Showing posts with label ഭ്രാന്തന്‍. Show all posts
Showing posts with label ഭ്രാന്തന്‍. Show all posts

Friday, 14 June 2013

ഭ്രാന്തന്‍

മാറാപ്പുപിന്നിലായ് തൂക്കിവലിച്ചവന്‍
വേതാളമെന്നപോല്‍ പാഞ്ഞുപോയി
കണ്‍കളില്‍ രൗദ്രഭാവത്തിന്‍ നിഴലുകള്‍
മിന്നിച്ചവന്‍പിന്നെയലറിയോടി
പെട്ടെന്നു നിന്നവന്‍ അഹ്ലാദമൊടൊത്ത്
അട്ടഹാസത്തിന്‍റെ കെട്ടഴിക്കേ
കണ്‍കളില്‍ മിന്നുമാ സ്നേഹവിരുന്നിന്നെ
കാണാതിരിക്കാനായ്‍യൊക്കുകില്ല
സമയത്തെതോല്‍പ്പിക്കാന്‍തിക്കിതിരക്കുന്ന
നിങ്ങള്‍ക്കുമീഭാവം തന്നെയല്ലേ
ആകാശമേടയില്‍ അവനെന്നപോലൊരു
മിന്നല്‍പിണരൊന്നുവന്നുപോകെ
ആഹ്ലാദമോടവന്‍ മാനത്തുനോക്കീട്ട്
കൊഞ്ഞണംകുത്തിരസിച്ചുപിന്നെ
കുട്ടികള്‍ മഴയെപുണരുന്നമാതിരി
തുള്ളികള്‍കൊണ്ടവന്‍ നൃത്തംവച്ചു
അവനെലയിപ്പിക്കും തുള്ളികള്‍ക്കുള്ളത്ര
സന്തോഷം ഞാനെങ്ങും കണ്ടതില്ല
മഴതോന്നുമാനംവെളുപ്പിച്ചതവനുള്ളില്‍
ഇരുളിന്‍ നിറങ്ങള്‍ നിറഞ്ഞപോലെ
നീണ്ട മുടികള്‍വലിച്ചുപറിച്ചവന്‍
എല്ലിച്ചയൗവ്വനം തച്ചുടയ്ക്കേ
റോഡിന്‍റെ വക്കത്തൊരിത്തിരിവെള്ളം
കണ്ണുനീര്‍പോലങ്ങു കെട്ടിനിന്നു
കുമ്പിളില്‍ കൊരിയെടുത്തവന്‍വെള്ളത്തെ
വായിലേക്കാര്‍ത്തിയോടിറ്റിച്ചപ്പോള്‍
നിര്‍വ്വികാരത്തിന്‍റെ ഭാവങ്ങള്‍പേറിയാ
ദൈവങ്ങള്‍ തന്നെയും കണ്ണടച്ചു
ഇന്നുമാഭ്രാന്തിന്‍റെ പരിചയഭാവങ്ങള്‍
എന്നിലും നിന്നിലും പാര്‍ത്തിരിപ്പൂ
തീപോലെയൗവ്വനം കത്തുന്നനേരത്തും
മനസ്സില്‍ തുടിപ്പുകള്‍ വന്നുപോകാം
ഞാണില്‍കളിക്കുമീ മനസ്സിന്‍റെയോളങ്ങള്‍
തെറ്റിയാല്‍ ഞാനുമീഭ്രാന്തന്‍തന്നെ