Tuesday, 28 February 2017

മല വരയ്ക്കുമ്പോൾ

മല വരക്കുന്നൂ
ഞാനെൻ വരണ്ട കയ്യാലേ
നിറഞ്ഞ കുപ്പിക്കുള്ളിലെന്റെ
പുഴ മരിക്കുന്നൂ.
കാടുകാണാൻ പോയ പാതി
മണലു താണ്ടുമ്പോൾ
പുഴ പറഞ്ഞ കഥ മറന്നീ
കടവുറങ്ങുന്നൂ
ഒറ്റമര തണലുകണ്ടെൻ
ഉണ്ണി ചൊല്ലുന്നു
കാട്‌ കണ്ടു ഞാനുമിന്നെൻ
അച്ഛനറിയാതെ
പ്രാണവായു നിറച്ചക്കുപ്പികൾ
ശ്വാസമൂറ്റുമ്പോൾ
വിരലുതൂങ്ങി കൺമിഴിച്ചെൻ
മകളുചോദിച്ചു
മഴയതെന്നാൽ എന്തു സാധന-
മെന്റെ പൊന്നച്ചാ
മഴയsർത്തും വാനവില്ലിൻ
നിറങ്ങളേതാണ്
വരകൾ കൊണ്ടാ മഴവരക്കാൻ
തുള്ളി തേടുമ്പോൾ
മിഴിനനച്ചാ തുള്ളിപാഞ്ഞെൻ
ബാല്യമോർക്കുന്നു
ഇതൾ വിടർത്തിയ തുമ്പയന്നെൻ
ഓണമാകുന്നു
പതിര് കുത്തിയ തവിടുതിന്നെൻ
കുടലുനൂരുന്നു
എന്റെ ദാഹമഴിച്ച പുഴകൾ
മാഞ്ഞുപോകുമ്പോൾ
വരകൾ കൊണ്ടീമല വരച്ചതു
ചിത്രമാകുന്നു
ഹൃദയ വള്ളികൾ പുഴകൾ പോലെ
ദാഹമാകുന്നു
ഇരുളു നീണ്ട വഴിയിടങ്ങൾ
നിഴലുമായ്ക്കുന്നു.
വിണ്ടുകീറിയ മണ്ണുടച്ചൊരു
വിത്തുപാകാനായ്
സിരകൾ കീറി രുധിരമൂറ്റി
പുഴ വരയ്ക്കട്ടെ
ഞാൻ പുഴ വരയ്ക്കട്ടെ...

നാടുകടത്തുന്നോർ

കല്ലു ചുമന്നതു ഞാനേ
കണ്ണു രചിച്ചതും
ചുണ്ടുവരച്ചതും
ഇമ്പമാർന്നുള്ളൊരു
രൂപം ചമച്ചതും ഞാനേ.
നിന്നുടെ രൂപം ചമയ്ക്കുന്ന നേരം
എന്റെ കിടാത്തീടെ
മാർവരച്ചന്തം.
അവളുടെ നാഭിയും
ചാൺ വയർ കോണും
നോവുകൾ ചേർത്തു
മെനഞ്ഞതു ഞാനും.
എന്റെയുളിത്താഴെ
ചാഞ്ഞും ചരിഞ്ഞും
നൊന്തു ജനിച്ചൊരു
വിഗ്രഹം നീയേ.
നിന്നുടെ രൂപം വരച്ചതു ഞാനേ
നിന്നിലുമായുധം തന്നതു ഞാനേ
നിന്റെ ചരിത്രം രചിച്ചതു ഞാനേ
മന്ത്രം രചിച്ചു പിണച്ചതും ഞാനേ
ഒറ്റ വാതിൽക്കൂടു കെട്ടിയെടുത്താ
അഷ്ടബന്ധത്തിലടച്ചതും ഞാനേ
ആയുധം തന്നു നിൻ കൈകൾ ബന്ധിച്ച്
സ്നേഹം മറക്കാൻ പഠിപ്പിച്ചു നിന്നെ.
ജാതി വരഞ്ഞതു ഞാനേ
പിണ്ഡം ചമച്ചതും ഞാനേ
കണ്ടത്തിൽ കുത്തിയ
കണ്ണേറുപൊട്ടനായ്
പട്ടിൽ പൊതിഞ്ഞു നീ നിൽക്കേ
ദേശ വരമ്പിലെ നാറിയ ചിന്തകൾ
കോമരം തുള്ളുന്നു വീണ്ടും
എന്റെ യുടൽത്തുണ്ടു വെട്ടാൻ
നിന്റെ മതമെന്ന പേരും
തന്തേമറന്നൊരു തെമ്മാടിപ്പൈതങ്ങൾ
കെട്ടും കൊടിക്കൂറത്തുമ്പിൽ
മാനം പിഴയ്ക്കുന്ന ദേവി
നീയെൻ ദേശപ്പെരുമ തൻ പാപി

