Thursday, 12 January 2017

കനവില്‍ നീ കരിമേഘമായി

കടമായി തന്നതും കനവായുറഞ്ഞതും
കടലേ നിന്‍ കണ്ണീരുമാത്രം
ഇരുളില്‍വന്നീപ്പകല്‍ മറയുന്ന നേരത്തും
നിഴലായിവന്നുനീ നില്‍ക്കും
ഒരു ചുടുചുംബനം തന്നുഞാന്‍ നിന്‍റെയാ
നോവിന്‍റെ നിശ്വാസമാകും
വിരലുകള്‍സംഗീതപ്പൂമഴയാകുന്ന
ആലിംഗനത്തില്‍ ലയിക്കും
എങ്കിലുമോമലേ അകലയാണിന്നു നീ
ഹൃദയത്തിന്‍ വേരറ്റപോലെ
മിഴിമുനയെഴുതിയ പ്രണയത്തിന്‍ പല്ലവി
വിരഹത്തിന്‍ ശ്രുതിചേര്‍ത്തുപാടും
മഴപെയ്തുമാനം വെളുത്തിട്ടും പിന്നെയും
കനവില്‍ നീ കരിമേഘമായി
ശ്രുതിതെറ്റി പലതുള്ളി വീണ്ടുമെന്നോര്‍മയില്‍
ചിതറിച്ചു നീ വന്നുപോകെ
അഴലുകള്‍ ബന്ധിച്ച നൗകയുമായി ഞാന്‍
ചുഴിയുള്ള പ്രണയത്തെപ്പൂകും

പ്രണയം


പകുക്കുന്നു നദിയെന്റെ
ഉടൽപ്പൊട്ടും രുദിരത്തെ
മദിക്കുന്നു കിതപ്പിന്റെ
കടലെന്ന കടക്കൂമ്പൽ
മണൽത്തിട്ട മയങ്ങുന്നു
വലംവച്ച നദിക്കുള്ളിൽ
ഒരു ഭ്രൂണം കിളിർക്കുന്നു
തണൽ പാറ്റും തരുവാകാൻ
മഴത്തുണ്ടു മരവിച്ച
നിഴൽ കൊണ്ടു മറയുന്നു
വെളിച്ചത്തിൻ കരം പേറും
കനൽത്തുണ്ടിൻ കനവേഴും
പകൽ കായ്ക്കും ഇരുട്ടിൽ ഞാൻ
കറുത്തോനായ് പിടയ്ക്കുമ്പോൾ
പുരക്കോലെൻ പിതൃ പിണ്ഡം
തിളപ്പിച്ചു കിതയ്ക്കുന്നു
വഴിച്ചോല പൂത്ത കൈത
പ്രണയത്തിൻ കരിമുള്ളാൽ
തുടക്കോണു പഴുപ്പിച്ചു
പഴമ്പാട്ടു തിരയുമ്പോൾ
കൊടിനാട്ടും നിറം നോക്കി
പിതൃബന്ധം പുതുക്കുന്നു
മരിയ്ക്കുന്നു മഴക്കാറും
മരം ചാരി രമിക്കാതെ

മർമ്മരങ്ങൾ


ഇങ്ക്വിലാബ് എന്നു 
വിളിക്കാത്തതിന് 
നീയെന്നെ കൊന്നു

കീജെയ് വിളിക്കാത്തതിന്
ഞാൻ നിന്നെയും

വിപ്ലവമാണ്,
 രാഷ്ട്ര നിർമ്മാണത്തിനാവശ്യം

രക്തത്തുള്ളികൾ ചേർത്ത 
പാതവക്കുകളിൽ
കറുത്തൊട്ടി മാഞ്ഞു പോയത് 
എന്റെയും നിന്റെയും 
സ്നേഹമാണ്

എവിടെയാണ് നാം 
മരിച്ചു പോയത്.

കറുപ്പു പോലെ 
ഒന്നു രുചിച്ചപ്പോൾ
അടിമയാക്കപ്പെട്ട 
കൊടിയടയാളങ്ങളിൽ
ചങ്ങലബന്ധിച്ച് 
മുഖം മൂടുകയായിരുന്നു.

പൂക്കളെ നമ്മൾ 
ആസ്വദിച്ചില്ല
ചിത്രശലഭങ്ങളെ 
സ്വപ്നം കണ്ടില്ല
ബാല്യമെന്ന പാടവരമ്പിൽ
തിരിച്ചിറങ്ങി
മഴ നനഞ്ഞില്ല.

എന്തിന് 
കുപ്പിവളക്കിലുക്കത്തിൽ
മനസ്സുടക്കിയൊരു
പ്രണയം കുറിച്ചില്ല.

നൂലു പൊട്ടിയ 
പട്ടങ്ങളായി
കൂർത്ത മുനകളിൽ 
ചിതറി വീഴുകയായിരുന്നു.

