Wednesday, 31 July 2013

വിലാപമില്ലാതെ

നരച്ചരോമങ്ങള്‍ നിറഞ്ഞ താടിയെ
വടിച്ചുമാറ്റാതെ വികൃതരൂപമാ‌യ്
വിരുന്നുപോകുവാന്‍ തിടുക്കമായിതോ
നനുത്ത കാറ്റുമായ് പ്രണയമേഘമേ

വെളുത്തകൂന്തലാല്‍ മറഞ്ഞനെറ്റിയില്‍
അരച്ചചന്ദനം ചേര്‍ത്ത പാടുകള്‍
മിഴിക്കുമുകളിലായ് ചുളിവുതീര്‍ക്കവേ
അറിഞ്ഞതില്ലഞാന്‍ നിന്‍റെ യാത്രകള്‍

വെളുത്തവിരലുകള്‍ ചേര്‍ത്തുകെട്ടിനിന്‍
തുടുത്തകവിളിലായ് മുത്തമേകവേ
അരുകില്‍ നില്‍ക്കുമീ നിന്‍റെ പ്രാണനെ
ഒന്നുനോക്കുനീ എന്‍റെ പ്രണയമേ

കൊഴിഞ്ഞപൂവുകള്‍ പെറുക്കിവച്ചുഞാന്‍
കഴിഞ്ഞ നാളിലെ നഖക്ഷതങ്ങളില്‍
അ‍രിയചുംബന പ്രണയരാവുകള്‍
പകുത്തെടുക്കുമോ എന്നില്‍ നിന്നു നീ

വെളുത്തമുണ്ടിനാല്‍ പുതച്ച നിന്‍മുഖം
അടര്‍ത്തിമാറ്റുവാന്‍ ചിതയൊരുങ്ങവേ
കാത്തുവയ്പ്പുഞാന്‍ നിന്‍റെ സ്നേഹവും
എനിക്കു തന്നൊരീ തണല്‍മരങ്ങളും

കാല്‍വിരലിലായ് അണിഞ്ഞമിഞ്ചിയും
കഴുത്തിലണിഞ്ഞൊരീ മിനുത്തതാലിയും
പറിച്ചെടുക്കുന്നു എന്‍റെ പ്രാണനെ
തലവരമ്പിലെ നനുത്ത സന്ധ്യകള്‍

നീ നനച്ചചെടിയിലെ പ്രണയനാമ്പുകള്‍
തണല്‍മരങ്ങളായ് വളര്‍ന്നുനില്‍ക്കവേ
വരുന്നതുണ്ടുഞാന്‍ അടുത്തനാളിലായ്
പ്രിയമനസ്സിലായ് ചേര്‍ന്നു നില്‍ക്കുവാന്‍

കനലെരിയുമാ ചിതയ്ക്കുമീതെയീ
മനസ്സിനുള്ളിലെ എന്‍റെ നോവുകള്‍
അരികിലുണ്ടുനീ എന്നിലെന്നുമേ
എന്‍റെയാത്രയില്‍ നിനവിലൊപ്പൊഴും.

Monday, 29 July 2013

മനുഷ്യന്‍

ഇനിയൊരു ചിന്തും
ആകാശത്തിലേക്കു ഞാന്‍ 
പറത്തിവിടില്ല

അവിടെ മഴക്കാറുകള്‍
അതിനെ നനയിക്കും

താഴെ മഴവില്ലൊളി
ചിന്തിയാലും
മുഖം കറുത്ത
ആ പ്രണയത്തിന്
ഇനിയൊട്ടു ചിരിക്കാന്‍
കഴിഞ്ഞെങ്കില്‍

