Sunday, 30 June 2013

മണ്‍കുടുക്ക

ഒരുനാളങ്ങമ്മ ചന്തയ്ക്കുപോയപ്പോ
വാങ്ങിയതാണെന്‍റെ മണ്‍കുടുക്ക
ആനത്തലപോലെ ഭംഗിയേറുന്നൊരാ
മണ്ണിന്‍റെ കൗതുകകാഴ്ചയൊന്ന്
ചിര‌ട്ടതവികളും വേമ്പരമ്പും
വില്‍ക്കുവാനായമ്മ പോയനേരം
മണ്ണിലെക്കൗതുക ചന്തത്തിനെയൊന്ന്
ഉണ്ണിക്കുടുക്കയ്ക്കു കൊണ്ടുവന്നു
അമ്മേടെ കയ്യിലാ മണ്‍കൂടുകണ്ടപ്പോ
എന്നുടെ കണ്‍കള്‍ തിളങ്ങിയെന്നോ
പിച്ച നടക്കുന്ന കുഞ്ഞുണ്ണിക്കുട്ടന്‍റെ
കയ്യെത്താ ദൂരത്തു കാത്തിടേണം
അമ്മെടെ കൈയ്യിലെ എട്ടണതുട്ടുകള്‍
തഞ്ചത്തില്‍ വാങ്ങിഞാന്‍ കോപ്പുകൂട്ടി
ഉത്സവനാളിലാ കാശിനാല്‍ ഞാനൊരു
കീയില്‍കളിക്കുന്ന പാവവാങ്ങും
എന്നുടെ സമ്മാനം ഉണ്ണിക്കു നല്‍കും ഞാന്‍
എന്നുടെ പുന്നാര വാവയല്ലേ
തോട്ടിന്‍ കരയിലെ ചെറ്റമാടത്തില-
ങ്ങമ്മേടെ തോളിലായ് ചാഞ്ഞിരിക്കേ
പോസ്റ്റുമാന്‍ വന്നോരാകത്തുകൊടുത്തിട്ട്
അമ്മവിരല്‍പ്പാടു വാങ്ങിപ്പോയി
അങ്ങേലച്ചേച്ചിയാ കത്തുവായിക്കുമ്പോ
അമ്മേടെ കണ്‍കള്‍ നിറഞ്ഞിരുന്നു
അച്ഛന്‍ വരുന്നേരം വായ്പകണക്കിന്‍റെ
തോതു നിരത്തിയങ്ങമ്മകേണു
എന്നിലെ കുഞ്ഞിളം ചിന്ത തിരഞ്ഞില്ല
അമ്മതന്‍ താലി ചരടില്‍കോര്‍ക്കേ
അച്ഛന്‍റെ നൊമ്പരം ഉച്ചത്തിലായതും
അമ്മകരഞ്ഞെന്നെ ചേര്‍ത്തുനിര്‍ത്തി
അമ്മേടെ കണ്ണീരു കണ്ടപ്പോഴച്ഛനും
കണ്ണു തുടച്ചതു കണ്ടുഞാനും
കീഴ്ചുണ്ടു പല്ലില്‍ കടിച്ചുപിടിച്ചെന്‍റെ
അച്ഛന്‍ കരഞ്ഞുവോ മെല്ലെയൊന്ന്
കാട്ടിലെ വേങ്കമ്പ് വെട്ടിയൊടിക്കുമ്പോ
പൊന്നിന്‍ മണികള്‍ ലഭിപ്പതില്ല
മനസ്സിലിറ്റിച്ചൊരാ സങ്കടവാക്കുകള്‍
അച്ഛന്‍റെ കണ്ണിലെ തുള്ളിയായി
കാശിന്‍കണക്കിന്‍റെ തോതറിയാതെഞാന്‍
തല്ലിയുടച്ചെന്‍റെ മണ്‍കുടുക്ക
ചിതറിയചില്വാനം കൂട്ടിയെടുത്തിട്ട്
അച്ഛന്‍ കരങ്ങളില്‍ ചേര്‍ത്തുവയ്ക്കേ
വാരിയെടുത്തെന്നെ ഉമ്മവച്ചിട്ടച്ഛന്‍
പൊട്ടിക്കരഞ്ഞു നിലവിളിച്ചു
ഒന്നുമറിയാതെ കണ്‍മിഴിച്ചങ്ങുഞാന്‍
ചിതറിയ മണ്‍കൂടു തന്നെനോക്കി.

