Thursday, 20 February 2014

യക്ഷി

ആണിവിടവുകള്‍ ആഴ്ത്തിവച്ചീടുന്ന
പാലമരത്തിലെ യക്ഷിയാണിന്നുഞാന്‍
പാലതന്‍ പൂക്കളിന്‍ മാദകഗന്ധമായ്
നറുനിലാമഴയിലായ് ‍നനയട്ടെ ഞാനിനി

ബന്ധനമന്ത്രമെന്‍ ശിരസ്സിലായിറ്റിച്ച
പാരിലൊടുങ്ങാത്ത നോവിന്‍ കനവുകള്‍
പേറിയൊടുങ്ങുമോ പാലമരത്തിലായ്
ചോരതുളുമ്പാതെയെന്‍നെടുവീര്‍പ്പുകള്‍

പാലകള്‍ പൂക്കുമീ ഹൃദയതാഴ്വാരത്തില്‍
കാറ്റിന്റെയീണമായി ഞാനൊന്നുമൂളട്ടെ
കുരുവികള്‍ ചേക്കേറും മഞ്ഞണിച്ചില്ലയില്‍
ഒരുനിലാപക്ഷിയായ് ഞാനും ശയിക്കട്ടെ

മല്ലികപ്പൂവുകള്‍ തുന്നിച്ച ചേലയില്‍
എന്മനക്കാമ്പിനെ ചേര്‍ക്കട്ടെ മെല്ലെഞാന്‍
മേഘം പുതപ്പിച്ച മഞ്ഞണിച്ചിന്തുപോല്‍
സ്നേഹം കടംകൊണ്ട പെണ്‍മണിയാണുഞാന്‍

മോഹം മരിക്കാത്ത ഓര്‍മകള്‍പേറുമീ
ഗതിയറ്റ ചിന്തതന്‍ സഞ്ചാരിയാണുഞാന്‍
പാലമരത്തിലെ പാഴ്മരക്കൊമ്പിലായ്
നാവുകുരുങ്ങിയ തേങ്ങലാണിന്നുഞാന്‍

മേലെ നിലാവിലെ നക്ഷത്രക്കണ്ണിയില്‍
നോവായ്ത്തുടിക്കുമെന്‍ അമ്മയെപ്പുല്‍കുവാന്‍
പാരിലുടക്കിക്കിടക്കുമെന്‍ മോഹത്തെ
പാടേ മറന്നങ്ങു പോകേണ്ടതുണ്ടുഞാന്‍

മന്ത്രക്കുരുക്കിന്റെ ബന്ധനപ്പൂട്ടുകള്‍
ഛേദിച്ചുമെല്ലെയാ അമ്മിഞ്ഞ പൂകുവാന്‍
പാലമരത്തിലെ ആണിവിടവിലായ്
വിങ്ങുന്നുവീണ്ടുമാ പെണ്‍മണിയായിതാ.

പുലരി

പുലരിയെത്തുന്നൂ പുറംകടല്‍ ചോട്ടിലായ്
എന്റെയമ്മവന്നില്ലയീ ധനുമാസരാവിലും
കാത്തിരിപ്പാണു ഞാന്‍ പലമുഖക്കാഴ്ചയില്‍
പുലരിപോലെന്റെമ്മ മാടിവിളിക്കുവാന്‍

പള്ളിമുറ്റത്തെയീ മണല്‍ത്തരിക്കൂമ്പുകള്‍
എന്നോടു ചൊല്ലുമോ എന്നമ്മതന്‍ കാലടി
കണ്ണുതിരുമിയീ പുലരിയെ നോക്കുമ്പോള്‍
അമ്മയെക്കാണുന്നൂ അഭ്രബിന്ദുക്കളായി

കൂട്ടുകാര്‍ ചൊല്ലുമാ അമ്മിഞ്ഞതന്‍ രുചി
പുലരിയില്‍ നല്കുവാനമ്മയെത്തീടുമോ
കുഞ്ഞിളം തൊട്ടിലായ് താരാട്ടുപാടുവാന്‍
അമ്മടിത്തട്ടിലായ് ഒന്നു ചാഞ്ഞീടുവാന്‍
എന്‍പുലരിയെത്തുമോ മിഴികളേ പറയുനീ

