Saturday 1 April 2017

നോവ്

ദുഃഖമില്ലാത്തൊരു വരിയെഴുതാനായ്
കടംചൊല്ലി ഞാനീ കടലിനോട്
തിരകള്‍നിന്‍ ചിരിയെന്ന് വെറുതെ നിനച്ചുഞാന്‍
ഒരുവരി വീണ്ടും കുറിച്ചിടുമ്പോള്‍
തലതല്ലി സങ്കടം മുഴുമിക്കാനാകാതെ
കരയുന്നു വീണ്ടും കടങ്കഥയാല്‍
മുത്തുകളല്ല ചിതറുവതീത്തിര
കണ്ണുനീര്‍ത്തുള്ളിയാം സങ്കടങ്ങള്‍
കാര്‍മുകില്‍ നീയെന്‍റെ മനസ്സിലായ് പെയ്യുമോ
ഒരു തുള്ളിമോഹത്തിന്‍ തേന്‍കുടങ്ങള്‍
ഉപ്പല്ല കണ്ണുനീര്‍ കടംകൊണ്ടതാണിവള്‍
ഉള്‍ച്ചുഴിച്ചുറ്റിലെ നോവകറ്റാന്‍
ചുട്ടുപഴുത്തൊരാ മുഖവുമായ് മാരനും
സന്ധ്യക്കുചുംബിച്ചുപോയിടുമ്പോള്‍
ചുറ്റുമിരുളുമായ് സങ്കടക്കാര്‍മുകില്‍
കട്ടെടുക്കുന്നുനിന്‍ കവിളഴകും

തനിച്ചല്ല

ഹൃദയമൊരുകൂട്ടിൽ
തനിച്ചല്ലയെന്നുനിൻ
മൊഴി കേട്ടു 
ഞാനും 
കരുതി വച്ചു

മനസ്സാൽ തപമിരിക്കും

വേനലിൻ 
തീയിൽ 
ഞാനെരിയുന്ന
നേരത്തും
നിൻ മൊഴിച്ചാറലിൻ 
ഓർമ്മ 
മാത്രം
ആക്കുളിർച്ചോലയിൽ 
പെരുമഴ 
കാത്തു 
ഞാൻ
എന്നും 
മനസ്സാൽ 
തപമിരിക്കും

ഞാനറിയാതെ

ഒരു മഴത്തുള്ളിയായ്
മൗനത്തിലെയ്‌ക്കൊരു
സ്വരരാഗമഞ്ജരി 
തീർത്തു വയ്ക്കേ
സ്വപ്നമാം കളിവഞ്ചി
തുഴയാതെ ഞാനൊരു
പ്രണയത്തിൻ മണിവീണ
കൈയിൽ വച്ചു
നിൻ ഹൃദസ്പന്ദന-
മാണതിൻ തന്ത്രിയിൽ
ഞാൻ തൊട്ടു
മീട്ടുവതാണതെന്നും
ആകാശനീലിമ-
യാകെക്കവർന്നതാ-
ണാ മിഴിക്കോണിലെ
യാർദ്രഭാവം
എന്നെ ജയിക്കാനാ-
യെന്നോട് ചേരുമ്പോൾ
പൂമഴത്തുണ്ടിൽ നീ
സ്നേഹമാകും

തനിച്ചാക്കി പോകുന്നു

ഈ പുഴ 
എന്നിൽ നിന്നൂർന്നു
പോകാതിരിക്കാനാണ് 
അണകെട്ടിയത്.
എന്നിട്ടുമെന്തേ
കാറ്റായും
ഊറ്റായും
തനിച്ചാക്കി 
പോകുന്നു.

മഴ പൊഴിയും വഴിയരുകിൽ

മഴ പൊഴിയും വഴിയരുകിൽ
മിഴിയറിയും ചിരിയഴകേ
ഒരു കുളിരാൽ പെയ്യരുതോ
മൊഴിയിതളിൽ ചെറു നാണം
'അലഞൊറിയും പുഴയരുകിൽ
കഥ പറയും കരിമഷി നീ
എഴുതൂ നിൻ കൺമുനയാൽ
ഇടനെഞ്ചിൽ ഒരു ഗാനം

