Saturday, 28 September 2013

റെയില്‍പ്പാളങ്ങള്‍

ഉരുക്കുവീലുകള്‍
നെഞ്ചിന്‍കൂടിലൂടെ
തലങ്ങും വിലങ്ങും
ഉരുട്ടുമ്പോള്‍,
ഞാന്‍ പതറിയില്ല

ഞങ്ങളുടെ പ്രണയനൊമ്പരങ്ങള്‍
മറ്റൊരാളോട്
പറഞ്ഞതുമില്ല

ജീവശ്ച‌വമായി
മഴയും വെയിലുംപേറി
മലര്‍ന്നുകിടക്കുമ്പോള്‍
ഞങ്ങള്‍ക്കുചുറ്റും
കരിങ്കല്‍ചീളുകളാല്‍
നിങ്ങള്‍ ചിതകൂട്ടിയിരിക്കുന്നു

പരസ്പരം
പുണരാതിരിക്കാന്‍
തടിച്ചമരക്കഷണങ്ങള്‍കൊണ്ടും
സിമന്‍റെ് തൂണുകള്‍കൊണ്ടും
ഞങ്ങളെ ഒരേ അകലത്തില്‍
ബന്ധിച്ചിരിക്കുന്നു

കാമാതുരല്ലാതിരുന്നിട്ടും
ഭ്രാന്തെരെപ്പോലെ
തലങ്ങുംവിലങ്ങും
കമ്പികളാല്‍
മുദ്രകുത്തിയിരിക്കുന്നു

സ്വപ്നയാത്രകളും
ഉല്ലാസങ്ങളും
നിങ്ങള്‍ പദംപറഞ്ഞാടുമ്പോഴും
കീഴെ ചെറുനിലവിളികള്‍ തീര്‍ത്ത്
ഞങ്ങള്‍ പതിഞ്ഞു കിടക്കുന്നു

നികൃഷ്ടമായി വിസര്‍ജ്യം
വലിച്ചെറിയുന്നത്
ഈ മുഖങ്ങളിലേക്കാണെന്ന്
നിങ്ങളോര്‍ക്കണമായിരുന്നു.

നിങ്ങളുടെ പ്രണയവും
മരണവും പലവുരു
കണ്ടുമടുത്തിട്ടും

തെരുവുനായ്ക്കളും
എലികളും
ഞങ്ങള്‍ക്കുകൂട്ടായി
കാവലിരുന്നിട്ടും
നിങ്ങളുടെ സുഖങ്ങള്‍ ‌
ഞങ്ങളെ തിരിച്ചറിയുന്നില്ല

ചേരികള്‍
തിരിച്ചറിയുന്ന
ദുര്‍ഗന്ധത്തിന്‍റെ
ബീജവുംപേറി
അടുത്ത സൈറനുകാതോര്‍ത്ത്
പച്ചവെളിച്ചത്തിന്‍റെ
നിശബ്ദതയില്‍
ഞങ്ങളൊന്നുറങ്ങട്ടെ

ഉരുക്കുവീലുകളുടെ
പ്രഹരം സ്വപ്നത്തിലല്ലാന്ന്
തിരിച്ചറിയാന്‍
ഏതു വെളിച്ചമാണ്
തെളിക്കേണ്ടത്
പച്ചയോ, ചുവപ്പോ

ഒരു പ്രളയംകൂടി

കാഴ്ചയുടെ
തീഞരമ്പുകളില്‍
ഒരിടിയകലത്തില്‍
എത്തിപ്പെട്ട പ്രളയം

വിതച്ചത്
മരണത്തിന്‍റെ വിത്തുകള്‍

മുളച്ചുപൊന്താത്ത
വിത്തിനുചുറ്റും
നിസ്സഹായതയുടെ
കൈവള്ളികള്‍ ചുരുട്ടിയിട്ട്
കുറേ വല്ലികള്‍

അടുത്തപ്രളയത്തിനുമുമ്പ്
പ്രകൃതിയെച്ചൂടിക്കാന്‍
കുറച്ചുമൊട്ടുകളൊരുക്കി
അവ പുളഞ്ഞുകിടന്നു

താഴ്വാരത്തിലെ നിശകളില്‍
കുഞ്ഞുകുണുക്കുകള്‍ ചേര്‍ത്ത്
മിന്നാമിന്നികള്‍

കാഴ്ചവട്ടത്തിന്‍റെ
നിലാവെളിച്ചത്തില്‍
നിലത്തുചിതറിയ
അവ്യക്തനിഴലുകള്‍

ഗോപുരങ്ങളടര്‍ന്ന്
നിലംപതിച്ച സമുച്ചയങ്ങളില്‍
അദ്ധ്വാനങ്ങളുടെ
വിയര്‍പ്പുകണങ്ങളായി
എല്ലിന്‍കഷണങ്ങള്‍
പൂത്തുനില്‍ക്കുന്നു

താനൊഴുക്കിയപ്രളയം
ഭൂമിക്കു ന്ഷടമാക്കിയ
സൗന്ദര്യം തിരിച്ചുനല്കാന്‍
ആകാശത്തവള്‍ മേഘത്തിന്‍റെ
പുതിയപന്തലിട്ടു

നിശകളഴിച്ചെറിഞ്ഞ്
പ്രായത്തിന്‍റെ കണക്കുകള്‍
ചേര്‍ത്തുവയ്ക്കുമ്പോള്‍
ചരിത്രപുസ്തകവും പേറി
അടുത്ത തലമുറ ഉണരുകയായി

ഉയിര്‍ത്തെഴുന്നേല്‍പില്‍നിന്ന്
പുതിയപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍

രണ്ടുവാല്‍ത്തലപ്പുകളില്‍
കാലൂന്നി ഞാനും
ഒന്നു പ്രണയത്തിന്‍റേയും
മറ്റൊന്ന് ജീവിതത്തിന്‍റേയും

Thursday, 26 September 2013

നാണിത്തള്ള

അവന്‍റെച്ഛന്‍
മരിച്ചതില്‍പിന്നെ
തെങ്ങിന് തടമെടുത്തും
ചുമടുചുമന്നും
അവനെ വളര്‍ത്തിയത്
നാണിത്തള്ളയാണ്

പഠിക്കാന്‍
അവന്‍ മിടുക്കനായിരുന്നു
മകന്‍റെ ആമിടുക്കിന്
സന്തോഷത്തിന്‍റെ
ഹരംപകരാന്‍
അവര്‍ പട്ടിണികിടന്നത്
പലരാവുകള്‍

അവനെത്തിയിരിക്കുന്നു
കുടിലുപൊളിച്ചിടത്തെ
പുതിയ വീട്ടിലേക്ക്
പാലുകാച്ചി
താമസമാകാന്‍

കൂട്ടത്തില്‍
നാണിത്തള്ളയ്ക്കുംകിട്ടി
ഒരു നേര്യത്

ഇന്നു ഞായറാഴ്ച
നാണിയുടെ മകന്‍
വീടിനുപുറകില്‍
തടികള്‍കൊണ്ടൊരു
കോഴിക്കൂടുപണിയുന്നു

നാണിയെ
അതിലേക്കുമാറ്റാം
പട്ടിണി അവര്‍ക്കു പണ്ടേ
ശീലമുള്ളതാണല്ലോ?

കടല്‍

പിച്ചനടക്കുവാന്‍താങ്ങുംവിരലുകള്‍
എന്നെ വിടുവിച്ചുപോയനേരം
കാല്‍വഴുതിവീഴാകയങ്ങള്‍ക്കുമീതെഞാന്‍
ഞാണില്‍ക്കളിക്കുവാന്‍ നൂലുകെട്ടി
താഴെമരീചികയല്ലഞാന്‍ കാണുമീ
ആഴം തുടിക്കും തിരകള്‍തന്നെ
പ്രാണനുതിര്‍ത്തുചിരിക്കുംതിരകളില്‍
കാണുന്നുഞാനാര്‍ദ്രനൊമ്പരങ്ങള്‍
പുഞ്ചിരിനല്കിയാചുണ്ടുകള്‍കൂടുമ്പോള്‍
കരയാതെനാവങ്ങടങ്ങുമ്പോലെ
ഉള്ളില്‍നുരയ്ക്കുമാ സങ്കടപ്പെരുമഴ
ഓളപ്പരപ്പിലമര്‍ന്നുറങ്ങി
ജീവിതയാഴിതന്‍ ഓളത്തുടിപ്പിലായ്
മൗനംപകുത്ത കടല്‍ച്ചുഴികള്‍
എങ്കിലുംമെന്നിലെ മോഹത്തുടിപ്പുകള്‍
കോര്‍ത്തുവലിച്ചൊരാ നൂലിടത്തില്‍
നെഞ്ചില്‍നിറയുമാസ്വപ്നത്തിനൊപ്പമായ്
വേച്ചുവിതുമ്പുന്നു കാല്‍വലിച്ച്
തന്‍റെവിരലുകള്‍വീണ്ടുംപിടിക്കുവാന്‍
പിച്ചനടത്തുവാനാരെനിക്ക്
ഗുരുവിനെത്തേടിയലയുമീയാത്രയില്‍
പതിയുന്നുയുള്ളിലെന്‍ ശൂന്യരൂപം
അലിയുന്നുഞാനതിന്‍ ആഴപ്പരപ്പിലായ്
ഉറയുന്നുഞാനെന്നപൂര്‍ണ്ണസത്വം

