചെറിഞ്ഞ്
ചിന്തയറ്റ്
ആശ നശിക്കുമ്പോള്‍

അഹന്തയകന്ന്
താക്കോലുകള്‍ ഇല്ലാതായി
ഒരു മന്ത്രണം പോലെ
തുറന്ന താഴ്

കടന്നുചെന്ന
പരബ്രഹ്മത്തിലേക്ക്
തിരിഞ്ഞുനോക്കുമ്പോള്‍
ഉടലറിയാതെ
ഞാനില്ലാതാകുന്നു

Saturday 17 August 2013

വിഡ്ഢികള്‍

ഇലകള്‍ക്കടിയിലെ
കടുകുമണിയോളംപോന്ന മുട്ടകള്‍
കറുത്തമുഖമുള്ള
വെളുത്തപുഴുക്കളായി
തളിരിലകളില്‍
ഭൂപടങ്ങള്‍ തീര്‍ത്തു

ഒരു യുഗം കഴിഞ്ഞിരിക്കുന്നു
ഇനി ജീവസമാധിയിലേക്ക്
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ
ശ്വാസഗതിതേടി
ഒരു ഘടികാരവട്ടം

പട്ട് പൊട്ടിച്ച്
കണ്‍തുറന്ന്
ഒന്നു നിവര്‍ന്നപ്പോള്‍
പുതിയലോകവും
പുതിയകാലുകളും
തേന്‍കൊമ്പും
വര്‍ണ്ണമാര്‍ന്നചിറകും

തിളങ്ങുന്ന സൂര്യപ്രഭയില്‍
അച്ചുതണ്ടിനൊപ്പം
ഒരുപറക്കല്‍യുഗം

വസന്തത്തിന്‍റെ
തേന്‍കുടുക്കകളില്‍
വിരുന്നൊരുക്കിയ
സസ്യലലാതികള്‍

ഇനിയൊന്നുമുത്തണം
പറക്കണം,
മധുനുകരണം

ഇനിയൊരു പുലര്‍ച്ചേ
ഉറുമ്പുകള്‍ നീട്ടിയ
ശവഘോഷയാത്രയില്‍
ചിറകറ്റ ജീവിയായി
ഒരു മടക്കം

ഇതിനിടയില്‍
വീണ്ടുമൊരിലക്കടിയില്‍
ഒളിപ്പിച്ചുവച്ച
മുട്ടകള്‍
പുഴുവാകാനുള്ള
കാത്തിരിപ്പ്

ഒടുങ്ങാത്ത മായയില്‍
യുഗങ്ങള്‍ചേര്‍ത്ത നാം
മനുഷ്യര്‍,  വിഡ്ഢികള്‍

Thursday 15 August 2013

ബലികുടീരങ്ങള്‍

പറിച്ചെടുത്ത ചെമ്പരത്തിയില്‍നിന്ന്
ഒരിതള്‍ഞാനെടുക്കുന്നു

അടര്‍ത്തിയെടുത്ത ചങ്കിന്‍റെ
നിറമാണതിന്

അതിലെ വെളുത്തസിരകള്‍
എനിക്കുമുമ്പു മരിച്ച
പൂര്‍വ്വികരുടേതാകും

അവരുടെ രക്തം
വാര്‍ന്നുപോയിട്ടുണ്ടാകണം

അവരീകാട്ടിലൊരു
മരച്ചില്ലയൊടിച്ചത്
അന്ധകാരത്തിനെ
വഴിമാറ്റാനായിരുന്നു

നിറഞ്ഞപുല്‍മേടുകളില്‍
ഉണര്‍ന്നുമുറങ്ങിയുമവര്‍
നക്ഷത്രങ്ങളിലേക്ക് ചേക്കേറി

അസ്ഥിമാടങ്ങള്‍കെട്ടി
ഒരു സംസ്കാരം കുടിയൊഴിയുന്നു.

ഇപ്പോള്‍ അവരുടെ വനങ്ങള്‍
എന്‍റെ പാടവരമ്പുകളായി
എനിക്കുശേഷം വന്നവര്‍
അവിടെ സൗദസീമകള്‍ തീര്‍ത്തു

ബലികുടീരങ്ങള്‍ പണിത്
ഞാനൊരു കല്ലറയിലൊളിച്ചു

Tuesday 13 August 2013

വല

കണക്കുകള്‍ കൂട്ടിയിട്ടല്ല
ഞാനിതു നെയ്തു തുടങ്ങിയത്

എങ്കിലും
എനിക്കുറപ്പുണ്ടായിരുന്നു
ഇതിന്‍റെ നൂലുകള്‍
പലയിടത്തായിഘടിപ്പിക്കാമെന്ന്

ഒടുവില്‍ അവതീര്‍ക്കുന്ന
എതിര്‍രേഖകള്‍
ഒരു കേന്ദ്രബിന്ദു
എനിക്കു നല്കുമെന്നും

ഒന്നില്‍നിന്ന് ഒന്നിലേക്കു
നെയ്തുകൂട്ടുമ്പോള്‍
അവര്‍വിചാരിച്ചുകാണും
ഞാന്‍ തളര്‍ന്നുറങ്ങുമെന്ന്

ഒടുവിലെപ്പോഴോ
കൈകള്‍ ചുരുട്ടിവച്ച്
നെയ്തുകൂട്ടിയതിന്‍റെ നടുവില്‍
ഞാനിരുന്നു, സമാധിപോലെ

എന്‍റെ വലകളെ
പൊട്ടിച്ചെറിയാമെന്നുകരുതി
ഓടിയെത്തിയവര്‍ കുരുങ്ങി

ഇനിയുമെത്രപേര്‍
ഈ കുരുങ്ങലില്‍
ബന്ധിതരാവും

ഇനിയും ഒരുണര്‍ത്തെഴുന്നേല്‍പില്‍
ഞാന്‍ കൂട്ടിവയ്ക്കുന്ന
അഴിയപ്പെടാത്ത
കുരുക്കുകളുടെ
കണക്കുകളില്‍ കുരുങ്ങി
ജീവിതം നശിക്കുന്നവരെത്രപേര്‍

