Monday, 23 May 2016

അക്ഷരജാലം

മേലാകാശക്കീഴേ പുതിയൊരു
അക്ഷരജാലം തീര്‍ത്തീടാന്‍
സ്നേഹക്കൈവിരല്‍ കോര്‍ത്തുപിടിച്ചീ
അറിവിന്‍തണലില്‍ ചേക്കേറാം

കഥകള്‍പറഞ്ഞും കവിതരചിച്ചും
കോറിവരച്ചും ചൊല്ലുമ്പോള്‍
അക്ഷരമഗ്നിയതുള്ളില്‍ക്കയറി
അജ്ഞതനീക്കിയുറഞ്ഞീടും

തുള്ളിപ്പെരുമഴയെന്നകണക്കേ
കൊഞ്ചിപ്പാടിരസിക്കുമ്പോള്‍
അക്ഷരവഞ്ചിമെനഞ്ഞു നമുക്കൊരു
അജ്ഞാനത്തിന്‍ കരകേറാം

കണ്ടുമനസ്സിനുള്ളില്‍കൂട്ടിയ
കൗതുകമോരോന്നറിയുമ്പോള്‍
ചിന്തകള്‍കൊണ്ടൊരു പാഠംമെനയാം
ഉള്ളാലുള്ള വിശപ്പാലെ

പുഞ്ചിരിയാലൊരു താളംകൊട്ടി
അക്ഷരമുള്ളില്‍ നിറച്ചോളൂ
ഉത്സവമാണീ പൂഞ്ചോലകളില്‍
പാടിപ്പാടി രസിച്ചോളൂ

ഉത്സവമാണീ പൂഞ്ചോലകളില്‍
പാടിപ്പാടി രസിച്ചോളൂ

കനല്‍

കനല്‍
----------------
കനലു പാകുമീ നോവുപാടങ്ങളില്‍
നദികള്‍ മൗനമായുള്‍വലിഞ്ഞീടവേ
കണ്ണുനീര്‍ത്തുള്ളി ചാലിച്ച മുഖവുമായ്
തുള്ളിതേടുവാന്‍ പോകും കുടങ്ങളില്‍
നെഞ്ചുടച്ചു കലക്കി പകര്‍ന്നിടും
അമ്മനോവിന്‍ നെഞ്ചകപ്പൂവുകള്‍
ഉണ്ണിതേങ്ങാതെ നെഞ്ചിലമര്‍ത്തിയാ
പാല്‍ചുണ്ടു നീട്ടിയീയമ്മ മരിക്കവേ
ഒന്നുകേഴാതെ ദൂരെയാ കാര്‍മുകില്‍
കണ്ണുപൊത്തി കറങ്ങുന്നു വാനിലായ്
കിണറുതാഴ്ത്തി തുടംവച്ചുകോരുവാന്‍
കരയില്‍ നൂറു കരങ്ങള്‍ചേര്‍ന്നീടവേ
കനല്‍പഴുപ്പിച്ച ദാഹക്കുടങ്ങളില്‍
കലിപടര്‍ന്നങ്ങു വാക്കേറ്റമേറുന്നു
തുള്ളി കോരാതെ സങ്കടച്ചോലകള്‍
വെട്ടിയാര്‍ക്കുന്ന കോമരക്കണ്ണുകള്‍
കണ്ണുകാണാത്ത തീമഴച്ചൂടിനാല്‍
വെന്തുതേങ്ങുന്ന പിഞ്ചിളംചുണ്ടിലെ
ദാഹമൊപ്പുവാനൊരുതുടം കോരുമോ
അമ്മകേഴുന്ന സങ്കടപ്പെരുമഴ
നെഞ്ചലിയാത്തൊരീരണഭൂമിയില്‍
തമ്മില്‍ക്കോര്‍ക്കുന്ന തിക്കിത്തിരക്കുകള്‍
തൊണ്ടവറ്റുന്ന കുഞ്ഞുപിടഞ്ഞുടന്‍
കൈതണ്ടുതെറ്റി പതിച്ചുകിണറ്റിലും
ചുണ്ടിണയൊപ്പി കുടിച്ചു ജലമതില്‍
കണ്‍മിഴിച്ചുമലര്‍ന്നുകിടപ്പവന്‍
നെഞ്ചുടച്ചു പകുത്ത ജലത്തിനെ
പങ്കുവയ്ക്കാന്‍ മടിയ്ക്കുന്നമക്കളേ
നിങ്ങള്‍തന്‍ സ്വാര്‍ത്ഥ ചിന്തയീ ഭൂമിതന്‍
ഹന്ത നാശം വരുത്തുന്നു നാള്‍ക്കുനാള്‍.

