Showing posts with label ഏതേതുദുഃഖം. Show all posts
Showing posts with label ഏതേതുദുഃഖം. Show all posts

Tuesday, 6 August 2013

ഏതേതുദുഃഖം

ഏതേതുദുഃഖമിന്നേതേതുദുഃഖം
പാരില്‍ ജ്വലിപ്പതിന്നേതേതു ദുഃഖം
അമ്മിഞ്ഞപ്പാലിനായ് കേഴുന്നകുഞ്ഞോ
താതന്‍റെ ശാസന ഏല്‍ക്കുന്ന കുഞ്ഞോ
പെറ്റവയറങ്ങുദൂരത്തെറിയും
തൊട്ടിലുകാണാതെ കേഴുന്ന കുഞ്ഞോ
പത്തുമാസത്തിന്‍റെ ഗര്‍ഭം ചുമന്ന്
ചാപിള്ളവീഴ്ത്തുന്ന അമ്മ മനസ്സോ
അച്ഛന്‍ തുണയില്ലാ പേറുന്ന ജന്മം
ഇട്ടേച്ചുപോകുമാ ജീവിതപാത
പിന്നെ കരകേറ്റും നാളിന്‍റെ ദുഃഖം
കൂട്ടിവയ്ക്കുന്നിതാ നോവിന്‍റെ പാത
മദ്യച്ചുഴിയിലെ തേങ്ങലാം നോവില്‍
കാടത്തക്കൂട്ടിലായ് കീറിവലിക്കും
വെന്തുരുകുന്നൊരാ പെണ്ണിന്‍റെ ജന്മം
സംഗങ്ങള്‍ തീര്‍ക്കുമാ ഉടലിന്‍റെ ദുഃഖം
അട്ടയിഴയുമാ ഉടലില്‍ വെറുപ്പിന്‍
തള്ളിയകറ്റാത്ത പെണ്ണിന്‍ ദുരിതം
വഴിയില്‍ പിടയുന്ന നോവിന്‍റെ ചിഹ്നം
അഭയാര്‍ത്ഥിയായവര്‍ തിന്നു രസിപ്പൂ
പിച്ചയെടുക്കുന്ന കുഞ്ഞിന്‍റെ ദുഃഖം
തെരുവിലഴുക്കിലെരിഞ്ഞങ്ങു തീരേ
കുപ്പകള്‍ കൂട്ടുന്ന കുഞ്ഞിക്കിടാങ്ങള്‍
അടിപിടികൂടുമാ പട്ടിക്കിടാങ്ങള്‍
ഉണ്ടവയറിന്നുറങ്ങാത്ത ദുഃഖം
വെറ്റിലചെല്ലം എടുക്കാത്തദുഃഖം
പുടവയഴിയുന്ന പെണ്ണിന്‍റെ ദുഃഖം
വയറിനകത്തുള്ള കരുവിന്‍റെ തേങ്ങല്‍
മക്കള്‍ മറക്കുമാ വൃദ്ധമനസ്സില്‍
മിന്നിമറയുമാ ജന്മത്തിന്‍ നോവില്‍
കാക്കയ്ക്കുനല്കുന്ന തര്‍പ്പണസ്നേഹം
കാത്തുമരിക്കുന്നു വാത്സല്യചോറാല്‍
ആത്മാവുറങ്ങുമീ രൂപത്തിനുള്ളില്‍
കണ്ടറിയുന്നുനാം നമ്മളത്തന്നെ
ഏതേതുദുഃഖമിന്നേതേതുദുഃഖം
പാരില്‍ ജ്വലിപ്പതിന്നേതേതു ദുഃഖം
തള്ളിയുരുട്ടുന്നു പാറകള്‍ മോളില്‍
പൊട്ടിച്ചിരിക്കുവാന്‍ വേണ്ടിയാണെന്നും
എന്നുടെ ജന്മത്തിലെന്തെന്തു ദുഃഖം
കാണുന്ന കാഴ്ചകളെല്ലാമേ ദുഃഖം
എങ്കിലും ഞാനിന്നു പൊട്ടിച്ചിരിപ്പൂ
ദുരയെന്നകൊമ്പിന്‍റെ അഗ്രത്തില്‍നിന്ന്
എങ്കിലും ഞാനിന്നു പൊട്ടിച്ചിരിപ്പൂ
ദുരയെന്നകൊമ്പിന്‍റെ അഗ്രത്തില്‍നിന്ന്