അമ്മ

പൊക്കിള്‍മുറിച്ചെത്തും കുഞ്ഞിനെനോക്കി-
യന്നമ്മകരയുന്നതേതുരാഗം
ചോരിവാതന്നിലാ പാലമൃതൂട്ടുമ്പോള്‍
അമ്മചുരത്തുന്നതേതുരാഗം
നിര്‍ത്താതെ കരയുമ്പോള്‍ ചുംബിച്ചുറക്കുമാ
അമ്മതന്‍വാത്സല്യമേതുരാഗം
പിച്ചനടക്കുമ്പോള്‍കാലിണനോക്കിയാ
അമ്മ നിറയ്ക്കുന്നതേതുരാഗം
കണ്ണില്‍നിറയുന്ന വാത്സല്യപൂമഴ
താനേചുരത്തുന്നതേതുരാഗം
ആദ്യയുരുളയാ കുഞ്ഞുനുനല്കുമ്പോള്‍
അമ്മയറിയുന്നതേതുരാഗം
അദ്യാക്ഷരമായങ്ങമ്മയെ ചേര്‍ക്കുമ്പോള്‍
അമ്മനിനവിലന്നേതുരാഗം
പിന്നെയും നാളുകള്‍ചേര്‍ക്കുന്ന സ്വപ്നങ്ങള്‍
അമ്മയ്ക്കുചേര്‍ക്കുന്നതേതുരാഗം

എങ്കിലുമെന്നിലുറയുന്നകുഞ്ഞിനെ
താരാട്ടുപാടിയവളുറക്കേ
അമ്മതന്‍ വാത്സല്യ ചങ്ങലയ്ക്കുള്ളില്‍ഞാന്‍
ജീവിതച്ചുഴികള്‍ മറന്നിടുന്നു
പ്രായത്തിന്‍തൊങ്ങലില്‍ കാലിടറുന്നൊരാ
അമ്മയ്ക്കുതാങ്ങായുണര്‍ന്നിരിക്കാന്‍
മക്കളാം നമ്മളീ ജീവനത്തന്നെയും
കാല്‍ക്കലായ്ത്തന്നെ ഉഴിഞ്ഞുവയ്ക്കൂ.

മുല ചേദിക്കപ്പെട്ടവള്‍

ഞാന്‍ കാണുമ്പോള്‍
അവള്‍ക്ക് മുലകളുണ്ടായിരുന്നു

അതുപിന്നെ എപ്പോഴാണ്
ചേദിക്കപ്പെട്ടതെന്ന് അറിയില്ല

പകരം ചോദിക്കാന്‍
അവള്‍ക്കൊരു കൂടപ്പിറപ്പോ
പത്തുതലകളോ ഇല്ലായിരുന്നു

അവള്‍ ഒഴുക്കിയ
കണ്ണുനീര് ഇടക്കെവിടെയോ
വറ്റിയിരിക്കുന്നു

അവള്‍ക്കിനിയും മുലകളുണ്ടെന്നും
അതെല്ലാം ചേദിക്കപ്പെടേണ്ടതാണെന്നും
പുതുമൊഴി

വലിച്ചറിഞ്ഞ ഉടയാടകളില്‍
അഭയമിരുന്നവര്‍
വെയില്‍കൊണ്ട്
വിണ്ടുകീറിയിരിക്കുന്നു

ഇനിയെപ്പോഴാണ്
അവളുടെ വിറയലില്‍
മുല ചേദിച്ചവര്‍
നൊന്തുചാകുന്നത്

അറിയില്ല, എങ്കിലും
അവശേഷിച്ചകൊങ്കകളില്‍
പാലമൃതൂട്ടി
കേണുറങ്ങുകയാണ്
ധരിത്രി

മഹാശൂന്യത

പ്രകാശ രേണുക്കള്‍
തണുത്ത ആകാശത്തെ
ചൂടുപിടിപ്പിക്കുമ്പോള്‍
ആഴി, ഹൃദയവാഹിനികള്‍
തുറന്നുകൊടുക്കുന്നു

ആകാശക്കൂടാരങ്ങളുടെ
മിഴിച്ചെപ്പില്‍ പതിയിരുന്നവള്‍
കടലിലേക്ക് ആത്മാഹൂതി നടത്തുന്നു

രക്തമിറ്റിച്ച് കടലാകെ ചുവപ്പാക്കുന്നു

അവളുടെ മരണം
ആദിത്യന്‍റെ കണ്ണുപോലും
മൂടിക്കെട്ടുന്നു

ഇനിയൊരു സന്ധ്യയുടെ
ചിതയൊരുങ്ങും മുമ്പ്
കടലേ നീയീകരയുടെ
ഗര്‍വ് തല്ലിയകറ്റണം

മനസ്സിനെ പരിശോദിച്ച്
ഞാനുമെന്‍റെ വിചാരത്തെ
അറിയട്ടെ

ഗര്‍വറ്റ് ശമിക്കുമ്പോള്‍
ആദി ഈശ്വരനോ
ആത്മാവോ ജ്ഞാനമോ
ആയിരിക്കും

അഹമറിഞ്ഞ്
വെറും ശൂന്യതയില്‍
സന്ധ്യപോലെ കടലിലേക്ക്

പ്രാണനാവാഹിച്ച്
മഹാശൂന്യതയിലേക്ക്

Monday 12 August 2013

കോമാളി

ജനക്കൂട്ടത്തിനിടയിലേക്ക് 
പന്തുപോലെ തെറിച്ചുവീണ 
കോമാളി

അവന്‍ ചിരിപ്പിക്കുകയായിരുന്നു
വീണ്ടും വീണ്ടും

ചിരിപ്പിക്കാനായി
ഓര്‍ത്തെടുക്കുകയായിരുന്നു
തന്‍റെ ഹൃദയത്തിലെ നോവും
പ്രണയവും, എല്ലാം

ടെന്‍റിനു പിറകില്‍
കൂട്ടിലടച്ച മൃഗങ്ങള്‍ക്കൊപ്പം
അവന്‍ കരഞ്ഞപ്പോള്‍
കഴുത ചിരിച്ചു

