Thursday, 8 August 2013

മഴയുടെ സ്വരൂപത്തോട്

പഴയതന്ത്രിയില്‍ അലിയുമാമേഘം
പിടഞ്ഞിറങ്ങുമീ മലകള്‍ക്കുമേലേ
ഒഴുകി നീന്തുക നീയീ ധമനിയില്‍
പിടഞ്ഞമണ്‍കൂന മുലകള്‍ക്കുതാഴെ
വരികനിറയ്ക്കനീ ദാഹക്കുടങ്ങളെ
പോറ്റിവളര്‍ത്തനീ മണ്ണിന്‍ മരങ്ങളെ
അരിയനാഭിതന്‍ രോമരാജിക്കുതാഴെ
ചേര്‍ത്തുവയ്ക്കുനീ ഭ്രൂണങ്ങളേറെ
വിത്തിലിരിക്കും കിടാങ്ങള്‍ക്കുമേലെ
സ്വച്ഛശാന്തമായി ഒഴുകിനീ പോക
പ്രണയപുളകമായ് ഒഴുകുമീ തേങ്ങല്‍
വരണ്ടഭൂമിക്കു ഹൃദയമായ്തീരെ
പറന്ന പക്ഷികള്‍ പാടുന്നകാട്ടില്‍
നനുത്ത ചാറ്റലായ് എത്തുനീ വേഗം

മനമറിയുന്നനീ പൊരുളറിഞ്ഞീടുക
കാഴ്ചമങ്ങി മറയുന്ന പ്രണയം
എടുത്തൊഴിക്കല്ലേ നിന്‍റെയീ സ്നേഹം
തച്ചുടയ്ക്കല്ലാ ജീവന്‍റെ തേങ്ങല്‍
പേര്‍ത്തുവയ്ക്കുമീ മരങ്ങള്‍ക്കുകീഴേ
ആര്‍ത്തലയ്ക്കല്ലെനീ ഹൃദയം വെടിഞ്ഞ്
നൊന്തുപോകുന്നു വ്രണിതരാം മക്കള്‍
കെട്ടുപോകുന്നു അവര്‍തീര്‍ത്ത തിരികള്‍
ഒഴുകിയെത്തുകവീണ്ടുമീ മണ്ണില്‍
പുളകഹര്‍ഷമായ് കാറ്റിന്‍റെ കൂട്ടായ്