ചില തുള്ളികൾ ബാക്കി വച്ച
നമ്മുടെ ഓർമ്മകൾ പിന്നെയും
മെനഞ്ഞെടുക്കുന്നുണ്ട്
എന്നെയും നിന്നെയും.'

ഒന്നുണരട്ടെ ഞാന്‍

ഉഷ്ണമിതത്യുഷ്ണത്താല്‍
ഉരുകുന്നൂ ഹൃദയമീ ധ്രുവങ്ങളില്‍
മുങ്ങുന്നെന്‍ ദേഹം 
കവിയുന്ന സമുദ്രത്താല്‍
വിള്ളല്‍വീഴുന്നു
പാഴ്തണ്ടില്‍ തുളച്ചൊരു വണ്ടുമൂളുന്നു
ഇണ്ടല്‍കൊള്ളുന്നൂ ദേഹം
നോവും മനസ്സിനാല്‍
കാറ്റുമൂളുന്നു
പാഴ്ശ്രുതി ചേര്‍ത്തെങ്ങോ പറന്നിട്ടീ
കാട്ടിനുള്ളിലെ തേങ്ങും മരങ്ങളായ്
വിണ്ടുപോകുന്നൂ കുന്നും
ഒപ്പമൊലിച്ചാര്‍ക്കും മഴത്തുമ്പില്‍
പുഴ കട്ടെടുക്കുന്നു കരയും
ശേഷിച്ച പാടങ്ങളും
ശബ്ദമില്ലിനി,-
യൊന്നുറക്കെക്കരയുവാന്‍
തൊണ്ടപൊട്ടുന്നൂ, ദേഹം വിറയ്ക്കുന്നൂ
നാവുനീണ്ടൊരാര്‍ത്തിയായ്
കടലിരമ്പുന്നു
 ദാഹം ശമിപ്പിച്ച് സിരകളില്‍
കടലുറങ്ങുന്നു.
കൂണുകള്‍ മുളയ്ക്കുന്നു
അസ്തികൂടങ്ങളില്‍
പ്രാണനുരുകുന്നു ധ്രുവങ്ങളില്‍
പ്രണയം പകുത്തുവയ്ക്കുന്നൊരീ
ഹൃദയ തടങ്ങളില്‍
ഒരു നീര്‍ച്ചോല
കാത്തുവയ്ക്കട്ടെ ഞാന്‍
കുളിരുള്ളൊരു സന്ധ്യപൂകുവാന്‍
ഒന്നുണരട്ടെ ഞാന്‍
ഇനിയെങ്കിലും
കറുപ്പില്‍ നിന്നല്ലാതൊരു
സ്വപ്നത്തിന്‍ ചിറകുതേടുവാന്‍

മണ്ണേ കനിയുക ഒന്നുറങ്ങട്ടെ ഞാൻ

നിൻ നെഞ്ചിൻ ചുണ്ടിലെ പൂങ്കുളിർ കൊണ്ടു ഞാൻ
ചെമ്മേയലിഞ്ഞടർന്നില്ലാതെയാകുവാൻ
മണ്ണേ കനിയുക ഒന്നുറങ്ങട്ടെ ഞാൻ

പറയാനറിയാതെ

ഹാ! നീയെത്രസുന്ദരി എന്നു പറഞ്ഞിട്ടെന്‍
മാറിലായ് ചേര്‍ന്നു രമിച്ചു കിടന്നൊരു
നാണം മറയ്ക്കാത്ത നാട്ടുരാജാവു നീ.
ഞാന്‍ നിന്‍റെ സിരകളില്‍, രതിചേര്‍ത്തുണര്‍ത്തുന്ന
ഉപ്പു വിയര്‍പ്പിന്‍റെ നേരുള്ള പെണ്‍കൊടി
ആരാണുവേശ്യയെന്നറിയാതെ ഞാനെന്നു-
മുണരുന്ന കാമത്തിനടിമയായ്ത്തീരുന്നു
പകലിന്‍റെ പാതയില്‍ അറിയാമുഖങ്ങളെന്‍
പടിയോരമെത്തും നിശാശലഭങ്ങളായ്
ഉടുതുണിപോലുമറയ്ക്കാതെയവനെന്നെ
കാര്‍ന്നുതിന്നെങ്ങോ മറഞ്ഞങ്ങുപോകവേ
പാടിചാരിയകലുന്ന രതിയുടെ നോവുമായ്
മഷിയിട്ട കടലാസിലക്കങ്ങളെഴുതുന്നു
തീകൊണ്ടുകുത്തിയെന്‍ നിമ്നോന്നതങ്ങളില്‍
രതിമൂര്‍ച്ച തേടുന്ന പൗരുഷവേഷവും
നക്കിയും തോര്‍ത്തിയും ഉമ്മവച്ചിട്ടെന്‍റെ
കാതിലായ് കിന്നാരം ചൊല്ലുന്ന കൂട്ടരും
ചുമ്മായിരുന്നെന്നെ കണ്ടുരസിക്കുന്ന
കാമംചുരത്താത്ത നോവുമാത്മാക്കളും
ആരു കാണുന്നെന്‍ മനസ്സിന്‍റെ നോവുകള്‍
പ്രാണന്‍ പിടയ്ക്കും ഞരമ്പിന്‍റെ വേദന

