Saturday, 13 September 2014

തിരുവോണം

സന്ധ്യമയങ്ങിയെന്‍ പിന്നാലെ പോരുമ്പോള്‍
നുള്ളിയെടുക്കെട്ടെന്‍ തുമ്പകൂടി
കുന്നോളംകുത്തി നിറയ്ക്കാത്ത പൂക്കൂട
എന്നിലെ ഓണത്തിന്‍ പഞ്ഞമാണോ?

കര്‍ക്കിടകത്തിലെ പേമാരിയെത്തുമ്പോള്‍
ഞാനറിഞ്ഞില്ലിനിയോണമെന്ന്
പാതിരാനേരത്താ താരകള്‍ പൂക്കുമ്പോള്‍
ഞാനറിഞ്ഞില്ലെന്‍റെ പൂവിളികള്‍

ആടിയൊഴിഞ്ഞെന്‍റെ തിരകള്‍ക്കു മേലൊരു
കളിവഞ്ചി തുഴയുന്ന ഓര്‍മകളേ
വാടിയപൂവുകള്‍ പൂക്കുമാകാലത്തിന്‍
നിറമിഴി ചന്തത്തില്‍ പോയിടുമോ?

അമ്മയ്ക്കുപിന്നിലൊളിക്കുന്ന ബാല്യത്തില്‍
തുമ്പിയായ് നീയൊന്നു പാറിടുമോ?
അമ്മയൊരുക്കുമാ പൂക്കളചന്തത്തില്‍
നീയെന്‍റെയോണമായ് വന്നിടുമോ?

ദൂരയാ കതിര്‍മണിമാടിയൊതുക്കുന്ന
കാറ്റെന്‍റെയോണമായെത്തുമെങ്കില്
കുഞ്ഞൊരു പാല്‍ക്കണം ചുണ്ടില്‍ പകരുന്ന
അമ്മയായോണമെന്‍ കൂടെയെത്തും

പലകുറി സന്ധ്യകള്‍ ചോപ്പിച്ചുവച്ചൊരാ
കടലെന്‍റെ ദുഃഖത്തില്‍ പങ്കുചേരും
മനമൊരു നോവായ് തിരകള്‍ക്കുമേലെ
മഴപോലെ ചാറിപ്പരന്നുപോകും

പാട്ട്

ഒഴുകുന്നപുഴയിലെ പുളകമായി വിതറുന്ന
പൂക്കളായീമരം ചാഞ്ഞുനില്‍ക്കേ
ഓളങ്ങളായ്ച്ചെറുകുളിരുപകര്‍ന്നവള്‍
താഴേയ്ക്കുതാഴേയ്ക്കങ്ങൂര്‍ന്നുപോയി

ഇന്നലെയാമരം വര്‍ഷിച്ചപൂമഴ
ഉള്ളില്‍ നിറച്ചവള്‍ തുള്ളിനില്‍ക്കേ
ചില്ലകളാല്‍ച്ചെറു നോവിന്‍ നഖക്ഷതം
ഉള്ളിലായ് നല്കിയീ പൂമരവും

വെള്ളിവെളിച്ചത്തില്‍ സൂര്യനാ പൂമനം
കണ്ണാടിപോലെ തെളിച്ചുവയ്ക്കേ
പ്രണയത്തിന്‍ നീര്‍മിഴി കള്ളപരിഭവം
ഉള്ളില്‍ നിറയ്ക്കുന്നു പൂമരവും

ഊര്‍മിള

പലവാതില്‍ തുറന്നിട്ടും
വരുന്നില്ലൊരു ചെറുവെട്ടം
ഇരുളിന്‍റെ കരിമക്ഷി
പടരുന്നെന്‍ മനമാകെ

തുടികൊട്ടും ഹൃദയത്തില്‍
ഉറയുന്നെന്‍ മോഹങ്ങള്‍
പലവട്ടം കവിയുന്നെന്‍
കണ്ണിണക്കോലങ്ങള്‍

ഒരു രാത്രി പുലരുമ്പോള്‍
വനമുല്ല പൂക്കുമ്പോള്‍
കാണുന്നെന്‍ അകതാരില്‍
പ്രിയനേ നിന്‍ മുഖകാന്തി

ജേഷ്ഠന്‍റെ തോളരുകില്‍
ചേരുന്നൊരു വില്ലാളി
നീയെന്‍റെ പതിയല്ലേ
വാടുന്നീ പൂമാല

ഒരു വട്ടം പൂക്കാനായി
പലവട്ടം കൊതിച്ചിട്ടും
കിളിവാതില്‍ തുറന്നിട്ടാ
കാറ്റായും വന്നില്ല

മാരീചന്‍ മായകൊണ്ടാ
രോദനം തീര്‍ക്കുമ്പോള്‍
തേങ്ങിയ നിന്‍മനമെന്‍
രോദനം കേള്‍ക്കാത്തു?

