Saturday 18 October 2014

ഗദ്ഗതം

പകല്‍വാതില്‍ചാരി നീ എങ്ങുപോകുന്നു 
വഴിമറന്നെന്നെ ഇരുട്ടിലാക്കി
ഒരു നോവുപകര്‍ന്നു നീ ഇടനെഞ്ചിലൊക്കെയും
പ്രണയമായൊരുസന്ധ്യ പൂകിടുന്നു
കൂടെയെന്‍നിഴലിനെ കൂട്ടുവിളിക്കാതെ
മനസ്സൊരു പറവയായ് പറന്നിടുന്നു
പടിയിറമ്പില്‍ ഒരു മഴമേഘമെത്തുമ്പോള്‍
പടിചാരി ഞാന്‍ നിന്നെയോര്‍ത്തിരിക്കും
കുളിരുള്ള രാവുകള്‍ മധുമലര്‍ചൊരിയുമ്പോള്‍
മദനപ്പൂപോലെ ഞാന്‍ പൂത്തുനില്‍ക്കും
കുങ്കുമംചാലിച്ച കവിള്‍ത്തടമൊന്നില്‍നീ
ചുംബനപ്പൂചേര്‍ക്കാനെത്തിടാമോ
താരങ്ങളേ നിശാശലഭങ്ങളേ നിങ്ങള്‍
എന്‍റെയീ തല്പത്തില്‍ വന്നിടാമോ
കൂരിരുള്‍ മായട്ടെ പൂനിലാ വിരിയട്ടെ
ഞാനെന്‍റെ പ്രണയത്തെ പുല്‍കിടട്ടെ
ഞാനെന്‍റെ പ്രണയത്തെ പുല്‍കിടട്ടെ

യുഗം

നീയാണോ പിണമേയാ 
മലമേലെ പാര്‍ത്തത്
മലമേലെ ദൈവത്താന്‍റെ 
തിരുരൂപം ചമച്ചത്
നാവുനീണ്ട ചുണ്ടുനീട്ടി
പയ്യാരം പറഞ്ഞത്
കൂമ്പാള കൈയ്യിലേന്തി
പൊങ്കാല കുളിച്ചത്
നീയല്ലേ പൊട്ടനായി
തീവട്ടം മറിഞ്ഞത്
പുഴവെള്ളം തടുത്തെന്‍റെ
പാടത്തു തേവ്യേത്
മഴവന്ന നേരത്തെന്‍
മടവെട്ടിത്തുറന്നത്
കുലര്‍ക്കറ്റ കൊയ്തങ്ങു
പടിമേലെ മെതിച്ചതു
പൊലിപാറ്റി പതിരെല്ലാം
പകുത്തങ്ങു കൊടുത്തത്
വഴിതെറ്റി നീയെന്തേ
പിണമായി കിടക്കുന്നു
വടക്കുന്നു വന്നകാറ്റ്
മെതിച്ചില്ലേ നിന്‍റെകൂര
കനത്തുള്ള മഴനിന്‍റെ
മലതന്നെ പിളര്‍ന്നില്ലേ
മദംപൊട്ടി മലവെള്ളം
ഒലിപ്പിച്ചു ദൈവത്താനെ
പകുത്തൊരു പകുതിയില്‍
ദേഹിയില്ല ദേഹമായി
തിരുമുടി മഴച്ചാറല്‍
പിണംതേടും തീക്കുണ്ഡം

