Saturday, 28 September 2013

റെയില്‍പ്പാളങ്ങള്‍

ഉരുക്കുവീലുകള്‍
നെഞ്ചിന്‍കൂടിലൂടെ
തലങ്ങും വിലങ്ങും
ഉരുട്ടുമ്പോള്‍,
ഞാന്‍ പതറിയില്ല

ഞങ്ങളുടെ പ്രണയനൊമ്പരങ്ങള്‍
മറ്റൊരാളോട്
പറഞ്ഞതുമില്ല

ജീവശ്ച‌വമായി
മഴയും വെയിലുംപേറി
മലര്‍ന്നുകിടക്കുമ്പോള്‍
ഞങ്ങള്‍ക്കുചുറ്റും
കരിങ്കല്‍ചീളുകളാല്‍
നിങ്ങള്‍ ചിതകൂട്ടിയിരിക്കുന്നു

പരസ്പരം
പുണരാതിരിക്കാന്‍
തടിച്ചമരക്കഷണങ്ങള്‍കൊണ്ടും
സിമന്‍റെ് തൂണുകള്‍കൊണ്ടും
ഞങ്ങളെ ഒരേ അകലത്തില്‍
ബന്ധിച്ചിരിക്കുന്നു

കാമാതുരല്ലാതിരുന്നിട്ടും
ഭ്രാന്തെരെപ്പോലെ
തലങ്ങുംവിലങ്ങും
കമ്പികളാല്‍
മുദ്രകുത്തിയിരിക്കുന്നു

സ്വപ്നയാത്രകളും
ഉല്ലാസങ്ങളും
നിങ്ങള്‍ പദംപറഞ്ഞാടുമ്പോഴും
കീഴെ ചെറുനിലവിളികള്‍ തീര്‍ത്ത്
ഞങ്ങള്‍ പതിഞ്ഞു കിടക്കുന്നു

നികൃഷ്ടമായി വിസര്‍ജ്യം
വലിച്ചെറിയുന്നത്
ഈ മുഖങ്ങളിലേക്കാണെന്ന്
നിങ്ങളോര്‍ക്കണമായിരുന്നു.

നിങ്ങളുടെ പ്രണയവും
മരണവും പലവുരു
കണ്ടുമടുത്തിട്ടും

തെരുവുനായ്ക്കളും
എലികളും
ഞങ്ങള്‍ക്കുകൂട്ടായി
കാവലിരുന്നിട്ടും
നിങ്ങളുടെ സുഖങ്ങള്‍ ‌
ഞങ്ങളെ തിരിച്ചറിയുന്നില്ല

ചേരികള്‍
തിരിച്ചറിയുന്ന
ദുര്‍ഗന്ധത്തിന്‍റെ
ബീജവുംപേറി
അടുത്ത സൈറനുകാതോര്‍ത്ത്
പച്ചവെളിച്ചത്തിന്‍റെ
നിശബ്ദതയില്‍
ഞങ്ങളൊന്നുറങ്ങട്ടെ

ഉരുക്കുവീലുകളുടെ
പ്രഹരം സ്വപ്നത്തിലല്ലാന്ന്
തിരിച്ചറിയാന്‍
ഏതു വെളിച്ചമാണ്
തെളിക്കേണ്ടത്
പച്ചയോ, ചുവപ്പോ

ഒരു പ്രളയംകൂടി

കാഴ്ചയുടെ
തീഞരമ്പുകളില്‍
ഒരിടിയകലത്തില്‍
എത്തിപ്പെട്ട പ്രളയം

വിതച്ചത്
മരണത്തിന്‍റെ വിത്തുകള്‍

മുളച്ചുപൊന്താത്ത
വിത്തിനുചുറ്റും
നിസ്സഹായതയുടെ
കൈവള്ളികള്‍ ചുരുട്ടിയിട്ട്
കുറേ വല്ലികള്‍

അടുത്തപ്രളയത്തിനുമുമ്പ്
പ്രകൃതിയെച്ചൂടിക്കാന്‍
കുറച്ചുമൊട്ടുകളൊരുക്കി
അവ പുളഞ്ഞുകിടന്നു

