Sunday, 14 July 2013

കാഴ്ച

ഞാന്‍ കണ്ടില്ലെന്‍ പൂര്‍വികര്‍ തന്നുപോയരാ
ഋതുക്കള്‍ കൊയ്യുന്നപാടവരമ്പുകള്‍
കേട്ടില്ലഞാന്‍ അവര്‍പാടുമാ വിശപ്പില്‍
വിയര്‍പ്പിന്‍റെ ഗന്ധത്തിലുയരുന്നപാട്ട്

അകന്നുപോകുന്നു എന്നില്‍നിന്നകലയായ്
ഞാന്‍ നടന്നോരീയിടവഴിച്ചോലകള്‍
താഴ്വരകളിലൊഴുകുമാ പുളകനദികളും
അവര്‍ ജനിക്കും കുന്നാം ഗര്‍ഭപാത്രങ്ങളും

ഇനിയും ചുരത്താത്തമേഘവും, പ്രണയവും
അതിലലിയുന്ന വസന്തകാലവും
പച്ചപ്പുവിരിയ്ക്കും വനജാലവും മഞ്ഞും
അകന്നിരിക്കുന്നെന്‍ കണ്‍പഥങ്ങളില്‍

കണ്ടിരിക്കുന്നുഞാന്‍ മതിലില്‍ മുഖംചേര്‍ത്ത്
അലസമായ്നില്‍ക്കും സൗധകുടീരങ്ങളെ
മനസ്സിലലനീട്ടി ആശപാശങ്ങളില്‍ നോമ്പിട്ട്
വിടര്‍ത്തിവയ്ക്കുന്നയാഡംബരങ്ങളെ

കൂട്ടിവയ്ക്കുമോ നമ്മളീ മൃതശരീരങ്ങള്‍
മൂക്കില്‍ തുളയ്ക്കുന്ന ദുര്‍ഗന്ധവാഹികള്‍
നല്കുമോ നമ്മള്‍തന്‍ കുഞ്ഞുകിടാങ്ങള്‍ക്ക്
അമ്മകിനിക്കുന്നൊരാ അമ്മിഞ്ഞയെങ്കിലും

ജനനമരണചക്രത്തില്‍ ഭ്രമണം നടത്തുമീ
കര്‍മ്മപാശത്താല്‍ ബന്ധിതമാകിയ
പഞ്ചഭൂതനിര്‍മ്മിതശരീരം സത്യമോ
മിഥ്യയോ, അറിയില്ല നൂനമെന്നാലും
ചിറകടിച്ചാര്‍ക്കുന്നു നമ്മളീ ലോകത്തില്‍
പ്രപഞ്ചമായതന്‍ വിസ്മയക്കാഴ്ചയില്‍