ആത്മാവിലെ
നുറുങ്ങു കൂട്ടിലൊളിപ്പിച്ച
പനം തത്തയെ ഞാന്‍
തുറന്നു വിട്ടിരിക്കുന്നു

നീയും പറന്നകലുക,
എന്‍റെ കരാള ഹസ്തങ്ങളില്‍ നിന്ന്

നീലിച്ച എന്‍റെ കണ്ണുകള്‍
രാഷസ ചിരിയുള്ള
ചുവന്ന വൃത്തങ്ങളാകാം

കവിത വിരിയിച്ച
വിരലുകള്‍ കൂര്‍ത്തതാകാം

ചിരിച്ച പല്ലുകള്‍
ദംഷ്ട്രകളാകാം

നീ പറന്നകലുക,
എന്‍റെ പുരികം
ചുളിയുന്നതിന്‍ മുമ്പേ

ഞാന്‍ കാലുകള്‍
അമര്‍ത്തിവച്ച്, തീകൂട്ടുന്നു
നിന്‍റെ ചിറകുകരിച്ച്,
വെന്ത മാംസത്തില്‍തീര്‍ത്ത
സദ്യയൊരുക്കുവാന്‍

ഞാന്‍ മനുഷ്യന്‍
പുതുലോകത്തിലെ,
വിവേകത്തിന്‍റെ
കിരീടം ചൂടുന്നവന്‍

ഇടവപ്പാതിയില്‍

പുതിയ പുഴയാണ്, ഇവള്‍
ഇടവപ്പാതി കയര്‍ത്തപ്പോള്‍
മലയുടെ കരളുടച്ചു പിറന്നവള്‍

അവിടെയൊരു കോരനും
കെട്യോളും പിന്നെ
കരളുറയ്ക്കാത്ത
കുഞ്ഞുകിടാങ്ങളും

ആറുകാലില്‍ ചോര്‍ച്ച ചേര്‍ന്ന
ഓലക്കുടിലിന്‍റെ വിള്ളലില്‍
മുടിയഴിച്ച്, കളമഴിച്ച്
ഉറഞ്ഞുതുള്ളിയോ

കല്‍‍വിളക്കുകള്‍
കുത്തിനിറുത്തിയ
കോരന്‍റെ കാവും
ചമയപ്രതിഷ്ഠയും
അവനു തുണയായ്
പുഴയില്‍ മരിച്ചുവോ

തിമിര്‍ത്ത മഴയില്‍
നെഞ്ചം തകര്‍ന്നാ മലപിളര്‍ക്കവേ
ഉരുണ്ടപാറകള്‍
ചതച്ചെറിഞ്ഞുരച്ചുമാറ്റിയോ
നിലവിളിക്കാത്തൊരാ
കുഞ്ഞുകിടാങ്ങളെ

മുകളില്‍ മതിവരാത്ത
ജലപീരങ്കികള്‍
ഇനിയുമൊരുക്കുന്നു
മരമൊഴിഞ്ഞ, കുടിലൊഴിഞ്ഞ
കുന്നിലേക്കായ്
പെയ്തുവീഴ്ത്തുവാന്‍

പിറുപിറുത്ത
ചെറുശബ്ദമീ ചാറ്റലില്‍
ഒഴുകിയാര്‍ക്കുന്നു പുഴ വീണ്ടും
പുതിയ വഴിയകലങ്ങള്‍ തേടി

വയലിന്‍

ഞാന്‍ എന്‍റെ വയലിനില്‍
ആരുമറിയാതെ ഈണമിട്ടു
അതില്‍ നിന്നൊരു അരയന്നം
ആകാശത്തേക്കുപറന്നു

കനവുകള്‍ താണ്ടി അത്
ആകാശത്തിലെ 
വെണ്‍കൂടുകളിലേക്ക്

വഴിവിളക്കുകള്‍
കണ്‍ചിമ്മുന്ന
കടലോരത്തിലൂടെ
ഞാനെന്‍റെ വയലിനും
വലിച്ചിഴച്ചു നടന്നു

തിരകള്‍ വയലിനില്‍
പുതിയ ഈണങ്ങള്‍ കോര്‍ത്തു

ഒരു തിര എന്നെയും നനച്ചു
നനഞ്ഞപാദങ്ങളില്‍
കറുത്തതും വെളുത്തതുമായ
മണല്‍ത്തരികള്‍ നിരന്നു