തിരതല്ലി കരഞ്ഞിട്ടും
കരയൊന്നും മിണ്ടാതെ
പ്രണയത്തിന്‍ ജഠരാഗ്നി
മൗനത്താല്‍ പൊതിയുന്നോ?

ഒരു രേഖ വരയ്ക്കൂ നീ
മനസ്സിന്‍റെയൊരുകോണില്‍
അവിടെ ഞാന്‍ വിടരട്ടെ
മധുചൂടും പൂവായി

ചില ചോദ്യങ്ങള്‍

പോയ്പോയരോണത്തിന്‍ ഓണനിലാവുകള്‍
എന്തിനു നീയിന്നു ചൂടുന്നു
കണ്ണീര്‍ മണമുള്ളോരമ്മതല്‍ ശീലുകള്‍ 
എന്തിനു നീയിന്നു പാടുന്നു.
ഉള്ളിലുറങ്ങുന്നോരൂഞ്ഞാലിന്‍ താളങ്ങള്‍ 
എന്തിനീ നെഞ്ചിലായ് നല്കിടുന്നു
താരാപഥങ്ങളില്‍ മോഹങ്ങള്‍ പൂക്കുമ്പോള്‍
മേഘത്തിന്‍ താരാട്ടു കേള്‍ക്കുന്നു
ഓളങ്ങളൊരുവേള ചുമ്പിച്ച ചന്ദ്രനെ
മാറിലായ് നീയെന്തെ ചേര്‍ത്തുവയ്പൂ
കൈയെത്തി നീ പണ്ടിങ്ങെത്തിപിടിച്ചൊരാ
ബന്ധങ്ങള്‍ ഇട്ടേച്ചു പോയിടുമ്പോള്‍
സന്ധ്യകള്‍ ചാലിച്ച കുങ്കുമ വര്‍ണ്ണം നിന്‍
പൂങ്കവിള്‍ ചാരത്തു ചേര്‍ന്നിടാതെ
കൂരിരുള്‍കൂട്ടിലാ നീര്‍മിഴിപൂവുകള്‍
മൗനത്തിന്‍ കരതേടി പോയിടുന്നോ
പലവട്ടം തുഴഞ്ഞിട്ടും ഒരുകോണിലീവഞ്ചി
ചുഴിചേര്‍ന്നു ചുമ്മാ കറങ്ങിടുന്നോ

Wednesday, 13 August 2014

മനസ്സ്

ഞാന്‍ തേടിയത്
എന്‍റെ അലകളായിരുന്നു
ബാല്യത്തില്‍ നിന്ന്
ഒരു സൈക്കിള്‍ വീലിന്‍റെ
അകലത്തിലേക്കുള്ള
എന്‍റെ കൗമാരമായിരുന്നു.
മൗനങ്ങളിലൂടെ മഞ്ഞിറങ്ങിപ്പോയ
ചെറുവസന്തങ്ങളായി
നോവുകള്‍ അകലേക്കു പോകുമ്പോള്‍
സൗഹൃദങ്ങള്‍ ഒരോര്‍മ്മപ്പെടുത്തലായി
മനസ്സിലവശേഷിപ്പിച്ച
അപ്പൂപ്പന്‍താടികള്‍
നരകളായി എന്നിലേക്കണയുന്നു.
കണ്ണിമാങ്ങയ്ക്കായി ഓടിയടുത്ത
നാട്ടുമാവിന്‍ചുവട്
കടവെട്ടി എന്നിലെ തീനാളമാകുമ്പോള്‍
ഞാനറിയുന്നു
തീപ്പൊരികള്‍ അസ്തമിച്ച്
വാനിലേക്കുയര്‍ന്ന
ചില ചാമ്പല്‍ തുണ്ടുകളെ.