ചെണ്ട

തിടപ്പള്ളിയില്‍
ക്ഷേത്രവാതിലിലേക്കുനോക്കി
പുതച്ചിരിക്കുമ്പോള്‍
എന്‍റെ ഉടലില്‍
മുറുക്കിവച്ച കയര്‍
അവര്‍ അയച്ചിരുന്നു

ഞാനെന്നു പറയുമ്പോള്‍
നിങ്ങള്‍കരുതും
ഞാനൊരാളാണന്ന്

മൂന്നുപേര്‍
പിരിഞ്ഞുമാറാനാവത്തവിധം
ഇഴുകിച്ചേര്‍ന്നവര്‍

പിന്നെ ഞങ്ങളെ
തല്ലിക്കരയിക്കുന്ന
മറ്റുരണ്ടുപേര്‍

അഞ്ചിലെ ഈ ഒരുമയില്‍
ഞാനായി

അയിത്തത്തിന്‍റെ
പടിപ്പുരകടന്ന്
തൃ‍ക്കോവില്‍മുറ്റത്ത്
മനമുരുകിക്കരയുന്നത്
എന്തിനുവേണ്ടി

വരിക്കപ്ലാവിന്‍റെ
ഒത്തകാതലില്‍
പലരാവിലെന്നെപണിതെടുത്ത
ആശാരിക്കുവേണ്ടിയോ

നോവുകളുടെ
പെരുമഴയായി
പേറ്റുനോവറിയിച്ച
ഉളിമൂര്‍ച്ചയ്ക്കോ

വയറൊഴിഞ്ഞ
കുഴലായി മുഖംപൊത്തുമ്പോള്‍
മരിച്ചഴിച്ച തുകല്‍
കിടാവിനുവേണ്ടിയോ?

മൃഗത്തിനെകൊല്ലരുതെന്നു
ഉറഞ്ഞുപറയുമ്പോഴും
താളമായി കരയുന്ന
അവന്‍റെ നോവ്
ഞാനറിയാതിരുന്നിട്ടല്ല

മരിച്ചിട്ടും അവന്‍റെ
കഴുത്തില്‍നിന്നടര്‍ത്തിയ
കയര്‍ തുളച്ച് എന്നിലേക്ക്
വരിഞ്ഞുമുറുക്കുമ്പോള്‍
നിസ്സഹായനാണ്
ഞാനെന്നുവിതുമ്പുന്ന
നൂല്‍ക്കയറിനുവേണ്ടിയോ?

അതോ എന്നിലേക്ക്
തലതല്ലി മിണ്ടാനാകാതെ
പിടയ്ക്കുന്ന
പുളിങ്കോലുകള്‍ക്കായോ?

കണ്ണുതുറക്കാത്ത
കരിങ്കല്ലായും, തിളങ്ങുന്ന
സ്വര്‍ണ്ണപ്രഭയായും
ദൈവമിരിക്കുമ്പോള്‍

മൃഗീയമായി
വേദനിപ്പിക്കാന്‍
നിങ്ങള്‍ മനുഷ്യരെന്തേ
എന്നെ പട്ടുടുപ്പിച്ച്
തോളില്‍തൂക്കുന്നു

തിരിച്ചറിവിന്‍റെ
ഒരു താളമെങ്കിലും
ഒന്നുവായിച്ചുതീര്‍ക്കാന്‍
നിങ്ങളുടെ വിരലുകളെ
പ്രാപ്തമാക്കിക്കൂടെ

നിന്‍റെ ഹൃദയതാളങ്ങളില്‍
ഞങ്ങള്‍ക്കായൊരു പദം
ആ‌ടിത്തീര്‍ത്തുകൂട

Tuesday, 24 September 2013

നരിച്ചീറുകള്‍

തലകീഴായുള്ള
ഈകിടത്തയില്‍
ഈ ഭൂഗോളത്തെ
താങ്ങിപ്പിടിക്കാനുള്ള
ശേഷി എനിക്കുണ്ടെന്ന്
അവര്‍ കരുതിവച്ചു

മരച്ചില്ലകള്‍
വിടുവിച്ച കാല്‍
പറന്നുയരുമ്പോള്‍
ആകാശത്തിലേക്ക്
നരച്ചകുടകള്‍ക്കുതാഴെ
ശേഷിയില്ലാതെ

നിലത്തുകുത്തിപ്പിടിച്ചിരിക്കാന്‍
ഒരുമാത്രപോലും
ആവതില്ലാതെ

പക്ഷിയെന്നോ
മൃഗമെന്നോ
തിരിച്ചറിയാനാവാത്ത
വിവേചനത്തിന്‍റെ
കാണാപ്പുറങ്ങള്‍

ഒരുനാട്ടില്‍
രക്തമൂറ്റുന്നപിശാചിന്‍റെ
പ്രതീകങ്ങള്‍

കാഴ്ചശക്തിയുടെ
പാരമ്യതയിലും
നിറങ്ങള്‍
തിരിച്ചറിയാനാവാതെ
കണ്‍തുറന്ന്

ശബ്ദവിന്യാസങ്ങളില്‍
കൂട്ടംചേരുമ്പോള്‍
ഗൃഹാതുരതയുടെ
പേക്കോലങ്ങളായി
മരച്ചില്ലകളില്‍

താഴെ
ചപ്പിവലിച്ചവിത്തുകള്‍
ചിതറിത്തെറിച്ച്

ആകാശത്തിലേക്ക്
കാലൂന്നി
ഭൂമിയിലേക്ക്
കണ്ണുംനട്ട്

രക്തം ചുവപ്പിച്ച
തീക്കട്ടകണ്ണുരുട്ടി
നിസ്സഹായതയുടെ
നിലവിളികളുമായി
കുറേ നരിച്ചീറുകള്‍

ഇരുട്ടിനോട്

നിഴല്‍വിഴുങ്ങുന്നിരുട്ടേ നീയെന്‍റെ
സ്വപ്നത്തെമൂടി മറച്ചിടാമോ?
കാഴ്ചകള്‍മങ്ങുമീ കണ്ണിന്‍റെനോവുകള്‍
നിന്നിലായ്ത്തന്നെ ലയിച്ചിടാമോ?
രക്തംപടരും വഴികളില്‍ നീനിന്‍റെ
പ്രാണനുടച്ചങ്ങു നല്കിടാമോ
പിച്ചിവലിച്ചൊരാ കുഞ്ഞിന്‍റെമേനിയില്‍
മാനകരിമ്പടം മൂടിടാമോ
വാര്‍ദ്ധക്യമെന്നയിരുട്ടിന്‍ പഥങ്ങളില്‍
കൂനിനടക്കുന്നയമ്മമാരെ
നാഥനായ് നീനിന്‍റെ കാരുണ്യതേനിനെ
ചന്ദ്രനിലാവായി നല്‍കിടാമോ?
പെണ്ണായ്പിറന്നവള്‍ക്കെന്നും കരയുവാന്‍
നിന്നുടെ ശയ്യയൊരുക്കിടണോ?
പെണ്ണിന്‍മനസ്സിന്‍റെ ദുഃഖത്തെപ്പേറുവാന്‍
നിന്‍റെ മനസ്സിനിന്നാവതുണ്ടോ?
കണ്ണുകള്‍മൂടി നടക്കുമീയൗവ്വനം
ലഹരിയാം സ്വപ്നചിറകിലേറെ
അന്ധകാരത്തിന്‍റെ മൂടിവലിച്ചവര്‍
ക്കുള്ളില്‍നിറയ്ക്കുനീ നന്മയെന്നും
കാണാപ്രപഞ്ചത്തിലൊട്ടുവെളിച്ചത്തില്‍
നീനിന്‍റെ കണ്ണുതുറന്നുവയ്ക്കൂ
എന്നിട്ടെന്‍കൈകളില്‍ നല്കുനീകാണിക്ക
നാളെ പുലരിതന്‍ പൊന്‍പ്രഭകള്‍

