Saturday, 29 March 2014

കൊഴിഞ്ഞതിനെപ്പറ്റി

എന്റെ റോസാച്ചെടി
അതില്‍ നിറയെ സുഗന്ധമുള്ള
സൗഹൃദപ്പൂക്കള്‍

ചിലവ 
ഞാന്‍ നിനച്ചിരിയ്ക്കാതെ 
കൊഴിഞ്ഞുപോകുന്നു

മുള്ളുകള്‍
വേദനകളായി
വരഞ്ഞുകീറുന്നു.

കൊഴിഞ്ഞുപോയവയുടെ
സുഗന്ധം ഞാനറിയുന്നത്
അവ നഷ്ടമായപ്പോഴാണ്

ദളങ്ങള്‍
ആത്മരൂപം
വരച്ചെടുക്കുന്നതിനു മുന്നേ
അവര്‍ മധുവും
സുഗന്ധവും അളവറ്റ്
ചുരത്തിയിട്ടുണ്ടാകണം

എവിടെയോ
ഒരു പുതുമൊട്ടായി
കൊഴിഞ്ഞവ പുനര്‍ജ്ജനിക്കുമോ?

ഒരു കോവില്‍കൂടി

ഞാനിന്നൊരമ്പലം പണിതെടുക്കും
ശില്പിയീഞാന്‍ തന്നെ ദേവനാരോ?
ഉയിരറ്റ പുഷ്പങ്ങള്‍ ചേര്‍ത്തുവച്ച്
ദേവനു പൂജയുമില്ലതന്നെ.

മണിയൊച്ചയില്ല ഉഴിച്ചിലില്ലാ
പാണ്ടിമേളങ്ങളുമില്ലതന്നെ
സാമ്പ്രാണിയില്ല വിളക്കുമില്ല
അന്തിക്കൊരുകൂട്ടമാളുമില്ലാ

എങ്കിലും നേദ്യം ഞാന്‍ വെച്ചിരിക്കും
സ്നേഹപ്പെരുമഴത്തുള്ളിചേര്‍ത്ത്
കണ്ണീര്‍ക്കണമറ്റ ദേവരേ നീ
എന്നില്‍പൊറുത്തെന്നെ കാത്തുകൊള്‍ക

മൂന്നുകല്‍ കൂട്ടിഞാന്‍ തീയിടുമ്പോള്‍
മുകളിലാ മണ്‍കലം ചേര്‍ത്തുവയ്ക്കും
നോവുകള്‍തീര്‍ത്തൊരാ പശിയടങ്ങാന്‍
അരിയിട്ടു ഞാനതില്‍ കഞ്ഞിചേര്‍ക്കും

തെരുവിലനാഥരാം കുഞ്ഞുമക്കള്‍
ഓടിവാ നേദ്യം കഴിച്ചുപോകാം
പൂജകളില്ലയീയമ്പലത്തില്‍
മുണ്ടുമുറുക്കാതെടുത്തുകൊള്‍ക

ഞാനിന്നൊരമ്പലം പണിതെടുക്കും
ശില്പിയീഞാന്‍ തന്നെ ദേവനാരോ?
ഇനിയെന്നുമെന്റെയീയമ്പലത്തില്‍
പശിയെന്ന ദേവനെ സല്‍ക്കരിക്കാം.

നീയെവിടെ

കാട്ടുവഴിയിലന്നെന്നോടുകൊഞ്ചിയ
കുഞ്ഞുകിളിനീയെവിടെ മറഞ്ഞൂ
കാടുമരിച്ചപ്പോള്‍ കാട്ടാറുചത്തപ്പോള്‍
മഞ്ഞണിക്കുന്നുകള്‍ ഒക്കെ നിരന്നപ്പോള്‍
കുഞ്ഞിക്കിളീ നീയെവിടെ മറഞ്ഞൂ

വാകമണംചേര്‍ത്ത കാറ്റും പറഞ്ഞില്ല
നേരംകഴിഞ്ഞെത്തും മഴയും പറഞ്ഞില്ല
ചേക്കേറുംനേരമാ സന്ധ്യയും കണ്ടില്ല
പുലര്‍കാലെ നിന്റെയാ കൂകലും കേട്ടില്ല
കുഞ്ഞിക്കിളീ നീയെവിടെ മറഞ്ഞൂ