ഹൃദയത്തിൽ വീണ്ടും

ഈ വിരൽത്തുമ്പിൽ പിടിച്ചു നീ ഇന്നലെ
തിരകൾ മുറിച്ചെന്റെ ഒപ്പം നടക്കവേ
ഓർത്തില്ല നീയെന്റെ ആത്മാവു തേടുന്ന
പൂമരശാഖിയാണെന്നുള്ളതപ്പൊഴും
വിരലുകൊണ്ടെഴുതി മുഴിപ്പിക്കും മുമ്പൊരു
തിരവന്നു മായ്ച്ചുകളയുന്ന നൊമ്പരം
നിൻ സ്നേഹമാണെന്നറിയാതെ വീണ്ടുമാ
കാൽപ്പാടു തേടി നടക്കുന്നതെന്തിനോ?
ഒരു തിര വന്നു മുഴുപ്പിക്കും മുൻപൊരു
മറുതിരവന്നു മറിയുന്ന പോലെ
ഓർമ്മകൾ ഓളങ്ങളായെന്റെ ചിന്തതൻ
ചുരുളു നിവർത്തി മറിഞ്ഞിടുമ്പോൾ
വിരലുനനച്ചൊരു തിര വന്നു വീണ്ടുമീ
കരയെപ്പുണർന്നിട്ടു പോയിടുന്നു
അഴിയാതെ ഹൃദയത്തിൽ നീകോർത്തു തന്നൊരാ
സ്നേഹത്തിൻ പൂമൊട്ടാം ചുംബനത്തിൽ
അറിയാതെ ഞാനൊരു വിരഹാർദ്രഗാനമെൻ
ഹൃദയത്തിൽ വീണ്ടും കുറിച്ചിടുന്നു

മുതു ചൊല്ലുകൾ


മഴവില്ലിൻ ചിറകുവിരിച്ചൊരു 
മഴ വന്നെൻ മാനത്ത്
ഇളവെയിലിൻ തുള്ളാട്ടത്തിൽ
തുള്ളികളാൽ കവിത രചിച്ചു
ഇപ്പെയ്ത്താണക്കല്യാണം
കുറുക്കന്റെ വേളിപ്പെയ്ത്ത്
ചിരി മൊഴിയിൽ കളഭം ചാർത്തി
മഴയിതുവഴിപെയ്യാതുഴറി
കുരവകളാൽ കൂക്കിവിളിച്ചും
മാനത്ത് മുഷ്ടിയിടിച്ചും
കുഞ്ഞാടുകൾ തമ്മിലിടിച്ച്
തിരുനെറ്റി പൊട്ടിയൊലിക്കേ
നിഴലഴികളിൽ പാത്തുപതുങ്ങി
കുറുനരികൾ ഓരിയിടുന്നു.
നിറമതുനിറമേഴു നിറങ്ങൾ
പോരാതാ കൊടിപാറുമ്പോൾ
വെയിൽ വെട്ടം തിന്നു കറുത്തൊരു
മുതു ചൊല്ലും വീണു മരിച്ചു

പ്രണയം


ഒരു ചുംബനത്തിൽ 
ആരംഭിക്കുന്നതോ
മറുചുംബനത്തിൽ
അവസാനിക്കുന്നതോ അല്ല.
പ്രണയം
മനസ്സുമനസ്സുമായി ചേരുന്ന
സുഖമുള്ള അനുഭൂതിയാണ്.
പ്രപഞ്ചമെന്നത്
പ്രണയവും.

ചില ആവർത്തനങ്ങൾ

എന്തു കണ്ടിട്ടാണ്
നീയെന്നെ ആക്രമിക്കുക
നിനക്ക് പാൽ നുകർന്ന
മുലകൾ കണ്ടിട്ടോ?
അതോ നിനക്ക് ജന്മം തന്ന
യോനി കണ്ടിട്ടോ?
നീ എന്നെ സ്ത്രീയെന്നു
വിവഷിക്കുന്നിടത്ത്
എന്തിനാണ്
അതിർവരമ്പുകൾ സൃഷ്ടിക്കുന്നത്.
ആദ്യ കുപ്പായത്തിന്റെ
ബട്ടണുകൾ തുന്നിച്ചേർക്കുന്നിടത്ത്
നീ എന്നെ ചൂണ്ടി പെണ്ണാണ്
എന്ന് ആവർത്തിക്കുന്നതെന്തിന്?
നീയും ഞാനും തമ്മിൽ
ഒരു വ്യത്യാസമേയുള്ളു
നിന്റെ സ്ഖലനം ഏറ്റെടുത്ത്
വയറിനുള്ളിലൊരറ്റക്കൂട്ടിൽ
പുതിയ തലമുറയുടെ
അനാദി സൃഷ്ടിക്കുന്നു.
നിന്റെ അപകർഷത
എന്നിലൊരധികാരമായി
നീ പടച്ചു വയ്ക്കുന്നു.
ഞാൻ എപ്പോഴും പ്രകൃതിയാകുന്നു
നീ പുരുഷനും.

