Thursday, 24 March 2016

പ്രവാസികള്‍ക്കായി ഒരു പ്രണയഗാനം

മധുരിക്കും കനിയൊന്നു തന്നിട്ടു നീയെന്‍റെ
കണ്ണില്‍ കുരുക്കും കുസൃതിയേറെ
ചിരികൊണ്ടുമായ്ച്ചിട്ടാ നുണക്കുഴികൊണ്ടെന്‍റെ
നെഞ്ചില്‍ കുരുക്കു നീയിട്ടുപോകും
കസവിട്ടുടുപ്പില്‍നിന്‍ തുടികൊള്ളും യൗവ്വനം
ഏറെക്കിതച്ചെന്നെപ്പാട്ടിലാക്കും
കടമിഴിക്കോണിന്‍റെ മധുശരം കൊണ്ടെന്നെ
പ്രണയത്തിന്‍പൂമൂടി കവര്‍ന്നെടുക്കും
ഞാന്‍ തന്ന ലിഖിതമാ നെഞ്ചോടുചേര്‍ത്തു നീ
പുതുമഴപോലെന്നില്‍ പെയ്തിറങ്ങും
കസവിട്ട ചിറകുമായി പൂത്തുമ്പി നീയെന്നില്‍
ഒരുവര്‍ണ്ണ രാഗമായ് പറന്നണയും
കുടമുല്ല പൂക്കും നിലാവില്‍ നിന്‍‍ പരിഭവം
കളയാനായ് ഒരുകാറ്റുായ് വന്നുമൂളും
അരികത്താ മധുരിക്കും പ്രിയമുള്ള വാക്കില്‍ ഞാന്‍
എല്ലാം മറന്നൊരു കനവുകാണും
മണല്‍ക്കാട്ടിനുള്ളിലെ കൊടുംവേനല്‍ താണ്ടിനിന്‍
അധരത്തിലൊരുമുത്തം തന്നുപോകും
ഇനിയെത്ര കാലമെന്‍ വിരഹത്തിന്‍ വേദന
കടലും കടന്നങ്ങു പെയ്തിറങ്ങും
മേഘമേ നീയാ പഴയൊരു ദൂതുമായ്
പ്രിയമുള്ള പെണ്ണിനെ കണ്ടുവന്നാല്‍
മയില്‍പ്പീലികൊണ്ടൊരു തലപ്പാവു തന്നിട്ടാ
കണ്ണനായ് വെണ്ണയുംനേദ്യമാക്കാം

ചിലവരികള്‍

എത്ര സ്നേഹിച്ചാലും
നഷ്ടപ്പെട്ടുപോകുന്ന ചില വരികളുണ്ട്
നെഞ്ചോടടക്കി,
എന്‍റേതെന്നുമാത്രം കരുതുന്ന
ചിലവരികള്‍
അവ അനുപല്ലവിയാകുന്നത്
ചിലപ്പോള്‍ അവയ്ക്ക് സമാന്തരങ്ങളായ
ചെറു ചാറലുകള്‍ക്കൊപ്പമാകാം
എങ്കിലും മനസ്സേ,
അവയന്യമാകുമ്പോള്‍
ഒറ്റപ്പടലിന്‍റെ വേലിയേറ്റങ്ങള്‍
ശരീരത്തെ കീഴ്പ്പെടുത്തുന്നു
ഒരു ധ്യാനം,
ഒരു വാക്കില്‍ത്തുടങ്ങി
മൗനത്തിലേയ്ക്കവസാനിയ്ക്കുന്ന
ശൂന്യത..