Tuesday, 6 August 2013

ഏതേതുദുഃഖം

ഏതേതുദുഃഖമിന്നേതേതുദുഃഖം
പാരില്‍ ജ്വലിപ്പതിന്നേതേതു ദുഃഖം
അമ്മിഞ്ഞപ്പാലിനായ് കേഴുന്നകുഞ്ഞോ
താതന്‍റെ ശാസന ഏല്‍ക്കുന്ന കുഞ്ഞോ
പെറ്റവയറങ്ങുദൂരത്തെറിയും
തൊട്ടിലുകാണാതെ കേഴുന്ന കുഞ്ഞോ
പത്തുമാസത്തിന്‍റെ ഗര്‍ഭം ചുമന്ന്
ചാപിള്ളവീഴ്ത്തുന്ന അമ്മ മനസ്സോ
അച്ഛന്‍ തുണയില്ലാ പേറുന്ന ജന്മം
ഇട്ടേച്ചുപോകുമാ ജീവിതപാത
പിന്നെ കരകേറ്റും നാളിന്‍റെ ദുഃഖം
കൂട്ടിവയ്ക്കുന്നിതാ നോവിന്‍റെ പാത
മദ്യച്ചുഴിയിലെ തേങ്ങലാം നോവില്‍
കാടത്തക്കൂട്ടിലായ് കീറിവലിക്കും
വെന്തുരുകുന്നൊരാ പെണ്ണിന്‍റെ ജന്മം
സംഗങ്ങള്‍ തീര്‍ക്കുമാ ഉടലിന്‍റെ ദുഃഖം
അട്ടയിഴയുമാ ഉടലില്‍ വെറുപ്പിന്‍
തള്ളിയകറ്റാത്ത പെണ്ണിന്‍ ദുരിതം
വഴിയില്‍ പിടയുന്ന നോവിന്‍റെ ചിഹ്നം
അഭയാര്‍ത്ഥിയായവര്‍ തിന്നു രസിപ്പൂ
പിച്ചയെടുക്കുന്ന കുഞ്ഞിന്‍റെ ദുഃഖം
തെരുവിലഴുക്കിലെരിഞ്ഞങ്ങു തീരേ
കുപ്പകള്‍ കൂട്ടുന്ന കുഞ്ഞിക്കിടാങ്ങള്‍
അടിപിടികൂടുമാ പട്ടിക്കിടാങ്ങള്‍
ഉണ്ടവയറിന്നുറങ്ങാത്ത ദുഃഖം
വെറ്റിലചെല്ലം എടുക്കാത്തദുഃഖം
പുടവയഴിയുന്ന പെണ്ണിന്‍റെ ദുഃഖം
വയറിനകത്തുള്ള കരുവിന്‍റെ തേങ്ങല്‍
മക്കള്‍ മറക്കുമാ വൃദ്ധമനസ്സില്‍
മിന്നിമറയുമാ ജന്മത്തിന്‍ നോവില്‍
കാക്കയ്ക്കുനല്കുന്ന തര്‍പ്പണസ്നേഹം
കാത്തുമരിക്കുന്നു വാത്സല്യചോറാല്‍
ആത്മാവുറങ്ങുമീ രൂപത്തിനുള്ളില്‍
കണ്ടറിയുന്നുനാം നമ്മളത്തന്നെ
ഏതേതുദുഃഖമിന്നേതേതുദുഃഖം
പാരില്‍ ജ്വലിപ്പതിന്നേതേതു ദുഃഖം
തള്ളിയുരുട്ടുന്നു പാറകള്‍ മോളില്‍
പൊട്ടിച്ചിരിക്കുവാന്‍ വേണ്ടിയാണെന്നും
എന്നുടെ ജന്മത്തിലെന്തെന്തു ദുഃഖം
കാണുന്ന കാഴ്ചകളെല്ലാമേ ദുഃഖം
എങ്കിലും ഞാനിന്നു പൊട്ടിച്ചിരിപ്പൂ
ദുരയെന്നകൊമ്പിന്‍റെ അഗ്രത്തില്‍നിന്ന്
എങ്കിലും ഞാനിന്നു പൊട്ടിച്ചിരിപ്പൂ
ദുരയെന്നകൊമ്പിന്‍റെ അഗ്രത്തില്‍നിന്ന്

വാവുബലി

കടലിലൊരുവറ്റുവീഴുന്നതുംകാത്ത്
ഞങ്ങളീയാഴത്തിലുറയുന്നുമക്കളേ
വരിക നിങ്ങളീ തിരചേര്‍ത്ത മണലിലായ്
പുവുക പുവുകള്‍ ദര്‍ഭവിരലുകള്‍
ആടിമാസത്തിന്‍റെ കിഴിവിലായ് തന്നെയോ
നീതീര്‍ത്ത സമ്പത്തിന്‍ വിത്തെറിഞ്ഞീടുക

അന്നുമാ മഴയുള്ള രാവിലെ ചിതയിലും
കനലുകള്‍കത്തുന്ന നെഞ്ചിലെചൂടിലും
മടിയിലായ് സൂക്ഷിച്ച ചില്വാനം നല്കുവാന്‍
ഞാനെന്‍റെ മക്കളെ തിരയുന്നതോര്‍ത്തുഞാന്‍
ഒരുനോക്കുകാണുവാന്‍ നിന്നിലെ ബിംബമായ്
നീ തീര്‍ത്തപൈതലും ഒന്നു കണ്ടില്ലഞാന്‍

പ്രമേഹമിതളിട്ട കാലിലെ നൊമ്പരം
നിന്നടുത്തെത്തുവാന്‍ കണ്ടു തടസമായ്
എങ്കിലും നിന്‍റെകിനാവുകള്‍ തളിരിട്ടമണ്ണിലെ
കുഞ്ഞുപൂമ്പാറ്റയെ സൂഷിപ്പുമിന്നുഞാന്‍

എത്തുമീ മകനാചിതയില്‍ കനല്‍ചേര്‍ക്കാന്‍
എന്നുള്ള ചിന്തയൊരു പാഴ്മൊഴി
വെള്ളതൂവാലയില്‍ മുഖംപൊത്തും ചടുലത
കണ്ണീരില്ലാ മുഷിപ്പിന്‍ വിയര്‍പ്പകറ്റീടുന്നു