Saturday, 29 June 2013

ഒരു യാത്രയ്ക്കുമുമ്പ്

കറുത്തമേഘങ്ങള്‍ കുരുക്കഴിച്ചൊരാ
നനുത്തനൂലുകള്‍ പുരപ്പുറത്തിതാ
വെളിച്ചമേകുവാന്‍ തുനിഞ്ഞ സൂര്യനെ
മുഖംമറച്ചുവോ അരണ്ടമേഘങ്ങള്‍
ഒഴുക്കുവന്നിതാ എന്‍റെ ചാലിലും
ഒഴുകിവന്നുവോ നീര്‍ക്കുമിളയും
വെളുത്തപൂവുകള്‍കാര്‍ന്നുതിന്നുമീ
കറുത്തവണ്ടുകള്‍ വെളുത്തതാകുമോ
തണുത്തകാറ്റിനാല്‍ അടഞ്ഞകണ്ണുകള്‍
തുറിച്ചുനില്‍ക്കുമീ ഇടവപ്പാതിയില്‍
അകത്തളത്തിലായ് പുതച്ചുകട്ടിലില്‍
മരിച്ചുപോയൊരാ ദേഹമോടവള്‍
ചിരിച്ചുമെല്ലവേ എന്നെനോക്കിയോ
പിടഞ്ഞെണീറ്റുവോ എന്‍റെപ്രണയവും
കടുത്തവാക്കിനാല്‍ കൊടുത്തചിന്തകള്‍
പറിച്ചെറിഞ്ഞവള്‍ എന്നെവിട്ടുവോ
ഒഴിഞ്ഞസ്വപ്നമായ് കൊരുത്തമുത്തുകള്‍
ഓര്‍ത്തെടുക്കുമോ കഴിഞ്ഞകാലമേ
നിറഞ്ഞപാടത്തില്‍ വിളഞ്ഞനെല്ലിനാല്‍
വരമ്പുണങ്ങുമീ കല്‍പഥങ്ങളില്‍
നടന്നുനീങ്ങുമാ കറുത്തപെണ്ണിനെ
മനസ്സിനുള്ളിലായ് പ്രതിഷ്ഠവച്ചുഞാന്‍
വളഞ്ഞുകുത്തുമാ പുഴയ്ക്കു കുറകെയാ
മുറിച്ചതെങ്ങിന്‍റെ പാലമൊന്നതില്‍
കുറുക്കുവച്ചുഞാന്‍ തടഞ്ഞുനിര്‍ത്തവേ
ചിരിച്ചുനിന്നവള്‍ തുടിച്ചനെഞ്ചുമായ്
പറഞ്ഞപാട്ടിന്‍റെ ഈണമോതുവാന്‍
മടിച്ചതില്ലവള്‍ അലിഞ്ഞുപാടവേ
മിടിച്ച ഹൃദയമായ് ചേര്‍ന്നുയെന്നിലായ്
ഉറഞ്ഞുപൂര്‍ണ്ണമായ് എന്‍റെയുള്ളിലും
നീണ്ടകൂന്തലിന്‍ കുരുക്കിലെവിടെയോ
ഒളിച്ചുവച്ചൊരാ തുളസിപോലവള്‍
മറച്ചുയെന്നെയും നനുത്തസ്നേഹത്തില്‍
കരളിനുള്ളിലെ പ്രണയപുഷ്പമായ്
വിടര്‍ന്നകണ്ണുകള്‍ കൂമ്പിവച്ചവള്‍
ചേര്‍ന്നുയെന്നിലെ വാമഭാഗമായ്
ഋതുക്കള്‍ചേര്‍ത്തൊരാ വസന്തകാലത്തില്‍
പ്രണയമൊട്ടുകള്‍ പൂത്തുലഞ്ഞതും
കറുത്തപുഴുക്കളായ് വന്നരോഗമീ
കറുത്തപെണ്ണിനെ കാര്‍ന്നുതിന്നുവോ
വെളുത്തകണ്ണിലെ തെളിഞ്ഞവെണ്ണയും
ഒലിച്ചിറങ്ങുമാ കവിള്‍ത്തടത്തിലും
പതറിനിന്നഞാന്‍ കൊടുത്തുമുത്തവും
ഒലിച്ചിറങ്ങിയോ എന്‍റെ വേദന
നീണ്ടനാളുകള്‍ ചേര്‍ത്ത നൊമ്പരം
കൂട്ടിവച്ചവള്‍ താണുകേണതും
തകര്‍ന്നുപോയിയെന്‍ ഹൃദയതാളവും
കൈമറച്ചവള്‍ ചുണ്ടുപൊത്തവേ
ഓര്‍ത്തെടുത്തുഞാന്‍ നനഞ്ഞവാക്കുകള്‍
കോര്‍ത്തെറിഞ്ഞവള്‍ നരകയാതന
മടുത്തജീവനെ യാത്രയാക്കുവാന്‍ വിഷ
തുള്ളിചേര്‍ത്തുഞാന്‍ പകര്‍ന്നുപാനീയം
അടര്‍ത്തിമാററിഞാന്‍ വിറച്ചകൈകളില്‍
ചിരിച്ചപെണ്ണിനെ വലിച്ചെറിഞ്ഞുവോ
തണുത്തകാറ്റിതാ അരിച്ചുകേറുന്നു
കുടിച്ചു ഞാനുമീ പകര്‍ന്നപാനീയം

