Wednesday 31 July 2013

വിലാപമില്ലാതെ

നരച്ചരോമങ്ങള്‍ നിറഞ്ഞ താടിയെ
വടിച്ചുമാറ്റാതെ വികൃതരൂപമാ‌യ്
വിരുന്നുപോകുവാന്‍ തിടുക്കമായിതോ
നനുത്ത കാറ്റുമായ് പ്രണയമേഘമേ

വെളുത്തകൂന്തലാല്‍ മറഞ്ഞനെറ്റിയില്‍
അരച്ചചന്ദനം ചേര്‍ത്ത പാടുകള്‍
മിഴിക്കുമുകളിലായ് ചുളിവുതീര്‍ക്കവേ
അറിഞ്ഞതില്ലഞാന്‍ നിന്‍റെ യാത്രകള്‍

വെളുത്തവിരലുകള്‍ ചേര്‍ത്തുകെട്ടിനിന്‍
തുടുത്തകവിളിലായ് മുത്തമേകവേ
അരുകില്‍ നില്‍ക്കുമീ നിന്‍റെ പ്രാണനെ
ഒന്നുനോക്കുനീ എന്‍റെ പ്രണയമേ

കൊഴിഞ്ഞപൂവുകള്‍ പെറുക്കിവച്ചുഞാന്‍
കഴിഞ്ഞ നാളിലെ നഖക്ഷതങ്ങളില്‍
അ‍രിയചുംബന പ്രണയരാവുകള്‍
പകുത്തെടുക്കുമോ എന്നില്‍ നിന്നു നീ

വെളുത്തമുണ്ടിനാല്‍ പുതച്ച നിന്‍മുഖം
അടര്‍ത്തിമാറ്റുവാന്‍ ചിതയൊരുങ്ങവേ
കാത്തുവയ്പ്പുഞാന്‍ നിന്‍റെ സ്നേഹവും
എനിക്കു തന്നൊരീ തണല്‍മരങ്ങളും

കാല്‍വിരലിലായ് അണിഞ്ഞമിഞ്ചിയും
കഴുത്തിലണിഞ്ഞൊരീ മിനുത്തതാലിയും
പറിച്ചെടുക്കുന്നു എന്‍റെ പ്രാണനെ
തലവരമ്പിലെ നനുത്ത സന്ധ്യകള്‍

നീ നനച്ചചെടിയിലെ പ്രണയനാമ്പുകള്‍
തണല്‍മരങ്ങളായ് വളര്‍ന്നുനില്‍ക്കവേ
വരുന്നതുണ്ടുഞാന്‍ അടുത്തനാളിലായ്
പ്രിയമനസ്സിലായ് ചേര്‍ന്നു നില്‍ക്കുവാന്‍

കനലെരിയുമാ ചിതയ്ക്കുമീതെയീ
മനസ്സിനുള്ളിലെ എന്‍റെ നോവുകള്‍
അരികിലുണ്ടുനീ എന്നിലെന്നുമേ
എന്‍റെയാത്രയില്‍ നിനവിലൊപ്പൊഴും.

Monday 29 July 2013

മനുഷ്യന്‍

ഇനിയൊരു ചിന്തും
ആകാശത്തിലേക്കു ഞാന്‍ 
പറത്തിവിടില്ല

അവിടെ മഴക്കാറുകള്‍
അതിനെ നനയിക്കും

താഴെ മഴവില്ലൊളി
ചിന്തിയാലും
മുഖം കറുത്ത
ആ പ്രണയത്തിന്
ഇനിയൊട്ടു ചിരിക്കാന്‍
കഴിഞ്ഞെങ്കില്‍

ആത്മാവിലെ
നുറുങ്ങു കൂട്ടിലൊളിപ്പിച്ച
പനം തത്തയെ ഞാന്‍
തുറന്നു വിട്ടിരിക്കുന്നു

നീയും പറന്നകലുക,
എന്‍റെ കരാള ഹസ്തങ്ങളില്‍ നിന്ന്

നീലിച്ച എന്‍റെ കണ്ണുകള്‍
രാഷസ ചിരിയുള്ള
ചുവന്ന വൃത്തങ്ങളാകാം

കവിത വിരിയിച്ച
വിരലുകള്‍ കൂര്‍ത്തതാകാം

ചിരിച്ച പല്ലുകള്‍
ദംഷ്ട്രകളാകാം

നീ പറന്നകലുക,
എന്‍റെ പുരികം
ചുളിയുന്നതിന്‍ മുമ്പേ

ഞാന്‍ കാലുകള്‍
അമര്‍ത്തിവച്ച്, തീകൂട്ടുന്നു
നിന്‍റെ ചിറകുകരിച്ച്,
വെന്ത മാംസത്തില്‍തീര്‍ത്ത
സദ്യയൊരുക്കുവാന്‍

ഞാന്‍ മനുഷ്യന്‍
പുതുലോകത്തിലെ,
വിവേകത്തിന്‍റെ
കിരീടം ചൂടുന്നവന്‍

ഇടവപ്പാതിയില്‍

പുതിയ പുഴയാണ്, ഇവള്‍
ഇടവപ്പാതി കയര്‍ത്തപ്പോള്‍
മലയുടെ കരളുടച്ചു പിറന്നവള്‍

അവിടെയൊരു കോരനും
കെട്യോളും പിന്നെ
കരളുറയ്ക്കാത്ത
കുഞ്ഞുകിടാങ്ങളും

ആറുകാലില്‍ ചോര്‍ച്ച ചേര്‍ന്ന
ഓലക്കുടിലിന്‍റെ വിള്ളലില്‍
മുടിയഴിച്ച്, കളമഴിച്ച്
ഉറഞ്ഞുതുള്ളിയോ

കല്‍‍വിളക്കുകള്‍
കുത്തിനിറുത്തിയ
കോരന്‍റെ കാവും
ചമയപ്രതിഷ്ഠയും
അവനു തുണയായ്
പുഴയില്‍ മരിച്ചുവോ

തിമിര്‍ത്ത മഴയില്‍
നെഞ്ചം തകര്‍ന്നാ മലപിളര്‍ക്കവേ
ഉരുണ്ടപാറകള്‍
ചതച്ചെറിഞ്ഞുരച്ചുമാറ്റിയോ
നിലവിളിക്കാത്തൊരാ
കുഞ്ഞുകിടാങ്ങളെ

മുകളില്‍ മതിവരാത്ത
ജലപീരങ്കികള്‍
ഇനിയുമൊരുക്കുന്നു
മരമൊഴിഞ്ഞ, കുടിലൊഴിഞ്ഞ
കുന്നിലേക്കായ്
പെയ്തുവീഴ്ത്തുവാന്‍

പിറുപിറുത്ത
ചെറുശബ്ദമീ ചാറ്റലില്‍
ഒഴുകിയാര്‍ക്കുന്നു പുഴ വീണ്ടും
പുതിയ വഴിയകലങ്ങള്‍ തേടി

വയലിന്‍

ഞാന്‍ എന്‍റെ വയലിനില്‍
ആരുമറിയാതെ ഈണമിട്ടു
അതില്‍ നിന്നൊരു അരയന്നം
ആകാശത്തേക്കുപറന്നു

കനവുകള്‍ താണ്ടി അത്
ആകാശത്തിലെ 
വെണ്‍കൂടുകളിലേക്ക്

വഴിവിളക്കുകള്‍
കണ്‍ചിമ്മുന്ന
കടലോരത്തിലൂടെ
ഞാനെന്‍റെ വയലിനും
വലിച്ചിഴച്ചു നടന്നു

തിരകള്‍ വയലിനില്‍
പുതിയ ഈണങ്ങള്‍ കോര്‍ത്തു

ഒരു തിര എന്നെയും നനച്ചു
നനഞ്ഞപാദങ്ങളില്‍
കറുത്തതും വെളുത്തതുമായ
മണല്‍ത്തരികള്‍ നിരന്നു

ഇടയ്ക്ക്
അവയിലുണ്ടായിരുന്ന
അഭ്രമണികള്‍
കണ്ണുചിമ്മി ചുരുണ്ടു

ഞാന്‍ ആകാശത്തിലേക്ക് നോക്കി
അവിടെ നക്ഷത്രങ്ങള്‍
കടലിന്‍റെ ഓളപ്പരപ്പില്‍
കണ്ണാടി നോക്കുന്നു

ഇന്ന് തിര അധികമാണ്
ഞാനെന്‍റെ കൈയ്യിലെ
വയലിന്‍ കടലിലേക്ക്
ചുഴറ്റിയെറിഞ്ഞു

പിന്നെ പതിയെ
തിരയെനോക്കിയിരുന്നു
മുഖം മുട്ടുകള്‍ക്കിടയില്‍ പൂഴ്ത്തി
കൈപിണച്ച്

ആ ഇരുപ്പില്‍
ഒരു തിര,
അത് എന്നെയുംകൂട്ടി
കടലിന്‍റെ മടിത്തട്ടിലേക്ക്
ഞാന്‍ കൈകളയച്ചില്ല
മുഖമടര്‍ത്തിയതുമില്ല

ഒരു രാവിനുശേഷം
ഞാന്‍വീണ്ടുമാമാ കടപ്പുറത്ത്
അരുകില്‍ ഞാന്‍ വലിച്ചെറിഞ്ഞ
വയലിനില്‍ തിരകള്‍
സംഗീതം ചുരത്തുന്നുണ്ടായിരുന്നു

പിറുപിറുപ്പ്

ഞാനെന്‍റെ ഹൃദയത്തില്‍ 
ചില്ലിടാതെ സൂക്ഷിച്ച
പ്രണയത്തെ, 
ഒരു നിമിഷംകൊണ്ടു നീ 
കവര്‍ന്നെടുത്തു

പക്ഷേ,
അപ്പോഴെനിക്ക് നൊന്തില്ല

ഇന്നിപ്പോള്‍
പൊന്തക്കാട്ടിലെവിടേക്കോ
നീയത് വലിച്ചറിഞ്ഞ്
എന്നെ നോക്കി
മന്ദഹസിക്കുമ്പോള്‍
എനിക്കു വേദനിക്കുന്നു,
കരള്‍പറിയുന്നപോലെ

അതിനി നോക്കിയെടുത്ത്
തിരികെ പ്രതിഷ്ടിക്കാമെന്നു
കരുതുമ്പോഴേക്കും
കാഴ്ചകള്‍ കണ്ണടയിലും,
ശരീരം ഊന്നുവടിയിലും
എത്തിനില്‍ക്കുന്നു

ചിതയറിഞ്ഞ് നിഴലും
ചുരുങ്ങിയില്ലാതാകുന്നു

ഒരു രാവ് പുലരുമ്പോള്‍

സുരതം ശരീരത്തിലും
പ്രണയം മനസ്സിലും
ഖരീഭവിച്ചു നില്‍ക്കുന്നു

വാല്‍നക്ഷത്രങ്ങളില്‍നിന്ന്
അടര്‍ന്നുപാറുന്ന മിന്നാമിന്നികള്‍
ധൂമകേതുക്കളായി
ഇരുട്ടിന്‍റെ പിന്നാമ്പുറങ്ങളില്‍
പാറിനടക്കുന്നു

ഒടുവിലത്തെ വാക്കും
അവന്‍ അവളോട്
പറഞ്ഞു തീര്‍ത്തിരിക്കുന്നു

സ്വപ്നങ്ങള്‍ തീര്‍ത്ത
മേഘങ്ങള്‍ കൊള്ളിമീനിറ്റിച്ചു

ഇനിയൊരു ചാറല്‍
അതുമാത്രമേ
അവളിലവശേഷിച്ചുള്ളൂ

ആകാശത്തുനിന്ന്
നിലാവ് കണ്ണുകളടച്ചു

ഇനി ഒരു പാതിരാ നിഴല്‍പോലും
അവളെപിന്‍തുടരില്ല

നീണ്ട പുല്‍നാമ്പുകള്‍
അവള്‍ക്കസഹ്യമായിത്തോന്നി

മഴയ്ക്കു മുമ്പൊരത്യുഷ്ണം
അവളില്‍ പ്രതിഫലിച്ചു

കാവും കാവുതീണ്ടാ പെണ്ണും
മുഖം പൂണ്ട് തെയ്യക്കാഴ്ചയില്‍
അമര്‍ന്നിരിക്കുന്നു

ഇനിയാ പകലെത്തിയിരുന്നുവെങ്കില്‍
ചൂട്ടുമിന്നാതെ കാഴ്ചക്കാര്‍
മഞ്ഞണിഞ്ഞ അവള്‍ക്കായി
കഥകള്‍ മെനയുമായിരുന്നു