Sunday, 22 September 2013

ചൂല്

പച്ചോലയില്‍നിന്ന്
ചൂലിലേയ്ക്കുള്ള
പ്രയാണത്തില്‍ നഷ്ടമായത്
പച്ചപ്പും, മന്ദമാരുതന്‍റെ
താരാട്ടും

ഓര്‍മ്മുപുസ്തകത്തില്‍
കളിപന്തും, പീപ്പിയും
ആടുന്നപാമ്പും, കണ്ണടയും
കളിവാച്ചും പൂര്‍വ്വികരുടെ
ചരിത്രമാകുന്നു

അസ്ഥിപഞ്ജരങ്ങളായി
മുറിക്കോണുകളില്‍
ഒറ്റരഞ്ഞാണില്‍
ഉടല്‍ചേര്‍ന്നിരിക്കുമ്പോള്‍
ചെറുജീവികള്‍
ഞങ്ങളെനോക്കി
കൊഞ്ഞനം കുത്തുന്നു

ഓലഞ്ഞാലികളും
അണ്ണാനും
ഞാത്തുകളുണ്ടാക്കി
ആടിത്തിമിര്‍ത്ത
ഞങ്ങളു‍ടെയൗവ്വനങ്ങള്‍

അവര്‍ മറന്നിട്ടുണ്ടാവണം
അമ്മയുടെ ഒക്കത്തിരിക്കുമ്പോഴും
ഞങ്ങളവരെ താരാട്ടുപാടിയത്

മാറാലമുറ്റിയ
വാല്‍ത്തുമ്പുകളില്‍
മനുഷ്യവ‍ൃത്തിയുടെ
മുന്‍കാലുകളായി
തേഞ്ഞവസാനിച്ച
അസ്ഥികഷണങ്ങള്‍

മരവിച്ച മനസ്സിന്‍റെ
കുറ്റിച്ചുലുകളായി
കുശിനികളിലും
ശൗചാലയങ്ങളിലും
ഒടുങ്ങുന്ന ജന്മം

ഒടുവിലൊരു
കരീലക്കൂട്ടത്തില്‍
തീ പടര്‍ത്തുമ്പോള്‍
അതിലേക്കവസാനിച്ച്
അഗ്നിശുദ്ധിവരുത്തുമ്പോലെ

ഒരരഞ്ഞാചരടില്‍
കുറേനഗ്നജന്മങ്ങള്‍

ഒരു തീക്കട്ട

ചുവന്നുതുടുത്ത
അവളുടെ ചുണ്ടിലേക്ക്
നോക്കിയിരിക്കാന്‍
എനിക്കേറെ കൗതുകം

തിളങ്ങുന്ന ഹൃദയവും
ആചുണ്ടുകളില്‍
അവള്‍ ഒളിപ്പിച്ചപോലെ

മഞ്ഞുപെയ്ത്
ആചുണ്ടുകളില്‍
പറ്റിച്ചേര്‍ന്നപോള്‍
അതു നുകരാന്‍
എന്‍റെ ഹൃദയം കൊതിച്ചു

അവളുടെ നിശ്വാസങ്ങള്‍ക്ക്
നല്ല ചൂടുണ്ടായിരുന്നു

ചുണ്ടുകള്‍
ചേര്‍ത്തപ്പോഴാണ്
കനല്‍കട്ടയാണതെന്ന്
ഞാനറിഞ്ഞത്

ഉള്ളിലൊരു
മഹാവിസ്ഫോടനത്തിന്‍റെ
ഉറവയുംപേറി
മുനിഞ്ഞുകത്തുന്ന
ചെറുചുണ്ടുകള്‍

ചാരംപൊതിഞ്ഞുലയില്‍
ഒരു തീക്കാറ്റായുണരാന്‍
ആയുധത്തിനവള്‍
മൂര്‍ച്ചകൂട്ടുകയാണെന്ന്

കാഴ്ചകളുടെ
രോദനങ്ങളില്‍
ചിരിച്ചട്ടഹസിക്കുന്ന
ഒരു തീക്കട്ട

Thursday, 19 September 2013

ഉയിര്‍കരുത്ത്

കണ്ണുതിരുമി ഇറങ്ങും പടികളില്‍
ഓണത്തിനോര്‍മ്മയുണര്‍ന്നതില്ല
കാലത്തുപാടിയ പാട്ടിന്‍റെ ശീലുകള്‍
ഓണത്തിനോളങ്ങളായിരുന്നു
പണ്ടുചിരിച്ച മുഖത്തിന്‍ നിലാവിലാ
ണച്ഛനകന്നോരാ പാടവരമ്പുകള്‍
അമ്മചുമലിലെ നെല്ലിന്‍ കതിരുകള്‍
പതിരുകളായെന്‍റെ മുന്നിലെത്തേ
കാഞ്ഞവയറിലാ മണ്‍കലതുണ്ടുകള്‍
വെറിയേറ്റ മഴപോലലിഞ്ഞുപോയി
വിദ്യാലയത്തിന്‍റെ വാതായനങ്ങളീ
ഓണത്തിനായങ്ങു പൂട്ടിവയ്ക്കേ
പത്തുദിനത്തിലെ പട്ടിണിക്കായിഞാന്‍
കഞ്ഞിതന്‍പാത്രമടച്ചുവച്ചു
തെരുമാടത്തിലെന്‍ അമ്മമടിയിലായ്
പുസ്തകത്താളുമറിച്ചെടുക്കേ
കാണത്തെവിറ്റിട്ടോരോണമുണ്ണുന്നോരാ
നാടിന്‍റെ ശീലുകള്‍ കണ്ടെടുത്തു
മിച്ചത്തറയിലെ ചാക്കുകൂടാരത്തില്‍
കാണത്തിന്‍പേപ്പറും കണ്ടതില്ല
എങ്കിലുമൊന്നുഞാന്‍ കണ്ടടുക്കുന്നിതാ
അമ്മപകുത്തൊരാ നല്ലസ്നേഹം
അമ്മനിറയ്ക്കുന്ന വാത്സല്യതേന്മഴ
ഒഴുകിവന്നെത്തുമീ നെഞ്ചകത്തില്‍
പട്ടിണിപോലും ഭയക്കുമാസ്നേഹത്തിന്‍
മടിയിലായ്തന്നങ്ങു ചാഞ്ഞുറങ്ങേ
ഇന്നുമാമടിയിലുറങ്ങുന്നനേരത്തു
തിരുവോണമാണെന്‍മനസ്സിനുള്ളില്‍
അത്തക്കളത്തിലെ തുമ്പക്കിനാവുകള്‍
മഞ്ഞിന്‍തുടിപ്പിലുണര്‍ന്നപോലെ
ചേര്‍ത്തുവയ്ക്കുന്നിതാ ഇന്നുമാസ്നേഹത്തെ
നെഞ്ചിന്‍തുടിപ്പിനുയിര്‍കരുത്തായ്.

Wednesday, 18 September 2013

മൗനത്തിന്‍റെ വിത്ത്

മൗനത്തിന്
തൊട്ടുമുമ്പുണ്ടായ
ഹുംങ്കാരവം
തിരിച്ചറിയപ്പെട്ട
ദൈവത്തിന്‍റേതാണെന്ന
തോന്നല്‍
മിഥ്യാബോധത്തില്‍
എനിക്കേറ്റ
പ്രഹരമാണ്

മൊട്ടായി
ഉടലെടുത്തപ്പോള്‍
ഉടല്‍ തിരഞ്ഞത്
ഗുരുവിനെ

വിടര്‍ന്ന്
മണംപേറി നിന്നപ്പോഴേക്കും
അടുത്തുവന്നവരില്‍
തന്‍റെ ഗുരുവാരെന്ന
തിരയലായിരുന്നു

അതിനെപ്പിരിഞ്ഞകന്ന്
ശരീരത്തിന്‍റെ
ബാഹ്യരൂപത്തിലേക്ക്
കണ്ണുനട്ട്
സുഖദുഃഖത്തിന്‍റെ
നിറസുഗന്ധങ്ങള്‍
നോക്കുന്ന അനര്‍ത്ഥത്തില്‍
ഗുരുവിനെ അറിഞ്ഞില്ല

മധുചോര്‍ന്ന്
നിറമകന്ന്
ഇതളടര്‍ന്നപ്പോഴും
ഞാനറിഞ്ഞില്ല
ഗുരു ഉള്ളിലാണെന്ന്
അതാത്മാവാണെന്ന്

വിഷയാദികളുടെ
വിചാരസന്നിധിയില്‍
അചഞ്ചലനായി
ഞാനിരിക്കുമ്പോള്‍
അറിയുന്നു
ഗുരുഞാന്‍തന്നെയെന്ന്

ഞാനെപ്പോഴും
ഗുരുസന്നിധിയിലാണെന്ന
തിരിച്ചറിവ്
മൗനത്തിന്‍റെ വിത്തായി

വിരഹിണിക്കൊപ്പം

ചിതല്‍തിന്നു തുടങ്ങിയ
മച്ചിന്‍റെ താഴെ
ഒരു വിരഹിണിയെപ്പോലെ
അവള്‍ കാത്തിരുന്നു
എന്‍റെ ശ്വാസഗതികള്‍ നോക്കി

സ്പന്ദനത്തിന്‍റെ
ഏറ്റക്കുറച്ചിലുകള്‍
എണ്ണിതിട്ടപ്പെടുത്തുവാന്‍
അവള്‍ക്കുമാത്രമാണ്
കഴിഞ്ഞിരുന്നത്.