താഴ്വാരത്തിലെ നിശകളില്‍
കുഞ്ഞുകുണുക്കുകള്‍ ചേര്‍ത്ത്
മിന്നാമിന്നികള്‍

കാഴ്ചവട്ടത്തിന്‍റെ
നിലാവെളിച്ചത്തില്‍
നിലത്തുചിതറിയ
അവ്യക്തനിഴലുകള്‍

ഗോപുരങ്ങളടര്‍ന്ന്
നിലംപതിച്ച സമുച്ചയങ്ങളില്‍
അദ്ധ്വാനങ്ങളുടെ
വിയര്‍പ്പുകണങ്ങളായി
എല്ലിന്‍കഷണങ്ങള്‍
പൂത്തുനില്‍ക്കുന്നു

താനൊഴുക്കിയപ്രളയം
ഭൂമിക്കു ന്ഷടമാക്കിയ
സൗന്ദര്യം തിരിച്ചുനല്കാന്‍
ആകാശത്തവള്‍ മേഘത്തിന്‍റെ
പുതിയപന്തലിട്ടു

നിശകളഴിച്ചെറിഞ്ഞ്
പ്രായത്തിന്‍റെ കണക്കുകള്‍
ചേര്‍ത്തുവയ്ക്കുമ്പോള്‍
ചരിത്രപുസ്തകവും പേറി
അടുത്ത തലമുറ ഉണരുകയായി

ഉയിര്‍ത്തെഴുന്നേല്‍പില്‍നിന്ന്
പുതിയപാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍

രണ്ടുവാല്‍ത്തലപ്പുകളില്‍
കാലൂന്നി ഞാനും
ഒന്നു പ്രണയത്തിന്‍റേയും
മറ്റൊന്ന് ജീവിതത്തിന്‍റേയും

Thursday, 26 September 2013

നാണിത്തള്ള

അവന്‍റെച്ഛന്‍
മരിച്ചതില്‍പിന്നെ
തെങ്ങിന് തടമെടുത്തും
ചുമടുചുമന്നും
അവനെ വളര്‍ത്തിയത്
നാണിത്തള്ളയാണ്

പഠിക്കാന്‍
അവന്‍ മിടുക്കനായിരുന്നു
മകന്‍റെ ആമിടുക്കിന്
സന്തോഷത്തിന്‍റെ
ഹരംപകരാന്‍
അവര്‍ പട്ടിണികിടന്നത്
പലരാവുകള്‍

അവനെത്തിയിരിക്കുന്നു
കുടിലുപൊളിച്ചിടത്തെ
പുതിയ വീട്ടിലേക്ക്
പാലുകാച്ചി
താമസമാകാന്‍

കൂട്ടത്തില്‍
നാണിത്തള്ളയ്ക്കുംകിട്ടി
ഒരു നേര്യത്

ഇന്നു ഞായറാഴ്ച
നാണിയുടെ മകന്‍
വീടിനുപുറകില്‍
തടികള്‍കൊണ്ടൊരു
കോഴിക്കൂടുപണിയുന്നു

നാണിയെ
അതിലേക്കുമാറ്റാം
പട്ടിണി അവര്‍ക്കു പണ്ടേ
ശീലമുള്ളതാണല്ലോ?

കടല്‍

പിച്ചനടക്കുവാന്‍താങ്ങുംവിരലുകള്‍
എന്നെ വിടുവിച്ചുപോയനേരം
കാല്‍വഴുതിവീഴാകയങ്ങള്‍ക്കുമീതെഞാന്‍
ഞാണില്‍ക്കളിക്കുവാന്‍ നൂലുകെട്ടി
താഴെമരീചികയല്ലഞാന്‍ കാണുമീ
ആഴം തുടിക്കും തിരകള്‍തന്നെ
പ്രാണനുതിര്‍ത്തുചിരിക്കുംതിരകളില്‍
കാണുന്നുഞാനാര്‍ദ്രനൊമ്പരങ്ങള്‍
പുഞ്ചിരിനല്കിയാചുണ്ടുകള്‍കൂടുമ്പോള്‍
കരയാതെനാവങ്ങടങ്ങുമ്പോലെ
ഉള്ളില്‍നുരയ്ക്കുമാ സങ്കടപ്പെരുമഴ
ഓളപ്പരപ്പിലമര്‍ന്നുറങ്ങി
ജീവിതയാഴിതന്‍ ഓളത്തുടിപ്പിലായ്
മൗനംപകുത്ത കടല്‍ച്ചുഴികള്‍
എങ്കിലുംമെന്നിലെ മോഹത്തുടിപ്പുകള്‍
കോര്‍ത്തുവലിച്ചൊരാ നൂലിടത്തില്‍
നെഞ്ചില്‍നിറയുമാസ്വപ്നത്തിനൊപ്പമായ്
വേച്ചുവിതുമ്പുന്നു കാല്‍വലിച്ച്
തന്‍റെവിരലുകള്‍വീണ്ടുംപിടിക്കുവാന്‍
പിച്ചനടത്തുവാനാരെനിക്ക്
ഗുരുവിനെത്തേടിയലയുമീയാത്രയില്‍
പതിയുന്നുയുള്ളിലെന്‍ ശൂന്യരൂപം
അലിയുന്നുഞാനതിന്‍ ആഴപ്പരപ്പിലായ്
ഉറയുന്നുഞാനെന്നപൂര്‍ണ്ണസത്വം