അടുത്ത ബെല്ലില്‍
അവന് വീണ്ടും പോകണം
മനുഷ്യപീരങ്കിയില്‍
ഉണ്ടയാവാന്‍

ശ്രാദ്ധം

വെന്തമാംസത്തിന്‍റെ ഗന്ധം വമിക്കുന്ന
തെക്കേത്തറയില്‍ ഞാനെത്തി
പട്ടുടുപ്പിച്ചൊരാ കുഞ്ഞുമകനെന്തേ
കണ്ടെടുക്കുന്നതോ എന്‍റെ അസ്തി
പശുവിന്‍റെ മൂത്രവും, പാലും കരിക്കുമായ്
ശുദ്ധീകരിക്കുന്നു എന്‍റെ അസ്ഥി
ഇന്നലെ ഞാനതിന്‍ ദൃഡതയെക്കണ്ടിട്ട്
ഊറ്റമെടുത്തതിനെന്തിനത്രേ
പല്ലും നഖവും മൊഴികളുംകൊണ്ടുഞാന്‍
വിപ്ലവമെന്തിനഴിച്ചുവിട്ടു
എന്നില്‍തുടിച്ചൊരാ പ്രണയത്തിന്‍പുവുകള്‍
അസ്ഥിക്കുമപ്പുറമായിരുന്നോ?
മാംസതുടുപ്പിലുറയും വിയര്‍പ്പിന്‍റെ
ഉപ്പുരസത്തിനെ ഞാനറിവൂ
മജ്ജയും മാംസവും ഇല്ലാത്ത അസ്ഥിയെ
കണ്ടറിയുന്നവരത്രപേരോ
ഇന്നീകൂട്ടത്തിലുണ്ടുഞാനെന്നാലും
കണ്ടറിയുന്നവര്‍ ആരുമില്ല
പിന്നാലെകൂടിനടന്നുകറങ്ങിയ
നിഴലിന്‍റെ ചിത്രവും കാണ്മതില്ല
എങ്കിലുമെന്‍റെയീചിന്തയ്ക്കുമീതെയീ
തെങ്ങിന്റെ തൈയ്യും കുഴിച്ചുവച്ചു
ഇനിയുള്ള സദ്യതന്‍ ചിരികള്‍ക്കുമേലെഞാന്‍
ശ്രാദ്ധവുമുണ്ടു മടങ്ങവേണം

സ്വാതന്ത്ര്യം

ഞാന്‍ ജനിച്ചപ്പോള്‍ അമ്മാമ്മ എന്നെ
തുണിയില്‍ പൊതിഞ്ഞ്
അമ്മയുടെ അരികില്‍ക്കിടത്തി

മുലകുടിപ്പിച്ചപ്പോള്‍ അവരുടെ
ഇഷ്ടത്തിനായിരുന്നു എന്നെ എടുത്തിരുന്നത്

പിന്നെ കാണുന്നതൊക്കെ വായിലാക്കാന്‍
ഞാന്‍ ശ്രമിച്ചപ്പോള്‍ അമ്മ വിലക്കി

കണ്ടെടുത്ത മണികള്‍
പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു

അന്നുമുതല്‍ നിയന്ത്രണങ്ങളായിരുന്നു
മണ്ണില്‍ കളിക്കരുത് തല്ലുകൂടരുത്
റോഡു വശം ചേര്‍ന്നു നടക്കണം
ഇന്ന വസ്ത്രങ്ങള്‍ ധരിക്കണം

ഞാനുമത് ശീലിച്ചു
ചട്ടങ്ങളുടെ നിഴല്‍ ബന്ധനങ്ങള്‍

പൗരനായി വളര്‍ന്നപ്പോള്‍
പുതിയനിയമങ്ങള്‍, ശാസനകള്‍

വിവാഹത്തിന്
കളങ്ങളിലെ അക്ഷരക്കൂട്ടിലെ ബന്ധനം

പ്രണയം
അവിടെയും പരസ്പര ബന്ധനം

ഇന്ന് സ്വാതന്ത്ര്യദിനമാണ്
മകനെ ചാച്ചാജിയെപ്പോലെ
വസ്ത്രങ്ങള്‍ അണിയിക്കുമ്പോള്‍
അവന്‍റെ അസഹ്യത ഞാനറിഞ്ഞു

ഞാന്‍ മകനെ ഉപദേശിച്ചു
റോഡില്‍ പദയാത്രക്കുപോകുമ്പോ
അരുകുചേര്‍ന്ന്
പതാക ഉയര്‍ത്തിപ്പിടിച്ചുപോകണം

അവന്‍ നടക്കുന്നതിലെ സ്വാതന്ത്യം പോലും
ഞാന്‍ ശീലിച്ച വഴികളിലൂടെ
കവര്‍ന്നെടുക്കുകയായിരുന്നു

Sunday 11 August 2013

വസ്ത്രം

ഇഴഞ്ഞകാല്‍മുട്ടുള്‍ക്കുമീതെ
തെറുത്തുവച്ചൊരെന്‍ കൗപീനം

ഒരുപാട് മൂത്രതുള്ളികള്‍കൊണ്ട്
നനഞ്ഞുതുടങ്ങിയിരുന്നു

നടന്നുടുടങ്ങുമ്പോള്‍ തോര്‍ത്ത്
അതില്‍ മണ്ണും ചെളിയും
പുക്കളുടെ ചാറും
പലനിറങ്ങളില്‍
അരണ്ട അടയാളങ്ങള്‍

എഴുത്തുശാലയിലേക്ക്
ഒടിവുമാറാത്ത നിറങ്ങള്‍
പുസ്തകസ്ഞ്ചികള്‍

ഈ വസ്ത്രങ്ങളില്‍
ഞാന്‍ ചേര്‍ത്തുവച്ചകറകളില്‍
അന്നഴുക്കില്ലായിരുന്നു

ഇന്നും ഞാന്‍ ധരിക്കുന്നത്
വെളുത്ത വസ്ത്രങ്ങളാണ്
പക്ഷേ അതിനുള്ളിലെ കറകള്‍
ഞാന്‍ മറ്റാരും കാണാതെ
കാത്തു സൂക്ഷിക്കുന്നു

തേച്ചുമിനുക്കിയ
വസ്ത്രക്കൂടിനുള്ളിലിരുന്ന്
എന്നിലെ അഴുക്കറിയാതെ
തെരുവിലലയുന്ന
കറുത്ത വസ്ത്രങ്ങള്‍ക്കുള്ളിലെ
അഴുക്കില്ലാത്ത ഭ്രാന്തനെ
ചീത്തപറയുന്നു.