Friday, 12 July 2013

ഉണ്ണിയെക്കാത്ത്

ജീവിതപൊയ്കയില്‍ ഞാനെന്നയോടത്തെ
തുഴയുവാന്‍ നീയെന്നുമെന്‍റെയൊപ്പം
ചുമ്മാകിലുക്കിയെന്‍ ചിന്തയെ നീയിനി
ചങ്ങലക്കെട്ടിലായ് ചേര്‍ത്തുവയ്ക്കൂ
ഹൃദയത്തിന്‍ പൂട്ടിട്ട കണ്ണികള്‍ നിന്നിലെ
വാക്കിന്‍ വിചാരങ്ങളായിടുന്നു
സ്വപ്നത്തില്‍ തീര്‍ത്ത മണികിലുക്കം
നിന്‍റെ പ്രണയത്തിനുള്ളിലുറഞ്ഞിടുമ്പോള്‍
അരമണിചിന്തിലെ അറിയാഞരക്കങ്ങള്‍
അഴിയാത്ത സ്വപ്നങ്ങളായിടുന്നു
കണ്‍മണികോണില്‍ നിറച്ച വികാരങ്ങള്‍
നിശ്വാസമായെന്‍റെ നെഞ്ചില്‍നിക്കേ
ചാരത്തുനീയെന്‍റെ തോളത്തുരുമിയാ
നെഞ്ചക സ്പന്ദനം ചേര്‍ത്തിടുന്നു
പിന്നെയും നീയെന്‍റെ പ്രേമമലരിനെ
ചുമ്പിച്ചു മെല്ലെയുണര്‍ത്തിയെന്നാല്‍
ചന്ദനചോപ്പുള്ള സന്ധ്യയില്‍ ഞാനൊരു
അമ്പിളികുഞ്ഞിനെ പെറ്റുനല്കാം
നക്ഷത്രകണ്ണുകള്‍ മിന്നിത്തെളിയുന്ന
കിങ്ങിണിക്കുട്ടനെ തന്നെനല്കാം
ഇങ്ങനെയോരോരോ സ്വപ്നങ്ങള്‍കണ്ടതിന്‍
മിഴികളില്‍കൂടെഞാന്‍ കണ്‍തുറക്കേ
ചാരത്തിരിക്കുന്നു എന്‍പ്രിയനാഥനും
ഉണ്ണിയെത്തന്നെയങ്ങോര്‍ത്തുകൊണ്ട്
ഇല്ല വരില്ലവന്‍ നമ്മളെക്കാണാനായ്
എന്നുമീ വീട്ടില്‍ തനിച്ചുതന്നെ
നമ്മളീ ലോകത്തില്‍ സ്നേഹിച്ചതൊക്കയും
നമ്മുടെയുണ്ണിയെത്തന്നെയല്ലേ
കവിളിലൊഴുകുമാ നിറമിഴിചാലുകള്‍
ഹൃദയത്തില്‍ത്തന്നെ പതിച്ചുവെന്നോ
അപ്പോഴവനൊരു മുത്തത്തെ നല്കാനെന്‍
മുരടിച്ച ദേഹത്തിനായതില്ല
ചലിക്കാത്തയുടലിലെ പ്രണയമാം‍നോവുകള്‍
നിശ്വാസമായിഞാന്‍ ചേര്‍ത്തുവയ്ക്കേ
സാന്ത്വനം നല്കുവാനപ്പഴായെത്തിയോ
സ്നേഹത്തിന്‍ നനവുള്ള നല്ലകാറ്റ്.

Thursday, 11 July 2013

പ്രകൃതി

നിര്‍ഗുണപരബ്രഹ്മമാമീശന്‍റെ രൂപത്തെ
കാക്കുവതവളല്ലോ ഈ പ്രകൃതി
അചക്ഷുവും അശ്രവണനും അഹസ്ത-
നുമചരണനുമാം പുരുഷനെ
പതിയായ് കണ്ട് തന്‍ രൂപഗണങ്ങളാല്‍
രാസലീലചെയ്യിപ്പതവളല്ലോ
ഗുണങ്ങള്‍തന്‍ മൂര്‍ത്തീമത്ഭാവമായ്
ഉയിര്‍കൊള്ളും ഗുണമയിതന്‍
വൈഭവം നിര്‍ജ്ജീവനെപ്പോലുമുയിരാം
തല്പത്തിലാറാടിക്കുന്നുവോ
സംസാരജീവനെ ഗര്‍വിഷ്ഠമാക്കുമീ
അവള്‍തന്‍ പാദചലനങ്ങളില്‍
പ‍ഞ്ചേന്ദ്രിയങ്ങളും ഉന്നിദ്രമായിയാ
അലൗകികങ്ങളില്‍ വഴിപിഴയ്ക്കുന്നുവോ
വിഭ്രാന്തിതന്‍ മഹാദ്വീപായ് ഉറയുന്ന
ശക്തിതന്‍ മൂര്‍ത്തീമത്ഭാവമോ
അന്തമില്ലാ ചിത്തവൃത്തികള്‍ വിതയ്ക്കും
മനസ്സിന്‍റെ കാണാപൊയ്മുഖമോ
തളിര്‍ത്തുന്മത്തമാകുമാ വനത്തിലെ
പൂക്കും വസന്തകാലമോ
വിശ്രുതമാം ദിവ്യമായയിലുയിര്‍കൊള്ളും
വാഗ്മയവികാസിനിയോ
നിരാകാരങ്ങളില്‍ നിറയും ആകാര
വിസ്തൃതിതന്‍ രൂപഭാവങ്ങളോ
സര്‍വ്വവിദ്യതന്‍ ഇരിപ്പിടമാകുമാ
വിദ്യാ വിലാസിനിയോ
ജ്ഞാനമനോവികാരങ്ങളും ഇശ്ചയും
ക്രിയയും സകല പ്രാപഞ്ചികനാദവും
സൃഷ്ടിയും സമൃദ്ധിയും ചമല്‍ക്കാരവും
അവളില്‍നിന്നുയരുന്നതോ
പ്രപഞ്ചനാടക സൂത്രധാരിണിയവള്‍
സകലകലാ നിപുണയവള്‍
പ്രളയോല്പത്തിയെ പ്രഭാതപ്രദോഷമായ്
തൊട്ടുണര്‍ത്തീടുന്നവള്‍
പ്രപഞ്ചപുരുഷന്‍റെ ഹൃദയംകവരുന്നൊരീ
അത്ഭുതമോഹിനിയവള്‍ വിലാസിനി