ചെണ്ട

തിടപ്പള്ളിയില്‍
ക്ഷേത്രവാതിലിലേക്കുനോക്കി
പുതച്ചിരിക്കുമ്പോള്‍
എന്‍റെ ഉടലില്‍
മുറുക്കിവച്ച കയര്‍
അവര്‍ അയച്ചിരുന്നു

ഞാനെന്നു പറയുമ്പോള്‍
നിങ്ങള്‍കരുതും
ഞാനൊരാളാണന്ന്

മൂന്നുപേര്‍
പിരിഞ്ഞുമാറാനാവത്തവിധം
ഇഴുകിച്ചേര്‍ന്നവര്‍

പിന്നെ ഞങ്ങളെ
തല്ലിക്കരയിക്കുന്ന
മറ്റുരണ്ടുപേര്‍

അഞ്ചിലെ ഈ ഒരുമയില്‍
ഞാനായി

അയിത്തത്തിന്‍റെ
പടിപ്പുരകടന്ന്
തൃ‍ക്കോവില്‍മുറ്റത്ത്
മനമുരുകിക്കരയുന്നത്
എന്തിനുവേണ്ടി

വരിക്കപ്ലാവിന്‍റെ
ഒത്തകാതലില്‍
പലരാവിലെന്നെപണിതെടുത്ത
ആശാരിക്കുവേണ്ടിയോ

നോവുകളുടെ
പെരുമഴയായി
പേറ്റുനോവറിയിച്ച
ഉളിമൂര്‍ച്ചയ്ക്കോ

വയറൊഴിഞ്ഞ
കുഴലായി മുഖംപൊത്തുമ്പോള്‍
മരിച്ചഴിച്ച തുകല്‍
കിടാവിനുവേണ്ടിയോ?

മൃഗത്തിനെകൊല്ലരുതെന്നു
ഉറഞ്ഞുപറയുമ്പോഴും
താളമായി കരയുന്ന
അവന്‍റെ നോവ്
ഞാനറിയാതിരുന്നിട്ടല്ല

മരിച്ചിട്ടും അവന്‍റെ
കഴുത്തില്‍നിന്നടര്‍ത്തിയ
കയര്‍ തുളച്ച് എന്നിലേക്ക്
വരിഞ്ഞുമുറുക്കുമ്പോള്‍
നിസ്സഹായനാണ്
ഞാനെന്നുവിതുമ്പുന്ന
നൂല്‍ക്കയറിനുവേണ്ടിയോ?

അതോ എന്നിലേക്ക്
തലതല്ലി മിണ്ടാനാകാതെ
പിടയ്ക്കുന്ന
പുളിങ്കോലുകള്‍ക്കായോ?

കണ്ണുതുറക്കാത്ത
കരിങ്കല്ലായും, തിളങ്ങുന്ന
സ്വര്‍ണ്ണപ്രഭയായും
ദൈവമിരിക്കുമ്പോള്‍

മൃഗീയമായി
വേദനിപ്പിക്കാന്‍
നിങ്ങള്‍ മനുഷ്യരെന്തേ
എന്നെ പട്ടുടുപ്പിച്ച്
തോളില്‍തൂക്കുന്നു

തിരിച്ചറിവിന്‍റെ
ഒരു താളമെങ്കിലും
ഒന്നുവായിച്ചുതീര്‍ക്കാന്‍
നിങ്ങളുടെ വിരലുകളെ
പ്രാപ്തമാക്കിക്കൂടെ