മുഖങ്ങള്‍

ഒരു മുഖം
അതിന്‍റെ കാഴ്ചക്കുമുമ്പില്‍
വേറെചില മുഖങ്ങള്‍

അതില്‍ ഏതൊന്നിനും
മറ്റൊന്നിന്‍റേതായ ഭാവമില്ല

അവയിലൊന്ന്
രാജാവിന്‍റെ തലപ്പാവുകെട്ടി
മറ്റൊരാള്‍ മന്ത്രിയുടേയും
ഒപ്പം സൈന്യാധിപന്‍മാരുടേതായി
മറ്റുചിലരും

ഉപദേഷ്ടാക്കള്‍ വേറെ
കോടതികളും, ആരാച്ചാരും
ഇനിവേണ്ടത്
ഭരിക്കപ്പെടേണ്ടവര്‍

ആ മുഖങ്ങളാണ് ഏറെയും
അന്നം കഴിക്കുന്നവയും
കഴിക്കാത്തവയും
സ്ഥലനാമങ്ങളിലും
വര്‍ഗ്ഗനാമങ്ങളിലും
ഒറ്റപ്പെടുന്നവര്‍

അവരിലൊരാള്‍
എപ്പോഴെങ്കിലും
ഭരിക്കുന്നവന്‍റെ മുഖമണിഞ്ഞാല്‍
അവനും രാജാവാകുന്നു
അകമ്പടിക്കാരുടെ ഇടയില്‍
ദേശവും കുടിലും
അവന് അന്യമാകുന്നു

മുഖങ്ങള്‍ ലിംഗഭേദത്തിന്‍റെ
വാഗ്ശരങ്ങളില്‍ വശഗതരായി
തെരുവില്‍ കോര്‍‍ക്കുന്നു

അവര്‍ക്ക് തെമ്മാടിക്കുഴികളും
രക്തസാക്ഷിമണ്ഡപങ്ങളും ഒരുങ്ങുന്നു

ഭൂമി ഇതൊന്നുമറിയാതെ
ഈ മുഖങ്ങള്‍ക്കായി
ദാഹജലവും പ്രാണനും
ആഹാരവും ഒരുക്കുന്നു

എങ്കിലും അവളും
ചിലപ്പോള്‍ സഹികെട്ട്
പ്രളയവും മാരിയും
ഭൂകമ്പവും, കൊടുങ്കാറ്റും
വിതച്ച് മുഖങ്ങളെ
തൂത്തെറിയുന്നു

മറഞ്ഞുപോയമുഖങ്ങളുടെ
പൊയ്ക്കാലുകളുമായി
പുതിയമുഖങ്ങള്‍
ഇഴഞ്ഞു നീങ്ങുന്നു

സുര്യന്‍ തന്‍റെ
തോഴിയാം ഭൂമിയില്‍
ഇരുട്ടാകും ദുഃഖത്തെ തേടുന്നു

ഇതുവരേയും അവന്‍ കണ്ടതില്ല
അവളുടെ ശരീരത്തിലെ
കറുത്ത ഇരുട്ടിനെ.

സാക്ഷി

ഞാന്‍ വിട്ടപ്പട്ടത്തിന്‍ നൂലുപൊട്ടിച്ചതോ
എന്‍കോപമറിയുന്ന ഏകസാക്ഷി
പത്രത്തിന്‍താളിലായ് ഞാന്‍‍തീര്‍ത്തപട്ടമാ
പൊയ്മുഖത്താളത്തില്‍ പൊന്തിനില്‍ക്കേ
മഞ്ഞപതക്കങ്ങള്‍ വര്‍ണ്ണകടലാസില്‍
തുണ്ടു തുണ്ടായങ്ങു കൂട്ടിച്ചേര്‍ക്കേ
പട്ടത്തിന്‍വാലുകള്‍ ഊഴിയില്‍ നിന്നുമാ
ചേതോഹരമാകും കാഴ്ചയായി
എന്നുടെ പട്ടത്തെ കാര്‍മേഘചീളുകള്‍
ആലോലം താരാട്ടു പാടിനിര്‍ത്തേ
അവനുടെ കണ്ണുകള്‍ ഊഴിയിലുള്ളൊരാ
പൊയ്മുഖ കാഴ്ചകള്‍ കണ്ടടുത്തു
ഏറെത്തിരക്കിട്ട നഗരത്തിന്‍ പുതുമകള്‍
കണ്ണിലായ് തന്നവന്‍ ചേര്‍ത്തുവയ്ക്കേ
അറിയുന്നു ഭൂമിതന്‍ ചിറകിലെ ഭാരത്തെ
അറിയാത്തവരുടെ കൂട്ടം തന്നില്‍
പ്രണയവും വിരഹവും തീര്‍ക്കുന്ന മാനുഷര്‍
കരളില്ലാ പൊയ്മുഖമാടിടുന്നു
അമ്മകിനിഞ്ഞൊരാ അമ്മിഞ്ഞപാലിനെ
തെരുവിലായ്തന്നെ ചതച്ചിടുന്നു
കൂടപ്പിറപ്പിന്‍റെ ഉടുതുണി വില്‍ക്കുന്നു
നാളത്തെ പൗരനായ് മാറിടുന്നു
കണ്ണുകള്‍ കാണാത്ത ചില്ലുകൊട്ടാരങ്ങള്‍
ബന്ധത്തെ പാടെ മുറിച്ചിടുന്നു
രാഷ്ട്രീയ കോമരകക്ഷികള്‍ തീര്‍ക്കുന്ന
ചങ്ങലക്കൂട്ടിലാണെന്‍റെ മൗനം
തെരുവിലുപേക്ഷിച്ച കുഞ്ഞുങ്ങള്‍കുപ്പയില്‍
വറ്റുകള്‍ തേടി അലഞ്ഞിടുന്നു
എന്തെന്തു കാഴ്ചകള്‍ കണ്ടതാണെന്‍പട്ടം
പൊട്ടും ചരടിന്‍റെ തുമ്പിലായി
പൊട്ടിയ ചരടിന്‍റെ തുമ്പിലെന്‍ കണ്ണുകള്‍
കാഴ്ചതന്‍ സാക്ഷിക്കായ് കാത്തിരുപ്പൂ
ഇന്നും കാഴ്ചതന്‍ സാക്ഷിക്കായ് കാത്തിരിപ്പൂ.


