Tuesday 2 July 2013

ഒരു കടല്‍ക്കര

ഒരുപൊട്ടുകുത്തി ആകാശവഴിയിലായ്
കതിരവന്‍ നില്‍ക്കുന്നു സന്ധ്യപൂകാന്‍
കടലിരമ്പല്‍പൂണ്ട തിരയിലെ കാഴ്ചകള്‍
സ്മൃതിയിലേക്കെന്നെ വലിച്ചിഴയ്ക്കേ
കാലങ്ങള്‍ തുന്നിയ ജീവിതകുപ്പായം
ഓടങ്ങള്‍ പോലെ കരയ്ക്കടിഞ്ഞു
മിന്നുന്ന സ്വപ്നങ്ങള്‍ കാഴ്ചത്തറയിലെ
വിളക്കുകള്‍ മെല്ലെ തെളിച്ചുവച്ചു
അഞ്ചുവയസിന്‍റെ കുപ്പായമിട്ടൊരാള്‍
രംഗത്തായ് സ്ലേറ്റിലെഴുതിടുന്നു
പിന്നവന്‍ മെല്ലെയെഴുന്നേറ്റിറമ്പിലായ്
മഴകണ്ടു തന്നങ്ങു നിന്നിടുന്നു
മഴയിലെകൗതുകം മുന്നിലായെത്തുമ്പോള്‍
അറിയാതെ അവനങ്ങു നനഞ്ഞിടുന്നു
ചേമ്പില തണ്ടുമാ കടലാസുതോണിയും
തെങ്ങിന്‍ ചുവട്ടിലൊഴുക്കിടുന്നു
പച്ചണ്ടി പിച്ചുന്നു കീശയിലാക്കുന്നു
കറകൊണ്ട് തുടയങ്ങു പൊള്ളിടുന്നു
വിളക്കിന്‍ നിറങ്ങളീരംഗത്തു മാറുമ്പോള്‍
കാലമവനെ വളര്‍ത്തിടുന്നു
പ്രണയത്തിന്നിടവഴി ഓരെത്തിലെവിടെയോ
അവന്‍നട്ടറോസയ്ക്ക് മൊട്ടുവന്നു
കിളിമൊഴികൊഞ്ചലും പുളകുവുമായതില്‍
ഇതളുകള്‍ മെല്ലെ വിരിഞ്ഞുവന്നു
പ്രണയത്തിന്‍ തീഷ്ണതമങ്ങുമ്പോള്‍ തന്നെയും
അവനാ കരങ്ങള്‍ പിടിച്ചിരുന്നു
സ്നേഹത്തിലായവര്‍ കാണാത്തനോവുകള്‍
ജീവിതപൊയ്കയില്‍ വന്നുചേര്‍ന്നു
പ്രശ്നമില്ലായ്മതന്‍ പ്രശ്നത്തില്‍ ചേര്‍ന്നവര്‍
മൗനത്തിന്‍ ശാന്തത തീര്‍ത്തുപിന്നെ
അകലങ്ങളില്‍ത്തന്നെ അറിയുന്നു പിന്നവര്‍
അണയാത്ത പ്രണയത്തിന്‍ ബാക്കിപത്രം
തിരവന്നുവീണ്ടുമാ പ്രണയത്തിന്‍ പൂക്കളെ
കരയിലായ്ത്തന്നെ നിറച്ചിടുന്നു
കുങ്കുമ സൂര്യനാ വഴിയിലായ് വന്നപ്പോള്‍
വടികുത്തിയവനങ്ങു നിന്നിടുന്നു.

4 comments:

  1. കവിത ഇഷ്ടായി
    പ്രണയത്തിന്നിടവഴി ഓരെത്തിലെവിടെയോ
    അവന്‍നട്ടറോസയ്ക്ക് മൊട്ടുവന്നു

    ReplyDelete
  2. വരികള്‍ ഇഷ്ടമായി :)



    അസ്രൂസാശംസകള്‍ !

    ReplyDelete
  3. കറകൊണ്ട് തുടയങ്ങു പൊള്ളിടുന്നു
    വിളക്കിന്‍ നിറങ്ങളീരംഗത്തു മാറുമ്പോള്‍ ,,,,,,എന്ത് ഭംഗിയാ ഈ അക്ഷരങ്ങൾക്ക് ....ആശംസകൾ കേട്ടോ

    ReplyDelete