Monday, 23 May 2016

ചിലവരികള്‍

എത്ര സ്നേഹിച്ചാലും
നഷ്ടപ്പെട്ടുപോകുന്ന ചില വരികളുണ്ട്
നെഞ്ചോടടക്കി,
എന്‍റേതെന്നുമാത്രം കരുതുന്ന
ചിലവരികള്‍
അവ അനുപല്ലവിയാകുന്നത്
ചിലപ്പോള്‍ അവയ്ക്ക് സമാന്തരങ്ങളായ
ചെറു ചാറലുകള്‍ക്കൊപ്പമാകാം
എങ്കിലും മനസ്സേ,
അവയന്യമാകുമ്പോള്‍
ഒറ്റപ്പടലിന്‍റെ വേലിയേറ്റങ്ങള്‍
ശരീരത്തെ കീഴ്പ്പെടുത്തുന്നു
ഒരു ധ്യാനം,
ഒരു വാക്കില്‍ത്തുടങ്ങി
മൗനത്തിലേയ്ക്കവസാനിയ്ക്കുന്ന
ശൂന്യത..

വേനല്‍

വെയിലേറ്റുപൊള്ളുന്നുണ്ടെന്‍റെ 
കുടിലും വയറും

മഴനനഞ്ഞു ഞാനും

ചെറുകിളികള്‍ കളമൊഴികള്‍
കലപിലയതുകൂട്ടും
ചെറുവഴികള്‍ സിരകളായി-
യൊഴുകിയെത്തും ഗ്രാമം
ചെറുതുടലിവേലിപോലെ
പടരുമെന്‍റെ വഴിയില്‍
ചെറുചിരിയാലോടിയെത്തും
വഴിമറന്ന ബാല്യം
പിഞ്ചുപോയ നിക്കറൊന്നില്‍
കൈപിടിച്ചു ഞാനും
പഴയപൈത വെറുതെയൊ-
ന്നുരുട്ടിനോക്കി വേഗം
പുഴയരുകില്‍ പൂത്തകൈത-
പ്പൂമണമെന്‍ ചാരെ
പുഞ്ചിരിച്ചു കണ്ണിണയാല്‍
മുത്തമിട്ടു നിന്നു
ചുവന്നതെറ്റി പൂമ്പഴത്താല്‍
സ്നേഹമിറ്റി ഞാനും
ചുവന്നചുണ്ടിന്‍ പുഞ്ചിരിയാല്‍
കവിളണയില്‍ നാണം
ചുവടുവച്ചു പാറിവരും
തുമ്പിയെന്നപോലെ
ചുവടളന്നു പുഴയരുകി-
ലവളുമെന്‍റെയൊപ്പം
നറുവെയിലിന്‍ പുളകമായി
ഒഴുകിയെത്തും പുഴയില്‍
നിറഞ്ഞുനീന്തും പരലുകോരി
ആര്‍ത്തുപാടും ഞങ്ങള്‍
നിറങ്ങളേഴുചാര്‍ത്തി ദൂരെ
കുടനിവര്‍ത്തും വില്ലിന്‍
നിറമടര്‍ന്നു പെയ്തുതോര്‍ന്ന
മഴനനഞ്ഞു ഞാനും
കരിമടന്തയിലയടര്‍ത്തി
പുഴയൊഴുക്കിനൊപ്പം
കരകള്‍താണ്ടി കഥപറഞ്ഞു
കനവുകണ്ടു ഞാനും
കറുകറുത്ത മാനമെന്‍റെ
നിഴലടര്‍ത്തി മായേ
കനവടര്‍ന്നു കടലുനോക്കി
തിരകളെണ്ണി ഞാനും

ഞാനും നീയും കനവും വെറുതെ

ഞാനും നീയും കനവും വെറുതെ
കടലും കരയും മലയും വെറുതേ
ഉരുകും തീയും വെയിലും വെറുതെ
ചിരിയും മഴയും കുളിരും വെറുതെ
അലകടലൊഴുകാതിരകളിലഭയം
അതിരുകളില്ലാമനമതിനുള്ളില്‍
ഒരുസുഖമുണ്ടാ കാറ്റിനുമിവിടെ
പ്രാണന്‍കൊണ്ടുകറങ്ങുന്നവനൊരു
ദേഹംവേണ്ടാദേഹികണക്കങ്ങോടിമറഞ്ഞ-
ങ്ങുഴറിനടപ്പൂ.. നീയോ ഞാനോ
പ്രളയക്കൊടുമുടിതാണ്ടി വീണ്ടും
വന്നുജനിപ്പൂ പാപംകൊള്ളാന്‍.

