Saturday, 16 May 2015

സ്വപ്നങ്ങൾ അവ്യക്തമാകുന്നു

സിരകളിൽ പടർന്നുകയറുന്ന
നനുത്ത സംഗീതം ചില നേരങ്ങളിൽ
തലച്ചോറിൽ നിന്ന്
അശുദ്ധ രക്തത്തെ തള്ളിമാറ്റുന്നു.
പ്രണയത്തിന്റെ താളക്രമങ്ങൾ
മറന്നുപോയ ഹൃദയത്തിന്
ഉൾക്കൊള്ളാവുന്നതിലും അപ്പുറമാണത്.
ഒറ്റവരികൾ എന്നെ നോക്കി പല്ലിളിക്കും മുൻപ്
താക്കോൽപഴുതിലൂടെ അളന്നെടുക്കാവുന്ന
ചില കാഴ്ചകൾ ഞാൻ കരുതി വച്ചോട്ടെ.
ഒരു തെച്ചി ചുവപ്പണിയുംമുൻപ്
ഒരു മുല്ല തളിർക്കും മുൻപ്
ഒരു മാരിവില്ല് വാനിൽ വിടരും മുൻപ്
ഞാനൊന്നുകൂടി മയങ്ങിക്കോട്ടെ
മഴ ഇനിയും പെയ്യാനുണ്ട്
ഋതുക്കൾ മാറാനുണ്ട്
ചില നക്ഷത്രങ്ങൾ തെളിയാനുമുണ്ട്.
സ്വപ്നങ്ങൾ അവ്യക്തമാകുന്നു
ഭൂമി ഉരുണ്ടുതന്നെയിരിക്കുന്നു.

തുമ്പയും പൂക്കണം

ഇനിയൊരു മഹാമേരു കടപുഴക്കണം
അതിലൊരു മഹാസൗധ കൊടിയുയര്‍ത്തണം
ഇടമുറിച്ചകലയൊരു പടയൊരുക്കണം
വിധികൊണ്ടു പുതിയൊരു കോട്ടയും തീര്‍ക്കണം
ചങ്ങലക്കണ്ണികള്‍ വിഭജിച്ച ഭൂമിയില്‍
ദാഹമറുക്കും മഴയൊന്നുപെയ്യേ
ചിലചപലമോഹങ്ങള്‍ വെടിയുന്ന പ്രണയത്തി-
നുടലുടലുപാകിയീ പാടമൊരുക്കണം
വില്ലില്‍ മഴത്തുള്ളി കൊള്ളാതെയെയ്യും
കതിരോന്‍റെ കണിവെയില്‍ പാടത്തുകൊള്ളേ
തുള്ളാതെ തുള്ളുന്ന തുമ്പിക്കൊരുമ്മ
ചുണ്ടാലെ നല്‍കാനായ് തുമ്പയും പൂക്കണം

പലവട്ടം ചോദിച്ചിട്ടും

പലവട്ടം ചോദിച്ചിട്ടും
ഒരുവട്ടംപോലും ഞാന്‍
അമ്മതന്‍ വിളിയൊന്നു കേട്ടതില്ല
ഒരു ദിനം വന്നവള്‍ക്കൊരുദാഹമേകാന്‍
എള്ളുകള്‍ പൂക്കുന്ന ചുടലയ്ക്കുമീതെ
എന്തിനീ വാക്കുകള്‍ എഴുതുന്നു ഞാനും
ഉണരുന്ന നേരത്തു പുണരാതയിയിങ്ങനെ

