Monday, 22 July 2013

വിരലുകള്‍

പത്തു വിരലുകള്‍
രണ്ടു കൈയ്യിലുമായി

എന്തിനുവേണ്ടിയാണവ
ഒറ്റയക്കു നില്‍ക്കുന്നത്
അതും വലിപ്പച്ചെറുപ്പങ്ങള്‍
വിളിച്ചറിയിച്ചുകൊണ്ട്

അമ്മ ആ വിരലുകള്‍കൊണ്ടാണ്
എന്നെ തലോടിയത്

അതിന്‍റ നീളവ്യത്യസങ്ങളാകണം
എന്നെയും മറ്റു കുഞ്ഞുങ്ങളേയും
പുളകമണിയിച്ചത്

ഒരു ചെറു കരച്ചിലിനെ
തട്ടിയുറക്കാന്‍ അമ്മയ്ക്ക്
ആ വിരലുകള്‍ മതിയായിരുന്നു

എന്‍റെ വിശപ്പിനെ മുമ്പ്
ഊട്ടിയുറക്കിയതും അവ തന്നെ

ശാസനയുടെ
ആദ്യപാടങ്ങള്‍
ചന്തിയിലും, ചെവിയിലും
പകര്‍ന്നതും

പിന്നീടെപ്പോഴോ
കരയുന്നയെന്‍റെ
മിഴിനീരുതുടച്ചതും
മൂക്കുപിടിച്ചതുമൊക്കെ
ആ വിരലുകള്‍കൊണ്ടുതന്നെ

എന്‍റെ മുടിക്കെട്ടുകള്‍
തിരുപ്പിടിപ്പിച്ചതും
പൂചൂടിച്ചതും എല്ലാം

പാടത്തും വരമ്പത്തും
ഞാന്‍ തൂങ്ങിനടന്നതും
ഞൊ‌ട്ടയൊടിച്ചു രസിച്ചതുമെലാം
ആ വിരലുകളില്‍ത്തന്നെ

പിന്നെപ്പോഴാണ്
അതില്‍ നിന്ന് വിടുവിച്ച്
മറ്റൊരു കൈയ്യിലേക്ക്
ഞാനെത്തപ്പെട്ടത്

അവിടെ എന്നെ തൊട്ടവിരലുകള്‍
രോമാഞ്ചത്തിന്‍റേതായിരുന്നു

പ്രണയം തലോടലായി
ഉടലില്‍ അരിച്ചുകയറിയ
വിരലുകള്‍

ഇപ്പോഴും എന്‍റെ
കണ്ണുകള്‍ കൂമ്പുന്നു
ആ വിരല്‍സ്പര്‍ശമറിയുമ്പോള്‍

വിവാഹത്തിന്
മാലയും താലിയും ചാര്‍ത്തിതന്നതും

ആദ്യ നഖക്ഷതത്തിന്‍റെ
മുറിപ്പാടുകള്‍ സമ്മാനിച്ചതും
അവതന്നെ

ഗര്‍ഭവതിയായപ്പോള്‍
അറിയാതെ വയറില്‍
തൊട്ടുതലോടിയത്
എന്‍റെ വിരലുകളായിരുന്നു

ഒപ്പം അദ്ദേഹത്തിന്‍റെയും
ഞാനും അറിഞ്ഞു തുടങ്ങിയിരിക്കുന്നു
ചെറുവിരലുകളുടെ അനക്കം

വാര്‍ത്തകളിലും
ഞാന്‍ ചില വിരലുകള്‍ കണ്ടു

മുറിപ്പാടുകളില്‍
യൗവ്വനത്തെ പിച്ചിച്ചീന്തുന്നവ

നീണ്ട നഖങ്ങളുള്ള
രക്തം ചിന്തുന്ന
വിരലുകള്‍

സ്ത്രീത്വത്തെ
അപമാനിക്കുന്നവ

വിശക്കുന്നവനെ
ആട്ടിപ്പായിക്കുന്നവ

തെരുവില്‍
എച്ചില്‍കൂമ്പാരങ്ങളില്‍
ആഹാരം തേടുന്നവ

കാട്ടിലെ അറിയാരോഗങ്ങളിലും
പട്ടിണിയിലും
ഉഴറുന്നവ

കീടനാശിനികളുടെ
അപകടാവസ്ഥയില്‍
പാതി മുറിഞ്ഞവ

ഇനി ഞാനും
ഉണര്‍ന്നണീക്കേണ്ടിയിരിക്കുന്നു
വിരലുകള്‍ മുറുക്കി
പ്രതിഷേധിക്കാനായി

പ്രതിഷേധങ്ങളില്‍
ഞാന്‍ എടുക്കുന്ന
ആയുധങ്ങളും
തിരുപ്പിടിപ്പിച്ചിരുക്കുന്നതും
ആ വിരലുകള്‍തന്നെ

എങ്കിലും ഞാനൊന്ന്
തിരിഞ്ഞുനോക്കി
ഈ കണ്ടതെല്ലാം
എന്‍റെ വിരലുകള്‍
തന്നെയല്ലേ

എത്തെട്ടെ
ഇനിയൊരവസാന വിരലുകള്‍
എന്‍റെ പാദങ്ങളിലേയും
കൈകളിലേയും
വിരലുകള്‍
കൂട്ടിക്കെട്ടാന്‍

1 comment:

  1. കാഴ്ചപ്പാട് നന്നു. കൊള്ളാം

    ReplyDelete