Tuesday, 18 February 2014

ഹൃദയത്തില്‍നിന്ന്

മണിക്കഴുത്തുള്ളൊരു മണ്‍വിളക്കേ
പതറാതെ നാളംനീചേര്‍ത്തുവയ്ക്കൂ
എഴുതുവാനുണ്ടിനി പ്രണയിനിക്കായ്
ഹൃദയംതുറന്നൊരു കുഞ്ഞുകത്ത്

മഴവില്‍ക്കൊതുമ്പിലെന്‍ പ്രാണനേറ്റി
തുഴയുന്നുഞാനീമനസ്സിനുള്ളില്‍
ഒഴുകുകമുന്നിലെന്‍പ്രണയിനീ നീ
കളകളംപാടും പുടവചാര്‍ത്തി

നമ്മുടെ പ്രണയത്തില്‍ച്ചൂടിടാനായ്
എല്ലിച്ചകൊമ്പില്‍ ഞാന്‍ ചേര്‍ത്തുവച്ച
മഞ്ഞണിപ്പൂവുകള്‍ വാടിനില്‍പ്പൂ
എന്തേവരാത്തതെന്‍ പൊന്‍കുളിരേ

നോവുകള്‍ മുറ്റിയെന്‍ കാലടികള്
നിന്‍വഴിയോരത്തുചെന്നിരിപ്പൂ
വേനല്‍ പൊഴിച്ചൊരീ നഗ്നതയില്‍
ഹൃദയം തകര്‍ന്നുഞാന്‍ കാത്തിരിപ്പൂ

അകലെയാ മേഘത്തെ നോക്കിയെന്നും
കെഞ്ചുന്നു ഞാനീമനസ്സിനുള്ളില്‍
മിന്നലൊളിചേര്‍ന്ന നിന്റെമേനി
എന്നിലേക്കൊന്നങ്ങണച്ചുനല്കാന്‍

പാദസരത്തിന്റെ കൊഞ്ചലോടെ
എന്നിലലിഞ്ഞൊന്നു വന്നുചേരാന്‍
എന്തേമടിക്കുന്നു പെണ്‍മണിയേ
പൊന്നിന്‍കതിര്‍ ചൂടും പുഞ്ചിരിയേ

ഹൃദയം തുറന്നു ഞാനെഴുതിടുന്നൂ
പുഴയേ, പ്രണയിനീ എത്തിടുക
ഒഴുകിവന്നീടുക എന്റെമുന്നില്‍
പ്രണയത്തിന്‍ പൂഞ്ചോലയായിമാറാന്‍

തണല്‍വിരികള്‍

ബലിയിട്ടുഞാനൊന്നു നിവരട്ടെ സരയുവില്‍
കര്‍മ്മകാണ്ഡങ്ങളെസാക്ഷിനിര്‍ത്തി
നോവിന്‍പകലിലീ പിണ്ഡമര്‍പ്പിച്ചുഞാന്‍
പ്രളയംകടന്നിങ്ങു പോന്നിടട്ടേ

ആഴിപ്പരപ്പിലെ മോഹക്കുടുക്കയില്‍
ചാറിപ്പരന്ന മഴമുകിലേ
നിന്നുടെ സീമന്തരേഖയില്‍ചാലിച്ച
മിന്നല്‍ക്കൊടിപോല്‍ മനസ്സിനുള്ളില്‍
ഓര്‍മ്മകള്‍മിന്നി മറഞ്ഞകന്നീടുന്നു
അമ്മകിനിയിച്ച പാല്‍മധുരം

പൊന്നിന്‍കുടുക്കകള്‍ തന്നമിനാരങ്ങള്‍
കൂട്ടിയതൊക്കെയാക്കനല്‍വിരികള്‍
നോവുകള്‍മാറ്റിയ സ്നേക്കിടക്കയോ
അമ്മതന്‍പൊന്‍മടിച്ചെപ്പുതന്നെ

കണ്ടില്ലനോവുഞാന്‍ അമ്മക്കിടക്കതന്‍
മാറാലചേര്‍ത്തകസവുമുണ്ടില്‍
വാത്സ്യപ്പൂമണച്ചൂരിലവളെന്റെ
കണ്ണുകള്‍കൂട്ടിയടച്ചിടുന്നു

