Tuesday, 27 October 2015

നദിപോലെ നീ

നദിപോലെ നീ
നിമിഷംപ്രതി പുതിയ ഭാവമായ്
താളമായ് നീ ഒഴുകിക്കൊണ്ടേയിരിക്കുന്നു.
ഒരിക്കല്‍ ഒരു കുമ്പിളില്‍ അരികത്തുവന്നതും
മനസ്സറിയാതെ ചോര്‍ന്നുപോയതും
നീയൊരു നദിയായതിനാലാവും.
മിഴിചോര്‍ന്ന മഴത്തുള്ളികള്‍
ഉപ്പുകാറ്റായ് അകന്നുപോയി
സ്വരവേഗത്തില്‍ ഒരു പ്രണയം
ചുറ്റോളങ്ങള്‍ വിടര്‍ത്തി
നിന്നിലേക്ക് നിപതിക്കുന്നു
ഒരു കാട്ടുകല്ലുപോലെ
നിന്നോടൊപ്പം ഉരുണ്ട്
ഞാനും മിനുസപ്പെട്ടിരിക്കുന്നു.

ഒരു മരമാകണം

ഒരു മരമാകണം,
ഒരു തണലാകണം
തുളുമ്പാതെ മിഴികളെ 
കാത്തു വയ്ക്കേണം
കാല്പാദമൂന്നിയീ
ഭൂമിതന്‍ നാഭിയില്‍
വേരാഴ്ത്തണം
പിന്നെ തരുവാകണം
അമ്മ ചുരത്തും
മുലപ്പാലുകൊണ്ടന്‍റെ
ഇലകളെ ഹരിതമാം
സംഗീതമാക്കണം
കാറ്റേ നീ വന്നെന്‍റെ-
യുടലിനെ ചുറ്റുമ്പോള്‍
നീ തന്നതാണെന്‍റെ
പ്രാണനെന്നോര്‍ത്തു ഞാന്‍
എങ്കിലും നീയെന്നെ
മാടി വിളിക്കുമ്പോള്‍
ആവില്ല നിന്‍റൊപ്പം
കൂടി നടക്കുവാന്‍
വേരാഴ്ത്തി ഞാനെന്‍റെ
യുടലുകാക്കട്ടെ
തളരുന്ന പഥികര്‍ക്കു
തണലു പാകട്ടെ
ഒരു മരമാകണം,
ഒരു തണലാകണം
തുളുമ്പാതെ മിഴികളെ
കാത്തു വയ്ക്കേണം
പറവകള്‍ നിങ്ങളെന്‍
ചില്ലയില്‍ കൂടുവച്ചൊ-
രുമയോടൊരുപാട്ടു
പാടുക കൂട്ടരെ
ഇലകളില്‍ ഞാനുമൊരു
ശ്രുതിചേര്‍ത്തു നിങ്ങളില്‍
ഒരുമതന്‍ പ്രിയമുള്ള
സ്നേഹമാകാം
മഴയല്ല കാര്‍മേഘ-
മെന്നില്‍ ചുരത്തുന്ന
കണ്ണുനീര്‍ തുള്ളിയീ
കൈവഴികള്‍
നദിയാണു കാലമെന്നൊ-
രുവരികുറിച്ചു നീ
സംസ്കാരമാകും
ചരിത്രമാകെ
പലതുണ്ടു കാഴ്ചകള്‍
പിന്മുറ കുറിക്കുന്ന
നിഘണ്ടുവില്‍ ഞാനുമീ
പഴയ വാക്ക്
നീയോ തലമുറ
എയ്യുന്നയമ്പിലെ
ക്രൗഞ്ചമിഥുനങ്ങളായിടുന്നു.
എങ്കിലും ഞാനുണ്ട്
നിന്‍ശിരോലിഖിതങ്ങള്‍
എഴുതിയ ഇലയുമായ്
ഈ വഴിയില്‍
അഴുകാത്ത നാരിലെന്‍
ഹൃദയധമനികള്‍
സൂക്ഷിച്ചു വയ്ക്കുന്ന
വിത്തുപോലെ
ഒരു മരമാകണം,
ഒരു തണലാകണം
തുളുമ്പാതെ മിഴികളെ
കാത്തു വയ്ക്കേണം.

സ്ത്രീകള്‍ മരങ്ങളാണ്.

സ്ത്രീകള്‍ മരങ്ങളാണ്.
ഇലപൊഴിച്ചും തണല്‍വിരിച്ചും
വേനലൊഴുക്ക് തടഞ്ഞ്
കനലുരുക്കങ്ങളായി
പുതിയ ഋതുക്കളിലേക്ക് ജനിപകരുന്നു
ഒരിക്കലും അവസാനിക്കാത്ത
ദൃഢമുള്ള തായ്ത്തണ്ടില്‍ ഒരമ്മ.
ഞാന്‍ പുരുഷനാകുന്നു,
വിരല്‍ത്തുമ്പ് നീട്ടിത്തന്ന്
ഇപ്പോഴും നീയെന്നെ പിച്ചവയ്പ്പിക്കുന്നു....