Friday, 28 June 2013

എന്‍റെ കാവ്

ഇന്നെന്‍റെ കാവിലെ ഉത്സവമ്മല്ലേ
ഞാനുംപുറപ്പെട്ടെന്‍റുണ്ണിയെക്കൂട്ടി
പുള്ളുവന്‍പാട്ടിന്‍റെ മാധുര്യമൂറും
നാഗക്കളത്തിലെ തുള്ളലുകാണാന്‍
മഞ്ഞപ്പൊടിയുമരിപ്പൊടിതന്നെയും
പിന്നെകരിക്കട്ടതീര്‍ത്തകളത്തില്‍
നാഗഫണത്തിന്‍റകോലംവരച്ചതില്‍
കൂമ്പാളകോട്ടി നിരനിരവച്ചു
കമുകിന്‍റെപൂക്കുല നാഗത്താര്‍ചൂടി
പാലില്‍കുളിച്ചങ്ങുറഞ്ഞുരസിക്കാന്‍
ചെണ്ടപ്പുറത്തുള്ള മേളപദത്തില്‍
ആടിത്തുടങ്ങി മനസ്സിന്‍തുടികള്‍
പുള്ളുവപ്പെണ്ണുങ്ങള്‍ പാടിത്തുടങ്ങി
ചുരുളുകള്‍താണ്ടിയാ നാഗകഥയില്‍
കാവിലെപണ്ടുള്ള തുള്ളുവോരെല്ലാം
താഴെക്കുളത്തിലായ് മുങ്ങിക്കുളിക്കും
ഇന്നാതറയിലെ കുളത്തെസ്മരിക്കാന്‍
എല്ലാരും കണ്ണിണകൂട്ടിയടയ്ക്കും
പ്രകൃതിവരച്ചിട്ട കാടിന്‍റെകോലം
മൂന്നാലുവൃഷത്തില്‍ മാത്രമൊതുങ്ങി
താഴെത്തൊടിയുമാ പാടവുമെല്ലാം
പുഴയോരമേറുന്ന സൗധങ്ങളായി
പണ്ടെന്‍റെയോര്‍മയിലെത്തുന്ന കാട്ടില്‍
പച്ചതുരുത്തിന്‍റെ പന്തലുകാണാം
പക്ഷികള്‍ പലതരം കുഞ്ഞുമൃഗങ്ങള്‍
വള്ളികള്‍തൂങ്ങുന്ന കാട്ടുമരങ്ങള്‍
വേങ്ങയും കുളമാവും ചൂരല്‍പനയും
മഞ്ചാടി കുന്നിയും എറെ ഫലങ്ങള്‍
നാഗങ്ങളിഴയുന്ന മാളങ്ങള്‍തോറും
സര്‍പ്പപ്പുരയെന്ന കെട്ടുകഥകള്‍
എണ്ണയും കര്‍പ്പൂരമഞ്ഞള്‍പ്പൊടിയും
സാമ്പ്രാണിചേര്‍ത്തുള്ള ഗന്ധംനിറച്ച്
നാഗത്തറയിലായ് വിളക്കുതെളിക്കാന്‍
മുത്തശ്ശിക്കൊപ്പം വരുന്നുണ്ടുഞാനും
മേലേ മരത്തിന്‍റെ ചില്ലകള്‍തോറും
തൂങ്ങിച്ചിലക്കുന്നു വവ്വാലിന്‍കൂട്ടം
ചേക്കേറിയെത്തുന്ന പക്ഷികള്‍ക്കെല്ലാം
ഏറെപ്പറയേണം എന്നോടുകൊഞ്ചല്‍
എന്നുടെ കണ്ണിലെ കൃഷ്ണമണികള്‍
തേടി മരത്തിന്‍റെ ചില്ലയ്ക്കുമേളില്‍
കുന്നിക്കുരുവിന്‍റെ സൗന്ദര്യംപേറും
കതിരവന്‍ മുത്തിചുവപ്പിച്ച സന്ധ്യ
മൂക്കില്‍തുളച്ചൊരാ നൂറിന്‍റെഗന്ധം
എന്നെയുണര്‍ത്തിയാ കോലത്തിനോളം
നാഗത്താരിപ്പോഴും പാര്‍ക്കുവതുണ്ടോ
ഉണ്ണിചോദിച്ചെന്‍റെ കൈയ്യിലായ്തൂങ്ങി
എന്തെന്നറിയാതെ ഉണ്ണിയെനോക്കി
നാഗത്തറയിലായ് കൈകൂപ്പിഞാനും