അമ്മ


കോലായിലിച്ചെറുവെട്ടത്തിലാ‍മൊഴി
കേള്‍ക്കുവാനായിന്നു ഞാനിരിപ്പൂ
സ്നേഹംതുളുമ്പുന്ന ചുണ്ടിണകൊണ്ടൊരു
ചുംബനത്തേനുണ്ണാന്‍ കാത്തിരിപ്പൂ
കത്തുന്ന കൈത്തിരി വെട്ടവുമായമ്മ
ദൂരെ മറയുന്നതെന്തിനാണോ
സങ്കടക്കൂരിരുള്‍ മൗനത്തിലേക്കെന്നെ
തള്ളിയിടുന്നതിന്നെന്തിനാണോ
പാലൂറും പൂന്നിലാ തൂകുന്ന ചന്ദ്രനെ
കാട്ടിയാ ചോറമ്മ തന്നിടുമ്പോള്‍
മിന്നിത്തിളങ്ങുന്നൊരായിരംപൂവുപോല്‍
താരങ്ങള്‍ ചിന്നിച്ചിതറി നില്‍ക്കും
പിച്ചനടക്കുമ്പോള്‍ കൊച്ചരിപ്പല്ലിനാല്‍
ചന്തത്തില്‍ ഞാനൊന്നു പുഞ്ചിരിക്കേ
എന്നെയെടുത്തിട്ടങ്ങമ്മാനമാടുന്നൊ-
രമ്മയെക്കാണുവാനനെന്തുചെയ്യും
പീലിത്തിരുമുടി കെട്ടിയ കണ്ണനെ
കുമ്പിട്ടുനില്‍ക്കുമ്പോഴമ്മചൊല്ലും
ചേലുള്ള കീര്‍ത്തന ശീലുകളിന്നിനി
കേള്‍ക്കുവാനായി ഞാനെന്തുചെയ്യും
കത്തുന്ന കൈത്തിരി വെട്ടവുമായമ്മ
ദൂരെ മറയുന്നതെന്തിനാണോ
സങ്കടക്കൂരിരുള്‍ മൗനത്തിലേക്കെന്നെ
തള്ളിയിടുന്നതിന്നെന്തിനാണോ

പ്രണയം


കരിമുകിലേയെൻറെ കളിയോടമൊന്നിനെ
നനയിച്ചിടല്ലേ നിൻ മിഴികളാലെ
ഒരു തേങ്ങലായൊരു വിരഹം നീ പെയ്യുമ്പോൾ
തണുവറിഞ്ഞീഭൂമി പ്രണയമാകും
കുളിരല കൈകളിൽ ചേർന്നൊരു മൃദുകാറ്റെൻ
മനസ്സിലായ് കുളിർമഴ പെയ്തിടുന്നു
ഹൃദയത്തിൽ പെയ്യുമാ പ്രണയത്തിൻ മധുഗാനം
ഒരുവേള നിൻശ്രുതിയായിരിക്കാം
നിന്നുള്ളം മെനയുമീ നൂൽമഴ പന്തലിൽ
നനയുവാനെന്നെന്നുമെൻറെ മോഹം
വേനലിൽ ചിറകറ്റു പോയ കിനാക്കളെ
കരിയില പുതനീക്കി കൂട്ടുവായോ
തരളിത മോഹത്തിൻ മധുര സ്മരണയായ്
ഒരുതുള്ളി മഞ്ഞു നീ തന്നുപോകെ
പോയ വസന്തത്തിൻ നിറമുള്ള പൂവു ഞാൻ
കനവിലെ വിരഹമായ് കാത്തുവയ്ക്കും

