Tuesday 23 June 2015

മുറിപ്പാടുകള്‍

വരണ്ടുപോയ മനസ്സുമായ്
വിത്തുനട്ടുനടക്കുകില്‍
വരണ്ടമണ്ണില്‍ തണലുനാട്ടാന്‍
വിടരുകില്ലീ പൂമരം
മുകിലുപെയ്തൊരു മലമടക്കില്‍
മുറിവുണങ്ങാ മടകളില്‍
മുലകളറ്റു വിതുമ്പിനില്‍ക്കും
മലകളാണിവിടുറവകള്‍
മലയരിഞ്ഞവര്‍ നല്ലപാട
മടികള്‍മേലെനിറച്ചതും
മഴുവെടുത്തീ മരണദൂതായ്
മരമൊടിച്ചു കളിച്ചതും
പുഴകള്‍മൂടി പുതുമകൂടും
പുരകള്‍കെട്ടി വസിച്ചതും
പുതിയ യന്ത്രക്കോപ്പുകൂട്ടി
പുകപറത്തി രസിച്ചതും
വരണ്ടവേനല്‍ തീമഴയ്ക്കായ്
വഴിതെളിച്ചവര്‍ നമ്മളും
വിറളിപൂണ്ട മനസ്സുമായി
വലയെറിഞ്ഞവര്‍ നമ്മളീ
കുഴികള്‍വെട്ടി ജീവിതത്തിന്‍
കുരുതി തീര്‍ത്തു നടപ്പവര്‍
കടുത്തവേനല്‍ കനലുകൊണ്ടു
കരളുടഞ്ഞ ധ്രുവങ്ങളില്‍
കലിയടങ്ങാ തിരകള്‍വീണ്ടും
കരയുടയ്ക്കും കനവുകള്‍
വിറപിടിച്ചൊരു ദേഹമായി
വിരഹമാര്‍ക്കും ഭൂമിയില്‍
വിരുന്നുകാരായ് വന്നുപോകും
വിനവിതയ്ക്കും മാരികള്‍
നെഞ്ചുനൊന്തു പിടഞ്ഞുനീറും
നഞ്ചുതിന്ന ധരിത്രിയെ
നന്മകോര്‍ത്ത മനസ്സുമായ്
നോവടര്‍ത്തിക്കാത്തിടാം
നന്മപൂക്കും പൂമരങ്ങള്‍
നിന്‍വഴിയില്‍ ചേര്‍ക്കുകില്‍
നല്ലനാളെക്കനവുകണ്ട്
നാഴിനെല്ലുമളന്നിടാം.

പകൽ വന്നു ചായുമ്പോൾ

പകൽ വന്നു ചായുമ്പോൾ
ഇടനെഞ്ചിൽ നിൻമൗനം
ചുവക്കുന്നതെന്തേ സന്ധ്യേയീയിരുളിൽ
ചുരുളുള്ള കാർകൂന്തൽ 
അഴിച്ചിട്ടു നിൻ മാറിൽ
ഒരുക്കുന്നോ നിലാവിരി തണുപ്പുള്ള മലർശയ്യ
വിതുമ്പുന്ന ചുണ്ടിണയിൽ
മനസിന്‍റെ കാർമേഘം
എഴുതുന്നു കൺമുനയാൽ കദനഭാരം
കൊലുസ്സിട്ട മഴത്തുള്ളി
ചിണുങ്ങാതെ നിൽപ്പുണ്ടെൻ
മനസ്സിന്‍റെ മണിത്തൊട്ടിൽ മലർവനിയിൽ
മലരമ്പിൻ മധുവൂറും
മഴവില്ലു കടഞ്ഞിട്ടെൻ
വിരഹത്തിൻ ചാറലായൊഴുകിയെത്തൂ