ചിലവഴികളെന്നെ തിരയാത്തതെന്തേ

ചിലവഴികളെന്നെ തിരയാത്തതെന്തേ
പലവഴികള്‍ ഞാനും മറന്നേച്ചുപോയോ
പിച്ചവച്ചന്നുഞാനോടുന്ന നേരത്ത്
നെറ്റിയിലാകെ നീ ചുംബിച്ചതല്ലേ
മുട്ടിന്‍തൊലിയും ചെമ്മണ്ണുമായെന്‍റെ
സങ്കടം നീയെറേ കണ്ടതല്ലേ
അമ്മതന്‍കൈവിരല്‍ കൂട്ടുമായീവഴി
പിന്നെയും പിന്നെയും വന്നതല്ലേ
ഓലമെടഞ്ഞിട്ടൊരീര്‍ക്കിലി പമ്പരം
നിന്‍നെഞ്ചിലോടിക്കറക്കിടുമ്പോള്‍
തെച്ചികള്‍പൂത്തൊരു കൈയ്യാലമേലെയെന്‍
കുന്നിക്കുരുക്കണ്ണു കാത്തിരിക്കും
കുപ്പിവളക്കൊഞ്ചല്‍ കേള്‍ക്കാതെ ഞാനെന്‍റെ
പത്രാസ്സുകാട്ടി പറന്നിടുമ്പോള്‍
കുന്നിക്കുരുച്ചോപ്പിന്‍ കുങ്കുമംകൊണ്ടവള്‍
ചുണ്ടില്‍ പരിഭവം ചേര്‍ത്തുവയ്ക്കും
ആദ്യ പ്രണയത്തിനാദ്യാക്ഷരങ്ങളെ
നെഞ്ചിലടക്കിക്കുറിച്ചിടുമ്പോള്‍
വീണ്ടുമീ മേഘങ്ങള്‍ എന്നെ നനയിക്കും
കുളിരുള്ള കൈവിരല്‍തുമ്പിനാലേ

നീയും ഞാനും


എഴുതുവാനാവില്ല മൊഴികളില്‍ ഞാനൊരു
ബലിമൃഗമാകുന്നെന്നുള്ളറയില്‍
പഴുതുകള്‍ നോവുകള്‍ മാറാലകള്‍
എന്നിലിരവിലൊരുസങ്കട ത്വരിതവേഗങ്ങള്‍
എന്നുള്ളിലഭയമായി നീചുരുണ്ടെത്തവേ
എന്‍നാളിനിന്നിലേക്കമൃതുതൂകും
എങ്കിലും മരണമേ നീയെന്‍റെ കൈവിരല്‍
ചങ്ങലപ്പൂട്ടിനാല്‍ കെട്ടിവയ്ക്കും
താഴെ നിഴലുകള്‍ മോഹിച്ച പടവുകള്‍
നീരറ്റുപോകുന്ന പുഴകളാകെ
നീയെന്‍റെ നാവിലെ ദാഹമായെത്തിയെന്‍
വേനല്‍മണല്‍പ്പാത ചുണ്ടി നില്‍ക്കും
കടലല്ല കാഞ്ചനകൈവളയല്ലയെന്‍
ഹൃദയത്തില്‍ നീറുന്ന കനലലകള്‍
ഇനിയുണ്ടുഭാണ്ഡങ്ങളെന്‍ചുമലിലെങ്കിലും
ഉഴറുന്നു ഞാനീ വഴിയരുകില്‍
എരിയുന്ന സൂര്യനായീവഴിക്കോണില്‍ ഞാന്‍
നിഴലറ്റു നിഴലറ്റു പെയ്തുവീഴേ
നീയൊരുമണ്‍ചെരാതിരവിന്‍റെ കോണിലായ്
കരുതിയെന്‍ ചരിതം കുറിച്ചുവച്ചു
കനലുകള്‍ മായ്ച്ചിട്ടാ കരിയുന്ന മാംസത്തില്‍
ഇഴയുന്ന നോവിന്‍ പകല്‍വെളിച്ചം
നിഴലില്ല ഇനിയെന്‍റെ കനവിലൂടൊഴുക നീ
എഴുതട്ടെ ഞാന്‍നിന്‍റെ മൊഴിയിലൂടെ
എഴുതട്ടെ ഞാന്‍നിന്‍റെ മൊഴിയിലൂടെ....

ഇടനാഴികടന്ന്

മിന്നലപൂക്കും നിന്‍ കണ്ണിണച്ചുണ്ടില്‍
ഒരു ചുംബനത്താലെന്‍ മനസ്സുപൂക്കേ
ഹൃദയംനിറച്ചൊരു ജാലകവാതില്‍ നീ
മണിയറയ്ക്കുള്ളിലായ് തുറന്നുവയ്ക്കും
മന്ദസ്മിതത്തിന്‍റെ കുളിരുള്ള തേന്മഴ
എന്‍വഴിത്താരയില്‍ചേര്‍ത്തുവയ്ക്കും
ഒന്നുതൊട്ടൊന്നുതൊട്ടീമലര്‍മേനിയില്‍
മഞ്ഞലചാര്‍ത്തൊന്നുഞാന്‍വിരിക്കും
നെഞ്ചഴകാംനിന്‍റെ കുഞ്ചിരോമങ്ങളില്‍
ചുംബിച്ചുഞാന്‍ നിന്നെ വ്രീളയാക്കും
പല്ലാല്‍ക്കടിച്ചനിന്‍ചുണ്ടിണചുംബനം
ചുണ്ടാല്‍നുകര്‍ന്നുഞാന്‍ സ്വന്തമാക്കും
തൂമഴപെയ്യുന്ന തേനറപോലെനിന്‍
പൂവിതള്‍ പെയ്യുന്ന നേരമെത്തേ
നഖക്ഷതച്ചിത്രങ്ങള്‍ കോറിവരച്ചെന്‍റെ
മേനിയില്‍ നീയൊരു നാഗമാകും
ദേവാംഗനകളങ്ങാകാശമേടയില്‍
നിന്‍കൊഞ്ചല്‍കേട്ടൊരു പാട്ടുമൂളും
മിന്നലപൂക്കുമാ കണ്ണിണച്ചുണ്ടില്‍ ഞാന്‍
ഹൃദയത്തിന്‍ നോവു പകര്‍ന്നുവയ്ക്കും
എന്നിട്ടെന്നീയുടല്‍ ഭൂമിയില്‍ വിട്ടിട്ട്
നിന്‍ചിറകേറിഞാന്‍ സ്വപ്നമാകും
എന്നുടല്‍നേദിച്ചു യാത്രയൊരുക്കുവാന്‍
ബന്ധുക്കള്‍ പൂങ്കനല്‍ കോര്‍ത്തുവയ്ക്കും