ചിതകൂട്ടുന്നവര്‍

വെട്ടിമിനുക്കിയും കോറിവരച്ചുമെന്‍
അസ്ഥികള്‍തീര്‍ത്ത തണലിറമ്പില്‍
ലജ്ജയില്ലാതിവര്‍ ആടിത്തിമിര്‍ക്കുന്നു
ശുംഭത്തമേറും ലഹരിയാലെ

കീശ നിറച്ചൊരാ കാടിന്‍ കണക്കുകള്‍
ജനനിതന്‍ പുടവ വലിച്ചഴിക്കേ
ചിതകൂട്ടിയമ്മയും കാത്തിരിക്കുന്നിതാ
മക്കള്‍തന്‍ കുഴിമാടമേറ്റെടുക്കാന്‍

ഓര്‍മ്മ കടംവച്ച പഴയൊരു നാളിലായ്
ഞാനെന്‍റെ യൗവ്വനം കോര്‍ത്തുവയ്ക്കേ
കാടിനകത്തുള്ള വന്മരമാണു ഞാന്‍
ചന്തം തികഞ്ഞൊരാ നെഞ്ചഴകില്‍

കാടിന്‍ നെറുകയില്‍ മുത്തുക്കുടയുമായ്
കാറ്റെന്‍റെ താളത്തിലാടി നില്‍ക്കേ
കുഞ്ഞിക്കുരുവിയും അണ്ണാനുമൊക്കെയും
കൂടുകള്‍ തീര്‍ത്തെന്‍റെ നെഞ്ചകത്തില്‍

ഊഞ്ഞാലുകെട്ടിയും പ്രണയിച്ചുമെന്നിലാ
വല്ലികള്‍ തീര്‍ത്ത നഖക്ഷതങ്ങള്‍
ചില്ലകള്‍ തോറുമാ കുഞ്ഞു കുരങ്ങന്മാര്‍
കരണം മറിഞ്ഞു കളിച്ചിരുന്നു

താഴെച്ചുവട്ടിലായ് കുഞ്ഞുമൃഗങ്ങളെന്‍
തണല്‍തേടി ചുമ്മാ കളിച്ചിരുന്നു
അന്നുള്ള സന്ധ്യകള്‍ ഉള്ളിന്‍റെയുള്ളിലായ്
സ്നേഹം പകുത്തു പകര്‍ന്നിരുന്നു