ബാല്യത്തിലേക്കിനി

മഷിയിട്ട വാൽക്കണ്ണിനഴകുമായിനിയെൻറെ
ബാല്യം തിരികെ വരുന്നുവെങ്കിൽ
കതിരിട്ടപാടവരമ്പിലീ തുമ്പിയെ
തേടുന്ന നിന്നെ ഞാൻ കണ്ണുപൊത്തും
ആറ്റിൽ പരൽമീൻ വഴുതുന്നമാതിരി
കുതറുന്ന ചന്തത്തെ ചേർത്തണയ്ക്കും
പമ്പരം കൊണ്ടൊന്നു വട്ടം കറങ്ങി നിൻ
ചുണ്ടിൻ ചിരിയൊന്നു കട്ടെടുക്കും
ചെമ്പകച്ചില്ല കുലുക്കിയാപ്പൂമഴ
ചിന്നിച്ചു ഞാൻ നിൻറെ തോഴനാകും
പാഴോലകൊണ്ടു മെടഞ്ഞൊരാ മാടത്തില്‍
ചാറ്റല്‍ നനയാതെ കൊണ്ടുപോകും
നാക്കിലത്തുമ്പിലാ മണ്ണിന്‍ പലഹാരം
പ്ലാവിലകോട്ടി വിളമ്പി നല്‍കും
മിന്നുന്ന പാവാടത്തുമ്പിലെ വര്‍ണ്ണങ്ങള്‍
മിന്നിച്ചുനിന്നെ ഞാന്‍ ഊയലാട്ടും
കണ്ണാരംപൊത്തിയാ ഈര്‍ക്കിലിപമ്പരം
ആരാരും കാണാതെ കൊണ്ടുവയ്ക്കും
മുത്തശ്ശിചൊന്ന കഥകയിലെ വിസ്മയ
ചെപ്പിലെ ഭൂതമായ് ഞാന്‍ ചിരിക്കും
കുപ്പിവളകള്‍ കിലുക്കി നീയെന്നോട്
ചുമ്മാ പിണങ്ങി കിണുങ്ങിടുമ്പോള്‍
മുറ്റത്തെ തൈമുല്ല മൊട്ടിനാല്‍ ഞാനൊരു
സ്നേഹത്തിന്‍ പൂത്തിരി ചേര്‍ത്തുവയ്ക്കും

അഴലുറങ്ങട്ടെ

അഴലുറങ്ങട്ടെ മനസ്സുറങ്ങട്ടെ
കനവിൽ കനൽച്ചിത്രമെഴുതാതെ
കണ്ണടച്ചീടുമ്പോൾ കൂടെയെത്തും
കണ്ണനാം കർപ്പൂര പൊൻതിരിയേ
എന്തകന്നീടുന്നെൻ ജീവനിൽ നീ
ഒന്നു ലയിക്കാതെ പോയിടുന്നോ?
ഉള്ളിലഴലാകും പുത്രദുഃഖം
കണ്ണറിയാതാര്‍ത്തുപെയ്തിടുമ്പോള്‍
കവിളിലൊരാര്‍ദ്രമാം മധുമഴയായ്
എന്നില്‍ നിറയക്കുമോ നിന്‍റെ മുത്തം
കുഞ്ഞുടുപ്പിൻറെയീ പൊൻതിളക്കം
കണ്ണുനനയ്ക്കുന്നെൻ കൺമണിയേ
കൊഞ്ചിവാ നീയെൻറെ മാറിടത്തിൽ
ഒന്നുചുരത്താം ഞാൻ പൊന്മകനേ
ചോരിവാ ചിന്തും മണിച്ചിരിയിൽ
വെള്ളിക്കൊലുസിൻ മണിയഴകിൽ
കണ്ണിമയ്ക്കാതെ ഞാൻ നോക്കി നിൽക്കും
ചന്തംതികഞ്ഞയെൻ തൂമഴയെ
പാഴ്ശ്രുതി മീട്ടുന്നെന്‍ പാഴ്മനസ്സില്‍
ഒരുകുഞ്ഞിന്‍ വായ്മൊഴി നീതരുമോ
താരാട്ടാം നിന്നെയീ പൂമടിയില്‍
കണ്ണേയുറങ്ങുറങ്ങെന്നുപാടാം
പിച്ചനടക്കുമ്പോളെന്‍വിരലില്‍
തുമ്പാലൊരു കാവല്‍ ചേര്‍ത്തുവയ്ക്കാം
കണ്ണാ വരികയെന്‍ നെഞ്ചിനുള്ളില്‍
തങ്ങുമാ സ്നേഹം പകര്‍ന്നെടുക്കാന്‍
ചന്ദ്ര നിലാമഴ പെയ്തപോലെ
നിൻമുഖശ്രീകണ്ടു ഞാൻ കൊതിക്കേ
എൻവയർ കാണാതെ നീയകലും
എന്നഴൽ കാണാത്ത കണ്ണനായി
അഴലുറങ്ങട്ടെ മനസ്സുറങ്ങട്ടെ
കനവിൽ കനൽച്ചിത്രമെഴുതാതെ