എന്റെ കേരളം

പിറവികൊണ്ടിടംവറ്റി
കടലുകാർന്ന നെഞ്ചകം
ഹൃദയമില്ലാ പോർവിളികൾ
രുധിരമൂറ്റും പടനിലം
സ്നേഹമെന്ന ചാരമിട്ട്
പുഞ്ചിരിയാൽ കൈകൾ നീട്ടി
കനലിനുള്ളിൽ പുതച്ചിടും
കപടധാരികൾ കോമരങ്ങൾ
കഥ പറഞ്ഞ കളിക്കളം
അമൃതു നല്കിയ മുലകൾ നോക്കി
കൊതി പറഞ്ഞൊരു കാമബാണം
എയ്തു വീഴ്ത്തിയ കാടെരിഞ്ഞ്
നെഞ്ചടർന്നൊരു കരിയിടം
വിയർത്തവിത്തിൻ മുളപകുത്ത്
കനവുകണ്ടൊരിയുഴവുചാൽ
ദാഹമാർന്നൊരു ചുണ്ടുപോൽ
വിളറിവിണ്ടൊരു മണ്ണിടം
പുതിയ പദ്ധതി പുതിയ രേഖകൾ
ചുവന്നവള്ളിക്കുരുക്കിനുള്ളിൽ
അടയിരുന്നു പൊടിഞ്ഞു തീരും
ചിതലു കേറിയ പുറ്റിടം
പിന്നെ ജാതി വർണ്ണനൂലുകൾ
കോർത്തു കെട്ടിയ കൈഞരമ്പിൽ
പൂട്ടി വച്ചൊരു ഭ്രാന്തുമായി
ചിലമ്പണിഞ്ഞൊരു കോമരം.

കണ്ണിക്കുരു മണി കണ്ണു പൊത്തി

മയിൽപ്പീലിത്തുണ്ടിലൊളിപ്പിച്ച കൗതുകം
ആകാശം കാണാതെ കാത്തു വയ്ക്കേ
തൊടിയിലെ നീർച്ചാലിൽ മിന്നലൊളി തേടുന്ന
പരലിനെ തേടുന്നുണ്ടെൻമിഴികൾ
മാനത്തുകണ്ണിയെൻ സ്പടികക്കുടത്തിലെ
അലകളിൽ ജലരേഖ തീർത്തു വയ്ക്കേ
താളം പിടിച്ചെന്റെ മുറ്റത്തെ മാവിലാ
കണ്ണിക്കുരു മണി കണ്ണു പൊത്തി
നാണം കുണുങ്ങി ഞാൻ പാവാടത്തുമ്പിലായ്
കള്ളഞ്ഞൊറിവച്ചു പുഞ്ചിരിച്ചു
മുറ്റത്തവൻ കോർത്ത കുരുത്തോല പന്തിനായ്
കരിവള കിലുങ്ങാതെ കാത്തു നിന്നു
കവിളിലെ കുങ്കുമചെപ്പിലെ നുണക്കുഴി
ഒരു നുള്ളു കാത്തങ്ങു പരിഭവിച്ചു
ഒന്നു തൊടാതവൻ കുരുത്തോലത്തുമ്പിനാൽ
കവിളിലെ പരിഭവം മായ്ച്ചെടുക്കെ
കാൽനഖം കൊണ്ടൊരു പ്രണയം രചിച്ചു ഞാൻ
കൊലുസ്സിൻ കിലുക്കമറിഞ്ഞിടാതെ
നെഞ്ചത്തുചേർത്തൊരു പുസ്തകത്താളിൽ ഞാൻ
ആ കുഞ്ഞു സ്വപ്നത്തെ ചേർത്തു വയ്ക്കേ
ചേമ്പിലകൊണ്ടൊരു മറക്കുട ചൂടിച്ചെൻ
സ്നേഹം കവർന്നൊരു തുമഴയായ്
ആ കുളിർ തെന്നലെൻ ഹൃദയത്തിലൂടൊരു
പുളകത്തിൻ മൃദുരേഖ ചേർത്തുവച്ചു
ഓർമ്മകൾ മൂവാണ്ടൻ മാവിലെ പൂക്കളായ്
കൊഴിയാതെ വീണ്ടുമെൻ മുന്നിൽ നില്പൂ

