കുഞ്ഞെനെഴുത്തുകള്‍

മഴയഴക്
മലയുടലഴക്
മുലഛേദങ്ങള്‍
---------------------------------
ഒരു മഷിത്തണ്ടിനാല്‍ 
മാഞ്ഞു പോകുന്നില്ല
കല്ലൂന്‍സില്‍ കുറിച്ചുവച്ച ബാല്യം
----------------------------------------------------
കരിമുകിലളിതന്‍സുന്ദരരൂപം
ലളിതമനോഹര മന്മഥഗാത്രം
പുല്ലാങ്കുഴലിന്‍ മധുരിതഗാനം
തരുണികളിടറും സുന്ദരസ്മേരം
കരിമുകിലഴകേ തിരുമുടിചൂടും
പീലിയിലുറയാനടിയനുമോഹം
-------------------------------------------------
പതിരില്ല പദം ചൊല്ലി
പതംവന്ന മനസ്സില്‍ ഞാന്‍
കടംകൊണ്ട ഉടലാലെ
കടങ്കഥ കൂട്ടിവച്ചു
--------------------------------------------------
മുളംതണ്ടിലേക്കൂതിവിട്ട ശ്വാസം 
തിരിച്ചെടുക്കാനാകാതെ 
ചക്രശ്വാസം വലിക്കുന്നുണ്ടൊരു നോവ്
----------------------------------------------------------------
കടലൊഴിഞ്ഞുടലിലെ നോവുപാത്രങ്ങളായ്
പിന്നെയും തിരകള്‍വന്നകലേക്കുപോകുന്നു
മുറുകുന്ന ഹൃദയത്തില്‍ ചിതറുന്ന ഞണ്ടുകള്‍
ഉരുകുന്ന മണലിലൂടിഴയുന്നു, പായുന്നു...
നൂല്‍വരകളാകുന്ന തിരകള്‍തന്‍ മുത്തുകള്‍
മായ്ക്കുന്നു മധുരമാം ഓര്‍മ്മതന്‍ വേരുകള്‍
-------------------------------------------------------------
ഇരുട്ടാണ് നമുക്ക് സൂഷ്മത നല്‍കുന്നത്
------------------------------------------------------------
ഈ രാവ് പകരുന്ന പനിമതി ചൂടാന്‍
തളിര്‍ചൂടും വല്ലി നീ പൂക്കാത്തതെന്തേ
പ്രിയമോടെയൊന്നും ചൊല്ലാത്തതെന്തേ
ഹ‍ൃദയത്തിലൊരുകൂട് പണിയാത്തതെന്തേ
------------------------------------------------------------
ശിലയല്ല കണ്ണാ, എന്‍ കരളില്‍ നീയെന്നും
അഴലുകള്‍ മായ്ക്കുന്ന പൊരുളാണു നിത്യം
ഒരു പീലികൊണ്ടന്‍റെ ഹൃദയത്തിനുള്ളിലെ
ചപലതകള്‍ നീക്കി നീ നിറയുന്നു കണ്ണാ
----------------------------------------------
കനല്‍കാട്ടില്‍ ഞാനൊറ്റയ്ക്കുറങ്ങട്ടെ
നിഴലേ നീയും തിരിച്ചുപോകുക
ജനികള്‍ അനാഥരാകാതെ വഴികാട്ടുക
---------------------------------------------------
എന്നെ വേദനിപ്പിക്കാന്‍ 
നിനക്കാവില്ല
ഞാനൊരു വഴിയാത്രക്കാരനാണ്
വഴിയിടങ്ങളിലെ
സ്വപ്നങ്ങള്‍ സമ്മാനിക്കുന്നത്
അടുത്ത പകലിലെ 
ക്ഷീണമില്ലാത്തയാത്രകള്‍ മാത്രമാണ്.
അതിനാല്‍ നിഴലില്ലാത്ത സ്വപ്നങ്ങളുമായി
ഞാനിതാ യാത്ര തുടരുന്നു.