അവളുടെ സൗന്ദര്യം
പലപ്പോഴും
എന്‍റെ ഹൃദയത്തെ
തേടിപ്പിടിച്ചിരുന്നു

വഴിയറിയാതെ
നിസ്സഹായനായപ്പോള്‍
പലപ്പോഴും അവളെന്‍റെ
കൈത്തണ്ടയില്‍
കടന്നുപിടിച്ചിട്ടുണ്ട്

മനസ്സടരാതെ
അവളില്‍നിന്നും
പിന്‍വലിയുമ്പോള്‍
പ്രണയനൊമ്പരത്തോടെ
അവളെന്നെ
നോക്കിനില്‍ക്കുമായിരുന്നു

ഇനിയൊരു കൈവിടല്‍
അവള്‍ക്കു സഹിക്കാനാവില്ല

ഈ കാത്തിരിപ്പ്
അതിനുവേണ്ടിയാണ്

മരുന്നും, മന്ത്രങ്ങളും
അവര്‍ക്കകലെയാണ്
ഞാനെന്ന് തിരിച്ചറിയുന്ന
ഈ ദിവസം
അവളുടെ കൈപിടിച്ച്
നടന്നുനീങ്ങാന്‍
ഞാനും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു

ഇനിയൊരു പിന്‍വിളിക്കും
ഞാന്‍ ചെവിയോര്‍ക്കുന്നില്ല

ആമാറിലേക്ക് മാത്രം
നിശ്വാസമില്ലാതെ
ഞാനൊന്ന് മയങ്ങിക്കോട്ടെ

ഊഞ്ഞാല്‍

വലിച്ചുകെ‌ട്ടിയ കയറില്‍
തൂക്കിയിട്ടൊരൂഞ്ഞാല്‍

രണ്ടുകുരുക്കുകള്‍
കുറുകെ ബന്ധിച്ച
കഴക്കോല്‍

ഇനിഞാനിതിലിരുന്നൊന്ന്
ആടുകയേവേണ്ടു

ആലസ്യമില്ലാതെ
കാലുകുന്തിച്ച്
സ്വയം പര്യാപ്തമായി

കൈകള്‍ ഞാത്തകയറിലായി
മുറുക്കിപിടിക്കുമ്പോള്‍
പൊള്ളിയടരാതെ നോക്കണം
അതൊരു ജാലമാണ്

കുന്തിച്ചാടുമ്പോള്‍
വേഗത പോരാഞ്ഞാല്‍
ആരോടെങ്കിലും
ഒന്നാട്ടിത്തരാന്‍
പറയണം

പക്ഷേ മനമറിഞ്ഞു ‌
പറഞ്ഞില്ലെങ്കില്‍
അയാളുടെ ഉന്തലുകള്‍ക്ക്
കോണുതെറ്റും

ഊഞ്ഞാല്‍
എന്നെയുംകൊണ്ട്
കോണുതെറ്റി പായും

ചിലര്‍ തമാശയ്ക്കെന്നകണക്ക്
ഊഞ്ഞാല്‍ വട്ടംചുറ്റിക്കും
ചുറ്റഴിയുമ്പോഴുള്ള വേഗത
എന്നില്‍ സ്ഥലബോധത്തിന്‍റെ
ചലനത്തെ മാറ്റിമറിക്കും

മറ്റുചിലര്‍
ഊഞ്ഞാലിനടിയിലുടെ ഊളിയിട്ട്
അവരേക്കളുയരത്തില്‍
ഊഞ്ഞാലുയര്‍ത്തിവിടും
അവിടെയും
ഊഞ്ഞാലിന്‍റെ താളം തെറ്റും

ഒടുവില്‍
അവരെയൊഴിവാക്കി
കഴക്കോലില്‍ ചവിട്ടി
എഴുന്നേറ്റുനിന്ന്
തൊന്നല്‍ ചവിട്ടി
ഉയരത്തിലേക്ക്

ശിഖരത്തിന്‍റെ
ഒടുവിലൊരു
പച്ചിലയും കടിച്ച്
വിജയിയായി

ഇനിയെന്‍റെ
ഊഞ്ഞാലിന് വേഗത കുറയും
തലകറങ്ങി ഒരാലസ്യമായി
ഒറ്റക്കയറില്‍ പിടിച്ച്
ഊഞ്ഞാല്‍ക്കോണില്‍
ഞാന്‍ കുമ്പിട്ടിരിക്കും

ഊഞ്ഞാല്‍ ചെറുചലനങ്ങള്‍
കയര്‍മുറുക്കത്തില്‍
ഞരങ്ങിമൂളും

നേരം സന്ധ്യയായിത്തുടങ്ങുമ്പോള്‍
കാലുകള്‍ അലക്ഷ്യമായി
നിലത്ത് ഉരുമിക്കൊണ്ടിരിക്കും
ഗതിവിടാതെ.

ഒരോണരാത്രി

നേരമിരുട്ടീറ്റും നാടുറങ്ങുന്നില്ല-
യോണമാണോണമാണീ നഗരത്തിലും
മിന്നുന്നചില്ലുകള്‍ പോലെയാകാശത്തില്‍
കതിനാവെടികളുയര്‍ന്നുപൊന്തി
എങ്കിലുമെന്നിലെ നോവിന്‍റെ അറിവുകള്‍
അമ്മതന്‍വാത്സല്യ നിറവറിയേ
കണ്മണിയൊന്നിനെ പെറ്റുവയ്ക്കട്ടെയോ
കൂരിരുള്‍തിങ്ങുമീ പാതയോരം
എന്നിലെക്കീറത്തുണികള്‍ക്കുമേലെഞാന്‍
കാത്തുവയ്ക്കട്ടെയോ എന്‍റെ ജന്മം
പുല്‍കുമിരുട്ടിലീ അരയില്‍മിടിപ്പിച്ച
ബീജത്തെതന്നെഞാനേറ്റുവാങ്ങേ
ഉള്ളില്‍മിടിക്കുമാപ്രണയത്തില്‍ നോവുകള്‍
അവനുടെ മര്‍മ്മരമായിരുന്നു
എന്നിലെ സന്ധ്യകള്‍ ചാലിച്ചുണര്‍ത്തിയ
രൂപമാ ചാണിന്മേലേറിനില്‍ക്കേ
ചങ്കില്‍ത്തുടിക്കും ഭയത്തിന്‍റെ ശീലുകള്‍
കണ്ണിലായ് തുള്ളികള്‍ ചേര്‍ത്തുവയ്ക്കേ
തെരുവുസര്‍ക്കസിന്‍റെ വിജയത്തിലുന്മാദ
നൃത്തം കളിച്ചവന്‍മുന്നിലെത്തും
ഇന്നെന്‍റെ ശീലിലവന്മാത്രമല്ലയീ
കുഞ്ഞിളം പൈങ്കിളിയൊപ്പമെത്തും
അവന്‍തീര്‍ക്കുമോര്‍മ്മതന്‍ ഓണനിലാവൊളി
ഈ തെരുവിന്‍റെ പെണ്ണിനും തന്നരോണം

Thursday, 12 September 2013

തേന്‍കൂട്

കാടായ കാടും താണ്ടി
പൂക്കളായ പൂക്കളില്‍ തലനീട്ടി
ഒരു ജന്മം കാത്തുവയച്ചൊരദ്ധ്വാനം

തന്‍റെ ഉമിനീരും
സ്വപ്നങ്ങളും
ചേര്‍ത്തുവച്ചൊരു
തേന്‍കൂട്

അതിനുള്ളില്‍
ഉറുമ്പരിക്കാതെ സൂക്ഷിക്കാന്‍
മെഴുകുതീര്‍ത്ത മറയ്ക്കുള്ളില്‍
തന്‍റെ പ്രാണക്കൂടുകള്‍

