Showing posts with label യുദ്ധം കഴിഞ്ഞു. Show all posts
Showing posts with label യുദ്ധം കഴിഞ്ഞു. Show all posts

Sunday, 25 August 2013

യുദ്ധം കഴിഞ്ഞു

അശ്വമേധത്തിനായ് ഞാനയച്ചൊരീ
വെളുത്തയശ്വത്തെ ബലികൊടുക്കുന്നിതാ
കറുത്തചുട്ടിയാല്‍ തലയയുര്‍ത്തുമീ
കുതിച്ച കാലുകള്‍ പിടച്ചുതീരവേ
എന്‍റെ രാജ്യമിങ്ങെത്തിനില്‍ക്കുമോ
തലയറുത്തൊരാ കബന്ധഭൂമിയായ്
വലിയവേലികള്‍ കെട്ടിനിര്‍ത്തിയ
ദുരന്തഭൂമികള്‍ വീണുറങ്ങവേ
പിടഞ്ഞുവീഴുമോ നനുത്ത സ്നേഹവും
അവരൊരുക്കിയ പ്രണയബന്ധവും
അടഞ്ഞ വാതിലില്‍ കാത്തു നില്‍ക്കുമോ
സുഗന്ധവാഹികള്‍ ദൂതുപോകുവാന്‍
പറന്ന പക്ഷികള്‍ ചിറകടിക്കുമോ
അതിര്‍ത്തികാക്കുമാ തിരക്കുമപ്പുറം
കറുത്തമേഘത്തിന്‍ സിരകള്‍ക്കുള്ളിലായ്
ഉറഞ്ഞു നില്‍ക്കുമാ നനുത്ത തുള്ളികള്‍
പടര്‍ന്നുവീഴുമീ ധരണിതന്നിലായ്
വലിയവേലികള്‍ താണ്ടിയപ്പുറം
ഇനിയുമെന്‍റെയീ മനസ്സിനുള്ളിലെ
അതിര്‍വരമ്പുകള്‍ പറിച്ചുമാറ്റുവാന്‍
നടത്തവേണംഞാന്‍ പുതിയയാഗങ്ങള്‍
പ്രപഞ്ചസീമതന്‍ പ്രണയചിന്തയില്‍
ഉയിരുതിര്‍ക്കണം സ്നേഹനാളമായ്
എന്‍റെ ലോകത്തില്‍ നന്മചേര്‍ക്കുവാന്‍
എന്‍റെ നാവിലെ ചെറിയശബ്ദങ്ങള്‍
ഉറച്ചുചൊല്ലണം സ്നേഹമന്ത്രമായ്
എന്‍റെ കാഴ്ചകള്‍ അതിരുതാണ്ടണം
പിടഞ്ഞ ജീവന്‍റെ മനസ്സുകാണുവാന്‍
ഇഴഞ്ഞു നീങ്ങുമീ എന്‍റെ കാലുകള്‍
പിടഞ്ഞെണീക്കണം പറന്നുയരുവാന്‍
എന്‍റെ കൈകളില്‍ ചേര്‍ത്ത പൂവുകള്‍
വാരി നല്കണം സ്നേഹമന്ത്രമായ്