നീ ഒരുമരം

വിതമാഞ്ഞ പാടത്തിന്നരുകിലായ് നീയൊരു
താപസനായിന്നു നില്ക്കേ
ഈ കൊടുംവേനല്‍ ദഹിപ്പിച്ച നദിയിലെന്‍
ദാഹം പിടയ്ക്കുന്ന പ്രാണന്‍
ഈസ്വരം താഴാതെ കുടനീട്ടി വീണ്ടുമൊരു
വേദം ചമയ്ക്കുന്നു നീയും
ഹരിതമായ് നീ ചേര്‍ത്തയുടയാട ചീന്തി ഞാന്‍
പലവട്ടമാര്‍ത്തു ചിരിയ്ക്കേ
ഒരുവേനല്‍ ദാഹമായെന്നെ തളയ്ക്കുവാന്‍
പടകൂട്ടി മഴയെത്തളച്ചു
കരിമേഘ മിഴിയുമായൊരുമഴ പോലുമെന്‍
ചുണ്ടില്‍ കിനിയാതെ നില്ക്കേ
മധുരമായ് നീയൊരു കനിതന്നു ജീവനില്‍
അമൃതുമായ് നില്‍ക്കുന്നു വീണ്ടും
തണല്‍ നീട്ടിയെന്നെ തളയ്ക്കും കരുത്തു നീ
തളരിട്ട ചില്ലയില്‍ കുളിരുന്ന കാറ്റു നീ
മധുവുള്ള പൂവു നീ, മധുരിക്കുമോര്‍മ്മ നീ
മഴകൊണ്ടു പിന്നെയും പെയ്തിറങ്ങുന്നു നീ
ചിറകറ്റ നദിയുടെ കരയിലൊരു തോഴനായ്
വേനല്‍ പകുത്തെടുക്കുമ്പോള്‍
മറുവേനലറിയാതെയൊരുമഴ തന്നു നീ
ദാഹം ശമിപ്പിക്കുമെന്നും
എന്‍റെ ദാഹം ശമിപ്പിക്കുമെന്നും.....

തണല്‍ മരങ്ങള്‍

കനലുരുക്കി കനലുരുക്കി ജ്വലിച്ചിടുന്ന വേനലില്‍
നാവറുത്ത് നേദ്യമാക്കി നീ പടച്ച പാട്ടുകള്‍
പാടിടുന്നു കുടലുവറ്റി എല്ലെഴുന്ന ദേഹികള്‍
ചീറ്റിടുന്നു കാളിയന്‍ ഫണമെടുത്തു ചുറ്റിലും

ഞാനുടച്ച മലകളെന്‍റെ കനവുടച്ചു മായുകില്‍
ഞാന്‍ വിയര്‍ത്ത പാടമെന്‍റെ ചിതയെരിഞ്ഞ നോവുകള്‍
കുളിരുതന്ന നദികളിന്നു വെയില്‍വിരിച്ച മണലുകള്‍
കൈതപൂത്ത ഗ്രാമഭംഗി ചിതലെടുത്ത ഏടുകള്‍

നല്ലനാളെ പങ്കിടുന്ന ഭൂമിപെറ്റപൂക്കളില്‍
മഞ്ഞുതുള്ളി കോര്‍ത്തുവച്ചു സൂര്യബിംബ ജ്വാലകള്‍
ഭൂമിപെറ്റ മക്കളാം മനുഷ്യരിന്നു പാരിലും
ചിറകടര്‍ന്നു കൂട്ടിനുള്ളില്‍ ചിറകടിച്ചുകേഴുവോര്‍

കൂരിരുള്‍കയത്തിനുള്ളില്‍ കൂട്ടരെ വധിപ്പവര്‍
കാരിരുമ്പുകോട്ടകെട്ടി തിന്മയെവളര്‍ത്തുവോര്‍
അമ്മയെന്ന മാധുര്യം മറന്നിടുന്ന കൂട്ടരും
കാമമെന്ന കണ്ണുകൊണ്ടു പെണ്ണിനെ രുചിപ്പവര്‍

എന്‍റെ രാജ്യമെന്തുചന്തമെന്നതേറ്റുപാടുവാന്‍
തേനുറഞ്ഞ ഹൃദയമൊന്നു വേറെ നമ്മള്‍ കരുതണം
നീയെടുത്ത വാളിനാല്‍ മുറിച്ചെടുക്ക തിന്മകള്‍
സ്നേഹമെന്ന കൊടിയെടുത്തു കോര്‍ത്തെടുക്ക നന്മകള്‍

