Showing posts with label വല. Show all posts
Showing posts with label വല. Show all posts

Tuesday, 13 August 2013

വല

കണക്കുകള്‍ കൂട്ടിയിട്ടല്ല
ഞാനിതു നെയ്തു തുടങ്ങിയത്

എങ്കിലും
എനിക്കുറപ്പുണ്ടായിരുന്നു
ഇതിന്‍റെ നൂലുകള്‍
പലയിടത്തായിഘടിപ്പിക്കാമെന്ന്

ഒടുവില്‍ അവതീര്‍ക്കുന്ന
എതിര്‍രേഖകള്‍
ഒരു കേന്ദ്രബിന്ദു
എനിക്കു നല്കുമെന്നും

ഒന്നില്‍നിന്ന് ഒന്നിലേക്കു
നെയ്തുകൂട്ടുമ്പോള്‍
അവര്‍വിചാരിച്ചുകാണും
ഞാന്‍ തളര്‍ന്നുറങ്ങുമെന്ന്

ഒടുവിലെപ്പോഴോ
കൈകള്‍ ചുരുട്ടിവച്ച്
നെയ്തുകൂട്ടിയതിന്‍റെ നടുവില്‍
ഞാനിരുന്നു, സമാധിപോലെ

എന്‍റെ വലകളെ
പൊട്ടിച്ചെറിയാമെന്നുകരുതി
ഓടിയെത്തിയവര്‍ കുരുങ്ങി

ഇനിയുമെത്രപേര്‍
ഈ കുരുങ്ങലില്‍
ബന്ധിതരാവും

ഇനിയും ഒരുണര്‍ത്തെഴുന്നേല്‍പില്‍
ഞാന്‍ കൂട്ടിവയ്ക്കുന്ന
അഴിയപ്പെടാത്ത
കുരുക്കുകളുടെ
കണക്കുകളില്‍ കുരുങ്ങി
ജീവിതം നശിക്കുന്നവരെത്രപേര്‍