അടുത്ത കിടാത്തി
ഒരു പുല്‍ത്തലപ്പ് കടിച്ച്
കാല്‍നഖം തറയില്‍
വരയ്ക്കുന്നതുവരെ

ഞാന്‍ എവിടെയാണു നിര്‍ത്തേണ്ടത്



ഞാന്‍ എഴുതിത്തുടങ്ങുകയാണ്
എവിടെ അവസാനിപ്പിക്കണമെന്നറിയാതെ

മുത്തശ്ശിചൊല്ലികേള്‍പ്പിച്ച
രാമായണകഥയില്‍
ഞാന്‍കേട്ടത്
മാനുഷരായ
രാമലക്ഷ്മണന്മാരെക്കുറിച്ചല്ല

എന്‍റെ മനസ്സില്‍ നടക്കുന്ന
ദേവാസുരയുദ്ധത്തെക്കുറിച്ചാണ്

ഇതുവരെ ഞാന്‍
മനസ്സിലാക്കിയിട്ടില്ലാത്ത
തത്വബോധത്തെക്കുറിച്ചാണ്

ഇപ്പോഴും
ഇടങ്ങഴിപാല്‍ക്കണക്കുമുതല്‍
അണ്വായുധങ്ങള്‍ വരെയുള്ള
യുദ്ധബീജങ്ങളുടെ
ചേരിപ്പോരുകളെക്കുറിച്ച്

ഇനിയും കേള്‍ക്കണം
ദേവന്‍ ജയിക്കുകയോ
അസുരന്‍ മരിക്കുകയോ
ചെയ്യുന്ന രാമായണങ്ങള്‍

ചേല നഷ്ടപ്പെട്ടവളുടേയും
വെള്ളവും തറയും
തിരിച്ചറിയാത്തവന്‍റേയും
ഒളിഞ്ഞുനിന്നുയുധ്ധം ചെയ്യുന്നവന്‍റേയും
ശീലുകള്‍

പാതിവ്രത്യം ശീലിച്ച
മനുഷ്യസംസ്കാരത്തിന്‍റെ
പൊയ്മുഖകാഴ്ചകള്‍

അവസാന പദങ്ങള്‍
ആടിത്തീര്‍ക്കുമ്പോള്‍
ഞാനും അറിയരുതല്ലോ
പച്ചയാണോ
താടിയാണോ
മിനുക്കാണോ
അതോ കത്തിയാണോ എന്ന്

എങ്കിലും
ജന്മം വകവയ്ക്കാത്ത
നീര്‍ക്കുമിളപോലെ
ഞാനും ഒന്ന്
പരന്ന് സഞ്ചരിക്കട്ടെ

ഇനിയും ഒരു വേടനെത്തുമോ
അടുത്തപുരാണത്തിലെ
ദേവനെക്കൊല്ലുവാന്‍

Saturday 27 July 2013

അവള്‍

അവള്‍ എനിക്കാരായിരുന്നു
അറിയില്ല

വായിച്ച കഥയിലേയോ
കേട്ടുമറന്ന പഴമൊഴികളിലേയൊ
ഓര്‍മ്മക്കുറിപ്പുകളില്‍
ആ ചിത്രം ഞാന്‍
പലതവണ കണ്ടിട്ടുണ്ടാകും

അതോ നിഴല്‍ചിത്രങ്ങളില്‍
ഞാന്‍ കണ്ടുമറന്ന
എന്‍റെ പാഴ്ശ്രുതികളുടെ
വിലാപമോ

മുഖമടര്‍ന്നുപോയ
നൂല്‍പ്പാവക്കൂട്ടങ്ങളില്‍
ചിരികളുണ്ടെന്ന്
സ്വയം സമാധാനിക്കുന്ന
രൂപങ്ങളോ

ശബ്ദമില്ലായ്മയില്‍നിന്ന്
നിലവിളികളിലേക്കെത്തിപ്പെടുമ്പോഴുള്ള
ഗദ്ഗതമോ

എന്തോ എനിക്കറിയില്ല,
നെഞ്ചിലൊരു വേദനയായി
മുഖം ചേര്‍ത്ത്
അവള്‍ ഉറങ്ങുകയാണിപ്പോഴും

ആ വേദന എന്നിലേക്കും
പടര്‍ന്നുകയറുന്നുണ്ട്
ഒരു  നോവായി
അടര്‍ത്തിമാറ്റാന്‍ കഴിയാതെ

Friday 26 July 2013

ഇടനാഴി

അയാളെ
ഞാനിഷ്ടപ്പെട്ടിരുന്നില്ല
എങ്കിലും

താലിച്ചരടിന്‍റെ
ബലത്തില്‍
അയാളെനിക്കുസമ്മാനിച്ച
ഓമനയുടെ കണ്ണിലെ
ആര്‍ദ്രത കാണുമ്പോള്‍

വേര്‍പിരിയല്‍
മനസ്സില്‍ വേദന
സമ്മാനിക്കുന്നു

വീണ്ടുമൊരു
തിരിച്ചുപോക്ക്
രണ്ടതിരുകളുടെ
വേര്‍തിരിയലായിത്തന്നെ
അവസാനിപ്പിക്കേണ്ടിവരുന്നു.

ഒരു നിമിഷത്തെ പ്രണയം
ഉടച്ചെറിയപ്പെട്ടപ്പോള്‍
ഒരു കാമശാന്തിയുടെ
വിലാപങ്ങള്‍ക്കപ്പുറം
എത്തപ്പെട്ടില്ല

ചുണ്ടുകളില്‍
ചിരിനിറയ്ക്കുമ്പോള്‍
ഒരാഴിയോളം തേങ്ങല്‍
മനസ്സില്‍ സൂക്ഷിച്ചു

മിഴികളിലതിന്‍റെ
നിഴല്‍ തങ്ങാതിരിക്കാന്‍
ഞാനിപ്പോഴും
ശ്രദ്ധിക്കുന്നു

അനാഥമാകാതെ
അനാഥമാക്കപ്പെട്ട
അമ്മയുടെ മുലപ്പാല്‍
കുഞ്ഞിലേക്ക്
പിതൃത്വത്തിലേക്കുള്ള
വിഷംചേര്‍ക്കലാകാതിരിക്കാന്‍

Thursday 25 July 2013

ഒരു നോവ്

നാക്കിലതുമ്പിലരിയിട്ടു
തൊഴുതെന്‍റെ
അമ്മയ്ക്കുമുന്നിലായ്
കുമ്പിടുമ്പോള്‍

മിഴിചേര്‍ത്തമൗനമെന്‍
സ്മ‍ൃതിയിലിടംചേര്‍ന്ന്
അമൃതമാം അമ്മിഞ്ഞനല്കിടുന്നു

ഒരുവാക്കുപറയാതെ
ചിതചേര്‍ന്നസ്നേഹമെന്‍
വഴിയില്‍ വെളിച്ചമായ് നിന്നിടുന്നു

ഉടല്‍വിട്ട ചിന്തകള്‍
പറയും ചരിത്രമെന്‍
ചേരിത്തെരുവിലെ
ജീവിതങ്ങള്‍

ആരോകൊടുത്ത
കരുവിന്‍റെ തേങ്ങലായമ്മക്കു
മകനായ് പിറന്നുഞാന്‍
കരയവേ

ഉപ്പുവിയര്‍പ്പിന്‍
കണങ്ങളില്‍ തീര്‍ത്തൊരാ
നെഞ്ചിന്‍റെ നൊമ്പരം
എന്നില്‍ ചൊരിഞ്ഞവള്‍

വഴികള്‍ പിണഞ്ഞൊരീ‌
തെരുവിന്‍റെ സന്തതി
ഉയിര്‍ചേര്‍ത്തുവച്ചുവോ
രൗദ്രഭാവങ്ങളും

കരളില്‍ വിഷംചേര്‍ത്ത
സൗഹൃദപ്പടയുമായ്‌
തെരുവിലായ് താണ്ഡവം
ആടിമുന്നേറവേ

അടിതെറ്റിവീണൊരാ
കൊലച്ചുഴിക്കുണ്ടിലായ്
വിലങ്ങിന്‍ മണിചേര്‍ത്ത
പാഠമിരുട്ടിലായ്

തേങ്ങലിന്‍ ശബ്ദം
ഉയര്‍ത്താതെയന്നുമാ
നോവിലുറയുന്ന പ്രാണരിക്കവേ

അറിഞ്ഞില്ല‍ഞാനാ
ഹൃയത്തിന്‍സ്പന്ദനം
ആകെ മരവിച്ചു
കൂടുവിട്ടെന്നതും

Wednesday 24 July 2013

സ്വരൂപം

എന്‍നടപ്പാതയിലെവിടെയോ
ഞാന്‍കണ്ട ശിലകളില്‍
ഞാനൊന്നു വിശ്രമിച്ചു

ഗുരുവിനെ തേടിഞാന്‍
വീണ്ടുമൊരു യാത്രയില്‍
ദിശയറ്റ പഥികനായ്
ചെന്നുനില്‍ക്കേ

കൈയ്യിലുളിയും
മനസ്സിലെ ചിന്തയും
പേറുന്ന ശില്‍പിയെ കണ്ടു

വിശ്രമവേളയിലെനിയ്ക്കായ്
ഇടംതന്ന, ശിലയിലായവന്‍തന്‍റെ
വിരുതുകാട്ടെ

മനസ്സില്‍തെളിഞ്ഞൊരാ
പ്രണയത്തിന്‍ നോവുകള്‍
ശിലയിലെ ദേവിയെ
കണ്ടെടുത്തു

ആരുമേ കൈകൂപ്പി
നില്‍ക്കുമാ പ്രതിമയെ
എറ്റെടുക്കിന്നിതാ
വീണ്ടുമാള്‍ക്കാര്‍

കുങ്കുമക്കുറിയുമാ
ചന്ദനത്തിരിയുമായ്
പുഷ്പാഭിക്ഷേകങ്ങള്‍
ചേര്‍ത്തുവയ്ക്കേ

ആരാധനയുടെ
പുണ്യ നിമിഷങ്ങള്‍
ശില്പിയും ഞാനും
അറിഞ്ഞുനിന്നു

എന്‍റെ സ്വരൂപത്തെ
അറിയുന്നു പിന്നെയും
ഉള്ളില്‍ ജ്വലിക്കും
ഗുരുവറിയേ

പ്രപഞ്ച വസ്തുക്കളില്‍
കാണാത്ത ചെതന്യം
എന്‍റെ മനസ്സിന്‍ തടങ്കലല്ലേ

യുദ്ധം പലതു കഴിച്ചു
മനസ്സിലെന്‍ തത്വം
പഠിക്കുവാനെത്ര നേരം

അറിയാതെ കൈകൂപ്പി
ഞാനുമാ വിഗ്രഹം
എന്നുള്ളിലുള്ളോരാ
പ്രാണനേയും

ബ്രഹ്മമീ ഞാനന്നറിയുന്ന മാത്രയില്‍
ഉറയുന്നു ഞാനുമാ ദേവിയിങ്കല്‍

Tuesday 23 July 2013

പെണ്‍ഭ്രൂണം

വിവാഹം
വിഭവസമൃദ്ധവും
ആരാദ്ധ്യസമൂഹത്താല്‍
നിബിഢവുമായിരുന്നു

ആഡംബരക്കാറിനൊപ്പം
എന്‍റെ വധു വീട്ടിലെത്തുമ്പോള്‍
അസൂയയുടെ കണ്ണുകള്‍
എത്തിനോക്കുന്നുണ്ടായിരുന്നു

സാരിയുടയാതെ
മണിയറയില്‍ എന്നടുത്തിരുന്ന
അവളോട് ഞാന്‍ മന്ത്രിച്ചു

തിടുക്കത്തില്‍
നമുക്കൊരു കുഞ്ഞുവേണ്ട

അവളുടെ മുഖം
അപ്പോഴാണ് കൂടുതല്‍
വിടര്‍ന്നത്

രണ്ടുടലുകള്‍ക്ക്
ഒരഭിപ്രായത്തില്‍ ഒരു മനസ്സ്

വര്‍ഷം പലതുമറിഞ്ഞു
അവള്‍ അമ്മയിലേക്കുള്ള
ആദ്യപടിയില്‍
പ്രിയനെ അറിയിച്ച്
കണ്‍കൂപ്പി നെഞ്ചിലുറയുമ്പോള്‍
വീണ്ടുമൊരു മന്ത്രണം
സ്കാന്‍ചെയ്യണം