------------------------------------------------------
മനസ്സുപൂക്കുന്ന കാലം വരും
അന്നെന്‍റെ അസ്തിത്തറയും പൂക്കും
ശരീരത്തിലെ കുടുക്കുകളും അഴിഞ്ഞിട്ടുണ്ടാകും
--------------------------------------
പഠിച്ച അക്ഷരങ്ങള്‍ ചുറ്റും നിന്ന് കുരവയിടുന്നു
മനസ്സില്‍ കോര്‍ത്തൊരു രാഗമായി താളമിടാന്‍
വിരല്‍ത്തുമ്പില്‍ നാണത്താലൊരു വാക്ക്
-----------------------------
നെഞ്ചുവറ്റി ചുരത്തിയ പാലിതാ
നെഞ്ചുപൊട്ടി മരിച്ചു കിടക്കുന്നു
യുഗം
----------------------
ജനിച്ചു കഴിഞ്ഞു
ഇനിയാവോളം കഴിക്കണം
മരിക്കേണ്ടതല്ലേ?
----------------------
സംവരണമാണ് സ്ത്രീയെ അബലയാക്കുന്നത്
------------------------------
കാഴ്ചകള്‍ കണ്ണറിയുമ്പോള്‍
നിറങ്ങള്‍ ഞാന്‍ ചേര്‍ത്തുവയ്ക്കുന്നു
മനസ്സിലെ ഋതുഭേദങ്ങളില്‍ 
അവ കറുപ്പും വെളുപ്പുമാക്കുന്നു
-----------------------------
മഴയിറമ്പത്തൊരു 
വിരഹത്തിന്‍തുള്ളികള്‍
മനസ്സിന്‍റെ താളത്തില്‍ പെയ്തിറങ്ങി
---------------------------
നക്കിത്തിന്നാന്‍ നല്ലുപ്പില്ലാത്തവനെ
നക്കിയെടുക്കുന്നുകാറ്റ്
-------------------
വരികള്‍ നനയാതെ 
പലപ്പോഴും കണ്ണുപൊത്തുമ്പോള്‍
ഇരുട്ടെന്നെ ഭയപ്പെടുത്തുന്നു
------------------------
കുന്നിക്കുരുവിന്‍റെ കണ്ണുകളില്‍
എന്‍റെ ബാല്യമൊളിച്ചിരിക്കുന്നു
ഇനിയും പ്രസവിക്കാത്ത ഒരു പീലിത്തുണ്ട് സാക്ഷി
------------------------------------
വഴിയിടങ്ങളില്‍ ഒറ്റയ്ക്കു നിര്‍ത്തിയിട്ടും
പൂവിരിക്കുന്നു വഴിത്താരയില്‍
ചില നന്മമരങ്ങള്‍
--------------------------
ചുറ്റുന്നിരുട്ടെന്‍റെ ചുറ്റിലും 
ചുറ്റിപ്പിടിക്കുവാനാകാത്ത മായയായ്
കാണുന്നിരുട്ടിനെ കണ്ണിന്നിരുട്ടായ്
അന്ധതപേറിഞാനൊന്നു തൊട്ടില്ലയോ?
വാനവും ചുറ്റിനീ എങ്ങും പടര്‍ന്നിട്ടും
തെല്ലൊന്നു തൊട്ടൊന്നറിഞ്ഞില്ല നിന്നെഞാന്‍
കാഴ്ചയിലല്ല നീ ഈയിരുളിങ്ങനെ
ആഴ്ന്നിറങ്ങുന്നെന്‍റെ ജീവിത ഛായയില്‍
-------------------------------
പ്രകാശം ഇരുട്ടിലേക്കുള്ള വഴി
--------------------------------------------------------
വെളിയിലെ ചാരു കസേര
അച്ഛന്‍റേതായിരുന്നു
ഇപ്പോഴെന്‍റേതും
--------------------------------------------------------
കൂട്ടിലേക്കു കയറുമ്പോള്‍ ഒരു ജന്മം
കൂടുവിട്ടുണരുമ്പോള്‍ മറു‍ജന്മം
ശലഭം
--------------------------------------------------------
അവള്‍ പറഞ്ഞ കഥകേട്ട്
അരഞ്ഞാണൊന്ന് ചിരിച്ചു
അഴിച്ചുവയ്ക്കാത്ത പ്രണയം
--------------------------------------------------------
ഓണം വന്നെന്നു മലയാളി
പൂക്കളിതിര്‍ത്തത് തമിഴാളി
ചുവന്ന കോളങ്ങള്‍ അവധി തീര്‍ക്കുന്നു.