ഉദ്ധരിക്കുന്ന സന്യാസം

മാറിനില്‍ക്കൂ ... നീ സ്ത്രീ,
എന്‍റെ ഇരിപ്പിടത്തിനടുത്ത്
നീ വരാതിരിക്കുക..
ഞാനറിയാതെ സ്ഖലിക്കാതിരിക്കട്ടെ
ഉദ്ധരിച്ചുപോയാലോ
എന്‍റെ സന്യാസം..
എന്‍റെ കണ്ണുകള്‍ക്ക്
നിന്‍റെ നിമ്നോന്നതങ്ങളിലാണ്
ശയനം.
സുഷുപ്തി അത് ലയനമാണ്
പ്രപഞ്ചമറിയലാണ്....!
പഞ്ചഭൂതനിര്‍മ്മിത ശരീരത്തില്‍
ഇപ്പോഴും ഉടക്കിയൊരസ്ത്രം
എന്‍റെ കാവിയില്‍ ഒളിച്ചിരിക്കുന്നു
മനസ്സുപേക്ഷിക്കാനാകാത്ത
മനസ്സുവ്യഭിചരിക്കുന്ന
വെറും ഭീരുവാണു ഞാന്‍
നീ ദൂരെപോകുക......
ഞാന്‍ സ്ഖലിക്കാതിരിക്കട്ടെ!

എന്‍റെ എഴുത്തുകളാണെന്‍റെ ശരി.

ഒരു മഴ അതെന്നെ തണുപ്പിക്കാന്‍
എപ്പോഴെങ്കിലും പെയ്തിറങ്ങും..
എന്‍റെ സിരകള്‍ തുടിപ്പവസാനിപ്പിച്ച്
കശേരുക്കളെ ബന്ധിക്കും.
കണ്ണുകള്‍ നക്ഷത്രങ്ങളായി
ചലനമറ്റ് ഉറുമ്പരിക്കും.
പേടിതോന്നിക്കുന്ന
എല്ലിന്‍ ബന്ധങ്ങളായി
പല്ലുകള്‍ മോണകാട്ടി ചിരിക്കും.
എന്‍റെ എഴുത്തുകളാണെന്‍റെ ശരി..
എന്‍റെ പ്രണയിനിയും
എന്‍റെ ശത്രുവും
എന്‍റെ വാക്കുകളാകുന്നു.
ഇനി എന്നാണ്
ഒന്നു മൗനമാകാനാകുക.

ഒഴുകുവാനാകില്ല പുഴയല്ല ഞാന്‍


ഒഴുകുവാനാകില്ല പുഴയല്ല ഞാന്‍ വെറും
ചലനമില്ലാത്തൊരു കല്ലുമാത്രം
ഒഴുകുക നീയെന്നില്‍ ചിതറിച്ച മുത്തുമായ്
ഉറയട്ടെ ഞാനൊരു തല്പമായി
നിന്‍ചിരിയെന്നിലെ നോവുള്ള സംഗീതം
നിന്നലയെന്നിലെ ചിരിയഴകും
കളമിട്ടെഴുതുന്ന നാഗത്തറയിലെ
നാഗമായ് നീയെന്നില്‍ വന്നുചേരേ
കളമതുമായ്ക്കുമാ രതിയിലെന്‍ സംഗീതം
ഉടല്‍തൊട്ടറിഞ്ഞുഞാന്‍ മയങ്ങിടുന്നു
ഒരുവേള നീയെന്‍റെ നഖഷതക്കുളിര്‍മയില്‍
മിഴിപൂട്ടിയൊരു ഗാനം പകുത്തുവയ്ക്കും
ഉടല്‍മാഞ്ഞുപോകാതെ ഒരു സ്വപ്നമാകാതെ
കൂടെയെന്‍ പ്രണയവും ചേര്‍ന്നുപാടും
കണ്ണറിയാതെയെന്‍ മനമറിയാതെ നീ
തന്ത്രിയായെന്‍വിരല്‍കട്ടെടുക്കും
ഒഴുകുവാനാകില്ല പുഴയല്ല ഞാന്‍ വെറും
ചലനമില്ലാത്തൊരു കല്ലുമാത്രം