ഇന്നിനിവറ്റുഞാന്‍ ആഴക്കയങ്ങളില്‍
എള്ളിന്‍ നിറംചേര്‍ത്തു നല്കിടുമ്പോള്‍
നനയുമോ പട്ടിളം ചുറ്റിനാല്‍ ഞാന്‍തീര്‍ത്ത
പിണ്ഡങ്ങള്‍ കണ്ണിണത്തുള്ളിയാലെ

ബലിയിട്ടു ഞാനീ പടികയറുമ്പോഴും
കാല്‍വഴുതാതെന്റെയമ്മയൊപ്പം
വിട്ടനിശ്വാസങ്ങളൊക്കെയും എന്നിലായ്
അമ്മപകര്‍ന്നങ്ങുകാത്തിടുമ്പോള്‍
ആല്‍മരത്തണലുപോല്‍ ആമടിത്തട്ടില്‍ഞാന്‍
കുമ്പിട്ടൊരുമുത്തം നല്കിടട്ടേ
കുമ്പിട്ടൊരുമുത്തം നല്കിടട്ടേ...

ഗദ്ഗദം

അരിമുല്ലകള്‍ പൂത്തിറങ്ങിയ
എന്റെ തൊടിമുറ്റങ്ങളില്‍
ചാരനിറംപേറിയ കുഞ്ഞുകൂണുകള്‍
കൂനിനില്‍ക്കുന്നു

തണല്‍വിരികളില്‍ കുളിര്‍കോരിയ
വിയര്‍പ്പുമുത്തുകള്‍
രസബിന്ദുക്കളായി
മരണത്തിന് കാവല്‍നില്‍ക്കുന്നു

ഉപ്പൂറ്റികളില്‍ വേനലവധിപകര്‍ന്ന
കതിര്‍കുറ്റികള്‍
വയല്‍പരപ്പില്‍നിന്ന്
തെമ്മാടിക്കുഴികളിലേക്ക് ചേക്കേറുന്നു

ദേശാടനംകഴിഞ്ഞ്
ഭാണ്ഡമിറക്കുമ്പോള്‍
ഞാന്‍ നട്ടുനനച്ച ചെടികള്‍
ഇലപൊഴിച്ച് തണലകത്തുന്നു

ദാഹംമുറ്റിയ ചുണ്ടുകള്‍
വിണ്ടകന്ന് മൗനമടക്കി
നിശ്വാസംപേറുന്നു

കാല്‍വലിച്ച് ഒരിഴയകലത്തില്‍
കാലം എനിക്കുമുമ്പേ
ചരിത്രമെഴുതുകയാണ്

എന്റെയും
ചോരവാര്‍ന്നുപോകുന്ന
എന്റെ പുരാണങ്ങളുടേയും

വരില്ലയെങ്കിലും

മകനേ വരില്ലനീയെങ്കിലെന്നാലുമീ
കരിപൂണ്ടയക്കംഞാന്‍ കൂട്ടിവയ്ക്കാം
വിറയ്ക്കുംകരങ്ങളാല്‍ ചേര്‍ത്തുവച്ചീടുമീ
അക്ഷരനോവിന്റെ ഗദ്ഗദങ്ങള്‍

മുറ്റത്തെമുല്ലയും വെന്തുനൊന്തീടുന്നു
അമ്മതന്‍കണ്ണുനീര്‍ ചൂടിനാലേ
സ്വപ്നച്ചിറകുകള്‍ വീശിപ്പറന്നൊരാ
ശലഭവും ദൂരയായ് മാഞ്ഞിടുന്നു

കോട്ടിയപാളയില്‍ ഏറ്റിവലിച്ചോരാ
തണ്ണീര്‍മഴനിന്നില്‍ പെയ്തിറക്കാന്‍
ഇല്ലില്ലകൈവളചന്തത്തില്‍ചേര്‍ക്കുമാ
കിണറിന്റെയാഴത്തില്‍ തുള്ളിവെള്ളം

നെല്ലിപ്പലക ശിരോലിഖിതങ്ങളായ്
താഴെമരുപ്പച്ച തേടിടുമ്പോള്‍
തൊണ്ടവരണ്ടുകരഞ്ഞുമയങ്ങുന്നു
തൊട്ടിയും കയറിന്‍ മടിക്കുരുക്കില്‍

നീവരുംനേരമെന്‍ മഞ്ചത്തിന്‍ചുറ്റിലും
പട്ടുടുത്തല്പമീ തണ്ണീര്‍തൂവാന്‍
താഴെത്തൊടിയിലെ മണ്‍കുടമൊന്നിലായ്
ഇറ്റിക്കൂ നീനിന്റെ സ്നേഹബാഷ്പം.