സ്വാതന്ത്ര്യം

കൂട്ടം തെറ്റിയ ചാവാലിയായി
ഒന്നു കുരയ്ക്കാമെന്നു കരുതി
ഓടി വന്നതാണ്
സ്വാതന്ത്ര്യം മതിൽക്കെട്ടിനകത്ത്
തോക്കുകളുടേയും
ബാരിക്കേടിന്റേയും കാവലിൽ
ത്രിവർണ്ണ പതാകയായി പാറിക്കളിക്കുന്നുണ്ട്.
പിൻ കാലുമടക്കി
മുൻ കാലിൽ ഉയർന്നിരുന്ന്
ഒന്നോരിയിടാൻ തുടങ്ങുമ്പോഴേക്കും
കണ്ണീർവാതകമായും
ജലപീരങ്കിയായും
എന്റെ സ്വാതന്ത്ര്യത്തിനെ
വിലങ്ങണിയിച്ചു.
നിവർത്തിയ വാൽ
വീണ്ടും ചുരുട്ടി
കിഴക്കു വടക്കോട്ടേയ്ക്കൊരോട്ടം.
കമ്പിയഴികൾക്കുള്ളിൽ
എതു നിമിഷവും
മനുഷ്യന്റെ അക്രമം ഭയന്ന്
അസ്വാതന്ത്യത്തോടെ
കുറേ ജീവികൾ.
സമാധാനം
വാൽ വീണ്ടും നിവർത്തി
മാനവീയം വീഥിയിലേക്ക്
കൂട്ടം തെറ്റിയവർക്കൊപ്പം
കുരച്ചും, ഓരിയിട്ടും
ഒരിത്തിരി സ്വാതന്ത്ര്യം.
ആ സാംസ്ക്കാരിക തണലിൽ
അല്പാഹാരിയായി
ഇനിയൊന്നു മയങ്ങട്ടെ.

വേനൽ കടം കൊണ്ട തീരങ്ങളിൽ

വേനൽ കടം കൊണ്ട തീരങ്ങളിൽ
വിരഹമായകലെ മഴമറയേ
ഒരു മഞ്ഞുതുള്ളിപോൽ
അരികത്തു വന്നെന്നെ
പുളകമണിയിക്കും വെണ്ണിലാവേ
നിൻ മൃദുഹാസത്തിലെന്മനോവീണയിൽ
ആനന്ദമാധുരിയലയടിക്കും
എന്നും അലയടിക്കും

ചിരിയഴക്

തുള്ളിത്തുള്ളിത്തുള്ളിവരുന്നൊരു
നാടൻ പെണ്ണേ നീ
തുമ്പച്ചോട്ടിൽ തുമ്പിയ്ക്കൊപ്പം 
പൂന്തേനുണ്ണാൻ വാ
കാറും കോളും കൊണ്ടീ മാനം
പൂമഴ പെയ്യിച്ചാൽ
കൂടെ ഞാനും നനയാം പെണ്ണേ
വാഴയിലത്താഴെ
സ്നേഹപ്പൂമഴ കൊള്ളും നാണം
കണ്ടു രസിക്കും ഞാൻ
തുള്ളി മുറിച്ചൊരു ചിരിയാൽ നിന്റെ
കവിളു ചുവക്കുമ്പോൾ
കണ്ണാൽ ഞാനൊരു കവിത മെനഞ്ഞാ
കരളിലുറപ്പിക്കും
കരിവള ചൊല്ലും കിന്നാരത്താൽ
വിരലു കടിക്കുമ്പോൾ
കവിളിൽ നുള്ളി കനവിൽ ഞാനൊരു
നോവു പകർന്നീടും
ചില്ല കുലുക്കി മഴയെ വീണ്ടും
നിന്നിലുണർത്തുമ്പോൾ
അറിയാമഴയിൽ കുതിരും ഞാനും
സ്നേഹമതൊന്നാലെ
കൈതപ്പൂവിൻ തൂമണമേറും നിന്റെ
മുടിത്തുമ്പിൽ
തൊട്ടുതലോടിയ കാറ്റിൽ ഞാനൊരു
ചൂളമടിക്കുമ്പോൾ
തൊട്ടുതൊടാതങ്ങോടിയൊളിച്ചെൻ
ചിരി മഴ പോലെന്നും