-------------------------------
പുഴ താഴേയ്ക്കാണൊഴുകിയത്
ചുഴിതീര്‍ത്തൊരാഴത്തില്‍
നൂല്‍വരകള്‍ മണല്‍ത്തിട്ടകളെ വിഭജിച്ചു
-------------------------------
ഹൃദയത്തില്‍ കോര്‍ത്തത് നുണക്കുഴികള്‍
പ്രണയത്തില്‍ കോര്‍ത്തത് ചില മൊഴികള്‍
നായുടെ വാല് ചുരുണ്ടു തന്നെയിരിക്കുന്നു
------------------------------
പത്തു വിരലുകള്‍
അതിലൊന്നു ചൂണ്ടി
കടല്‍ ശാന്തമാണ്
----------------
ഒരു ചായക്കൂട്
പലവര്‍ണ്ണങ്ങള്‍ കോര്‍ത്ത് മേഘം
പട്ടം നൂല്‍പൊട്ടിയകലുന്നു
------------------
ഒറ്റ നൂലിലൊരു തോര്‍ത്ത്
അറ്റു പോയത് മൗനം
ദര്‍ഭയൂരി സമര്‍പ്പണം
--------------------------------------------------------
തോല്‍വികള്‍ മനസ്സുകൊണ്ടു സ്വീകരിക്കപ്പെടുമ്പോള്‍
ഞാന്‍ ജയിക്കുകയാണ് 
എന്‍റെ നോവിനെ
--------------------------------------------------------
പ്രദര്‍ശന നഗരിയില്‍
കുപ്പിക്കുള്ളിലൊരു ഭ്രൂണം
അവളുടെ അടിവയറിലൊരു നോവ്
--------------------------------------------------------
മഴയായയാലും 
വെയിലായാലും
എന്‍റെ കുടില്‍ വെന്തുനീറുന്നു
--------------------------------------------------------
വരകള്‍ അക്ഷരങ്ങളാകുന്നത് 
പലപ്പോഴും വക്രങ്ങളാകുമ്പോഴാണ്
പക്ഷേ മനസ്സ് നേര്‍രേഖയില്‍ത്തന്നെ സഞ്ചരിക്കണം
------------------------
എന്‍റെ ജാതി
എന്‍റെ മാംസം
പേരു വാലായി
------------------------
ഒരു വര
ഒരു ചെറിയവര
അതടിവര
---------------------------------
കത്തുന്നുണ്ട് ചിത
കടല്‍ ശാന്തമാണ്
ഇരുട്ടിനിനി ഒരു മാത്ര
------------------------------------------------
മഴവില്‍ ചന്തത്തില്‍
നാം നെയ്തുകൂട്ടുന്ന സ്വപ്നങ്ങളില്‍
ഒരു സൗഹൃദമെങ്കിലും ചിരിതൂകുന്നുണ്ടാകും
---------------------------------------------------
താതാ തക താതക തക തെയ്യം
തെയ്യോം തക തിത്തക തക തെയ്യം
വാരിക്കുഴിയൊക്കെ മെതിച്ചു
കുഴിയാനേനെ കെട്ടിവലിച്ചു
---------------------------------------------------
നൂല്‍മഴയുടെ നനുത്ത സംഗീതത്തില്‍
മനസ്സ് മൗനമായി പറന്നു
വെറുതെ മഴത്തുള്ളികളെ നോക്കി ഞാനും
-----------------------------------------------------
ഞാനറിഞ്ഞില്ല
എന്നില്‍ പൂക്കളേക്കാള്‍ വളര്‍ച്ച
മുള്ളുകള്‍ക്കാണെന്ന്

