Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Thursday, 13 June 2013

യാത്ര

ഇന്നിനി കാറ്റുവരികയില്ലേ
എന്നോട് കാഴ്ച പകുക്കയില്ലേ
ഇന്നലെയോരത്ത് വന്നനേരം
ചൊന്നവള്‍ ചന്തത്തിന്‍ പെണ്ണൊരുത്തീ
കൂന്തല്‍ മെടയുന്നോ യാത്രപോകാന്‍
ഇന്നിനിപോകേണ്ട വഴികളെത്ര
തോഴിതന്‍തോളത്ത് കൈപിടിച്ച്
കാലിച്ചെറുമനെ കണ്ടതല്ലെ
ഇന്നവന്‍ തോളത്ത് പെയ്തിറങ്ങാം
കുന്നിന്‍പുറമേറിയുല്ലസിക്കാം
മുമ്പുഞാന്‍ചെന്നതിന്‍ ബാക്കിയായി
മാവുകള്‍ പൂത്തു തുടങ്ങിടുന്നു
തല്ലിക്കൊഴിക്കാതെ പെയ്യവേണം
കാറ്റിനെ മെല്ലെയൊതുക്കിടേണം
അവളോട് മന്ത്രമായ് ചൊല്ലിടേണം
മാമ്പഴമുണ്ണാനായ് വന്നിടുവാന്‍
തെക്കും കരയിലെ പാട്ടുമേളം
ഇന്നങ്ങു ചെന്നൊന്നു ചാറവേണം
പന്തലിന്‍ സുഷിരത്തില്‍ തൂങ്ങവേണം
ദേവിയത്തന്നൊന്നു കൂപ്പവേണം
ഇന്നെനിക്കില്ലിനി നേരമൊട്ടും
ഉണ്ണിക്കിടാങ്ങളെപുല്‍കവേണം
പുത്തനാംകുപ്പായമിട്ടകുട്ട്യോള്‍
സ്കുളിന്‍പടിയ്ക്കലായെത്തുംനേരം
നാളെ വെളുപ്പിനു പെയ്തിറങ്ങാം
വറ്റിവരണ്ട നദിക്കുമേലേ
കുന്നോളം വാരും മണല്‍പ്പരപ്പില്‍
പുഴയായൊഴുകുവാനേറെവേണം
പെയ്യുവാനുള്ളതീതുള്ളിമാത്രം
ഏറുവാനുള്ളതോ നാഴിയേറെ
എങ്കിലും കണ്ണീര്‍ കുടങ്ങളായി
ദാഹമകറ്റുവാന്‍ ചെല്ലവേണം
ഭൂമിഹൃദയത്തിലാഴ്ന്നിറങ്ങാന്‍
എന്നിലെപ്രാണനോകഴിവതില്ല
എന്നെ കരത്തിലായ് ചേര്‍ക്കുവാനും
അമ്മയാം ഭൂമിക്കിന്നാവതില്ല
ഈയാത്രയൊന്നു കഴിഞ്ഞുവെന്നാല്‍
വേനലാം മാരനെ കെട്ടവേണം
പിന്നവന്‍ താളത്തില്‍ തുള്ളവേണം
പേറ്റുനോവെന്നന്നറികയില്ല