കളിത്തോഴി


മനസ്സിന്‍റെ മിഴിച്ചെപ്പില്‍ ഒഴുകുന്ന പുഴയുമായ്
വരുന്നിതാ മഴമേഘം അലകളായി
പലപല നോവുമായി നുഴയുന്ന മഴപ്പാറ്റ
ചിറകുമായ് വെളിച്ചത്തില്‍ പറന്നുപൊന്തി
ഒരു വേനല്‍ കുടഞ്ഞിട്ട പുടവയെ കാത്തൊരു
വടവൃക്ഷം കൂപ്പുന്നു കൈകള്‍ മേലെ
ഒരു തെന്നല്‍ പറത്തിയ പൊടിയിലാ മഴത്തുള്ളി
പരത്തുന്നു പുതുമണ്ണിന്‍ നറുസുഗന്ധം
മഴനൂലു കുടഞ്ഞിട്ട കുളിരിലാ മുകുളങ്ങള്‍
ഉണരുന്നു ഹരിതത്തിന്‍ പുടവ ചൂടി
ശീല്‍ക്കാരച്ചുവയുള്ള ചടുലമാം താളമോടെ
ചീവീടും മീട്ടുന്നു മധുരഗീതം
ഒരു തുമ്പ മുളച്ചെന്‌റെ മനസ്സിന്‍റെ മണിക്കൂട്ടില്‍
ചിണുങ്ങുന്ന മിഴിയുള്ള കുറുമ്പു സ്നേഹം
പലഞെട്ടില്‍ പൂക്കുന്ന അരിമുല്ലപ്പൂവുകള്‍
പരത്തുന്നു പരിമളം ഹൃദയഭൂവില്‍
കളിത്തോഴിയൊളിപ്പിച്ച മയില്‍പ്പീലിത്തണ്ടിലെന്‍റെ
ഹൃദയവും നിഴല്‍പോലെ ഒളിച്ചിടുന്നു
മധുതേടിപ്പറക്കുന്ന ശലഭങ്ങള്‍ പൂവിലായി
പലവര്‍ണ്ണ വിശറികള്‍ കോര്‍ത്തുവച്ചു
പറന്നെത്തി വീണ്ടുമെന്നില്‍ പ്രണയത്തിന്‍ മഴമേഘം
കുളിരുന്ന കാറ്റുപോലെന്‍ പുതപ്പിനുള്ളില്‍
വെളുത്തോരീ പുതപ്പിന്‍റെ കാല്‍ക്കലായി മുറിത്തേങ്ങ
വെളിച്ചമായ് പടര്‍ത്തുന്നു നിന്‍റെ സ്നേഹം.

പ്രിയമോടെ നിന്നോടു ചൊല്ലാം

പ്രിയമോടെ നിന്നോടു ചൊല്ലാം
അകതാരിലുള്ളോരു പ്രണയം
പറയാതെ നിന്‍മിഴിക്കോണില്‍
നിറയുന്നെന്നാത്മസംഗീതം

പൂക്കളങ്ങള്‍

ഉമ്മറവാതിലിന്‍ മുന്നിലായിന്നൊരു
പത്തിനം പൂകൊണ്ടൊരത്തം
വെയില്‍കാഞ്ഞനോവിനാല്‍ ദേഹം തളര്‍ന്നവര്‍
മാബലി മന്നനെ കാത്തിരിക്കെ
വരിവച്ചുറുമ്പുകള്‍ മെല്ലെവന്നെത്തിയാ
മധുവുള്ള നോവിനെ കാര്‍ന്നുതിന്നു
പട്ടുപാവാടയും വെള്ളിക്കൊലുസ്സുമാ
ചാണകച്ചോട്ടിലടര്‍ന്നുപോയി
മഞ്ഞണിമുത്തു പതിച്ചൊരു പൊന്‍ദളം
വാടിക്കരിഞ്ഞങ്ങുറക്കമായി
ഓണക്കളിയുമായി ചാരെകിലുങ്ങുന്ന
കുഞ്ഞുങ്ങളോടി മറഞ്ഞിടുമ്പോള്‍
തളരുന്നമെയ്യാലെ ശ്വാസംമെടുക്കാതെ
പൂക്കള ചെപ്പിലായ് ചാഞ്ഞുറങ്ങി
ഇനിയില്ല പൂക്കാലം ആ മധുപാത്രത്തില്‍
നുകരുവതില്ലൊരു വണ്ടുപോലും
തിരുവോണമുണ്ടിനി ഓര്‍മ്മയ്ക്കായ് നമ്മളാ
ബാല്യത്തെ വീണ്ടും പറിച്ചൊരുക്കും
ഓര്‍മ്മ കുടീരത്തില്‍ വര്‍ഷത്തില്‍ നാം ചേര്‍ക്കും
ഓര്‍മ്മകളാണീ പൂക്കളങ്ങള്‍

