Friday, 31 May 2013

അമ്മയെത്തേടി

ഇനിയെത്രദൂരം നടക്കേണ്ടതുണ്ടുഞാന്‍
അകലത്തിലായെന്‍റെ പ്രാണനെപുല്‍കുവാന്‍
മനസ്സില്‍തുടിക്കുമാ മാതൃവാത്സല്യത്തെ
തേടിഅലഞ്ഞു നടന്നു നീങ്ങുന്നുഞാന്‍
എന്നമ്മയെങ്ങെന്നു ചൊല്ലിക്കരയവേ
നെഞ്ചിലെ പാല്‍മുത്തു തന്നുധരിത്രിയും
സ്വച്ഛമുറങ്ങിയാകുന്നിന്‍നെറുകയില്‍
കണ്ണാല്‍ തുടിക്കുന്ന സൂര്യപ്രഭയതില്‍
നാണിച്ചുഞാനവന്‍ കരങ്ങള്‍ നുകരവേ
ശോഭിച്ചുഞാനൊരു ഋതുമതിയെന്നപോല്‍
വീശുന്നവെഞ്ചാമരങ്ങളായ് ചില്ലകള്‍
കാറ്റിനുദാസീനഭാവത്തിലെന്നപോല്‍
അവരോടുമാരാഞ്ഞു എന്‍മാതൃഹംസത്തെ
അറിയുമോനിങ്ങളെന്‍ മാതൃഗര്‍ഭത്തിനെ
അവരോതിഎന്നോടുകാതിലൊരുമന്ത്രമായ്
കേള്‍വിയാണെങ്കിലും കടലാണുനിന്‍റമ്മ
പുളകങ്ങള്‍ പൂത്തനിമിഷങ്ങള്‍കൊണ്ടുഞാന്‍
കണ്ണുനീര്‍മുത്തില്‍ നനയിച്ചുചില്ലയെ
കാതങ്ങള്‍ താണ്ടുവാനുണ്ടെന്നതോന്നലില്‍
ഓ‌ടിനടന്നങ്ങുദൂരേയ്ക്കുപോകവേ
പാറകള്‍തട്ടിതെറിപ്പിച്ചുചിന്തയും, തേങ്ങുമീ
ഹൃദയത്തിന്‍ നോവുന്നഭാണ്ഡവും
കാലില്‍പൊതിയും മണല്‍ത്തരിചിന്തുകള്‍
സ്നേഹമായെന്നോട് കൊഞ്ചിക്കുഴയവേ
എന്നില്‍നിന്നവരെയടര്‍ത്തിയെടുക്കുവാന്‍
മാനവര്‍കൈക്കോട്ടിന്‍ മൂര്‍ച്ചകൂട്ടീടവേ
ഹൃദയംപിളര്‍ന്നെന്‍റെസൗഹൃദബന്ധനം
കുഴികളില്‍ത്തന്നെ തളംകെട്ടിനില്‍ക്കവേ
അമ്മയെക്കാണുവാനെന്നുള്ളമോഹങ്ങള്‍
പാടെമറന്നുഞാന്‍ കുഴഞ്ഞുനിന്നീടുന്നു
ഹൃദയംതകര്‍ന്നെന്‍റെ അവശതകണ്ടൊരാ
മേഘങ്ങള്‍മഴയായി കൂട്ടുവന്നീടവേ
എണ്ണിയാലൊടുങ്ങാത്ത സങ്കടംപേറിഞാന്‍
പിന്നെയുംതാണ്ടുന്നുകാതങ്ങളേറെയും
ശോഷിച്ചയുടലില്‍ ലയിച്ചപുഴകളായ്
ഇഴഞ്ഞുനീങ്ങുന്നുഞാന്‍ വേച്ചുവേച്ചിങ്ങനെ
ശോഷിച്ചയുടലില്‍ ലയിച്ചപുഴകളായ്
ഇഴഞ്ഞുനീങ്ങുന്നുഞാന്‍ വേച്ചുവേച്ചിങ്ങനെ.