Thursday, 27 June 2013

പീടികത്തിണ്ണ

മാറാലയിറ്റിച്ച ചില്ലലമാരയും
തേഞ്ഞുപതംവന്ന ഇരിപ്പാന്‍പലകയും
ചായക്കറയും ചമ്മന്തിക്കോലവും
കൂട്ടിയഗന്ധംമറന്നൊരാ മേശയും
പഴയൊരുപിച്ചളമൊന്തയും ചാര
മൊതുക്കുന്ന ഇരുമ്പിന്‍ തവികളും
മണ്ണുകുഴച്ചുമെനഞ്ഞഅടുപ്പിലായ്
കത്തിയമര്‍ന്ന കരിക്കട്ട‍കൂട്ടവും
വക്കുഞണുങ്ങിയചായക്കലത്തിനെ
മൂടിയിരിക്കുന്ന കുത്തണിചരുവവും
തൂക്കുപാത്രങ്ങളും ഇരുമ്പുപിഞ്ഞാണിയും
പ്രായത്തിന്‍കൂനുള്ള കറിയറുപ്പോത്തിയും
ഒറ്റകാതുള്ളോരു ദോശപ്പലകയും
ചിരട്ടതവികളും ഉപ്പിന്‍ഭരണിയും
ചന്ദ്രക്കലയാര്‍ന്ന ചട്ടുകവും പിന്നെ
കണ്ണാപ്പ, ചട്ടികള്‍, എണ്ണതുടങ്ങളും
തേയിലപൈയ്യുമാ ചെമ്പിന്‍റെകപ്പും
ചായകുടിക്കുന്ന ഗ്ലാസിന്‍നിരകളും
കണ്ടുഞാനങ്ങതിലൂടെ മറന്നെന്‍റെ
ഭാവംസ്ഫുരിക്കുന്ന പരിഷ്കാരവേഷത്തെ
ചമ്രം പടിഞ്ഞങ്ങിരുന്നുപോയ് മെല്ലെയാ
ഇടിഞ്ഞുതുടങ്ങിയ ചാണകത്തറയിലായ്
പണ്ടെന്‍റെ മോഹങ്ങള്‍ ചൂട്ടുമിന്നിച്ചതാണ
ച്ഛന്‍പകര്‍ന്ന വിയര്‍പ്പിന്‍ കണങ്ങളില്‍
വെട്ടംപകര്‍ന്നൊരാ ചിമ്മിനിക്കണ്ണുകള്‍
പാഠംപോലിന്നുമീ പീടികത്തിണ്ണയില്‍