അമ്മ മറന്നൊരു പൊന്നോണം


തുളളിവരുന്നൊരു തുമ്പിപ്പെണ്ണിനു
കൂടെ നിറയേ തുമ്പപ്പൂ
ഓണപ്പൂക്കളില്‍ പാറി നടക്കും
ശലഭപ്പെണ്ണിനു പൂന്തേനും
ഓണപ്പുടവ ‍ഞൊറിഞ്ഞൊരു കാറ്റില്‍
ശീതം നല്‍ക്കാന്‍ തേനരുവി
പാലില്‍ത്തീര്‍ത്തൊരു വെണ്‍കസവാലെ
നിലാവു വിരിക്കും പൂന്തിങ്കള്‍
മഞ്ഞു നിറഞ്ഞൊരു പനനീര്‍പൂവില്‍
കണ്‍കള്‍ മിഴിക്കും പുലര്‍വെട്ടം
ചേലില്‍വരച്ചീ മുറ്റത്തിനിയൊരു
പൂക്കളൊരുക്കാം പൊന്നോണം
പുലികളിമേളക്കുരവയുമായി
ഓടിനടക്കും പൈതങ്ങള്‍
ഓലന്‍ കാളന്‍ അവിയലുമായി
സദ്യയൊരുക്കും മുത്തശ്ശി
ഊഞ്ഞാലിട്ടതിലാടി രസിക്കാന്‍
കൂടെവരുന്നെന്‍ പ്രിയതോഴി
ഓണത്തുമ്പീ പോകരുതേ ഞാ-
നിന്നീക്കാണും സ്വപ്നത്തില്‍
കണ്ണുതുറന്നാല്‍ വയറിന്നുള്ളില്‍
തീമഴപെയ്യും പശിയുണ്ടേ
പൊന്നോണത്തിന്‍ സദ്യവിളമ്പാന്‍
നീയും കൂടെ പോരില്ലേ
അമ്മ മറന്നൊരു പൊന്നോണം ഞാന്‍,
സ്വപ്നം കണ്ടു മയങ്ങുന്നു.
പുല്ലാല്‍ നെയ്തൊരു ഭൂതം വീണ്ടും
കണ്ണിന്‍ ചെപ്പു തുറക്കുന്നു
പേടിച്ചിനിഞാന്‍ കണ്ണിമപൂട്ടി
മെല്ലെ മറക്കാം പൊന്നോണം.
പേടിച്ചിനിഞാന്‍ കണ്ണിമപൂട്ടി
മെല്ലെ മറക്കാം പൊന്നോണം.

ഓണം -2


ഒരു നുള്ളൂ പൂകൊണ്ട്
പൂക്കാരി ഞാനെന്‍റെ
മനസ്സിലെ, പൂക്കളം നിറച്ചുവച്ചൂ
വര്‍ണ്ണച്ചിറകുള്ള
പൂത്തുമ്പിപെണ്ണേ നീ
താളത്തില്‍ തുള്ളിവാ,യെന്‍റെയൊപ്പം
മാനത്തുനിന്നൊരു
മഴവില്ലുകൊണ്ടെന്‍റെ
നെഞ്ചത്തിലെയ്യാതെ, പെയ്തുവായോ
തൃക്കാക്കരയപ്പന്‍
എഴുന്നള്ളും നേരത്ത്
പാലട നേദിക്കാന്‍ കൂടെവായോ
ഒരു നുള്ളൂ പൂകൊണ്ട്
പൂക്കാരി ഞാനെന്‍റെ
മനസ്സിലെ, പൂക്കളം നിറച്ചുവച്ചൂ
മാവേലിനാടിന്‍റെ
ഈണം നിറയ്ക്കുന്ന
ചേലുള്ള പാട്ടായി നീ വരുമോ?
നാഴിയുരിയരി
ചോറുണ്ട് പോകാമേ
സദ്യക്കു നീയുണ്ടേല്‍ പാല്‍പ്പായസം
ഒരു നുള്ളൂ പൂകൊണ്ട്
പൂക്കാരി ഞാനെന്‍റെ
മനസ്സിലെ, പൂക്കളം നിറച്ചുവച്ചൂ
തൊടിയിലായ് മാമ്പഴം
ചേറുന്ന കൊമ്പിലായ്
ചേലുള്ളൊരൂഞ്ഞാലും കെട്ടിടാം ഞാന്‍
ഒരു കുഞ്ഞു കാറ്റായി
പിന്നാലെ വന്നെന്‍റെ
കവിളത്തൊരുമ്മ നീ നല്‍കിടാമോ?
ഒരു നുള്ളൂ പൂകൊണ്ട്
പൂക്കാരി ഞാനെന്‍റെ
മനസ്സിലെ, പൂക്കളം നിറച്ചുവച്ചൂ
നീയെന്‍റയുള്ളിലെ
പൊന്നോണ സന്ധ്യയായ്
പൂനുള്ളി പിന്നാലെ പോന്നിടാമോ?
നെഞ്ചം തുടിക്കുന്ന
താളത്തില്‍ നിന്നെ ഞാന്‍
പാടിയുറക്കിടാം പൂ നിലാവേ
പാടിയുറക്കിടാം പൂ നിലാവേ