തുലാമഴ

കാത്തിരുന്ന പെണ്ണുവന്നു
മെയ് മറന്നു ചാറവേ
ഉഷ്ണമേറ്റ നെഞ്ചകം
കുളിർത്തു ഭൂമി പാടിടും
വരണ്ട ചുണ്ടടർത്തി വിത്ത്
മുകുളമായുണർന്നിടും
ചില്ല മേലെ കൂടുകൂട്ടി
പറവകൾ പറന്നിടും
മഴവിളിച്ച് മലമടക്കിൽ
തപസ്സിരുന്ന തവളകൾ
മഴ വിരിച്ച മന്ത്രമൊക്കെ
മറന്നിടാതെയുരുവിടും
ഞാനുമെന്റെ നെഞ്ചകത്ത്
നെഞ്ചുചേർത്ത പെണ്ണിനെ
ചുണ്ടു ചേർത്തൊരുമ്മ നല്കി
കണ്ടെടുത്തു രാമഴ.

പാലമരത്തണലില്‍

പാലമരം പൂത്തതെന്‍റെ
താഴ്ത്തൊടിയില്‍ത്തന്നെ
വേലകാണാന്‍ പോയനേരം 
പൂത്തതല്ലേ പൊന്നേ
നല്ലവെള്ള പൂവുചിമ്മി
കണ്‍തുറന്ന നേരം
കണ്ണുവച്ചു മാരനവന്‍
എന്‍റെനെഞ്ചില്‍ പൊന്നേ
കൂമ്പിയെന്‍റെ കണ്ണിണയില്‍
ഒന്നുടക്കി മാരന്‍
ഓടിവന്നാ മാരെനെന്നില്‍
പൂതൊടുത്തൂ പെണ്ണേ
നെഞ്ചുകൊണ്ടായമ്പെയ്ത്തില്‍
താളമിട്ടു നില്‍ക്കേ
കൊഞ്ചിനിന്ന ചുണ്ടിലവന്‍
മുത്തിയെന്‍റെ പൊന്നേ
പൂനിലാവ് പൂത്തപോലെ
കുളിരുകൊണ്ടെന്നുള്ള്
കൈനഖത്തിന്‍ ചുണ്ടുകൊണ്ടു
ചേര്‍ത്തുഞാനെന്‍ നെഞ്ചില്‍
ചുണ്ടുവിട്ടെന്‍ നെഞ്ചിലുടെ
ഒഴുകിനീണ്ട മുത്തം
കണ്ണടച്ചു ഞാന്‍ നുകര്‍ന്നു
എന്‍റെ നെഞ്ചിന്‍ താളം
കണ്‍തുറന്നു കണ്ടുഞാനാ
കാമമുള്ള കണ്ണില്‍
പെണ്ണുടലിന്‍ മാനമൂറ്റും
ഭ്രാന്തെടുത്ത നോട്ടം
പിന്‍കഴുത്തിന്‍ തണ്ടിലൂടെ
എന്‍റെ നോട്ടം പാഞ്ഞു
ചുണ്ടുരുമി കണ്ഠനാളം
കവര്‍ന്നെടുത്തു പിന്നെ
ധാരയുള്ള സിരകളൊന്നില്‍
പല്ലമര്‍ത്തിപിന്നെ
ചോരയുറ്റി ഞാന്‍ചിരിച്ചു
നോവകന്നു കണ്ണേ
പണ്ടൊരുനാള്‍ കൊഞ്ചിയോടി
വന്നതാണു ഞാനും
പാലമരച്ചോട്ടിലൊരു
പിഞ്ചുപൈതലായി
പിച്ചിമാന്തി കാര്‍ന്നുതിന്ന
എന്നുടലില്‍ പാതി
നോമ്പുനോറ്റു കാത്തിരുന്ന
നാളിതല്ലോ പെണ്ണേ
യക്ഷിയുണ്ടീ പാലമര-
ച്ചോട്ടിലെന്നും പെണ്ണേ
നിന്‍റെ മാനം കാത്തുവയ്ക്കും
പാലമരപ്പൂവായ്
കരിവളകള്‍ കിലുക്കിനീയി-
ന്നെങ്ങുപോണു പെണ്ണേ
കാവിനുള്ളില്‍ വേലകാണാന്‍
ഞാനുമുണ്ടു കണ്ണേ
നാവുനീട്ടി നിന്‍റെ നേരെ
ചിരിയുതിര്‍ത്ത ചുണ്ടില്‍
നീയറിക നിന്‍റെ മാനം
കട്ടുതിന്നും കള്ളന്‍
ഈയുടലിന്‍ വെള്ളകൊണ്ടു
പാലയങ്ങു പൂക്കും
ഈത്തണലില്‍ നോവുമായി
സന്ധ്യയങ്ങു ചോക്കും.

