Sunday 30 March 2014

വീണ്ടും മഴയെത്തുന്നു

മഴവില്‍ മണിതീര്‍ത്ത നൂല്‍മഴപ്പന്തലില്‍
നീര്‍പ്പോളപൊട്ടിച്ചിതറിക്കളിക്കവേ
ദൂരയാ ചിന്തതന്‍ പെരുമഴക്കാലമായ്
ജാലകപ്പടി ചാരി അമ്മ നില്‍ക്കുന്നൂ

ചെമ്പകപ്പൂവില്‍ നിന്നിറ്റുവീഴുമാത്തുള്ളികള്‍
ചിന്തയില്‍ താളം പിടിക്കവേ
അമ്മ മനസ്സിലെ സ്നേഹപ്പെരുമ്പറ
ചങ്ങലപൊട്ടിച്ചു വിങ്ങലായ് മാറിയോ

ഏകയായീമുറി വാതില്‍പ്പടികളില്‍
ഓര്‍മ്മകള്‍ പേറി ഞാനീമഴ കാണുമ്പോള്‍
പാല്‍ക്കഞ്ഞി നല്കി വളര്‍ത്തിയോരുണ്ണിയെ
കാണുവാനായിനി എത്ര കാത്തീടണം

ഇന്നിനിവേണ്ട പെരുമഴയല്ലയോ
ഉണ്ണിക്കു ദീനം വരുത്തരുതീശ്വരാ
കാഴ്ച മറഞ്ഞൊരാ കണ്ണടച്ചില്ലുകള്‍
കാത്തിരിപ്പിന്റെയീ ദൂരം പറയുന്നു.

കൂട്ടില്‍ കിളികളായ് അമ്മമാര്‍ ഞങ്ങളീ
വൃദ്ധാലയത്തിലെ സങ്കടത്തോണികള്‍
മങ്ങിയകണ്ണുകള്‍ കാത്തുവച്ചീടുന്നു
പിച്ചനടക്കുമാ ഉണ്ണിതന്‍ കാലുകള്‍.

അകലെത്തിലെന്‍മകന്‍ ഓര്‍മ്മ പതുക്കുമാ
ശബ്ദച്ചിറകുകള്‍ പാറിവന്നീടവേ
അകാശച്ചാലിലൂടൊഴുകുമാ ശബ്ദമെന്‍
കാതിലൊഴുക്കും പരിഭവക്കൂണുകള്‍

വീണ്ടും മഴയെത്തിയെങ്കിലും മുറ്റത്ത്
കണ്ടതില്ലെന്നുയിര്‍ പൊന്‍മണിമുത്തിനെ
നോവുകള്‍ വീശിയടുത്തെത്തുമാക്കുളിര്‍
തെന്നലും മിണ്ടാതെ തെന്നി മറയുന്നു

Saturday 29 March 2014

ഗാനം- 1

പ്രണയം പൊലിഞ്ഞൊരെന്‍ മിഴിയിലേ കനവുപോല്‍
സന്ധ്യയിരുള്‍പൂകി നോക്കിനില്‍ക്കേ
ഇരുളില്‍ നിലാമഴപെയ്യാതെ നോവുകള്‍
മനസ്സില്‍ കനല്‍ക്കൂടുകെട്ടി

മിഴികള്‍ തുടയ്ക്കുമ്പോള്‍ നിന്‍ കളിക്കൊഞ്ചലെന്‍
ഹൃദയത്തുടുപ്പിലായ് ചേര്‍ത്തുവയ്ക്കേ
ഒന്നു വിതുമ്പിക്കരയാതെ മൌനമായ്
കദനമെന്‍ നെഞ്ചില്‍ പടര്‍ന്നിറങ്ങീ

കളിവാക്കു പറയാതെ കണ്‍മുനയാലൊരു
പരിഭവം  ചൊല്ലി നീ പോയിടുമ്പോള്‍
മനസ്സിലേ കോണിലായൊരു മുറിപ്പാടുമായ്
ഇടറി ഞാനെന്തിനോ തേങ്ങിടുന്നു

പുസ്തകത്താളിലായ് നീ ചേര്‍ത്തുവച്ചൊരാ
പ്രണയം തുടിക്കും പരിഭവങ്ങള്‍
മനസ്സില്‍ പതിച്ചൊരാ പുഷ്പശരങ്ങള്‍പോല്‍
മധുരമാം നോവു പകര്‍ന്നിടുന്നു

നീയറിയുമോ?