Tuesday, 12 August 2014

മാംസം നഷ്ടപ്പെടുമ്പോള്‍

ഇരുളിന്‍ ചുഴിക്കുത്തുപോല്‍ പോയപകലുകള്‍
അരുണകിരണങ്ങള്‍തന്‍ പ്രഭകളാകാം

ഉഷ്ണമായെന്നിലുപ്പിട്ടുപോയൊരാ
ഓര്‍മ്മ വിയര്‍പ്പിന്‍ കണങ്ങളാകാം

ഏതോ കുളിര്‍കാറ്റു പാറിയകന്നതു
നേരിന്‍റെ നോവാം പിതൃക്കളാകാം

ഒരു ദാഹമായെന്‍റെ തൊണ്ടയില്‍ ചേര്‍ന്നത്
ഒരു തേങ്ങലിന്‍ ശബ്ദവീചിയാകാം

പലവുരു പിന്നിലേക്കാഴ്ത്തിയ സ്വപ്നങ്ങള്‍
ശിരസ്സില്‍ കനംവച്ച നോവുമാകാം

മുട്ടിവിളിക്കുമാ നിശ്വാസനാളമെന്‍
മുന്നില്‍കൊടുങ്കാറ്റു തീര്‍ത്തിരിക്കാം

കണ്ണുകള്‍ കണ്ടൊരാ കാണാത്ത ശേഷിപ്പെന്‍
ജന്മത്തിന്‍ നഷ്ടങ്ങളായിരിക്കാം

പ്രാണനെ മാത്രം പകുത്തെടുക്കുമ്പൊഴാ
ഗന്ധങ്ങ‍ളിഷ്ടത്തിന്‍ വഴികളാകാം

ഒടുവില്‍ ജഡമായി പിന്നിലേക്കെറിയുമ്പോള്‍
കാലുവലിച്ചെങ്ങോ മറയുന്ന കാലവും
എന്നെ മറന്നുപോകാം

ഋതുക്കളാം സാക്ഷികള്‍ കാവലിന്‍ പരിക്ഷകള്‍
എന്നിലൊരു പേമാരി പെയ്തു തീര്‍ക്കാം

ഒഴുകട്ടെ പുഴയിനി കുളിരുമായകലത്തില്‍
അടരുന്ന മണ്ണിന്‍റെ മരണമായി

പെയ്യട്ടെ ഗോളങ്ങള്‍ ഒരു മാരികൂടിയീ
കബന്ധംമുളയ്ക്കുന്ന കാവിനുള്ളില്‍

അന്നെഴുന്നേറ്റൊരു നോവിന്‍റെ ശീലു ഞാന്‍
പാടും മുളന്തണ്ടിനീണമായി.

Monday, 11 August 2014

പൂത്തുമ്പി

ഓര്‍മ്മകള്‍ പൂക്കും പൂങ്കാവനത്തിലെ
കൈതപ്പൂ നിറമുള്ള പൂത്തുമ്പീ
പ്രേമം തുടിക്കും മലരിതള്‍ പോലെ
നാണം നിറഞ്ഞൊരു പൂത്തുമ്പി
അവള്‍ നാണം നിറഞ്ഞൊരു പൂത്തുമ്പി

സ്നേഹക്കടലല തീരത്തിലവളെന്‍റെ
ഹൃദയത്തെപുല്‍കും തിരകളാകെ
കുളിരുപകരുമാ ചുംബനപ്പൂവുകള്‍
വര്‍ഷിച്ചു തേന്‍മഴ മനസ്സിലാകെ
വര്‍ഷിച്ചു തേന്‍മഴ മനസ്സിലാകെ

കൈവിരല്‍ത്തുമ്പിലെ മണിവീണയായവള്‍
മധുരമാം ശ്രുതിയെന്നില്‍ പകര്‍ന്നിടവേ
അധരപുടങ്ങളില്‍ ശ്രുതിചേര്‍ത്തു ഞാനാ
മണിവീണ നെഞ്ചിലായ് ചേര്‍ത്തുവച്ചു
മണിവീണ നെഞ്ചിലായ് ചേര്‍ത്തുവച്ചു.

ഹര്‍ഷപുളകിത രാസ വിലോലിനി
ശൃംഗാരരാഗം പകര്‍ന്നുവെച്ചൂ
എന്നില്‍ ശൃംഗാരരാഗം പകര്‍ന്നുവെച്ചൂ

പുടവകള്‍ മറയിട്ട താഴാമ്പുമേനിയില്‍
വിരലുകള്‍ പുതുസ്വരം ചേര്‍ത്തുവച്ചു
ഞാന്‍ അവളിലെ മധുരമാം ലഹരിയായി
ഞാന്‍ അവളിലെ മധുരമാം ലഹരിയായി