കാത്തിരിപ്പ്


ഇനിയൊരു മുത്തം കാത്തുവച്ചമ്മേ
ഈപ്പടിവാതിൽക്കൽ ഞാനിരിക്കേ
അമ്മതൻ കൈവിരൽ തുമ്പു പിടിച്ചൊരു 
ഓർമ്മ വിരൽ പൂവു വന്നു
ചിതറിയ തലമുടി ചുരുളിലാ കൈവിരൽ
മെല്ലെ തലോടിക്കടന്നു പോകെ
എവിടെയോ പെയ്യാത്ത പെരുമഴത്തുള്ളിയെൻ
മിഴിയിതൾ തുമ്പിലായ് ചോർന്നു
കള്ളനാമുണ്ണിഞാൻ കവർന്നൊരു കൽക്കണ്ടം
കണ്ടെടുത്തമ്മയാ തണ്ടെടുക്കെ
പീലിയാണെന്നച്ഛൻ ചൂണ്ടിച്ചിരിക്കവെ
വാരിയെടുത്തമ്മയുമ്മവച്ചു
കണ്ണടച്ചെന്നമ്മ പുഞ്ചിരിച്ചുണ്ടുമായ്
നിലവിളക്കിൻ താഴെ മയങ്ങിടുമ്പോൾ
ഒരു മുത്തമന്നേ ഞാൻ നെഞ്ചത്തൊളിപ്പിച്ചു
ഉണരുമ്പോളമ്മയ്ക്കു നൽകിടാനായ്
ഒരു പിടിച്ചോറുവച്ചുരുളയായ് നേദിച്ച്
എള്ളു ചേർത്തമ്മയെ കാത്തിരിക്കേ
കാറി വിളിച്ചൊരു കാക്ക പറന്നെത്തി
യോർമ്മതന്നുരുളയുടച്ചിടുമ്പോൾ
ചുണ്ടിൽക്കരുതിയ ചക്കരത്തൂമുത്തം
തുള്ളിമുറിഞ്ഞെന്റെ കവിൾ നനയ്ക്കും
വിതുമ്പുന്ന ചുണ്ടിണയറിയാതെ മൂളുന്നു
പണ്ടമ്മയുറക്കിയ താരാട്ട്
ആ മടിത്തട്ടിലെയോർമ്മതൻ തൊട്ടിലിൽ
ചെമ്മേയുറക്കു നീ പൂങ്കുളിരേ
കാത്തു വയ്ക്കട്ടെ ഞാനെന്നുമാതൂമുത്തം
നെഞ്ചിനകത്തുള്ള കുഞ്ഞു കൂട്ടിൽ
ഈ മഴത്തുള്ളിയെ ചേർത്തുപിടിച്ചൊരു
കിന്നാരം ചൊല്ലിയുറക്കിടുമ്പോൾ
മുറ്റത്തുപ്പൂമണ ചെപ്പുമായെന്മുല്ല
പൂനിലാ പുഞ്ചിരി തൂകിനില്പൂ
ഒന്നരികത്തണഞ്ഞെങ്ങോ മറഞ്ഞൊരാ
ഓർമ്മയിതൾപ്പൂവിൽ ഞാനുറങ്ങേ
കൂന്തലഴിച്ചിട്ടു മൗനമായ് സന്ധ്യയും
പൂനിലാപാലാഴി കാത്തിരുന്നു

തണുവുള്ള പ്രണയം

ഏതോ മരച്ചില്ല 
ചേരും നിഴല്‍ക്കൂട്ടി-
ലാറുംവെയില്‍തേടി 
ഞാനും നടക്കവേ
ദൂരെയേഴാംകടല്‍ക്കര-
യോരത്തു കാത്തൊരു
മണ്‍വിളക്കിന്നും മുനിഞ്ഞിരിപ്പൂ
ഉപ്പല്ലയെരിവല്ല പുകയാണു
കനലിന്റെ തിളയാണു
കുടിലിന്‍ തിളക്കമെന്നും
ഒരു ഞാറുനട്ടുകുലച്ച
നെല്‍വിത്തിനെ പതിര്‍പാറ്റി
പഞ്ഞം പറഞ്ഞിടുമ്പോള്‍
എല്ലിന്‍കുടുക്കില്‍
വിരല്‍പിടിച്ചെത്തി ഞാനെത്തും
വയല്‍ക്കരക്കുണ്ടുപാടങ്ങളില്‍
ഉടലറ്റുപോയ കതിരിന്‍ചുവട്ടിലെ
നെന്‍മണികൊത്തി-
പ്പറക്കും പിറാവുഞാന്‍
വെയില്‍തോര്‍ന്നയിരുളിലൊരു
മഴവന്നു പിന്നിലെന്‍
കഥചൊല്ലിയോര്‍മ്മ
പുതുക്കിടുമ്പോള്‍
തണുവുള്ള ചില്ലയില്ലൊരുകൂടുകൂട്ടിയെന്‍
പ്രണയവുംകൂടെ പറന്നിറങ്ങും.