ചായങ്ങള്‍ പടര്‍ന്നപ്പോള്‍

വിരലീമ്പുന്ന കുഞ്ഞ്
ശബ്ദമിടറുന്ന റേഡിയോ
മുഖം വരയ്ക്കുന്ന കണ്ണാടി
കത്തുന്ന അടുപ്പ്
തീകായുന്ന പൂച്ച
കാവല്‍നില്‍ക്കുന്ന നായ
തൂക്കിയിട്ട കാലന്‍കുട
നിറയെ മുള്ളുകളുള്ള റോസാച്ചെടി
തലകീഴായൊരു കടവാതില്‍
കറുത്ത അക്ഷരങ്ങലിലൊരു പ്രണയലേഖനം
കല്ലുരുട്ടുന്ന പുഴ
അക്കം മറന്നുപോയ മൈല്‍ക്കുറ്റി
ഫണമുള്ളൊരു പാമ്പ്
വഴിതെറ്റിയ കാറ്റ്
മുടിയഴിഞ്ഞ പെണ്‍കുട്ടി
ഒരു മുല്ലപ്പൂവ്
ഒരു ചായപ്പെന്‍സില്‍
നിരോധിച്ചൊരു നാണയം
ഞാന്‍, നീ, കാട്ടുപന്നി
നിറം കറുത്ത സ്വപ്നങ്ങള്‍
ഇരുട്ട്

നാട്ടുമുല്ലകള്‍ പൂക്കില്ല

കൊലുസിട്ട മരത്തിന്‍റെ
ഇലത്തുമ്പില്‍ ഞാത്തുകെട്ടും
മണിത്തുള്ളി മഴപ്പൊന്നേ
പറഞ്ഞുതായോ
മരച്ചിരി നിലച്ചുവോ
മധുഗന്ധം മറഞ്ഞുവോ?
പറകൊട്ടും കാട്ടുപാത
നിലവിളിച്ചുറങ്ങിയോ?
തുടികൊട്ടിയൊരുമന്ത്രം
മൂപ്പനന്നു ജപിച്ചപ്പോള്‍
മലമേലെ ഒരുമേഘം
വഴുതിവീണോ
കാടുതന്ന പൂക്കള്‍തന്നെ
മലദൈവത്താനു നല്കി
കാട്ടുചോല തേനരുവി
പതഞ്ഞു പാടി
കാടിനുണ്മ കോര്‍ത്തനന്മ
കാട്ടുമക്കള്‍ ചേര്‍ത്തുവച്ച്
പാട്ടൊരുക്കി ഗോത്രമായി
കഴിഞ്ഞ കാലം
കാവുപൂത്തു കനവുപൂത്തു
കാട്ടിന്മക്കള്‍ ചേര്‍ന്നുപാടി
കാടുനല്കും ഉറവകൊണ്ടു
നിറഞ്ഞ കാലം
വന്നു ദേശക്കെട്ടുചുറ്റും
കാടുകാക്കും ഭരണതന്ത്രം
നാടരെന്ന വന്യജീവി
സന്നിവേശങ്ങള്‍
കാടളന്നു കല്ലുമിട്ടു
വേലികെട്ടി വരികുഴിച്ചു
നല്ലചോല കാടുവെട്ടി
മരവും നട്ടു
മാന്‍മറഞ്ഞു കിളിപറന്നു
നല്ലചോല കാടുവെന്തു
കാട്ടുജീവി അസ്ഥിയായി
കൂടുമാറുന്നു
പാടിനിന്ന കാട്ടുപെണ്ണ്
നെഞ്ചുനൊന്താ കൂട്ടിനിള്ളില്‍
പിടപിടച്ചൊരു മുട്ടയിട്ട്
അമ്മയാകുന്നു
വഴിമറന്ന കാട്ടുപാത
വഴുവഴുത്ത പുതപ്പിനുള്ളില്‍
കാട്ടദൈവപുരക്കൂട്ടിന്‍
വാതില്‍ ചാരുന്നു
കാടുമില്ല തേവരില്ലാ
കാട്ടുമക്കള്‍ കരയുമ്പോള്‍
ധാന്യമൊന്നു വിതറിയിന്നീ
നാട്ടുമക്കള്‍ ചിരിക്കുന്നു
പ്രാണനുള്ള കാടിനുള്ളില്‍
പ്രാണനില്ലാ മക്കളായി
ഗോത്രമെന്ന സംസ്കാരം
വെന്തു നീറുന്നു.
ഇന്നു നമ്മള്‍ മറക്കുന്ന
കാട്ടുചോല പൂങ്കുളിരില്‍
നാട്ടുമുല്ല പൂക്കില്ല
ഓര്‍ത്തുവച്ചോളൂ

