Tuesday, 29 December 2015

നിഴലും ഞാനും - Nizhalum Njanum: അവളുടെ ചിരിപോലെ

നിഴലും ഞാനും - Nizhalum Njanum: അവളുടെ ചിരിപോലെ: കടംവച്ചുപോകുന്ന കടങ്കഥകളില്‍ ഒരു മയില്‍പ്പീലിത്തണ്ടുമായി ഞാനാ മഞ്ചാടിക്കുരുവിനെകാത്തിരുന്നു മഷിത്തണ്ടിന്‍ മണമുള്ള കുഞ്ഞു കൈപ്പത്തികൊണ്ട് പ...

Wednesday, 2 December 2015

ഇഴയുന്ന സന്ധ്യക്കുമീതെ


ഇരുളിന്റെ മറവിലെന്നിടനെഞ്ചില്‍ നിന്നു നീ
ഊറ്റുന്ന ഭ്രാന്താണു കാമം 
ഞാനല്ല വേശ്യയെന്നുടലാകെ നക്കുന്ന
നിണമറ്റ നിന്‍ കണ്ണുമാത്രം
എന്‍തുടക്കോണിലെ ചേരിയില്‍ നീ തീര്‍ത്ത
ബിംബങ്ങളെന്നുമനാഥര്‍
നീയാണുസത്യവും നീയാണുവാക്കുമെന്നാരോ
പഠിപ്പിച്ചപോലെ
എഴുതുന്നു ഞാനിന്നുമീ പുസ്തകത്തിന്‍
ഇരുളുന്ന താളിലായെന്നും
കണ്ണുകള്‍ കെട്ടിയീ വിജനമാം വഴിയില്‍ നീ
വിലപേശി വിലപേശി നില്‍ക്കേ
ഞാന്‍പെറ്റ മക്കള്‍ നിന്‍ ഭൂ തഗണങ്ങളായ്
പടവെട്ടി പടവെട്ടിയാര്‍ക്കും
എന്‍ചേല നിന്റയീ കൊടികള്‍ക്കുവേണ്ടി
പലവട്ടം കീറിയെടുക്കേ
നഗ്നയായ് തെരുവിലൊരു ഭ്രാന്തിയായ് കേഴുന്ന
ഞാനാണു ഞാനാണു മോക്ഷം
എരിയുന്ന തീയിലെന്നുടലിനെ കുത്തിനീ
കരയുന്നതെന്തിന്നു വീണ്ടും
പകലുകള്‍ ഇരുളിന്റെ കാത്തിരിപ്പാണിനി
ഇഴയുന്ന സന്ധ്യക്കു മീതെ

അവളുടെ ചിരിപോലെ

കടംവച്ചുപോകുന്ന കടങ്കഥകളില്‍
ഒരു മയില്‍പ്പീലിത്തണ്ടുമായി
ഞാനാ മഞ്ചാടിക്കുരുവിനെകാത്തിരുന്നു
മഷിത്തണ്ടിന്‍ മണമുള്ള കുഞ്ഞു കൈപ്പത്തികൊണ്ട്
പലപ്പോഴും അവളെന്‍റെ മിഴികള്‍ പൊത്തി ചിരിച്ചു
ഇനിയും മായ്ച്ചെടുക്കാത്ത
തടിസ്ലേറ്റില്‍ ‍ഞാനവള്‍ക്കായി
എന്‍റെ മനസ്സ് കോറിയിട്ടു
വന്നുപോയ മഴകളില്‍
ഞാനറിയാതെ അലിഞ്ഞുപോയ
എന്‍റെ പ്രായം ഒരു കര്‍ക്കിടകത്തിന്‍റെ
തുള്ളിമുറിയാത്ത പെയ്ത്തിനുവേണ്ടി
കാതോര്‍ത്തിരുന്നു
അവളുടെ ചിരിപോലെ

അതെവിടയാകും?

ചില രാത്രികള്‍ പകലെന്നപോലെ
സ്വപ്നങ്ങളാല്‍ മാരിവില്ലു ചമയ്ക്കുന്നു.
കണ്ണൊന്നു ചിമ്മുമ്പോഴേയ്ക്കുും
കരിമഷി പടരുന്നിരുട്ടിലേക്ക്
മറഞ്ഞുപോകുന്ന അവ്യക്ത നിഴലുകള്‍.
കണ്ടെടുക്കാത്ത ഓര്‍മ്മക്കൂടുകള്‍ പണിതെടുത്ത്
നിറച്ച നിറഭേദങ്ങള്‍.
വരച്ചെടുക്കുന്ന മായാക്കാഴ്ചകള്‍
ഞാനെന്ന ബോധംകെടുത്തി
എന്നിലേക്കുതന്നെ ആഴ്ന്നിറങ്ങുമ്പോള്‍
മനസ്സെന്ന മഹാമായ അതെവിടയാകും?