ഇലകള്‍ക്കടിയില്‍
ഞാനൊളിപ്പിച്ച കുഞ്ഞുമുള്ളുകള്‍
നിന്‍റെ കൈ വേദനിപ്പിച്ചുവെങ്കില്‍
പകരം നീയെടുത്തോളൂ
ഈ പനനീര്‍പൂവ്

----------------------------------------------------
ദന്തഗോപുരത്തിനുള്ളിലെ മാലാഖയായിട്ടും
ചിലപ്പോളവള്‍ അസഭ്യം പറയുന്നു
നാവ്
------------------------------------------
പരസ്പരം കാണാനാകാതെ 
ഉരുണ്ടുമറിയുന്നുണ്ടെന്‍റെ 
കൃഷ്ണമണികള്‍
----------------------------------------
കുത്തിവരച്ചത് ഞാന്‍
വായിച്ചെടുത്തവര്‍ പലത്
ദേഷ്യം , അത്ഭുതം, ചിരി, പിന്നെയും
----------------------------------------
ജനിക്കുന്ന വാക്കുകള്‍ 
എനിക്കു സമ്മാനിക്കുന്നത് 
പുതിയ തലമുറെയെയാണ്
------------------------
ഒഴിഞ്ഞുപോകുന്ന പ്രകാശം
പലപ്പോഴും എന്നെക്കൊണ്ട്
ചില വരകള്‍ വരയ്ക്കാറുണ്ട്
------------------------
ചില മുഴക്കങ്ങള്‍
നെഞ്ചിലുറയുന്നതുപോലെ
----------------------
ചില മരങ്ങള്‍ പെയ്തുവീഴ്ത്തുന്നത്
സ്വപ്നങ്ങളുടെ പെരുമഴയാണ്.
വെറുതെ ഒന്നുലയ്ക്കണം
-----------------------
വിശക്കുന്നു എന്നു പറയുമ്പോഴും
അതിന്‍റെ കാഠിന്യം ഞാനറിയുന്നില്ല
എച്ചിലിലയിലെ ബാല്യം ഒരുവറ്ററിയുമ്പോലെ
-----------------------------------
ചില നേരംപോക്കുകളില്‍ 
തൊട്ടുകുതിച്ചൊരു അണ്ണാരക്കണ്ണന്‍
ഓലമടല്‍താണ്ടി എങ്ങോ പോയി
---------------------------------
ചില്ലകള്‍തകര്‍ന്നെന്‍റെ തണലുമറയുന്നു
എല്ലിച്ച നോവുകള്‍ കാതല്‍ തിരയുന്നു
നഖമറ്റു വേരിതാ പൊടിഞ്ഞു വീഴുന്നു
-----------------------------
എള്ളുവിതച്ചുഞാന്‍ 
കടലാഴം ചെന്നപ്പോള്‍
അമ്മ മനസ്സിനൊരുപ്പുരസം
-----------------------------------------------------------------
അടുക്കളക്കരിയിലൊരു തീക്കനല്‍ മുനിഞ്ഞു മിന്നുന്നുണ്ട്
----------------------------------------------
പുഴയൊഴുകും ആഴിയിലേക്കൊരു
വഴിമാത്രം പുളഞ്ഞുകിടക്കുന്നു
--------------------------------------------------------------
മഴപെയ്യുന്നു. 
നനഞ്ഞ കണ്ണിണ തോന്നിപ്പിക്കുന്നതാണോ?
അതോ ശരിക്കും പെയ്യുന്നോ?
-----------------------------------------------------------
സൗഹൃദങ്ങള്‍ പൂക്കളാണ്. 
കൊഴിയുമെന്നറിഞ്ഞുകൊണ്ടുതന്നെ 
അവയെ മനസ്സില്‍ ചേര്‍ത്തുവയ്ക്കുന്നു.
