Monday, 25 July 2016

എത്രയും വേഗം

എത്രയും വേഗം
നിന്‍റെ ശരീരത്തിലേക്കൊന്നു
ലയിച്ചുറങ്ങാനൊരു കൊതി.
നനുത്ത മണ്‍കൈകളാല്‍
നീയെന്നെ ചുറ്റിപ്പൊതിഞ്ഞ്
ചേര്‍ത്തണയ്ക്കുമ്പോള്‍
ഒരു കവിതയായ് ഞാന്‍
നിന്നില്‍ പടര്‍ന്നിറങ്ങും.
ഉടഞ്ഞുപോകാന്‍ കൂട്ടാക്കാതെ
അപ്പോഴും ഉന്തിത്തെറിച്ച്
എന്നിലെ അസ്തിത്വം
നിന്നില്‍നിന്ന് അകന്നു മാറിക്കൊണ്ടിരിക്കും
എങ്കിലും എന്നെപ്പുണര്‍ന്ന്
എന്നില്‍ ഉറഞ്ഞുകൂടിയ
ദുര്‍ഗന്ധം പറിച്ചെടുത്ത്
നീയെന്നെ ശുദ്ധമാക്കുന്നതാണെനിക്കിഷ്ടം

നാടന്‍

ചുണ്ടുചുവക്കാതെ ചുണ്ണാമ്പുതേച്ചൊരു
പാതി മുറുക്കാന്‍ ചവച്ചേച്ച്
എങ്കേ മറഞ്ഞെടാ പൂങ്കണ്ണന്‍ചാത്താ നീ
ചങ്കിലെരിപെട്ടു ഞാനിരിപ്പൂ
ഏന്‍റപ്പനാപ്പനമേലേയിരിപ്പുണ്ട്
പൊന്തമറപറ്റി നീയിരുന്നാല്‍
ചേലപിഴിഞ്ചേച്ച് നെഞ്ചൊപ്പംകെട്ടി ഞാന്‍
നിന്നെയും കാത്തീ വരമ്പേല്
പുത്തമ്പനങ്കള്ള് മോന്തിക്കുടിച്ചപ്പന്‍
പങ്കംപറഞ്ഞീടുമെന്‍റെ ചാത്താ
നീന്‍റപ്പനാപ്പെരു,ത്തീത്തെറിക്കേട്ടിട്ട്
അപ്പന്‍റെമേക്കിട്ടുപൂശുപൂശും
കണ്ണുകലങ്ങണ് നെഞ്ചുതുടിക്കണ്
തഞ്ചംകുറയണ് പൊന്നുചാത്താ
കണ്ടംകടന്നുഞാന്‍ വേലിതിരിയുമ്പം
കൂടെവരാതെന്‍റെ പൊന്നുചാത്താ

ഇന്നുകാണാത്തത്


---------------------------------
ഞാനിന്നൊരു നെല്ലു കണ്ടു
നെല്ലളന്ന നാഴികണ്ടു
നാഴിയുരി ചോറൊരുക്കാൻ
വിയർപ്പും കണ്ടു
പതിരു പാറ്റിക്കൊഴിച്ചിട്ടീ -
യോട്ടവട്ടിച്ചുമക്കുന്ന
കതിരുകാണാക്കിളിയുടെ
കനവുകണ്ടു.
ഓട്ടുപാത്രചുറ്റളയിൽ
കാതുനീണ്ട പഴമകണ്ടു,
നൂറുതേച്ച വെറ്റിലയി-
ലടയ്ക്കചേർത്തു.
കഥകളും മൊഴികളും
കടങ്കഥചിന്തുമായി
പടികടന്നെത്തും നേരിന്‍
മഹിമകണ്ടു.
നേരറിഞ്ഞ നേര്‍വഴിയില്‍
തേഞ്ഞുപോയ മുഖംപൂഴ്ത്തി
കദനത്തിന്‍ കഥചൊല്ലും
ഉരലുകണ്ടു.
നെല്ലുകുത്തിയുടല്‍തേഞ്ഞ-
ങ്ങുമ്മറത്തുകാണാപ്പെണ്ണിന്നു-
രല്‍പ്പുരമൂലചായും
വിരഹം കണ്ടൂ

