Monday 15 July 2013

സൗഹൃദം

സൗഹൃദം
---------------------------------
പ്ലാവിലവണ്ടി വലിച്ചിഴച്ചന്നു ഞാന്‍
ഇടവഴിയോരത്തു ചെന്നനേരം
കുണുങ്ങിച്ചിരിച്ചവള്‍ പമ്പരമൊന്നിനെ
കാറ്റില്‍ പറത്തി കടന്നുപോയി

അച്ഛനുടുപ്പിച്ച തോര്‍ത്തഴിയാതെയും
വണ്ടിച്ചരടിലും കൈപിടിച്ച്
പാടവരമ്പിലെ ചേമ്പലനുള്ളുമ്പോ
മഞ്ഞിന്‍ കണങ്ങളടര്‍ന്നുവീണു

തോട്ടിലിറങ്ങിയാ പരലിനെപൊത്തുമ്പോ
കണ്ണെടുക്കാതവള്‍ നോക്കിനിന്നു
വറുത്തപുളിങ്കുരു നീട്ടിയവളന്ന്
എന്നുടെ ചങ്ങാതിയായിമാറി

മുറ്റത്തെ മാവിലെ ഊഞ്ഞാലും ഞാനുമാ
കിങ്ങിണിയോടൊത്തു കാറ്റിലാടി
ഞങ്ങടെ കൂവലിന്‍ എതിര്‍പാട്ടുപാടിയാ
കുയിലമ്മപെണ്ണും പരിഹസിച്ചു

മണ്ണും ചിരട്ടയും ചെമ്പകപൂവുമാ
സൗഹൃദച്ചരുവിലെ പാത്രമായി
കാലം കടന്നുപോയ് ചെമ്പകപൂവുകള്‍
കൈയ്യെത്താ ദൂരത്തു പൂത്തുനിന്നു

ഇന്നുമവളെത്തി എന്നുടെ മുറ്റത്ത്
പണ്ടത്തെ നാളിലെ കുട്ടിയായി
ജരനര ചേരാത്ത മനസ്സുന്നുടമയായി
മുറ്റത്തെ ഊഞ്ഞാലില്‍ കൈപിടിക്കേ

ഓടിവാ, നീയെന്നെ ആലോലമാട്ടുമോ
പണ്ടത്തെ കുട്ടിയായ് വന്നുവേഗം
മോണയില്‍ തീര്‍ത്തൊരു പുഞ്ചിരിനല്കിയാ
ഊഞ്ഞാല്‍ പടിയിലായ് ഞാനിരുന്നു

പേരക്കിടാങ്ങളെന്‍ ചുറ്റിലും വന്നിട്ട്
കൈകൊട്ടിയാര്‍ത്തു ചിരിച്ചിടവേ
കിങ്ങിണിപോലൊരു കുഞ്ഞുകിടാവെന്റെ
മുന്നില്‍ പുളിങ്കുരു വച്ചുനീട്ടി.

No comments:

Post a Comment