Monday, 27 July 2015

ചുവരെഴുത്ത്

എന്‍റെ ഹൃദയതാളുരുകുമൊരു ചുവരെഴുത്ത്
ഉള്ളിലഴലുമായെരിയുന്ന നോവെഴുത്ത്
ജ്ഞാനക്കടല്‍ക്കരക്കാറ്റിലൊരു മേഘമായ്
പായുന്നു ഞാനിതാ ദേഹിയായി
പലമഴകള്‍ പെയ്തു തണുത്തൊരാ നീരാഴി
പേറുന്നു കണ്ണുനീരരുവിയായി
കാലങ്ങളും കാമബന്ധങ്ങളുംകൊണ്ടു
വീണ്ടുമീ പാലാഴി പാല്‍നുരയ്ക്കേ
തീരത്തിലെ ശുഷ്കശാഖിയാം പൂമരം
ഉടല്‍വെടിഞ്ഞെവിടെയോ നിദ്രപൂകുന്നു
ഇനിചപലതാളമായ് ചാറലൊഴിയുമ്പോള്‍
കനവിലൊരു തീരമായ് ഞാനിരിക്കുന്നു
തിരകളുണ്ടവിടെയും കാര്‍ന്നു തിന്നുന്നു
ഉടലെന്ന ബന്ധന കരയഴിക്കുന്നു
ചുളിവുകള്‍ ഓര്‍മ്മതന്‍ ചുഴിയിലെ സിരകളില്‍
പടരുന്നു സന്ധ്യയൊരു കൂരിരുള്‍ മാതിരി
ചിരിയുമായ് വീണ്ടുമീ തിരകള്‍ പൂകുന്നു
കാലടികള്‍ മായ്ക്കുവാന്‍ മണല്‍ പരക്കുന്നു
ചുവരുണ്ട് പിന്നെയും ചിലവരി ചമച്ചെന്‍റെ
കനലറ്റ കരിവര ബിംബമാക്കുന്നു
ഇരുള്‍മൂടി കണ്‍പോള കട്ടെടുക്കാതെ
ഞാനുമൊരു ചാറലായ് വന്നുപോകുന്നു

Thursday, 16 July 2015

അറകത്തി തുടയ്ക്കാതെ

നിണമൊഴുകിചാലായപുഴയരുകിലെന്‍റെ
മരണവിളികേള്‍ക്കുന്നതറകത്തിമാത്രം
തലയറ്റയുടല്‍കീന്തി തോലുരിക്കുമ്പോള്‍
വിറകൊണ്ടുപിടയുന്നു വീണ്ടുമെന്‍ ദേഹം
ഒരു ശബ്ദമുയരില്ല ഒരുവിരല്‍പോലും
അരുതരുതുചൊല്ലാന്‍ പിടയില്ലകൂടെ
പലതുണ്ടുമാംസമായ് തൂങ്ങുന്നു ഞാനും
വിലയുള്ള ഭക്ഷണപ്പൊതിയായി മാറാന്‍
പലകൊത്തുകൊത്തിയെന്‍ മാംസതുരുത്തില്‍
കൊതിച്ചാലുവെട്ടി നീ നാവു നീട്ടുന്നു
ഇന്നലെ നിന്‍കുഞ്ഞു സ്നേഹിച്ചയെന്നെ
ഉപ്പെരിവു ചേര്‍ത്തു നീ താളിച്ചതെന്തേ
കണ്ണെഴുതി നീയെന്‍റെ രോമക്കുടുക്കില്‍
നല്ലെണ്ണചേര്‍ത്തങ്ങുഴിയുന്നനേരം
കണ്ടില്ല ഞാന്‍നിന്‍ മനസ്സിന്‍റെ മായം
മാംസംകൊതിക്കുംനിന്‍ നാവിന്‍റെ ദാഹം
കരയുന്ന ചുണ്ടിലൊരു ചിരിയൊന്നു കാണാന്‍
നിന്‍കുഞ്ഞിനായി ഞാന്‍ തുള്ളുന്നനേരം
കൈകൊട്ടി നീയെന്‍റെ പിന്നാലെ കൂടും
പച്ചില തുണ്ടില്‍ നീ സ്നേഹം കുറിക്കും
അറകത്തി ഖണ്ഡിച്ചയുടലിലെ നോവാല്‍
പിടയാത്ത ഹൃദയത്തെ നീയുടയ്ക്കുമ്പോള്‍
ഉടലറ്റ തലയുമായ് ഞാന്‍ പിടയ്ക്കുന്നു
നിന്‍റെ മാംസകൊതിയുള്ള കണ്ണറിയാതെ.