കൂടുമാറ്റം


എന്തിനാണെന്നെ നീ
അടിവയര്‍ത്താങ്ങിലായ്
ചുമ്മാചുമന്നതന്നെന്‍റെയമ്മേ
എന്തിനാണന്നുനീ തീയുള്ളവേദന
തിന്നുതിന്നെന്നെ പെറ്റതമ്മേ
എന്തിനാണന്നനിക്കമൃതമാം മുലകളെ
ചപ്പിക്കുടിക്കുവാന്‍ തന്നതമ്മേ
ചങ്കിന്നുയിരായുണര്‍ത്തുന്ന പാട്ടുകള്‍
എന്തിനായെന്നിലുറക്കിയമ്മേ
എരിവുകൂടാതങ്ങെണ്ണയില്‍ചാലിച്ച
ഉരുളകള്‍ നീയെനിക്കേകിയമ്മേ
പിച്ചനടക്കുമ്പോള്‍ കാലടിനോവുമ്പോള്‍
എന്തുനിന്‍ നെഞ്ചകംനൊന്തതമ്മേ
എന്നുടെ ചുണ്ടിലെ പുഞ്ചിരികൊണ്ടുനീ
നെഞ്ചത്തില്‍ സ്വപ്നങ്ങള്‍ ചേര്‍ത്തതമ്മേ
അന്നു നീ താങ്ങിയ ഗര്‍ഭത്തിന്‍ നോവുകള്‍
ഇന്നിന്‍റെ വാര്‍ദ്ധക്യം കണ്ടെടുക്കേ
നിന്നിലലിയുവാന്‍ വെമ്പും ചിറകുകള്‍
പണ്ടേ കരിച്ചുഞാനെന്തിനമ്മേ
പാഴ്മുളപൊട്ടി വിരിഞ്ഞൊരു പൂവുഞാന്‍
ആഴമറിയാത്ത നോവിന്‍റെ കൂരിരുള്‍
ഞാനുമറിയുന്നു നിന്നിലെ വേദന
അമ്മയായിന്നു പുനര്‍ജനിക്കേ
നീപേറി പെററുവളര്‍ത്തിയ നോവുകള്‍
ഭാണ്ഡത്തിലായിങ്ങു തന്നേച്ചു പോകുക.