Monday, 10 February 2014

പെയ്യുക വര്‍ഷമേഘമേ നീ

പെയ്യുക പെയ്യുക വര്‍ഷമേഘമേ നീ നിന്റെ
ദ്രുതപദതാളലയനാട്യത്തിലീമനമൊന്നിലായ്
മീട്ടുക മീട്ടുക തന്ത്രികള്‍ ഹൃദയപുളകമായ്
ഒഴുകിവന്നീടുക മനസ്സിന്‍ മദനകാമങ്ങളില്‍

ചപലമോഹങ്ങളില്‍ പെയ്തൊഴിഞ്ഞീടുക
പ്രണയപരവശയായ്‍നീ പതഞ്ഞൊഴുകീടുക
പുളകതരംഗിണിയായൊഴുകിനീളുക നദികളേ
നീയീ പാപംകടംകൊണ്ട നോവുപാത്രങ്ങളില്‍

അമൃതൊഴുകും മുലപോല്‍  ചുരത്തിനീന്നീടുനീ
കുമ്പിളില്‍ ഞാനൊരു മൗനം പകര്‍ന്നുവച്ചീടവേ
ദര്‍ഭയവശേഷിപ്പിച്ച വറ്റുനീ പേറുകപിണ്ഡമായ്
ബലിയിട്ടുനല്‍കാമെള്ളു ഞാനീ ശവകുടീരങ്ങളില്‍

കിരണനോവിനാല്‍ തുടുത്ത സ്ഫടികമേനിയില്‍
വന്നുപേറുക നീയീ വെന്തുനീറിയ ഭസ്മച്ചിമിഴുകള്‍
വ്യഥമറന്ന നിത്യസ്‍മ‍ൃതിരൂപങ്ങളായ് തരുക്കള്‍
നീട്ടിവയ്ക്കട്ടെ നഖച്ചീറുകള്‍ നഖക്ഷതങ്ങളായ്

നോവില്‍ലയിപ്പിച്ചൊരാ തണല്‍മരപ്പാതകള്‍
അമ്മയാംപൂവിരിച്ചിട്ട തേങ്ങലിന്‍ചോലകള്‍
പട്ടിന്‍നനവൂറുമാ പ്രകൃതിതന്‍കുങ്കുമസന്ധ്യയില്‍
ബാല്യമെത്തീടുന്നുപിന്നെയും താരാട്ടുതൊട്ടിലായ്

പെയ്യുക പെയ്യുക വര്‍ഷമേഘമേ നീ നിന്റെ
ദ്രുതപദതാളലയനാട്യത്തിലീമനമൊന്നിലായ്
ചാറിയൊടുങ്ങുക കഴുകുകവ്യഥകളെന്‍ നദികളായ്
തലയടിച്ചുറയുക  ഇരുളിന്‍ ശിലാമേഘപാളിയില്‍

ഒടുങ്ങട്ടെ സ്വപ്നവും സുഷുപ്തിയും ചരങ്ങള്‍ തിരിയുമീ
സമയചക്ര മൃദുല സംസാരബന്ധനബന്ധങ്ങളും
തിരയടിക്കട്ടെ ആഴിതന്‍ പ്രണയച്ചുഴികളില്‍
ആഴ്‍ന്നുപോകട്ടെ മനസ്സിന്‍ വ്രണിതമോഹങ്ങളും.