Wednesday, 29 May 2013

എന്‍റെ പാടം

നെഞ്ചിന്‍കൂടുപൊളിച്ചെടുത്തങ്ങതില്‍
പിഞ്ചിളം ഞാറു പറിച്ചുനട്ടു
ഉച്ചവെയിലിന്‍ പടപ്പുറപ്പാടിനെ
പാളത്താര്‍കൊണ്ടുമറച്ചുവച്ചു
കൊത്തിക്കിളച്ചു കരയൊരുക്കിയതില്‍
കൊന്നകണിപ്പൂവിന്‍‍കണിയൊരുക്കീ
തഞ്ചത്തില്‍ തന്നെ മടയൊരുക്കിയതില്‍
ചവിട്ടിയൊഴുക്കുവാന്‍ പാളകോട്ടി
കളകളെടുത്തതിന്‍ കീടത്തെമാറ്റിയീ
പോഷകകൂട്ടങ്ങു ചേര്‍ത്തിളക്കി
കണ്ണിമപൂട്ടാതെ നിന്നുകാത്തു ഞാനീ
പുഴകളരഞ്ഞാണം ചേര്‍ത്ത പാടം
മുട്ടോളമെത്തി കതിരുപൂത്തു ഞാറില്‍
മനമോളമുള്ള മുഴുത്തവിത്ത്
സ്വര്‍ണ്ണ നിറമാര്‍ന്ന കതിരറുക്കാന്‍
ഇനി തഞ്ചത്തില്‍ നാളുകളെണ്ണവേണം
കറ്റയുതിര്‍ത്തു മണിയെടുക്കാനിനി
പെണ്ണുങ്ങളേറെയായ് കരുതിടേണം
മനസ്സിലീ കണക്കുകള്‍ ചേര്‍ത്തുവച്ച്
കടത്തിന്‍റെ ഭദ്രത കണ്ടുഞാനും
മഴയെത്തും നാളതിന്‍ മുന്നയായി
കൊയ്തെടുക്കാനായ് കാത്തുനില്‍ക്കേ
ആളില്ലകൊയ്യുവാന്‍ നാട്ടിലെങ്ങും
കൊയ്ത്തിന്‍റെ യന്ത്രവും കണ്ടതില്ല
കണ്ണിലിരുട്ടിന്‍റെ മന്ത്രവുംപേറിയാ
മേഘമരുത്തിന്‍റെ തേരെടുക്കേ
മിന്നലൊളികളെന്‍ നെഞ്ചിലെപാടത്ത്
കുത്തിയൊഴുക്കിന്‍റെ തേങ്ങല്‍ചേര്‍ത്തു
തോര്‍ന്നമഴയിലീ പാടത്തിനോരത്ത്
സ്വപ്നങ്ങളായ്ത്തന്നെ ഞാനിരിപ്പൂ
ഇനിയൊരുപാടമെനിക്കുവേണ്ട യീ
ചേറില്‍ പുതച്ചോളു എന്‍റെ ജീവന്‍
ഇനിയീചേറില്‍ പുതച്ചോളു എന്‍റെ ജീവന്‍

ഇന്നത്തെയന്നം അവര്‍ക്കുനല്കാം

ഇന്നത്തെയന്നം അവര്‍ക്കുനല്കാം
പേനപ്പടയായ് നമുക്കുചെല്ലാം
കാടിനകത്തുള്ള കൂടപ്പിറപ്പിനെ
ഉറ്റവരായങ്ങുചേര്‍ത്തുകൊള്ളാം

അല്ലാതെ നമ്മളീ കോലാഹലങ്ങളില്‍
കൈമുട്ടുനീട്ടിയിടിക്കവേണ്ട
ചേരിതിരിഞ്ഞങ്ങ് കുറ്റങ്ങള്‍ചാര്‍ത്തുവാന്‍
വേണ്ടാത്തകോലങ്ങള്‍ കെട്ടവേണ്ട

അക്ഷരമൊട്ടുപഠിപ്പിച്ചവര്‍ക്കൊക്കെ
വ്യക്തമാം ഉത്തരം നല്‍കവേണം
കാടിന്‍റെ മക്കളെ നാടിന്‍കരുത്തരായ്
പടയേറ്റി നമ്മളുയര്‍ത്തവേണം

അഷ്ടിയില്‍ കഷ്ടിയായ്മാറുമവര്‍ക്കൊക്കെ
എന്നുമേയുണ് കിടയ്ക്കവേണം
അന്തിതിരികളായ് നമ്മള്‍തെളിക്കണം
ഉറ്റവര്‍തന്‍റെ മനക്കരുത്തായ്

കാട്ടിലെതേങ്ങലും നാട്ടിലെ മൗനവും
കേള്‍ക്കാത്തശബ്ദമായ് മാറിടുമ്പോള്‍
കണ്ണീരണിയാത്ത കാടിന്‍റെയൗവനം
രോഗമണിയാതെ നോക്കവേണം