ഇന്നെന്‍റെ ഭൂമിയെ, മക്കളെത്തന്നെയും
കൊന്നു തിന്നുന്നിവര്‍ നാട്ടുമക്കള്‍
ചിതകളെരിഞ്ഞവര്‍ക്കുള്ളിലായെത്തുന്നു
ശ്വാസമടക്കി ദഹിച്ചുകൊള്‍കാ

ഇനിയില്ല കൈവഴി ഒന്നു പുലമ്പുവാന്‍
നീ തന്നെ മാര്‍ഗ്ഗം അടച്ചതല്ലേ
നീ കീറി വച്ചൊരാ തട്ടവിടവുകള്‍
അഗ്നി ശരങ്ങള്‍ തൊടുത്തു വയ്ക്കേ

വേദനകൊണ്ടു പുളഞ്ഞ ധ്രുവങ്ങളീ
നോവിന്‍ മിഴിനീരു കൂട്ടിവയ്ക്കേ
ആ മിഴിനീരിന്‍ പ്രളയത്തിലാണു നാം
തൊണ്ടവരണ്ടു മരിച്ചിടുമ്പോള്‍

ഇനിയില്ല ചിന്തകള്‍ ചങ്ങലക്കണ്ണികള്‍
കൂട്ടിവരിഞ്ഞു മുറുക്കി നിര്‍ത്തേ
ഒന്നു വിലപിക്കാന്‍ നാവുമനങ്ങില്ല
അമ്മിഞ്ഞപോലും കറുത്തുപോയി.

Wednesday, 10 July 2013

പൊട്ടന്‍ തെയ്യം

അങ്ങെ ചരുവിലെ കുഞ്ഞുപാടത്തിലായ്
പള്ളിയറയൊന്നൊരുങ്ങണുണ്ട്
ഏനെന്‍റെ കുടിലിലാ പൊട്ടനായ് മാറുവാന്‍
വ്രതശുദ്ധിവരുത്തിയിരിക്കണുണ്ട്

എങ്കിലുമെന്‍മനം കാണാത്ത ദൂരത്ത്
ദാരിദ്ര്യപ്പാട്ടതു കേള്‍പ്പതുണ്ട്
ജാതിസമംചൊല്ലും പൊട്ടന്‍റെ കോലത്തില്‍
നാട്ടാരുകൂപ്പണ പാളമുഖം
മുഖത്തില്‍ കളംചാര്‍ത്തും രോദനമൊന്നുമേ
കാണാതിരിക്കാനായ് വയ്പ്പുമുഖം

ഇറയത്തു മൂലയില്‍ തേങ്ങിക്കരയുന്ന
മലയന്‍റെ കുഞ്ഞുങ്ങള്‍ നിത്യസത്യം
ഉള്ളിന്‍റെ ഉള്ളിലായ് മേലേരി കൂട്ടുമ്പൊ
തെയ്യത്തറയില് കനലുവീഴും

ബ്രഹ്മമറിയുന്ന സത്യത്തെക്കാട്ടുവാന്‍
തെയ്യത്തറയിലാ പൊട്ടനെത്തും
കത്തിച്ച ചൂട്ടിന്‍റെ വെട്ടത്തിലെത്തുന്നു
കുരുത്തോല മുറുക്കിയുടുത്തതെയ്യം

കിനിയുന്ന രക്തത്തി ചോപ്പുനിറമെങ്കില്‍
ഏനെന്‍റെ വിശപ്പിനിന്നേതുനിറം
ഏങ്കിലുമിന്നെനിക്കേറെ സുഖിക്കണ്
കൂപ്പുന്ന മാളോരറിയണില്ല

ഏനെന്ന ദൈവവും ഏറെ വിശക്കണ്
കുളിരുമീ കനലില്‍ മറിഞ്ഞുകുത്തേ
ഏറെക്കുളിരണ് ഏറെകുളിരണ്
തീ ചാരി നിക്കണ എന്‍റെദേഹം.