നമ്മളറിയുക


മലയഴിഞ്ഞ നാട്ടിലെന്റെ
പുഴ വഴുതിപ്പോയതോ?
മരമറുത്ത കാട്ടിലെന്റെ -
യരുവി നൊന്തു മറഞ്ഞതോ?
കാളകൂടപ്പുകയിലെന്റെ
കാറുവെന്തു കരിഞ്ഞതോ?
തുള്ളിയറ്റു പിടഞ്ഞു മഴയും
കടലിനുള്ളിൽ ലയിച്ചതോ?
കരകവിഞ്ഞു നിറഞ്ഞ പുഴക-
ളോർമ്മ തന്നു മരിക്കവേ
തൊണ്ടവറ്റിയ കരയിൽ ദാഹം
വിണ്ടുകീറിയ മണ്ണിടം
ചോല കണ്ടു കുതിച്ച നമ്മൾ
വേനലുണ്ടു കേഴവേ
പ്രകൃതി കാത്ത പൂർവ്വികന്റെ
പാഠമേറ്റു പഠിക്കണം
കുഞ്ഞു വിത്തുകൾ നട്ടു നമ്മൾ
മഴമരങ്ങൾ തീർക്കണം
പുഴയൊഴുക്കിൻ വഴിതെളിക്കാൻ
ഈ മരങ്ങൾ കാക്കണം.

വിശുദ്ധമാക്കപ്പെടുമ്പോൾ

ഹൗവ്വ യെന്നോ
ലക്ഷ്മിയെന്നോ
ദുർഗ്ഗയെന്നോ
സീതയെന്നോ
കുന്തിയെന്നോ
പാഞ്ചാലിയെന്നോ
മറിയമെന്നോ
അതൊ ജിഷയെന്നോ
ഏതു പേരാണ്
ഞാൻ സ്വീകരിക്കേണ്ടത്
വിശുദ്ധിയും
അശുദ്ധിയും
മുടിനാരിലളന്ന്
പവിത്രയാക്കപ്പെടുമ്പോഴും
ഞാനൊരു സ്ത്രീയാകുന്നു
ഒതുക്കിവയ്ക്കലിന്റെ
ഒറ്റപ്പെടലിന്റെ
അനാഥത്വമായി
സംവരണ പട്ടികയിൽ
നിരതെറ്റാത്ത
ഒരു കരുതിവയ്പാണ്
ഞാൻ

കഥ പറയും വഞ്ചി

കഥപറയാ കടവിലൊരു 
കഥ പറയും വഞ്ചി
കളി പറഞ്ഞ കാലമെന്റെ
കനവുതേടി വന്നു
കുളിരു തന്ന കാറ്റുമെന്റെ
കുടിലെടുത്തു മായേ
കരകവിഞ്ഞ പുഴയിലെന്റെ
കനവൊഴുക്കും മാഞ്ഞു
കളി പറഞ്ഞ കഥയിലെല്ലാം
കടങ്കഥകൾ ചൊല്ലി
കൂട്ടു കൂടി കൂട്ടിരിക്കും
കൂട്ടുകാരിപെണ്ണേ
കൂട്ടിനുള്ളിൽ കൂട്ടി വച്ചു
കണ്ണെറിഞ്ഞ നാണം
കട്ടെടുത്ത് പ്രണയമായി
കാത്തു വച്ചു ഞാനും

ചണ്ടാ മണ്ടാ

"ചണ്ടാ മണ്ടാ വെട്ടിക്കൂട്ടി
നിന്നോടിപ്പം കൂട്ടില്ല"
പണ്ടു കളിക്കിടെ തെല്ലു പറഞ്ഞവൾ
മോന്തായം വീർപ്പിച്ചങ്ങോടിപ്പോയി.
തെല്ലു പറഞ്ഞില്ല എന്നെക്കുറിച്ചവൾ
കൂട്ടരടൊന്നുമേ കുറ്റമായി
നാളെ പുളിങ്കുരു ചുട്ടതുമായവൾ
കൊന്നമരച്ചോട്ടിൽ കാത്തിരുന്നു
പാതി കടിച്ചൊരു മാമ്പഴം നീട്ടി ഞാൻ
പല്ലിൻ പുഴുക്കുത്തിൻ ശോഭ കണ്ടു.
ചീനിക്കുരുവിനാൽ തീർത്തൊരു പമ്പരം
ഈർക്കിലി കുത്തിക്കറക്കിടുമ്പോൾ
കണ്ണിൽ നിറയ്ക്കുന്ന സന്തോഷമിന്നുമെൻ
നെഞ്ചിലൊളിപ്പിക്കും ബാല്യകാലം.
ഇന്നാ പെണ്ണൊന്നു ചുമ്മാ പിണങ്ങിയാൽ
കുറ്റങ്ങൾ നൂറാണ് ചൊല്ലി വയ്ക്കാൻ
കണ്ടതും കാണാത്ത സ്വപ്നങ്ങൾ പോലുമേ
ചൊല്ലി ഫലിപ്പിച്ചവൾ നടക്കും

