Wednesday, 3 July 2013

പ്രാണന്‍

പ്രാണന്‍
-----------
മായാത്ത യൗവ്വനം പേറിയീ മാരുതന്‍
പ്രാണനായി വന്നെന്നില്‍ കുടിയിരിക്കേ
ഞാനെന്ന ഭാവം പേറിയീ ഭൂമിയില്‍
സാമ്രാജ്യമോരോന്നു ചേര്‍ത്തെടുക്കേ
എന്നെ മടുത്തവന്‍ വിട്ടകലുമ്പൊഴോ
അഴുകുന്ന ജഡമായി വീണു ഞാനും

പിന്നെയും ധരണിയില്‍ പ്രണയത്തിന്‍
ഗന്ധമായ് മന്ദമായവനങ്ങു വന്നുചേരേ
ജനികളാ മന്ത്രത്തിന്‍ ശ്രുതികളായ് മാറുമീ
ഊഴിയില്‍ പുത്തനുണര്‍വ്വു നല്കൂ

ജീവജലവുമാ ചെടികളും ചേര്‍ന്നുള്ള
പ്രകൃതി രമിക്കുന്നവന്‍റെ കൈയ്യില്‍
വൃക്ഷത്തലപ്പുകള്‍ തുള്ളാട്ടം തുള്ളിയാ
പുളകത്തിന്‍ മാറ്റൊലി ചേര്‍ത്തുവയ്ക്കേ

ഓടിയകന്നവന്‍ രൗദ്രഭാവത്തിലായ്
ചീറ്റിയടിക്കുന്നു നാടുനീളെ
പിന്നെയാ കാമുകിപ്പെണ്ണിന്‍റെകൂടെയീ
ധരണിയെത്തന്നെ നനച്ചിടുന്നു

ഒടുവിലാ കതിരവന്‍ ചൂടിലാ പെണ്ണിനെ
വാനിലേക്കേറെയുയര്‍ത്തിടുന്നു
താങ്ങിയെടുത്തൊരാ മേഘച്ചുമടിനെ
താലോലം തൊട്ടിലിലാട്ടിടുന്നു

എല്ലാമറിയുന്നവനെന്ന ചിന്തയില്‍
ഓടി നടക്കുന്നു നാടുനീളെ
പഞ്ചഭൂതങ്ങളിലെല്ലാം ലയിച്ചതില്‍
ഒന്നായിരിക്കുന്നുവെന്നുമാത്രം
പ്രാണനീഭൂമിയിലെല്ലായിടത്തുമായി
ഒന്നായിരിക്കുന്നുവെന്നുമാത്രം

No comments:

Post a Comment