പെരുവിരല്‍ നഷ്ടപ്പെട്ടവന്‍

ആമരമീമരമെന്നു ജപിക്കാന്‍
ഒരുമരമിന്നെന്‍ കാട്ടിലുമില്ലേ
വേനല്‍വിയര്‍ത്തു പിളര്‍ന്നുവെടിക്കും
പാടമതൊന്നില്‍ പുഴയതുമില്ലേ
കുടിലുകള്‍ തണലതുകെട്ടിയൊരുക്കാന്‍
ഏനതു സ്വന്ത,ത്തറയതുമില്ലേ
നോവുകള്‍ പേറും കാടുനനയ്ക്കാന്‍
ചാറിവരുന്നൊരു മഴയതുമില്ലേ
ഉരിയരി നെടിയരിയിട്ടുതിളയ്ക്കാന്‍
കാടിന്‍ മടിയില്‍ പിടിയരിയില്ലേ
മാരിപിടിച്ചു വിളര്‍ത്തു നടക്കും
കുഞ്ഞിനുനല്കാന്‍ അന്നവുമില്ലേ
കല്ലുകള്‍കൂട്ടിയ ദൈവത്തറയില്‍
കുരുതികഴിക്കാന്‍ കോഴിയുമില്ലേ
ഇരുകരമിനിയതു കൂട്ടിനമിപ്പാന്‍
ഒരുഗതിയിനിയതു ദൈവവുമില്ലേ
കണ്ണിനുമീതെ കറുപ്പുമുടുത്തൊരു
നീതിയിതെവിടെ കേള്‍വിയുമില്ലേ
അസ്ത്രമെടുത്തു തൊടുത്തുപിടിക്കാന്‍
പാമരനിവനൊരു പെരുവിരലില്ലേ
അസ്ത്രമെടുത്തു തൊടുത്തുപിടിക്കാന്‍
പാമരനിവനൊരു പെരുവിരലില്ലേ

പൂര്‍വികന്‍

അഗ്നിലിംഗങ്ങളേ, ജ്യോതിര്‍ഗോളങ്ങളേ
പ്രാണനാം പൊരുളിലെ ഇല്ലാ വിധികളേ
ഞാനെന്ന മര്‍ത്യന്‍ ജനിച്ചൊരു നാള്‍മുതല്‍
പിന്നാലെ പായുന്ന ചക്രബന്ധങ്ങളെ,
നിങ്ങളീ ജീവിത കാല പാശങ്ങളില്‍
ചേര്‍ക്കുന്നതെന്തെന്‍റെ തലവരക്കാഴ്ചയോ?
മിന്നിമറയുന്ന സൂര്യനാണെന്‍ദിനം
തുള്ളാതെ തുള്ളുന്ന താരകള്‍ ജീവനും.
എപ്പഴാണൊന്നിനി കത്തിയമരുന്ന-
തെന്നൊന്നു കാണാതെ കൂടയീ നിഴലുകള്‍.
ചക്രങ്ങള്‍ ബന്ധിച്ച കാല്‍നടപ്പാതയില്‍
ഒപ്പമെത്തുന്നവര്‍ പരിചിതര്‍ ബന്ധുവും
ഒന്നുചിരിച്ചങ്ങകലേക്കുപോകവര്‍
സൗഹൃദമെന്നു നടിക്കുന്ന ശത്രുവോ?
അല്ലെങ്കിലാരാണു മിത്രമെന്‍ പാതയില്‍
സ്വപ്നകൊട്ടാരത്തിലറിയാത്ത ശയ്യകള്‍.
അക്ഷരജാലങ്ങളാഭ്യാസമാക്കി ഞാന്‍
കെട്ടുംപടികള്‍ക്കുമേലെ സിംഹാസനം
ഉള്ള പ്രപഞ്ചത്തിലുണ്ടൊരു വായു നീ
എല്ലാര്‍ക്കുമുളളിലെ പ്രാണനായെന്നുമേ
തര്‍ക്കങ്ങള്‍ ചങ്ങലപ്പാടുകള്‍ കെട്ടിയ
കോട്ടകള്‍ ഭൂമി കുലുങ്ങിത്തകര്‍ക്കവേ
ചുറ്റുമതിലിന്‍ സുരക്ഷകളൊന്നുമേ
രക്ഷിച്ചതില്ലെന്‍റെ ദേഹവും ദേഹിയും
ഇല്ല മഴകള്‍ മനസ്സിന്നു മീതെയീ
മോഹം കെടുത്തിപ്പടര്‍ന്നു പെയ്തീടുവാന്‍
മായയില്‍ മായയായെന്നുമീ ജീവിത
കനലുകള്‍കൂട്ടിയീ സ്വപ്നമുരുക്കവേ
ചിന്തകള്‍ ചാലിച്ച ജന്മാന്തരങ്ങളില്‍
കണ്ണികള്‍ കൂട്ടുന്ന ഭാവിതന്‍ പൂര്‍വികന്‍