ഇടയ്ക്ക്
അവയിലുണ്ടായിരുന്ന
അഭ്രമണികള്‍
കണ്ണുചിമ്മി ചുരുണ്ടു

ഞാന്‍ ആകാശത്തിലേക്ക് നോക്കി
അവിടെ നക്ഷത്രങ്ങള്‍
കടലിന്‍റെ ഓളപ്പരപ്പില്‍
കണ്ണാടി നോക്കുന്നു

ഇന്ന് തിര അധികമാണ്
ഞാനെന്‍റെ കൈയ്യിലെ
വയലിന്‍ കടലിലേക്ക്
ചുഴറ്റിയെറിഞ്ഞു

പിന്നെ പതിയെ
തിരയെനോക്കിയിരുന്നു
മുഖം മുട്ടുകള്‍ക്കിടയില്‍ പൂഴ്ത്തി
കൈപിണച്ച്

ആ ഇരുപ്പില്‍
ഒരു തിര,
അത് എന്നെയുംകൂട്ടി
കടലിന്‍റെ മടിത്തട്ടിലേക്ക്
ഞാന്‍ കൈകളയച്ചില്ല
മുഖമടര്‍ത്തിയതുമില്ല

ഒരു രാവിനുശേഷം
ഞാന്‍വീണ്ടുമാമാ കടപ്പുറത്ത്
അരുകില്‍ ഞാന്‍ വലിച്ചെറിഞ്ഞ
വയലിനില്‍ തിരകള്‍
സംഗീതം ചുരത്തുന്നുണ്ടായിരുന്നു

പിറുപിറുപ്പ്

ഞാനെന്‍റെ ഹൃദയത്തില്‍ 
ചില്ലിടാതെ സൂക്ഷിച്ച
പ്രണയത്തെ, 
ഒരു നിമിഷംകൊണ്ടു നീ 
കവര്‍ന്നെടുത്തു

പക്ഷേ,
അപ്പോഴെനിക്ക് നൊന്തില്ല

ഇന്നിപ്പോള്‍
പൊന്തക്കാട്ടിലെവിടേക്കോ
നീയത് വലിച്ചറിഞ്ഞ്
എന്നെ നോക്കി
മന്ദഹസിക്കുമ്പോള്‍
എനിക്കു വേദനിക്കുന്നു,
കരള്‍പറിയുന്നപോലെ

അതിനി നോക്കിയെടുത്ത്
തിരികെ പ്രതിഷ്ടിക്കാമെന്നു
കരുതുമ്പോഴേക്കും
കാഴ്ചകള്‍ കണ്ണടയിലും,
ശരീരം ഊന്നുവടിയിലും
എത്തിനില്‍ക്കുന്നു

ചിതയറിഞ്ഞ് നിഴലും
ചുരുങ്ങിയില്ലാതാകുന്നു

ഒരു രാവ് പുലരുമ്പോള്‍

സുരതം ശരീരത്തിലും
പ്രണയം മനസ്സിലും
ഖരീഭവിച്ചു നില്‍ക്കുന്നു

വാല്‍നക്ഷത്രങ്ങളില്‍നിന്ന്
അടര്‍ന്നുപാറുന്ന മിന്നാമിന്നികള്‍
ധൂമകേതുക്കളായി
ഇരുട്ടിന്‍റെ പിന്നാമ്പുറങ്ങളില്‍
പാറിനടക്കുന്നു