നോവറിയാതൊരു പെരുമഴ പിന്നെയും

നോവറിയാതൊരു പെരുമഴ പിന്നെയും
എന്നിലലിഞ്ഞങ്ങു പെയ്തുപോകേ
ചാറാതെയെന്മിഴിയോര്‍ത്തെടുക്കുന്നിതാ
സ്നേഹമാം പൂമൊട്ടിന്‍ പരിഭവങ്ങള്‍
ഒന്നുതൊട്ടിന്നുഞാന്‍ ചുമ്പിച്ചനേരെത്തെന്‍
നെഞ്ചകക്കൂട്ടിലായ് ചാഞ്ഞിടുന്നു
കൊങ്കകള്‍ മീട്ടുന്ന ശ്രുതിയുള്ള നിശ്വാസം
കണ്ണിണക്കോണിനെ മയക്കിടുമ്പോള്‍
ചുരുളുന്ന കാര്‍കൂന്തല്‍ കടവിലേക്കെന്‍വിരല്‍
തുഴയുന്നു മോഹത്തിന്‍ കുളിരലകള്‍
ഒരു ചെറുമൂളലായെന്നിലേക്കൊതുങ്ങുന്ന
പൊന്‍മണിവീണതന്‍ തന്ത്രികളില്‍
ഒന്നു വിരല്‍തൊട്ടു പാടിച്ചു ഞാനൊരു
ശൃംഗാരമോലുന്ന മധുരഗാനം

മൗനമാണ് പ്രണയം

ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന്
ഉറക്കെ വിളിച്ചു പറയുമ്പോള്‍
എന്‍റെ ഉടുവസ്ത്രങ്ങളഴിഞ്ഞ്
ഞാന്‍ നഗ്നനാക്കപ്പെടുന്നു.
ഭ്രാന്തനെന്നൊരശ്ശരീരി
ഇടിനാദമായി
കര്‍ണ്ണങ്ങളെ ഭേദിക്കുന്നു.
നിഴലുകള്‍ ചൂഴ്ന്ന്
മണ്ണിലേക്ക് സമാധിയാകുന്നു.
തളിരിട്ടൊരാല്‍മരം വളര്‍ന്ന്
എന്നെ ജടനീട്ടി വരിഞ്ഞു മുറുക്കുന്നു.
ഞാന്‍ സമാധിയില്‍
മൗനമാണ് പ്രണയം

മേഘക്കൂട് തുറന്ന്

മേഘക്കൂട് തുറന്ന്
അതില്‍ നിന്നൊരാലിപ്പഴം
അവള്‍ക്ക് സമ്മാനമായിക്കരുതി
അലിഞ്ഞില്ലതാകുന്നതിനുമുന്‍പേതന്നെ
ഒരു മഴ അതിനെയൊഴുക്കിക്കളഞ്ഞു.
ചില്ലുകൂട്ടില്‍ കുറേ സ്വപ്നങ്ങളുമായി
എന്‍റെ ഹൃദയം തുടിച്ചുകൊണ്ടേയിരുന്നു.
ചില മാപിനികള്‍ മിടിപ്പിന്‍റെ
നിമ്നോന്നതങ്ങള്‍ അളന്നുവച്ചു
ചില കണക്കുകള്‍ വരച്ചുചേര്‍ത്ത
രേഖകള്‍ ദിശയറിയാതെ സഞ്ചരിച്ചുകൊണ്ടിരുന്നു.
കേന്ദ്രബിന്ദുവായി എന്‍റെ ഹൃദയം
മിടിപ്പവസാനിപ്പിക്കാത്ത
കളിപ്പാട്ടമായി താളമിട്ടുകൊണ്ടേയിരുന്നു..

അടര്‍ന്ന് അകന്നുപോകുന്ന കാലൊച്ചയിലേക്ക് ഒരുമഴ

അടര്‍ന്ന് അകന്നുപോകുന്ന 
കാലൊച്ചയിലേക്ക് ഒരുമഴ
കണ്‍പീലി കഴിഞ്ഞ് 
പടര്‍ന്നുകത്തുന്ന ചിതാശിഖരത്തിലേക്ക്
മനസ്സാവര്‍ത്തനങ്ങളാല്‍
തല്ലിക്കൊഴിക്കപ്പെട്ട വാക്കുകള്‍
തീവെട്ടികുന്തങ്ങളുടെ
എണ്ണവറ്റിയ കാമ്പിടങ്ങളില്‍തട്ടി
പ്രതിധ്വനിച്ച് മൂര്‍ച്ചകുറയുന്നു
കാവുകള്‍ ശോഷിച്ച്
ഒറ്റമരത്തിന്‍ വിളക്കിടങ്ങളാകുന്നു.
പെരുവിരല്‍ വലിച്ചുവിട്ടൊരമ്പ്
മേഘങ്ങളെ മുറിച്ച്
ആകാശത്തിനപ്പുറത്തെ
ശൂന്യത തേടുമ്പോള്‍
നക്ഷത്രങ്ങളിലെ വെളിച്ചവും
കെട്ടുപോകുന്നു
ഞാന്നിറങ്ങുന്ന വല്ലികളിലേക്ക്
ഒരൂഞ്ഞാല്‍ത്തടി ബന്ധിച്ച്
ഞാനും എന്‍റെ സ്വപ്നങ്ങളും
കാവുകാണാന്‍ പോകുന്നു.
എന്‍റെ ഗര്‍വ്വ്
ഒരു തെയ്യക്കോലമായി
പിന്നിലൂടെ വന്ന് ഉറഞ്ഞാടുന്നു

ചില്ലലമാരയിലെ പുട്ട്

കുഴല്‍ പ്രസവിച്ചിടുമ്പോള്‍‍ത്തന്നെ
കുലത്തിനനുസരിച്ച് പേരു നല്‍കുന്നു.
ചമ്പയെന്നോ, ഗോതമ്പെന്നോ, ചീനിയെന്നോ
നിറത്തിനനുസരിച്ച് സംവരണത്തിലെ
തേങ്ങാപ്പീര തെളിഞ്ഞു കാണുന്നു.
പിന്നെ വരിവരിയായി
ചില്ലലമാരയിലൊരടുക്കിവയ്പ്പ്.
ഒടുവില്‍ പയറുകൊണ്ട് വായ്ക്കരിയിട്ട്
പപ്പടംകൊണ്ട് പുതച്ച് ഒരു ശവഘോഷയാത്ര.
അങ്ങനെ പ്രസവം മുതല്‍ ഒടുക്കംവരെ
സ്വാതന്ത്ര്യത്തോടെ പുട്ട് ജീവിക്കുന്നു.