അമ്മേ അറിയുമോ നീ നിന്റെ മക്കളെ
ശ്വാസഗതിയറിയാതുഴറും പുഴുക്കളെ
പശിതിന്നു പശിതിന്നുടലിന്‍ ഞരമ്പുകള്‍
വിറകൊള്ളുമീ കൂരിരുള്‍ക്കൂട്ടിലമരും ജനികളെ

പുഴുക്കുത്തുവീഴാ തളിക്കും വിഷധൂളിയില്‍
ഉടല്‍വെന്തുനീറി തുടിക്കും കുരുന്നിനെ
കാടിന്റെമക്കളായ് മനസ്സില്‍ ശാന്തമാം
പുഴച്ചോലകള്‍ തേടും വിഷുക്കിടാത്തിയെ

ഇലപൊഴിഞ്ഞ് വസന്തനോവിനാല്‍
ഒരു പൂ പെറ്റുവീഴ്ത്തുവാന്‍കഴിയാതെ
തേങ്ങിയും, മുരടിച്ച പാല്‍ചിന്തുമായി
വിരലുകൂമ്പി പുളയും ദാഹാര്‍ദ്രയെ

നീകേട്ടുവോ അമ്മേ നിന്‍ മാര്‍ത്തട്ടിലീ
ചോരതുന്നും നഖപ്പാടിന്റെ രോദനം
നാവറുത്തുറയും ചുടലഭീതിതന്‍ തേങ്ങലും
നിശകള്‍ മൗനമാക്കുമാ ശീതളത്തെളിമയും

നീ കണ്ടുവോ അമ്മേ നിന്റെ പുത്രിയെ
പ്രാണനായലതല്ലി പടര്‍ന്നലയുമാ അല്ലിയെ
ഒരുമൗനമായ് കായ്ച്ച് കുടില്‍കൂട്ടിലീ
പുടവചിന്തിക്കേഴുമീയേഴതന്‍ സന്ധ്യയെ

പാല്‍മധുരം രുചിക്കാത്ത ചുണ്ടിണകളെ
നാവുതീണ്ടാ ജലമില്ലാതലയും കുരുന്നിനെ
പ്രാണവള്ളിയായ്ച്ചുരുങ്ങും അസ്തികൂടത്തിനെ
ചങ്ങല കാല്‍ച്ചിലമ്പായൊരു ജീവതാളത്തിനെ.

കൊഴിഞ്ഞതിനെപ്പറ്റി

എന്റെ റോസാച്ചെടി
അതില്‍ നിറയെ സുഗന്ധമുള്ള
സൗഹൃദപ്പൂക്കള്‍

ചിലവ 
ഞാന്‍ നിനച്ചിരിയ്ക്കാതെ 
കൊഴിഞ്ഞുപോകുന്നു

മുള്ളുകള്‍
വേദനകളായി
വരഞ്ഞുകീറുന്നു.

കൊഴിഞ്ഞുപോയവയുടെ
സുഗന്ധം ഞാനറിയുന്നത്
അവ നഷ്ടമായപ്പോഴാണ്

ദളങ്ങള്‍
ആത്മരൂപം
വരച്ചെടുക്കുന്നതിനു മുന്നേ
അവര്‍ മധുവും
സുഗന്ധവും അളവറ്റ്
ചുരത്തിയിട്ടുണ്ടാകണം

എവിടെയോ
ഒരു പുതുമൊട്ടായി
കൊഴിഞ്ഞവ പുനര്‍ജ്ജനിക്കുമോ?

ഒരു കോവില്‍കൂടി

ഞാനിന്നൊരമ്പലം പണിതെടുക്കും
ശില്പിയീഞാന്‍ തന്നെ ദേവനാരോ?
ഉയിരറ്റ പുഷ്പങ്ങള്‍ ചേര്‍ത്തുവച്ച്
ദേവനു പൂജയുമില്ലതന്നെ.

മണിയൊച്ചയില്ല ഉഴിച്ചിലില്ലാ
പാണ്ടിമേളങ്ങളുമില്ലതന്നെ
സാമ്പ്രാണിയില്ല വിളക്കുമില്ല
അന്തിക്കൊരുകൂട്ടമാളുമില്ലാ

എങ്കിലും നേദ്യം ഞാന്‍ വെച്ചിരിക്കും
സ്നേഹപ്പെരുമഴത്തുള്ളിചേര്‍ത്ത്
കണ്ണീര്‍ക്കണമറ്റ ദേവരേ നീ
എന്നില്‍പൊറുത്തെന്നെ കാത്തുകൊള്‍ക

മൂന്നുകല്‍ കൂട്ടിഞാന്‍ തീയിടുമ്പോള്‍
മുകളിലാ മണ്‍കലം ചേര്‍ത്തുവയ്ക്കും
നോവുകള്‍തീര്‍ത്തൊരാ പശിയടങ്ങാന്‍
അരിയിട്ടു ഞാനതില്‍ കഞ്ഞിചേര്‍ക്കും

തെരുവിലനാഥരാം കുഞ്ഞുമക്കള്‍
ഓടിവാ നേദ്യം കഴിച്ചുപോകാം
പൂജകളില്ലയീയമ്പലത്തില്‍
മുണ്ടുമുറുക്കാതെടുത്തുകൊള്‍ക

ഞാനിന്നൊരമ്പലം പണിതെടുക്കും
ശില്പിയീഞാന്‍ തന്നെ ദേവനാരോ?
ഇനിയെന്നുമെന്റെയീയമ്പലത്തില്‍
പശിയെന്ന ദേവനെ സല്‍ക്കരിക്കാം.