ഒടുവിലത്തെ വാക്കും
അവന്‍ അവളോട്
പറഞ്ഞു തീര്‍ത്തിരിക്കുന്നു

സ്വപ്നങ്ങള്‍ തീര്‍ത്ത
മേഘങ്ങള്‍ കൊള്ളിമീനിറ്റിച്ചു

ഇനിയൊരു ചാറല്‍
അതുമാത്രമേ
അവളിലവശേഷിച്ചുള്ളൂ

ആകാശത്തുനിന്ന്
നിലാവ് കണ്ണുകളടച്ചു

ഇനി ഒരു പാതിരാ നിഴല്‍പോലും
അവളെപിന്‍തുടരില്ല

നീണ്ട പുല്‍നാമ്പുകള്‍
അവള്‍ക്കസഹ്യമായിത്തോന്നി

മഴയ്ക്കു മുമ്പൊരത്യുഷ്ണം
അവളില്‍ പ്രതിഫലിച്ചു

കാവും കാവുതീണ്ടാ പെണ്ണും
മുഖം പൂണ്ട് തെയ്യക്കാഴ്ചയില്‍
അമര്‍ന്നിരിക്കുന്നു

ഇനിയാ പകലെത്തിയിരുന്നുവെങ്കില്‍
ചൂട്ടുമിന്നാതെ കാഴ്ചക്കാര്‍
മഞ്ഞണിഞ്ഞ അവള്‍ക്കായി
കഥകള്‍ മെനയുമായിരുന്നു

അടുത്ത കിടാത്തി
ഒരു പുല്‍ത്തലപ്പ് കടിച്ച്
കാല്‍നഖം തറയില്‍
വരയ്ക്കുന്നതുവരെ

ഞാന്‍ എവിടെയാണു നിര്‍ത്തേണ്ടത്



ഞാന്‍ എഴുതിത്തുടങ്ങുകയാണ്
എവിടെ അവസാനിപ്പിക്കണമെന്നറിയാതെ

മുത്തശ്ശിചൊല്ലികേള്‍പ്പിച്ച
രാമായണകഥയില്‍
ഞാന്‍കേട്ടത്
മാനുഷരായ
രാമലക്ഷ്മണന്മാരെക്കുറിച്ചല്ല

എന്‍റെ മനസ്സില്‍ നടക്കുന്ന
ദേവാസുരയുദ്ധത്തെക്കുറിച്ചാണ്

ഇതുവരെ ഞാന്‍
മനസ്സിലാക്കിയിട്ടില്ലാത്ത
തത്വബോധത്തെക്കുറിച്ചാണ്

ഇപ്പോഴും
ഇടങ്ങഴിപാല്‍ക്കണക്കുമുതല്‍
അണ്വായുധങ്ങള്‍ വരെയുള്ള
യുദ്ധബീജങ്ങളുടെ
ചേരിപ്പോരുകളെക്കുറിച്ച്

ഇനിയും കേള്‍ക്കണം
ദേവന്‍ ജയിക്കുകയോ
അസുരന്‍ മരിക്കുകയോ
ചെയ്യുന്ന രാമായണങ്ങള്‍

ചേല നഷ്ടപ്പെട്ടവളുടേയും
വെള്ളവും തറയും
തിരിച്ചറിയാത്തവന്‍റേയും
ഒളിഞ്ഞുനിന്നുയുധ്ധം ചെയ്യുന്നവന്‍റേയും
ശീലുകള്‍

പാതിവ്രത്യം ശീലിച്ച
മനുഷ്യസംസ്കാരത്തിന്‍റെ
പൊയ്മുഖകാഴ്ചകള്‍

അവസാന പദങ്ങള്‍
ആടിത്തീര്‍ക്കുമ്പോള്‍
ഞാനും അറിയരുതല്ലോ
പച്ചയാണോ
താടിയാണോ
മിനുക്കാണോ
അതോ കത്തിയാണോ എന്ന്

എങ്കിലും
ജന്മം വകവയ്ക്കാത്ത
നീര്‍ക്കുമിളപോലെ
ഞാനും ഒന്ന്
പരന്ന് സഞ്ചരിക്കട്ടെ

ഇനിയും ഒരു വേടനെത്തുമോ
അടുത്തപുരാണത്തിലെ
ദേവനെക്കൊല്ലുവാന്‍