പഴകിയരാഗം

മനമുനമെനയുമനര്‍ഗ്ഗളമേളമതുജ്ജ്വലതാളം
സിരകളിലുയിരിന്‍തരളിതഗാനം
പ്രണവമുതിര്‍ക്കുംപ്രണയതരംഗം
അതുമൊഴിപഴമൊഴിപഴകിയരാഗം

കുഞ്ഞന്- 99

അത്തം പൊത്തം ചാടി
കണ്ണാഴം വഴി പൊത്തി
മിന്നാമിന്നിച്ചാരെ
കൂടും കൂട്ടിയിരിക്കും
നീയും ഞാനും ദൂരെ.
ഒരു മിഴിക്കൂട്ടിലായ് മയങ്ങുമോർമ്മതൻ പീലി
ചിറകുവച്ചെന്റെയരികിലാർദ്രമായരുവിയെന്ന പോലൊഴുകി

മലയാളം

ആദ്യമമൃതൂട്ടിലെ 
അമ്മതന്‍കൊഞ്ചലില്‍
അമ്മ പകര്‍ന്നതീ മലയാളം
ആരും കൊതിക്കുമാ
ആരോമല്‍പൈതലും
ആടിക്കളിച്ചതീ മലയാളം
ഇന്ത്യതന്‍ചോട്ടിലായ്
ഇത്തിരിപോന്നൊരീ
ഇമയഴകോടെയീ മലയാളം
ഈമുകില്‍മാരിയില്‍
ഈറനണിയുന്ന
ഈചെറു പച്ചമലയാളം
ഉഴവുചാലിനിന്നും
ഉയിരിന്റെ നാദങ്ങള്‍
ഉണരുമീ നാടിന്‍മലയാളം
ഊഞ്ഞാല്‍പ്പാട്ടും
ഊഴിക്കഥകളും
ഊറിനിറയും മലയാളം
ഋഷിയാല്‍ ചേര്‍ത്തൊരീ
ഋഷിതന്‍മണ്ണെന്ന്
ഋഷികള്‍ പാടും മലയാളം
എപ്പോഴുമുള്ളിലായ്
എഴുത്തച്ഛന്‍ നല്കിയ
എന്റെയീ സ്വന്തം മലയാളം
ഏടുകള്‍ താണ്ടിയിന്ന്
ഏറെപുരാണങ്ങള്‍
ഏതിലുമിന്നെന്‍ മലയാളം
ഐരാവതത്തിന്റെ
ഐശ്വര്യംപേറുമീ
ഐശ്വര്യദേവമലയാളം
ഒരുപിടിയക്ഷരം
ഒഴുകുമീചോലയില്‍
ഒരുമതന്‍തീര്‍ത്ഥം മലയാളം
ഓണക്കിനാവിലാ
ഓമനത്തുമ്പിയെ
ഓടിപ്പിടിക്കും മലയാളം
ഔചിത്യം പേറുമീ
ഔനത്യഭാഷയെ
ഔചിത്യത്തോടെ നാം ഓര്‍ക്കവേണം
മനസ്സിന്‍തുരുത്തിലായ്
അമൃതായ് പൊഴിയുന്ന
ഭാഷയാണിന്നെന്‍ മലയാളം

പുലയാടാതെ

ഓ... പാത്തി പാത്ത് വെട്ട്
കമ്പ് കുത്തിവച്ച് നട്ട് തേവ്
കുംബ ചാറ്റ് തീത്ത് പോണ
നേരം നോക്കി വെട്ട്
ചോലത്തായെ കല്ലുംകൂട്ടി
കപ്പ പോന്തിക്കൊട്ട്
മണ്ണാങ്കട്ട... പുലയാടാതെ
വല്ലോം വന്ന് ഞണ്ണ്
പെയ്തു പോയ മഴയ്ക്കരുകിൽ
നീയുണ്ടായിരുന്നിരിക്കും
ഞാനതറിഞ്ഞിരുന്നില്ല
വേനലിൻ ദാഹമായി നിന്റെ
തൊണ്ട വരണ്ടിട്ടുണ്ടാകണം
ഞാനതും അറിഞ്ഞിരുന്നില്ല
കെട്ടുപോയ കാലത്തിന്റെ
കൂനാക്കുരുക്കഴിച്ച് പൂപ്പൽ പിടിച്ച
ഓർമ്മത്താളുകൾ പരതി നോക്കുമ്പോൾ
നിന്റെ പാദസരത്തിന്റെ കിലുക്കം
എന്നെ വേദനിപ്പിച്ചെത്തുന്നു.
രാത്രികൾ നക്ഷത്രങ്ങളെ കാവൽ നിർത്തി
കഥകൾ പറഞ്ഞു തരുമ്പോൾ
മടിയിൽ തല ചായ്ച്ചു മയങ്ങിപ്പോകുന്ന
എന്റെ ചിന്തകളെ കോർത്തെടുത്തൊരു
തുളസിമാല നീ എന്നെ അണിയിച്ചിട്ടുണ്ടാകണം
അതും ഞാനറിഞ്ഞിരുന്നില്ല.
നടന്നു തീരാറായ വഴിയരുകിൽ
തൊലിയും മനസ്സും മുരടിച്ച്
എന്നെ കാത്ത് നിൽക്കുമ്പോൾ
നീ കരുതിയിരുന്ന പൊതിച്ചോറ്
കവർന്നെടുത്ത് ഞാൻ വിശപ്പടക്കി
അപ്പോഴും നിന്റെ കണ്ണിലെ പ്രകാശം ഞാൻ കണ്ടില്ല
ഇപ്പോഴും ജീവിതം പരതി നടക്കുന്ന ഒരു പഥികനാണു ഞാൻ

