Sunday, 20 April 2014

ഊഞ്ഞാല്‍

മോഹത്തിന്‍ചരടിലെന്‍ ആത്മാവു ബന്ധിച്ച
ജീവിതക്കോലമെന്നൂഞ്ഞാലേ
മുന്നോട്ടുക്കുതിക്കുമ്പോള്‍ പിന്നോട്ടരാക്കമായ്
നീയെന്റെ വഴികളിലൂഞ്ഞാലേ

ഓര്‍മ്മകളാകാശച്ചുഴിയിലായെത്തുമ്പോള്‍
കുന്തിച്ചു ഞാന്‍നിന്റെയൊപ്പമെത്തും
ആരോഹണത്തിന്റെ നോവുപകര്‍ന്നുനീ
ആലോലമെന്നിലേക്കൂഞ്ഞാലേ

പിച്ചനടക്കുമെന്‍ ബാല്യത്തെപോലെ നീ
തെന്നല്‍ നിറയ്ക്കുമെന്നൂഞ്ഞാലേ
കൈവിട്ടുപോകാതെ അച്ഛനുമമ്മയും
നീട്ടും വിരലുപോല്‍ നിന്റെ പാശം

എത്രപറന്നാലും കൃത്യമാമകലത്തില്‍
അച്ചുതണ്ടൊന്നു നീ ചേര്‍ത്തുവച്ചു
അസ്ഥിത്വമാണതെന്‍ അച്ചുതണ്ടെങ്കിലും
വൃത്തത്തില്‍ ഞാന്‍ വീണ്ടും തൊന്നിവിട്ടു

ഭ്രമണപഥത്തിലെ മുഴിമിക്കായാത്രയായ്
പിന്നോട്ടൊരാക്കം ഞാന്‍ വന്നിടുമ്പോള്‍
അക്കം തികച്ചെന്റെ ഊഞ്ഞാല്‍ക്കയറുകള്‍
നിശ്ചലം ഭൂമിയെ പുല്‍കിനിന്നു

പടിവിട്ട പിണ്ഡമായ് പഞ്ചഭൂതങ്ങളില്‍
ബലിയിട്ടൊരു വറ്റു കാത്തുനിന്നു
അച്ചുതണ്ടിങ്ങനെ ഊഞ്ഞാല്‍ക്കയറുകള്‍
താഴ്ത്തുന്നു വീണ്ടുമാ താളമായി.

Friday, 4 April 2014

ഒരുകുളിരുപകരുമൊരു പുതിയമഴ

ഒരുകുളിരുപകരുമൊരു പുതിയമഴ
അകമിരുളിലലിയുമൊരു പ്രണയമഴ
മൊഴിയഴകിലൊഴുകുമൊരു ചെറിയപുഴ
പുഴവഴിയിലരികിലൊരു ചെറിയമരം

ചെറിയമരപൊത്തിലൊരു കുഞ്ഞുകൂട്
കുളിരലകള്‍തീര്‍ത്തൊരു കുഞ്ഞുനോവ്
നോവിനലയാഴിയൊരു കുഞ്ഞുതേങ്ങല്‍
പുഴയൊഴുക്കുതാണ്ടിയങ്ങൊഴുകി ദൂരെ

മറുമലകള്‍മറുമൊഴികള്‍ത്തേങ്ങലായി
നീര്‍മിഴികള്‍ മധുമണികള്‍ ചേര്‍ത്തുവച്ചു
പുഴയഴകിലലകള്‍തീര്‍ത്തഴകുമായി
മിഴിതുടച്ചഴലുമായ് പോയി കാറ്റും

കരളിലൊരു പുതുമഴക്കാറുമായി
പോയവഴിപിന്നെയും കാറ്റുവന്നു
പീലിയൊരു പൂവനാ താഴ്വരയില്‍
പാടുമൊരുപാട്ടതാ പ്രണയഗീതം

മിഴിവഴുതിവീഴാ പറന്നുകൊള്‍കാ
കുളിരരുവിതാഴെയാ താഴ്വരയില്‍
കൂട്ടിനായ് ചിറകുള്ള കുളിരുനല്കാം
പറപറന്നീവഴി വന്നുകൊള്‍ക

മിഴിയിണകള്‍മൊഴിയുമാ പരിഭവങ്ങള്‍
പ്രണയമണിത്തൂവലായ് പാറിവന്നു
കുളിരൊളികള്‍ ചൊരിയുമാ പുതിയകാറ്റില്‍
നീര്‍മണികള്‍ ചൊരിയുന്നു പുതിയമഴ

ഒരുകുളിരുപകരുമൊരു പുതിയമഴ
അകമിരുളിലലിയുമൊരു പ്രണയമഴ
ഒരുകുളിരുപകരുമൊരു പുതിയമഴ
അകമിരുളിലലിയുമൊരു പ്രണയമഴ

Thursday, 3 April 2014

മേഘത്തിലേക്കൊരു ദൂത്

തീമഴ കാച്ചിയ കാറ്റേ
കുളിരുമായെന്നിനിയെത്തും
എല്ലിച്ച തോട്ടിന്‍ കരയില്‍
ചുണ്ടുപിളര്‍ന്നെന്റെ പാടം