Tuesday, 9 July 2013

കൊച്ചുമകള്‍

ഇന്നെന്‍റെ കര്‍ണ്ണങ്ങള്‍ കാത്തിരിക്കുന്നിതാ
കുഞ്ഞുമകളുടെ കൊഞ്ചല്‍ കേള്‍ക്കാന്‍
അകലെയാണെങ്കിലും എത്തുമവളെന്‍റെ
മുരടിച്ചകൈകളില്‍ തൂങ്ങിയാടാന്‍
ഏറെയവധികള്‍ ചൊല്ലിയവള്‍തന്ന
ദിവസമാണിന്നെത്തും തീര്‍ച്ചതന്നെ

ഊഞ്ഞാലുകെട്ടണം പൂക്കളിറുക്കണം
ഇന്നെന്‍റെ കുട്ടി വരുന്നതല്ലേ
കൊഞ്ചിക്കുഴഞ്ഞവള്‍ പാടുന്നപാട്ടുകള്‍
കേള്‍ക്കുവാനേറെ കൊതിവരുന്നു
ഉള്ളിന്‍റെ പത്തായകെട്ടിലായ് സൂക്ഷിക്കും
കഥകളവള്‍ക്കായ് പറഞ്ഞിടേണം
പാലിന്‍റെ മാധുര്യമേറുന്ന പായസം
കള്‍ക്കണ്ടം ചേര്‍ത്തങ്ങു വച്ചിടേണം

ഇറയത്തെതൂണിനെ ചാരിയിരുന്നുഞാന്‍
കനവുകള്‍ കണ്ടു മയങ്ങിപ്പോയി
ഓരോ കിനാവുകള്‍ കോര്‍ത്തമനസ്സിനെ
തട്ടിവിളിച്ചൊരു കുഞ്ഞുപൈതല്‍
കണ്ണുമിഴിച്ചുഞാന്‍ നോക്കുമ്പോളവളെന്‍റെ
മിഴികളില്‍ നോക്കി കുണുങ്ങിനിന്നു
വയറുവിശക്കുന്നു വല്ലതുംതന്നാലീ
കുഞ്ഞുവയറിന്‍റെ വിശപ്പുമാറും
നാടോടി ചൊല്ലിയ വാക്കിലുണര്‍ന്നുഞാന്‍
വറ്റും കറിയുമെടുത്തു നല്കി
സന്ധ്യയീ വീടിന്‍റെ മുറ്റത്തുനില്‍ക്കുന്നു
അവളുണ്ടുകഴിയുവാനെന്നപോലെ
ആര്‍ത്തിയാല്‍ ഉണ്ണുന്ന അമ്മയും കുഞ്ഞുമീ
കാത്തിരിപ്പിന്‍റെ വിരുന്നുകാരോ
എന്നാലവള്‍ക്കുള്ളതാണീ പുതുവസ്ത്രം
കുഞ്ഞുങ്ങളെല്ലാമിന്നൊന്നുതന്നെ
പുഞ്ചിരിതൂകുന്ന പാല്‍മണിചുണ്ടുകള്‍
പുള്ളിയുടുപ്പിനെ ചേര്‍ത്തുവയ്ക്കേ
ഒരു കൊച്ചുസ്വപ്നമെന്‍ ഹൃദയത്തിലിറ്റിച്ച്
അകലേക്കു പോകുന്നു കുഞ്ഞുമേഘം
അവള്‍തന്ന ചെ‌‌ടിയിലെ നൊമ്പര പൂവുകള്‍
പൊഴിയുവാനിനിയെത്ര നാളുവേണം
സമയമാം കുഞ്ഞുങ്ങള്‍ ഘടികാരവഴിയിലായ്
ഇഴഞ്ഞിഴഞ്ഞോടുന്നു മെല്ലെമെല്ലെ
ഞാനുമെന്‍ പൂക്കളും വഴിയിലുറങ്ങുന്നു
വാടിത്തളര്‍ന്നൊരു കുഞ്ഞുപോലെ