കുഞ്ഞന്-100

അസ്തമിക്കാനിനി നിമിഷങ്ങൾ ബാക്കി
ഒരു നിറസന്ധ്യയും അറിയുന്നില്ല. 
അടുത്തിനി ഇരുട്ടിൻ തുരുത്താണെന്നു്

മല വരയ്ക്കുമ്പോൾ

മല വരക്കുന്നൂ
ഞാനെൻ വരണ്ട കയ്യാലേ
നിറഞ്ഞ കുപ്പിക്കുള്ളിലെന്റെ
പുഴ മരിക്കുന്നൂ.
കാടുകാണാൻ പോയ പാതി
മണലു താണ്ടുമ്പോൾ
പുഴ പറഞ്ഞ കഥ മറന്നീ
കടവുറങ്ങുന്നൂ
ഒറ്റമര തണലുകണ്ടെൻ
ഉണ്ണി ചൊല്ലുന്നു
കാട്‌ കണ്ടു ഞാനുമിന്നെൻ
അച്ഛനറിയാതെ
പ്രാണവായു നിറച്ചക്കുപ്പികൾ
ശ്വാസമൂറ്റുമ്പോൾ
വിരലുതൂങ്ങി കൺമിഴിച്ചെൻ
മകളുചോദിച്ചു
മഴയതെന്നാൽ എന്തു സാധന-
മെന്റെ പൊന്നച്ചാ
മഴയsർത്തും വാനവില്ലിൻ
നിറങ്ങളേതാണ്
വരകൾ കൊണ്ടാ മഴവരക്കാൻ
തുള്ളി തേടുമ്പോൾ
മിഴിനനച്ചാ തുള്ളിപാഞ്ഞെൻ
ബാല്യമോർക്കുന്നു
ഇതൾ വിടർത്തിയ തുമ്പയന്നെൻ
ഓണമാകുന്നു
പതിര് കുത്തിയ തവിടുതിന്നെൻ
കുടലുനൂരുന്നു
എന്റെ ദാഹമഴിച്ച പുഴകൾ
മാഞ്ഞുപോകുമ്പോൾ
വരകൾ കൊണ്ടീമല വരച്ചതു
ചിത്രമാകുന്നു
ഹൃദയ വള്ളികൾ പുഴകൾ പോലെ
ദാഹമാകുന്നു
ഇരുളു നീണ്ട വഴിയിടങ്ങൾ
നിഴലുമായ്ക്കുന്നു.
വിണ്ടുകീറിയ മണ്ണുടച്ചൊരു
വിത്തുപാകാനായ്
സിരകൾ കീറി രുധിരമൂറ്റി
പുഴ വരയ്ക്കട്ടെ
ഞാൻ പുഴ വരയ്ക്കട്ടെ...

കുറ്റമത്രയും കിണറിന്

കുമ്പിളുകോട്ടി 
അവസാന തുള്ളി വരെ കോരിയെടുത്തിട്ടും 
കുറ്റമത്രയും കിണറിന്

പൊള്ളയായ എഴുത്തുകളിൽ ഞാൻ വിലയം പ്രാപിച്ചിട്ടുണ്ടാകും

ഓരോ അക്ഷരങ്ങളിലും 
ഒളിഞ്ഞിരിക്കുന്ന ഭ്രാന്ത്
എന്നെ ചങ്ങലയ്ക്കിടുന്നു.
അറിയാതെ കുറിച്ചു പോകുന്ന 
വാചകങ്ങൾ വിചാരണയ്ക്കായി
കാത്തു നിൽക്കുന്നു
ആകാശം തെളിഞ്ഞതാണെന്നു
തോന്നുമ്പോഴും ശൂന്യതയിൽ ഇരുൾ വ്യാപിച്ച്
കണ്ണിനെ മൂടുന്നു
ഒരു ബധിരവിലാപമായി
എന്റെ മറുമൊഴികൾ അവ്യക്തതയുടെ
നിഴൽക്കൂമ്പാരങ്ങളാകുന്നു
ഒരു കാറ്റും എന്റെ അടയാളങ്ങളെ
തിരിച്ചറിയുന്നില്ല
ഞാൻ ഞാൻ എന്നു മന്ത്രിക്കുമ്പോഴും
ശിഖരങ്ങൾ തകർന്നു് ചുവട് ചിതലെടുത്ത്
പൊള്ളയായ എഴുത്തുകളിൽ