നിന്‍റെ ഹൃദയതാളങ്ങളില്‍
ഞങ്ങള്‍ക്കായൊരു പദം
ആ‌ടിത്തീര്‍ത്തുകൂട

Tuesday, 24 September 2013

നരിച്ചീറുകള്‍

തലകീഴായുള്ള
ഈകിടത്തയില്‍
ഈ ഭൂഗോളത്തെ
താങ്ങിപ്പിടിക്കാനുള്ള
ശേഷി എനിക്കുണ്ടെന്ന്
അവര്‍ കരുതിവച്ചു

മരച്ചില്ലകള്‍
വിടുവിച്ച കാല്‍
പറന്നുയരുമ്പോള്‍
ആകാശത്തിലേക്ക്
നരച്ചകുടകള്‍ക്കുതാഴെ
ശേഷിയില്ലാതെ

നിലത്തുകുത്തിപ്പിടിച്ചിരിക്കാന്‍
ഒരുമാത്രപോലും
ആവതില്ലാതെ

പക്ഷിയെന്നോ
മൃഗമെന്നോ
തിരിച്ചറിയാനാവാത്ത
വിവേചനത്തിന്‍റെ
കാണാപ്പുറങ്ങള്‍

ഒരുനാട്ടില്‍
രക്തമൂറ്റുന്നപിശാചിന്‍റെ
പ്രതീകങ്ങള്‍

കാഴ്ചശക്തിയുടെ
പാരമ്യതയിലും
നിറങ്ങള്‍
തിരിച്ചറിയാനാവാതെ
കണ്‍തുറന്ന്

ശബ്ദവിന്യാസങ്ങളില്‍
കൂട്ടംചേരുമ്പോള്‍
ഗൃഹാതുരതയുടെ
പേക്കോലങ്ങളായി
മരച്ചില്ലകളില്‍

താഴെ
ചപ്പിവലിച്ചവിത്തുകള്‍
ചിതറിത്തെറിച്ച്

ആകാശത്തിലേക്ക്
കാലൂന്നി
ഭൂമിയിലേക്ക്
കണ്ണുംനട്ട്

രക്തം ചുവപ്പിച്ച
തീക്കട്ടകണ്ണുരുട്ടി
നിസ്സഹായതയുടെ
നിലവിളികളുമായി
കുറേ നരിച്ചീറുകള്‍

ഇരുട്ടിനോട്

നിഴല്‍വിഴുങ്ങുന്നിരുട്ടേ നീയെന്‍റെ
സ്വപ്നത്തെമൂടി മറച്ചിടാമോ?
കാഴ്ചകള്‍മങ്ങുമീ കണ്ണിന്‍റെനോവുകള്‍
നിന്നിലായ്ത്തന്നെ ലയിച്ചിടാമോ?
രക്തംപടരും വഴികളില്‍ നീനിന്‍റെ
പ്രാണനുടച്ചങ്ങു നല്കിടാമോ
പിച്ചിവലിച്ചൊരാ കുഞ്ഞിന്‍റെമേനിയില്‍
മാനകരിമ്പടം മൂടിടാമോ
വാര്‍ദ്ധക്യമെന്നയിരുട്ടിന്‍ പഥങ്ങളില്‍
കൂനിനടക്കുന്നയമ്മമാരെ
നാഥനായ് നീനിന്‍റെ കാരുണ്യതേനിനെ
ചന്ദ്രനിലാവായി നല്‍കിടാമോ?
പെണ്ണായ്പിറന്നവള്‍ക്കെന്നും കരയുവാന്‍
നിന്നുടെ ശയ്യയൊരുക്കിടണോ?
പെണ്ണിന്‍മനസ്സിന്‍റെ ദുഃഖത്തെപ്പേറുവാന്‍
നിന്‍റെ മനസ്സിനിന്നാവതുണ്ടോ?
കണ്ണുകള്‍മൂടി നടക്കുമീയൗവ്വനം
ലഹരിയാം സ്വപ്നചിറകിലേറെ
അന്ധകാരത്തിന്‍റെ മൂടിവലിച്ചവര്‍
ക്കുള്ളില്‍നിറയ്ക്കുനീ നന്മയെന്നും
കാണാപ്രപഞ്ചത്തിലൊട്ടുവെളിച്ചത്തില്‍
നീനിന്‍റെ കണ്ണുതുറന്നുവയ്ക്കൂ
എന്നിട്ടെന്‍കൈകളില്‍ നല്കുനീകാണിക്ക
നാളെ പുലരിതന്‍ പൊന്‍പ്രഭകള്‍