കതിരുകൾ കിളിർക്കട്ടെ

കരിഞ്ഞ വേനൽ തുണ്ടുകളാലൊരു
കവിത രചിക്കുമ്പോൾ
വരണ്ട പാടത്തുയിരുകൾ ദാഹ
ചുടലകളാകുന്നു
പെരുത്ത കാറ്റിൽ തീക്കനൽ കോർത്തു
ഗുരുസി നടത്തുമ്പോൾ
കാവുകൾ കത്തിയ ചാരത്തറയിൽ
വെന്ത കബന്ധങ്ങൾ
ശുദ്ധികലശ പെരുമഴ പെയ്യാൻ
കോലം തുള്ളുമ്പോൾ
തോറ്റംപാട്ടിൻ ഈരടി ചൊല്ലി
ദേവി മടങ്ങുന്നു
യക്ഷിത്തറയും കരിമ്പനവട്ട -
ത്തലവറ ഭൂതങ്ങൾ
നാവു മുറിച്ചു നിശബ്ദമനസായ്
കാവു മറക്കുന്നു
ചുടലക്കാടുമുറിച്ചു ചിലമ്പാൽ
താണ്ടവമാടുമ്പോൾ
രക്തം വാർന്ന കുഴിച്ചാലുകളിൽ
ഭൂമി പകുക്കുന്നു
പ്രണയക്കൂടു തകർന്ന ജഗത്തെ
വേനലുരുക്കുമ്പോൾ
കൊന്നു മുറിച്ചൊരു കോശക്കൂടായ്
ഹൃദയമിരിക്കുന്നു
ചങ്ങലയിട്ടുമുറുക്കും ജാതി
കൊമ്പുകൾ കോർക്കുമ്പോൾ
അഞ്ചാം ജാതിക്കിടമില്ലാതവർ
പട്ടിക തീർക്കുന്നു
അധികാരത്തിൻകെട്ട മനസ്സൊരു
പൂതനയാകുമ്പോൾ
തൊണ്ട വരണ്ട കിളിക്കൂട്ടങ്ങൾ
കണ്ണു മിഴിക്കുന്നു
പെരുവിരൽ ദക്ഷിണ നല്കാനായി
തലമുറ മണ്ണിൽ ജനിക്കാതെ
കതിരുകൾ വാനപ്പെരുമഴയായി
മണ്ണിലമർന്നു കിളിർക്കട്ടെ.

വേനലിൻ തീയിൽ

വേനലിൻ തീയിൽ ഞാനെരിയുന്ന നേരത്തും
നിൻ മൊഴിച്ചാറലിൻ ഓർമ്മ മാത്രം
ആകുളിർച്ചോലയിൽ പെരുമഴ കാത്തു ഞാൻ
എന്നും മനസ്സാൽ തപമിരിക്കും

ഞാനറിയാതെ

ഒരു മഴത്തുള്ളിയായ്
മൗനത്തിലെയ്‌ക്കൊരു
സ്വരരാഗമഞ്ജരി 
തീർത്തു വയ്ക്കേ
സ്വപ്നമാം കളിവഞ്ചി
തുഴയാതെ ഞാനൊരു
പ്രണയത്തിൻ മണിവീണ
കൈയിൽ വച്ചു
നിൻ ഹൃദസ്പന്ദന-
മാണതിൻ തന്ത്രിയിൽ
ഞാൻ തൊട്ടു
മീട്ടുവതാണതെന്നും
ആകാശനീലിമ-
യാകെക്കവർന്നതാ-
ണാ മിഴിക്കോണിലെ
യാർദ്രഭാവം
എന്നെ ജയിക്കാനാ-
യെന്നോട് ചേരുമ്പോൾ
പൂമഴത്തുണ്ടിൽ നീ
സ്നേഹമാകും

ഈ പുഴ എന്നിൽ നിന്നൂർന്നു

ഈ പുഴ എന്നിൽ നിന്നൂർന്നു
പോകാതിരിക്കാനാണ് അണകെട്ടിയത്.
എന്നിട്ടുമെന്തേ
കാറ്റായും ഊറ്റായും
തനിച്ചാക്കി പോകുന്നു.

മഴ പൊഴിയും വഴിയരുകിൽ

മഴ പൊഴിയും വഴിയരുകിൽ
മിഴിയറിയും ചിരിയഴകേ
ഒരു കുളിരാൽ പെയ്യരുതോ
മൊഴിയിതളിൽ ചെറു നാണം
'അലഞൊറിയും പുഴയരുകിൽ
കഥ പറയും കരിമഷി നീ
എഴുതൂ നിൻ കൺമുനയാൽ
ഇടനെഞ്ചിൽ ഒരു ഗാനം