Saturday, 6 July 2013

ഒരു തലമുറ

വെളുത്തപുഴുക്കള്‍ നുരയ്ക്കുന്നചാലിലെ
അഴുക്കു പേറുന്ന മാമ്പഴമൊന്നിനെ
കടിച്ചുതിന്നുന്ന ബാല്യങ്ങളേറെയാ
കടുത്തവിശപ്പിന്‍റെ സങ്കടംപേറുവോര്‍
കുപ്പയില്‍ പട്ടിയോടൊപ്പം കഴിക്കുമാ
എച്ചിലില്‍ പശിയുടെ വറ്ററിയുന്നവര്‍
തെരുവിന്‍റെ സന്താനമെന്നറിയുന്നവര്‍
ദാരിദ്ര്യ ചോലയില്‍ മുങ്ങിമരിപ്പവര്‍
നീറും വിശപ്പിന്‍റെ കാഠിന്യമേറ്റവര്‍
നോവിന്‍റെ ആയുധം പേറി നടപ്പവര്‍
ഉള്ളില്‍ജ്വലിക്കും വെറുപ്പിന്‍കണങ്ങളായ്
നാളയെപ്പേറാത്ത കുഞ്ഞുമനസ്സുകള്‍
കുഞ്ഞുവയറിന്‍റെ വിശപ്പകറ്റുവാന്‍
നാടിന്‍റെ യൗവ്വന കളിപ്പാട്ടമായവര്‍

പശിയറിയുന്നൊരാ വയറിന്‍റെ നൊമ്പരം
കാമവിശപ്പിന്നടിയറവയ്ക്കവേ
ഊര്‍ന്ന മടിശ്ശീല ബാക്കിവയ്ക്കുന്നുവോ
വിത്തുകള്‍ വീണ്ടുമാ ചേരിയിലൊക്കെയും

ആയിരം പന്തങ്ങള്‍ കത്തിച്ചുവച്ചാലും
കാണില്ല നമ്മളീ തെരുവിന്‍റെ നൊമ്പരം
ഓര്‍ക്കില്ല നമ്മളീ ആഹാരവേളയില്‍
ദൂര്‍ത്തടിക്കുന്ന പണത്തിന്‍കൊഴുപ്പിനെ

No comments:

Post a Comment