മായുന്നു

മായുന്നുഞാനുമിന്നീയറയ്ക്കുള്ളിലെ
തേങ്ങല്‍വിട്ടുണരുന്ന പക്ഷിയായെവിടയോ
നീതന്ന ദേഹമെന്‍ പേരും മറന്നുപോയ്
ജഡമെന്നുകല്പിച്ചടക്കുന്നു നാട്ടുകാര്‍
ഭിത്തിയിലുണ്ടിനിയെന്‍കൂടുചാലിച്ച
ചിത്രമൊരു ഓര്‍മ്മയായി മാറാലതൂക്കുവാന്‍
ശബ്ദംമറക്കും മനുഷ്യന്‍റെ ചുറ്റിലും
കാഴ്ചയും ശബ്ദവും ചുറ്റിത്തിരിയവേ
ഏതാണു ഞാനെന്നറിയാത്ത ചിന്തകള്‍
തേരില്‍ക്കയറ്റി മയക്കുന്നു മര്‍ത്യനെ

Wednesday, 15 June 2016

എന്‍ മിഴിയൊന്നു കലങ്ങുമ്പോള്‍
ഇടനെഞ്ചുപൊട്ടുന്ന
മഴയാണു ഞാന്‍കണ്ടയമ്മ
ഒരു കടലോളം പ്രിയമാണെന്നമ്മ
ഒരുനുള്ളുകിനാവിന്‍റെ
അരികത്തുചേര്‍ന്നമ്മ
കരിയുള്ള മണ്‍പാത്രമാകേ
മുനിയുന്നടുപ്പിലെ കനലുള്ളദാരിദ്ര്യ-
പ്പുകയാണു ഞാന്‍കണ്ടയമ്മ
ഒരു കനലാണു ഞാന്‍കണ്ടയമ്മ.
കരയുമ്പോളില്ലാത്ത പാലൂട്ടാന്‍
വെമ്പുന്ന നെഞ്ചോരമാണന്‍റെയമ്മ
കൈവിരല്‍താളത്തില്‍ ചെമ്മേയുറക്കുന്ന
താരാട്ടുഗാനമാണമ്മ
ഒരു താരാട്ടുഗാനമാണമ്മ
വീടുവെടിപ്പാക്കി മൂലയ്ക്കൊതുങ്ങുന്ന
ചൂലുപോലെന്നമ്മ തേഞ്ഞുതീരേ
ഒരു സ്നേഹസ്പര്‍ശമായ്
ചേര്‍ത്തണച്ചീടുവാന്‍
വന്നില്ലൊരുകാറ്റുപോലും
ഇതുവരെ വന്നില്ലൊരു കാറ്റുപോലും
അമ്മപകര്‍ന്നൊരു നെഞ്ചിന്‍കരുത്തുമായ്
കുന്നുകടന്നുഞാനെത്തേ
ചുമരിലെ ചില്ലിട്ട ചിത്രത്തിനുള്ളിലായ്
ചിരിതൂകിനില്‍ക്കുന്നുണ്ടമ്മ
എന്നിലായ് ചിരിതൂകി നില്‍ക്കുന്നുണ്ടമ്മ
ചില്ലകള്‍കൂട്ടിയ തണലുമായോര്‍മ്മതന്‍
കൈപിടിച്ചെത്തുന്നെന്നമ്മ
വീണ്ടും കൈപിടിച്ചെത്തുന്നെന്‍റമ്മ