നീയൊരു ദൂതനായ്ച്ചെല്ലൂ
മേഘത്തിരുമുടി തന്നില്‍
സ്നേഹത്തലോടലായ് ചൊല്ലൂ
അമൃതുചുരത്തിപ്പരക്കാന്‍

പറവകള്‍ വീഴുന്നു താഴെ
ഇറ്റു ജലമില്ലാതലയുന്നു കൂട്ടം
തീയായ് പറക്കുന്നു കാടും
ചുടലക്കളത്തിന്റെ ഗന്ധം

വേരുപറിക്കുന്നു വേനല്‍
ശാഖിയഴിക്കുന്നു ചേല
മാനം മറന്നോരാ കുന്നും
മാറു പിളര്‍ത്തുന്നു ദൂരെ

സൂര്യന്‍തൊടുക്കും ശരങ്ങള്‍
ഏറ്റു പുളയുന്നെന്നമ്മ
കാവില് തീപ്പെട്ട തെയ്യം
വാനില്‍ പെരുമ്പറകൊട്ടേ

കാറ്റേ നീ കൂട്ടിനുപോക
തേവരാം മേഘം ചുരത്താന്‍
താഴെവരണ്ട നദിയില്‍
പുളകമായ് വന്നിങ്ങു ചേരാന്‍

തുള്ളി മുഴുത്ത മഴയില്‍
പാടം കിളിര്‍ത്തു ചിരിക്കേ
പ്രണയം തുളുമ്പി നീ പാടൂ
പാഴ്മുളം തണ്ടിലായ് മെല്ലേ

ഉഷ്ണം പിടിപ്പിച്ച കൈയ്യില്‍
കുളിരുമായി നീയിങ്ങുവന്നാല്‍
സ്നേഹച്ചരുവിലായ് നല്കാം
പിച്ചികള്‍ പൂത്തൊരാ കാട്

ചൂടിപ്പറന്നിങ്ങുവായോ
താളം പിടിപ്പിച്ച കൈയ്യില്‍
മൊട്ടുകള്‍ മുത്തിയ മഞ്ഞിന്‍
കുളിരുമായെന്നെത്തഴുകാന്‍.

Sunday, 30 March 2014

വീണ്ടും മഴയെത്തുന്നു

മഴവില്‍ മണിതീര്‍ത്ത നൂല്‍മഴപ്പന്തലില്‍
നീര്‍പ്പോളപൊട്ടിച്ചിതറിക്കളിക്കവേ
ദൂരയാ ചിന്തതന്‍ പെരുമഴക്കാലമായ്
ജാലകപ്പടി ചാരി അമ്മ നില്‍ക്കുന്നൂ

ചെമ്പകപ്പൂവില്‍ നിന്നിറ്റുവീഴുമാത്തുള്ളികള്‍
ചിന്തയില്‍ താളം പിടിക്കവേ
അമ്മ മനസ്സിലെ സ്നേഹപ്പെരുമ്പറ
ചങ്ങലപൊട്ടിച്ചു വിങ്ങലായ് മാറിയോ

ഏകയായീമുറി വാതില്‍പ്പടികളില്‍
ഓര്‍മ്മകള്‍ പേറി ഞാനീമഴ കാണുമ്പോള്‍
പാല്‍ക്കഞ്ഞി നല്കി വളര്‍ത്തിയോരുണ്ണിയെ
കാണുവാനായിനി എത്ര കാത്തീടണം

ഇന്നിനിവേണ്ട പെരുമഴയല്ലയോ
ഉണ്ണിക്കു ദീനം വരുത്തരുതീശ്വരാ
കാഴ്ച മറഞ്ഞൊരാ കണ്ണടച്ചില്ലുകള്‍
കാത്തിരിപ്പിന്റെയീ ദൂരം പറയുന്നു.

കൂട്ടില്‍ കിളികളായ് അമ്മമാര്‍ ഞങ്ങളീ
വൃദ്ധാലയത്തിലെ സങ്കടത്തോണികള്‍
മങ്ങിയകണ്ണുകള്‍ കാത്തുവച്ചീടുന്നു
പിച്ചനടക്കുമാ ഉണ്ണിതന്‍ കാലുകള്‍.

അകലെത്തിലെന്‍മകന്‍ ഓര്‍മ്മ പതുക്കുമാ
ശബ്ദച്ചിറകുകള്‍ പാറിവന്നീടവേ
അകാശച്ചാലിലൂടൊഴുകുമാ ശബ്ദമെന്‍
കാതിലൊഴുക്കും പരിഭവക്കൂണുകള്‍

വീണ്ടും മഴയെത്തിയെങ്കിലും മുറ്റത്ത്
കണ്ടതില്ലെന്നുയിര്‍ പൊന്‍മണിമുത്തിനെ
നോവുകള്‍ വീശിയടുത്തെത്തുമാക്കുളിര്‍
തെന്നലും മിണ്ടാതെ തെന്നി മറയുന്നു

