Showing posts with label പീലികള്‍ നഷ്ടപ്പെട്ടത് ഓര്‍മ്മകള്‍ക്കല്ല. Show all posts
Showing posts with label പീലികള്‍ നഷ്ടപ്പെട്ടത് ഓര്‍മ്മകള്‍ക്കല്ല. Show all posts

Saturday, 16 May 2015

പീലികള്‍ നഷ്ടപ്പെട്ടത് ഓര്‍മ്മകള്‍ക്കല്ല

പീലികള്‍ നഷ്ടപ്പെട്ടത്
എന്‍റെ കണ്‍പോളകള്‍ക്കാണ്
ഓര്‍മ്മകള്‍ക്കല്ല
മണ്ണ് ആദ്യം ചുവന്നതും 
പിന്നെ കുങ്കുമമായി കട്ടപിടിച്ചതും
കറുത്ത ചാമ്പലിലിഴചേര്‍ന്ന്
ഒരുമഴയൊഴുക്കില്‍ ഒലിച്ചുപോയതും
എന്‍റെ ഹൃദയത്തില്‍ നിന്നല്ല
കാലം മറന്നുപോകുമ്പോഴും
ഒരിടിമുഴക്കംപോലെ
ഞെട്ടിവിറയ്ക്കുന്നുണ്ടെന്‍റെ ഹൃദയം
കലാപത്തിലെ തോക്കിന്‍കുഴലുകള്‍
വെടിപ്പുകയൂതി കടന്നുവരാറുണ്ട്
ഞാനറിയാതെന്‍റെ സ്വപ്നത്തില്‍
മാംസത്തിലെ തീയുരുക്കത്തില്‍
പടര്‍ന്നുപൊന്തുന്ന പുക
മറയ്ക്കുന്നുണ്ടെന്‍റെ കാഴ്ചകളെ
ആകാശവും ഭൂമിയും മറന്നു പോയ
നോവുകളെ ഋതുക്കള്‍
പെയ്തുമറയ്ക്കുന്നുണ്ടെങ്കിലും
ചില്ലുടഞ്ഞ കണ്ണടകളില്‍
ഞാന്‍ തേടുന്നുണ്ട് ചില പകലുകളെ