-------------------------------------------------------------
മഴയൊഴിഞ്ഞ മനസ്സിലൊരു പുതിയമഴ
മിഴിയൊഴുക്കു പകരുമൊരു മധുരമഴ
കനിവിലിതു പകരുമൊരു ചെറിയമഴ
--------------------------------------------------------------
ഞാന്‍ സുഗന്ധം പൂശി മനസ്സില്‍ ലാളിക്കുന്നത്
ദുര്‍ഗന്ധം വമിക്കുന്ന ഈ ഉടലിനെയാണല്ലോ
അറിഞ്ഞിട്ടും അറിയാത്തതുപോലെ
-----------------------------------------------
മനസ്സറിയാതെ
-------------
ഞാന്‍ പറയാത്തത്
പറഞ്ഞതായി നീയറിയുമ്പോള്‍
നീ പറയുന്നത് പറയാനാകാത്തതാകുന്നു
---------------------------------------------------------------------
ഓടുന്നത് തുടങ്ങിയിടത്തേക്കാണെന്നറിഞ്ഞിട്ടും
മടുക്കുന്നില്ല, ഘടികാര സൂചികള്‍.
നിര്‍വികാരമായി അക്കങ്ങള്‍
-----------------------------------------------------
പുതിയവ.. പഴയതാകുമ്പോള്‍
----------------------------------------------
നഖക്ഷതങ്ങള്‍ തീര്‍ത്ത പ്രണയം
‍ഞെട്ടറ്റ് മരീചിക തേടുന്നു
വിരഹം ദാഹമാകുന്നതുപോലെ
----------------------------------------------------------
ഒഴുകിപ്പോയ ജലത്തെ ഒരു കൈകുമ്പിളില്‍ 
കോരിയെടുത്തപ്പോള്‍ ഞാനറിഞ്ഞു 
അതും നദിയായിരുന്നുവെന്ന്
-------------------------------------------------------------------
എഴുതിത്തീര്‍ന്ന ചോക്കുകഷണങ്ങള്‍
ബ്ലാക്ക്ബോര്‍ഡിന്‍റെ ഇരുളിലേക്ക് മറയുമ്പോള്‍
ഉരുത്തിരിയുന്നത് ഒരു പുതിയ തലമുറയാണ്
--------------------------------------------------------------
എന്‍റെ വിരലുകള്‍ക്ക് കനം കൂടിയപ്പോഴാണ്
അച്ഛന്‍റെ വിരല്‍ വിടുവിക്കാന്‍ നോക്കിയത്
ഏങ്കിലും ആ നിഴലില്‍ നടക്കാനാണെനിക്കിഷ്ടം
-----------------------------------------------------------------
പുതച്ചുമൂടി നിന്‍ കാല്‍ക്കല്‍ വീഴുമ്പോള്‍
കാത്തുവയ്ക്കു നീ സ്നേഹ ഞരമ്പുകള്‍
ഓര്‍ത്തെടുക്കുവാനാവില്ല ധമനികള്‍
കോര്‍ത്തുകെട്ടിയ ജീവിതപാഠവും
ചേര്‍ത്തഴുക്കു നീ നിന്നിലായ് എന്നിലെ
ചേര്‍ത്തുവച്ചൊരു കാലക്കണക്കുകള്‍
നാവടക്കി നിന്‍ മാറില്‍ മയങ്ങുമ്പോള്‍
നാവടിക്കുന്നു പിന്നെയും നൂറുപേര്‍
-------------------------------------------------------------------------------
ബാല്യവും കൗമാരവും യൗവനവും കഴിഞ്ഞപ്പോഴാണ്
അച്ഛനാ ഗൗരവും എനിക്കു പകര്‍ന്നുതന്നത്
ഞാനും പഠിച്ചു കണ്ണട കൈയ്യില്‍പിടിച്ച്
അവ്യക്തതയിലേക്ക് വെറുതെ നോക്കിയിരിക്കാന്‍
-------------------------------------------------------
മധുരമായ പ്രണയം ഇനിയും 
എന്നിലിത്തിരി ബാക്കി നില്‍ക്കുന്നു
നനുത്ത നിലാവുപോലെ
----------------------------------------------------------------
മൂര്‍ച്ചകുറഞ്ഞൊരു തുള്ളിയാലിന്നെന്‍റെ
കാഴ്ചമറച്ചു മഴയൊന്നുചാറവേ
ചില്ലില്‍ത്തെറിച്ചൊരാ തുള്ളിതുടച്ചുഞാന്‍
പിന്നിലെ ബാല്യത്തില്‍ ചുമ്മായിറങ്ങിയോ?
