Showing posts with label പ്രണയം. Show all posts
Showing posts with label പ്രണയം. Show all posts

Saturday, 16 May 2015

പ്രണയം


കരിമുകിലേയെൻറെ കളിയോടമൊന്നിനെ
നനയിച്ചിടല്ലേ നിൻ മിഴികളാലെ
ഒരു തേങ്ങലായൊരു വിരഹം നീ പെയ്യുമ്പോൾ
തണുവറിഞ്ഞീഭൂമി പ്രണയമാകും
കുളിരല കൈകളിൽ ചേർന്നൊരു മൃദുകാറ്റെൻ
മനസ്സിലായ് കുളിർമഴ പെയ്തിടുന്നു
ഹൃദയത്തിൽ പെയ്യുമാ പ്രണയത്തിൻ മധുഗാനം
ഒരുവേള നിൻശ്രുതിയായിരിക്കാം
നിന്നുള്ളം മെനയുമീ നൂൽമഴ പന്തലിൽ
നനയുവാനെന്നെന്നുമെൻറെ മോഹം
വേനലിൽ ചിറകറ്റു പോയ കിനാക്കളെ
കരിയില പുതനീക്കി കൂട്ടുവായോ
തരളിത മോഹത്തിൻ മധുര സ്മരണയായ്
ഒരുതുള്ളി മഞ്ഞു നീ തന്നുപോകെ
പോയ വസന്തത്തിൻ നിറമുള്ള പൂവു ഞാൻ
കനവിലെ വിരഹമായ് കാത്തുവയ്ക്കും

Sunday, 20 April 2014

പ്രണയം

നോവും മനസ്സിന്റെ താങ്ങാണുപ്രണയം
വേനല്‍കൊതിക്കുന്ന മഴയാണു പ്രണയം
തെരുവില്‍ മരിക്കും വിശപ്പാണു പ്രണയം
മതഹുങ്കു പേറാത്ത നോവാണു പ്രണയം

ലിംഗങ്ങള്‍ പേറാത്ത രൂപങ്ങള്‍ പ്രണയം
കാഴ്ചകള്‍ കാണാത്ത കണ്ണാണു പ്രണയം
പൂവാടികള്‍ ചേര്‍ന്ന കാടാണു പ്രണയം
കളകളം പാടുന്ന പുഴയാണു പ്രണയം

ഇണചേര്‍ന്ന കിളിയുടെ കൊഞ്ചലീ പ്രണയം
രതി തീര്‍ത്ത ഭാവങ്ങള്‍ തേടുന്ന പ്രണയം
അക്ഷരക്കൂട്ടിന്റെ നേര്‍മ്മയീ പ്രണയം
മഞ്ചാടി ചോപ്പിന്റെ സന്ധ്യയീ പ്രണയം

കടലമ്മ പോറ്റുന്ന തിരയാണു പ്രണയം
കുളിര്‍തൂകി നില്‍ക്കുന്ന കാറ്റാണു പ്രണയം
മധുവുണ്ടു പാറുന്ന വണ്ടാണു പ്രണയം
ചിറകറ്റു വീഴുന്ന ശലഭങ്ങള്‍ പ്രണയം

എന്തിനോടെന്തിനോടിന്നെന്റെ പ്രണയം
മനസ്സു കടംകൊണ്ട വാക്കാണു പ്രണയം
അന്ധത തീര്‍ക്കുന്ന തിമിരമീ പ്രണയം
വാക്കിന്‍ വിശപ്പിന്‍ മതത്തിന്‍ പ്രണയം

ഇണകള്‍ ചുരത്തുന്ന പ്രേമമീ പ്രണയം
കടലാസു പക്ഷികള്‍ പാടുന്ന പ്രണയം
പനനീര്‍ ദളത്തില്‍ അടര്‍ത്തുന്ന പ്രണയം
ചോര പോടിക്കുമീ മുള്ളിന്റെ പ്രണയം

എന്താണു പ്രണയമിന്നെന്താണു പ്രണയം
പ്രകൃതി ലയിപ്പിച്ച മായയീ പ്രണയം
ഉള്ളിന്റെയുള്ളിലെ പ്രാണനോ പ്രണയം
ഞാനെന്ന മിഥ്യതന്‍ സത്യമോ പ്രണയം

Monday, 19 August 2013

പ്രണയം

ഒരുനുള്ളു പൂവുഞാന്‍ തേടിനടന്നെന്‍റെ
ചെമ്പകത്തറയിലായ് കാത്തുവയ്ക്കാന്‍
നീ കണ്ടോ തുമ്പപ്പൂ എന്‍റെ മനസ്സിലെ
അത്തക്കളത്തിലായ് ചേര്‍ത്തുവയ്ക്കാന്‍
തെറ്റികള്‍പൂത്തൊരാ താഴ്വാരമല്ലയോ
എന്‍റെ പ്രണയത്തിന്‍ സ്വപ്നലോകം
ചുവന്ന കനികളെന്‍ മോഹത്തിന്‍മുത്തുകള്‍
നല്കും മധുരിമ എത്രയെന്നോ
ഇരുളിലാമിന്നികള്‍ പാറുന്ന കാഴ്ചകള്‍
മരതകമുത്തുകള്‍ തന്നുപോകെ
ചുടുനെടുവീര്‍പ്പിന്‍റെ ഗദ്ഗതംപോലെനീ
മനസ്സിന്‍ കയങ്ങളില്‍ ചേര്‍ന്നിരിക്കേ
ഒരുതുണ്ടുമുല്ലപൂമാലഞാന്‍ കെട്ടട്ടെ
നിന്‍മുടിതുമ്പിലായ് ചേര്‍ത്തുവയ്ക്കാന്‍
അളകങ്ങള്‍ തീര്‍ക്കുമാ മൃദുസ്പര്‍ശമെന്നിലെ
തരളവികാരങ്ങള്‍ കാര്‍ന്നെടുക്കേ
ഇനിനിന്‍റെ ചുംബനചൂടിലെന്‍ ഹൃദയത്തില്‍
ഒരുമോഹമേളങ്ങള്‍ തീര്‍ത്തുവയ്പൂ
ആകാശതുണ്ടിലായ് ഞാന്‍കണ്ടമേഘങ്ങള്‍
പ്രണയത്തിന്‍മഴയായ് പെയ്തിറങ്ങേ
നിന്നുടെ കൈയ്യിലെ സ്നേഹമായ് മാറട്ടെ
എന്നെ പ്രണയിച്ച മരണമേ ഞാന്‍
ഇനിയും ഞാന്‍ നുള്ളണം ഒരുകൂടപൂക്കളെന്‍
ചെമ്പകത്തറയിലായ് കാത്തുവയ്ക്കാന്‍