Monday, 1 July 2013

ഗ്രാമത്തിന്‍റെ നേര്‍വഴികള്‍

ചുമടെന്‍റെതലയിലങ്ങേറ്റിക്കോ പെണ്ണേ
കാര്‍മുകില്‍ മാനത്തുകൊള്ളുന്നകണ്ടോ
വേഗത്തില്‍ നീയങ്ങു നടയെന്‍റെ പൊന്നേ
വീടിന്‍റെ കൂരയില്‍ മഴയേറും മുന്‍പേ
കണ്ണിമ പൂട്ടാതെ നമ്മളെക്കാക്കും
പൊന്നുകള്‍ വീടിന്‍റെ കോലായിലല്ലേ
കഞ്ഞിതിളപ്പിക്കാന്‍ വിറകുണ്ടോ പെണ്ണേ
കപ്പയെടുത്തൊരു പുഴുക്കാവാം കൂട്ടാന്‍
ആടിനു നല്കുവാന്‍ മരച്ചില്ല വെട്ടീല
കിരിയാത്തും പച്ചില ഒന്നും പറിച്ചീല
പോയിട്ടുവേണമാ കച്ചി മറിക്കുവാന്‍
വേഗത്തില്‍ നീയൊന്നു നടയന്‍റെ പൊന്നേ

നടക്കുവാനേനെന്‍റെ കാലുനീങ്ങുന്നില്ല
നിറവയര്‍ ഞാനെന്ന് ഓര്‍ക്കണം കണ്ണേ
നിങ്ങളെകാണുവാന്‍ വന്നതല്ലേ പൊന്നേ
പഴംകഞ്ഞി വെറുമൊരു കാരണം മാത്രം
നിങ്ങടെ കൈയ്യീന്നാ പറ്റുതിന്നുമ്പൊഴോ
എന്തൊരു പുളകമാണെന്നിലായ് മുത്തേ

മാനത്തെ കോളങ്ങ് ചാറിവീണാലയ്യോ
നിന്നുടെ ദേഹം നനയില്ലേ പെണ്ണേ
വാഴയിലയൊന്ന് വെട്ടിക്കോപെണ്ണേ
ചാറ്റല്‍ നനയണ്ട പനിവന്നു കൊള്ളും
മഴയങ്ങുവന്നു നിറഞ്ഞു കവിഞ്ഞാല്‍
വെട്ടിത്തുറക്കണം മടയൊക്കെപിന്നെ
പടവുകള്‍ കേറുമ്പോ സൂക്ഷിച്ചോ പെണ്ണേ
കോലായിലായ് നീ ഇരുന്നോളു കണ്ണേ

അമ്മമുഖം കണ്ട കുഞ്ഞുങ്ങള്‍ വന്ന്
കെട്ടിപിടിച്ചൊരു മുത്തം കൊടുത്തു
ആഹ്ലാദമോടവര്‍ കൊഞ്ചിച്ചുപിന്നെ
വാവയീ വയറ്റിലെങ്ങെവിടെയാണമ്മേ
കിതപ്പുമറന്നവള്‍ ആമോദം പൂണ്ട്
കണവനെ നോക്കി പതുക്കെ പറഞ്ഞു
അമ്മയൊളിപ്പിച്ചു വച്ചിട്ടുണ്ടിവിടെ
നിങ്ങളെക്കാണാനായ് എത്തും പതിയെ

No comments:

Post a Comment