അവളുടെ സമ്മതം
പെണ്‍ഭ്രൂണഹത്യയിലവസാനിച്ചു

അന്ന്
പെണ്‍കുഞ്ഞിനെ
കൊന്നുകളയാന്‍ പറയുമ്പോള്‍
ഈ സിസ്സേറിയനില്‍
എന്‍റെ അവസാനത്തെ കുഞ്ഞും
നഷ്ടമാകുന്നത് ഞാനറിഞ്ഞില്ല

ഞാനിതാ വന്നിടുന്നു

നേര്‍ത്തവരകൊണ്ടു മൗനത്തിനടിയിലായ്
ഞാനിട്ട കോറലാണെന്‍റെയൊപ്പ്
ഹൃദയം തകര്‍ന്നുഞാനൊപ്പുവയ്ക്കുമ്പോഴും
അറിയുന്നുഞാനാപ്രണയദുഃഖം
നീ തന്ന മഷിപ്പേന ചുമ്മാതെയിറ്റിച്ചു
എഴുതിയതൊക്കെയും നിന്‍റെ സ്നേഹം
കണ്‍മുനകോറിനീ എന്നിലേക്കെത്തുമ്പോള്‍
കനിവാര്‍ന്നസ്വപ്നംഞാന്‍ കുന്നുകൂട്ടി
എങ്കിലും കണ്‍മണീ നിന്‍റെയാലാളനം
മറക്കുവാനാവില്ല എന്‍റെ രാവില്‍
പ്രണയത്തിന്‍ മുമ്പിലെ ജാതിവരമ്പുകള്‍
കീറി മുറിക്കുന്നു എന്‍ഹൃദയം
മാതാപിതാക്കള്‍തന്‍ സ്നേഹത്തെ വറ്റിച്ച്
കൂടെ വരില്ല നീ എന്നരുകില്‍
ഒരുജന്മംകാത്തനിന്‍മടിയില്‍ മയങ്ങുവാന്‍
പ്രണയിനീ ഞാനിതാ വന്നിടുന്നു

കാടറിയുന്നു

ഓര്‍മ്മകളുടെ
മിഴിവെട്ടങ്ങളില്‍
ഞാനാ കാടറിഞ്ഞു

നനുത്തസംഗീതം
സീരകളിലൊഴുക്കുന്ന
അരുവികള്‍

വന്‍മരങ്ങളില്‍
തന്‍റെ പ്രിയനെകണ്ടെത്തി
ചുറ്റിപ്പുണരുന്ന വല്ലികള്‍

നോവറിയാതെ
ഇണചേരുന്ന പക്ഷികള്‍

തന്‍റെ ഭക്ഷണം മാത്രം
തേടിയെടുക്കുന്ന മൃഗങ്ങള്‍

അവയ്ക്കു നടുവിലായ്
ഒരു ഗോത്രം

മലദൈവങ്ങളില്‍
പരാതിയും പരിഭവമൊതുക്കുന്ന
കുറേ മനുഷ്യര്‍

നാടര്‍, കാടുകണ്ടു
മരങ്ങളുടെ ഉടല്‍ഛേദിച്ചു
കാടുകള്‍, സംരക്ഷിതങ്ങളായി

പേരു പറയാനറിയാത്ത
കാട്ടുപെണ്ണില്‍
ഗര്‍ഭത്തിന്‍റെ ഉറവയിറ്റിച്ചു

പരിഷ്കാരത്തിന്‍റെ
വേലിക്കെട്ടുകളില്‍
വിളയെറിഞ്ഞ്, പാവങ്ങള്‍

വിശപ്പിന്‍റെ ഉടലെടുത്ത്
മലദൈവങ്ങളെ നോക്കി
അവര്‍ കരഞ്ഞു

ബാല്യങ്ങളിലെ
അമ്മമാര്‍ പിണ്ഡങ്ങള്‍
പെറ്റിട്ടു

ഇനി ഒരു സംസ്കാരത്തിന്‍റെ
അന്ധകാരം

വേരറ്റ ഗര്‍ഭപാത്രങ്ങള്‍
ചുടലതേടുന്നു

ഒരു മലദൈവത്തെയും കാക്കാതെ

കനല്‍


കനലും മുഖവും
കൈയ്യെത്തും അകലങ്ങളില്‍

ഒടുവിലേതിനെയാണ്
ചുംബിക്കേണ്ടതെന്ന്
തിരിച്ചറിയാനായില്ല

മുഖം
കണ്ണുനീരിറ്റുവീണ്
വികൃതമായിരിക്കുന്നു

കനല്‍
മുഴുത്ത് ചുവന്ന്
സ്നേഹത്തോടെ വിളിക്കുന്നു

കലങ്ങിയ മിഴികളേക്കാള്‍
ഞാന്‍ കനലിനെ സ്നേഹിച്ചു

അവളുടെ
അടുത്തേയ്ക്ക് പോയി

എന്‍റെ തീരുമാനം
ശരിയായിരുന്നു
അവളെന്നെ വാരിപ്പുണര്‍ന്നു

ആ കുളിര്‍മയില്‍
അവളുടെ നിശ്വാസങ്ങള്‍
കറുത്തപുകകളായി
മേലോട്ടുയര്‍ന്നു

മുഖം
ആ കാഴ്ചയില്‍
വീണ്ടും കണ്ണീരുതിര്‍ത്തു

തന്‍റെ പ്രിയന്‍
കനലിനെ പ്രണയിക്കുന്നതും നോക്കി

Monday 22 July 2013

നോവുകള്‍

ഒരു നോട്ടം
ഒരു ചിരി
ഒരു വാക്ക്
ദൂരെ വിദൂരതയില്‍
കാണാതെ പറയുമ്പോള്‍

മുഖമറിയാതെ
മിഴിയറിയാതെ
കണ്ണുനീരുതിരുന്നു

സൗഹൃദങ്ങള്‍
വഴിതെറ്റിപ്പിരിയുന്നു

സംശയങ്ങളുടെ
മഹാസാഗരങ്ങള്‍
അലയടിച്ച് മനസ്സാകും കരയില്‍
കൊടുംങ്കാറ്റ് വമിക്കുന്നു

അവ ഒരു സമൂഹത്തെ
നശിപ്പിച്ചേക്കാം

പിന്നെപ്പോഴോ
ആരാലുമറിയാതെ
മനസ്സു ശാന്തമാകുമ്പോള്‍
നഷ്ടമാകുന്നതിന്‍റെ തോത്
കണക്കാക്കപ്പെടുന്നതിനേക്കാള്‍
കൂടുതലാകുന്നു.

അതിനാല്‍ വീണ്ടും
ഞാന്‍ മൗനമാകുന്നു
ഒരു ജീവസമാധിയായ്

വിധിപറയാതെ
മുഖംകുനിച്ച്
വാക്കുകള്‍ നിസ്വനങ്ങളാക്കി

എനിക്കെന്‍റെ
സൗഹൃദങ്ങള്‍
ഒരിക്കലും നഷ്ടമാകാതിരിക്കാന്‍

കുറിപ്പുകള്‍

വേരുകള്‍
ഇലയിലേക്കെഴുതിത്തരുന്നു
അതിന്‍റെ സഞ്ചാരപദം

ഒരിക്കല്‍ ഞാനും കണ്ടതാണ്
ഒരാലിലയില്‍

ആ മുദ്ര,
ആ യാത്രാക്കുറിപ്പുകള്‍
എന്തെന്നറിയാതെ
ഭംഗിയുള്ള ഒരു കടലാസിലൊട്ടിച്ച്
ഞാനെന്‍റെ പ്രണയിനിക്കു സമ്മാനിച്ചു

അവള്‍ക്കുമറിയില്ലായിരുന്നു
അതില്‍ ആ വേര്
കുറിച്ചതെന്താണെന്ന്

ആഴങ്ങളില്‍നിന്ന്
അവന്‍ ചേര്‍ത്തുവച്ച പ്രണയാമൃതവും
നീരുറവതേടിയുള്ള അവന്‍റെയാത്രകളും
അതിലവന്‍ കോറിയിട്ടുണ്ടാകണം

കുറിപ്പുകള്‍
അവന്‍തീര്‍ത്ത നനുത്ത
മുദ്രകളായിരുന്നു

ഒന്നില്‍ നിന്ന് ഒന്നിലേക്ക് പകര്‍ന്ന്
അവനിപ്പോഴും എഴുതുന്നു

എന്‍റെ പ്രണയിനി
ആ സമ്മാനം നോട്ടുബുക്കിന്‍റെ
ഉള്ളിലെവിടെയോ ഒളിപ്പിച്ചു,

എന്നോ എപ്പോഴോ
ഞാനറിയാതെ അവളും
അകലങ്ങളിലേക്കുപോയി
പുതിയ തോളുരുമി

സമ്മാനം ഒളിച്ചിരുന്ന
നോട്ടു പുസ്തകം
ഏതോ പാണ്ടിക്കാരനും
വിലക്കെടുത്തു

കപ്പലണ്ടികടയിലെ
ഇരുണ്ട മൂലകളിലെവിടെയോ
തീകാത്ത് അത് വിശ്രമിക്കുന്നുണ്ടാകും

അപ്പോഴും മരങ്ങള്‍
എഴുതിത്തീര്‍ന്ന കുറിപ്പുകള്‍
താഴേനിഴലിലേക്കെറിഞ്ഞു

കൂനനുറുമ്പുകള്‍ വരിവയ്ക്കുന്ന
ആ താഴ്വാരങ്ങളിലേക്ക്
കവിതകളായി
ഹൃദയമായി
അവ കുന്നുകൂടി

അവയിലെ
ഇത്തിരി നോവെങ്കിലും
ഭൂമി മാറോടണയ്ക്കുമോ
തന്‍റെ നെഞ്ചുകീറി
കിതയ്ക്കുന്ന എഴുത്തുകാരനെയും

വിരലുകള്‍

പത്തു വിരലുകള്‍
രണ്ടു കൈയ്യിലുമായി

എന്തിനുവേണ്ടിയാണവ
ഒറ്റയക്കു നില്‍ക്കുന്നത്
അതും വലിപ്പച്ചെറുപ്പങ്ങള്‍
വിളിച്ചറിയിച്ചുകൊണ്ട്

അമ്മ ആ വിരലുകള്‍കൊണ്ടാണ്
എന്നെ തലോടിയത്

അതിന്‍റ നീളവ്യത്യസങ്ങളാകണം
എന്നെയും മറ്റു കുഞ്ഞുങ്ങളേയും
പുളകമണിയിച്ചത്

ഒരു ചെറു കരച്ചിലിനെ
തട്ടിയുറക്കാന്‍ അമ്മയ്ക്ക്
ആ വിരലുകള്‍ മതിയായിരുന്നു

എന്‍റെ വിശപ്പിനെ മുമ്പ്
ഊട്ടിയുറക്കിയതും അവ തന്നെ

ശാസനയുടെ
ആദ്യപാടങ്ങള്‍
ചന്തിയിലും, ചെവിയിലും
പകര്‍ന്നതും

പിന്നീടെപ്പോഴോ
കരയുന്നയെന്‍റെ
മിഴിനീരുതുടച്ചതും
മൂക്കുപിടിച്ചതുമൊക്കെ
ആ വിരലുകള്‍കൊണ്ടുതന്നെ

എന്‍റെ മുടിക്കെട്ടുകള്‍
തിരുപ്പിടിപ്പിച്ചതും
പൂചൂടിച്ചതും എല്ലാം

പാടത്തും വരമ്പത്തും
ഞാന്‍ തൂങ്ങിനടന്നതും
ഞൊ‌ട്ടയൊടിച്ചു രസിച്ചതുമെലാം
ആ വിരലുകളില്‍ത്തന്നെ