മൗനം പ്രണയമാകുമ്പോള്‍

കണ്ണിമാങ്ങാ കാര്‍ന്നിടുന്ന കുഞ്ഞുബാല്യത്തില്‍
കണ്ണുപൊത്തി നിന്‍റെയൊപ്പം ഞാന്‍ നടന്നപ്പോള്‍
കണ്ടതില്ല നിന്‍റെ ചന്തം എന്‍റെ പെണ്ണാളേ
നിന്‍റെ കണ്ണില്‍ പൂത്തുനിന്ന പൂവസന്തങ്ങള്‍
ചേമ്പിലകള്‍ നുള്ളിയിട്ടീ നീര്‍വഴിത്തോട്ടിന്‍
ഇന്നു നിന്‍റെയരികുപറ്റി ഞാന്‍ നടന്നോട്ടേ
എള്ളു പൂക്കും പാടമൊന്നില്‍ തത്തപാറുമ്പോള്‍
നിന്‍റെ ചുണ്ടിന്‍ പുഞ്ചിരിയില്‍ ഞാന്‍ ലയിച്ചോട്ടെ
മഞ്ഞുതുള്ളി പകര്‍ന്നുവച്ച നൂറുബിംബങ്ങള്‍
കുഞ്ഞുപൂവില്‍ പ്രഭചൊരിയും സൂര്യനാകുമ്പോള്‍
പുതിയ പകലിലുറവതേടി ഞാന്‍ നടക്കുന്നു
എന്‍റെയൊപ്പം കൂട്ടുവായോ എന്‍റെ കണ്ണാളേ
കൊക്കുരുമ്മും സ്നേഹമായി നീയണഞ്ഞെന്നാല്‍
ഹൃദയതന്ത്രി പകുത്തു നിന്‍റെ പ്രണയമായീടാം
ചിറകിനുള്ളില്‍ കൂടൊരുക്കി കാത്തുവച്ചീടാം
കുളിരുതോരും ചൂടുനല്‍കി ചേര്‍ത്തുവച്ചീടാം
തുമ്പിതുള്ളും നെഞ്ചകത്തിന്‍ പൂമലര്‍ചെപ്പില്‍
ചേര്‍ത്തെടുക്കൂ എന്‍റെ മൗനം നിന്‍റെ പാട്ടായി
നീയുറങ്ങും മണ്‍മടിയില്‍ ഞാനിരിക്കുമ്പോള്‍
കുഞ്ഞുകാറ്റായ് വന്നു നീയെന്‍ അരികുചായുന്നു
നിഴലുനീങ്ങി പകലിടങ്ങള്‍ കരിയുടുക്കുമ്പോള്‍
അകലെ വാനില്‍ നീ തിളങ്ങും എന്‍റെ നക്ഷത്രം
ഈ നിലാവിന്‍ വഴിയരുകില്‍ വിരഹമില്ലാതെ
നിന്‍റെ ചുടലച്ചോട്ടില്‍ ഞാനും ചേര്‍ന്നുറങ്ങട്ടെ

ഇനിവയ്യ മാളോരേ

നീയെന്നെക്കാട്ടില്‍ നിന്നും
വാരിക്കുഴി തീര്‍ത്തൊരു നാളില്‍
നാട്ടാനേക്കൂട്ടിനുകൂട്ടി
കൂട്ടില്‍ക്കേറ്റിമെുരുക്കിയിണക്കി
ചേലേറുംപേരുംനല്‍കി
കാലോളം ചങ്ങലയിട്ടുകുരുക്കി
ചൂടേറും റോഡില്‍ക്കൂടി
ചെള്ളയ്ക്കൊരുകുത്തും തന്നു നടത്തും
ഞാനാണേ കാട്ടില്‍ പെരിയൊരു
കാട്ടാനകൂട്ടപ്പെരുമാള്‍
മദമൊട്ടുപൊട്ടുന്നേരം
നീയിട്ടചങ്ങലപൊട്ടും
ഞാനെന്‍റെ ഭ്രാന്തിന്‍ചൂരില്‍
നാടാകെ തട്ടിമെതിക്കും
കുടതന്ന തേവരുമില്ല
കാലാളിന്‍ ജീവന്‍കാക്കാന്‍
അതിനാലേ ഞാനാക്കാട്ടില്‍
സുഖമോടെ നടന്നോട്ടേ
ഈ ചൂടില്‍ വേവുന്നെന്‍റെ
തടിയുള്ള കരിദേഹം
നീ കൊട്ടും താളംകേട്ടന്‍
ഉടലാകെ തളരുന്നു
മുറംതോല്‍ക്കും ചെവികൊണ്ടീ
ഉടലാകെ വീശീട്ടും
പനികൂട്ടും വെയിലെന്‍റെ
ഉടലാകെ പൊള്ളിച്ചു
ഇനിവയ്യ മാളോരേ
തിടമ്പൊട്ടു ചുമക്കാനും
വെറിവീണ മണ്ണിന്‍റെ
ഇടനെഞ്ചില്‍ പിടയാനും
കരിവീട്ടി വലിക്കാനും
പടയോട്ടംകൂടാനും
നീ തീര്‍ത്ത കോപ്പിന്‍റെ
പിന്നാലെ നടക്കാനും

