Friday, 5 July 2013

പ്രിയതമ

ഇറയത്തുകത്തിച്ച നിലവിളക്കിന്‍തിരി
വെട്ടത്തിലവളെന്‍റെ ഹൃദയമേറി
ചന്ദനക്കുറിചേര്‍ത്ത ആ മുഖമെന്നിലായ്
പ്രണയത്തിന്‍ മുത്തു പതിച്ചെടുത്തു
ഈറന്‍മുടിയില്‍ തിരുകിവയ്ക്കുന്നൊരാ
തുളസിക്കതിരിന്‍റെ നന്മപോലെ
അവളിലേക്കൊഴുകുമീ പ്രേമരസത്തിനെ
ആരാരും കാണാതെ പൂഴ്ത്തിവച്ചു
മുറ്റത്തെ ചെമ്പനീര്‍ ചോട്ടിലായവളെന്‍റെ
ആദ്യത്തെ ചുംബനമേറ്റുവാങ്ങേ
കണ്ണില്‍ ലയിപ്പിച്ച മധുരമാം കണ്ണുനീര്‍
പ്രേമത്തിന്‍ മുത്തുകളായിരുന്നു
ആരും കൊതിക്കുമാ യൗവ്വനകാഴ്ചയെ
വാരിപ്പുണര്‍ന്നെന്‍റെ ജീവനാക്കി
കാലം മുഖങ്ങളില്‍ കോലം വരച്ചപ്പോള്‍
വാര്‍ദ്ധക്യം വന്നെന്നെ കൊണ്ടുപോയി
അപ്പോഴുമവളെന്‍റെ വിറയ്ക്കുംകരങ്ങളില്‍
വിവശയാം മാലാഖയെന്നപോലെ
ഇന്നുമെന്‍ അസ്ഥിത്തറയിലവള്‍പൂകും
കണ്ണുനീരന്നത്തെ മുത്തുതന്നെ
പ്രിയമോടവളെന്‍റെ ചാരത്തു നില്‍ക്കുമ്പോള്‍
നിലവിളക്കാമുഖം ശോഭയേറ്റും
ചന്ദനക്കുറിചേര്‍ത്ത ആ മുഖമെന്നിലായ്
പ്രണയത്തിന്‍ മുത്തു പതിച്ചെടുക്കും.

No comments:

Post a Comment