Showing posts with label കുഞ്ഞനുജത്തി. Show all posts
Showing posts with label കുഞ്ഞനുജത്തി. Show all posts

Sunday, 20 April 2014

കുഞ്ഞനുജത്തി

പിച്ചവച്ചു കളിക്കുന്ന കുഞ്ഞനുജത്തീ 
തോളീലായി ഞാന്‍ തൂക്കും കുഞ്ഞനുജത്തീ
അമ്മ പോയ നേരമെന്‍റെയുണ്ണിയായെന്നോ
കാറ്റുപോലും തീണ്ടിടാതെ ചേര്‍ത്തുവച്ചൂ ഞാന്‍

പുസ്തകത്തിനുള്ളിലുള്ളോരക്ഷരത്തിലായ്
അമ്മയെന്ന കല്‍ക്കണ്ടത്തെ കണ്ടെടുത്തു ഞാന്‍
ചേര്‍ത്തുവച്ച പാല്‍മധുരം ചുണ്ടിലൂറുമ്പോള്‍
നെഞ്ചിലായെന്‍ കണ്മണിയെ ചേര്‍ത്തുവച്ചൂ ഞാന്‍

ഉത്തരത്തില്‍ കെട്ടിഞാത്തും തൊട്ടിലൊന്നെന്റെ
ഉള്ളിനുള്ളില്‍ കോര്‍ത്തെടുത്തെന്‍ കുഞ്ഞുതാരാട്ടായ്
പുഴയൊഴുക്കിന്‍ ഭംഗിയേറും എന്റെ ഗ്രാമത്തില്‍
വന്നു തെന്നല്‍ ചെറുസുഗന്ധം പേറി നാടാകെ

മാമ്പഴത്തിന്‍ തോട്ടമൊന്നെന്‍ നാട്ടില്‍വന്നപ്പോള്‍
വന്ന മഴകള്‍ ചുംബനത്തിന്‍ കുഞ്ഞുമൊട്ടായി
പുതിയ സ്വപ്നം പേറിയെത്തും ഗ്രാമമൊന്നായി
മാവുപൂക്കും നാളുകാത്ത് വേല കൊണ്ടാടി

കൈനിറയെ കാശുമായെന്‍ നാടുപൂത്തപ്പോള്‍
കണ്ണിമാങ്ങാ മാമ്പഴത്തിന്‍ കൂടു ചേക്കേറി
ഉത്സവങ്ങള്‍ പൊലിമയേറി കണ്ണുചിമ്മുമ്പോള്‍
പെയ്തുവീണ തുള്ളിയൊന്നും ഞാനറിഞ്ഞില്ല

മാമ്പഴത്തിന്‍ കുഞ്ഞുപൂക്കള്‍ കീടമില്ലാതെ
കാത്തുവയ്ക്കാന്‍ നീ തളിച്ച കാളകൂടങ്ങള്‍
ചാറിവന്ന തുള്ളിയായി വിഷം ചീറ്റി നിന്നപ്പോള്‍
ചത്തുപോയി മധുനുകരും വണ്ടു തേന്തുമ്പി

ശ്വാസമില്ലാതെന്റെ കുഞ്ഞോള്‍ തേങ്ങിനിന്നപ്പോള്‍
വിങ്ങിനിന്ന വിണ്ണുപോലും കണ്ണടയ്ക്കുന്നു
കുഞ്ഞുകാല്‍കള്‍ ചലനമറ്റ് തണുവറിഞ്ഞപ്പോള്‍
കണ്ണുനീരില്ലുറവയാകാന്‍ ഉള്‍മിഴിക്കുള്ളില്‍

ഒഴുകിവന്ന പുഴയൊരെണ്ണം തീര്‍ത്ത രാഗങ്ങള്‍
വിങ്ങിനിന്ന മേഘദൂത് കൊണ്ടുപോകുന്നു
പുഴയറിഞ്ഞു കൊണ്ടുപോകൂ എന്റെ താരാട്ടും
മാമ്പഴത്തിന്‍ രുചിമറന്ന കുഞ്ഞുകല്‍ക്കണ്ടം.