മായാത്ത ചിത്രങ്ങള്‍


നീ നിന്‍റെ വിരല്‍കൊണ്ടു
മായാത്ത ചിത്രങ്ങള്‍
ഏറെ വരയ്ക്കുന്നുണ്ടീയുലകില്‍
എന്തിനുവേണ്ടിയീ ജന്മങ്ങള്‍ നല്‍കുന്നു
തീവ്രമാം ബോധത്തിനുറവയാകാന്‍.
കട്ടികടുംവേനല്‍ ശിഖരത്തിലിന്നൊരു
കുട്ടി നിലവിളിച്ചോടിടുമ്പോള്‍
പൊട്ടുംവിശപ്പിന്‍റെ തീച്ചൂളകൊണ്ടിതാ
ഭൂമിയും വരളുന്നു വിണ്ടുകീറി.
കരളുള്ള കായ്കളില്‍
തേയ്ക്കും വിഷത്തിന്‍റെ
ഫണമുള്ള ചില്ലയില്‍ കൂടൊരുക്കി
പണംകൊണ്ടു നീതിതന്‍
കണ്ണുകള്‍ ബന്ധിച്ചെന്‍
അഴലുകള്‍ കൂട്ടുന്ന സത്വമാകാന്‍
നീ വരച്ചീടുന്ന ചിത്രങ്ങളെന്നുമീ
ഉലകീലീ കൊടികള്‍ വരച്ചുകുത്തും.
നിറമുള്ള പീലികള്‍ തുന്നിയ തൊപ്പികള്‍
തുടരുന്ന ഭരണത്തിനീര്‍ച്ചവാളില്‍
പിടയുന്ന ദേഹങ്ങള്‍ പട്ടിണിക്കാലുമായ്
ഇഴയുന്നു വീണ്ടുമാ കള്ളികുത്താന്‍.
പുഴകള്‍ വരച്ചിട്ട യൗവ്വനത്തുടികളില്‍
ഉടല്‍കൊണ്ട സംസ്കാര നഗരചിത്രം
മതമായി പിന്നെയെന്നുടലില്‍ സ്ഖലിക്കുന്ന
വ്രണമായി ഗന്ധം ചുരത്തി നില്‍ക്കേ
കടലുകള്‍ വേതാളച്ചുഴികളില്‍ വീണ്ടുമൊരു
ഖഡ്ഗം ചമയ്ക്കുന്നു തിരകളാലെ.
നിശകളില്‍ വേരറ്റ സ്നേഹത്തുരുത്തുകള്‍
കാമംകൊളുത്തും മനസ്സുമായി
പുടവകള്‍ ഛേദിച്ച വാളുമായവനിയില്‍
തേരോട്ടമോടിച്ചിരിച്ചിടുമ്പോള്‍
പരിചകള്‍ പെണ്ണുടല്‍ മാത്രമായിരവിന്‍റെ
കോണില്‍ കടംകൊണ്ടു തൂങ്ങിനില്‍ക്കും.
കരിപിടിച്ചിവിടെയെന്നുലകിലെപാത്രങ്ങള്‍
വരളുന്നു കനലിനി നീ വരയ്ക്കൂ
ജ്വലിക്കട്ടെ ഭൂമിയൊരു കനല്‍ക്കുന്നുപോലിനി
മായട്ടെ മലിനങ്ങള്‍ ശുദ്ധിതേടി
വര്‍ഷങ്ങള്‍ പെയ്യുന്ന മഴകൊണ്ടുവീണ്ടുമീ
ഭൂമിയില്‍ പൂക്കട്ടെ നന്മവീണ്ടും
വര്‍ഷങ്ങള്‍ പെയ്യുന്ന മഴകൊണ്ടുവീണ്ടുമീ
ഭൂമിയില്‍ പൂക്കട്ടെ നന്മവീണ്ടും