ഇന്നെത്തും നീയീ കടലിന്‍ തിരകളില്‍ തീര്‍ച്ച
അറിയുന്നുഞാന്‍ നിന്‍ മനോകാമന
അരിയെറിയണം ഭസ്മക്കൂട്ടുകള്‍ ചേര്‍ത്തുപിന്നെ
പെട്ടെന്നു തീര്‍ത്തു പറക്കണം വിനോദത്തിനായ്
കാത്തിരിക്കുന്നു നിന്നെ ചുരുങ്ങും ദിനങ്ങളില്‍
അവധിയാത്രകള്‍, വിനോദസഞ്ചാരവിരുന്നുവേദികള്‍

Sunday, 4 August 2013

സമസ്യ

ഞാന്‍ ജനിച്ചുവോ
അറിയുകനീയതിനുത്തരം
പിന്നെകരയാം മരണമതെത്തുംവരെ

പുരുഷശ്രുതിചേര്‍ന്ന മായതന്‍
രൂപമെടുത്താ പ്രപഞ്ചമുയിര്‍കൊള്ളവേ
ഉറക്കമല്ലേയീ ജനനവും മരണവും
ഞാനറിയുന്നുസാക്ഷീ

ആനന്ദവിജ്ഞാനാത്മാക്കളെ അറിവതു
നാമെഥാ ഉറക്ക-മുണര്‍ച്ചയില്‍

എങ്കിലും ഭയമതേതേതുകാരണം എന്നില്‍
ഈ ദേഹചിന്തയോ പരമുണര്‍ച്ചയില്‍

വിശക്കുന്നു വയറെനിക്ക്
ഭേദചിന്തവെടിഞ്ഞുനാം കൂപ്പട്ടെ
കരങ്ങളീഅഷ്ടിഗോത്രത്തിനെ

കര്‍മ്മംചെയ്യുന്നനാം തേടുമാഫലസിദ്ധി
നാനാത്വമുണര്‍ത്തും ഏകത്വമായ് ഭവിക്കുകില്‍
സമത്വമുയിര്‍കൊണ്ട് ഞാനായ് ഭവിക്കുമോ?

കാഴ്ചനഷ്ടപ്പെട്ട ജഡമേ കരിയുക
കനല്‍ക്കട്ടതീണ്ടിയുരുകുക
കാലടിക്കില്ലനീ, കൈകളുയര്‍ത്തില്ല
സത്യമുയുര്‍കൊണ്ട മായതന്‍ പ്രഹേളിക.

നിനക്കു വിടചൊല്ലുവര്‍, വരുന്നുപിന്നാലെ
ഒരുയിര്‍ പറക്കമുറ്റിയെത്തുംവരെ

ഋതുക്കളേ നീയും മായയായ് വര്‍ഷിക്ക
ഈ സമസ്യ പൂര്‍ത്തീകരിച്ചീടുവാന്‍

-----ഗിരീഷ് വി.എസ്.നായര്‍

ഒരു തിരുത്ത്

അറിയാതെ മനസ്സിലായെത്തുന്ന
പഴയമുറിപ്പാടുകളില്‍
ഞാനെന്‍റെ ദൗത്യം
മറന്നുതുടങ്ങിയിരിക്കുന്നു.

വരണ്ട പാടവരമ്പുകളില്‍
കൂനിക്കൂടിയിരിക്കുന്ന കൊറ്റി
ഇനിയൊരുമഴക്കാലത്തിന്‍റെ
ഈടുവയ്പ്പുകള്‍ തേടുന്നു

ചളിപറ്റിയകാലുകള്‍
തേച്ചുമിനുക്കുമ്പോള്‍
എന്‍റെ അധികാരത്തിന്‍റെ
കസേരക്കാലുകള്‍
കുമ്പസരിക്കാതെ
നിറമറ്റ് നിണമുരുക്കി
കറചേര്‍ത്തിരിക്കുന്നു

വറ്റുകള്‍ അകന്നുപോയ
പിച്ചപാത്രങ്ങളില്‍
ദുരകയറിയ നാട്
ദുരന്തങ്ങള്‍ സമ്മാനിക്കുന്നു

