Monday 22 July 2013

കുറിപ്പുകള്‍

വേരുകള്‍
ഇലയിലേക്കെഴുതിത്തരുന്നു
അതിന്‍റെ സഞ്ചാരപദം

ഒരിക്കല്‍ ഞാനും കണ്ടതാണ്
ഒരാലിലയില്‍

ആ മുദ്ര,
ആ യാത്രാക്കുറിപ്പുകള്‍
എന്തെന്നറിയാതെ
ഭംഗിയുള്ള ഒരു കടലാസിലൊട്ടിച്ച്
ഞാനെന്‍റെ പ്രണയിനിക്കു സമ്മാനിച്ചു

അവള്‍ക്കുമറിയില്ലായിരുന്നു
അതില്‍ ആ വേര്
കുറിച്ചതെന്താണെന്ന്

ആഴങ്ങളില്‍നിന്ന്
അവന്‍ ചേര്‍ത്തുവച്ച പ്രണയാമൃതവും
നീരുറവതേടിയുള്ള അവന്‍റെയാത്രകളും
അതിലവന്‍ കോറിയിട്ടുണ്ടാകണം

കുറിപ്പുകള്‍
അവന്‍തീര്‍ത്ത നനുത്ത
മുദ്രകളായിരുന്നു

ഒന്നില്‍ നിന്ന് ഒന്നിലേക്ക് പകര്‍ന്ന്
അവനിപ്പോഴും എഴുതുന്നു

എന്‍റെ പ്രണയിനി
ആ സമ്മാനം നോട്ടുബുക്കിന്‍റെ
ഉള്ളിലെവിടെയോ ഒളിപ്പിച്ചു,

എന്നോ എപ്പോഴോ
ഞാനറിയാതെ അവളും
അകലങ്ങളിലേക്കുപോയി
പുതിയ തോളുരുമി

സമ്മാനം ഒളിച്ചിരുന്ന
നോട്ടു പുസ്തകം
ഏതോ പാണ്ടിക്കാരനും
വിലക്കെടുത്തു

കപ്പലണ്ടികടയിലെ
ഇരുണ്ട മൂലകളിലെവിടെയോ
തീകാത്ത് അത് വിശ്രമിക്കുന്നുണ്ടാകും

അപ്പോഴും മരങ്ങള്‍
എഴുതിത്തീര്‍ന്ന കുറിപ്പുകള്‍
താഴേനിഴലിലേക്കെറിഞ്ഞു

കൂനനുറുമ്പുകള്‍ വരിവയ്ക്കുന്ന
ആ താഴ്വാരങ്ങളിലേക്ക്
കവിതകളായി
ഹൃദയമായി
അവ കുന്നുകൂടി

അവയിലെ
ഇത്തിരി നോവെങ്കിലും
ഭൂമി മാറോടണയ്ക്കുമോ
തന്‍റെ നെഞ്ചുകീറി
കിതയ്ക്കുന്ന എഴുത്തുകാരനെയും

1 comment:

  1. അവയിലെ
    ഇത്തിരി നോവെങ്കിലും
    ഭൂമി മാറോടണയ്ക്കുമോ
    തന്‍റെ നെഞ്ചുകീറി
    കിതയ്ക്കുന്ന എഴുത്തുകാരനെയും

    ഈ നോവ്‌ തീവ്രമായി ഞാനും അനുഭവിക്കുന്നു.

    ReplyDelete