Friday 9 August 2013

ഗര്‍ഭത്തില്‍

അണിവയര്‍തൊട്ടയീ 
കൈവിരല്‍ 
മുത്തുമ്പോള്‍
പ്രണയത്തെപുണ്ടവള്‍ 
മധുരമായി

ഇന്നിതാ 
നിന്മണിതിങ്കളെന്‍ 
വയറിലായ്
മെല്ലെക്കിടക്കുന്നു 
ചാഞ്ഞുറങ്ങി

തൊട്ടറിഞ്ഞീടുക 
പുതിയപ്രഭാതത്തെ
എന്‍നാഭിചുണ്ടിലായ് 
കാതുവച്ച്

ഉള്ളില്‍തുടിക്കും 
പ്രണയത്തിന്‍ മുത്തിനെ
ചുംബിച്ചുണര്‍ത്തുവാന്‍
വന്നുചേരൂ

നെറുകയില്‍ ഇറ്റിച്ചാ 
കണ്ണുനീര്‍ത്തുള്ളിയാല്‍
ഹൃദയത്തിലോര്‍മതന്‍ 
താഴ്തുറക്കൂ

മുകുളമായ് പൊന്തട്ടെ 
ഇന്നവന്‍ പിന്നെയീ
നാടിന്‍ തണലായ്
വളര്‍ന്നിടട്ടേ

അവനുടെ ചില്ലയില്‍
കിളികളും, പാട്ടുമായ്
ഉല്ലാസമോടെ കഴിഞ്ഞിടട്ടേ

നിന്‍റെ ഉദയത്തില്‍
കോള്‍മയിര്‍ക്കൊള്ളുമ്പോള്‍
ഭൂമിയാം അമ്മഞാന്‍
കുളിരണിയും

Thursday 8 August 2013

ആത്മസാക്ഷാത്കാരം

നിന്നെത്തിരക്കിഞാന്‍ പായുന്ന പാച്ചിലില്‍
കണ്ടതേയില്ലെന്‍ മനസ്സിനുള്ളില്‍
വാരിനിറയ്ക്കും വിചാരങ്ങള്‍ കൂട്ടിയീ
പിടപിടയ്ക്കുന്ന മനസ്സുകണ്ടു
നാമജപത്തിന്‍റെ നിര്‍വൃതിപൂണ്ടുഞാന്‍
അവനുടെചാഞ്ചല്യം നിര്‍ത്തിവച്ചു
ഇക്കാണും ദേഹമിന്നില്ലായിരുന്നെങ്കില്‍
ലോകമിനിക്കിന്നുമന്യംതന്നെ
ഞാനിന്നതില്ലെങ്കില്‍ ഭൂമിയിലിനിയെന്തു
മാറ്റമെനിക്കിതു മായതന്നെ
അപ്പഴുമീചിന്ത എന്നിലുദിക്കുന്നു
ഞാനെന്ന സത്യത്തിനുള്‍വിളികള്‍
മരണം വിതയ്ക്കുന്ന ചോദ്യത്തിനുത്തരം
കാത്തുസൂക്ഷിക്കുന്ന ക്ഷേത്രംതന്നെ
അത്മാവിനുള്ളിലായ് ചേര്‍ന്നുനിന്നെങ്കിലേ
മനസ്സിന്‍ വിചാരങ്ങള്‍ മായതുള്ളൂ
ഹൃദയത്തിനുള്ളിലെ ചൈതന്യരേണുക്കള്‍
വിജ്രംഭിച്ചിങ്ങു തിരിച്ചുപൂകെ
വിചാരമറ്റയീ ആത്മസ്വരൂപത്തെ
കാണുന്നു ഞാനെന്നിലുള്ളിലായി
അറിയുന്നു ഞാനുമീ ലോകവുമൊന്നെന്ന്
സ്ഥലകാലചിന്തയ്ക്കതീതനായി
ശുന്യതയിങ്കല്‍ ലയിക്കുന്നു സത്യമാം
ശൂന്യനായ് തന്നെ പരിലസിപ്പൂ

മഴയുടെ സ്വരൂപത്തോട്

പഴയതന്ത്രിയില്‍ അലിയുമാമേഘം
പിടഞ്ഞിറങ്ങുമീ മലകള്‍ക്കുമേലേ
ഒഴുകി നീന്തുക നീയീ ധമനിയില്‍
പിടഞ്ഞമണ്‍കൂന മുലകള്‍ക്കുതാഴെ
വരികനിറയ്ക്കനീ ദാഹക്കുടങ്ങളെ
പോറ്റിവളര്‍ത്തനീ മണ്ണിന്‍ മരങ്ങളെ
അരിയനാഭിതന്‍ രോമരാജിക്കുതാഴെ
ചേര്‍ത്തുവയ്ക്കുനീ ഭ്രൂണങ്ങളേറെ
വിത്തിലിരിക്കും കിടാങ്ങള്‍ക്കുമേലെ
സ്വച്ഛശാന്തമായി ഒഴുകിനീ പോക
പ്രണയപുളകമായ് ഒഴുകുമീ തേങ്ങല്‍
വരണ്ടഭൂമിക്കു ഹൃദയമായ്തീരെ
പറന്ന പക്ഷികള്‍ പാടുന്നകാട്ടില്‍
നനുത്ത ചാറ്റലായ് എത്തുനീ വേഗം

മനമറിയുന്നനീ പൊരുളറിഞ്ഞീടുക
കാഴ്ചമങ്ങി മറയുന്ന പ്രണയം
എടുത്തൊഴിക്കല്ലേ നിന്‍റെയീ സ്നേഹം
തച്ചുടയ്ക്കല്ലാ ജീവന്‍റെ തേങ്ങല്‍
പേര്‍ത്തുവയ്ക്കുമീ മരങ്ങള്‍ക്കുകീഴേ
ആര്‍ത്തലയ്ക്കല്ലെനീ ഹൃദയം വെടിഞ്ഞ്
നൊന്തുപോകുന്നു വ്രണിതരാം മക്കള്‍
കെട്ടുപോകുന്നു അവര്‍തീര്‍ത്ത തിരികള്‍
ഒഴുകിയെത്തുകവീണ്ടുമീ മണ്ണില്‍
പുളകഹര്‍ഷമായ് കാറ്റിന്‍റെ കൂട്ടായ്