Saturday, 29 March 2014

ഗാനം- 1

പ്രണയം പൊലിഞ്ഞൊരെന്‍ മിഴിയിലേ കനവുപോല്‍
സന്ധ്യയിരുള്‍പൂകി നോക്കിനില്‍ക്കേ
ഇരുളില്‍ നിലാമഴപെയ്യാതെ നോവുകള്‍
മനസ്സില്‍ കനല്‍ക്കൂടുകെട്ടി

മിഴികള്‍ തുടയ്ക്കുമ്പോള്‍ നിന്‍ കളിക്കൊഞ്ചലെന്‍
ഹൃദയത്തുടുപ്പിലായ് ചേര്‍ത്തുവയ്ക്കേ
ഒന്നു വിതുമ്പിക്കരയാതെ മൌനമായ്
കദനമെന്‍ നെഞ്ചില്‍ പടര്‍ന്നിറങ്ങീ

കളിവാക്കു പറയാതെ കണ്‍മുനയാലൊരു
പരിഭവം  ചൊല്ലി നീ പോയിടുമ്പോള്‍
മനസ്സിലേ കോണിലായൊരു മുറിപ്പാടുമായ്
ഇടറി ഞാനെന്തിനോ തേങ്ങിടുന്നു

പുസ്തകത്താളിലായ് നീ ചേര്‍ത്തുവച്ചൊരാ
പ്രണയം തുടിക്കും പരിഭവങ്ങള്‍
മനസ്സില്‍ പതിച്ചൊരാ പുഷ്പശരങ്ങള്‍പോല്‍
മധുരമാം നോവു പകര്‍ന്നിടുന്നു

നീയറിയുമോ?

അമ്മേ അറിയുമോ നീ നിന്റെ മക്കളെ
ശ്വാസഗതിയറിയാതുഴറും പുഴുക്കളെ
പശിതിന്നു പശിതിന്നുടലിന്‍ ഞരമ്പുകള്‍
വിറകൊള്ളുമീ കൂരിരുള്‍ക്കൂട്ടിലമരും ജനികളെ

പുഴുക്കുത്തുവീഴാ തളിക്കും വിഷധൂളിയില്‍
ഉടല്‍വെന്തുനീറി തുടിക്കും കുരുന്നിനെ
കാടിന്റെമക്കളായ് മനസ്സില്‍ ശാന്തമാം
പുഴച്ചോലകള്‍ തേടും വിഷുക്കിടാത്തിയെ

ഇലപൊഴിഞ്ഞ് വസന്തനോവിനാല്‍
ഒരു പൂ പെറ്റുവീഴ്ത്തുവാന്‍കഴിയാതെ
തേങ്ങിയും, മുരടിച്ച പാല്‍ചിന്തുമായി
വിരലുകൂമ്പി പുളയും ദാഹാര്‍ദ്രയെ

നീകേട്ടുവോ അമ്മേ നിന്‍ മാര്‍ത്തട്ടിലീ
ചോരതുന്നും നഖപ്പാടിന്റെ രോദനം
നാവറുത്തുറയും ചുടലഭീതിതന്‍ തേങ്ങലും
നിശകള്‍ മൗനമാക്കുമാ ശീതളത്തെളിമയും

നീ കണ്ടുവോ അമ്മേ നിന്റെ പുത്രിയെ
പ്രാണനായലതല്ലി പടര്‍ന്നലയുമാ അല്ലിയെ
ഒരുമൗനമായ് കായ്ച്ച് കുടില്‍കൂട്ടിലീ
പുടവചിന്തിക്കേഴുമീയേഴതന്‍ സന്ധ്യയെ

പാല്‍മധുരം രുചിക്കാത്ത ചുണ്ടിണകളെ
നാവുതീണ്ടാ ജലമില്ലാതലയും കുരുന്നിനെ
പ്രാണവള്ളിയായ്ച്ചുരുങ്ങും അസ്തികൂടത്തിനെ
ചങ്ങല കാല്‍ച്ചിലമ്പായൊരു ജീവതാളത്തിനെ.

കൊഴിഞ്ഞതിനെപ്പറ്റി

എന്റെ റോസാച്ചെടി
അതില്‍ നിറയെ സുഗന്ധമുള്ള
സൗഹൃദപ്പൂക്കള്‍

ചിലവ 
ഞാന്‍ നിനച്ചിരിയ്ക്കാതെ 
കൊഴിഞ്ഞുപോകുന്നു

മുള്ളുകള്‍
വേദനകളായി
വരഞ്ഞുകീറുന്നു.

കൊഴിഞ്ഞുപോയവയുടെ
സുഗന്ധം ഞാനറിയുന്നത്
അവ നഷ്ടമായപ്പോഴാണ്

ദളങ്ങള്‍
ആത്മരൂപം
വരച്ചെടുക്കുന്നതിനു മുന്നേ
അവര്‍ മധുവും
സുഗന്ധവും അളവറ്റ്
ചുരത്തിയിട്ടുണ്ടാകണം

എവിടെയോ
ഒരു പുതുമൊട്ടായി
കൊഴിഞ്ഞവ പുനര്‍ജ്ജനിക്കുമോ?