വീട്ടുമുറ്റത്തിതാ പേരകള്‍ പൂക്കുന്നു
തേന്‍നുകരുന്നിതാ വണ്ടുകളൊക്കെയും
ശലഭങ്ങളെമ്പാടും പാറിക്കളിക്കുന്നു
നീമാത്രമെന്തെന്റെ പൈങ്കിളീ വന്നില്ല

നിന്നെത്തിരക്കിഞാന്‍ കാടുതിരഞ്ഞപ്പോ
കത്തിയമര്‍ന്ന മരക്കൂട്ടിനുള്ളിലായ്
നീവച്ചുപോയൊരു ഹൃദയം തുടിച്ചെന്റെ
നോവുകള്‍ പലവഴി ചിതകൂട്ടിനില്‍ക്കുന്നൂ

പ്രണയാക്ഷരങ്ങള്‍

പ്രണയമേ നീതന്നയക്ഷരക്കൂട്ടിലെന്‍
വിരഹമൊളിപ്പിച്ചു ഞാനിരിപ്പൂ
പറയാന്‍ മറന്നൊരാ അക്ഷരക്കൂട്ടിലെന്‍
ദാഹമൊളിപ്പിച്ചു ഞാനിരിപ്പൂ

മിഴിവേണ്ട സ്വപ്നങ്ങള്‍ കണ്ടുമയങ്ങുവാന്‍
നോവുകള്‍ വിങ്ങുമീ ഹൃത്തടത്തില്‍
ഓര്‍മ്മകള്‍ കൊണ്ടൊരു പായ വിരിച്ചതില്‍
നോവുകളൊക്കെ പകുത്തുവയ്ക്കാം

പണ്ടേ മറന്നു ഞാന്‍ പോയ വഴികളില്‍
ചുമ്മാ കിനിയും പുതുമഴയേ
സ്വപ്നങ്ങള്‍ കൊണ്ടൊരു മുത്തുപതക്കങ്ങള്‍
എന്നിലിറ്റിച്ചുനീ വന്നുപോകൂ

എന്നെത്തഴുകിക്കടന്നുപോം കാറ്റെ നീ
കൈകളില്‍ച്ചൂടുമോയെന്റെ മോഹം
സ്നേഹം വിതച്ചു നീ മൂളിപ്പറക്കുമോ
പാഴ്മുളംത്തണ്ടിലായെന്റെ രാഗം

ബലിച്ചോറ്

ഒരു വയല്‍ കൊത്തിക്കിളച്ചു
ഞാനതില്‍ വെറുതെയാ പാഴ്ക്കല്ലുകൂട്ടി
ചേറു പുതഞ്ഞ നിലത്തില്‍
ഇനി വേണ്ടൊരു വിത്തും വിതയ്ക്കാന്‍
നീയാ ഹൃദയമെടുക്കൂ
ചേറ്റിലായ് താഴ്ത്തി മെതിക്കൂ
വേണ്ടിനി ഹൃദയം നമുക്ക്
ചിരിയില്ലേ ചുണ്ടിലു നീളെ
കണ്‍തുറന്നേ നീ നടക്ക്
കാഴ്ച നീ കാണേണ്ടയെന്നാല്‍
ദാഹം വരുന്നു എനിക്ക്
എങ്കിലും പുഴവേണ്ട വഴിയായ് നടക്ക്
കാതുണ്ടോ നിന്‍റെ മുഖത്ത്
കേള്‍ക്കേണ്ടതില്ലിനിയൊന്നും
മൂക്കില്‍ത്തുളയക്കുമാ ഗന്ധം
ചോര പടര്‍ന്നതാണെന്നാല്‍
കൈകൊട്ടിയാര്‍ക്കുക നീയും
കുടല്‍മാലതൂക്കിനീ ചാര്‍ത്തൂ
നിനക്കുള്ളഹാരമാണെന്നും
നാവില്ലേ നീയിനിപ്പാടൂ
കുരവ എനിക്കുള്ളതാവാം
നാക്കിലത്തുമ്പിലീയൂണ്
എന്‍റെ ബലിച്ചോറ് തന്നെ