Sunday, 7 July 2013

കാത്തുവച്ച പ്രണയം

നാട്ടുവഴിയിലായ് കണ്ടൊരുപെണ്ണിനെ
കണ്ണെടുക്കാതെഞാന്‍ നോക്കിനിന്നു
പല്ലില്‍ കറപൂണ്ട പെണ്ണിന്‍റെയാമുഖം
എന്നിലേക്കെന്തോ കടിച്ചുതൂങ്ങി
മിഴികളില്‍ ഇറ്റിച്ച നീലക്കറുപ്പെന്‍റെ
ഹൃദയത്തിലെങ്ങോ തുളച്ചുകേറി
ചുറ്റികകൊണ്ടവള്‍ തുണ്ടുതുണ്ടാക്കുന്ന
കല്ലിന്‍റെ രോദനമെന്നപോലെ
ഹൃദയത്തുടിപ്പാര്‍ന്ന നിസ്വനത്തോടവള്‍
എന്നിലേക്കൊന്നു മുഖമുയര്‍ത്തി
കണ്ണില്‍നിറയും തിളക്കത്തെപൂണ്ടവള്‍
എന്നോടു മന്ത്രിച്ചു ഓര്‍മയുണ്ടോ?
ശബ്ദത്തിന്‍താഴ്വര താണ്ടിയെന്നോര്‍മകള്‍
വിദ്യാലയത്തിലേക്കോടിയെത്തെ
കുങ്കുമസന്ധ്യ തുടിപ്പിച്ചപോലൊരു
സുന്ദരിപ്പെണ്ണെന്‍ അടുത്തുവന്നു
മിഴികളിലായിരം അഴകിന്‍റെ സന്ധ്യകള്‍
ഒരുമിച്ചെടുത്തങ്ങൊളിച്ചപോലെ.
മുന്നിലാണെപ്പൊഴും ഒരുപടിയെങ്കിലും
വിദ്യ, കളിത്തോഴിയെന്നപോലെ
അറിയില്ലെ നീയെന്നെ എന്നുള്ള നിസ്വനം
വീണ്ടുമെന്‍ കാതിലായ് എത്തിടവേ
പതറിയ ശബ്ദം പുറത്തുവരാതെ ഞാന്‍
തലകൊണ്ടു ഭാഷ്യം കുലുക്കിവച്ചു.
എന്‍റെ വിശേഷങ്ങള്‍ എല്ലാമറിയുവാന്‍
എന്തോ തിടുക്കമുണ്ടെന്നപോലെ
എന്നോടൊരായിരം ചോദ്യങ്ങള്‍ ചോദിച്ചു
പൊട്ടിച്ചിരിച്ചവള്‍ കുസൃതിയോടെ
എങ്കിലും കണ്ടുഞാനവളുടെ നൊമ്പരം
ഓലത്തുമ്പിറ്റിച്ച നിഴലിലൂടെ
ചിരിയിലൊളിപ്പിച്ച കണ്ണീരിന്‍മുത്തുകള്‍
ഞാനറിയാതെ തുടച്ചുനീക്കേ
അറിയിച്ചു ഞാനവള്‍ക്കെന്‍റെ മനോഗതം
നീയെന്‍റെ പെണ്ണായ് വരുന്നോ കൂടെ
പൊട്ടിക്കരച്ചിലായ് കുമ്പിട്ടിരുന്നവള്‍
പെരുമഴ മണ്ണില്‍ പതിച്ചപോലെ
തൊട്ടുതലോടിയ എന്‍കൈകവര്‍ന്നവള്‍
നെറ്റിമെല്‍ മുട്ടിച്ചു കണ്ണീര്‍തൂവി
എന്നോ മനസ്സില്‍ കുടുക്കിട്ട പ്രണയത്തെ
പറയാതിരുന്നതോ ഇത്രനാളും