ഓര്‍ക്കുക നമ്മളീകൗരവരൊക്കെയും
കാടിന്‍ മടിക്കുത്തിലെന്നസത്യം
നീരായ് നുകരുന്ന ജീവന്‍റെകണികയും
അമൃതായൊഴുക്കുമീ കാടുതന്നെ

അവിടുത്തമക്കളെ കാക്കുകയെന്നതും
വീടരാം നമ്മുടെ കടമതന്നെ
ഒട്ടുമേതാമസംവേണ്ടതിനിന്നെങ്കില്‍
ഉണരുകവേഗം പുറപ്പെടാനായ്

ഇല്ലമരിക്കരുതിനിയൊരുജന്മവും
കളവറിയാത്തൊരു പൈതല്‍പോലും
നിറവയറേന്തിനടക്കല്ലിനിബാല്യം
നമ്മളറിയുന്നതെറ്റുമൂലം

Tuesday, 28 May 2013

പ്രതീക്ഷ

വന്നെത്തിഞാനീ
മരത്തിന്‍ ചുവ‌ട്ടിലായ്
നിശയറ്റനാളിലീ
ഹൃദയംചുരത്തുവാന്‍

പ്രണയത്തുരുത്തില്‍
ചിതറും മഴകളായ്
കണ്ടുഞാനവളയീ
വഴികളിലൊക്കെയും

പണ്ടുഞാനെങ്ങോ
ഉപേക്ഷിച്ചതാണെന്‍റെ
പൈതലെ നീ എന്നെ
കാണാതിരിക്കുമോ?

കൗമാരപ്രണയമെന്‍
നെഞ്ചിലുതിര്‍ത്തൊരാ
അമ്മിഞ്ഞയവള്‍ക്കായ്
ചുരാത്താതിരിക്കുമോ?

ഹൃദയത്തിന്‍കോണിലായ്
ഞാന്‍നട്ടുപോറ്റുമാ
വാത്സല്യമുത്തിനെ
കാണാന്‍ കഴിയുമോ?

അഭിമാനമെന്നൊരാ
മിഥ്യാവികാരങ്ങള്‍
തൊട്ടിലിലായ് നിന്നെ
ഉപേക്ഷിച്ചനാളിലും

കര്‍ണ്ണം തപിക്കുമാ
രോദനം പേറിഞാന്‍
ഞെട്ടറ്റ മാംസമായ്
ഓടിത്തളര്‍ന്നതും

ഇന്നുഞാനെത്തിയാ
മുഖമൊന്നു‍കാണുവാന്‍
വീണ്ടടുത്തിന്നെന്‍റെ
നെഞ്ചിലമര്‍ത്തുവാന്‍

ഓടിക്കളിക്കുമീ
പൈതങ്ങളൊക്കെയും
ഞാന്‍ തട്ടിമാറ്റും
മോഹങ്ങളാകുമോ?

നീ വരികവേണ്ട

എത്രനാള്‍ നീയെന്റെ മിഴികള്‍ക്കുകൂട്ടായ്
അരികത്തുചേര്‍ന്നങ്ങുണര്‍ന്നിരിക്കും
എന്‍ രോഗശയ്യയില്‍ ചേര്‍ന്നിരുന്നിങ്ങനെ
മിണ്ടാതെ തേങ്ങാതെ കാത്തിരിക്കും

ചുറ്റുമിരിക്കുമീ ബന്ധുക്കളൊന്നുമേ
നിന്നുടെ സ്നേഹമറിഞ്ഞതില്ല
ഇന്നവന്‍ വന്നെന്നെ ആനയിക്കുമ്പോഴും
നീയെന്റെയുള്ളിലെ തേങ്ങലാകും

താലിച്ചരടവന്‍ ചേര്‍ത്തുവച്ചീടുമ്പോള്‍
പിന്നിലായ് നീവേണം കോര്‍ത്തുകെട്ടാന്‍
ബന്ധുക്കളിറ്റിക്കും പാലിന്‍ മധുരമീ
തൊണ്ടയ്ക്കലെത്തുമ്പോള്‍ കൂടെവേണം

അരിയിട്ടവരെന്ന പടിയിറക്കുമ്പോഴും
തോഴനായ് നീയെന്റെ കൂടെവേണം
ചൂടുപകരുമാ മൂവാണ്ടെന്‍ മാവിലെന്‍
സ്നേഹം പകുക്കുവാന്‍ കൂട്ടുവേണം