പൂമ്പുലരി

കണ്ണാടികടവുകടന്ന്
കിന്നാരം ചൊല്ലിവരുന്ന
പുന്നാരകാറ്റിന്‍ തോളില്‍
കളമിട്ടൊരു പൊന്‍പുലരി

തളിരോലക്കൂട്ടില്‍ നിന്നും
തൂമഞ്ഞിന്‍ കുളിരുംപേറി
വിടരുന്നൊരു മുല്ലപ്പൂവിന്‍
മധുവുണ്ടൂ പൂമ്പുലരി

ഞങ്ങള്‍ മരങ്ങള്‍

പൊക്കിള്‍കൊടിവിട്ടു നീകരഞ്ഞപ്പോള്‍
പേക്കോലമായി നീ കുഞ്ഞേ
ചുണ്ടില്‍കിനിയ്ക്കുന്ന പാല്‍മധുരമൊക്കെ
കതിരില്‍ വളംവച്ചപോലെ
അമ്മയെത്തന്നെ മറന്നുനീ ഭൂമിയില്‍
താണ്ഡവമാടുന്നു പിന്നെ
നീ നിന്‍റെ ജനിതകക്കൂട്ടില്‍ കിളിര്‍പ്പിച്ച
വിഷമാണു ഭൂമിക്കുഭാരം
ഇവിടെയാണീ ഞങ്ങള്‍ മരമെന്ന മക്കള്‍
തണലായി നില്‍ക്കുന്നതെന്നും
അമ്മയാം ഭൂമിതന്‍ ഗര്‍ഭപാത്രത്തിലെ
സിരകള്‍ മുറിയാത്തമക്കള്‍
ഓരോ വയസിലും സിരകള്‍പടര്‍ത്തിയാ
സ്നേഹം പകരുന്ന മക്കള്‍
പൂപ്പന്തല്‍പോലെ നാം ചില്ലവിരിച്ചെന്നും
കുളിരുവിരിക്കുന്നു ഭൂവില്‍
പാലമൃതൂട്ടുമാ ധരണിയും ഞങ്ങളില്‍
തളിര്‍കൊണ്ടു കുടചൂടി നില്‍പ്പൂ
അവിടെയും അദ്വൈതവേതാന്തമാകുന്ന
പ്രാണനും കാറ്റായ് ചലിപ്പൂ
ആത്മരോഷങ്ങളാല്‍ നീയെന്ന മര്‍ത്യന്‍
ആത്മാവുകാണാതലഞ്ഞു
തണലൊന്നുമറിയാതെ പൂമണംപേറാതെ
തരുവെട്ടി വേനല്‍ വിതച്ചു.

ചിലവരികള്‍

എത്ര സ്നേഹിച്ചാലും
നഷ്ടപ്പെട്ടുപോകുന്ന ചില വരികളുണ്ട്
നെഞ്ചോടടക്കി,
എന്‍റേതെന്നുമാത്രം കരുതുന്ന
ചിലവരികള്‍
അവ അനുപല്ലവിയാകുന്നത്
ചിലപ്പോള്‍ അവയ്ക്ക് സമാന്തരങ്ങളായ
ചെറു ചാറലുകള്‍ക്കൊപ്പമാകാം
എങ്കിലും മനസ്സേ,
അവയന്യമാകുമ്പോള്‍
ഒറ്റപ്പടലിന്‍റെ വേലിയേറ്റങ്ങള്‍
ശരീരത്തെ കീഴ്പ്പെടുത്തുന്നു
ഒരു ധ്യാനം,
ഒരു വാക്കില്‍ത്തുടങ്ങി
മൗനത്തിലേയ്ക്കവസാനിയ്ക്കുന്ന
ശൂന്യത..

വേനല്‍

വെയിലേറ്റുപൊള്ളുന്നുണ്ടെന്‍റെ 
കുടിലും വയറും

മഴനനഞ്ഞു ഞാനും

ചെറുകിളികള്‍ കളമൊഴികള്‍
കലപിലയതുകൂട്ടും
ചെറുവഴികള്‍ സിരകളായി-
യൊഴുകിയെത്തും ഗ്രാമം
ചെറുതുടലിവേലിപോലെ
പടരുമെന്‍റെ വഴിയില്‍
ചെറുചിരിയാലോടിയെത്തും
വഴിമറന്ന ബാല്യം
പിഞ്ചുപോയ നിക്കറൊന്നില്‍
കൈപിടിച്ചു ഞാനും
പഴയപൈത വെറുതെയൊ-
ന്നുരുട്ടിനോക്കി വേഗം
പുഴയരുകില്‍ പൂത്തകൈത-
പ്പൂമണമെന്‍ ചാരെ
പുഞ്ചിരിച്ചു കണ്ണിണയാല്‍
മുത്തമിട്ടു നിന്നു
ചുവന്നതെറ്റി പൂമ്പഴത്താല്‍
സ്നേഹമിറ്റി ഞാനും
ചുവന്നചുണ്ടിന്‍ പുഞ്ചിരിയാല്‍
കവിളണയില്‍ നാണം
ചുവടുവച്ചു പാറിവരും
തുമ്പിയെന്നപോലെ
ചുവടളന്നു പുഴയരുകി-
ലവളുമെന്‍റെയൊപ്പം
നറുവെയിലിന്‍ പുളകമായി
ഒഴുകിയെത്തും പുഴയില്‍
നിറഞ്ഞുനീന്തും പരലുകോരി
ആര്‍ത്തുപാടും ഞങ്ങള്‍
നിറങ്ങളേഴുചാര്‍ത്തി ദൂരെ
കുടനിവര്‍ത്തും വില്ലിന്‍
നിറമടര്‍ന്നു പെയ്തുതോര്‍ന്ന
മഴനനഞ്ഞു ഞാനും
കരിമടന്തയിലയടര്‍ത്തി
പുഴയൊഴുക്കിനൊപ്പം
കരകള്‍താണ്ടി കഥപറഞ്ഞു
കനവുകണ്ടു ഞാനും
കറുകറുത്ത മാനമെന്‍റെ
നിഴലടര്‍ത്തി മായേ
കനവടര്‍ന്നു കടലുനോക്കി
തിരകളെണ്ണി ഞാനും