Wednesday 10 June 2015

ഇനിയൊരു മഹാമേരു കടപുഴക്കണം

ഇനിയൊരു മഹാമേരു കടപുഴക്കണം
അതിലൊരു മഹാസൗധ കൊടിയുയര്‍ത്തണം
ഇടമുറിച്ചകലയൊരു പടയൊരുക്കണം
വിധികൊണ്ടു പുതിയൊരു കോട്ടയും തീര്‍ക്കണം
ചങ്ങലക്കണ്ണികള്‍ വിഭജിച്ച ഭൂമിയില്‍
ദാഹമറുക്കും മഴയൊന്നുപെയ്യേ
ചിലചപലമോഹങ്ങള്‍ വെടിയുന്ന പ്രണയത്തി-
നുടലുടലുപാകിയീ പാടമൊരുക്കണം
വില്ലില്‍ മഴത്തുള്ളി കൊള്ളാതെയെയ്യും
കതിരോന്‍റെ കണിവെയില്‍ പാടത്തുകൊള്ളേ
തുള്ളാതെ തുള്ളുന്ന തുമ്പിക്കൊരുമ്മ
ചുണ്ടാലെ നല്‍കാനായ് തുമ്പയും പൂക്കണം

ആന

ഇടനെഞ്ചിലുടയുന്ന മോഹത്തിൻ മീതയീ
ഇരുളിൻറെ ചങ്ങല നീ മുറുക്കേ
വനമെന്ന ചിന്തയെൻ ഹൃദയത്തിൽ നിന്നഹോ
അകലുന്നു വീണ്ടുമീ തെന്നലെത്തേ
പുരപ്പറമ്പിലെ ചെണ്ടകൾ തീർക്കുമീ
താളപ്പെരുമ്പറ ചോട്ടിൽ നിൽക്കേ
പലകുറിയുള്ളിലെ നോവുമായെന്നുടൽ
ഗതിവിട്ടു മെല്ലെയുലഞ്ഞിടുന്നു
ഒരുചില്ലയില്ലയീ പൊരിയുന്ന വേനലിൻ
ദുരയൊന്നു മെല്ലെ കുറച്ചുവയ്ക്കാൻ
മദജലം പൊട്ടി പടരുമെൻ സിരകളിൽ
കുളിരുമായ് പ്രണയത്തിൻ തേരൊരുക്കാൻ

പാട്ട്

കാലചക്രത്തിലിരുള്‍മറയ്ക്കുള്ളിലായ്
വിഷുവെത്തിയെന്നെ പുണരുന്നതെന്തിനോ?
മഞ്ഞക്കുടമ്പോലിതളുകള്‍ പൂക്കുമാ
കൊന്നതന്‍ചില്ലയിലുണ്ടൊരു പൂങ്കുയില്‍
ചെല്ലമായ്ക്കൂകി വിളിക്കില്ലിനിയവള്‍
കൂടുമറന്നു പറന്നുപോം പക്ഷികള്‍
ഓര്‍മ്മകള്‍ താഴും മനസ്സിന്നിടങ്ങളില്‍
കാലംപണിയുന്നൊരേകാന്ത താഴ്വര
ഞാന്‍നട്ട മുല്ലയിലീയിളംപിച്ചിയില്‍
പൂക്കുന്ന പൂവുപരത്തുന്ന പൂമണം
മെല്ലെപരന്നെന്‍റെ നെഞ്ചകച്ചോട്ടിലായ്
സ്വപ്നം പകര്‍ന്നൊരു താരാട്ടുപാടുന്നു