Thursday, 20 February 2014

യക്ഷി

ആണിവിടവുകള്‍ ആഴ്ത്തിവച്ചീടുന്ന
പാലമരത്തിലെ യക്ഷിയാണിന്നുഞാന്‍
പാലതന്‍ പൂക്കളിന്‍ മാദകഗന്ധമായ്
നറുനിലാമഴയിലായ് ‍നനയട്ടെ ഞാനിനി

ബന്ധനമന്ത്രമെന്‍ ശിരസ്സിലായിറ്റിച്ച
പാരിലൊടുങ്ങാത്ത നോവിന്‍ കനവുകള്‍
പേറിയൊടുങ്ങുമോ പാലമരത്തിലായ്
ചോരതുളുമ്പാതെയെന്‍നെടുവീര്‍പ്പുകള്‍

പാലകള്‍ പൂക്കുമീ ഹൃദയതാഴ്വാരത്തില്‍
കാറ്റിന്റെയീണമായി ഞാനൊന്നുമൂളട്ടെ
കുരുവികള്‍ ചേക്കേറും മഞ്ഞണിച്ചില്ലയില്‍
ഒരുനിലാപക്ഷിയായ് ഞാനും ശയിക്കട്ടെ

മല്ലികപ്പൂവുകള്‍ തുന്നിച്ച ചേലയില്‍
എന്മനക്കാമ്പിനെ ചേര്‍ക്കട്ടെ മെല്ലെഞാന്‍
മേഘം പുതപ്പിച്ച മഞ്ഞണിച്ചിന്തുപോല്‍
സ്നേഹം കടംകൊണ്ട പെണ്‍മണിയാണുഞാന്‍

മോഹം മരിക്കാത്ത ഓര്‍മകള്‍പേറുമീ
ഗതിയറ്റ ചിന്തതന്‍ സഞ്ചാരിയാണുഞാന്‍
പാലമരത്തിലെ പാഴ്മരക്കൊമ്പിലായ്
നാവുകുരുങ്ങിയ തേങ്ങലാണിന്നുഞാന്‍

മേലെ നിലാവിലെ നക്ഷത്രക്കണ്ണിയില്‍
നോവായ്ത്തുടിക്കുമെന്‍ അമ്മയെപ്പുല്‍കുവാന്‍
പാരിലുടക്കിക്കിടക്കുമെന്‍ മോഹത്തെ
പാടേ മറന്നങ്ങു പോകേണ്ടതുണ്ടുഞാന്‍

മന്ത്രക്കുരുക്കിന്റെ ബന്ധനപ്പൂട്ടുകള്‍
ഛേദിച്ചുമെല്ലെയാ അമ്മിഞ്ഞ പൂകുവാന്‍
പാലമരത്തിലെ ആണിവിടവിലായ്
വിങ്ങുന്നുവീണ്ടുമാ പെണ്‍മണിയായിതാ.

പുലരി

പുലരിയെത്തുന്നൂ പുറംകടല്‍ ചോട്ടിലായ്
എന്റെയമ്മവന്നില്ലയീ ധനുമാസരാവിലും
കാത്തിരിപ്പാണു ഞാന്‍ പലമുഖക്കാഴ്ചയില്‍
പുലരിപോലെന്റെമ്മ മാടിവിളിക്കുവാന്‍

പള്ളിമുറ്റത്തെയീ മണല്‍ത്തരിക്കൂമ്പുകള്‍
എന്നോടു ചൊല്ലുമോ എന്നമ്മതന്‍ കാലടി
കണ്ണുതിരുമിയീ പുലരിയെ നോക്കുമ്പോള്‍
അമ്മയെക്കാണുന്നൂ അഭ്രബിന്ദുക്കളായി

കൂട്ടുകാര്‍ ചൊല്ലുമാ അമ്മിഞ്ഞതന്‍ രുചി
പുലരിയില്‍ നല്കുവാനമ്മയെത്തീടുമോ
കുഞ്ഞിളം തൊട്ടിലായ് താരാട്ടുപാടുവാന്‍
അമ്മടിത്തട്ടിലായ് ഒന്നു ചാഞ്ഞീടുവാന്‍
എന്‍പുലരിയെത്തുമോ മിഴികളേ പറയുനീ