വെള്ളരിക്കാ പഴുക്കട്ടെ

കൂത്താടിപ്പെണ്ണുപെറ്റ
കൂത്തിച്ചി മക്കളല്ല
വെയിലുതിന്നും വിശപ്പിന്‍റെ
നീരിറങ്ങാ കാഴ്ച ഞങ്ങള്‍
കുടൊരുക്കി കുരവയിട്ടു
തീറെഴുതും കാഴ്ചവെട്ട
തെരുവെന്ന സാഗരത്തില്‍
പിച്ചതെണ്ടും അടിയാളര്‍
പിടിക്കാശു വാരിയിട്ടാ
ഭണ്ഡാരച്ചിമിഴുനോക്കി
നീവിളിച്ചു ചൊല്ലിടുന്നു
മോക്ഷമെന്തന്നറിയാതെ
എട്ടുകാശു നല്കിടാത്ത
മര്‍ത്യരല്ലേ നിങ്ങളെന്നും
അന്നദാന മഹിമചൊല്ലി
തേവര്‍ക്കു നേദ്യമൂട്ടും
പൊന്നുകൊണ്ടു താലിനല്‍കും
തുലാഭാര നേര്‍ച്ചകെട്ടും
ചില്ലുകാശുനല്കിടില്ല
കുഞ്ഞുകൈകള്‍ നീട്ടിയാലും
ഭരണചക്രമുരുണ്ടിട്ടീ
പാതവക്കങ്ങടര്‍ന്നിട്ടും
കുഞ്ഞുപൂവിന്‍ ദൈന്യമൊന്നും
കണ്ടതില്ല ഭരണക്കാര്‍
മേടവിഷു പിറന്നിട്ടും
കൊന്നയെല്ലാം കൊഴിഞ്ഞിട്ടും
കിട്ടിയില്ലാ ചില്ലിയൊന്നും
വിശപ്പറ്റ കൈനീട്ടം
വെള്ളരിപ്പൂ വാടിടുന്നു
കണിവയ്ക്കാന്‍ പൊന്നുതായോ
പായ് വിരിച്ചു നീ കിടന്നോ
വെള്ളരിക്കാ പഴുക്കട്ടെ.

കാഴ്ച


വിരലടയാളങ്ങളില്ലാതെ
ചില വരികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന
ഇരുളിനെ മനുഷ്യൻ സ്വന്തമാക്കുന്നു
ഹൃദയത്തിൽ ഒളിച്ചു വച്ച്
രാത്രിയെന്ന കരിങ്കുഴലിയായി മാറോട് ചേർക്കുന്നു

സമരം

പെണ്ണുടല്‍ക്കാമ്പിനെ നോവിച്ച ഭ്രാന്തനെ
വില്ലില്‍ക്കൊരുത്തങ്ങു കാവടിയാടണം
വിരലുകള്‍ ഛേദിച്ചു തീപടര്‍ത്തീടണം
കഴുവേറ്റുംമുന്നവന്‍ ലിംഗങ്ങള്‍ വെട്ടണം
കണ്ണുകള്‍ചൂഴണം, ആണിതറയ്ക്കണം
മുള്‍വേലിമേലെ കിടത്തിയുരുട്ടണം
ഒത്താശപാടുന്ന കഴുവേറിമക്കടെ
കരണത്തടിച്ചിട്ടു നാടുകടത്തണം
ഇന്നെന്‍റെ മുറ്റത്തു കണ്ടോരു തിന്മ
ഉള്ളില്‍ക്കടന്നങ്ങുകൊയ്യാതിരിക്കാന്‍
പടരുന്ന ഇരുളിലൊരു ഇടിമിന്നല്‍പോലെ
നിയമങ്ങളുണരണം, കനലായിമാറണം
നാട്ടുകൂട്ടങ്ങളായ് നാട്ടുകാര്‍ചേരണം
പെണ്ണിന്‍റെ മാനമതു ചങ്കിലായ്ചേര്‍ക്കണം