Wednesday, 26 June 2013

തിരുവോണം

ഞാനെന്‍റെ തുമ്പിയെ കണ്ടുപിടിച്ചെന്‍റെ
ഉമ്മറവാതിലില്‍ കെട്ടിയിട്ടു
ഓണംവരുത്തുവാന്‍ നീവേണംകൂടെയി
തുമ്പപ്പൂ നുള്ളുവാന്‍ വന്നിടേണം
ചന്തത്തിലത്തം പടയ്ക്കവേണമതില്‍
തെച്ചിപ്പൂ വട്ടത്തില്‍ വച്ചിടേണം
ആറുമാസച്ചെടി മന്ദാരം പിച്ചിയും
നുള്ളിയെടുക്കുവാന്‍ പോകവേണം
വയലിലെ വെള്ളത്തില്‍ പാവാടമുങ്ങാതെ
കുന്തിച്ചുതന്നെ പിടിക്കവേണം
ഞാറ്റടികോണിലായ് തുള്ളിമദിക്കുന്ന
പരലിനെകണ്ടു രസിക്കവേണം
ഓണമിങ്ങെത്തുമ്പോള്‍ ഉത്രാടപ്പാച്ചിലായ്
അമ്മയ്ക്കുമുമ്പേ നടന്നിടേണം
തുന്നിയെടുപ്പിച്ച കുപ്പായചന്തത്തെ
മിന്നിത്തെളിച്ചു നടക്കവേണം
നാക്കിലതുമ്പിലായ് നേദിച്ചയപ്പത്തെ
അമ്പിന്‍തലപ്പാലെടുക്കവേണം
അമ്മാവന്‍കൈയ്യിലാ പൊകലകൊടുത്തിട്ടു
നാണംകുണുങ്ങിച്ചിരിക്കവേണം
തോലുകൊണ്ടുള്ളൊരു മാടനെത്തുന്നേരം
അമ്മയ്ക്കുപിന്നിലൊളിക്കവേണം
അനുജന്‍റെ പന്തിനെ തട്ടിത്തെറിപ്പിച്ച്
കുസൃതിത്തരങ്ങളില്‍ മുഴുകവേണം
ഉച്ചയ്ക്കു സദ്യയില്‍ നെയ്ചേര്‍ത്ത
ചോറുണ്ണാന്‍ ചമ്രപടിഞ്ഞങ്ങരിക്കവേണം
ഇന്നുമീ സദ്യയില്‍ നെയ്യുണ്ടോചോറുണ്ടോ
ആരാനുംകൊണ്ടു തരുന്നതല്ലെ
വൃദ്ധസദനത്തിന്‍ വാതലില്‍ തന്നെഞാന്‍
തുമ്പിയെക്കെട്ടിത്തളച്ചിടട്ടെ

വഞ്ചിക്കാരന്‍

നടവഴിപ്പാതയില്‍ ഓരത്തിരുന്നൊരാ
വൃദ്ധനെ കണ്ടനാളിന്നുമോര്‍ക്കുന്നു ഞാന്‍
മുഷിഞ്ഞ തോര്‍ത്തിനാല്‍ നഗ്നതമറച്ചൊരാള്‍
മുട്ടില്‍ തലചേര്‍ത്തു കൂനിയിരിക്കുന്നു

നീണ്ട മുളംതണ്ടു താഴത്തു വച്ചതില്‍
കൈചേര്‍ത്ത് താളങ്ങള്‍ കൊട്ടീരസിക്കുന്നു
കാല്‍വെള്ളമെല്ലെ ചലിപ്പിച്ചതിന്‍ താളം
മനസ്സില്‍പതുക്കെ പതിച്ചെടുക്കുന്നപോല്‍

നരകള്‍ കഷണ്ടിയില്‍ പീലിയായുയര്‍ന്നങ്ങു
പാറിപ്പറന്നു വിടര്‍ന്നു വിലസ്സുന്നു
മനസ്സില്‍ പരിചിതമാക്കുമതെന്നിലാ
കൂനിയിരിക്കുന്ന വൃദ്ധമനസ്സിനെ

പാഠം പഠിക്കുവാന്‍ പുഴകടന്നെത്തണം
തോണി വരന്നതു കാത്തു ഞാന്‍ നില്‍ക്കവേ
നീണ്ട മുളയിലെ ഊന്നുതുഴയുമായ്
പുഴനീന്തി ഇക്കരെത്തോണിയടുക്കുമ്പോള്‍
വെറ്റകറകൊണ്ട പുഞ്ചിരി പൂണ്ടൊരാള്‍
വഞ്ചിക്കകത്തെന്നെ കൈപിടിച്ചേറ്റുന്നു
വഞ്ചിമ്മാനെന്നൊരു ഓമനപ്പേരിനാല്‍
കൊഞ്ചിവിളിച്ചു ഞാന്‍ ആ കൃശഗാത്രനെ

വെറ്റക്കറകളില്‍ പുഞ്ചിരി മാറാത്ത
വൃദ്ധമുഖത്തിനെ കണ്ടറിഞ്ഞപ്പൊഴേ
തുഴകള്‍ തുടുപ്പിച്ച കൈവെള്ളയൊന്നിനെ
കോര്‍ത്തുപിടിച്ചെന്‍റെ നെഞ്ചിലമര്‍ത്തവേ
വിതുമ്പി ഞാനെപ്പൊഴോ കണ്‍കള്‍ കലങ്ങാതെ
വിണ്ണിലായ് മേഘങ്ങള്‍കൂടുകൂട്ടുംവരെ