പിന്നെപ്പോഴാണ്
അതില്‍ നിന്ന് വിടുവിച്ച്
മറ്റൊരു കൈയ്യിലേക്ക്
ഞാനെത്തപ്പെട്ടത്

അവിടെ എന്നെ തൊട്ടവിരലുകള്‍
രോമാഞ്ചത്തിന്‍റേതായിരുന്നു

പ്രണയം തലോടലായി
ഉടലില്‍ അരിച്ചുകയറിയ
വിരലുകള്‍

ഇപ്പോഴും എന്‍റെ
കണ്ണുകള്‍ കൂമ്പുന്നു
ആ വിരല്‍സ്പര്‍ശമറിയുമ്പോള്‍

വിവാഹത്തിന്
മാലയും താലിയും ചാര്‍ത്തിതന്നതും

ആദ്യ നഖക്ഷതത്തിന്‍റെ
മുറിപ്പാടുകള്‍ സമ്മാനിച്ചതും
അവതന്നെ

ഗര്‍ഭവതിയായപ്പോള്‍
അറിയാതെ വയറില്‍
തൊട്ടുതലോടിയത്
എന്‍റെ വിരലുകളായിരുന്നു

ഒപ്പം അദ്ദേഹത്തിന്‍റെയും
ഞാനും അറിഞ്ഞു തുടങ്ങിയിരിക്കുന്നു
ചെറുവിരലുകളുടെ അനക്കം

വാര്‍ത്തകളിലും
ഞാന്‍ ചില വിരലുകള്‍ കണ്ടു

മുറിപ്പാടുകളില്‍
യൗവ്വനത്തെ പിച്ചിച്ചീന്തുന്നവ

നീണ്ട നഖങ്ങളുള്ള
രക്തം ചിന്തുന്ന
വിരലുകള്‍

സ്ത്രീത്വത്തെ
അപമാനിക്കുന്നവ

വിശക്കുന്നവനെ
ആട്ടിപ്പായിക്കുന്നവ

തെരുവില്‍
എച്ചില്‍കൂമ്പാരങ്ങളില്‍
ആഹാരം തേടുന്നവ

കാട്ടിലെ അറിയാരോഗങ്ങളിലും
പട്ടിണിയിലും
ഉഴറുന്നവ

കീടനാശിനികളുടെ
അപകടാവസ്ഥയില്‍
പാതി മുറിഞ്ഞവ

ഇനി ഞാനും
ഉണര്‍ന്നണീക്കേണ്ടിയിരിക്കുന്നു
വിരലുകള്‍ മുറുക്കി
പ്രതിഷേധിക്കാനായി

പ്രതിഷേധങ്ങളില്‍
ഞാന്‍ എടുക്കുന്ന
ആയുധങ്ങളും
തിരുപ്പിടിപ്പിച്ചിരുക്കുന്നതും
ആ വിരലുകള്‍തന്നെ

എങ്കിലും ഞാനൊന്ന്
തിരിഞ്ഞുനോക്കി
ഈ കണ്ടതെല്ലാം
എന്‍റെ വിരലുകള്‍
തന്നെയല്ലേ

എത്തെട്ടെ
ഇനിയൊരവസാന വിരലുകള്‍
എന്‍റെ പാദങ്ങളിലേയും
കൈകളിലേയും
വിരലുകള്‍
കൂട്ടിക്കെട്ടാന്‍

Sunday 21 July 2013

കുടുക്കഴിയുന്നതും കാത്ത്

ഇനി ഒന്നുകൂടിപ്പറയാം
അതെടുക്കരുത് അതെന്‍റെ
ഹൃദയത്തില്‍ നീ ഏല്‍പ്പിച്ച
ആദ്യ നഖക്ഷതമാണ്.

അതിന്‍റെ സ്മൃതിയില്‍
എനിക്ക് ഒരുപാടുനാള്‍
ഉറങ്ങാന്‍ കഴിഞ്ഞിരുന്നു.

അന്നെല്ലാം ഞാന്‍
വിവസ്ത്രനുമായിരുന്നു.
നാണം ഒരിക്കല്‍പോലും
എന്‍റെ അരുകിലെത്തിയിട്ടില്ല

പിന്നെപ്പോഴോ ഒരു മഴ
അത്, അതിന്‍റെ ശിരോവസ്ത്രം
എടുത്തുകളഞ്ഞപ്പോള്‍
എനിക്കനുഭവപ്പെട്ടത്
കുളിരായിരുന്നു.

എന്‍റെ കരങ്ങള്‍ കമ്പിളിയെ
ഞാനറിയാതെ തേടി
ഒരു ചുരുള്‍ ഇരുട്ട്
എന്നെ പുതച്ചുമൂടി

ആകാശത്ത് നക്ഷത്രങ്ങള്‍
ആര്‍ക്കോ കൂട്ടുപോയിരിക്കുന്നു
ഇനി നിലാവിനൊപ്പം
തിരിച്ചുവരുമായിരിക്കും

എങ്കിലും എന്‍റെ കണ്ണുകളെമൂടി
ആ പലകയും അടഞ്ഞിരിക്കുന്നു

ചുവന്നമണ്ണ് പലകമേല്‍
വന്നുവീഴുന്ന ശബ്ദം
അതെനിക്ക് നല്ലവണ്ണം
കേള്‍ക്കാമായിരുന്നു.

ഇനിയവരെത്തും
എന്‍റെ ശരീരത്തിനോ‌ട്
യുദ്ധം ചെയ്യാന്‍

കറുത്ത തലകളുള്ള
വെളുത്തപുഴുക്കള്‍
അവര്‍ ശര്‍ദ്ദിച്ച
കൊഴുത്തദ്രാവകം
പലവകളുടെ ഇടയിലൂടെ
ഭൂമിയിലേക്കൊഴുകി

ഞാന്‍ വെളുത്തു തുടങ്ങിയിരിക്കുന്നു
ഇനിപരീക്ഷണങ്ങള്‍ വേണ്ടിവരും
എന്‍റെ നാമം തിരിച്ചറിയാന്‍

ഇനിയുമെത്രനാള്‍
ഇങ്ങനെ കാത്തുകിടക്കണം
അസ്ഥികള്‍ക്കിടയിലെ
കുടുക്കുകള്‍ അഴിയാന്‍

അല്പം മധുരം

എടുത്തുവന്നുഞാന്‍ ചെറിയ കുട്ടുകം
അടുപ്പില്‍വച്ചുഞാന്‍ തീകൊടുക്കവേ
പരിപ്പുകടലയും പച്ചവെള്ളവും
എടുത്തൊഴിച്ചതില്‍ വെന്തെടുക്കുവാന്‍
മുറിച്ചതേങ്ങകള്‍ ചുരണ്ടിവച്ചവള്‍
പിഴിഞ്ഞുപാലതില്‍ രണ്ടുകൂട്ടമായ്
വെന്തകടലയെ വാങ്ങിവച്ചതിന്‍
ശേഷമടുപ്പിലായ് ഉരുളിവച്ചുവോ
അരിഞ്ഞശര്‍ക്കര ഉരുക്കിയരിക്കുവാന്‍
വേണ്ടിഞാനത്തില്‍ ചേര്‍ത്തിളക്കിയോ
അരിച്ചശര്‍ക്കര പാണിമേലതില്‍
വെന്തകടലയും പിഴിഞ്ഞപാലുമായ്
ഇളക്കിചട്ടുകം ചിരിച്ചകണ്ണുമായ്
ചേര്‍ത്തുവച്ചുവോ കിളുന്തുചൗവ്വരി
നെയ്യുചേര്‍ത്തതില്‍ രുചിക്കുവേണ്ടിയോ
മണത്തുനിക്കുമാ കുറുക്കുലായനി
നല്ലചൂടിലാ അടുപ്പെരിയവേ
തിളച്ചുചന്തമായ് കുറുകിനില്‍ക്കവേ
എടുത്തു ഏലക്കാ കുറച്ചുമാത്രമായ്
ചതച്ചു ചേര്‍ത്തതില്‍ മണത്തുനില്‍ക്കുവാന്‍
ഉരിയ പഞ്ചാര ഇട്ടുപിന്നതില്‍
ഇളക്കി വൃത്തിയായ് ചേര്‍ത്തുമെല്ലവേ
ആദ്യപാലതില്‍ ചേര്‍ത്തുപിന്നെയും
ഇളക്കിമെല്ലെഞാന്‍ വാങ്ങിവച്ചതും
ചീനചട്ടിയാ അടുപ്പില്‍ വച്ചതില്‍
ഒഴിച്ചുനെയ്യുമാ അരിഞ്ഞതേങ്ങയും
നല്ലമുന്തിരി, കശുവണ്ടിയും
വറുത്തെടുത്തുഞാന്‍ ചരിച്ചുതട്ടിയാ
വാങ്ങിവച്ചൊരാ ഉരുളിക്കുള്ളിലായ്
രുചിച്ചു നോക്കുന്നോ ഞാന്‍ പകരുമീ
കടലപായസം എന്‍റെ കൂട്ടരേ

Thursday 18 July 2013

പ്രണയിനി നിനക്കൊരു കുറിപ്പ്

തിരകളെന്‍ പാദത്തെ ചുംബിച്ചുനിന്നപ്പോള്‍
പ്രണയമാം നൊമ്പരം ഞാനറിഞ്ഞു.
ഹൃദയം പകുത്തൊരാ നോവിന്‍റെയോര്‍മകള്‍
കടലിന്‍റെയാഴത്തിലാര്‍ന്നിറങ്ങി
നൂല്‍പൊട്ടുംപട്ടമാ ആകാശവീഥിയില്‍
മനസായ് വിരഹത്തില്‍ കാത്തിരിപ്പൂ
എങ്ങോ കളഞ്ഞുപോയെന്നുടെ സ്വപ്നങ്ങള്‍
തരുമോ തിരിച്ചു നീ ഓര്‍മകളെ
മനസ്സില്‍ കളിവഞ്ചി തുഴഞ്ഞു നീവന്നപ്പോള്‍
കരളും പറിച്ചുഞാന്‍ തന്നതല്ലേ
മിഴികളില്‍ നീതന്ന പ്രണയക്കിനാവുകള്‍
പ്രാണനായ് ഞാനിന്നും കാത്തുവയ്പൂ
മാറിലായ് നീതീര്‍ത്ത നിസ്വനപടവുകള്‍
സ്നേഹത്തിന്‍ രോമാഞ്ചമായിടുമ്പോള്‍
അധരത്താല്‍ ഞാനാ നെറുകയില്‍ നല്കിയ
ചുടുചുംബനങ്ങളും മറന്നുപോയോ
മുല്ലപ്പൂതീര്‍ത്തൊരാ സൗരഭ്യമിന്നുമെന്‍
മനസ്സില്‍ കുളിരായ് മയങ്ങിടുന്നു
ഇനിയെന്‍റെ ഓര്‍മകള്‍ മരിക്കാതിരിക്കാനായ്
പ്രിയേ, നിനക്കെന്‍റെ പ്രേമസൗധം
കടലിന്‍റെയാഴത്തിലുറയുന്നസ്വപ്നംപോല്‍
പണിയുന്നു ഞാനിതാ മുത്തുചിപ്പി
കടലിന്‍റെയോരത്തിലെത്തുമ്പോള്‍ ഒരിക്കല്‍നീ
കടമിഴിക്കോണിനാല്‍ തേടുമെങ്കില്‍
നിന്‍റെ കടമിഴിക്കോണിനാല്‍ തേടുമെങ്കില്‍