ഹൃദയമെന്ന തന്ത്രിമീട്ടി മതിമറന്നു പാടുവാന്‍
കാടൊരുക്കി കനവൊരുക്കി മഴയെ നമ്മള്‍ കാക്കണം
പുതിയ ചാലുകീറിവന്നു മഴനമുക്കു നല്‍കിടും
മണ്‍മറഞ്ഞ പാടവും മധുനിറഞ്ഞ പൂക്കളും

നെല്‍വിളഞ്ഞ പാടമൊന്നു കണ്‍കുളിര്‍ക്കെ കാണുവാന്‍
നെഞ്ചിലുള്ള പാല്‍പകുത്ത് തലമുറയ്ക്കു നല്‍കണം
നന്മയെന്ന വിത്തു ചേറി മക്കളെ വളര്‍ത്തുകില്‍
തളിര്‍മരങ്ങള്‍ പൂത്തുനല്ല തണലിടങ്ങളായിടും

Friday, 11 March 2016

ഉഷ്ണമേനി തണുപ്പിച്ചുറവകൂട്ടുമ്പോള്‍

ചുറ്റിത്തിരിഞ്ഞങ്ങകന്നുപോകുന്നോ?
കൈവിരല്‍ നീട്ടാതെ, തൊട്ടുരുമ്മാതെന്‍റെ
ഉന്മാദമേനിയില്‍ ശീല്‍ക്കാരമാകാതെ
ചുറ്റിത്തിരിഞ്ഞങ്ങകന്നുപോകുന്നോ?
പാഴ്കനികള്‍ ചുംബിച്ചു, ചുംബിച്ചു-
യെന്‍ ചങ്ങാതിയാകാതെ മുമ്പേ മറഞ്ഞുവോ?
പ്രാണനുരുവിട്ട മന്ത്രമായ്, ദുര്‍ഗന്ധവാഹിയായ്
പൊന്നിളംമൊട്ടിന്‍റെ ചങ്ങാതിയായ്
പീലിമീട്ടും തെങ്ങോലത്തുമ്പിലൊരു പുന്നാരമായ്
നാവുനീട്ടും കലിയായ്, കാര്‍മേഘമായ്
വന്നുപോകുന്നോ പിന്നെയും എന്‍റെ ചങ്ങാതി നീ.
മഴത്തുള്ളിപേറും കുളിരായ്,
കണ്ണുനീറ്റും എരിവായ്,
പീലിതോല്‍ക്കും തനുവായ്
എന്നിലലിഞ്ഞമൃതായ് വന്നുപോകുന്നോ നീ..
കാല്‍ച്ചിലമ്പല എന്നിലെത്തിച്ചു നീ
കാരിരുള്‍ച്ചുഴി എണ്ണതേപ്പിച്ചു നീ
കാല്‍വളത്തള കിലുങ്ങാതെ ചേര്‍ത്തണച്ചെന്‍റെ
സ്വരജതി കൊണ്ടുപൊയ്ക്കൊള്‍ക നീ..
മേഘമാപിനികള്‍ അളന്നൊരു മഴയെന്‍റെ
ഉഷ്ണമേനി തണുപ്പിച്ചുറവകൂട്ടുമ്പോള്‍
വന്നുപോകനീ ദൂരെയാല്‍മരക്കൊമ്പിലെ
കുഞ്ഞുതാളമായൊന്നു താരാട്ടുമൂളുവാന്‍