ലോകബോധത്താല്‍ മറയ്ക്കപ്പെട്ട
ആത്മബോധംപോലെ
അതിനുള്ളിലുറയുന്ന മധു

അദ്ധ്വാനത്തിന്‍റേയും
സ്വയം തികട്ടലിന്‍റേയും
സമാധിക്കൂടുകള്‍

അഹന്തയാകുന്ന
ജഡക്കൂടിനുള്ളില്‍
ഒളിഞ്ഞിരിക്കുന്ന ഗുരുവിലേക്കുള്ള
എത്തിപ്പെടല്‍

ഉറങ്ങാത്ത
ഉറക്കത്തിലെന്നപോലെ
ധ്യാനാവസ്ഥയില്‍
നിത്യസുഖമായ
പരമാനന്ദ മധു കണ്ടെത്തി
വീണ്ടുമൊരു തേന്‍കൂട്

ചുറ്റും പറക്കാന്‍ വിധിക്കപ്പെട്ട്
സുഖലോലുപതയുടെ
അലസന്മാരായ
ആണീച്ചകളുടെ
മഹാപ്രളയം

ഇനിയൊരുറവയറിയുംവരെ
ഗുരു സമാധിയിലാണ്

Wednesday, 11 September 2013

യുഗാവശിഷ്ടം

ഒരു മരം
മൗനംപേറിയ മനസ്സുമായ്
ഒറ്റക്ക്

കുന്തമുനകളുയര്‍ത്തി
തനിക്കിടം തന്നഭൂമിക്കൊരുകാവലായി
വീണ്ടുമൊരു തളിരിനായി
ആകാശത്തേക്ക്
മിഴിചേര്‍ത്ത്

കാറ്റ്
ഇലകളില്ലാത്ത മരത്തിനെ
ഇക്കിളികൂട്ടാനാകാതെ
വരണ്ടചുണ്ടുകളില്‍
മണല്‍ത്തരികളടര്‍ത്തി
മുത്തമിട്ടു

സംസാരദുഃഖത്തിന്‍റെ
വിഹ്വലതകള്‍ പേറി
ഒരു പാഴ്മരം

നിസഹായതയില്‍
ഒരുതണല്‍വിരി
പകര്‍ത്താനാകാതെ
നഖങ്ങളാഴ്ത്തി
ഈ താഴ്വരയിലിങ്ങനെ

പച്ചപ്പിന്‍റെ
ഇത്തിള്‍കൂട്ടങ്ങള്‍
നിലതെറ്റിയടര്‍ന്ന്
പൊള്ളിമാറിയ
ശിരോപടലങ്ങള്‍

വെളുത്തകൂണുകള്‍
വിറങ്ങലിച്ചദേഹത്തിലേക്ക്
മരണകച്ചവിരിച്ച്

ഒരിഴുകിച്ചേരലിന്‍റെ
അവസാന നിമിഷങ്ങളിലേക്ക്
ഇന്ദ്രിയസുഖങ്ങളുറങ്ങുകയായി
അത്മാവെന്ന സ്ഥിരോണര്‍ച്ചിയെ വിട്ട്

ചിന്തകള്‍
അടുക്കിയെടുത്ത ചരിത്രം
ഇനിപറയുമായിരിക്കും
ഒരു യുഗാവശിഷ്ടത്തിന്‍റെ
മരക്കഷണങ്ങള്‍ മൗനമായ
വഴിയിടങ്ങള്‍

Sunday, 8 September 2013

തേങ്ങല്‍

അത്തമിങ്ങെത്തിപകുത്തുകൊടുക്കുവാന്‍
പുഷ്പങ്ങളില്ലെന്‍റെ പുല്‍പരപ്പില്‍
ചേതനയറ്റുപിടയ്ക്കും ഉടലിലായ്
പൊന്തും മുകുളങ്ങളെത്ര പൂക്കള്‍
കൂടനിറയ്ക്കുവാനാവില്ല മക്കളേ
എന്നില്‍ തുടിക്കുന്ന നോവുമാത്രം
കാലമിരുട്ടിലുറക്കി കിടത്തിയ
നാടിന്‍റെ നന്മയീ നല്ലയോണം
തുമ്പവെളുപ്പില്‍ പുഴുക്കുത്തുവീണൊരാ
ചെമ്പക സന്ധ്യയെന്‍ മാറിടങ്ങള്‍
കേണുകരഞ്ഞു പദംപറയാനിനി
അരുവിയുമില്ലെന്‍റെ കണ്ണുകളില്‍
നീ കണ്ടപാടത്തിന്‍ വിളവിലുറയുന്ന
പുത്തരിക്കാലവും വിണ്ടുകീറി
ഇനിവരും നാളിലീ ഓണനിലാവുകള്‍
ഇരുളുകള്‍തീര്‍ക്കുന്നു എന്നിടത്തില്‍
ഞാനാകുംഭൂമിയീ ദുരിതങ്ങള്‍പേറുവാന്‍
തലചുറ്റിവീണ്ടും കറങ്ങിടുന്നു

Friday, 6 September 2013

കനിവ്

കരിഞ്ഞുണങ്ങുമീ അരിയവേനലിന്‍
കണ്ടെടുത്തൊരീ പ്രണയനൊമ്പരം
വിടര്‍ന്നുനില്‍പ്പതോ ചെറിയചില്ലയില്‍
തളര്‍ന്നുറങ്ങുമോ കുരുന്നു തളിരില

എന്‍റെ നോവുകള്‍ അടര്‍ന്നചില്ലകള്‍
പൊഴിഞ്ഞുവീഴുമോ പഴുത്തയീരില
പരന്നഭൂമിയില്‍ അലിഞ്ഞുചേരുമോ
വിടര്‍ന്നചുണ്ടിലെ മധുരമാകുവാന്‍

വിടര്‍ന്നമാറിലെ ഞരമ്പുപോലെയീ
ആഴ്ന്നവേരുകള്‍ കാര്‍ന്നെടുക്കുമോ
അഴുകിവന്നൊരാ കരള്‍ചുരത്തുകള്‍
അലിഞ്ഞനാരില സ്നേഹചാരുത

ഹൃദയധമനികള്‍ ചേര്‍ത്തുവയ്ക്കുമോ
ചുഴിഞ്ഞുചേര്‍ന്നോരാ അമൃതനീരിനെ
കാത്തിരിക്കുമോ പ്രപഞ്ചസ്നേഹമായ്
നിറഞ്ഞപച്ചില തണല്‍വിരിക്കുവാന്‍

നിറഞ്ഞപീലിപോല്‍ വിടര്‍ന്നുനില്‍ക്കുമോ
തലയുയര്‍ത്തിനീ എന്‍റെ ശിഖരമേ
ഒഴുകുംമേഘമായ് ഒളിഞ്ഞുനില്‍ക്കുമാ
മഴപ്പിറാവിനെ ചുരത്തിവീഴ്ത്തുവാന്‍

പറന്നുപായുമാ പറവകൂട്ടത്തെ
തടഞ്ഞുനിര്‍ത്തിയെന്‍ മാറിലേറ്റുവാന്‍
ചിറകകറ്റുനീ എന്‍റെ സ്വപ്നമേ
പുതിയഭൂമിതന്‍ പരവതാനിയായ്