പ്രാണചലനം

പച്ചമാംസത്തിന്‍റെ
ഉള്ളില്‍പിടയ്ക്കുമാ
ഹൃദയത്തിന്‍ തന്ത്രികള്‍ ആരുമീട്ടി

ഞാനെന്നഭാവം
അറിയുന്ന ഭാവന
ആരുടേതാണെന്നതോര്‍ത്തെടുക്കൂ

ഇവിടെയീ
മാനുഷരൂപത്തിനുള്ളിലെ
സ്വപ്ന സുഷുപ്തികളാരുതന്നു

മുമ്പേ പറക്കും
മനസ്സിന്‍ ചിറകുകള്‍
ആരുടേതാണന്ന് കണ്ടറിയൂ

പ്രണയമീ
മണ്ണിലലിഞ്ഞുണരുമ്പോള്‍
സുഖമുള്ള നോവുകള്‍ എവിടെനിന്നോ

Wednesday 17 July 2013

പഞ്ഞമാസം

കോളുകനത്തല്ലോ എന്‍റെതമ്പ്രാ
നീയെന്‍റെ മാടത്തെ കാത്തുകൊള്‍കാ
കണ്ണുകലങ്ങിയെന്‍ കള്ളുതീര്‍ന്നു
നീയാകും ദൈവത്താര്‍ മിണ്ടണില്ല
ചുട്ട കരിവാടോ എന്തുവേണം
കരിവളഇട്ടവള്‍ കൊണ്ടരട്ടോ
കര്‍ക്കടകത്തിലെ പഞ്ഞകാലം
പണ്ടത്തെ മാളോര്‍ക്ക് ഉള്ളതല്ലേ
നാട്ടിമുഴുവനും വന്നുചേര്‍ന്ന
കഷായക്കൂട്ടങ്ങളന്നെവിടെ
കഞ്ഞിയും കപ്പയും മാത്രമല്ലോ
അന്നത്തെ മാളോര് തിന്നതൊക്കെ
എല്ലിന്‍കഴപ്പത് തീര്‍ക്കുവാനായ്
സുഖക്കിഴിതേടുമീ നാട്ടുകാര്‍ക്ക്
പണ്ടത്തെലോകമറിവതുണ്ടോ
ദാരിദ്ര്യക്കൂടുകള്‍ തേടണുണ്ടോ
ചാണാത്തറയിലാ ഓലക്കീറില്‍
കിടന്നവസൂരിക്കാരിന്നെവിടെ
മാനത്തെക്കാറിലെ പഞ്ഞമാസം
അടിയന്‍റെകുടിയിലേ വെള്ളപൊക്കം
പാടവരമ്പത്ത് കഴുത്തിനൊപ്പം
കുത്തൊഴുക്കായൊരീ മാരിയെത്തും
കൈക്കോട്ട് മണ്ണില്‍ കിളപ്പതില്ല
കൂലിയില്ലാത്തൊരാ പട്ടിണിയില്‍
കാലനടുത്തൊരു നേരമെത്തും
നാട്ടാരുരോഗത്താല്‍ പരിഭ്രമിക്കും
രാമായണത്തിന്‍റെ ശീലുകളന്നാ
രാവില്‍ പറയാനുമാവതില്ല

Tuesday 16 July 2013

ഇടവഴി

പണ്ടുനടന്നുപഠിച്ചതാണീവഴി
ഹൃദയത്തിന്‍ തന്ത്രികളെന്നപോലെ
പ്രണയത്തിന്‍ സ്പന്ദനം ഏറെ
പതിഞ്ഞതാണീയുടല്‍ നാഡിയിലന്നുമേറെ
അമ്മതന്മാറിലായ് ചാഞ്ഞുറങ്ങുമ്പോഴു-
മേറെ കൊതിച്ചൊരീ കാല്‍വഴികള്‍
അച്ഛന്‍റെ മാധുര്യമൂറും വരവിനെ
സ്മൃതിയിലായ് തന്നതും ഈവഴികള്‍
കണ്ണുമടച്ചങ്ങു സാറ്റുകളിച്ചതും
കളിവണ്ടിയോടിച്ചു പാറിനടന്നതും
മധുരമായവളോട് കൊഞ്ചിക്കുഴഞ്ഞതും
കയ്പ്പുംമധുരവും ഏറെയാ തന്നവള്‍
അന്ധകാരത്തിന്‍റെ ഇരുട്ടുപകര്‍ന്നതും
പ്രണയത്തീനീവഴി പാതതന്നെ
അമൃതാകുമമ്മയെ മൂടിപ്പുതപ്പിച്ച്
കരളിലായ് ചേര്‍ത്തതും ഈവഴിയേ
വിരലിലായ്തൂങ്ങി നടന്നൊരാപുത്രിയെന്‍
കാണായകലത്തില്‍ പോയിമറഞ്ഞതും
കൊഞ്ചിനടന്നൊരാ ഉണ്ണിവളര്‍ന്നങ്ങ്
തന്നോളമെത്തും മകനായ് വളര്‍ന്നതും
തുമ്പവളര്‍ന്നു നിറഞ്ഞൊരീ പാതയില്‍
എങ്ങുമേ നില്‍ക്കാതെ ഓടിമറഞ്ഞതും
മാവുകള്‍പൂക്കുമീ പാതയിലിപ്പൊഴും
കണ്ണുകള്‍ കാക്കുന്നതെന്തിനേയോ
എന്നിലെ ജീവിതം മാത്രമോ കണ്ടതീ
കൊന്നകള്‍പൂക്കുന്ന ഇടവഴികള്‍
അല്ലല്ല പൈതൃകം പേറുമിരുട്ടിന്‍റെ
നാള്‍വഴിചിന്തിലെ നല്ലകാലം
പിന്നെയും മോഹങ്ങള്‍ അതിലേറെ
ജീവിതം കണ്ടുമടുത്തവളുണ്ടിനിയും


Monday 15 July 2013

സൗഹൃദം

സൗഹൃദം
---------------------------------
പ്ലാവിലവണ്ടി വലിച്ചിഴച്ചന്നു ഞാന്‍
ഇടവഴിയോരത്തു ചെന്നനേരം
കുണുങ്ങിച്ചിരിച്ചവള്‍ പമ്പരമൊന്നിനെ
കാറ്റില്‍ പറത്തി കടന്നുപോയി

അച്ഛനുടുപ്പിച്ച തോര്‍ത്തഴിയാതെയും
വണ്ടിച്ചരടിലും കൈപിടിച്ച്
പാടവരമ്പിലെ ചേമ്പലനുള്ളുമ്പോ
മഞ്ഞിന്‍ കണങ്ങളടര്‍ന്നുവീണു

തോട്ടിലിറങ്ങിയാ പരലിനെപൊത്തുമ്പോ
കണ്ണെടുക്കാതവള്‍ നോക്കിനിന്നു
വറുത്തപുളിങ്കുരു നീട്ടിയവളന്ന്
എന്നുടെ ചങ്ങാതിയായിമാറി

മുറ്റത്തെ മാവിലെ ഊഞ്ഞാലും ഞാനുമാ
കിങ്ങിണിയോടൊത്തു കാറ്റിലാടി
ഞങ്ങടെ കൂവലിന്‍ എതിര്‍പാട്ടുപാടിയാ
കുയിലമ്മപെണ്ണും പരിഹസിച്ചു

മണ്ണും ചിരട്ടയും ചെമ്പകപൂവുമാ
സൗഹൃദച്ചരുവിലെ പാത്രമായി
കാലം കടന്നുപോയ് ചെമ്പകപൂവുകള്‍
കൈയ്യെത്താ ദൂരത്തു പൂത്തുനിന്നു

ഇന്നുമവളെത്തി എന്നുടെ മുറ്റത്ത്
പണ്ടത്തെ നാളിലെ കുട്ടിയായി
ജരനര ചേരാത്ത മനസ്സുന്നുടമയായി
മുറ്റത്തെ ഊഞ്ഞാലില്‍ കൈപിടിക്കേ

ഓടിവാ, നീയെന്നെ ആലോലമാട്ടുമോ
പണ്ടത്തെ കുട്ടിയായ് വന്നുവേഗം
മോണയില്‍ തീര്‍ത്തൊരു പുഞ്ചിരിനല്കിയാ
ഊഞ്ഞാല്‍ പടിയിലായ് ഞാനിരുന്നു

പേരക്കിടാങ്ങളെന്‍ ചുറ്റിലും വന്നിട്ട്
കൈകൊട്ടിയാര്‍ത്തു ചിരിച്ചിടവേ
കിങ്ങിണിപോലൊരു കുഞ്ഞുകിടാവെന്റെ
മുന്നില്‍ പുളിങ്കുരു വച്ചുനീട്ടി.

Sunday 14 July 2013

കാഴ്ച

ഞാന്‍ കണ്ടില്ലെന്‍ പൂര്‍വികര്‍ തന്നുപോയരാ
ഋതുക്കള്‍ കൊയ്യുന്നപാടവരമ്പുകള്‍
കേട്ടില്ലഞാന്‍ അവര്‍പാടുമാ വിശപ്പില്‍
വിയര്‍പ്പിന്‍റെ ഗന്ധത്തിലുയരുന്നപാട്ട്

അകന്നുപോകുന്നു എന്നില്‍നിന്നകലയായ്
ഞാന്‍ നടന്നോരീയിടവഴിച്ചോലകള്‍
താഴ്വരകളിലൊഴുകുമാ പുളകനദികളും
അവര്‍ ജനിക്കും കുന്നാം ഗര്‍ഭപാത്രങ്ങളും

ഇനിയും ചുരത്താത്തമേഘവും, പ്രണയവും
അതിലലിയുന്ന വസന്തകാലവും
പച്ചപ്പുവിരിയ്ക്കും വനജാലവും മഞ്ഞും
അകന്നിരിക്കുന്നെന്‍ കണ്‍പഥങ്ങളില്‍

കണ്ടിരിക്കുന്നുഞാന്‍ മതിലില്‍ മുഖംചേര്‍ത്ത്
അലസമായ്നില്‍ക്കും സൗധകുടീരങ്ങളെ
മനസ്സിലലനീട്ടി ആശപാശങ്ങളില്‍ നോമ്പിട്ട്
വിടര്‍ത്തിവയ്ക്കുന്നയാഡംബരങ്ങളെ

കൂട്ടിവയ്ക്കുമോ നമ്മളീ മൃതശരീരങ്ങള്‍
മൂക്കില്‍ തുളയ്ക്കുന്ന ദുര്‍ഗന്ധവാഹികള്‍
നല്കുമോ നമ്മള്‍തന്‍ കുഞ്ഞുകിടാങ്ങള്‍ക്ക്
അമ്മകിനിക്കുന്നൊരാ അമ്മിഞ്ഞയെങ്കിലും

ജനനമരണചക്രത്തില്‍ ഭ്രമണം നടത്തുമീ
കര്‍മ്മപാശത്താല്‍ ബന്ധിതമാകിയ
പഞ്ചഭൂതനിര്‍മ്മിതശരീരം സത്യമോ
മിഥ്യയോ, അറിയില്ല നൂനമെന്നാലും
ചിറകടിച്ചാര്‍ക്കുന്നു നമ്മളീ ലോകത്തില്‍
പ്രപഞ്ചമായതന്‍ വിസ്മയക്കാഴ്ചയില്‍

Friday 12 July 2013

ഉണ്ണിയെക്കാത്ത്

ജീവിതപൊയ്കയില്‍ ഞാനെന്നയോടത്തെ
തുഴയുവാന്‍ നീയെന്നുമെന്‍റെയൊപ്പം
ചുമ്മാകിലുക്കിയെന്‍ ചിന്തയെ നീയിനി
ചങ്ങലക്കെട്ടിലായ് ചേര്‍ത്തുവയ്ക്കൂ
ഹൃദയത്തിന്‍ പൂട്ടിട്ട കണ്ണികള്‍ നിന്നിലെ
വാക്കിന്‍ വിചാരങ്ങളായിടുന്നു
സ്വപ്നത്തില്‍ തീര്‍ത്ത മണികിലുക്കം
നിന്‍റെ പ്രണയത്തിനുള്ളിലുറഞ്ഞിടുമ്പോള്‍
അരമണിചിന്തിലെ അറിയാഞരക്കങ്ങള്‍
അഴിയാത്ത സ്വപ്നങ്ങളായിടുന്നു
കണ്‍മണികോണില്‍ നിറച്ച വികാരങ്ങള്‍
നിശ്വാസമായെന്‍റെ നെഞ്ചില്‍നിക്കേ
ചാരത്തുനീയെന്‍റെ തോളത്തുരുമിയാ
നെഞ്ചക സ്പന്ദനം ചേര്‍ത്തിടുന്നു
പിന്നെയും നീയെന്‍റെ പ്രേമമലരിനെ
ചുമ്പിച്ചു മെല്ലെയുണര്‍ത്തിയെന്നാല്‍
ചന്ദനചോപ്പുള്ള സന്ധ്യയില്‍ ഞാനൊരു
അമ്പിളികുഞ്ഞിനെ പെറ്റുനല്കാം
നക്ഷത്രകണ്ണുകള്‍ മിന്നിത്തെളിയുന്ന
കിങ്ങിണിക്കുട്ടനെ തന്നെനല്കാം
ഇങ്ങനെയോരോരോ സ്വപ്നങ്ങള്‍കണ്ടതിന്‍
മിഴികളില്‍കൂടെഞാന്‍ കണ്‍തുറക്കേ
ചാരത്തിരിക്കുന്നു എന്‍പ്രിയനാഥനും
ഉണ്ണിയെത്തന്നെയങ്ങോര്‍ത്തുകൊണ്ട്
ഇല്ല വരില്ലവന്‍ നമ്മളെക്കാണാനായ്
എന്നുമീ വീട്ടില്‍ തനിച്ചുതന്നെ
നമ്മളീ ലോകത്തില്‍ സ്നേഹിച്ചതൊക്കയും
നമ്മുടെയുണ്ണിയെത്തന്നെയല്ലേ
കവിളിലൊഴുകുമാ നിറമിഴിചാലുകള്‍
ഹൃദയത്തില്‍ത്തന്നെ പതിച്ചുവെന്നോ
അപ്പോഴവനൊരു മുത്തത്തെ നല്കാനെന്‍
മുരടിച്ച ദേഹത്തിനായതില്ല
ചലിക്കാത്തയുടലിലെ പ്രണയമാം‍നോവുകള്‍
നിശ്വാസമായിഞാന്‍ ചേര്‍ത്തുവയ്ക്കേ
സാന്ത്വനം നല്കുവാനപ്പഴായെത്തിയോ
സ്നേഹത്തിന്‍ നനവുള്ള നല്ലകാറ്റ്.