നാളമൊരു കരിമേഘ വര്‍ണ്ണമായി മാറുമ്പോള്‍
ആത്മാവുമായി നീ പോയിടുക
പിന്നെയീ ബന്ധുക്കള്‍ നല്കുന്നവറ്റിനായ്
ഒരുവേളപോലും നീ വന്നിടേണ്ട

നിഴലേ മടങ്ങുക നിന്മണിചെപ്പിലായ്
എന്‍ ഹൃദയം കവര്‍ന്നൊരു തോഴനായി
പരിഭവമില്ലാതെ ഞാനൊന്നുറങ്ങട്ടെ
കനലുകള്‍ മിന്നും കിടക്കതന്നില്‍.

നടക്കട്ടെ ഞാനിനി ചിതയിലേക്കിത്തിരി

എന്‍മണിപ്പെണ്ണിനെ
കാണുവാനയങ്ങ്
ആതുരക്കോലായില്‍
എത്തിഞാന്‍നില്‍ക്കവേ

അകലത്തിലായൊരാ
മാടപ്പിറാവിനെ
കണ്ടുഞാന്‍ പിന്നെ-
യടുത്തെത്തുംവേളയില്‍

കുപ്പായകെട്ടിന്‍റെ
കുടുക്കൊന്നഴിച്ചവള്‍
നൊന്തുപോയ്
കണ്ണിന്‍കൃഷ്ണമണികളും

ഒരു മുലചുമ്മാ
പറിച്ചങ്ങെറിഞ്ഞൊരാ
അര്‍ബുദച്ചെക്കനെ
നോക്കിശപിച്ചുഞാന്‍

എന്‍വിരല്‍ത്തുമ്പിലായ്
മുറുക്കിപ്പിടിച്ചവള്‍
തേങ്ങല്‍‍വിതച്ചെന്‍റെ
ഞരമ്പിലങ്ങാദ്യമായ്

വിധിയെന്നുനാംചൊല്ലും
പഴികള്‍മറക്കുവാന്‍
ആവില്ലെനിക്കെന്‍റെ
സ്വപ്നത്തിലോലുമേ

രോഗത്തിലെത്തിയാ
മിഴികള്‍നിറയ്ക്കുമോ
ഹൃദയത്തിനുള്ളിലെ
ഉള്‍ത്തുടിപ്പൊന്നിനെ

ചുവരിലായ് സമയത്തിന്‍
സൂചികറങ്ങവേ
നിമിഷങ്ങളവള്‍തന്ന
പരിഭവചിന്തുകള്‍

നടക്കട്ടെ ഞാനിനി
ചിതയിലേക്കിത്തിരി
പണ്ടവള്‍തന്ന
മണ്‍ചെരാതൊന്നുമായ്

Monday, 27 May 2013

സുഖമുള്ള വേദന


വിരഹം മുഴുപ്പിക്കുമിടയിലാ പ്രണയം ഞാന്‍
ഒരുവേള ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കേ
പ്രിയമോടെ പ്രേമത്തില്‍ ചാലിച്ചുതന്നൊരാ
ഒരു നോട്ടമെന്നില്‍ പതിച്ചുവച്ചു
കരകാണാകടലിന്‍റെ തീരത്തില്‍ ഞാന്‍ തീര്‍ത്ത
കളിയോടമൊന്നങ്ങൊഴുക്കിവിട്ടു
പരിഭവചിന്തിന്‍റെ നൂല്‍കോര്‍ത്തവള്‍തീര്‍ത്ത
മധുരമാം ശാഠ്യത്തിന്‍ തേന്‍നുകരേ
മുത്തുപതിപ്പിച്ച പാദസരങ്ങളായ് കടലമ്മ
പിന്നെയും തിരനിവര്‍ത്തി
ഉടലിലായ് പെയ്യുമീ ചുംബനമലരിനെ
കൈയ്യെത്തിയാതീരം കുളിരുകൊണ്ടു
പിന്നെയും പിന്നെയും പരിഭവമോടവള്‍
നെഞ്ചകംതന്നിലമര്‍ന്നിരിക്കേ
ഒരു കുഞ്ഞുകാറ്റായ് പറന്നെത്തിയിന്നവള്‍-
ക്കരുമയാം അളകത്തെ പുല്‍കിടുന്നു
അകലത്തിലെന്നിലെ ഹൃദയത്തെ നീറ്റുന്ന
സുഖമുള്ള വേദന ഈ പ്രണയം