Saturday, 9 September 2017

ഉത്രാടപാച്ചില്‍


ഉത്രാടപാച്ചിലിലാണു ഭൂമി
ഓണത്തിനായുള്ള പാച്ചിലാണേ
വെള്ളമൊരുക്കണം, നെഞ്ചുനിറയ്ക്കണം
എന്നുടെ മക്കള്‍ കരയവേണ്ട
വെട്ടം തെളിയ്ക്കണം, ഊരില്‍ പരത്തണം
എന്നുടെ മക്കള്‍ക്ക് കാഴ്ചവേണം
പാടമൊരുക്കട്ടെ, ഞാറുപറിക്കട്ടെ
നെല്ലുപഴുത്തുവിളയവേണം
കൊയ്തുമറിക്കട്ടെ, പുഴുങ്ങിയെടുക്കട്ടെ
എന്നുടെ മക്കള്‍ക്ക് ചോറുവേണം
മഞ്ഞുകുളിരട്ടെ, പൂക്കള്‍വിടരട്ടെ
എന്നുടെ മക്കള്‍ക്ക്  പൂവുവേണം
ചിങ്ങമുദിക്കട്ടെ, അത്തമിങ്ങത്തെട്ടെ
പൂക്കളം പാരില്‍ വിലസിടട്ടെ
എന്നുടെ കുഞ്ഞുങ്ങള്‍ ചുറ്റിലായ് തന്നെയും
ഓണക്കളികള്‍ കളിച്ചിടട്ടെ
ആമോദമെത്തുന്ന മാവേലിത്തമ്പുരാന്‍
ആകാഴ്ച കണ്ടു മയങ്ങിടട്ടെ
ആമോദമേറുന്ന ഈ രാവിലെങ്കിലും
കള്ളചതിയുടെ കെട്ടഴിക്കാന്‍
തന്നുടെ കാര്യത്തില്‍ ചന്തം തികയ്ക്കുന്ന
എന്നുടെ മക്കള്‍ മറന്നിടട്ടെ
ഉത്രാടപാച്ചിലിലാണുഭൂമി
തന്നുടെ മക്കള്‍ക്കായ് സദ്യകൂട്ടാന്‍

No comments:

Post a Comment