നോവ്

അരുകിലൂടൊഴുകിയ പുഴയറിഞ്ഞില്ല
എന്‍ മനസ്സിന്‍റെ താഴ്വാര ശോണിമയെ
ചുണ്ടുകള്‍ മന്ദമായ് പൂക്കുമ്പൊഴും
ഉള്ളിലിഴയുന്ന ശോകമറിഞ്ഞതില്ല
എങ്കിലും കണ്ണിലെ പീലികള്‍ചൂടിയ
മഞ്ഞിന്‍ കണമെന്‍റെ കണ്ണുനീരായ്
നാഭിതന്‍ ചോട്ടിലെ കുഞ്ഞനക്കത്തില്‍ ഞാന്‍
വിരള്‍തൊട്ടു വിരഹത്തെ കണ്ടെടുക്കേ
ഓര്‍മ്മകള്‍ കാറ്റായ് കടന്നെത്തിയന്നവന്‍
തന്നൊരു മുത്തം പകര്‍ന്നുവച്ചു
കുളിരുന്ന മേനിയില്‍ പുതയുന്ന ചേലയെ
കൈകളാല്‍ മെല്ലെ പറത്തി നിന്നു
ഒരു ചുടുനിശ്വാസം ഓര്‍മ്മയില്‍ നിന്നെന്നെ
ഒന്നു വിടുവിച്ചു കൊണ്ടുപോകെ
കളംകളംപാടിയായരുവിയെന്‍ നോവിനെ
കുളിരായ് മനസ്സില്‍ പകര്‍ന്നുതന്നു.

സ്നേഹവസന്തം

ചില്ലകള്‍പൂത്തൊരാ കാടിനുള്ളില്‍
കൂടില്ലെനിക്കൊരു പാട്ടുപാടാന്‍
പലതുണ്ടുകാഴ്ചകള്‍ ഇനിയുമെന്നാല്‍
അതിരിട്ട ഭൂവിലിനിയെന്തുകാണാന്‍
കൊതിയുണ്ട് വാനിലായൊന്നു പാറാന്‍
ചിറകുണ്ട് കൂട്ടിലാണെന്നുമെന്നും
പുഴയുണ്ട് ദൂരെയെന്‍ സ്വപ്നഭൂവില്‍
ചിറകെട്ടി മായ്ക്കുന്നുണ്ടാവസന്തം
കതിരിട്ടപാടത്തില്‍ നെല്ലുകൊയ്യാന്‍
മോഹമാണെന്നുമെന്നുള്‍ത്തടത്തില്‍
ബന്ധിച്ചു നിങ്ങളീ സ്നേഹനൂലാല്‍
ബന്ധംകളഞ്ഞു ഞാനെങ്ങുപോകാന്‍
‌സ്വപ്നമാണീജീവനെന്നുമെന്നും
സ്വപ്നം കഴിഞ്ഞാലുണര്‍ന്നുപോകും
നിഴലില്ല പിന്നെയാ പകലിനൊന്നും
തേടുന്നു ഞാനെന്‍റെ കൂടുവീണ്ടും

പൗര്‍ണ്ണമി

ഞാനുമ്മചോദിച്ചെന്‍റെയമ്മ തന്നു
നെഞ്ചുനൊന്തിട്ടും
തെല്ലുവിടിവിക്കാതിങ്കുതന്നെന്‍റെ 
ചുണ്ടിലിറ്റിച്ചൊരാ തേന്മഴ
പെയ്തിറങ്ങുന്നു വീണ്ടുമീ
കര്‍ക്കിടക രാത്രിയില്‍.
വന്നുപോകുന്നു ചിലകാക്കകള്‍
തെണ്ടിനടന്നീടുമെന്‍ നെഞ്ചിലെ
വറ്റുകൊത്തീടുവാന്‍
എള്ളുപൂക്കുന്നു ദൂരെ
വീണ്ടുമൊരമാവാസി
നിഴല്‍വിരിക്കുന്നു
കനലിന്‍ നോവുപാത്രങ്ങളില്‍
മിഴിനനയ്ക്കാതൊരു കരിന്തിരി
കണ്ണുപൂട്ടുന്നു കടലിന്‍
നെഞ്ചുനോവാതെയി പകലിന്‍
അന്ത്യയാമങ്ങളില്‍
കൈപിടിക്കാതൊരു പെരുന്തിര
കൊണ്ടുപോകട്ടെയെന്നെയും
ചോര്‍ന്നുപോകാതെന്‍റെ സിരകളില്‍
വന്നുചേരട്ടെ വീണ്ടുമാ പൗര്‍ണ്ണമി