Tuesday 6 August 2013

ഏതേതുദുഃഖം

ഏതേതുദുഃഖമിന്നേതേതുദുഃഖം
പാരില്‍ ജ്വലിപ്പതിന്നേതേതു ദുഃഖം
അമ്മിഞ്ഞപ്പാലിനായ് കേഴുന്നകുഞ്ഞോ
താതന്‍റെ ശാസന ഏല്‍ക്കുന്ന കുഞ്ഞോ
പെറ്റവയറങ്ങുദൂരത്തെറിയും
തൊട്ടിലുകാണാതെ കേഴുന്ന കുഞ്ഞോ
പത്തുമാസത്തിന്‍റെ ഗര്‍ഭം ചുമന്ന്
ചാപിള്ളവീഴ്ത്തുന്ന അമ്മ മനസ്സോ
അച്ഛന്‍ തുണയില്ലാ പേറുന്ന ജന്മം
ഇട്ടേച്ചുപോകുമാ ജീവിതപാത
പിന്നെ കരകേറ്റും നാളിന്‍റെ ദുഃഖം
കൂട്ടിവയ്ക്കുന്നിതാ നോവിന്‍റെ പാത
മദ്യച്ചുഴിയിലെ തേങ്ങലാം നോവില്‍
കാടത്തക്കൂട്ടിലായ് കീറിവലിക്കും
വെന്തുരുകുന്നൊരാ പെണ്ണിന്‍റെ ജന്മം
സംഗങ്ങള്‍ തീര്‍ക്കുമാ ഉടലിന്‍റെ ദുഃഖം
അട്ടയിഴയുമാ ഉടലില്‍ വെറുപ്പിന്‍
തള്ളിയകറ്റാത്ത പെണ്ണിന്‍ ദുരിതം
വഴിയില്‍ പിടയുന്ന നോവിന്‍റെ ചിഹ്നം
അഭയാര്‍ത്ഥിയായവര്‍ തിന്നു രസിപ്പൂ
പിച്ചയെടുക്കുന്ന കുഞ്ഞിന്‍റെ ദുഃഖം
തെരുവിലഴുക്കിലെരിഞ്ഞങ്ങു തീരേ
കുപ്പകള്‍ കൂട്ടുന്ന കുഞ്ഞിക്കിടാങ്ങള്‍
അടിപിടികൂടുമാ പട്ടിക്കിടാങ്ങള്‍
ഉണ്ടവയറിന്നുറങ്ങാത്ത ദുഃഖം
വെറ്റിലചെല്ലം എടുക്കാത്തദുഃഖം
പുടവയഴിയുന്ന പെണ്ണിന്‍റെ ദുഃഖം
വയറിനകത്തുള്ള കരുവിന്‍റെ തേങ്ങല്‍
മക്കള്‍ മറക്കുമാ വൃദ്ധമനസ്സില്‍
മിന്നിമറയുമാ ജന്മത്തിന്‍ നോവില്‍
കാക്കയ്ക്കുനല്കുന്ന തര്‍പ്പണസ്നേഹം
കാത്തുമരിക്കുന്നു വാത്സല്യചോറാല്‍
ആത്മാവുറങ്ങുമീ രൂപത്തിനുള്ളില്‍
കണ്ടറിയുന്നുനാം നമ്മളത്തന്നെ
ഏതേതുദുഃഖമിന്നേതേതുദുഃഖം
പാരില്‍ ജ്വലിപ്പതിന്നേതേതു ദുഃഖം
തള്ളിയുരുട്ടുന്നു പാറകള്‍ മോളില്‍
പൊട്ടിച്ചിരിക്കുവാന്‍ വേണ്ടിയാണെന്നും
എന്നുടെ ജന്മത്തിലെന്തെന്തു ദുഃഖം
കാണുന്ന കാഴ്ചകളെല്ലാമേ ദുഃഖം
എങ്കിലും ഞാനിന്നു പൊട്ടിച്ചിരിപ്പൂ
ദുരയെന്നകൊമ്പിന്‍റെ അഗ്രത്തില്‍നിന്ന്
എങ്കിലും ഞാനിന്നു പൊട്ടിച്ചിരിപ്പൂ
ദുരയെന്നകൊമ്പിന്‍റെ അഗ്രത്തില്‍നിന്ന്

വാവുബലി

കടലിലൊരുവറ്റുവീഴുന്നതുംകാത്ത്
ഞങ്ങളീയാഴത്തിലുറയുന്നുമക്കളേ
വരിക നിങ്ങളീ തിരചേര്‍ത്ത മണലിലായ്
പുവുക പുവുകള്‍ ദര്‍ഭവിരലുകള്‍
ആടിമാസത്തിന്‍റെ കിഴിവിലായ് തന്നെയോ
നീതീര്‍ത്ത സമ്പത്തിന്‍ വിത്തെറിഞ്ഞീടുക

അന്നുമാ മഴയുള്ള രാവിലെ ചിതയിലും
കനലുകള്‍കത്തുന്ന നെഞ്ചിലെചൂടിലും
മടിയിലായ് സൂക്ഷിച്ച ചില്വാനം നല്കുവാന്‍
ഞാനെന്‍റെ മക്കളെ തിരയുന്നതോര്‍ത്തുഞാന്‍
ഒരുനോക്കുകാണുവാന്‍ നിന്നിലെ ബിംബമായ്
നീ തീര്‍ത്തപൈതലും ഒന്നു കണ്ടില്ലഞാന്‍

പ്രമേഹമിതളിട്ട കാലിലെ നൊമ്പരം
നിന്നടുത്തെത്തുവാന്‍ കണ്ടു തടസമായ്
എങ്കിലും നിന്‍റെകിനാവുകള്‍ തളിരിട്ടമണ്ണിലെ
കുഞ്ഞുപൂമ്പാറ്റയെ സൂഷിപ്പുമിന്നുഞാന്‍

എത്തുമീ മകനാചിതയില്‍ കനല്‍ചേര്‍ക്കാന്‍
എന്നുള്ള ചിന്തയൊരു പാഴ്മൊഴി
വെള്ളതൂവാലയില്‍ മുഖംപൊത്തും ചടുലത
കണ്ണീരില്ലാ മുഷിപ്പിന്‍ വിയര്‍പ്പകറ്റീടുന്നു