Thursday 11 July 2013

പ്രകൃതി

നിര്‍ഗുണപരബ്രഹ്മമാമീശന്‍റെ രൂപത്തെ
കാക്കുവതവളല്ലോ ഈ പ്രകൃതി
അചക്ഷുവും അശ്രവണനും അഹസ്ത-
നുമചരണനുമാം പുരുഷനെ
പതിയായ് കണ്ട് തന്‍ രൂപഗണങ്ങളാല്‍
രാസലീലചെയ്യിപ്പതവളല്ലോ
ഗുണങ്ങള്‍തന്‍ മൂര്‍ത്തീമത്ഭാവമായ്
ഉയിര്‍കൊള്ളും ഗുണമയിതന്‍
വൈഭവം നിര്‍ജ്ജീവനെപ്പോലുമുയിരാം
തല്പത്തിലാറാടിക്കുന്നുവോ
സംസാരജീവനെ ഗര്‍വിഷ്ഠമാക്കുമീ
അവള്‍തന്‍ പാദചലനങ്ങളില്‍
പ‍ഞ്ചേന്ദ്രിയങ്ങളും ഉന്നിദ്രമായിയാ
അലൗകികങ്ങളില്‍ വഴിപിഴയ്ക്കുന്നുവോ
വിഭ്രാന്തിതന്‍ മഹാദ്വീപായ് ഉറയുന്ന
ശക്തിതന്‍ മൂര്‍ത്തീമത്ഭാവമോ
അന്തമില്ലാ ചിത്തവൃത്തികള്‍ വിതയ്ക്കും
മനസ്സിന്‍റെ കാണാപൊയ്മുഖമോ
തളിര്‍ത്തുന്മത്തമാകുമാ വനത്തിലെ
പൂക്കും വസന്തകാലമോ
വിശ്രുതമാം ദിവ്യമായയിലുയിര്‍കൊള്ളും
വാഗ്മയവികാസിനിയോ
നിരാകാരങ്ങളില്‍ നിറയും ആകാര
വിസ്തൃതിതന്‍ രൂപഭാവങ്ങളോ
സര്‍വ്വവിദ്യതന്‍ ഇരിപ്പിടമാകുമാ
വിദ്യാ വിലാസിനിയോ
ജ്ഞാനമനോവികാരങ്ങളും ഇശ്ചയും
ക്രിയയും സകല പ്രാപഞ്ചികനാദവും
സൃഷ്ടിയും സമൃദ്ധിയും ചമല്‍ക്കാരവും
അവളില്‍നിന്നുയരുന്നതോ
പ്രപഞ്ചനാടക സൂത്രധാരിണിയവള്‍
സകലകലാ നിപുണയവള്‍
പ്രളയോല്പത്തിയെ പ്രഭാതപ്രദോഷമായ്
തൊട്ടുണര്‍ത്തീടുന്നവള്‍
പ്രപഞ്ചപുരുഷന്‍റെ ഹൃദയംകവരുന്നൊരീ
അത്ഭുതമോഹിനിയവള്‍ വിലാസിനി

ചിതകൂട്ടുന്നവര്‍

വെട്ടിമിനുക്കിയും കോറിവരച്ചുമെന്‍
അസ്ഥികള്‍തീര്‍ത്ത തണലിറമ്പില്‍
ലജ്ജയില്ലാതിവര്‍ ആടിത്തിമിര്‍ക്കുന്നു
ശുംഭത്തമേറും ലഹരിയാലെ

കീശ നിറച്ചൊരാ കാടിന്‍ കണക്കുകള്‍
ജനനിതന്‍ പുടവ വലിച്ചഴിക്കേ
ചിതകൂട്ടിയമ്മയും കാത്തിരിക്കുന്നിതാ
മക്കള്‍തന്‍ കുഴിമാടമേറ്റെടുക്കാന്‍

ഓര്‍മ്മ കടംവച്ച പഴയൊരു നാളിലായ്
ഞാനെന്‍റെ യൗവ്വനം കോര്‍ത്തുവയ്ക്കേ
കാടിനകത്തുള്ള വന്മരമാണു ഞാന്‍
ചന്തം തികഞ്ഞൊരാ നെഞ്ചഴകില്‍

കാടിന്‍ നെറുകയില്‍ മുത്തുക്കുടയുമായ്
കാറ്റെന്‍റെ താളത്തിലാടി നില്‍ക്കേ
കുഞ്ഞിക്കുരുവിയും അണ്ണാനുമൊക്കെയും
കൂടുകള്‍ തീര്‍ത്തെന്‍റെ നെഞ്ചകത്തില്‍

ഊഞ്ഞാലുകെട്ടിയും പ്രണയിച്ചുമെന്നിലാ
വല്ലികള്‍ തീര്‍ത്ത നഖക്ഷതങ്ങള്‍
ചില്ലകള്‍ തോറുമാ കുഞ്ഞു കുരങ്ങന്മാര്‍
കരണം മറിഞ്ഞു കളിച്ചിരുന്നു

താഴെച്ചുവട്ടിലായ് കുഞ്ഞുമൃഗങ്ങളെന്‍
തണല്‍തേടി ചുമ്മാ കളിച്ചിരുന്നു
അന്നുള്ള സന്ധ്യകള്‍ ഉള്ളിന്‍റെയുള്ളിലായ്
സ്നേഹം പകുത്തു പകര്‍ന്നിരുന്നു

ഇന്നെന്‍റെ ഭൂമിയെ, മക്കളെത്തന്നെയും
കൊന്നു തിന്നുന്നിവര്‍ നാട്ടുമക്കള്‍
ചിതകളെരിഞ്ഞവര്‍ക്കുള്ളിലായെത്തുന്നു
ശ്വാസമടക്കി ദഹിച്ചുകൊള്‍കാ

ഇനിയില്ല കൈവഴി ഒന്നു പുലമ്പുവാന്‍
നീ തന്നെ മാര്‍ഗ്ഗം അടച്ചതല്ലേ
നീ കീറി വച്ചൊരാ തട്ടവിടവുകള്‍
അഗ്നി ശരങ്ങള്‍ തൊടുത്തു വയ്ക്കേ

വേദനകൊണ്ടു പുളഞ്ഞ ധ്രുവങ്ങളീ
നോവിന്‍ മിഴിനീരു കൂട്ടിവയ്ക്കേ
ആ മിഴിനീരിന്‍ പ്രളയത്തിലാണു നാം
തൊണ്ടവരണ്ടു മരിച്ചിടുമ്പോള്‍

ഇനിയില്ല ചിന്തകള്‍ ചങ്ങലക്കണ്ണികള്‍
കൂട്ടിവരിഞ്ഞു മുറുക്കി നിര്‍ത്തേ
ഒന്നു വിലപിക്കാന്‍ നാവുമനങ്ങില്ല
അമ്മിഞ്ഞപോലും കറുത്തുപോയി.

Wednesday 10 July 2013

പൊട്ടന്‍ തെയ്യം

അങ്ങെ ചരുവിലെ കുഞ്ഞുപാടത്തിലായ്
പള്ളിയറയൊന്നൊരുങ്ങണുണ്ട്
ഏനെന്‍റെ കുടിലിലാ പൊട്ടനായ് മാറുവാന്‍
വ്രതശുദ്ധിവരുത്തിയിരിക്കണുണ്ട്

എങ്കിലുമെന്‍മനം കാണാത്ത ദൂരത്ത്
ദാരിദ്ര്യപ്പാട്ടതു കേള്‍പ്പതുണ്ട്
ജാതിസമംചൊല്ലും പൊട്ടന്‍റെ കോലത്തില്‍
നാട്ടാരുകൂപ്പണ പാളമുഖം
മുഖത്തില്‍ കളംചാര്‍ത്തും രോദനമൊന്നുമേ
കാണാതിരിക്കാനായ് വയ്പ്പുമുഖം

ഇറയത്തു മൂലയില്‍ തേങ്ങിക്കരയുന്ന
മലയന്‍റെ കുഞ്ഞുങ്ങള്‍ നിത്യസത്യം
ഉള്ളിന്‍റെ ഉള്ളിലായ് മേലേരി കൂട്ടുമ്പൊ
തെയ്യത്തറയില് കനലുവീഴും

ബ്രഹ്മമറിയുന്ന സത്യത്തെക്കാട്ടുവാന്‍
തെയ്യത്തറയിലാ പൊട്ടനെത്തും
കത്തിച്ച ചൂട്ടിന്‍റെ വെട്ടത്തിലെത്തുന്നു
കുരുത്തോല മുറുക്കിയുടുത്തതെയ്യം

കിനിയുന്ന രക്തത്തി ചോപ്പുനിറമെങ്കില്‍
ഏനെന്‍റെ വിശപ്പിനിന്നേതുനിറം
ഏങ്കിലുമിന്നെനിക്കേറെ സുഖിക്കണ്
കൂപ്പുന്ന മാളോരറിയണില്ല

ഏനെന്ന ദൈവവും ഏറെ വിശക്കണ്
കുളിരുമീ കനലില്‍ മറിഞ്ഞുകുത്തേ
ഏറെക്കുളിരണ് ഏറെകുളിരണ്
തീ ചാരി നിക്കണ എന്‍റെദേഹം.