സ്വപ്നത്തിലെ വേരുകള്‍

മുറിച്ചുമാറ്റുമീ ഹൃദയനൊമ്പരം
പടച്ചുവച്ചതോ കുറിയവേരുകള്‍
അടര്‍ന്നുപോകുമാ ചുവന്നമുത്തുകള്‍
പെറുക്കിവച്ചുഞാന്‍ അടഞ്ഞമിഴികളില്‍
കുഴിഞ്ഞപലകയില്‍ ഉരുണ്ടകുന്നികള്‍
തിരിച്ചറിഞ്ഞുവോ പഴയചിന്തുകള്‍
മിഴിക്കുകാവലായ് കറുത്തരേണുക്കള്‍
കുരുക്കിവയ്ക്കുമീ സ്വപ്നജാലകം
മനസ്സിനുള്ളിലായ് കോര്‍ത്തപീലികള്‍
ചിറകടര്‍ത്തിയോ കുഞ്ഞുതേങ്ങലായ്
കൊഴിഞ്ഞവേനലില്‍ പകല്‍ക്കിനാവുകള്‍
വാതില്‍ചാരിയോ മുഖമടര്‍ന്നപോല്‍
കടല്‍വിടര്‍ത്തിയ മണല്‍പരപ്പുകള്‍
കാര്‍ന്നുതിന്നുവോ തിരകളിപ്പൊഴും
പുതപ്പിനുള്ളിലെ കുഞ്ഞുശ്വാസമായ്
ഞാനുറങ്ങവേ വന്നുസ്വപ്നവും
പരമ്പുപാഞ്ഞൊരാ തോട്ടുവക്കിലായ്
ഭയന്നകുട്ടിയായ് പാഞ്ഞകലവേ
പുറകിലായൊരാള്‍ പാത്തുനില്‍ക്കുന്നു
പിന്നിലെത്തിയാ പുഴയില്‍തള്ളുവാന്‍
കാല്‍ഞരമ്പുകള്‍ പൊട്ടിമാറവേ
അരിയവേദന ഉടലിലെത്തുന്നു
സ്വപ്നജാലമീ മനസ്സിലെത്തവേ
പുളഞ്ഞുപിന്നയാ കിടക്കതന്നിലും
നുരഞ്ഞയാറ്റിലെ കലക്കവെള്ളത്തില്‍
താഴ്ന്നുപോയിഞാന്‍ പുതിയലോകമായ്
കുഞ്ഞുമീനുകള്‍ തീര്‍ത്തവര്‍ണ്ണമായ്
പുഴയ്ക്കടിയില്‍ഞാന്‍ നീന്തിനീങ്ങവേ
പറന്നുവന്നൊരാ കുഞ്ഞുകൊറ്റിയെന്‍
ഉടല്‍കവര്‍ന്നതോ പുതപ്പിനുള്ളില്‍ഞാന്‍
പറന്നചിന്തകള്‍ തെരഞ്ഞെടുക്കുവാന്‍
പുതിയസ്വപ്നമായ് വീണുറങ്ങിയോ

മനസ്സ്

കുറേ കാരമുള്ളുകള്‍
ഒന്നും കുത്തിനോവിക്കാനായി
കരുതിയതല്ല

എങ്കിലും
അവള്‍ വച്ചുനീട്ടിയപ്പോള്‍
മുറുക്കെപിടിച്ചു

നീണ്ടപകലുകള്‍ക്കൊടുവില്‍
ആ മുള്ളുകള്‍
എന്നെ തറച്ചുനിര്‍ത്തുന്ന
ആണികളായി

നിഴലും ശരീരവും
വനംകടന്നുപോകുമ്പോഴും
കുന്നിന്‍മുകളിലെ
വലിയ ആല്‍മരത്തില്‍
ഹൃദയം തറച്ചു വച്ച്
കാരമുള്ളുകള്‍
കാത്തിരിക്കുന്നുണ്ടായിരുന്നു

മഴയിറ്റ് നിലാവടുത്തപ്പോള്‍
ചോരചിതറിയ നിലത്ത്
ചുവന്ന മഞ്ഞുകട്ടകള്‍

താഴ്വാരത്തില്‍
സൂര്യരേണുവിനൊപ്പമെത്തിയ
വെളിച്ചപ്പാട് വിറങ്ങലിച്ച്
പട്ടഴിച്ച് മുഖംപൊത്തി

ദൈവത്തിന്‍റെ
മൊഴിപറഞ്ഞവന്‍
ഭയന്നപ്പോള്‍ നഗ്നനായി

ചിലമ്പ് നാണിച്ച്
നിശബ്ദമായി

ഉടവാളിനാലിനിയൊരു പുല
ഛേദിച്ചെറിയുവാന്‍
മൂര്‍ച്ചപോര

Thursday, 5 September 2013

ദൈവം

ഒരു കാണല്‍
അത് സ്വാഭാവികമായിരുന്നു
മനസ്സടുത്തത്
സ്നേഹത്തൊടെയും,
മൊട്ടിട്ടത്
പ്രണയമറിഞ്ഞും.

ഒടുവിലൊരു താലി
ഒരു കുടുംബം
ഒരുതലോടല്‍
ഒരുസാന്ത്വനം
പങ്കുവയ്ക്കപ്പെടലുകള്‍,
പിന്നെപ്പോഴോ ഉണര്‍ന്ന കാമം
ഒടുവിലൊരു സുരതം

പഞ്ചഭൂതങ്ങളില്‍
നിര്‍മ്മിതമായ
ബ്രഹ്മാംശത്തിന്‍റെ ഉറവ

അതുപേറുന്ന ഗര്‍ഭം
പവിത്രസ്ഥാനം
ഉയിര്‍കൊള്ളന്ന പ്രാണന്‍
തുടിപ്പേറുന്ന സത്യം

ദൈവത്തിന്‍റെ ഭാരമറിയാത്ത
അംശവുംപേറി
ഒരു കാത്തിരിപ്പ്

സമാധിയില്‍ നിന്ന്
പുറത്തേയ്ക്ക്
മായയിലേക്ക്

വീണ്ടും ദൈവം
മനുഷ്യനാകുന്നു

ഉള്ളറിയാതെ
ഇന്ദ്രിയങ്ങളില്‍
ബലഹീനനനായി

ഒടുവിലെപ്പോഴോ
പഞ്ചഭൂതങ്ങളില്‍ അടങ്ങി
ദൈവമായൊരു തിരിച്ചുപോക്ക്

താനറിയാതെ
ഉടലറിയാതെ
മനസ്സറിയാതെ
എവിടെയൊ
തന്നെത്തന്നെതിരഞ്ഞ്
അലഞ്ഞൊടുങ്ങുന്നു.

Wednesday, 4 September 2013

ഓണമഹിമ

കേട്ടുപഠിച്ച പഴങ്കഥയ്ക്കുത്തരം
മാവേലിവാണൊരു നല്ലകാലം
മൂന്നടിമണ്ണിന്‍ കടങ്ങളെതീര്‍ക്കുവാന്‍
സുതലത്തിലായങ്ങുപോയരാജന്‍
വിപ്രനാംവിഷ്ണുവിന്‍ കാലടിയിങ്കലാ
ശിരസ്സുകുനിച്ചൊരാ പുണ്യഭൂവന്‍

ഈയുത്തരങ്ങളില്‍മിന്നുംമനസ്സിലായ്
ദേവാസുരത്തിന്‍റെ വൈരമേറേ
കശ്യപമഹര്‍ഷീടെ പത്നിമാരല്ലയോ
ദീതി അദിതിയുമെന്നുപേരില്‍
അവരുടെമക്കളായ് വന്നുഭവിച്ചവര്‍
അസുരദേവരാം രണ്ടുകൂട്ടര്‍

അസുരരാജനാം മാവേലിതന്നുടെ‌
കീര്‍ത്തിയാല്‍ രാജ്യങ്ങള്‍ വന്നടുക്കേ
സ്വര്‍ഗ്ഗത്തില്‍നിന്നുമാ ദേവഗണങ്ങളും
ഭ്രഷ്ടരായ് തീര്‍ന്നല്ലോ തന്നിടത്തില്‍
ബ്രഹ്മസഭയിലാ ദുരിതങ്ങള്‍ചേരവേ
പാടിപ്പുകഴ്ത്തുന്നു ശ്രീഹരിയെ

തത്വമഹിമയില്‍ ചൊല്ലിയകീര്‍ത്തനം
പ്രത്യക്ഷമാക്കിയാ ശ്രീഹരിയെ
ഏല്ലാമറിയുന്ന തത്വത്തിന്‍ പൊരുളുകള്‍
ദേവര്‍തന്‍ കാതിലായി ചൊല്ലിവച്ചു
ദുരിതകാലത്തിലാ ബലിയെജയിക്കുവാന്‍
സന്ധിയില്‍ചേരണം നമ്മളെല്ലാം

അമൃതുലഭിപ്പാനായ് പാലാഴിതന്നെയീ
കടയണം മന്ദരരപര്‍വ്വതത്താല്‍
വാസുകിരാജനെ കയറായങ്ങേറ്റീട്ട്
അസുരരോടൊപ്പം കടഞ്ഞിടണം
മഥനത്താല്‍കിട്ടുമാ വസ്തുക്കളൊന്നുമേ
ലോഭവുംക്രോധവും തീര്‍ത്തിടല്ലേ
ഒടുവിലായ്കിട്ടുന്ന അമൃതത്തെപൂകുവാന്‍
ഏറെക്ഷമിക്കണം നിങ്ങളപ്പോള്‍