നദിയിലാ നൗകയില്‍യേറെ തുഴഞ്ഞതാം
ഒരുവേള നദിതാണു കീഴടങ്ങുംപോലെ
മണല്‍നീണ്ട വഴികളില്‍ ഒരുരേഖ തീര്‍ത്തവള്‍
ആലസ്യമാര്‍ന്നു പതുങ്ങിക്കിടക്കുന്നു

വഞ്ചിപുരയാകും ചെറ്റക്കുടിലിലെ
കാത്തിരിപ്പിന്നിതാ നടവഴിപ്പാതയില്‍
ശബ്ദമുയര്‍ത്താതെ കൂനിയിരിക്കുന്നു
പിഞ്ചിളം പൈതലിന്‍ പുഞ്ചിരിപോലയാള്‍.

Tuesday, 25 June 2013

സംസ്കരിച്ച പ്രണയം

കലാലയത്തിന്‍റെ ഗോവണിക്കെട്ടിലായ്
പിന്നെയൊരിക്കല്‍ ഞാന്‍ ചെന്നുചേരെ
എന്നെയറിയാത്ത മുഖവുമായിന്നവള്‍
പുതിയകാലത്തിന്‍റെ മന്ത്രമോതി
അന്നുഞാന്‍ പാടിപറന്നുനടന്നൊരാ
ഇടനാഴിയൊക്കെയും മൂകമായി
ചിരിച്ചമുഖങ്ങളും കുസൃതിത്തരങ്ങളും
എന്നെത്തലോടാനായ് വന്നതില്ല
നരവച്ച താടിയില്‍ മെല്ലെതലോടിയാ
ഓര്‍മ്മയാം കൊട്ടാര പടികടക്കേ
ആദ്യപ്രണയത്തിന്‍ നവ്യസുഗന്ധങ്ങള്‍
ചുളിവീണ കണ്ണിലേയ്ക്കോടിയെത്തി
മഞ്ഞണിപട്ടിന്‍റെ ധാവണിചന്തത്തില്‍
കിലുങ്ങിച്ചിരിക്കുന്ന വളയഴക്
കണ്ണിലാപ്രേമത്തിനമ്പെയ്ത്തുകൊണ്ടവള്‍
എന്‍റെഹൃദയത്തെക്കീഴടക്കി
പുസ്തകകൂട്ടങ്ങള്‍ കെട്ടിമറിയുന്ന
ഗ്രന്ഥപുരയുടെ കോണില്‍വച്ച്
അവളോടുഞാനെന്‍റെ പ്രിയമങ്ങറിയിച്ചു
ചമ്മും മുഖത്തിന്‍റെ വെമ്പലോടെ
അവളറിയാത്തൊരാപുസ്തകമൊന്നിലെന്‍
ഹൃദയത്തെക്കോറിഞാന്‍ വച്ചുനീട്ടി
നാണം‍ത്തില്‍ചാലിച്ച ചിരിയുമായന്നവള്‍
പുസ്തകംനെഞ്ചത്തമര്‍ത്തിയോടി
പിന്നെയെന്‍ പ്രണയത്തിന്‍ വല്ലരിപ്പൂക്കളി
ലവള്‍ചേര്‍ത്തനറുമണമേറെയത്രേ
വര്‍ഷക്കണക്കിലെ പാഠങ്ങള്‍തീര്‍ന്നപ്പോള്‍
പ്രണയത്തില്‍വിരഹവും വന്നുചേര്‍ന്നു
പിന്നെയെന്‍ ഇടവഴിച്ചാലിലൂടൊരുവട്ടം
അവളാകും നിഴലുകള്‍ വന്നതില്ല
ഓര്‍മ്മതന്‍കൂട്ടിലായ് പിച്ചളപ്പൂട്ടുകള്‍
ആദ്യപ്രണയത്തെ ചേര്‍ത്തുവയ്ക്കേ
നാഴികമണികളില്‍ അക്കങ്ങള്‍ കൂട്ടുവാന്‍
ധരണിയാ തണ്ടില്‍ കറങ്ങിനിന്നു.
കൂടെഞാനിപ്പൊഴുംജീവിതനൗകയെ
താളത്തില്‍ത്തന്നെ തുഴഞ്ഞിടുന്നു