Tuesday 23 July 2013

കാടറിയുന്നു

ഓര്‍മ്മകളുടെ
മിഴിവെട്ടങ്ങളില്‍
ഞാനാ കാടറിഞ്ഞു

നനുത്തസംഗീതം
സീരകളിലൊഴുക്കുന്ന
അരുവികള്‍

വന്‍മരങ്ങളില്‍
തന്‍റെ പ്രിയനെകണ്ടെത്തി
ചുറ്റിപ്പുണരുന്ന വല്ലികള്‍

നോവറിയാതെ
ഇണചേരുന്ന പക്ഷികള്‍

തന്‍റെ ഭക്ഷണം മാത്രം
തേടിയെടുക്കുന്ന മൃഗങ്ങള്‍

അവയ്ക്കു നടുവിലായ്
ഒരു ഗോത്രം

മലദൈവങ്ങളില്‍
പരാതിയും പരിഭവമൊതുക്കുന്ന
കുറേ മനുഷ്യര്‍

നാടര്‍, കാടുകണ്ടു
മരങ്ങളുടെ ഉടല്‍ഛേദിച്ചു
കാടുകള്‍, സംരക്ഷിതങ്ങളായി

പേരു പറയാനറിയാത്ത
കാട്ടുപെണ്ണില്‍
ഗര്‍ഭത്തിന്‍റെ ഉറവയിറ്റിച്ചു

പരിഷ്കാരത്തിന്‍റെ
വേലിക്കെട്ടുകളില്‍
വിളയെറിഞ്ഞ്, പാവങ്ങള്‍

വിശപ്പിന്‍റെ ഉടലെടുത്ത്
മലദൈവങ്ങളെ നോക്കി
അവര്‍ കരഞ്ഞു

ബാല്യങ്ങളിലെ
അമ്മമാര്‍ പിണ്ഡങ്ങള്‍
പെറ്റിട്ടു

ഇനി ഒരു സംസ്കാരത്തിന്‍റെ
അന്ധകാരം

വേരറ്റ ഗര്‍ഭപാത്രങ്ങള്‍
ചുടലതേടുന്നു

ഒരു മലദൈവത്തെയും കാക്കാതെ

No comments:

Post a Comment