മദനംതുടങ്ങിയാ നേരത്തിലായ്തന്നെ
ഹാലഹലമിങ്ങുവന്നണഞ്ഞു
കൈക്കുമ്പിള്‍നീട്ടിയാ വിഷംഭുജിച്ചിട്ട്
ലോകത്തെ രക്ഷിച്ചു ശൈലേശനും
പിന്നെലഭിച്ചവയൊന്നൊന്നായി പങ്കിട്ടു
ഋഷികള്‍ അസുര ദേവകളും
മദ്യവും പെണ്ണുമായ് ഏറെവിഭവങ്ങള്‍
കടഞ്ഞെടുത്തന്നവര്‍ കൂട്ടിവയ്ക്കേ
ധന്വന്തരിയില്‍ വിടരും കുസുമമായ്
അമൃതാകും കുംഭമൊന്നുടലെടുക്കേ
അപഹരിച്ചപ്പോഴെ അസുരഗണങ്ങളാ
കുംഭത്തെ തങ്ങള്‍ക്കായ്മനസ്സിനുള്ളില്‍
പെട്ടെന്നുവിഷ്ണുവാസ്ത്രീരൂപം കൈകൊണ്ട്
തട്ടിപ്പറിച്ചതു ദേവകള്‍ക്കായ്

അമ‍തുഭൂജിപ്പവര്‍ ജരകളൊഴിഞ്ഞിട്ട്
യൗവനരൂപരായ് മണ്ടിനില്‍ക്കേ
മായയകള്‍തീര്‍ത്തൊരാ അസുരഗണങ്ങളും
യുദ്ധത്തിന്‍ പോര്‍വിളി ചേര്‍ത്തുവയ്ക്കേ
യുദ്ധത്തിനുള്ളിലാ വിഷ്ണുവുമെത്തിയീ
ദേവര്‍ക്കു പിന്തുണ നല്കിയേറെ
ചക്രായുധത്തിനാല്‍ ക്ഷീണതനാക്കിയാ
മാവേലിമന്നനെ യുദ്ധഭൂവില്‍

മൃതസഞ്ജീവനിവിദ്യയാല്‍ പിന്നങ്ങു
രക്ഷിച്ചുമന്നനെ ശുക്രര്‍ഷിയും
വര്‍ദ്ധിച്ച ശക്തിയാല്‍ സ്വര്‍ഗ്ഗത്തെതന്നെയും
തോല്‍പിച്ചുമാവേലിരാജനായി

മൂന്നുലോകങ്ങളും കാല്‍ക്കലായ് ചേര്‍ത്തിട്ടു
മാവേലി നാടങ്ങുവാണകാലം
അശ്വമേധത്തിന്‍റെ ദാനത്തിലന്ത്യമായ്
വിപ്രനാം വേഷത്തില്‍വിഷ്ണുവെത്തി
ദാനത്തില്‍നേടിയാ മൂന്നുലോകങ്ങളും
മാവേലിചേര്‍ത്തൊരഹന്തയേയും

ഇന്ദ്രിയമോഹങ്ങളെല്ലാം ജയിച്ചവന്‍
അറിയുന്നു താനെന്ന ബ്രഹ്മരൂപം
നമ്മളുമീവോണ ശീലുകള്‍പാടുമ്പോള്‍
അറിയുക നമ്മള്‍തന്‍ നന്മകളെ
തിന്മനിറഞ്ഞൊരീ അര്‍ത്ഥത്തെപൂകുവാന്‍
എന്തിനുനാമിന്നലഞ്ഞിടുന്നു
സത്യംജയിപ്പതിനുള്ളില്‍ നിറയ്ക്കണം
വെണ്‍മയാം ഉണ്മതന്‍ പൂക്കളങ്ങള്‍

മുഖം

ഞാനെന്‍റെ മുഖമൊന്നു
കണ്ണാടിയില്‍നോക്കി

ഒരു ഏക‍ദേശവൃത്തത്തിനുള്ളില്‍
കുറേകോപ്രായങ്ങള്‍

കണ്ണുണ്ടുപോലും
കാണാവുന്നതേ കാണാവു
എന്നറിയാത്ത രണ്ടെണ്ണം

നാവുണ്ടുപോല്‍
പറയാവുന്നതേ പറയാവൂ
എന്നറിയാത്തത്ര നീളത്തില്‍

കാതുണ്ടുപോല്‍
കേള്‍ക്കാവുന്നതേ കേള്‍ക്കാവു
എന്നറിയാതെ വട്ടംപിടിച്ച്

മൂക്കുണ്ടുപോല്‍
മണമറിഞ്ഞും അറിയാതെയും
ശ്വസിച്ചുകൊണ്ട്

പ്രാണനെടുക്കുന്നതും
പ്രാണനകത്തുന്നതും
ഈ മുഖത്തിലൂടെ തന്നപോല്‍

എന്‍റെ പേരില്‍ മറ്റൊരാള്‍
ചേര്‍ത്തുവച്ചതും
ഈ മുഖത്തെഴുത്താണുപോല്‍

അപ്പൊ ഞാനാര്
മുഖത്തില്‍ നിന്നകന്ന്
ബുദ്ധിയില്‍ ലയിച്ച്
മനസ്സിലലഞ്ഞ്

ഹോ, ഒന്നു സ്പര്‍ശിച്ചറിയുന്നതിനുമുമ്പ്
കണ്ണാടി എന്‍റെ അഹന്തയുംകൊണ്ട്
കടന്നുകളയുന്നു

ഓണം ഒരോര്‍മയില്‍

ഒരു കുമ്പിള്‍കോട്ടിയെന്‍
അമ്മ വിളമ്പിയ
കഞ്ഞിപ്പുഴുക്കിന്‍റെ സ്വാദറിഞ്ഞു

ഏറുമാടത്തിലായ്
കാത്തുവയ്ക്കുന്നൊരൊ
വിളവിന്‍റെ കാവലാളെന്‍റെയച്ഛന്‍

മുളംതണ്ടുകൊണ്ടൊരു
പീപ്പിയുമൂതിഞാന്‍
പാടവരമ്പത്ത്
കാത്തിരിക്കേ

കരിയുള്ളമണ്‍കലം
ഒക്കത്തൊതുക്കിയെന്‍
അമ്മവരണുണ്ട്
പെങ്ങളൊപ്പം

കിന്നരിപാവാട
തുഞ്ചത്തില്‍ ചന്തമായ്
കുഞ്ഞിളം കാല്‍തള കിലുങ്ങണുണ്ട്

ഓലക്കാല്‍ വളച്ചതില്‍
തുമ്പില കുമ്പിളായ്
അമ്മ വരമ്പില്‍ പടക്കണുണ്ട്

മുട്ടോളമെത്തും
തൊളിയുമായെന്‍റച്ഛന്‍
പാടവരമ്പത്തിരിക്കണുണ്ട്

അരികിലായിരിക്കണ
കുഞ്ഞനുജത്തിയെ
കിന്നാരംചൊല്ലി കിണുക്കണുണ്ട്

ഓലയില്‍ ഞാന്‍തീര്‍ത്ത
പമ്പരമൊന്നിനെ
അവളുടെ കൈയ്യിലായ്
ഞാന്‍കൊടുത്തു

പീപ്പിയില്‍ ഞാന്‍ ചേര്‍ത്ത
ശ്രുതികളിന്‍ താളത്തില്‍
കുഞ്ഞിക്കൈ മെല്ലെക്കറക്കണുണ്ട്

പൂട്ടിയൊരുക്കിയ
പാടത്തിലൊക്കെയും
കൊറ്റികള്‍ കുന്തിച്ചു നില്‍ക്കണുണ്ട്

ഈയൊരു വിളവിന്‍റെ
ഉത്സവമാകുമ്പോള്‍
ഓണമിങ്ങെത്തുന്നു എന്‍റെവീട്ടില്‍

ചാണകത്തറയിലെ മൂലയിലെന്‍റമ്മ
പുഴുങ്ങിയനെല്ലേറെ ഉണക്കണുണ്ട്

മുറ്റത്തൊരുകൊച്ചു അത്തക്കളത്തിലായ്
പുഷ്പങ്ങള്‍ വാരിവിതറണുണ്ട്

ഇന്നല്ലൊയെനിക്കുമെന്‍
കുഞ്ഞനുജത്തിക്കും
പുത്തനുടുപ്പുകള്‍ കിട്ടണത്

ഇന്നല്ലോ ഞങ്ങടെ
കുഞ്ഞിറയത്തില്‍
ഇലയിലായ് സദ്യവിളമ്പണത്

അച്ഛനുമമ്മയും
ഞങ്ങളുമൊരുമിച്ചാ
പുത്തരി ചോറുണ്ടിരിക്കണത്

ഇന്നല്ലോ പൊന്നോണം
മാവേലിത്തമ്പുരാന്‍
ഈ മണ്‍കുടിലിലുമെത്തണത്

നാളെയുമെന്‍റെച്ഛന്‍
പാടവരമ്പത്ത്
കുമ്പിളില്‍ കഞ്ഞിക്കുടിക്കണത്

ഇനിയെന്‍റെ ചിന്തയില്‍
അമ്മതന്‍ വാത്സല്യം
ഏറെ പഴങ്കഥയായിടുന്നു

Monday, 2 September 2013

തൊട്ടാവാടി

വല്ലാത്ത നാണം
ഞാനൊന്ന് തൊട്ടതേയുള്ളൂ
കണ്ണടച്ച്, പതിയെ
മുഖം കുനിച്ചിരിക്കുന്നു

ഈ തൊട്ടാവാടി മാത്രം
എന്തേ ഇങ്ങനെ

അവള്‍ക്കും എന്നും
തൊട്ടാവാടിയെ
ഇഷ്ടായിരുന്നു

കുഞ്ഞാടിനായി
അവപറിച്ചെ‌ടുക്കുമ്പോള്‍
മൊട്ടുകള്‍ നുള്ളിയെടുക്കുക
അവളുടെ ശീലമായിരുന്നു