കാല്‍ത്തളകളിലെ ബാല്യം
നൊമ്പരംപേറുന്ന
മാംസപിണ്ഡങ്ങളാകുന്നു

വഴിയോരങ്ങളിലെ
നിശകള്‍ രുധിരമുണങ്ങുന്ന
കാല്‍പാടുകളില്‍
ഊളിയിട്ടുഴലുന്നു

കാടുകളിലെ പക്ഷികള്‍
ചലനമറ്റ് നിശബ്ദരാകുന്നു

വെടിയൊച്ചകള്‍
അകത്തളങ്ങളിലെ
കുഞ്ഞുസല്ലാപങ്ങളില്‍
വിരുന്നിനെത്തുന്നു

ഇനി ഒരു പാടം
അതില്‍ ഏതു വിത്താണ്
ഞാന്‍ പാകേണ്ടത്

നിറഭേദങ്ങളില്ലാത്ത
രാഷ്ട്രസങ്കല്പങ്ങളില്‍
ഞാന്‍ അളന്നു ചേര്‍ക്കേണ്ടത്
ഏതു കൊടിയുടെ നിറമാണ്

ഒളിയമ്പുകൊണ്ട്
ഞാന്‍ കൊല്ലേണ്ടത്
ഏതുപഷക്കാരനെയാണ്

അവന്‍ അണിഞ്ഞിരിക്കുന്ന മാല
എന്‍റെ കണ്ണിന്‍റെ കാഴ്ച തടയുന്നു
അല്ലെങ്കില്‍ പേര്‍ത്തും
ഒന്നെയ്യാമായിരുന്നു

ആവനാഴികളില്‍
ഞാന്‍കൂട്ടിയ ആയുധങ്ങള്‍
ആരെ സംരക്ഷിക്കാനാണ്

എന്‍റെ കരിഞ്ഞമുഖത്തിനെ
മറയ്ക്കാന്‍ പണിതെടുത്ത
മുഖം മൂടികളില്‍
ദ്രംഷ്ടകള്‍ വളര്‍ന്നുവന്നിരിക്കുന്നു

ഞാനിപ്പോള്‍
ഏറെ നിസ്സഹായനായി
എന്‍റെ സത്വബോദം നശിച്ച്
എന്‍റെ ശക്തിയെത്തന്നെ
കാട്ടിലുപേക്ഷിക്കേണ്ടിവന്നിരിക്കുന്നു

വിരലുകളില്‍ ഞാന്‍കൂട്ടിവച്ച
നഖങ്ങള്‍ അലങ്കാരമായിരിക്കുന്നു

ഇനി ഞാന്‍ മുറിച്ചുമാറ്റിയ
മരങ്ങള്‍ എനിക്കൊരു
ഊന്നുവടിയെങ്കിലും
സമ്മാനിച്ചിരുന്നുവെങ്കില്‍

ഞാനകത്തിയ കാര്‍മേഘങ്ങള്‍
എനിക്കായി ഒരു കുളിര്‍മഴ
എന്‍റെ ചിതയ്ക്കുമുമ്പ്
സമ്മാനിച്ചിരുന്നുവെങ്കില്‍

അഴിച്ചുവിട്ട അശ്വങ്ങള്‍
തിരച്ചുവരാതിരിക്കട്ടെ
എനിക്കിനിവയ്യ
അവയെക്കാന്നിനി
തീയിലേക്കെറിയാന്‍