----------------------------------------------------------
കണ്ണുകള്‍ തുറന്നിരിക്കുമ്പോഴും 
മനസ്സുറങ്ങുന്നു
-------------------------------------------------
എഴുതിയൊതൊക്കെയും തെറ്റ്
എഴുതാനിരിക്കുന്നതിലെങ്കിലും 
ഒരു ശരി ഒളിഞ്ഞിരുന്നുവെങ്കില്‍
-----------------------------------------------------------------
മുഖങ്ങളില്‍ പലതും സൗഹൃദങ്ങള്‍
നിഴലുകളില്‍ പലതും എന്‍റേതുപോലെ
പക്ഷേ വഴികളില്‍ പലപ്പോഴും ഞാനൊറ്റയ്ക്ക്
------------------------------------------------------------
അരികുചേര്‍ന്നമരുന്നൊരരുവിയുടെ കൈവിരല്‍
പുളകമായ് ചേര്‍ക്കുമാ അതിരുപോലെ
ഒരുവേള എന്നിലെ മൃദുലമാം നോവുകള്‍
പ്രണയിച്ചിടുന്നുവോ നിന്നിലൊന്നായ്
----------------------------------------------------
ഒരു വഴിയരുകില്‍ 
നീ പറഞ്ഞുതീര്‍ത്തത് 
എന്‍റെ ഹൃദയമിടിപ്പുകളായിരുന്നു
---------------------------------------------------------------
നാക്കിലത്തുമ്പിലാ ചോറു വിളമ്പീട്ട്
കൈകൊട്ടി മെല്ലെ വിളിച്ചുഞാനും
കണ്ണീരണിഞ്ഞൊരന്‍ കണ്ണിണ തോര്‍ക്കുവാന്‍
വന്നില്ല അമ്മയെന്‍ മുന്നിലിന്ന്
--------------------------------------------------------------------
ഓടുന്നത് തുടങ്ങിയിടത്തേക്കാണെന്നറിഞ്ഞിട്ടും
മടുക്കുന്നില്ല, ഘടികാര സൂചികള്‍.

നിര്‍വികാരമായി അക്കങ്ങള്‍
-------------------------------------------------
പെയ്തുതീര്‍ന്ന മഴയിലെ ഒരു തുള്ളിക്കായ്
വേനല്‍ കൊതിക്കുന്നു
പ്രണയം
-----------------------------------------------
എനിക്കു മടുത്തു നിന്‍റെ ചുംബനം
ചായക്കോപ്പ
--------------------------------------
എന്‍റെ കിടക്കവിരിക്കായ്
മലകള്‍ ഛേദിച്ചു.
മുലകള്‍ വറ്റിയതുഞാനറിഞ്ഞില്ല
----------------------------------------
ചുംബനംതന്നവന്‍ മറഞ്ഞതും
ഇരുട്ടായിപ്പോയിയെന്ന്
സന്ധ്യ
-------------------------------------------
തല്ലിക്കൊഴിച്ചു പതിരുപാറ്റി
പിന്നെ എണ്ണം തികഞ്ഞൊരു വിത്താക്കി
-------------------------------------------
മഴയെത്തുമുമ്പൊരേഴുവരിപ്പാത
-----------------------------------------
ചാറുന്നതൊരിത്തിരി
പേറുന്നവരൊത്തിരി
ഊറുവാനില്ലിത്തിരി
----------------------------------
എങ്ങും അന്ധകാരമാണ്
വെളിച്ചം തെളിക്കാന്‍ 
ഒരു നക്ഷത്രം തന്നെ വേണം
---------------------------------------
പരലുമരിച്ചിട്ടും 
മണലു മറഞ്ഞിട്ടും
മഴയെയീവഴി കണ്ടതില്ല