ഇന്നെത്തും നീയീ കടലിന്‍ തിരകളില്‍ തീര്‍ച്ച
അറിയുന്നുഞാന്‍ നിന്‍ മനോകാമന
അരിയെറിയണം ഭസ്മക്കൂട്ടുകള്‍ ചേര്‍ത്തുപിന്നെ
പെട്ടെന്നു തീര്‍ത്തു പറക്കണം വിനോദത്തിനായ്
കാത്തിരിക്കുന്നു നിന്നെ ചുരുങ്ങും ദിനങ്ങളില്‍
അവധിയാത്രകള്‍, വിനോദസഞ്ചാരവിരുന്നുവേദികള്‍

Sunday 4 August 2013

സമസ്യ

ഞാന്‍ ജനിച്ചുവോ
അറിയുകനീയതിനുത്തരം
പിന്നെകരയാം മരണമതെത്തുംവരെ

പുരുഷശ്രുതിചേര്‍ന്ന മായതന്‍
രൂപമെടുത്താ പ്രപഞ്ചമുയിര്‍കൊള്ളവേ
ഉറക്കമല്ലേയീ ജനനവും മരണവും
ഞാനറിയുന്നുസാക്ഷീ

ആനന്ദവിജ്ഞാനാത്മാക്കളെ അറിവതു
നാമെഥാ ഉറക്ക-മുണര്‍ച്ചയില്‍

എങ്കിലും ഭയമതേതേതുകാരണം എന്നില്‍
ഈ ദേഹചിന്തയോ പരമുണര്‍ച്ചയില്‍

വിശക്കുന്നു വയറെനിക്ക്
ഭേദചിന്തവെടിഞ്ഞുനാം കൂപ്പട്ടെ
കരങ്ങളീഅഷ്ടിഗോത്രത്തിനെ

കര്‍മ്മംചെയ്യുന്നനാം തേടുമാഫലസിദ്ധി
നാനാത്വമുണര്‍ത്തും ഏകത്വമായ് ഭവിക്കുകില്‍
സമത്വമുയിര്‍കൊണ്ട് ഞാനായ് ഭവിക്കുമോ?

കാഴ്ചനഷ്ടപ്പെട്ട ജഡമേ കരിയുക
കനല്‍ക്കട്ടതീണ്ടിയുരുകുക
കാലടിക്കില്ലനീ, കൈകളുയര്‍ത്തില്ല
സത്യമുയുര്‍കൊണ്ട മായതന്‍ പ്രഹേളിക.

നിനക്കു വിടചൊല്ലുവര്‍, വരുന്നുപിന്നാലെ
ഒരുയിര്‍ പറക്കമുറ്റിയെത്തുംവരെ

ഋതുക്കളേ നീയും മായയായ് വര്‍ഷിക്ക
ഈ സമസ്യ പൂര്‍ത്തീകരിച്ചീടുവാന്‍

-----ഗിരീഷ് വി.എസ്.നായര്‍

ഒരു തിരുത്ത്

അറിയാതെ മനസ്സിലായെത്തുന്ന
പഴയമുറിപ്പാടുകളില്‍
ഞാനെന്‍റെ ദൗത്യം
മറന്നുതുടങ്ങിയിരിക്കുന്നു.

വരണ്ട പാടവരമ്പുകളില്‍
കൂനിക്കൂടിയിരിക്കുന്ന കൊറ്റി
ഇനിയൊരുമഴക്കാലത്തിന്‍റെ
ഈടുവയ്പ്പുകള്‍ തേടുന്നു

ചളിപറ്റിയകാലുകള്‍
തേച്ചുമിനുക്കുമ്പോള്‍
എന്‍റെ അധികാരത്തിന്‍റെ
കസേരക്കാലുകള്‍
കുമ്പസരിക്കാതെ
നിറമറ്റ് നിണമുരുക്കി
കറചേര്‍ത്തിരിക്കുന്നു

വറ്റുകള്‍ അകന്നുപോയ
പിച്ചപാത്രങ്ങളില്‍
ദുരകയറിയ നാട്
ദുരന്തങ്ങള്‍ സമ്മാനിക്കുന്നു

കാല്‍ത്തളകളിലെ ബാല്യം
നൊമ്പരംപേറുന്ന
മാംസപിണ്ഡങ്ങളാകുന്നു

വഴിയോരങ്ങളിലെ
നിശകള്‍ രുധിരമുണങ്ങുന്ന
കാല്‍പാടുകളില്‍
ഊളിയിട്ടുഴലുന്നു

കാടുകളിലെ പക്ഷികള്‍
ചലനമറ്റ് നിശബ്ദരാകുന്നു

വെടിയൊച്ചകള്‍
അകത്തളങ്ങളിലെ
കുഞ്ഞുസല്ലാപങ്ങളില്‍
വിരുന്നിനെത്തുന്നു

ഇനി ഒരു പാടം
അതില്‍ ഏതു വിത്താണ്
ഞാന്‍ പാകേണ്ടത്

നിറഭേദങ്ങളില്ലാത്ത
രാഷ്ട്രസങ്കല്പങ്ങളില്‍
ഞാന്‍ അളന്നു ചേര്‍ക്കേണ്ടത്
ഏതു കൊടിയുടെ നിറമാണ്

ഒളിയമ്പുകൊണ്ട്
ഞാന്‍ കൊല്ലേണ്ടത്
ഏതുപഷക്കാരനെയാണ്

അവന്‍ അണിഞ്ഞിരിക്കുന്ന മാല
എന്‍റെ കണ്ണിന്‍റെ കാഴ്ച തടയുന്നു
അല്ലെങ്കില്‍ പേര്‍ത്തും
ഒന്നെയ്യാമായിരുന്നു

ആവനാഴികളില്‍
ഞാന്‍കൂട്ടിയ ആയുധങ്ങള്‍
ആരെ സംരക്ഷിക്കാനാണ്

എന്‍റെ കരിഞ്ഞമുഖത്തിനെ
മറയ്ക്കാന്‍ പണിതെടുത്ത
മുഖം മൂടികളില്‍
ദ്രംഷ്ടകള്‍ വളര്‍ന്നുവന്നിരിക്കുന്നു