ഒരു മേഘദൂതിൽ ഞാനാദ്യം

ഒരു മേഘദൂതിൽ ഞാനാദ്യം
നിന്നിലോർമ്മയായ് പെയ്തു
ഇളം തെന്നൽ പോലെ നീയെന്നിൽ
പകരുമോ ലാസ്യഭാവം
മിഴിതന്നഴകിലൊളിയമ്പുമായ-
രികിലണയുമെൻ പ്രിയ സഖേ
അധരമിണചേർന്നൊഴുകും മൊഴിയിൽ
കുളിരും മനവുമിന്നുടലുപോലും
പ്രിയദേ.... നീയെന്നിലെ ശ്രുതിയിലുണരും തംബുരു
വിരഹമില്ലാതുണരും സ്നേഹ
മഴയിൽ നാമൊരു മേളനം

ജാലകവാതില്‍ തുറക്കാം

ജാലകവാതില്‍ തുറക്കാം
പിന്നിലേയ്ക്കൊന്നെത്തിനോക്കാം
അവിടെയാപ്പഴമതന്‍ പൂങ്കുളിര്‍കൊള്ളുന്ന
കുടുംബത്തിലേയ്‌ക്കൊന്നു ചെല്ലാം
കൂടുമ്പോളിമ്പമായ് കൂട്ടച്ചിരിയുടെ
സ്‌നേഹക്കുടുക്കിലൊളിക്കാം
അമ്മമടിയില്‍ ശയിക്കാം
ഉണ്ണിവായും തുറന്നമ്മയ്ക്കുമുന്നിലെ
കുഞ്ഞുകിടാത്തിയായ് മാറാം
ഇല്ലാത്തപേനിനെ കുത്തിനോവിച്ചമ്മ
മുടിപിന്നികെട്ടുന്നനേരം
ഉള്ളിലെക്കാര്യങ്ങളെല്ലാം പറഞ്ഞെന്‍റെ
നെഞ്ചിലെ ഭാരമിറക്കാം
അമ്മയും ഞാനുമെന്‍ ചേട്ടനുംചേര്‍ന്നിട്ട-
ങ്ങന്താക്ഷരിചൊല്ലിടുമ്പോള്‍
തോല്‍ക്കാതെയുത്തരം ചൊല്ലിത്തരുന്നൊരാ
യച്ഛന്റെ വാത്സല്യമാകാം
പഴങ്കഥപ്പാട്ടും കടംകഥക്കൂട്ടുമായ്
വെറ്റിലച്ചെല്ലം തുറക്കേ
കണ്ണുംമിഴിച്ചെന്റെ മുത്തശ്ശിക്കൊപ്പം
തട്ടൂടിമേലേയിരിക്കാം
സന്ധ്യക്കുനാമംജപിക്കുമ്പോള്‍ മുത്തച്ഛന്‍
ചൊല്ലിത്തരുന്ന കഥകള്‍
തിന്മയ്ക്കുമേലെയാ നന്മജയിക്കുന്ന
സത്യമുദിക്കും കഥകള്‍
ജന്നലടയ്ക്കുമ്പോള്‍ വീണ്ടും തനിച്ചായി
ഈ മുറിക്കുള്ളിലിരുട്ടില്‍
അപ്പുറമിപ്പുറംമക്കളുണ്ടച്ഛനും-
മുറികളടച്ചായിരുട്ടില്‍
ഒന്നുരിയാടുവാന്‍ 'നെറ്റു' പരതുന്ന
ജന്മങ്ങളാകുന്നു നമ്മള്‍
ബന്ധങ്ങളില്‍ സ്‌നേഹമെന്തെന്നറിയാതെ
ഒറ്റമനുഷ്യരായ് മാറാന്‍.