--------------------------------------
ഞാന്‍ വന്ന വഴിയിലൊരു തൊട്ടാവാടി
മുള്ളുണ്ടെന്ന് മനസ്സ്
കണ്ണടച്ചുമയങ്ങുകയാണ്
--------------------------------------------
കാര്‍മേഘക്കൂട്ടിലൊരുമഴ
പെരുമ്പറയ്ക്കുമുന്നിലൊരു
മിന്നല്‍
-----------------------------------------------
പുഴയൊഴുകുന്നാഴിയിലേക്കൊരു
വഴിമാത്രം വരണ്ടു കഴിയുന്നു
പഴികേട്ടഴിയാതെ
----------------------------------
ബാല്യം മുങ്ങാംകുഴിയിട്ട
നദികാണാനെത്തിയപ്പോ
അവിടെ പന്തുകളി
--------------------------------------
മാറുവെടിച്ചിട്ടും
നോവുമറന്നമ്മിഞ്ഞയേകുന്നു
ഭൂമി
-----------------------------------------
ദുഃഖത്തിന്റെ ഏറ്റിറക്കങ്ങളാണ്
സുഖത്തിന്റെ അളവുകോല്‍
നിമ്നോന്നതം
--------------------------------------------------
നീയിട്ട തീയെന്റെ കാടിന്‍കരളിലായ് 
കനല്‍ക്കൂടു കെട്ടിയുറഞ്ഞുതുള്ളി
നൂറുവിരലുള്ള മുത്തശ്ശിയാലുമാ
തീയില്‍ക്കരിഞ്ഞതിനസ്ഥിയില്ല
------------------------------------------------
അവള്‍നീട്ടിയ പനനീര്‍പുഷ്പം
കൈനീട്ടിവാങ്ങാനാകാതെ
ഇടയ്ക്കൊരു മരണംദിനം കുറിച്ചപലക
------------------------------------------------------
അമ്മയ്ക്കിന്നൊരെള്ളിന്‍മണം
ഒഴുക്കുകൂടുന്നു കാല്‍വഴുതല്ലെ
ദര്‍ഭയൂരീട്ടും കൈപിടിച്ചമ്മ
-----------------------------------------
കൊള്ളിയെടുത്തു 
ചിതയിലിട്ടപ്പോള്‍
കനലെടുത്തത് മനസ്സ്
------------------------------------
തലങ്ങും വിലങ്ങും നൂല്‍ നൂര്‍ത്തകെട്ടി 
ഞാന്‍ തപസ്സിരുന്നു. 
ആരെങ്കിലും കുടുങ്ങാതിരിക്കില്ല, 
ഞാന്‍ ധ്യാനത്തിലാണ്.
----------------------------------------------
ഒരു കല്ല് പാകി നീ തണലുനല്‍ക് 
തണലിലായ് നീയൊരു മണല്‍വിരിക്ക് 
എഴുത്താണി നിന്‍റയാ ചൂണ്ടുവിരല്‍
പാഠക്കണക്കുനിന്‍ ഹൃദയതന്ത്രി
ഉയിരേറ്റുപാടുക നാവറുത്ത് 
ദക്ഷിണ നല്‍കല്ലേ വിരലറുത്ത്.
----------------------------------------
ആത്മഗതം
--------------------
തിരിച്ചുനടക്കണ്ട
നിഷേധ വോട്ടുണ്ടല്ലോ.
------------------------------
പിന്‍യാത്രകള്‍ മനസ്സാവര്‍ത്തിക്കുമ്പോള്‍
ഓര്‍മ്മകള്‍ കയറ്റിറക്കങ്ങലിലേക്കൂളിയിടുന്ന
നിശ്വാസം ദുഃഖമായും ചുണ്ടുകള്‍ മന്ദഹാസമായും 
അവയെ അനുഗമിക്കുന്നു
-----------------------------------------------------------------
കാഴ്ചകള്‍ മങ്ങുന്നിടത്താണ് 
സ്വപ്നങ്ങള്‍ തുടങ്ങുന്നത്, 
വെളിച്ചത്തിലവ നഷ്ടമാവുകയും ചെയ്യുന്നു.
