Tuesday, 16 July 2013

ഇടവഴി

പണ്ടുനടന്നുപഠിച്ചതാണീവഴി
ഹൃദയത്തിന്‍ തന്ത്രികളെന്നപോലെ
പ്രണയത്തിന്‍ സ്പന്ദനം ഏറെ
പതിഞ്ഞതാണീയുടല്‍ നാഡിയിലന്നുമേറെ
അമ്മതന്മാറിലായ് ചാഞ്ഞുറങ്ങുമ്പോഴു-
മേറെ കൊതിച്ചൊരീ കാല്‍വഴികള്‍
അച്ഛന്‍റെ മാധുര്യമൂറും വരവിനെ
സ്മൃതിയിലായ് തന്നതും ഈവഴികള്‍
കണ്ണുമടച്ചങ്ങു സാറ്റുകളിച്ചതും
കളിവണ്ടിയോടിച്ചു പാറിനടന്നതും
മധുരമായവളോട് കൊഞ്ചിക്കുഴഞ്ഞതും
കയ്പ്പുംമധുരവും ഏറെയാ തന്നവള്‍
അന്ധകാരത്തിന്‍റെ ഇരുട്ടുപകര്‍ന്നതും
പ്രണയത്തീനീവഴി പാതതന്നെ
അമൃതാകുമമ്മയെ മൂടിപ്പുതപ്പിച്ച്
കരളിലായ് ചേര്‍ത്തതും ഈവഴിയേ
വിരലിലായ്തൂങ്ങി നടന്നൊരാപുത്രിയെന്‍
കാണായകലത്തില്‍ പോയിമറഞ്ഞതും
കൊഞ്ചിനടന്നൊരാ ഉണ്ണിവളര്‍ന്നങ്ങ്
തന്നോളമെത്തും മകനായ് വളര്‍ന്നതും
തുമ്പവളര്‍ന്നു നിറഞ്ഞൊരീ പാതയില്‍
എങ്ങുമേ നില്‍ക്കാതെ ഓടിമറഞ്ഞതും
മാവുകള്‍പൂക്കുമീ പാതയിലിപ്പൊഴും
കണ്ണുകള്‍ കാക്കുന്നതെന്തിനേയോ
എന്നിലെ ജീവിതം മാത്രമോ കണ്ടതീ
കൊന്നകള്‍പൂക്കുന്ന ഇടവഴികള്‍
അല്ലല്ല പൈതൃകം പേറുമിരുട്ടിന്‍റെ
നാള്‍വഴിചിന്തിലെ നല്ലകാലം
പിന്നെയും മോഹങ്ങള്‍ അതിലേറെ
ജീവിതം കണ്ടുമടുത്തവളുണ്ടിനിയും


No comments:

Post a Comment