Tuesday 9 July 2013

കൊച്ചുമകള്‍

ഇന്നെന്‍റെ കര്‍ണ്ണങ്ങള്‍ കാത്തിരിക്കുന്നിതാ
കുഞ്ഞുമകളുടെ കൊഞ്ചല്‍ കേള്‍ക്കാന്‍
അകലെയാണെങ്കിലും എത്തുമവളെന്‍റെ
മുരടിച്ചകൈകളില്‍ തൂങ്ങിയാടാന്‍
ഏറെയവധികള്‍ ചൊല്ലിയവള്‍തന്ന
ദിവസമാണിന്നെത്തും തീര്‍ച്ചതന്നെ

ഊഞ്ഞാലുകെട്ടണം പൂക്കളിറുക്കണം
ഇന്നെന്‍റെ കുട്ടി വരുന്നതല്ലേ
കൊഞ്ചിക്കുഴഞ്ഞവള്‍ പാടുന്നപാട്ടുകള്‍
കേള്‍ക്കുവാനേറെ കൊതിവരുന്നു
ഉള്ളിന്‍റെ പത്തായകെട്ടിലായ് സൂക്ഷിക്കും
കഥകളവള്‍ക്കായ് പറഞ്ഞിടേണം
പാലിന്‍റെ മാധുര്യമേറുന്ന പായസം
കള്‍ക്കണ്ടം ചേര്‍ത്തങ്ങു വച്ചിടേണം

ഇറയത്തെതൂണിനെ ചാരിയിരുന്നുഞാന്‍
കനവുകള്‍ കണ്ടു മയങ്ങിപ്പോയി
ഓരോ കിനാവുകള്‍ കോര്‍ത്തമനസ്സിനെ
തട്ടിവിളിച്ചൊരു കുഞ്ഞുപൈതല്‍
കണ്ണുമിഴിച്ചുഞാന്‍ നോക്കുമ്പോളവളെന്‍റെ
മിഴികളില്‍ നോക്കി കുണുങ്ങിനിന്നു
വയറുവിശക്കുന്നു വല്ലതുംതന്നാലീ
കുഞ്ഞുവയറിന്‍റെ വിശപ്പുമാറും
നാടോടി ചൊല്ലിയ വാക്കിലുണര്‍ന്നുഞാന്‍
വറ്റും കറിയുമെടുത്തു നല്കി
സന്ധ്യയീ വീടിന്‍റെ മുറ്റത്തുനില്‍ക്കുന്നു
അവളുണ്ടുകഴിയുവാനെന്നപോലെ
ആര്‍ത്തിയാല്‍ ഉണ്ണുന്ന അമ്മയും കുഞ്ഞുമീ
കാത്തിരിപ്പിന്‍റെ വിരുന്നുകാരോ
എന്നാലവള്‍ക്കുള്ളതാണീ പുതുവസ്ത്രം
കുഞ്ഞുങ്ങളെല്ലാമിന്നൊന്നുതന്നെ
പുഞ്ചിരിതൂകുന്ന പാല്‍മണിചുണ്ടുകള്‍
പുള്ളിയുടുപ്പിനെ ചേര്‍ത്തുവയ്ക്കേ
ഒരു കൊച്ചുസ്വപ്നമെന്‍ ഹൃദയത്തിലിറ്റിച്ച്
അകലേക്കു പോകുന്നു കുഞ്ഞുമേഘം
അവള്‍തന്ന ചെ‌‌ടിയിലെ നൊമ്പര പൂവുകള്‍
പൊഴിയുവാനിനിയെത്ര നാളുവേണം
സമയമാം കുഞ്ഞുങ്ങള്‍ ഘടികാരവഴിയിലായ്
ഇഴഞ്ഞിഴഞ്ഞോടുന്നു മെല്ലെമെല്ലെ
ഞാനുമെന്‍ പൂക്കളും വഴിയിലുറങ്ങുന്നു
വാടിത്തളര്‍ന്നൊരു കുഞ്ഞുപോലെ

Sunday 7 July 2013

കാത്തുവച്ച പ്രണയം

നാട്ടുവഴിയിലായ് കണ്ടൊരുപെണ്ണിനെ
കണ്ണെടുക്കാതെഞാന്‍ നോക്കിനിന്നു
പല്ലില്‍ കറപൂണ്ട പെണ്ണിന്‍റെയാമുഖം
എന്നിലേക്കെന്തോ കടിച്ചുതൂങ്ങി
മിഴികളില്‍ ഇറ്റിച്ച നീലക്കറുപ്പെന്‍റെ
ഹൃദയത്തിലെങ്ങോ തുളച്ചുകേറി
ചുറ്റികകൊണ്ടവള്‍ തുണ്ടുതുണ്ടാക്കുന്ന
കല്ലിന്‍റെ രോദനമെന്നപോലെ
ഹൃദയത്തുടിപ്പാര്‍ന്ന നിസ്വനത്തോടവള്‍
എന്നിലേക്കൊന്നു മുഖമുയര്‍ത്തി
കണ്ണില്‍നിറയും തിളക്കത്തെപൂണ്ടവള്‍
എന്നോടു മന്ത്രിച്ചു ഓര്‍മയുണ്ടോ?
ശബ്ദത്തിന്‍താഴ്വര താണ്ടിയെന്നോര്‍മകള്‍
വിദ്യാലയത്തിലേക്കോടിയെത്തെ
കുങ്കുമസന്ധ്യ തുടിപ്പിച്ചപോലൊരു
സുന്ദരിപ്പെണ്ണെന്‍ അടുത്തുവന്നു
മിഴികളിലായിരം അഴകിന്‍റെ സന്ധ്യകള്‍
ഒരുമിച്ചെടുത്തങ്ങൊളിച്ചപോലെ.
മുന്നിലാണെപ്പൊഴും ഒരുപടിയെങ്കിലും
വിദ്യ, കളിത്തോഴിയെന്നപോലെ
അറിയില്ലെ നീയെന്നെ എന്നുള്ള നിസ്വനം
വീണ്ടുമെന്‍ കാതിലായ് എത്തിടവേ
പതറിയ ശബ്ദം പുറത്തുവരാതെ ഞാന്‍
തലകൊണ്ടു ഭാഷ്യം കുലുക്കിവച്ചു.
എന്‍റെ വിശേഷങ്ങള്‍ എല്ലാമറിയുവാന്‍
എന്തോ തിടുക്കമുണ്ടെന്നപോലെ
എന്നോടൊരായിരം ചോദ്യങ്ങള്‍ ചോദിച്ചു
പൊട്ടിച്ചിരിച്ചവള്‍ കുസൃതിയോടെ
എങ്കിലും കണ്ടുഞാനവളുടെ നൊമ്പരം
ഓലത്തുമ്പിറ്റിച്ച നിഴലിലൂടെ
ചിരിയിലൊളിപ്പിച്ച കണ്ണീരിന്‍മുത്തുകള്‍
ഞാനറിയാതെ തുടച്ചുനീക്കേ
അറിയിച്ചു ഞാനവള്‍ക്കെന്‍റെ മനോഗതം
നീയെന്‍റെ പെണ്ണായ് വരുന്നോ കൂടെ
പൊട്ടിക്കരച്ചിലായ് കുമ്പിട്ടിരുന്നവള്‍
പെരുമഴ മണ്ണില്‍ പതിച്ചപോലെ
തൊട്ടുതലോടിയ എന്‍കൈകവര്‍ന്നവള്‍
നെറ്റിമെല്‍ മുട്ടിച്ചു കണ്ണീര്‍തൂവി
എന്നോ മനസ്സില്‍ കുടുക്കിട്ട പ്രണയത്തെ
പറയാതിരുന്നതോ ഇത്രനാളും

Saturday 6 July 2013

ഒരു തലമുറ

വെളുത്തപുഴുക്കള്‍ നുരയ്ക്കുന്നചാലിലെ
അഴുക്കു പേറുന്ന മാമ്പഴമൊന്നിനെ
കടിച്ചുതിന്നുന്ന ബാല്യങ്ങളേറെയാ
കടുത്തവിശപ്പിന്‍റെ സങ്കടംപേറുവോര്‍
കുപ്പയില്‍ പട്ടിയോടൊപ്പം കഴിക്കുമാ
എച്ചിലില്‍ പശിയുടെ വറ്ററിയുന്നവര്‍
തെരുവിന്‍റെ സന്താനമെന്നറിയുന്നവര്‍
ദാരിദ്ര്യ ചോലയില്‍ മുങ്ങിമരിപ്പവര്‍
നീറും വിശപ്പിന്‍റെ കാഠിന്യമേറ്റവര്‍
നോവിന്‍റെ ആയുധം പേറി നടപ്പവര്‍
ഉള്ളില്‍ജ്വലിക്കും വെറുപ്പിന്‍കണങ്ങളായ്
നാളയെപ്പേറാത്ത കുഞ്ഞുമനസ്സുകള്‍
കുഞ്ഞുവയറിന്‍റെ വിശപ്പകറ്റുവാന്‍
നാടിന്‍റെ യൗവ്വന കളിപ്പാട്ടമായവര്‍

പശിയറിയുന്നൊരാ വയറിന്‍റെ നൊമ്പരം
കാമവിശപ്പിന്നടിയറവയ്ക്കവേ
ഊര്‍ന്ന മടിശ്ശീല ബാക്കിവയ്ക്കുന്നുവോ
വിത്തുകള്‍ വീണ്ടുമാ ചേരിയിലൊക്കെയും

ആയിരം പന്തങ്ങള്‍ കത്തിച്ചുവച്ചാലും
കാണില്ല നമ്മളീ തെരുവിന്‍റെ നൊമ്പരം
ഓര്‍ക്കില്ല നമ്മളീ ആഹാരവേളയില്‍
ദൂര്‍ത്തടിക്കുന്ന പണത്തിന്‍കൊഴുപ്പിനെ

Friday 5 July 2013

പ്രിയതമ

ഇറയത്തുകത്തിച്ച നിലവിളക്കിന്‍തിരി
വെട്ടത്തിലവളെന്‍റെ ഹൃദയമേറി
ചന്ദനക്കുറിചേര്‍ത്ത ആ മുഖമെന്നിലായ്
പ്രണയത്തിന്‍ മുത്തു പതിച്ചെടുത്തു
ഈറന്‍മുടിയില്‍ തിരുകിവയ്ക്കുന്നൊരാ
തുളസിക്കതിരിന്‍റെ നന്മപോലെ
അവളിലേക്കൊഴുകുമീ പ്രേമരസത്തിനെ
ആരാരും കാണാതെ പൂഴ്ത്തിവച്ചു
മുറ്റത്തെ ചെമ്പനീര്‍ ചോട്ടിലായവളെന്‍റെ
ആദ്യത്തെ ചുംബനമേറ്റുവാങ്ങേ
കണ്ണില്‍ ലയിപ്പിച്ച മധുരമാം കണ്ണുനീര്‍
പ്രേമത്തിന്‍ മുത്തുകളായിരുന്നു
ആരും കൊതിക്കുമാ യൗവ്വനകാഴ്ചയെ
വാരിപ്പുണര്‍ന്നെന്‍റെ ജീവനാക്കി
കാലം മുഖങ്ങളില്‍ കോലം വരച്ചപ്പോള്‍
വാര്‍ദ്ധക്യം വന്നെന്നെ കൊണ്ടുപോയി
അപ്പോഴുമവളെന്‍റെ വിറയ്ക്കുംകരങ്ങളില്‍
വിവശയാം മാലാഖയെന്നപോലെ
ഇന്നുമെന്‍ അസ്ഥിത്തറയിലവള്‍പൂകും
കണ്ണുനീരന്നത്തെ മുത്തുതന്നെ
പ്രിയമോടവളെന്‍റെ ചാരത്തു നില്‍ക്കുമ്പോള്‍
നിലവിളക്കാമുഖം ശോഭയേറ്റും
ചന്ദനക്കുറിചേര്‍ത്ത ആ മുഖമെന്നിലായ്
പ്രണയത്തിന്‍ മുത്തു പതിച്ചെടുക്കും.

Thursday 4 July 2013

അറിയുന്നു ഞാന്‍

അംബരചുംബിയാം സൗധത്തിന്‍മേലയാ
പത്രതലക്കെട്ടില്‍ കൂപ്പുകുത്തേ
ചുറ്റും തളംകെട്ടും ജീവിത പൊയ്കകള്‍
ഒന്നുമേ ഞാനങ്ങറിഞ്ഞേയില്ല
വാഴത്തലപ്പുകള്‍ ദൂരെയാണേറെയീ
പാതകള്‍ അവിടേയ്ക്കു പോകയാണോ
ഞാനും വരുന്നുണ്ടവിടയാ മാടത്തില്‍
ചേര്‍ത്തുവയ്ക്കാനൊരു റാന്തല്‍പോലെ
അമ്മമുഖത്തിന്‍റെ ലാളനം കേട്ടൊരാ
കുഞ്ഞു കണ്ണാടിതന്‍ മുമ്പില്‍ത്തന്നെ
ഒന്നു ഞണുങ്ങിയ ചോറ്റുപാത്രത്തിലായ്
അമ്മ വിളമ്പിയ സദ്യയുണ്ണാന്‍
ചമ്മന്തിപിന്നെ ഇലക്കറി ചേര്‍ത്തൊരാ
അമ്മതന്‍ കൈപ്പുണ്യമേറ്റുവാങ്ങാന്‍
ഒറ്റയ്ക്കാ മാടത്തില്‍ എത്തിയമാത്രയില്‍
അമ്മയണയുന്നു എന്‍റെ കൂടെ
അമ്മതന്‍ സാമീപ്യമുണ്ടെന്ന തോന്നലോ
എന്നുടെ നെഞ്ചിലെ കാത്തുവയ്പോ