കള്ളക്കര്‍ക്കിടകം

ഇല്ലാമഴപെയ്യിച്ചൊരു 
കള്ളക്കര്‍ക്കിടകം
തുമ്പപ്പൂ നുള്ളിമുറിക്കണ് 
ചിങ്ങപൂംപുലരി
കണ്ണാരംപൊത്തിവരുന്നൊരു 
പൊന്നിന്‍പൂങ്കാറ്റില്‍
എള്ളോളം തുള്ളിനടക്കണ്
ചിങ്ങപ്പൂത്തുമ്പീ
മുട്ടോളം പൊന്തിച്ചിട്ടീ
പാവാടത്തുമ്പില്‍
തെറ്റിപ്പൂ നുള്ളിയൊരുക്കണ്
മഞ്ചാടിപ്പെണ്ണ്
കണ്ണാലെ കവിത രചിച്ചൊരു
പ്രണയപൂങ്കുളിരിന്‍
പൊന്നോണ നിലാവുപരത്തി-
യമ്പിളിചായുന്നു.
കുന്നോളം നന്മനിറഞ്ഞൊരു
പൊന്നോണച്ചന്തം
നെഞ്ചോരം ചേര്‍ത്തുപിടിച്ചീ
കേരളമുണരുന്നു.

തണലുള്ള മാഞ്ചോട്ടില്‍

തണലുള്ള മാഞ്ചോട്ടില്‍
പുരകെട്ടിക്കറിവച്ചി-
ട്ടുണ്ണാന്‍ വിളിക്കുന്നു ബാല്യം
ഉണ്ണാന്‍ വിളിക്കുന്നു ബാല്യം...
തളിര്‍വെറ്റക്കൊടിച്ചോട്ടില്‍
കളിവണ്ടി നിര്‍ത്തീട്ട്
ഉണ്ണാനിരിക്കുന്നു ബാല്യം
ഉണ്ണാനിരിക്കുന്നു ബാല്യം...
കുടമുല്ലപ്പൂകൊണ്ട് പച്ചടിയും
പൂഴിമണല്‍കൊണ്ട് പാച്ചോറും
പ്ലാവില പാത്രത്തില്‍ നീ പകര്‍ന്നെന്‍
ഹൃദയത്തിലേക്കൊരു പാട്ടുമൂളും
ഹൃദയത്തിലേക്കൊരു പാട്ടുമൂളും
കുരുത്തോല ഞൊറിഞ്ഞൊരു പന്തൊരുക്കാം
ആലോലമൂഞ്ഞാലു കെട്ടിയാടാം
പൂപ്പന്തല്‍തീര്‍ക്കുന്ന അരിമുല്ലച്ചോട്ടിലെ
തുമ്പിക്കുപിന്നാലെ പാ‍ത്തിരിക്കാം
തുമ്പിക്കുപിന്നാലെ പാ‍ത്തിരിക്കാം
ഞൊറിയിട്ട പാവാട കസവു തോല്‍ക്കും
നുണക്കുഴിക്കവിളിനാല്‍ നീ ചിരിക്കേ
പ്ലാവില മെടഞ്ഞൊരു തൊപ്പിയുമായ്
പിന്നാലെ കൂടുന്നുണ്ടെന്‍റെ ബാല്യം
പിന്നാലെ കൂടുന്നുണ്ടെന്‍റെ ബാല്യം

മഴ.. പെയ്തുകൊണ്ടേയിരിക്കുന്നു

ഒരു മഴ
അതു അടര്‍ത്തിയെടുക്കുന്നത് 
ഒരു ദാഹത്തെയാണ്
വിണ്ട ചുണ്ടിലെ
പെരുമഴക്കാലങ്ങള്‍
നേര്‍ത്ത നോവുകളായി
യോനീ നാളികളില്‍
ഹരിത മുകുളങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
തെരുവുമറന്നുപോകുന്ന
ചോരപ്പോടുകള്‍
ഒപ്പിയെടുത്ത് ഹൃദയത്തോട്
ചേര്‍ക്കുന്നുണ്ട്.
ചില സ്ത്രീകളും
പെയ്തുവീഴുന്നുണ്ട്
ഞെട്ടറ്റു പോയൊരു
മാംസപിണ്ഡത്തെ
തപ്പിയറിയുന്നുണ്ട്
ഇരുട്ടിനെയാവാഹിച്ച്
നിഴലിനെ കൈപിടിച്ച്
കര്‍മ്മകാണ്ഡങ്ങളെ അളന്ന്
പകുത്തുവയ്ക്കുന്നുണ്ട്
സ്നേഹത്തെ.
വാവട്ടംകുറഞ്ഞ
മണ്‍ഭരണികളില്‍
നിന്ന് ഇരുട്ട്
കുരുക്ഷേത്രഭുമിയില്‍
പരന്നിറങ്ങുന്നുണ്ട്
മുടിയിഴകളില്‍
ചോരയും ചലവും ചേര്‍ത്ത്
ജടാഭാരത്തെ ആവാഹിച്ചൊരു
യുദ്ധവെറിയാല്‍
അട്ടഹസിക്കുന്നുണ്ട്
മഴ...
ചില ചരിഞ്ഞ പ്രദേശങ്ങളില്‍
അണയെടുത്ത് ഉരുള്‍പൊട്ടലായി
തിരകാണാത്ത തീരങ്ങളെ
ഭോഗിക്കുന്നുണ്ട്...
മഴ..
പെയ്തുകൊണ്ടേയിരിക്കുന്നു