Saturday 13 September 2014

തിരുവോണം

സന്ധ്യമയങ്ങിയെന്‍ പിന്നാലെ പോരുമ്പോള്‍
നുള്ളിയെടുക്കെട്ടെന്‍ തുമ്പകൂടി
കുന്നോളംകുത്തി നിറയ്ക്കാത്ത പൂക്കൂട
എന്നിലെ ഓണത്തിന്‍ പഞ്ഞമാണോ?

കര്‍ക്കിടകത്തിലെ പേമാരിയെത്തുമ്പോള്‍
ഞാനറിഞ്ഞില്ലിനിയോണമെന്ന്
പാതിരാനേരത്താ താരകള്‍ പൂക്കുമ്പോള്‍
ഞാനറിഞ്ഞില്ലെന്‍റെ പൂവിളികള്‍

ആടിയൊഴിഞ്ഞെന്‍റെ തിരകള്‍ക്കു മേലൊരു
കളിവഞ്ചി തുഴയുന്ന ഓര്‍മകളേ
വാടിയപൂവുകള്‍ പൂക്കുമാകാലത്തിന്‍
നിറമിഴി ചന്തത്തില്‍ പോയിടുമോ?

അമ്മയ്ക്കുപിന്നിലൊളിക്കുന്ന ബാല്യത്തില്‍
തുമ്പിയായ് നീയൊന്നു പാറിടുമോ?
അമ്മയൊരുക്കുമാ പൂക്കളചന്തത്തില്‍
നീയെന്‍റെയോണമായ് വന്നിടുമോ?

ദൂരയാ കതിര്‍മണിമാടിയൊതുക്കുന്ന
കാറ്റെന്‍റെയോണമായെത്തുമെങ്കില്
കുഞ്ഞൊരു പാല്‍ക്കണം ചുണ്ടില്‍ പകരുന്ന
അമ്മയായോണമെന്‍ കൂടെയെത്തും

പലകുറി സന്ധ്യകള്‍ ചോപ്പിച്ചുവച്ചൊരാ
കടലെന്‍റെ ദുഃഖത്തില്‍ പങ്കുചേരും
മനമൊരു നോവായ് തിരകള്‍ക്കുമേലെ
മഴപോലെ ചാറിപ്പരന്നുപോകും

പാട്ട്

ഒഴുകുന്നപുഴയിലെ പുളകമായി വിതറുന്ന
പൂക്കളായീമരം ചാഞ്ഞുനില്‍ക്കേ
ഓളങ്ങളായ്ച്ചെറുകുളിരുപകര്‍ന്നവള്‍
താഴേയ്ക്കുതാഴേയ്ക്കങ്ങൂര്‍ന്നുപോയി

ഇന്നലെയാമരം വര്‍ഷിച്ചപൂമഴ
ഉള്ളില്‍ നിറച്ചവള്‍ തുള്ളിനില്‍ക്കേ
ചില്ലകളാല്‍ച്ചെറു നോവിന്‍ നഖക്ഷതം
ഉള്ളിലായ് നല്കിയീ പൂമരവും

വെള്ളിവെളിച്ചത്തില്‍ സൂര്യനാ പൂമനം
കണ്ണാടിപോലെ തെളിച്ചുവയ്ക്കേ
പ്രണയത്തിന്‍ നീര്‍മിഴി കള്ളപരിഭവം
ഉള്ളില്‍ നിറയ്ക്കുന്നു പൂമരവും

ഊര്‍മിള

പലവാതില്‍ തുറന്നിട്ടും
വരുന്നില്ലൊരു ചെറുവെട്ടം
ഇരുളിന്‍റെ കരിമക്ഷി
പടരുന്നെന്‍ മനമാകെ

തുടികൊട്ടും ഹൃദയത്തില്‍
ഉറയുന്നെന്‍ മോഹങ്ങള്‍
പലവട്ടം കവിയുന്നെന്‍
കണ്ണിണക്കോലങ്ങള്‍

ഒരു രാത്രി പുലരുമ്പോള്‍
വനമുല്ല പൂക്കുമ്പോള്‍
കാണുന്നെന്‍ അകതാരില്‍
പ്രിയനേ നിന്‍ മുഖകാന്തി

ജേഷ്ഠന്‍റെ തോളരുകില്‍
ചേരുന്നൊരു വില്ലാളി
നീയെന്‍റെ പതിയല്ലേ
വാടുന്നീ പൂമാല

ഒരു വട്ടം പൂക്കാനായി
പലവട്ടം കൊതിച്ചിട്ടും
കിളിവാതില്‍ തുറന്നിട്ടാ
കാറ്റായും വന്നില്ല

മാരീചന്‍ മായകൊണ്ടാ
രോദനം തീര്‍ക്കുമ്പോള്‍
തേങ്ങിയ നിന്‍മനമെന്‍
രോദനം കേള്‍ക്കാത്തു?

തിരതല്ലി കരഞ്ഞിട്ടും
കരയൊന്നും മിണ്ടാതെ
പ്രണയത്തിന്‍ ജഠരാഗ്നി
മൗനത്താല്‍ പൊതിയുന്നോ?

ഒരു രേഖ വരയ്ക്കൂ നീ
മനസ്സിന്‍റെയൊരുകോണില്‍
അവിടെ ഞാന്‍ വിടരട്ടെ
മധുചൂടും പൂവായി

ചില ചോദ്യങ്ങള്‍

പോയ്പോയരോണത്തിന്‍ ഓണനിലാവുകള്‍
എന്തിനു നീയിന്നു ചൂടുന്നു
കണ്ണീര്‍ മണമുള്ളോരമ്മതല്‍ ശീലുകള്‍ 
എന്തിനു നീയിന്നു പാടുന്നു.
ഉള്ളിലുറങ്ങുന്നോരൂഞ്ഞാലിന്‍ താളങ്ങള്‍ 
എന്തിനീ നെഞ്ചിലായ് നല്കിടുന്നു
താരാപഥങ്ങളില്‍ മോഹങ്ങള്‍ പൂക്കുമ്പോള്‍
മേഘത്തിന്‍ താരാട്ടു കേള്‍ക്കുന്നു
ഓളങ്ങളൊരുവേള ചുമ്പിച്ച ചന്ദ്രനെ
മാറിലായ് നീയെന്തെ ചേര്‍ത്തുവയ്പൂ
കൈയെത്തി നീ പണ്ടിങ്ങെത്തിപിടിച്ചൊരാ
ബന്ധങ്ങള്‍ ഇട്ടേച്ചു പോയിടുമ്പോള്‍
സന്ധ്യകള്‍ ചാലിച്ച കുങ്കുമ വര്‍ണ്ണം നിന്‍
പൂങ്കവിള്‍ ചാരത്തു ചേര്‍ന്നിടാതെ
കൂരിരുള്‍കൂട്ടിലാ നീര്‍മിഴിപൂവുകള്‍
മൗനത്തിന്‍ കരതേടി പോയിടുന്നോ
പലവട്ടം തുഴഞ്ഞിട്ടും ഒരുകോണിലീവഞ്ചി
ചുഴിചേര്‍ന്നു ചുമ്മാ കറങ്ങിടുന്നോ