ചൂടുപോകുന്നുമ്പേ ചായകുടിക്കുനീ
ചില്ലുഗ്ലാസ്സൊന്നമ്മ നീട്ടിത്തന്നു
ചാണകം തേച്ച മുറത്തിലായ് പാറ്റിയ
കുത്തരി കഴുകി പറഞ്ഞുവമ്മ
ഊണു കഴിച്ചിട്ട് പോകാം നിനക്കിന്ന്
മുരിങ്ങയിലയൊന്നു നുളളിക്കോട്ടെ
നാരകം ചേര്‍ത്തൊരാ ചുട്ടചമ്മന്തിയും
കടുമാങ്ങാ അച്ചാറും ഉണ്ടുവേറെ
താഴെത്തൊടിയിലെ കദളിയിലയൊന്നു
വെട്ടിക്കൊ കുഞ്ഞേ നീ ഒന്നു വേഗം

ചില്ലലമാരയില്‍ സൂക്ഷിച്ചപുസ്തകം
വാങ്ങിയതമ്മയാണേറെയെല്ലാം
ഒന്നു മറിച്ചതിന്‍ ഉള്ളു കാണുമ്പോഴേ-
ക്കമ്മ വിളിച്ചങ്ങു ചോറുതിന്നാന്‍
താഴെത്തൊടിയിലേക്കോടിഞാന്‍ ഝടുതിയില്‍
ഇലയുമായ് വന്നു പടിഞ്ഞിരുന്നു
ഏറെ സമയമാ കാത്തിരിപ്പില്‍ ഞാനാ
സത്യങ്ങള്‍ വീണ്ടുമങ്ങോര്‍ത്തെടുത്തു
ഇലയുടെ തുമ്പിലെന്‍ കണ്ണീര്‍കണങ്ങളായ്
അമ്മതന്‍ സ്നേഹം പകുത്തുവച്ചു

അവളോടൊത്ത്

അവളെന്‍റെ കവിളിലായ് തന്നമുത്തം
നനുത്തതോഞാനങ്ങറിഞ്ഞേയില്ല
മൂടിപ്പുതച്ചുകിടന്ന പുതപ്പിന്‍റെ
ഓരത്തുവന്നവള്‍ പുഞ്ചിരിച്ചു
ഏറെ പരിചിതമാണനിക്കാചിരി
തോഴിയവളെന്‍റെ കൂടെയില്ലേ
വാഴകൈമേലേകിടക്കുന്നതിത്രയും
സാന്ദ്രമാണെന്നവളോതിയില്ല
ഇന്നലെയോളം ഞരങ്ങിയതൊണ്ടയില്‍
ശബ്ദത്തിനലകളുദിച്ചതില്ല
എങ്കിലും ഞാനേറ്റവേദനയിങ്ങനെ
പെട്ടെന്നു തന്നെ ശമിപ്പതുണ്ടോ
ഒന്നു ചരിയണമെന്നൊരു തോന്നലോ
മൂത്രത്തിന്‍ ശങ്കയോ ഇല്ലതന്നെ
ആളുകള്‍ വട്ടത്തില്‍ കൂടിയിരുന്നെന്‍റെ
ചുറ്റിലും കണ്ണീര്‍ പൊഴിപ്പതെന്ത്

Wednesday 3 July 2013

പ്രാണന്‍

പ്രാണന്‍
-----------
മായാത്ത യൗവ്വനം പേറിയീ മാരുതന്‍
പ്രാണനായി വന്നെന്നില്‍ കുടിയിരിക്കേ
ഞാനെന്ന ഭാവം പേറിയീ ഭൂമിയില്‍
സാമ്രാജ്യമോരോന്നു ചേര്‍ത്തെടുക്കേ
എന്നെ മടുത്തവന്‍ വിട്ടകലുമ്പൊഴോ
അഴുകുന്ന ജഡമായി വീണു ഞാനും

പിന്നെയും ധരണിയില്‍ പ്രണയത്തിന്‍
ഗന്ധമായ് മന്ദമായവനങ്ങു വന്നുചേരേ
ജനികളാ മന്ത്രത്തിന്‍ ശ്രുതികളായ് മാറുമീ
ഊഴിയില്‍ പുത്തനുണര്‍വ്വു നല്കൂ

ജീവജലവുമാ ചെടികളും ചേര്‍ന്നുള്ള
പ്രകൃതി രമിക്കുന്നവന്‍റെ കൈയ്യില്‍
വൃക്ഷത്തലപ്പുകള്‍ തുള്ളാട്ടം തുള്ളിയാ
പുളകത്തിന്‍ മാറ്റൊലി ചേര്‍ത്തുവയ്ക്കേ

ഓടിയകന്നവന്‍ രൗദ്രഭാവത്തിലായ്
ചീറ്റിയടിക്കുന്നു നാടുനീളെ
പിന്നെയാ കാമുകിപ്പെണ്ണിന്‍റെകൂടെയീ
ധരണിയെത്തന്നെ നനച്ചിടുന്നു

ഒടുവിലാ കതിരവന്‍ ചൂടിലാ പെണ്ണിനെ
വാനിലേക്കേറെയുയര്‍ത്തിടുന്നു
താങ്ങിയെടുത്തൊരാ മേഘച്ചുമടിനെ
താലോലം തൊട്ടിലിലാട്ടിടുന്നു

എല്ലാമറിയുന്നവനെന്ന ചിന്തയില്‍
ഓടി നടക്കുന്നു നാടുനീളെ
പഞ്ചഭൂതങ്ങളിലെല്ലാം ലയിച്ചതില്‍
ഒന്നായിരിക്കുന്നുവെന്നുമാത്രം
പ്രാണനീഭൂമിയിലെല്ലായിടത്തുമായി
ഒന്നായിരിക്കുന്നുവെന്നുമാത്രം

Tuesday 2 July 2013

ഒരു കടല്‍ക്കര

ഒരുപൊട്ടുകുത്തി ആകാശവഴിയിലായ്
കതിരവന്‍ നില്‍ക്കുന്നു സന്ധ്യപൂകാന്‍
കടലിരമ്പല്‍പൂണ്ട തിരയിലെ കാഴ്ചകള്‍
സ്മൃതിയിലേക്കെന്നെ വലിച്ചിഴയ്ക്കേ
കാലങ്ങള്‍ തുന്നിയ ജീവിതകുപ്പായം
ഓടങ്ങള്‍ പോലെ കരയ്ക്കടിഞ്ഞു
മിന്നുന്ന സ്വപ്നങ്ങള്‍ കാഴ്ചത്തറയിലെ
വിളക്കുകള്‍ മെല്ലെ തെളിച്ചുവച്ചു
അഞ്ചുവയസിന്‍റെ കുപ്പായമിട്ടൊരാള്‍
രംഗത്തായ് സ്ലേറ്റിലെഴുതിടുന്നു
പിന്നവന്‍ മെല്ലെയെഴുന്നേറ്റിറമ്പിലായ്
മഴകണ്ടു തന്നങ്ങു നിന്നിടുന്നു
മഴയിലെകൗതുകം മുന്നിലായെത്തുമ്പോള്‍
അറിയാതെ അവനങ്ങു നനഞ്ഞിടുന്നു
ചേമ്പില തണ്ടുമാ കടലാസുതോണിയും
തെങ്ങിന്‍ ചുവട്ടിലൊഴുക്കിടുന്നു
പച്ചണ്ടി പിച്ചുന്നു കീശയിലാക്കുന്നു
കറകൊണ്ട് തുടയങ്ങു പൊള്ളിടുന്നു
വിളക്കിന്‍ നിറങ്ങളീരംഗത്തു മാറുമ്പോള്‍
കാലമവനെ വളര്‍ത്തിടുന്നു
പ്രണയത്തിന്നിടവഴി ഓരെത്തിലെവിടെയോ
അവന്‍നട്ടറോസയ്ക്ക് മൊട്ടുവന്നു
കിളിമൊഴികൊഞ്ചലും പുളകുവുമായതില്‍
ഇതളുകള്‍ മെല്ലെ വിരിഞ്ഞുവന്നു
പ്രണയത്തിന്‍ തീഷ്ണതമങ്ങുമ്പോള്‍ തന്നെയും
അവനാ കരങ്ങള്‍ പിടിച്ചിരുന്നു
സ്നേഹത്തിലായവര്‍ കാണാത്തനോവുകള്‍
ജീവിതപൊയ്കയില്‍ വന്നുചേര്‍ന്നു
പ്രശ്നമില്ലായ്മതന്‍ പ്രശ്നത്തില്‍ ചേര്‍ന്നവര്‍
മൗനത്തിന്‍ ശാന്തത തീര്‍ത്തുപിന്നെ
അകലങ്ങളില്‍ത്തന്നെ അറിയുന്നു പിന്നവര്‍
അണയാത്ത പ്രണയത്തിന്‍ ബാക്കിപത്രം
തിരവന്നുവീണ്ടുമാ പ്രണയത്തിന്‍ പൂക്കളെ
കരയിലായ്ത്തന്നെ നിറച്ചിടുന്നു
കുങ്കുമ സൂര്യനാ വഴിയിലായ് വന്നപ്പോള്‍
വടികുത്തിയവനങ്ങു നിന്നിടുന്നു.

Monday 1 July 2013

ഗ്രാമത്തിന്‍റെ നേര്‍വഴികള്‍

ചുമടെന്‍റെതലയിലങ്ങേറ്റിക്കോ പെണ്ണേ
കാര്‍മുകില്‍ മാനത്തുകൊള്ളുന്നകണ്ടോ
വേഗത്തില്‍ നീയങ്ങു നടയെന്‍റെ പൊന്നേ
വീടിന്‍റെ കൂരയില്‍ മഴയേറും മുന്‍പേ
കണ്ണിമ പൂട്ടാതെ നമ്മളെക്കാക്കും
പൊന്നുകള്‍ വീടിന്‍റെ കോലായിലല്ലേ
കഞ്ഞിതിളപ്പിക്കാന്‍ വിറകുണ്ടോ പെണ്ണേ
കപ്പയെടുത്തൊരു പുഴുക്കാവാം കൂട്ടാന്‍
ആടിനു നല്കുവാന്‍ മരച്ചില്ല വെട്ടീല
കിരിയാത്തും പച്ചില ഒന്നും പറിച്ചീല
പോയിട്ടുവേണമാ കച്ചി മറിക്കുവാന്‍
വേഗത്തില്‍ നീയൊന്നു നടയന്‍റെ പൊന്നേ

നടക്കുവാനേനെന്‍റെ കാലുനീങ്ങുന്നില്ല
നിറവയര്‍ ഞാനെന്ന് ഓര്‍ക്കണം കണ്ണേ
നിങ്ങളെകാണുവാന്‍ വന്നതല്ലേ പൊന്നേ
പഴംകഞ്ഞി വെറുമൊരു കാരണം മാത്രം
നിങ്ങടെ കൈയ്യീന്നാ പറ്റുതിന്നുമ്പൊഴോ
എന്തൊരു പുളകമാണെന്നിലായ് മുത്തേ

മാനത്തെ കോളങ്ങ് ചാറിവീണാലയ്യോ
നിന്നുടെ ദേഹം നനയില്ലേ പെണ്ണേ
വാഴയിലയൊന്ന് വെട്ടിക്കോപെണ്ണേ
ചാറ്റല്‍ നനയണ്ട പനിവന്നു കൊള്ളും
മഴയങ്ങുവന്നു നിറഞ്ഞു കവിഞ്ഞാല്‍
വെട്ടിത്തുറക്കണം മടയൊക്കെപിന്നെ
പടവുകള്‍ കേറുമ്പോ സൂക്ഷിച്ചോ പെണ്ണേ
കോലായിലായ് നീ ഇരുന്നോളു കണ്ണേ

അമ്മമുഖം കണ്ട കുഞ്ഞുങ്ങള്‍ വന്ന്
കെട്ടിപിടിച്ചൊരു മുത്തം കൊടുത്തു
ആഹ്ലാദമോടവര്‍ കൊഞ്ചിച്ചുപിന്നെ
വാവയീ വയറ്റിലെങ്ങെവിടെയാണമ്മേ
കിതപ്പുമറന്നവള്‍ ആമോദം പൂണ്ട്
കണവനെ നോക്കി പതുക്കെ പറഞ്ഞു
അമ്മയൊളിപ്പിച്ചു വച്ചിട്ടുണ്ടിവിടെ
നിങ്ങളെക്കാണാനായ് എത്തും പതിയെ