പോരുകോഴി

കൈതോല കാടുവെട്ടി
കുളംതേവി നീരൊഴുക്കി
പാടമൊന്നു ഞാന്‍ നനച്ചു
കിളിയേ വാ തിനതിന്നാന്‍
ഈ ലോകം നമുക്കെന്ന്
പഴംപാട്ടു പറഞ്ഞപ്പോള്‍
ഓലവെട്ടി കൂടൊരുക്കി
ഒരുപേര് ഞാന്‍ കുറിച്ചു
അടവച്ചു വിരിച്ചു ഞാന്‍
ഒരുകൂട്ടില്‍ പലമുട്ട
വിരിഞ്ഞപ്പോള്‍ പലകോഴി
പോരെടുക്കും പെരുംകോഴി
ഒരു കോഴി പറന്നെന്‍റെ
തല കൊത്തിപ്പറിക്കുന്നു
മറുകോഴി പറന്നെന്‍റെ
നാവുകൊത്തിയറുക്കുന്നു
പൂടയില്ലാ കോഴിയെന്‍റെ
കുടല്‍കൊത്തിപ്പറിക്കുന്നു
പോരുചുണ്ടില്‍ കുടല്‍മാല
കൊരുത്തങ്ങു പറക്കുന്നു
പിടക്കോഴി ചികയുന്ന
ഇടംനോക്കിയൊരുപൂവന്‍
ചിറകിന്‍റെ മറവച്ചു
കിണുങ്ങുന്നു പ്രണയിക്കാന്‍
ഒരു കുഞ്ഞു കൂട്ടിലുണ്ടെന്‍
ചിറകറ്റ പിടക്കോഴി
ഇട്ട മുട്ട കാത്തുവയ്ക്കാന്‍
പിടയ്ക്കുന്ന പിടക്കോഴി
ഒരു രാവു പുലരാനായ്
ഒരു പൂവന്‍ വിളിക്കുന്നു
അതുകേട്ടു രാവുണര്‍ന്നു
കിളിക്കൂട്ടം ചിലയ്ക്കുന്നു
നാവുപോയ വായകൊണ്ടു
വെറുംവാക്കുപറയാനായി
പലവട്ടം വായ്തുറന്നു
കുരച്ചു ഞാന്‍ ചോരതുപ്പി
ചിലയ്ക്കുന്ന പിടക്കൂട്ടം
കാതടച്ചു ചിരിക്കുന്നു
കണ്ണടച്ചു ഞാന്‍ കിടന്നു
ഇലത്തുണ്ടില്‍ വടിയായി
കുടലില്ല നാവുമില്ല
പെരുന്തച്ഛന്‍ കിടക്കുന്നു
ഒരു കോഴി പറഞ്ഞെന്‍റെ
കാല്‍ നഖത്തില്‍ കൊത്തുന്നു
അടവച്ചു വിരിയിച്ച
കിളിക്കൂട്ടം പറന്നെത്തി
പലവട്ടം ചികഞ്ഞിട്ടീ-
യുടല്‍മൊത്തം തിന്നുന്നു
ഇനിയുണ്ടെന്‍ പെരുങ്കോഴി
പേരുകേട്ട കരിങ്കോഴി
കണ്ണടച്ചു ചികയുന്ന
വീട്ടുകള്ളന്‍ പോരുകോഴി
പോരുകോഴി, പോരുകോഴി
തന്തയില്ലാ പെരുംകോഴി.