നില്‍പുസമരം


ഭരണക്കാരിരിക്കണതാഴെ
കുടിയാന്മാരിവരൊരുകൂട്ടം
ചുമ്മാതെ നിയ്ക്കണകണ്ടാ
പത്രക്കാരവരുടെചുറ്റും
ആരാണ്ടാ പറഞ്ഞവരത്രെ
ചുമ്മാണ്ടാ നിയ്ക്കണതല്ല
നെല്ലില്ലാ അവരുടെചട്ടീല്‍
കാടില്ലാ തിരിയണ മക്കള്‍
കൂട്ടത്തില്‍ നിക്കണ മരമീ
കാടെന്നു ചൊല്ലണ നാട്ടാര്‍
ഒറ്റകയ്ക്കു നിക്കണമരത്തെ
വെട്ടിക്കോ കാടരു കാണാ
പുലിയുണ്ടാ മടയുടെ പിന്നില്‍
ഒഴുകുന്ന പുഴയുടെ മറവില്‍
പലതുണ്ടായ് പൊട്ടണവെള്ളം
കുപ്പീലായ് വാങ്ങണ കണ്ടാ
ആ കുടിലിന്‍റെ മറവിലുകണ്ടാ
ഒരുകുഞ്ഞു കരയണകണ്ടാ
പെരുകുന്ന വയറതുകണ്ടാ
പതിനാലു തികയണപെണ്ണാ
അറിയാത്ത ബാല്യമതൊന്നില്‍
തിരിയാത്ത അമ്മ മനത്തെ
എല്ലിച്ച കോലമതൊന്നായ്
ചിത്രത്തില്‍ കോര്‍ക്കണകൂട്ടര്‍
പെരുകുന്ന രോഗമതൊന്നില്‍
വലയുന്ന കാടിന്‍കൂട്ടില്‍
ഒരുഞാണിന്‍ പഞ്ഞംതീര്‍ക്കാന്‍
ഉഴറുന്നു കാടിന്‍ മക്കള്‍
കണക്കന്‍റെ നാള്‍വഴിയില്‍
പൊലിയുന്ന കാടിന്‍മക്കള്‍
തുടിക്കുന്ന ഹൃദയത്തോടെ
പറയില്ലിനിയോരുനോവും
ദുരിതത്തിന്‍ കണക്കുകുറിക്കാന്‍
കാറിലായ് എത്തണകൂട്ടര്‍
കാടെത്തും മുമ്പേതന്നെ
കുളിരുള്ള കൂട്ടിലുറങ്ങും
പരിപ്പുള്ള അണ്ടിചവച്ചും
കുപ്പീലെ വെള്ളമൊഴിച്ചും
ദുരിതകഥ തീര്‍ത്തെഴുതുമ്പോള്‍
മായുന്നു കാടിന്‍ മക്കള്‍
ചോരുന്ന കുടിലിന്‍കീഴെ
കിടുങ്ങുന്ന കാടിന്‍മക്കള്‍
ദുരിതത്തിന്‍ പഞ്ഞംപറയാന്‍
നാടിന്‍റെ ഓരംചേര്‍ന്നു
ഭരണത്തിന്‍ കൊടികള്‍പറക്കും
തെരുവിന്‍റെ ഇടനാഴിയിലായ്
നില്‍പിന്‍റെ സമരംപേറി
ദുരിതപാട്ടവരുമുഴക്കി
അടിയാളര്‍ നില്‍ക്കുംനേരം
പൊടിപാറും കൊടിയുംപേറി
ഓണത്തിന്‍ കാഴ്ചക്കൂട്ടം
നഗരത്തില്‍ വലയംചെയ്തു
നഗരത്തിന്‍ നന്മവിളമ്പി
നാടാടെ കെട്ടുംകാഴ്ചേം
ഉരുളുന്ന വണ്ടിക്കുള്ളില്‍
മാവേലി കൈയ്യുംകെട്ടി
നില്‍ക്കുന്നു കാടിന്‍മക്കള്‍
തെരുവിന്‍റെ ഓരത്തിപ്പോള്‍
മാവേലി പോയിട്ടിന്നും
കഞ്ഞിക്കു വകയില്ലാതെ
ഒരുനേരം കോട്ടിയകുമ്പിള്‍
കരിഞ്ഞിട്ടും മഴപെയ്തില്ല
ഒരു തുള്ളി നീരിന്‍ തുണ്ടീ
മൗനത്തിന്‍ കരകണ്ടില്ല.
ഭരണക്കാരിരിക്കണതാഴെ
കുടിയാന്മാരിവരൊരുകൂട്ടം
ചുമ്മാതെ നിയ്ക്കണകണ്ടാ
പത്രക്കാരവരുടെചുറ്റും.

ഒരു ഗീതം

പ്രണയമേ നീയാ പഴയ കടലാസിലെ
മഷിപടര്‍ന്നൊരാ മധുര നോവാകുമോ?
ഉടലിലുരുമുമൊരു ചെറിയകാറ്റായീ-
മനസ്സിലുരുകുമൊരു വ്യഥയെ മാറ്റീടുമോ? 
എന്‍ സിരകളറിയുമാ പുളകഞൊറികളില്‍
പടര്‍ന്നുമറയുമൊരു വിരഹനോവാകുമോ?
കണ്ണിണയിലിടയുമൊരു മദനശരമൊടു
മനസ്സുതൊട്ടു നീയെന്നിലുറഞ്ഞാടുമോ?
ആരമുലകളിനമ്പുകൊണ്ടുമനമിണ്ടല്‍പൂണ്ടു
ഞാനിന്നീവരികള്‍ കുറിക്കവേ
സ്നേഹമറുമൊഴി നീ കുറിക്കുക
എന്‍റെ ജീവനാം പ്രണയമേ..