ഒന്നുപാടൂ ഒരിക്കല്‍മാത്രം

ആകാശചെഞ്ചുഴിച്ചോലയില്‍ പൂക്കുമാ
പൊന്നിന്‍പതക്കമിങ്ങെത്തി പെണ്ണേ
മൊട്ടുകള്‍കോര്‍ത്തൊരീ ചെമ്പകച്ചില്ലകള്‍
പൊന്നിന്‍ കതിരൊളി ചൂടിപെണ്ണേ

നീവരൂചില്ലയില്‍ ചേക്കേറിയെന്നിട്ടെന്‍
ഉള്ളിലെ രാഗമൊന്നേറ്റുപാടൂ
പൊന്നിളംചുണ്ടിനാലെന്നുടെചിത്തത്തെ
പാടിത്തരികെന്റെ പൂങ്കുയിലേ

കുത്തിക്കുറിക്കുമീ കൈവിരല്‍ത്തുമ്പിനാല്‍
നിന്നുടെ നാണംഞാന്‍ കൊത്തിവയ്ക്കാം
പച്ചിലച്ചോലയില്‍ മിന്നിമറഞ്ഞുനീ
എന്നുടെ പാട്ടൊന്നുമൂളുകില്ലേ

പാടാനറിയാത്ത എന്‍മനചിന്തിനെ
ഈണത്തില്‍നീയൊന്നുകൂകിവിട്ടാല്‍
കാതങ്ങള്‍ക്കപ്പുറം കാത്തിരുന്നീടുമെന്‍
ഓര്‍മകള്‍ നോവുപകര്‍ന്നുവയക്കും

മറുവാക്കുകൊണ്ടെന്റെ ഹൃദയംകുളിര്‍ത്തിടും
ഇണയെന്റെ പ്രണയമറിഞ്ഞുകൊള്ളും
നീവരൂചില്ലയില്‍ ചേക്കേറിയെന്നിട്ടെന്‍
ഉള്ളിലെ രാഗമൊന്നേറ്റുപാടൂ

വരികനീ

തുള്ളിമുറിഞ്ഞുതുടങ്ങും ഇറമ്പിലി
കിങ്ങിണികെട്ടിയ കുഞ്ഞുപെണ്ണെ
നിന്നുടെചിന്തുകള്‍ ചില്ലമേലിറ്റിച്ച്
ചുമ്മാകിണുങ്ങുന്നതെന്തിനാണോ

ചില്ലകുലുക്കിയാകുഞ്ഞുമലര്‍മഴ
എന്നിലേക്കിറ്റിക്കാന്‍ മോഹമായി
മുറ്റത്തെ പിച്ചകമൊട്ടിലായ് നീവച്ച
ചുംബനമുത്തിനെ ഞാനെടുക്കും

പ്രേമംചുരത്തും കുളിര്‍ശരമൊന്നിനെ
ഹൃദയത്തിലേക്കുഞാന്‍ ചേര്‍ത്തുവയ്ക്കും
നിന്നിലെശീല്‍ക്കാരമെന്നിലണിയിക്കും
കുളിരുമായോര്‍മ്മതന്‍ ബാല്യകാലം

പളുങ്കുമണികള്‍ ചിതറിയചേമ്പില
തുമ്പില്‍ നനഞ്ഞൊരാബാല്യകാലം
ആലിപ്പഴംമ്പോലെ ചിന്നിചിതറുമെന്‍
അമ്മമനസ്സിലെ നല്ലകാലം

എന്‍റെ മനസ്സിലെ കുഞ്ഞിളംവഞ്ചികള്‍
ചുമ്മാനനയിച്ച കുഞ്ഞുപെണ്ണേ
നിന്റെ പ്രണയത്തിന്‍ നോവുകള്‍ പേറുവാന്‍
എന്നിലേക്കിറ്റിക്കൂ പ്രേമതീര്‍ത്ഥം

പരിഭവക്കൂട്ടുകള്‍ ചാലിച്ചെടുത്തുനീ
അകാശമേടയില്‍ സഞ്ചരിക്കേ
ജന്നല്‍പ്പടിയിലെ കുഞ്ഞുവിതാനങ്ങള്‍
നിന്നെയന്നുള്ളിലായ് ചേര്‍ത്തുവയ്ക്കും

വരികനീ പ്രേമസുരഭിലയായെന്റെ
മാറിലുറങ്ങുവാനൊന്നുവേഗം
നീറുംകിടക്കവിരികള്‍ ചുവപ്പിച്ച
ചിതയിലേക്കിത്തിരിയമൃതുതൂകാന്‍.