നിഴലിടം

അരികിലായരികിലായ് മെല്ലെയമര്‍ന്നെന്‍റെ
ഹൃദയത്തിലൊരുനോവു നീ പകരെ
ചടുലമാം താളത്തിലൊരുതുള്ളിവീണ്ടുമെന്‍
ശിരസ്സിന്നുയിരേറ്റു പാടിടുന്നു
കടലമ്മ ചൊല്ലുന്ന കഥകേട്ടു ഞാനെന്‍റെ
പഴിമൊത്തം വിധിയിലായ് ചേര്‍ത്തിടുന്നു
ഒരു കാവലായ് വീണ്ടുമീ ചെറുനായ വന്നെന്‍റെ
കാല്‍ക്കല്ലിടംപാര്‍ത്തു നിന്നിടുന്നു
ഒരു തണല്‍ കാത്തുഞാനീമരച്ചോട്ടിലായ്
ദാഹക്കൊടുംചൂട് കൊണ്ടിരിക്കേ
എല്ലിച്ചചില്ല പഴുപ്പിച്ച പാതയില്‍
വിണ്ടകംപുക്കുന്നതെന്‍റെ നിഴലിതാ
ചോക്കുന്ന സന്ധ്യയായിപ്പകല്‍ മാറിയീ
മരണക്കരിമ്പടം ചാര്‍ത്തിടുമ്പോള്‍
ധമനികള്‍ പൂക്കുന്നിതീവഴിത്താരയില്‍
പ്രാണനാം ചന്ദ്രികത്തോപ്പിന്നിടങ്ങളില്‍
ചന്ദനമണംപേറും ശയ്യില്‍ വീണ്ടുമീ
മരണമേ നീയൊന്നൊളിച്ചിരിക്കൂ
എഴുതട്ടെ ഞാനൊരു പുതുമൊഴി കൂടിയീ
പ്രണയത്തിന്‍ ജാലം പകര്‍ന്നുവയ്ക്കാന്‍

ആലസ്യം

ഒരു മഞ്ഞുതുള്ളിപോലണയുന്ന പ്രണയമെ
കുളിരുന്നു നീയെന്‍റെയുള്‍ത്തുടിപ്പില്‍
നീ തന്ന ചുംബനപ്പൂമഴയിലെന്‍മിഴി-
ക്കൈക്കൊള്ളുമീ ലാസ്യഭാവമേതോ
വര്‍ണ്ണച്ചിറകുള്ള ശലഭമായെന്നില്‍ നീ
മധുവുണ്ടു മെല്ലെപ്പറന്നുപോകെ
തെല്ലുനഖക്ഷതമേറ്റൊരു നോവിനാല്‍
തെല്ലുമയങ്ങി ഞാനെന്‍ നിനവില്‍
ആഴത്തുടികളില്‍ കോര്‍ത്തുവയ്ക്കുന്നൊരു
പ്രാണന്‍റെ ചിന്തായ് നീ പടരേ
നാണമറിയാതെയരമണിക്കിങ്ങിണി
ചേലോടെ ചേര്‍ത്തിന്നു ഞാന്‍ മയങ്ങി

ദൈവം മനുഷ്യനോട്

ഹൃദയക്ഷേത്രത്തിലെ വിഗ്രഹമായി ഞാന്‍
നിന്നില്‍ കുടിയേറി നില്‍പതല്ലെ
പിന്നെന്തിനീ കൊട്ടാരമന്നെത്തളയ്ക്കുവാന്‍
എന്തിനീ മോഹമാം മന്ത്രങ്ങളും
അക്ഷരജാലത്തില്‍ നീ തീര്‍ത്തുവയ്ക്കുന്ന
മന്ത്രച്ചരടിലായ് ഞാനുറങ്ങേ
വീട്ടുതടങ്കലിലെന്നെത്തളച്ചു നീ
വാതില്‍ തഴുതിട്ടു പോയിടുന്നൂ
ആവാഹനത്തിന്‍റെ മന്ത്രങ്ങള്‍കൊണ്ടെന്നെ
വിഗ്രഹക്കൂട്ടിലുറക്കിടുമ്പോള്‍
ബന്ധിച്ചുനീയെന്‍റെ പാദങ്ങള്‍തന്നെയും
അഷ്ടബന്ധത്തിനുരുക്കിനാലെ
ഓട്ടുമണിയിലെ ശബ്ദങ്ങള്‍കൊണ്ടെന്നെ
കൊട്ടിയുണര്‍ത്തുവാന്‍ വന്നുനീയും
എന്നിട്ടും നിന്നിലെ പ്രാണനായ് നില്‍ക്കുന്ന
എന്നെ നീ തെല്ലും ഉണര്‍ത്തിയില്ല
ധാര കഴിഞ്ഞെന്‍റെ വിഗ്രഹക്കൂട്ടിലായ്
നീ ചേര്‍ത്തുവയ്ക്കും വരക്കുറികള്‍
എന്നുമനുഗ്രഹമാണെന്നു ചൊല്ലി നീ
പങ്കിട്ടു പങ്കിട്ടു നല്കിടുന്നു
കൊട്ടാരക്കെട്ടിലെ കുഞ്ഞുകുടുസ്സിലായ്
ആയിരം ദീപങ്ങള്‍ നീ തെളിക്കെ
ബന്ധനച്ചൂടിന്‍റെ മന്ത്രമായുരുകിഞാന്‍
പൂവിന്‍ പുതപ്പിലൊളിച്ചിടുന്നു.
ബന്ധനക്കൂട്ടിലെ കുഞ്ഞുകവാടത്തില്‍
നിന്നിലെ നന്മയൊളിച്ചിടുമ്പോള്‍
ഹൃദയമണികൊണ്ടു മെല്ലത്തുറക്കുക
നീ തന്നെ ഞാനെന്നറിഞ്ഞിടുക