---------------------------------------------------------------
നാവിനിടംകൊടുത്ത വായ് 
രുചിയറിയാതെ വിഴുങ്ങുന്നു
ചിരിക്കാനായ് കുറേ പല്ലും
--------------------------------------------
ഒരു ദിനം കൊണ്ടോ 
വാക്കുകൊണ്ടോ 
നിര്‍വചിക്കാവുന്നതല്ല 
സ്ത്രീയെന്ന മാതൃവാത്സല്യത്തെ,
അതനുഭവിച്ചുതന്നെ അറിയണം.
-------------------------------------------------
ആനന്ദമാണ് സ്ഥായിഭാവം 
അതിന്‍റെ ഏറ്റക്കുറച്ചിലുകളാണ് 
ദുഃഖം
--------------------------------------------------
ഒഴികിത്തുടങ്ങുന്നു വഴികളില്‍ ചിലതതില്‍
പൊഴിയുന്നു മേഘങ്ങള്‍ ഓളങ്ങളായി
കവിയുന്നു മോഹവും ഒരു പ്രണയമായി
---------------------------------------------------------
ചൂടൊന്നു കുറഞ്ഞെങ്കിലെന്നു ഞാന്‍ 
മനസ്സിനോടു പറഞ്ഞപ്പോള്‍ 
അവിടെ പ്രണയാഗ്നി
------------------------------------
കാറ്റ്
----------------------
വിളകളുടെയിടയിലൊരുകളകളുടെവിളകണ്ടു
മനമിളകികരവെടിഞ്ഞളകങ്ങള്‍തഴുകിയൊരു
പുളകങ്ങളൊഴുകുന്നൊരരുവിയിലലകളില്‍
കുളിരുന്നപുളകമായൊഴുകുന്നകാറ്റ്
--------------------------------------------
ചാറുന്നതൊരിത്തിരി
പേറുന്നവരൊത്തിരി
പിന്നൂറുവാനില്ലിത്തിരീം
-----------------------------------
പ്രണയം പറഞ്ഞുവയ്ക്കാന്‍
മനസ്സിലുരുക്കിയെടുത്ത കുറേവാക്കുകള്‍ .....
നടന്ന്ടുത്തെത്തിയപ്പോള്‍ 
മുഖത്തേക്കുനോക്കി ചിരിച്ചുമാറാനേ ഉപകരിച്ചുള്ളൂ....
ഞാനുമവളും പ്രണയം കള്ള്ചിരിയായി മനസ്സിലൊളിപ്പിച്ചിരുന്നിരിക്കണം.....
ഇന്നും....
--------------------------------------------------------------------
കാഴ്ചപലതുണ്ടുകാണുവാന്‍ നമുക്കിനി
കോര്‍ത്തുവച്ചീടേണമോര്‍മകള്‍
പാത്തുപതുങ്ങി നടക്കേണ്ടചുറ്റിലും
ആര്‍ത്തലച്ചീടുന്ന കാറ്റിനെക്കാണുവാന്‍
----------------------------------------------------------
നനുത്തവിരലിനാല്‍ തൊട്ടനോവുകള്‍
മറഞ്ഞസന്ധ്യതന്‍ കുളിര്‍നിലാവുകള്‍
വിതുമ്പുമോര്‍മ്മതന്‍ തണല്‍പരപ്പിലായ്
കുണുങ്ങിനില്‍ക്കുമോ വിരുന്നുകാരികള്‍
ചിണുങ്ങിനില്‍ക്കുമാ മഴപ്പിറാവുകള്‍
ചിറകടിക്കുമോ നനുത്തസന്ധ്യയില്‍
ഒഴുകിവന്നൊരാ കുളിര്‍നിലാവില്‍ഞാന്‍
മറന്നുപോകുമോ സ്നേഹനൊമ്പരം
-----------------------------------------------------

2 comments:

  1. നല്ല കുറിപ്പുകള്‍

    ReplyDelete
  2. കുറേശ്ശെ കുറേശ്ശെ കൊടുക്കാമായിരുന്നു....
    കുറിപ്പുകള്‍ നന്നായി..

    ReplyDelete