ചേമ്പിലകുമ്പിളില്‍
തുമ്പയും തെച്ചിക്കുമൊപ്പം
പറിച്ചുകൂട്ടിയ
തൊട്ടാവാടിമൊട്ടുകള്‍
അത്തക്കളത്തില്‍
വിടര്‍ന്നു നില്‍ക്കുന്നത്
ഇന്നുമെന്‍റെ ഓര്‍മയില്‍

പാവാട ഒതുക്കിവച്ച്
ഞാനുണ്ടാക്കിക്കൊടുത്ത
അത്തതിട്ടയില്‍
ചാണകം വടിച്ചെടുക്കുമ്പോള്‍
അവളുടെ പുഞ്ചിരിക്കപ്പുറം
പുഴുപ്പല്ലുകള്‍
എന്നെപരിഹസിക്കാറുണ്ട്

പിന്നെപ്പോഴാണെന്നറിയില്ല
അവളുടെ കുപ്പിവളകള്‍
ഊഞ്ഞാല്‍ത്തറയില്‍
ഉടഞ്ഞുവീണത്

ഒരു നിമിഷം നില്‍ക്കാന്‍
സമയമില്ലാതെ കറങ്ങുന്ന
ഘടികാര സൂചിപോലെ
സമയപാതയില്‍
ഞാനും

തിരിച്ചെത്തുമ്പോഴേക്കും
കൈയ്യെത്താ അകലത്തില്‍
അവള്‍ പോയിക്കഴിഞ്ഞിരുന്നു

നിശബ്ദതയുടെ
നിമിഷഗോപുരങ്ങള്‍
എനിക്കു സമ്മാനിച്ച
ഓര്‍മകളില്‍

ഒരു കളിക്കൂട്ടുകാരിയും
കുറേ സ്വപ്നങ്ങളും
നിറമങ്ങിയ കാഴ്ചകളായി
വിണ്ടുകീറിയ പാടങ്ങളില്‍
ഒരു മഴത്തുള്ളിക്കായി
കാത്തിരിക്കുന്നു

ഇനിയൊരു മഴ
അതെന്‍റെ മനസ്സിലേക്ക്
ഒരരുവിയായി
ഒഴുകിയെത്തുമോ?

അത്തക്കളത്തിലേക്ക്
തുമ്പയും തെച്ചിയും
തൊട്ടാവാടിയും തേടിയൊരുയാത്ര

ഒതുക്കുകല്ലുകള്‍ ചവിട്ടി
ഉമ്മറവാതിലില്‍
മകന്‍റെ കൈപിടിച്ചെത്തുമ്പോള്‍
അവള്‍ ചിരിക്കുന്നുണ്ടായിരുന്നു

മിന്നുന്ന പ്രകാശത്തില്‍
ചില്ലുകൂടിനകത്ത്

മയക്കത്തില്‍ നിന്ന്

വിയര്‍പ്പിന്‍കണങ്ങള്‍
എന്‍റെ നെറ്റിമേല്‍പതിപ്പിച്ച
ബാഷ്പമണികള്‍

നിലാവിന്‍റെ
ചെറുനിഴല്‍ സ്പര്‍ശത്തില്‍
പറന്നെത്തിയ
മഞ്ഞുകണംപോലെ

ഇതൊരോര്‍മ്മപെടുത്തലാവാം
നിന്നിലേക്കുള്ള ദൂരം
വളരെ അകലയല്ലാന്നുള്ള
ഓര്‍മപ്പെടുത്തല്‍

കാവല്‍ നില്‍ക്കുന്ന
മിടിപ്പിന്‍റെ യന്ത്രങ്ങള്‍

പ്രാണനൊരു മറുപ്രാണന്‍തന്ന്
പ്രാണധമനി

വളപ്പൊട്ടുപോലെ
മനസ്സിലേക്ക് കടന്നുവരുന്ന
ഓര്‍മകളിലേക്ക് മിഴിതാഴ്തി
കുറേ നിമിഷങ്ങള്‍

പാടവരമ്പത്തെ
പ്ലാവിലവണ്ടിയിലേക്കൊരൂളിയിടല്‍

മടയിലെവിടെയോ
ഒളിഞ്ഞിരിക്കുന്ന
ഞണ്ടിനെ ഓണപ്പുല്ലില്‍
കുടിക്കിയെടുക്കുന്ന കുസൃതി

കൈയ്യിലെടുത്ത് കാലില്‍
ഈര്‍ക്കില്‍ കുരുക്ക്
മുറുക്കുമ്പോള്‍
കൊറുംകാലുകൊണ്ടുള്ള
അവന്‍റെ കടിയില്‍
വേദനിച്ച ബാല്യം

ആ വേദന
എന്‍റെ ഹൃദയത്തിലേക്ക്
അരിച്ചിറങ്ങുന്നു

ചുണ്ടുകളില്‍
മരണത്തിന്‍റെ
തണുത്ത വിരല്‍പ്പാടുകള്‍

ഹൃദയത്തില്‍ നിന്നൊരു വെളിച്ചം
കണ്ണിലൂടെ പുറത്തേക്ക്

അതറിഞ്ഞാവണം
ആ യന്ത്രവും
നിര്‍ത്താതെ കരഞ്ഞത്

Sunday, 1 September 2013

അവസാനമൊഴി

കുടുക്ക്
അതിന്‍റെ വായ്
എനിക്കൊരു
കണ്ഠാഭരണം

ആരാച്ചാര്‍
മുഖത്തണിയിച്ച
കറുത്തതുണി
തടവറയില്‍നിന്ന്
തൂക്കുമരത്തിനടുത്തേക്കുള്ളദൂരം
ഇരുട്ടില്‍ ലയിപ്പിച്ചു

ഞാനവരെ
കൊന്നതെന്തിനാണെന്ന്
ഇതുവരേയും ആരോടും
പറഞ്ഞിരുന്നില്ല

ആ അവസാനമൊഴി
ഇന്നവസാനിക്കും
ഞാനൊരു ദോഷവും
ചെയ്യാത്ത അയാള്‍
എന്നെ തൂക്കിലേറ്റും

കൊല്ലുമ്പോള്‍
മരണവെറിയായിരുന്നു

പലയിടത്തായി
ഒളിച്ചിരുന്ന്
പ്രാണനപഹരിക്കുമ്പോള്‍
ഞാന്‍കേട്ടത്
ഒരു ശബ്ദംമാത്രം

പ്രണയത്തിന്‍റെ
പൂമൊട്ടായി അവളെന്നെ
എല്പിച്ചുപോയ
ചോരക്കുഞ്ഞിന്‍റെ
പാല്‍മണക്കാത്ത
രോദനം

പതിനാലുവര്‍ഷം
നെഞ്ചോടുചേര്‍ത്ത മകളുടെ
അവസാനശ്വാസത്തിന്‍റെ
തുടിപ്പ്

അവളുടെ ശരീരത്തോടൊപ്പം
വിറങ്ങലിച്ച മനസ്സ്
കണ്ടെത്തുകയായിരുന്നു

ലഹരിയുടെ ദുരയില്‍
പിഞ്ചുബാല്യം വലിച്ചുകീറപ്പെടുന്ന
കൈയ്യുകളെ

മനസ്സുപതറാതെ
കൊന്നുതീര്‍ക്കുമ്പോള്‍
ഞാനറിയുകയായിരുന്നു
ചോരയുടെ മണം

ഈ മൊഴി
പറയാതെ പറഞ്ഞതാണ്
എന്‍റെ മനസാക്ഷ്യയോട്

എനിക്കു സ്വന്തമായി
ഇപ്പോഴവശേഷിക്കുന്നത്
അവന്‍മാത്രം

കുടുക്കെടുത്ത
ശരീരം താഴെ
അരാലും ഏറ്റടുക്കപ്പെടാതെ
അനാഥമാകുമ്പോള്‍
ഒപ്പിടേണ്ടത്
അവന്‍മാത്രമാണല്ലോ?