Friday 5 June 2015

മുറിപ്പാടുകള്‍

വരണ്ടുപോയ മനസ്സുമായ്
വിത്തുനട്ടുനടക്കുകില്‍
വരണ്ടമണ്ണില്‍ തണലുനാട്ടാന്‍
വിടരുകില്ലീ പൂമരം
മുകിലുപെയ്തൊരു മലമടക്കില്‍
മുറിവുണങ്ങാ മടകളില്‍
മുലകളറ്റു വിതുമ്പിനില്‍ക്കും
മലകളാണിവിടുറവകള്‍
മലയരിഞ്ഞവര്‍ നല്ലപാട
മടികള്‍മേലെനിറച്ചതും
മഴുവെടുത്തീ മരണദൂതായ്
മരമൊടിച്ചു കളിച്ചതും
പുഴകള്‍മൂടി പുതുമകൂടും
പുരകള്‍കെട്ടി വസിച്ചതും
പുതിയ യന്ത്രക്കോപ്പുകൂട്ടി
പുകപറത്തി രസിച്ചതും
വരണ്ടവേനല്‍ തീമഴയ്ക്കായ്
വഴിതെളിച്ചവര്‍ നമ്മളും
വിറളിപൂണ്ട മനസ്സുമായി
വലയെറിഞ്ഞവര്‍ നമ്മളീ
കുഴികള്‍വെട്ടി ജീവിതത്തിന്‍
കുരുതി തീര്‍ത്തു നടപ്പവര്‍
കടുത്തവേനല്‍ കനലുകൊണ്ടു
കരളുടഞ്ഞ ധ്രുവങ്ങളില്‍
കലിയടങ്ങാ തിരകള്‍വീണ്ടും
കരയുടയ്ക്കും കനവുകള്‍
വിറപിടിച്ചൊരു ദേഹമായി
വിരഹമാര്‍ക്കും ഭൂമിയില്‍
വിരുന്നുകാരായ് വന്നുപോകും
വിനവിതയ്ക്കും മാരികള്‍
നെഞ്ചുനൊന്തു പിടഞ്ഞുനീറും
നഞ്ചുതിന്ന ധരിത്രിയെ
നന്മകോര്‍ത്ത മനസ്സുമായ്
നോവടര്‍ത്തിക്കാത്തിടാം
നന്മപൂക്കും പൂമരങ്ങള്‍
നിന്‍വഴിയില്‍ ചേര്‍ക്കുകില്‍
നല്ലനാളെക്കനവുകണ്ട്
നാഴിനെല്ലുമളന്നിടാം.

Thursday 4 June 2015

വിരഹമഴ

മഴയിതു പലമഴ
പവിഴമഴ
മണിമഴ തേന്‍മഴ
മധുരമഴ

പുമഴ തൂകിയ
മലര്‍വനിയില്‍
പൊഴിവതു പുതിയൊരു
ശലഭ മഴ

മലമുനമേലെ
കുളിരുമഴ
കരിമുകിലഴകിന്‍
കനകമഴ

മനമതുമേലെ
മധുരമഴ
കുളിരല നല്‍കും
ഓര്‍മ്മമഴ

ബാല്യമൊരുക്കും
കുസൃതിമഴ
വഞ്ചിയൊഴുക്കും
ഹൃദയമഴ

വളകള്‍ കിലുക്കിയ
ചാറ്റല്‍മഴ
നെഞ്ചിലമര്‍ന്നതു
പ്രണയമഴ

ഈമഴ പെരുമഴ
കുസൃതിമഴ
നോവുപകര്‍ന്നൊരു
വിരഹമഴ

ഉണരൂ....