ഞാനിപ്പോള്‍
ഏറെ നിസ്സഹായനായി
എന്‍റെ സത്വബോദം നശിച്ച്
എന്‍റെ ശക്തിയെത്തന്നെ
കാട്ടിലുപേക്ഷിക്കേണ്ടിവന്നിരിക്കുന്നു

വിരലുകളില്‍ ഞാന്‍കൂട്ടിവച്ച
നഖങ്ങള്‍ അലങ്കാരമായിരിക്കുന്നു

ഇനി ഞാന്‍ മുറിച്ചുമാറ്റിയ
മരങ്ങള്‍ എനിക്കൊരു
ഊന്നുവടിയെങ്കിലും
സമ്മാനിച്ചിരുന്നുവെങ്കില്‍

ഞാനകത്തിയ കാര്‍മേഘങ്ങള്‍
എനിക്കായി ഒരു കുളിര്‍മഴ
എന്‍റെ ചിതയ്ക്കുമുമ്പ്
സമ്മാനിച്ചിരുന്നുവെങ്കില്‍

അഴിച്ചുവിട്ട അശ്വങ്ങള്‍
തിരച്ചുവരാതിരിക്കട്ടെ
എനിക്കിനിവയ്യ
അവയെക്കാന്നിനി
തീയിലേക്കെറിയാന്‍

പകരം കനലിലേക്ക്
ഞാനുരുകാം
മിഴിയടക്കാതെ
പഞ്ചഭൂതമായി
പര്യവസാനിക്കാം

ഒരു പ്രണയമുഖം

നിഴല്‍വീണ തറയിലാ പടിയിറമ്പുംചാരി
ഒരു നോവുപേറിഞാനുണര്‍ന്നിരിക്കേ
തൊടിയിലെ മാമ്പൂചെറുമണം കരളിലായ്
അലിയിച്ചുപോയെന്‍റെ പ്രണയദുഃഖം
മിഴിവാതില്‍തുമ്പിലെ ഓര്‍മകള്‍മൊട്ടിട്ട
കഥകളെ ഞാനിന്നു പങ്കുവയ്ക്കാം
പാദസരങ്ങളില്‍ നിസ്വനം ചേര്‍ത്തുഞാന്‍
പാടവരമ്പത്തൂടോടിയെത്തേ
ചെറുചിരിചുണ്ടിലൊളിപ്പിച്ചുനിന്നൊരാ
പൊടിമീശക്കാരനെ കണ്ടുഞാനും
എന്നിലെപ്രേമം പതിച്ചെടുത്തന്നവന്‍
നെഞ്ചിലെക്കൂട്ടില്‍ ഒളിച്ചുവച്ചു
കടലാസ്സുതുണ്ടുകള്‍ കോറി പകര്‍ന്നവന്‍
എന്നിലെ പ്രണയത്തെ പുല്‍കിയേറെ
എങ്കിലുമവനുടെ ഉള്ളിന്‍റയുള്ളിലായ്
പാര്‍ട്ടികൊടികളുയര്‍ന്നിരുന്നു
വിപ്ലവചിന്തകള്‍ പേറും മനസ്സിലായ്
പ്രണയത്തിന്‍ചിന്തു പതുങ്ങിനിന്നു
തന്നില്‍ജ്വലിക്കും കൊടികള്‍ക്കുപിന്നിലാ
വെറിപൂണ്ടകണ്ണവന്‍ കണ്ടതില്ല
വാള്‍മുനത്തുമ്പിലുതിരും രണത്തിന്‍റെ
നോവുകള് പാറുന്ന മണ്ഡപത്തില്‍
അവനും മയങ്ങുന്നൊരുരക്തസാക്ഷിയായ്
പ്രണയത്തിന്‍ നോവു പകുത്തുവയ്ക്കേ
കാലില്‍കിലുങ്ങും കൊലുസിനെ ഇന്നുഞാന്‍
പണിതീര്‍ത്തുചങ്ങലയാക്കിടുന്നു
പതറും മനസ്സിനെ ബലിയിട്ടുനല്‍കുവാന്‍
ഭ്രാന്തിന്‍റെ ചങ്ങല പേറിടുന്നു
ഞാന്‍ ഭ്രാന്തിന്‍റെ ചങ്ങല വാങ്ങിടുന്നു

Friday 2 August 2013

നഖക്ഷതങ്ങള്‍

ഒടുവിലെന്‍ ഹൃദയത്തിലലിയിച്ച സ്നേഹമെന്‍
സ്വപന്ങ്ങളായങ്ങു കരുതിവയ്ക്കേ
ഈ ഇടനാഴിതന്‍ പ്രിയമുള്ള കാലൊച്ച
അകന്നുപോകുന്നിതാ മനസ്സിനുള്ളില്‍

കുപ്പിവളകള്‍കിലുങ്ങുന്ന കൈകളില്‍ ഞാനെന്‍റെ
പ്രണയത്തെ ചേര്‍ത്തുവയ്ക്കേ
ഒരു മുഖചാര്‍ത്തുപോല്‍ നിനവിലാ ഓര്‍മകള്‍
പ്രണയത്തിന്‍ മുത്തുകള്‍ പതിച്ചുവച്ചു

കവിതപോലുറയുമെന്‍ ചുടുചുംബനങ്ങളില്‍
അവളുടെ കണ്ണിമ കൂമ്പിനിന്നു
ഒരിക്കലുമുണങ്ങാത്ത നോവിന്‍റെ പാടുകള്‍
വിരഹത്തിന്‍ താഴ്വരെ പൂക്കളായി

പിരിയുന്ന നേരമെന്‍ ഹൃദയത്തിലിറ്റിച്ച
പ്രണയമാം മധുവൂറും പ്രേമപാത്രം
അക്ഷരപൂക്കളം പോലിന്നുമുണ്ടെന്‍റെ
ഹൃദയത്തിലവള്‍തീര്‍ത്ത നഖക്ഷതങ്ങള്‍

ബാല്യത്തിലെന്നിലെ പ്രിയമേറും സഖിയവള്‍
കാലത്തിന്‍ യാത്രയില്‍ മാഞ്ഞുപോകെ
പഴയൊരു തമ്പുരുചേര്‍ത്തതെന്‍ ഹൃദയത്തില്‍
ഒളിചേര്‍ന്ന നിന്‍മുഖകാന്തിയല്ലേ