നീയെവിടെ

കാട്ടുവഴിയിലന്നെന്നോടുകൊഞ്ചിയ
കുഞ്ഞുകിളിനീയെവിടെ മറഞ്ഞൂ
കാടുമരിച്ചപ്പോള്‍ കാട്ടാറുചത്തപ്പോള്‍
മഞ്ഞണിക്കുന്നുകള്‍ ഒക്കെ നിരന്നപ്പോള്‍
കുഞ്ഞിക്കിളീ നീയെവിടെ മറഞ്ഞൂ

വാകമണംചേര്‍ത്ത കാറ്റും പറഞ്ഞില്ല
നേരംകഴിഞ്ഞെത്തും മഴയും പറഞ്ഞില്ല
ചേക്കേറുംനേരമാ സന്ധ്യയും കണ്ടില്ല
പുലര്‍കാലെ നിന്റെയാ കൂകലും കേട്ടില്ല
കുഞ്ഞിക്കിളീ നീയെവിടെ മറഞ്ഞൂ

വീട്ടുമുറ്റത്തിതാ പേരകള്‍ പൂക്കുന്നു
തേന്‍നുകരുന്നിതാ വണ്ടുകളൊക്കെയും
ശലഭങ്ങളെമ്പാടും പാറിക്കളിക്കുന്നു
നീമാത്രമെന്തെന്റെ പൈങ്കിളീ വന്നില്ല

നിന്നെത്തിരക്കിഞാന്‍ കാടുതിരഞ്ഞപ്പോ
കത്തിയമര്‍ന്ന മരക്കൂട്ടിനുള്ളിലായ്
നീവച്ചുപോയൊരു ഹൃദയം തുടിച്ചെന്റെ
നോവുകള്‍ പലവഴി ചിതകൂട്ടിനില്‍ക്കുന്നൂ

പ്രണയാക്ഷരങ്ങള്‍

പ്രണയമേ നീതന്നയക്ഷരക്കൂട്ടിലെന്‍
വിരഹമൊളിപ്പിച്ചു ഞാനിരിപ്പൂ
പറയാന്‍ മറന്നൊരാ അക്ഷരക്കൂട്ടിലെന്‍
ദാഹമൊളിപ്പിച്ചു ഞാനിരിപ്പൂ

മിഴിവേണ്ട സ്വപ്നങ്ങള്‍ കണ്ടുമയങ്ങുവാന്‍
നോവുകള്‍ വിങ്ങുമീ ഹൃത്തടത്തില്‍
ഓര്‍മ്മകള്‍ കൊണ്ടൊരു പായ വിരിച്ചതില്‍
നോവുകളൊക്കെ പകുത്തുവയ്ക്കാം

പണ്ടേ മറന്നു ഞാന്‍ പോയ വഴികളില്‍
ചുമ്മാ കിനിയും പുതുമഴയേ
സ്വപ്നങ്ങള്‍ കൊണ്ടൊരു മുത്തുപതക്കങ്ങള്‍
എന്നിലിറ്റിച്ചുനീ വന്നുപോകൂ

എന്നെത്തഴുകിക്കടന്നുപോം കാറ്റെ നീ
കൈകളില്‍ച്ചൂടുമോയെന്റെ മോഹം
സ്നേഹം വിതച്ചു നീ മൂളിപ്പറക്കുമോ
പാഴ്മുളംത്തണ്ടിലായെന്റെ രാഗം

ബലിച്ചോറ്

ഒരു വയല്‍ കൊത്തിക്കിളച്ചു
ഞാനതില്‍ വെറുതെയാ പാഴ്ക്കല്ലുകൂട്ടി
ചേറു പുതഞ്ഞ നിലത്തില്‍
ഇനി വേണ്ടൊരു വിത്തും വിതയ്ക്കാന്‍
നീയാ ഹൃദയമെടുക്കൂ
ചേറ്റിലായ് താഴ്ത്തി മെതിക്കൂ
വേണ്ടിനി ഹൃദയം നമുക്ക്
ചിരിയില്ലേ ചുണ്ടിലു നീളെ
കണ്‍തുറന്നേ നീ നടക്ക്
കാഴ്ച നീ കാണേണ്ടയെന്നാല്‍
ദാഹം വരുന്നു എനിക്ക്
എങ്കിലും പുഴവേണ്ട വഴിയായ് നടക്ക്
കാതുണ്ടോ നിന്‍റെ മുഖത്ത്
കേള്‍ക്കേണ്ടതില്ലിനിയൊന്നും
മൂക്കില്‍ത്തുളയക്കുമാ ഗന്ധം
ചോര പടര്‍ന്നതാണെന്നാല്‍
കൈകൊട്ടിയാര്‍ക്കുക നീയും
കുടല്‍മാലതൂക്കിനീ ചാര്‍ത്തൂ
നിനക്കുള്ളഹാരമാണെന്നും
നാവില്ലേ നീയിനിപ്പാടൂ
കുരവ എനിക്കുള്ളതാവാം
നാക്കിലത്തുമ്പിലീയൂണ്
എന്‍റെ ബലിച്ചോറ് തന്നെ