ഇരുളിന്‍ ചുരിക ചുഴറ്റിയെറിയുന്ന
പഥിതരേ ഞങ്ങളീ കാട്ടുപൂക്കള്‍
നിന്‍റെ വെറിപൂണ്ട വാളിനാലുരുളും
കബന്ധങ്ങളിനിയെന്തു പാടേണ്ടു നിന്‍റെയൊപ്പം
വര്‍ണ്ണങ്ങള്‍ ചാലിച്ചു നീ തീര്‍ത്ത
കൊടികളിലെണ്ണിമരിച്ചവരെത്രപേരോ
അമ്മ മുലപ്പാല്‍ വലിച്ചുകുടിക്കുന്ന
കുഞ്ഞിനെച്ചീന്തുന്ന ദ്രംഷ്ടമേതോ
അമ്മതന്‍ മാറു കവര്‍ന്നെടുത്തിട്ടതില്‍
കാമം നുരപ്പിച്ച ജന്മമേതോ
ഞാനെന്നഹങ്കാരദ്യുതിയിലീപെണ്ണിന്‍റെ
ചേലയറുക്കുന്ന കൈകളേതോ
മതമെന്ന ഭ്രാന്തിന്‍റെ കച്ചയുടുത്തു നീ
മാറുപിളര്‍ക്കുന്നതാര്‍ക്കുവേണ്ടി
ഇനിവേണ്ടചിന്തകള്‍ മസ്തിഷ്കജ്വാലയില്‍
ഇരുളിന്‍റെ കണ്ണട മാറ്റിവയ്ക്കൂ
തെരുവിലനാഥരായ് തെണ്ടുന്ന കുഞ്ഞിനെ
മാറോട് ചേര്‍ത്തു നീ പുല്‍കിനിര്‍ത്തൂ
പശിയുള്ള ദൈവങ്ങള്‍ തെരുവിലായെത്തുമ്പോള്‍
മനസ്സിനെ മാലാഖയായ് ചമയ്ക്കൂ
കൊടികള്‍തന്‍വര്‍ണ്ണത്തിലമരാതെ നീ നിന്‍റെ
കഴിവിന്‍ മഹാമേരു വാര്‍ത്തെടുക്കൂ
പടചേര്‍ന്നു പ്രകൃതിതന്‍ നറുനിലാപൊയ്കയില്‍
ഉണരു നീ കാലത്തിന്‍ കൈവിളക്കായ്

Tuesday 2 June 2015

പ്രണയം = പ്രകൃതി


മനസ്സിലെ മണിച്ചെപ്പില്‍
മലര്‍ത്തുണ്ടു പോലെയെന്‍റെ
മനക്കാമ്പില്‍
മയങ്ങുന്ന മലരിതളെ

മലരിലെ പലവര്‍ണ്ണ
മധുപനെപ്പോലെ നിന്‍റെ
മിഴിച്ചുണ്ടെന്‍
മനസ്സിനെ കവര്‍ന്നെടുത്തു

അരിമുല്ലചിരിയൂറും
അധരത്തിന്‍ കുസൃതിയില്‍
അണിയുന്നു
അമൃതമാം മധുരധാര

മഴത്തുണ്ടിനഴകുള്ള
മഴവില്ലില്‍ നീതൊടുത്ത
മിഴിയെന്നില്‍
മദനപ്പൂ മലര്‍ശരങ്ങള്‍

കുളിര്‍കൊള്ളുമുടലിലെ
കുഞ്ചിരോമക്കസവില്‍ നിന്‍
കുറുവിരല്‍
കുറിച്ചതെന്‍ മദനഗീതം

ജനനവും മരണവും
ജയിച്ചൊരാ പ്രണയത്തില്‍
ജ്വലിക്കുന്നു
ജനിയിതാ പ്രകൃതിയായി