Thursday, 4 July 2013

അറിയുന്നു ഞാന്‍

അംബരചുംബിയാം സൗധത്തിന്‍മേലയാ
പത്രതലക്കെട്ടില്‍ കൂപ്പുകുത്തേ
ചുറ്റും തളംകെട്ടും ജീവിത പൊയ്കകള്‍
ഒന്നുമേ ഞാനങ്ങറിഞ്ഞേയില്ല
വാഴത്തലപ്പുകള്‍ ദൂരെയാണേറെയീ
പാതകള്‍ അവിടേയ്ക്കു പോകയാണോ
ഞാനും വരുന്നുണ്ടവിടയാ മാടത്തില്‍
ചേര്‍ത്തുവയ്ക്കാനൊരു റാന്തല്‍പോലെ
അമ്മമുഖത്തിന്‍റെ ലാളനം കേട്ടൊരാ
കുഞ്ഞു കണ്ണാടിതന്‍ മുമ്പില്‍ത്തന്നെ
ഒന്നു ഞണുങ്ങിയ ചോറ്റുപാത്രത്തിലായ്
അമ്മ വിളമ്പിയ സദ്യയുണ്ണാന്‍
ചമ്മന്തിപിന്നെ ഇലക്കറി ചേര്‍ത്തൊരാ
അമ്മതന്‍ കൈപ്പുണ്യമേറ്റുവാങ്ങാന്‍
ഒറ്റയ്ക്കാ മാടത്തില്‍ എത്തിയമാത്രയില്‍
അമ്മയണയുന്നു എന്‍റെ കൂടെ
അമ്മതന്‍ സാമീപ്യമുണ്ടെന്ന തോന്നലോ
എന്നുടെ നെഞ്ചിലെ കാത്തുവയ്പോ

ചൂടുപോകുന്നുമ്പേ ചായകുടിക്കുനീ
ചില്ലുഗ്ലാസ്സൊന്നമ്മ നീട്ടിത്തന്നു
ചാണകം തേച്ച മുറത്തിലായ് പാറ്റിയ
കുത്തരി കഴുകി പറഞ്ഞുവമ്മ
ഊണു കഴിച്ചിട്ട് പോകാം നിനക്കിന്ന്
മുരിങ്ങയിലയൊന്നു നുളളിക്കോട്ടെ
നാരകം ചേര്‍ത്തൊരാ ചുട്ടചമ്മന്തിയും
കടുമാങ്ങാ അച്ചാറും ഉണ്ടുവേറെ
താഴെത്തൊടിയിലെ കദളിയിലയൊന്നു
വെട്ടിക്കൊ കുഞ്ഞേ നീ ഒന്നു വേഗം

ചില്ലലമാരയില്‍ സൂക്ഷിച്ചപുസ്തകം
വാങ്ങിയതമ്മയാണേറെയെല്ലാം
ഒന്നു മറിച്ചതിന്‍ ഉള്ളു കാണുമ്പോഴേ-
ക്കമ്മ വിളിച്ചങ്ങു ചോറുതിന്നാന്‍
താഴെത്തൊടിയിലേക്കോടിഞാന്‍ ഝടുതിയില്‍
ഇലയുമായ് വന്നു പടിഞ്ഞിരുന്നു
ഏറെ സമയമാ കാത്തിരിപ്പില്‍ ഞാനാ
സത്യങ്ങള്‍ വീണ്ടുമങ്ങോര്‍ത്തെടുത്തു
ഇലയുടെ തുമ്പിലെന്‍ കണ്ണീര്‍കണങ്ങളായ്
അമ്മതന്‍ സ്നേഹം പകുത്തുവച്ചു

No comments:

Post a Comment