മറന്നതാണെന്‍ വഴിമിഴിപമ്പരം

മറന്നതാണെന്‍ വഴിമിഴിപമ്പരം
ഒരു വേനല്‍ കാക്കുമീ നിഴലിന്‍റെ നൊമ്പരം
വരില്ലിനി വേനലധികമെന്‍ മേനിയില്‍
കനലിനാലൊരുവേലി തീര്‍ത്തുഞാനിന്നലെ
മഴമൂളിവീണ്ടുമെന്‍ ശിരോലിഖിതങ്ങളില്‍
തണുവറ്റ് തണുവറ്റ് ദേഹം വിറയ്ക്കുമോ?
ചില്ലുമാത്രം പൊടിയാത്ത കണ്ണട
വിരല്‍കൊണ്ടു നെറ്റിയിലമര്‍ത്തിപ്പിടിച്ചു ഞാന്‍
നരചേര്‍ത്ത പുരികത്തിനിടയിലൊരു ചുഴിയുമായ്
ഓര്‍മ്മയൊരു വിടവിലൂടകലേയ്ക്കുനോക്കവേ
നിലതെറ്റി പടവിലൊന്നലറാതെ കുഴയുന്ന
കാല്പാദമെന്‍റേതുമാത്രം
ആ കാല്പാദമെന്‍റേതുമാത്രം
നിഴലുണ്ടു കോമരപടവാളുമായെന്‍റെ
ഉടലിന്‍റെ നെടുവീര്‍പ്പു കാക്കാന്‍
എഴുതുന്നയക്ഷരവടിവിലെന്‍ ഹൃദയത്തിന്‍
ചുടുരക്തമൊഴുകുന്ന നേരം
പടുപാട്ടുമായൊരു മഴയെത്തിവീണ്ടുമെന്‍
താളം പിഴപ്പിച്ചുപോകാന്‍
ഇടിമിന്നല്‍കൊണ്ടെന്നെ ചുട്ടെരിച്ചീടു നീ
പടവെട്ടിയിനിയൊട്ടുതോല്‍ക്കാതിരിക്കട്ടെ ഞാനും.
കുടല്‍മാലകൊണ്ടൊരു ജടതീര്‍ത്തു ഭൂമിയില്‍
കലിയൊന്നടങ്ങട്ടെ വീണ്ടും
പണിയാളര്‍ പട്ടിണിച്ചിതകൂട്ടി
വെന്തതില്‍ പഴമ്പാട്ടു പാടട്ടെ വീണ്ടും
ഇനിയെന്‍റെ തലമുറ കാണാത്ത പാടവും
പുഴയും കടന്നൊന്നു പാടാന്‍
ഈവേനല്‍കഴിയുമ്പോള്‍ ഞാനുമൊരു തെയ്യമായ്
പൂമെതിച്ചവിടേയ്ക്കുപോകും...
പൂമെതിച്ചവിടേയ്ക്കുപോകും.

ചിതലുറുമ്പ്

കണ്ണുനീരുവീണമണ്ണില്‍ കൂടൊരുക്കും ചിതലുറുമ്പിന്‍
സങ്കടങ്ങള്‍ കേള്‍ക്കുവാനായ് പൂമഴചാറി
കണ്ണുനീരിന്‍ തുള്ളിയാലേ പൂമഴ തേങ്ങി
സങ്കടച്ചാലൊഴുകിനീണ്ടു പൂമരച്ചോട്ടില്‍
കുളിരുതീര്‍ത്തൊരു നനവിലുടയും മണ്‍മറയ്ക്കുള്ളില്‍
ചിറകുവന്ന ചിതലുറമ്പൊന്നുടലുകുടയുന്നു
മഴയകന്ന നിമിഷമൊന്നില്‍ പറന്നുപൊന്തുമ്പോള്‍
വാനൊളിയില്‍ കുഞ്ഞുതാരം മിന്നിമായുന്നു
മായതീര്‍ക്കും വാനവില്ലിന്‍ അതിരുകാണാതെ
ചിറകുടഞ്ഞു പിടഞ്ഞുവീഴും ചിതലുറുമ്പെന്നും
ഈ ചിതലുറുമ്പെന്നും.. ഈ ചിതലുറുമ്പെന്നും...