ഞാൻ വിലയം പ്രാപിച്ചിട്ടുണ്ടാകും

നാടുകടത്തുന്നോർ


കല്ലു ചുമന്നതു ഞാനേ
കണ്ണു രചിച്ചതും
ചുണ്ടുവരച്ചതും
ഇമ്പമാർന്നുള്ളൊരു
രൂപം ചമച്ചതും ഞാനേ.
നിന്നുടെ രൂപം ചമയ്ക്കുന്ന നേരം
എന്റെ കിടാത്തീടെ
മാർവരച്ചന്തം.
അവളുടെ നാഭിയും
ചാൺ വയർ കോണും
നോവുകൾ ചേർത്തു
മെനഞ്ഞതു ഞാനും.
എന്റെയുളിത്താഴെ
ചാഞ്ഞും ചരിഞ്ഞും
നൊന്തു ജനിച്ചൊരു
വിഗ്രഹം നീയേ.
നിന്നുടെ രൂപം വരച്ചതു ഞാനേ
നിന്നിലുമായുധം തന്നതു ഞാനേ
നിന്റെ ചരിത്രം രചിച്ചതു ഞാനേ
മന്ത്രം രചിച്ചു പിണച്ചതും ഞാനേ
ഒറ്റ വാതിൽക്കൂടു കെട്ടിയെടുത്താ
അഷ്ടബന്ധത്തിലടച്ചതും ഞാനേ
ആയുധം തന്നു നിൻ കൈകൾ ബന്ധിച്ച്
സ്നേഹം മറക്കാൻ പഠിപ്പിച്ചു നിന്നെ.
ജാതി വരഞ്ഞതു ഞാനേ
പിണ്ഡം ചമച്ചതും ഞാനേ
കണ്ടത്തിൽ കുത്തിയ
കണ്ണേറുപൊട്ടനായ്
പട്ടിൽ പൊതിഞ്ഞു നീ നിൽക്കേ
ദേശ വരമ്പിലെ നാറിയ ചിന്തകൾ
കോമരം തുള്ളുന്നു വീണ്ടും
എന്റെ യുടൽത്തുണ്ടു വെട്ടാൻ
നിന്റെ മതമെന്ന പേരും
തന്തേമറന്നൊരു തെമ്മാടിപ്പൈതങ്ങൾ
കെട്ടും കൊടിക്കൂറത്തുമ്പിൽ
മാനം പിഴയ്ക്കുന്ന ദേവി
നീയെൻ ദേശപ്പെരുമ തൻ പാപി

മനസ്സടക്കം

ഈ വിരൽത്തുമ്പിൽ പിടിച്ചു നീ ഇന്നലെ
തിരകൾ മുറിച്ചെന്റെ ഒപ്പം നടക്കവേ
ഓർത്തില്ല നീയെന്റെ ആത്മാവു തേടുന്ന
പൂമരശാഖിയാണെന്നുള്ളതപ്പൊഴും
വിരലുകൊണ്ടെഴുതി മുഴിപ്പിക്കും മുമ്പൊരു
തിരവന്നു മായ്ച്ചുകളയുന്ന നൊമ്പരം
നിൻ സ്നേഹമാണെന്നറിയാതെ വീണ്ടുമാ
കാൽപ്പാടു തേടി നടക്കുന്നതെന്തിനോ?
ഒരു തിര വന്നു മുഴുപ്പിക്കും മുൻപൊരു
മറുതിരവന്നു മറിയുന്ന പോലെ
ഓർമ്മകൾ ഓളങ്ങളായെന്റെ ചിന്തതൻ
ചുരുളു നിവർത്തി മറിഞ്ഞിടുമ്പോൾ
വിരലുനനച്ചൊരു തിര വന്നു വീണ്ടുമീ
കരയെപ്പുണർന്നിട്ടു പോയിടുന്നു
അഴിയാതെ ഹൃദയത്തിൽ നീകോർത്തു തന്നൊരാ
സ്നേഹത്തിൻ പൂമൊട്ടാം ചുംബനത്തിൽ
അറിയാതെ ഞാനൊരു വിരഹാർദ്രഗാനമെൻ
ഹൃദയത്തിൽ വീണ്ടും കുറിച്ചിടുന്നു