പകരം കനലിലേക്ക്
ഞാനുരുകാം
മിഴിയടക്കാതെ
പഞ്ചഭൂതമായി
പര്യവസാനിക്കാം

ഒരു പ്രണയമുഖം

നിഴല്‍വീണ തറയിലാ പടിയിറമ്പുംചാരി
ഒരു നോവുപേറിഞാനുണര്‍ന്നിരിക്കേ
തൊടിയിലെ മാമ്പൂചെറുമണം കരളിലായ്
അലിയിച്ചുപോയെന്‍റെ പ്രണയദുഃഖം
മിഴിവാതില്‍തുമ്പിലെ ഓര്‍മകള്‍മൊട്ടിട്ട
കഥകളെ ഞാനിന്നു പങ്കുവയ്ക്കാം
പാദസരങ്ങളില്‍ നിസ്വനം ചേര്‍ത്തുഞാന്‍
പാടവരമ്പത്തൂടോടിയെത്തേ
ചെറുചിരിചുണ്ടിലൊളിപ്പിച്ചുനിന്നൊരാ
പൊടിമീശക്കാരനെ കണ്ടുഞാനും
എന്നിലെപ്രേമം പതിച്ചെടുത്തന്നവന്‍
നെഞ്ചിലെക്കൂട്ടില്‍ ഒളിച്ചുവച്ചു
കടലാസ്സുതുണ്ടുകള്‍ കോറി പകര്‍ന്നവന്‍
എന്നിലെ പ്രണയത്തെ പുല്‍കിയേറെ
എങ്കിലുമവനുടെ ഉള്ളിന്‍റയുള്ളിലായ്
പാര്‍ട്ടികൊടികളുയര്‍ന്നിരുന്നു
വിപ്ലവചിന്തകള്‍ പേറും മനസ്സിലായ്
പ്രണയത്തിന്‍ചിന്തു പതുങ്ങിനിന്നു
തന്നില്‍ജ്വലിക്കും കൊടികള്‍ക്കുപിന്നിലാ
വെറിപൂണ്ടകണ്ണവന്‍ കണ്ടതില്ല
വാള്‍മുനത്തുമ്പിലുതിരും രണത്തിന്‍റെ
നോവുകള് പാറുന്ന മണ്ഡപത്തില്‍
അവനും മയങ്ങുന്നൊരുരക്തസാക്ഷിയായ്
പ്രണയത്തിന്‍ നോവു പകുത്തുവയ്ക്കേ
കാലില്‍കിലുങ്ങും കൊലുസിനെ ഇന്നുഞാന്‍
പണിതീര്‍ത്തുചങ്ങലയാക്കിടുന്നു
പതറും മനസ്സിനെ ബലിയിട്ടുനല്‍കുവാന്‍
ഭ്രാന്തിന്‍റെ ചങ്ങല പേറിടുന്നു
ഞാന്‍ ഭ്രാന്തിന്‍റെ ചങ്ങല വാങ്ങിടുന്നു

Friday, 2 August 2013

നഖക്ഷതങ്ങള്‍

ഒടുവിലെന്‍ ഹൃദയത്തിലലിയിച്ച സ്നേഹമെന്‍
സ്വപന്ങ്ങളായങ്ങു കരുതിവയ്ക്കേ
ഈ ഇടനാഴിതന്‍ പ്രിയമുള്ള കാലൊച്ച
അകന്നുപോകുന്നിതാ മനസ്സിനുള്ളില്‍

കുപ്പിവളകള്‍കിലുങ്ങുന്ന കൈകളില്‍ ഞാനെന്‍റെ
പ്രണയത്തെ ചേര്‍ത്തുവയ്ക്കേ
ഒരു മുഖചാര്‍ത്തുപോല്‍ നിനവിലാ ഓര്‍മകള്‍
പ്രണയത്തിന്‍ മുത്തുകള്‍ പതിച്ചുവച്ചു

കവിതപോലുറയുമെന്‍ ചുടുചുംബനങ്ങളില്‍
അവളുടെ കണ്ണിമ കൂമ്പിനിന്നു
ഒരിക്കലുമുണങ്ങാത്ത നോവിന്‍റെ പാടുകള്‍
വിരഹത്തിന്‍ താഴ്വരെ പൂക്കളായി

പിരിയുന്ന നേരമെന്‍ ഹൃദയത്തിലിറ്റിച്ച
പ്രണയമാം മധുവൂറും പ്രേമപാത്രം
അക്ഷരപൂക്കളം പോലിന്നുമുണ്ടെന്‍റെ
ഹൃദയത്തിലവള്‍തീര്‍ത്ത നഖക്ഷതങ്ങള്‍

ബാല്യത്തിലെന്നിലെ പ്രിയമേറും സഖിയവള്‍
കാലത്തിന്‍ യാത്രയില്‍ മാഞ്ഞുപോകെ
പഴയൊരു തമ്പുരുചേര്‍ത്തതെന്‍ ഹൃദയത്തില്‍
ഒളിചേര്‍ന്ന നിന്‍മുഖകാന്തിയല്ലേ