Friday, 10 June 2016

കുഞ്ഞിളം തുമ്പി


--------------
കാടിന്‍റെയുള്ളില്‍ വളര്‍ന്നൊരു പെണ്ണ്
പരുന്തമ്മ റാഞ്ചി വളര്‍ത്തിയ കുഞ്ഞ്
കുയില‍മ്മ കൂകിയുറക്കിയ കണ്ണ്
പാലിളം പുഞ്ചിരി തൂകുന്ന മൊഞ്ച്
കാട്ടില്‍ കളകളം പാടും പുഴയില്‍
നീന്തിത്തുടിച്ചു കളിച്ചൊരു പെണ്ണ്
പൂവിട്ട വല്ലി ചൊരിയും മഴയില്‍
ആടിക്കളിച്ചു രസിച്ചൊരു മൊട്ട്
പേടമാന്‍ കുട്ടിതന്‍ പിന്നാലെ പായും
ചന്തം തികഞ്ഞൊരു മാന്‍മിഴിക്കണ്ണ്
കാട്ടിലെ ജീവികള്‍ക്കെല്ലാര്‍ക്കുമുണ്ണീ
സിംഹമടയില്‍ ശയിക്കും കിടാത്തി
പരുന്തു പറഞ്ഞ കഥയിലെ നാട്ടില്‍
തന്‍റെകുലമൊന്നു ചെന്നൊന്നു കാണാന്‍
പൂതി വളര്‍ന്നേറെ കൗതുകമായി
കൂട്ടൊരോടായി പറഞ്ഞവളാധി
പലരും പറഞ്ഞൊട്ടു പോകുകവേണ്ട
നന്മ മറയുമീ കാടു കഴിഞ്ഞാല്‍
ഉള്ളില്‍ത്തുടിക്കുമാ ജനനിയെക്കാണാന്‍
ശാഠ്യം പിടിച്ചവള്‍ തേങ്ങിക്കരഞ്ഞു
കണ്ണീര്‍പ്പുഴ നീണ്ട യാത്രയ്ക്കൊടുവില്‍
വിടനല്കി ജീവികള്‍ കാടിന്‍റെയോരെ
ഉല്ലസിച്ചങ്ങവള്‍ പോകുന്ന നേരം
ദൂരത്തായ് കണ്ടേറെ മാനുഷക്കോലം
അത്ഭുതംകൊണ്ടവള്‍ മിന്നിത്തിളങ്ങി
വര്‍ണ്ണ വിരിയുള്ള കൗതുകക്കാഴ്ച
കൂടെ നടന്നവര്‍ കൂട്ടരായ്ക്കൂടി
കൊഞ്ചിച്ചു കൈകകളില്‍ കൂട്ടിപ്പിടിച്ചു
സ്നേഹം വെറുതേ മറക്കുടയാക്കി
കൊത്തിവലിച്ചവര്‍ പിഞ്ചിളം മേനി
കണ്ണില്‍ പെരുമഴ കൊള്ളാതെ തുള്ളി
പ്രാണം വെടിഞ്ഞിതാ കുഞ്ഞിളം തുമ്പി
ചാറ്റല്‍ മഴയെങ്ങും പെയ്യാതെ പോയി
ദുഃഖം ചൊരിഞ്ഞവള്‍ കാട്ടിലായ്ച്ചെന്ന്

Monday, 23 May 2016

അക്ഷരജാലം

മേലാകാശക്കീഴേ പുതിയൊരു
അക്ഷരജാലം തീര്‍ത്തീടാന്‍
സ്നേഹക്കൈവിരല്‍ കോര്‍ത്തുപിടിച്ചീ
അറിവിന്‍തണലില്‍ ചേക്കേറാം

കഥകള്‍പറഞ്ഞും കവിതരചിച്ചും
കോറിവരച്ചും ചൊല്ലുമ്പോള്‍
അക്ഷരമഗ്നിയതുള്ളില്‍ക്കയറി
അജ്ഞതനീക്കിയുറഞ്ഞീടും

തുള്ളിപ്പെരുമഴയെന്നകണക്കേ
കൊഞ്ചിപ്പാടിരസിക്കുമ്പോള്‍
അക്ഷരവഞ്ചിമെനഞ്ഞു നമുക്കൊരു
അജ്ഞാനത്തിന്‍ കരകേറാം

കണ്ടുമനസ്സിനുള്ളില്‍കൂട്ടിയ
കൗതുകമോരോന്നറിയുമ്പോള്‍
ചിന്തകള്‍കൊണ്ടൊരു പാഠംമെനയാം
ഉള്ളാലുള്ള വിശപ്പാലെ

പുഞ്ചിരിയാലൊരു താളംകൊട്ടി
അക്ഷരമുള്ളില്‍ നിറച്ചോളൂ
ഉത്സവമാണീ പൂഞ്ചോലകളില്‍
പാടിപ്പാടി രസിച്ചോളൂ

ഉത്സവമാണീ പൂഞ്ചോലകളില്‍
പാടിപ്പാടി രസിച്ചോളൂ